മാധ്യമത്തിന്റെ 'വിസ്മയം' മാറി! താലിബാന്റെ സ്ത്രീ വിദ്യാഭ്യാസ നിരോധനത്തിനെതിരെ പത്രാധിപക്കുറിപ്പ്

മാധ്യമത്തിന്റെ 'വിസ്മയം' മാറി! താലിബാന്റെ സ്ത്രീ വിദ്യാഭ്യാസ നിരോധനത്തിനെതിരെ പത്രാധിപക്കുറിപ്പ്

താലിബാന്‍ ഗോത്ര പാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയായാണ് പത്രം പുതിയ നീക്കത്തെ കാണുന്നത്
Updated on
2 min read

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍, അതില്‍ 'വിസ്മയി'ച്ചുപോയ ജമാ അത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള മാധ്യമം ദിനപത്രത്തിന് മനംമാറ്റം. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ഉന്നത വിദ്യാഭ്യസം നിരോധിച്ച നീക്കമാണ് താലിബാനെതിരെ തിരിയാന്‍ മാധ്യമത്തിന് കാരണമായത്. താലിബാന്‍ ആദ്യമായി അധികാരത്തില്‍വന്നപ്പോഴായിരുന്നു വിസ്മയമായി താലിബാന്‍ എന്ന തലക്കെട്ടില്‍ മാധ്യമം വാര്‍ത്ത നല്‍കിയത്. പിന്നീട് രണ്ട് വര്‍ഷം മുമ്പ് താലിബാന്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴും മാധ്യമത്തിന്റെ സമീപനം അതുതന്നെയായിരുന്നു. അതിന് ശേഷമാണ് സ്ത്രീ വിദ്യാഭ്യാസ നിരോധനത്തിനെതിരെ പത്രം നിലപാടെടുക്കുന്നത്. ഇസ്ലാമികമല്ല, താലിബാന്റെ നിലപാടുകള്‍ എന്ന ആശയത്തില്‍ ഉറച്ചാണ് ഇപ്പോള്‍ മാധ്യമം നിലപാട് മാറ്റിയിരിക്കുന്നത്.

ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് മാധ്യമം, താലിബാന്റെ സമീപനങ്ങളെ വിമര്‍ശിച്ചത് . താലിബാന്‍ ഗോത്ര പാരമ്പര്യത്തിലേക്ക് തിരിച്ചുപോകുന്നതിന്റെ സൂചനയായാണ് പത്രം പുതിയ നീക്കത്തെ കാണുന്നത്.

താലിബാൻ അധികാരത്തിലെത്തിയപ്പോൾ മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
താലിബാൻ അധികാരത്തിലെത്തിയപ്പോൾ മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത

2021 ആഗസ്റ്റില്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ 20 വര്‍ഷം മുമ്പുള്ള സിദ്ധാന്ത വാശിയോ, പിന്തിരിപ്പന്‍ ആശയങ്ങളോ അഫ്ഗാന്‍ സമൂഹത്തിലെ ഗോത്ര സംസ്‌കൃതിയുടെ സഞ്ചിതശീലങ്ങളോ പഴയതുപോലെ, താലിബാനെ സ്വാധീനിക്കുന്നില്ല എന്ന പ്രതീതി അന്തര്‍ ദേശീയ നീരീക്ഷകര്‍ക്കും നയതന്ത്ര വൃത്തങ്ങള്‍ക്കും ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ്, നേരത്തെ താലിബാന്‍ അധികാരത്തില്‍ എത്തിയപ്പോഴുണ്ടായിരുന്ന സമീപനത്തെ പരോക്ഷമായി മാധ്യമം പത്രാധിപകുറിപ്പില്‍ ന്യായികരിക്കുന്നത്. എന്നാല്‍ താലിബാന്റെ നിലപാടില്‍ സംശയം ഉന്നയിച്ചവരുടെ നിലപാടിനെ സാധൂകരിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് പത്രം പറയുന്നു. താലിബാന്റെ സ്ത്രീ വിരുദ്ധ നിലപാടിനെ വിമര്‍ശിക്കുന്ന മാധ്യമം പക്ഷെ, ഇസ്ലാമിക സമൂഹക്രമത്തില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെക്കുറിച്ച് താലിബാന്റെത് വികലമായ കാഴ്ചപാടാണെന്ന് പറയുന്നു. എന്നാല്‍ ഇസ്ലാമിക സമൂഹങ്ങളിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് പത്രം മതിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ' മതാധ്യാപനങ്ങള്‍ക്കനുസൃതമായി അനിവാര്യമായ ചില നിയന്ത്രണങ്ങളോടുകൂടി സ്ത്രീകള്‍ക്ക് ഇസ്ലാമിക ലോകം പൊതുവെ അനുവദിക്കുന്ന സ്വാതന്ത്ര്യവും പൊതുവ്യവഹാരങ്ങളിലെ തുല്യപങ്കാളിത്തവും, ഇസ്ലാമിന്റെ നേരവകാശികളായി വാദിക്കുന്ന താലിബാന്റെ ഗൈഡ്ബുക്കില്‍ ഇതുവരെ ഇടം പിടി' ക്കാത്തതാണ് ഇത്തരം സമീപനങ്ങള്‍ക്ക് കാരണമെന്നാണ് മാധ്യമം പറയുന്നത്. 'മുസ്ലീം രാഷ്ട്രങ്ങള്‍ പൊതുവെ പുലര്‍ത്തുന്ന സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രൂപങ്ങള്‍ തങ്ങളുടെ ഗോത്രപാരമ്പര്യത്തിന് ചേര്‍ന്നതല്ലെന്ന ഏകകാരണത്താല്‍ താലിബാന്‍ തെറ്റായ പ്രതിനിധാനം നടത്തുന്നു എന്നാണ് തുടക്കം തൊട്ടെ ആഗോള മുസ്ലീം പണ്ഡിതന്മാര്‍ നിരീക്ഷിച്ചത്' -പത്രം എഴുതുന്നു. ഇത് അഫ്ഗാനിസ്ഥാന് തിരിച്ചടിയാകുമെന്ന് പറയുന്ന പത്രം, 'ഈ സ്വയംകൃതാന്ധകാരത്തില്‍നിന്ന് മുക്തമായി സ്വാതന്ത്ര്യത്തിന്റെയും വിജ്ഞാനത്തിന്റെയും ജാലകങ്ങള്‍ ജനസംഖ്യയുടെ പകുതിയായ സ്ത്രീ സമൂഹത്തിന് തുറന്നുകൊടുത്തുമാത്രമെ രാഷ്ട്ര നിര്‍മ്മിതിയുടെ വഴിയില്‍ തലയെടുപ്പോടെ അഫ്ഗാനിസ്ഥാന് മുന്നോട്ടുനീങ്ങാനാവൂ' എന്ന്പറഞ്ഞു കൊണ്ടാണ് അവസാനിക്കുന്നത്.

കാബൂളിലെ വിദ്യാർത്ഥി പ്രക്ഷോഭം
കാബൂളിലെ വിദ്യാർത്ഥി പ്രക്ഷോഭം

രാഷ്ട്രീയ ഇസ്ലാമിന്റെ സ്ത്രീ നിലപാടുകളാണ് മാധ്യമത്തെയും മുന്നോട്ടു കൊണ്ടുപോകുന്നത്. ഇസ്ലാം എന്നത് ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണെന്ന് കരുതുന്ന ജമാ അത്തെ ഇസ്ലാമിയുടെ സ്ത്രീകളോടുള്ള നിലപാടുകള്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കാറുണ്ട്. ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിന്റെ സ്ത്രീ വിരുദ്ധ നിലപാടുകളോടുള്ള അവരുടെ സമീപനവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മാധ്യമം പത്രം ആരംഭിച്ച് നിരവധി വര്‍ഷം അവിടെ സ്ത്രീകളെ ജോലിയ്ക്ക് എടുത്തിരുന്നില്ല. മുസ്ലീം രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് ഉള്ള നിയന്ത്രണങ്ങളെ ഇപ്പോഴും ന്യായീകരിക്കുന്ന നിലപാടാണ് ജമാ അത്തെ ഇസ്ലാമി സ്വീകരിക്കാറുളളത്. അഫ്ഗാനിസ്ഥാനില്‍ ആദ്യമായി താലിബാന്‍ അധികാരത്തില്‍വന്നപ്പോള്‍ അതിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു മാധ്യമം സ്വീകരിച്ചിരുന്നത്. സോവിയറ്റ് അധിനിവേശത്തിനെതിരായ ഇസ്ലാമിക മുന്നേറ്റമായിട്ടായിരുന്നു അവര്‍ അന്ന് അതിനെ കണ്ടത്. എന്നാല്‍ പിന്നീട് ദേശീയ- കേരള രാഷ്ട്രീയത്തില്‍ പുരോഗമനപരമെന്ന് തോന്നിക്കുന്ന നിലപാടുകള്‍ എടുക്കാറുള്ള മാധ്യമം, ഇത്തരം വിഷയത്തില്‍ പരസ്യമായി അഭിപ്രായം പറയുന്നത് കുറയ്ക്കുകയായിരുന്നു. അമേരിക്ക താലിബാനില്‍നിന്ന് പിന്മാറിയപ്പോള്‍ മാധ്യമം എടുത്ത നിലപാടുകള്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു

logo
The Fourth
www.thefourthnews.in