റാണാ അയ്യൂബ്
റാണാ അയ്യൂബ്

വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വർധിക്കുന്നു; പിന്നില്‍ ബിജെപി സംഘടനകളെന്ന് റിപ്പോർട്ട്

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഐസിഎഫ്ജെ, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ആ​ഗോള പഠന റിപ്പോർട്ടാണ് പുറത്തുവിട്ടത്
Updated on
1 min read

ആഗോളതലത്തില്‍, വനിതാ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സൈബർ അതിക്രമങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. യുനെസ്കോയുടെ ധനസഹായത്തോടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്റർനാഷണല്‍ സെന്റർ ഫോർ ജേർണലിസ്റ്റ് (ഐസിഎഫ്ജെ), ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ ആ​ഗോള പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റിപ്പോർട്ട് പ്രകാരം, 75 ശതമാനം വനിതാ മാധ്യമപ്രവർത്തകർ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ഇരുപത് ശതമാനം മാധ്യമപ്രവർത്തകർക്ക് ശാരീരിക അതിക്രമങ്ങളും നേരിടേണ്ടി വരുന്നതായി റിപ്പോർട്ടില്‍ പറയുന്നു. ഷെഫീൽഡ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ യുകെ ആസ്ഥാനമായുള്ള ഒരു ടീമുമായി സഹകരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട ഹിന്ദുത്വ സംഘടനകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ട്രോളുകളിലൂടെയും റാണാ അയ്യൂബിനെ ലക്ഷ്യം വയ്ക്കുന്നതായി റിപ്പോർട്ടില്‍ പറയുന്നു

2017 ൽ ബംഗളൂരു ആസ്ഥാനമായുള്ള മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം പുറത്തുവിട്ട ഫോർബിഡൻ സ്റ്റോറീസുമായി സഹകരിച്ചാണ് പഠനം പൂർത്തിയാക്കിയത്. മാധ്യമപ്രവർത്തകർക്ക് നേരെയുണ്ടാകുന്ന കൂടുതല്‍ അതിക്രമങ്ങളും ബിജെപി സംഘടനകളുടെ ഭാ​ഗത്തുനിന്നാണെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇന്ത്യയിലെ പ്രശസ്ത മാധ്യമപ്രവർത്തകയും കോളമിസ്റ്റുമായ റാണ അയൂബിൻ്റെ പേര് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഭരണകക്ഷിയായ ബിജെപിയുമായി ബന്ധപ്പെട്ട ഹിന്ദുത്വ സംഘടനകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ട്രോളുകളിലൂടെയും റാണാ അയൂബിനെ ലക്ഷ്യം വയ്ക്കുന്നുണ്ട്. പരസ്യമായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും മുഴക്കുന്നുണ്ട്. അവർ കടുത്ത സ്ത്രീവിരുദ്ധരും മതഭ്രാന്തരുമാണെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് പതിവാണെന്നും റിപ്പോർട്ടില്‍ പറയുന്നു.

റാണ അയൂബിന് നേരെയുണ്ടായ അധിക്ഷേപ ട്വീറ്റുകളിൽ 62 ശതമാനവും വ്യക്തിപരമായ ആക്രമണങ്ങളാണെന്നും അവയിൽ പലതിലും വധഭീഷണിയും ഇസ്ലാമോഫോബിക് അധിക്ഷേപവും ഉൾപ്പെടുന്നുവെന്നും ഐസിഎഫ്ജെയുടെ റിപ്പോർട്ടിൽ വ്യക്തമാണ്. മാത്രമല്ല, റാണ അയൂബിന് നേരെ നിയമത്തിൻ്റെ പഴുതുപയോഗിച്ച് നടക്കുന്ന അതിക്രമങ്ങളും ചെറുതല്ല. കോവിഡ് കാലത്ത് റാണ അയൂബ് നടത്തിയ ചാരിറ്റി പ്രവർത്തനങ്ങള്‍ ലക്ഷ്യം വച്ചുകൊണ്ട്, കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഉള്‍പ്പെടെയുള്ള കൂറ്റകൃത്യങ്ങള്‍ അവരുടെ പേരില്‍ ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ പരാതിയിൽ ഉത്തർപ്രദേശിലെ പ്രത്യേക കോടതി പുറപ്പെടുവിച്ച സമൻസ് ഉത്തരവിനെതിരെ റാണ അയൂബ് സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളിയതും ഈ കണ്ടെത്തലുകള്‍ അടിവരയിട്ടുറപ്പിക്കുന്നു.

റാണ അയ്യൂബിന് നേരെയുണ്ടായ അധിക്ഷേപ ട്വീറ്റുകളിൽ 62 ശതമാനവും വ്യക്തിപരമായ ആക്രമണങ്ങളാണെന്നും അവയിൽ പലതിലും വധഭീഷണിയും ഇസ്ലാമോഫോബിക് അധിക്ഷേപവും ഉൾപ്പെടുന്നുവെന്നും ഐസിഎഫ്ജെ വ്യക്തമാക്കിയിട്ടുണ്ട്.

റാണയ്ക്കും ഖത്തർ ആസ്ഥാനമായുള്ള അൽജസീറ അവതാരകൻ ഗാദ ഔയിസിനുമെതിരെയുള്ള 15 ദശലക്ഷത്തിലധികം ട്വീറ്റുകളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയുള്ള 13 പ്രധാന കണ്ടെത്തലുകളും ഐസിഎഫ്ജെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ അക്രമങ്ങൾ നേരിട്ടിട്ടുള്ള ലോകമെമ്പാടുമുള്ള വനിതാ മാധ്യമപ്രവർത്തകരുടെ അനുഭവങ്ങളെ അടിസ്ഥാനമാക്കി 2022ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അടിസ്ഥാനമാക്കിയാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. ഐസിഎഫ്ജെ ഗ്ലോബൽ റിസർച്ച് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജൂലി പൊസെറ്റിയായിരുന്നു പഠനത്തിന് നേതൃത്വം നൽകിയത്. എന്നാല്‍, റിപ്പോർട്ടിനോട് കേന്ദ്ര സർക്കാരോ ബിജെപിയോ പ്രതികരിക്കാന്‍ തയാറായിട്ടില്ല.

logo
The Fourth
www.thefourthnews.in