വരയുടെ ശങ്കരാചാര്യർ
മൂന്ന് പ്രധാനമന്ത്രിമാരെ തന്റെ വീട്ടിൽ സ്വീകരിച്ച ഒരു പത്രക്കാരനേ ലോകത്തുണ്ടായിട്ടുള്ളൂ, അത് ശങ്കറായിരുന്നു. മലയാളിയായ കായംകുളത്തുകാരൻ ശങ്കരപ്പിള്ളയെന്ന കാർട്ടൂണിസ്റ്റ് ശങ്കർ. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, ഇന്ദിരയുടെ മക്കളായ രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി എന്നിവർ ഡൽഹിയിൽ പുരാണകിലയിലെ ശങ്കറിന്റെ വീട്ടിൽ ഡിന്നറിൽ പങ്കെടുക്കാനെത്തിപ്പോഴാണ് ആ ചരിത്ര മുഹൂർത്തം പിറന്നത്. ജവഹർലാൽ നെഹ്റു ഏറ്റവും അടുപ്പം പുലർത്തിയിരുന്ന ഒരാളായിരുന്നു ശങ്കറെന്നതിന്റെ പ്രതിഫലനം കൂടിയായിരുന്നു ആ സന്ദർശനം.
ഇന്ദിരാ ഗാന്ധി പിന്നീട് ഒരിക്കൽ കൂടി ശങ്കറിനെ കാണാൻ പോയി. നെഹ്റുവിന്റെ അറുപതാം പിറന്നാളിന് പിതാവിന് ഒരു ജന്മദിന സമ്മാനം നൽകാൻ മകൾ ആലോചിച്ചു. എന്താണെന്ന് അവർക്ക് ഏറെയൊന്നും ചിന്തിക്കേണ്ടി വന്നില്ല. നേരെ ശങ്കറിനെ സമീപിച്ചു. ശങ്കർ വരച്ച നൂറുകണക്കിന് കാർട്ടൂണുകളിൽ നിന്ന് 20 എണ്ണം തിരഞ്ഞെടുത്തു. അത് ഭംഗിയായി മൗണ്ട് ചെയ്ത് നെഹ്റുവിന് നൽകി. ഒരച്ഛന് മകൾ നൽകിയ, മനോഹരമായ, ഹൃദയത്തിൽ തൊടുന്ന പിറന്നാൾ സമ്മാനം.
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ നൂറ്റിയിരുപത്തിയൊന്നാം ജന്മവാർഷികമാണിന്ന്. ഇത്തിരി പോന്ന കേരളത്തിന്റെ പ്രശസ്‌തി വാനോളം ഇന്ത്യയൊട്ടുക്കെത്തിച്ചത് മൂന്ന് ശങ്കരന്മാരാണ്; ആദി ശങ്കരൻ, പിന്നെ കാർട്ടൂണിസ്റ്റ് ശങ്കർ, ഒടുവിൽ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്.
1939ൽ വാർധയിൽ തന്നെ കാണാനെത്തിയ ശങ്കറിനോട് ഗാന്ധി ചോദിച്ചു. “ഹിന്ദുസ്ഥാൻ ടൈംസിനെ താങ്കൾ വളർത്തിയോ? അതോ താങ്കളെ ഹിന്ദുസ്ഥാൻ ടൈംസ് വളർത്തിയോ?” ശങ്കർ ചിരിക്കുക മാത്രം ചെയ്തു. കാരണം രണ്ടും സത്യമായിരുന്നു.
ഇന്ത്യൻ പത്രപ്രവർത്തനത്തിലെ ഇതിഹാസമായിരുന്ന പോത്തൻ ജോസഫ് 1930കളിൽ ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ എഡിറ്ററായപ്പോൾ എടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു ശങ്കറിനെ കാർട്ടൂണിസ്റ്റായി നിയമിക്കുകയെന്നത്. ബോംബെയിൽ ഒരു ഷിപ്പിങ്ങ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ശങ്കറിന്റെ ഒരു കാർട്ടൂൺ ഫ്രീ പ്രസ്സ് ജേർണൽ പത്രത്തിൽ കണ്ടതിന്റെ മതിപ്പിലാണ് പോത്തൻ ജോസഫ് ശങ്കറെ ഡൽഹിയിൽ ഹിന്ദുസ്ഥാൻ ടൈംസിൽ കൊണ്ടുവന്നത്.
പോത്തൻ ജോസഫ് ശങ്കർ ബന്ധത്തെക്കുറിച്ച് വിഖ്യാതനായ എഡിറ്റർ ചലപതി റാവു പിന്നീട് എഴുതി, “അമേരിക്കയ്ക്ക് കൊളംബസിനോടുള്ള ഭക്തിയാണ് ശങ്കറിന് പോത്തൻ ജോസഫിനോടുള്ളത്”.
ഒരു ഇന്ത്യൻ പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ശങ്കറാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ വരയ്ക്കാനാരംഭിച്ച ശങ്കറിന് പോത്തൻ ജോസഫ് ആശയങ്ങൾ നൽകുക മാത്രമല്ല അത് അഭിനയിച്ച് കാണിച്ചുകൊടുക്കയും ചെയ്തിരുന്നുവത്രെ. ചിത്രകല ഒരു സ്ഥാപനത്തിലും പഠിച്ചിട്ടില്ലാത്ത ശങ്കറിനെ പിൽക്കാലത്ത്, 1938 ൽ, ഹിന്ദുസ്ഥാൻ ടൈംസ്, ചിത്രംവര പരിശീലനത്തിനായി ലണ്ടനിൽ അയയ്ക്കുകയുണ്ടായി.
ഹിന്ദുസ്ഥാൻ ടൈംസിലെ കാർട്ടൂണുകളിലൂടെ ബ്രിട്ടീഷ് ഭരണാധികാരികളേയും ഇന്ത്യയിലെ ദേശീയ നേതാക്കളേയും അദ്ദേഹം വരകളിലൂടെ വിചാരണ ചെയ്തു. 1941-ൽ വൈസ്രോയിയായ ലിത്തിംഗോ പ്രഭു ഭദ്രകാളി ചുടല നൃത്തമാടുന്ന ഒരു കാർട്ടൂൺ ശങ്കർ വരച്ചതിന്റെ ഒറിജിനൽ അദ്ദേഹം തന്നെ അഭിമാനപൂർവം ആവശ്യപ്പെട്ട് വാങ്ങി സൂക്ഷിച്ചത് ഒരു ഇന്ത്യൻ കാർട്ടൂണിസ്റ്റിനുള്ള പരസ്യമായ അംഗീകാരമായിരുന്നു.
1932 മുതൽ 1948 വരെ, പതിനാല് വർഷം ശങ്കർ ഹിന്ദുസ്ഥാൻ ടൈംസിൽ കാർട്ടൂൺ വരച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജല മുഹൂർത്തങ്ങൾ ഈ കാലയളവിലായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീക്ഷ്‌ണമായ പോരാട്ടങ്ങൾക്ക് അളവറ്റ് പിന്തുണ നൽകി കാർട്ടൂൺ വരയ്ക്കുകയായിരുന്നു ശങ്കർ. 1939ൽ വാർധയിൽ തന്നെ കാണാനെത്തിയ ശങ്കറിനോട് ഗാന്ധി ചോദിച്ചു. “ഹിന്ദുസ്ഥാൻ ടൈംസിനെ താങ്കൾ വളർത്തിയോ? അതോ താങ്കളെ ഹിന്ദുസ്ഥാൻ ടൈംസ് വളർത്തിയോ?” ശങ്കർ ചിരിക്കുക മാത്രം ചെയ്തു. കാരണം രണ്ടും സത്യമായിരുന്നു.
1902ൽ ജൂലൈ 31ന് കായംകുളത്ത് ജനിച്ച് തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്)ബിരുദം നേടി നിയമം പഠിക്കാൻ ബോംബെയിലേക്ക് പോയ കേശവൻ ശങ്കരപ്പിള്ളയുടെ തലവര മറ്റൊന്നായിരുന്നു; ഒരു രാജ്യത്തിന്റെ ചിരിയെയും ചിന്തയെയും നിർണയിക്കാൻ ഡൽഹിലിരുന്ന് കാർട്ടൂൺ വരയ്ക്കുക. ശങ്കർ ഒരിക്കലും എഡിറ്റർക്ക് വേണ്ടി വരച്ചില്ല. വായനക്കാർക്ക് വേണ്ടി മാത്രം വരച്ചു. അക്കാലത്ത് ശങ്കറിന്റെ കാർട്ടൂണില്ലാതെ ഒരു ദിവസം പോലും ഹിന്ദുസ്ഥാൻ ടൈംസ് പുറത്തിറങ്ങിയിരുന്നില്ല.
വൈസ്രോയിയുടെ കൗൺസിൽ അംഗമായ ജ്വാലാ പ്രസാദ് ശ്രീവാസ്തവയെ കാണാൻ ശങ്കർ മൂന്ന് തവണ ശ്രമിച്ചിട്ടും നടന്നില്ല. അവസാനം കാണാൻ കഴിഞ്ഞപ്പോൾ ശ്രീവാസ്തവ സംസാരിക്കാൻ താത്പ്പര്യം കാണിച്ചില്ല. അയാൾ ശരീരമാസകലം എണ്ണ പുരട്ടി നിൽക്കുകയായിരുന്നു. പിറ്റേ നാളത്തെ പത്രത്തിൽ വന്ന കാർട്ടൂണിൽ ശ്രീവാസ്തവ പൂർണ നഗ്നനായിരുന്നു. കാർട്ടൂണിൽ അദ്ദേഹം പറയുന്നു, “ഞാൻ നന്നായി വസ്ത്രം ധരിച്ചിരിക്കുകയാണ്.” ഇത് കണ്ട ശ്രീവാസ്തവ ക്ഷുഭിതനായി. അദ്ദേഹം എഡിറ്ററോട് പരാതിപ്പെട്ടു. പിന്നിടും ശ്രീവാസ്തവയെ ശങ്കർ ചിത്രീകരിക്കുമ്പോൾ, നഗ്നനായി തന്നെ വരച്ചു.
ക്വിറ്റ് ഇന്ത്യ സമരക്കാലത്ത് 1942-ൽ ഹിന്ദുസ്ഥാൻ ടൈംസിലെ ത്രിമൂർത്തികളെന്നറിയപ്പെട്ട മൂന്ന് പേർ ഇന്ത്യൻ പത്രരംഗത്തെ പ്രസിദ്ധരായിരുന്നു. ശങ്കർ, ചലപതിറാവു, എടത്തട്ട നാരായണൻ. ഇവർ മൂന്നുപേരും ഹിന്ദുസ്ഥാൻ ടൈംസിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് വേണ്ടി പത്രപ്രവർത്തനത്തിലൂടെ പോരാടിയവരാണ്.
അക്കാലത്തെ എല്ലാ ദേശീയ നേതാക്കളുമായും ശങ്കറിന് അടുപ്പമുണ്ടായിരുന്നെങ്കിലും എല്ലാവരും കാർട്ടൂൺ വരകളോട് സഹിഷ്ണുത കാണിച്ചിരുന്നില്ല. മുൻനിര നേതാക്കളെ മാത്രമേ ശങ്കർ വരകളിൽ പരിഗണിച്ചിരുന്നുള്ളൂ.
അക്കാലത്ത് ഹിന്ദുസ്ഥാൻ ടൈംസ് മാറ്റങ്ങളുടെ പാതയിലായിരുന്നു. എഡിറ്റർ പോത്തൻ ജോസഫ് ജി ഡി ബിർളയുടെ ഉടമസ്ഥ ശല്യംമൂലം രാജിവച്ച് സ്ഥലംവിട്ടു. പ്രസിദ്ധ പത്രപ്രവർത്തകനായ ദുർഗാ ദാസായിരുന്നു പുതിയ എഡിറ്റർ. മഹാത്മാഗാന്ധിയുടെ നാലാമത്തെ മകനായ ദേവദാസ് ഗാന്ധിയായിരുന്നു ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ ഭരണാധികാരി.
സി രാജഗോപാലാചാരിയെ കുറുക്കനായി ചിത്രീകരിച്ച് ശങ്കർ വരച്ച ഒരു കാർട്ടൂണിനെ ചൊല്ലിയാണ് പ്രശ്നം തുടങ്ങിയത്. ദേവദാസ് ഗാന്ധി വിവാഹം ചെയ്തിരുന്നത് രാജഗോപാലാചാരിയുടെ മകൾ ലക്ഷ്മിയേയായിരുന്നു. അവർ ശങ്കറിന്റെ കാർട്ടൂണിനെതിരെ പരാതിയുമായി രംഗത്തെത്തി. ഇതൊരു കുടംബ പ്രശ്നമായി വളർന്നു. പത്രത്തിന്റെ സർവാധികാരിയായ ദേവദാസിന് ഇതേക്കുറിച്ച് ശങ്കറിനോട് സംസാരിക്കാനുള്ള ധൈര്യമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ദേവദാസ് കുഴങ്ങിയിരിക്കുമ്പോഴാണ് ദുർഗാ ദാസ് എഡിറ്ററായത്. ഒരു തികഞ്ഞ സർദാർ പട്ടേൽ പക്ഷപാതിയായ ദുർഗാദാസ് ശങ്കറിനെ ഇഷ്ടപ്പെട്ടിരുന്നില്ല. ഈ പ്രശ്നത്തിന്റെ മറവിൽ അയാൾ ശങ്കറിനെ ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന് പുറത്ത് ചാടിക്കാനായി പദ്ധതിയാവിഷ്കരിച്ചു.
ഒരു കാർട്ടൂണിസ്റ്റിനേക്കൂടി പത്രത്തിൽ നിയമിക്കുക. അതായിരുന്നു ദുർഗാദാസിന്റെ പദ്ധതി. ഡോൺ പത്രത്തിലെ കാർട്ടൂണിസ്റ്റ് അഹമ്മദിനെ സ്വതേ പണം ചെലവാക്കാൻ വിമുഖനായ ദേവദാസ് ഗാന്ധി വൻ ശമ്പളവും ആനുകൂല്യവും വാഗ്ദാനം ചെയ്ത് ഹിന്ദുസ്ഥാൻ ടൈംസിലേക്ക് കൊണ്ടുവന്നു. ഇത് ശങ്കറിനെ ചൊടിപ്പിച്ചു. ഒരു ദിനപത്രത്തിൽ രണ്ട് കാർട്ടൂണിസ്റ്റുകൾ വാഴുക അസാധ്യമാണ്. കൂടാതെ പത്രത്തിന്റെ നയങ്ങളിൽ വന്ന മാറ്റം തന്റെ വരകളെ നിയന്ത്രിക്കുന്നതായി ശങ്കറിന് തോന്നി. എടത്തട്ട നാരായണനും ചലപതി റാവുമുൾപ്പെടെയുള്ള തന്റെ പഴയ സഖാക്കൾ ഇതിനകം ഹിന്ദുസ്ഥാൻ ടൈംസ് വിട്ടുപോയിരുന്നു. വരയ്ക്കാനുള്ള തന്റെ സ്വാതന്ത്ര്യത്തിൽ ദുർഗാദാസ് കൈവയ്ക്കും മുൻപേ ശങ്കർ നീണ്ട പതിനാല് വർഷത്തെ സേവനത്തിനുശേഷം ഹിന്ദുസ്ഥാൻ ടൈംസിൽ നിന്ന് രാജിവച്ചു.
സ്വാതന്ത്ര്യലബ്ധിയുടെ പിറ്റേ വർഷം ശങ്കർ, രാമകൃഷ്ണ ഡാൽമിയയുമായി ചേർന്ന് ഒരു ദിനപത്രമാരംഭിച്ചു. 'ഇന്ത്യൻ ന്യൂസ് ക്രോണിക്കിൾ' എന്നായിരുന്നു പുതിയ പത്രത്തിന്റെ പേര്. എടത്തട്ട നാരായണൻ, ചലപതി റാവു, ശ്യാം ലാൽ, പി വിശ്വനാഥ് തുടങ്ങിയ അക്കാലത്തെ പ്രശസ്തരായ പത്രപ്രവർത്തകരെല്ലാം ശങ്കറിന്റെ പുതിയ പത്രത്തിൽ സഹകരിച്ചു. ശങ്കറിന്റെ പ്രശസ്തിയിലും വ്യക്തിപ്രഭാവത്തിലും ആകൃഷ്ടരായി മറ്റ് പത്രങ്ങളിൽ നിന്ന് പത്രപ്രവർത്തകർ രാജിവയ്ക്കാൻ ആരംഭിച്ചപ്പോൾ അത് തടയാനായി ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പോലെയുള്ള പത്രങ്ങൾക്ക് വേതനം വർധിപ്പിക്കേണ്ടി വന്നു.
ഇന്ത്യൻ ന്യൂസ് ക്രോണിക്കിളിലൂടെ ശങ്കറിന്റെ കാർട്ടൂണുകൾ ഒരു ഇടവേളയ്ക്ക് ശേഷം വായനക്കാർ ആസ്വദിക്കാൻ തുടങ്ങി. ഒരു കൊല്ലത്തിന് ശേഷം ശങ്കർ പത്രം ഡാൽമിയക്ക് തന്നെ കൊടുത്തു തന്റെ സേവനം മതിയാക്കി.
ശങ്കേഴ്സ് വീക്കിലിയുടെ വരവോടെ ശങ്കറിന്റെ പ്രശസ്തി അതിന്റെ പാരമ്യത്തിലെത്തി. ആരാധകന്മാരാൽ ചുറ്റപ്പെട്ട ഒരു വിഗ്രഹമായിരുന്നു അദ്ദേഹം. കൊണാട്ട് പ്ലെയ്സിൽ ശങ്കർ നടക്കാനിറങ്ങുമ്പോൾ അഞ്ചടി നടക്കുമ്പോഴേക്കും ഏതെങ്കിലുമൊരാരാധകൻ അദ്ദേഹത്തെ തടഞ്ഞുനിർത്തി അഭിവാദനം ചെയ്യുമായിരുന്നു.
സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ ഡൽഹിയിലെ ഒരു സ്ഥാപനമായി ശങ്കർ മാറിക്കഴിഞ്ഞിരുന്നു. ശങ്കറെന്ന പ്രഭാവലയത്തിലായിരുന്നു ഇന്ത്യൻ കാർട്ടൂൺ രംഗം. ഭാവി പദ്ധതികളുടെ ഭാഗമായി തന്റെ വീട്ടിൽ നടക്കുന്ന ചർച്ചകളിൽ ഒരു പുതിയ പ്രസിദ്ധീകരണത്തെ കുറിച്ച് ആലോചിച്ചു. ഒരു കാർട്ടൂൺ പ്രസിദ്ധീകരണമാരംഭിക്കുകയെന്ന ആശയം ഉയർന്നുവന്നു. ശങ്കറിനെ കാർട്ടൂൺ രംഗത്ത് ഉറപ്പിച്ച പോത്തൻ ജോസഫ് തന്നെയായിരുന്നു ഈ ആശയത്തിന് പിന്നിൽ. ആ കാലത്ത് ഒരു കാർട്ടൂൺ വാരിക സാഹസികമായിരുന്നു. മഹീന്ദ്ര ജീപ്പുകൾ നിർമിക്കുന്ന വ്യവസായി പരസ്യം വാഗ്‌ദാനം നൽകി.
എടത്തട്ട നാരായണൻ, ചലപതിറാവു, പി വിശ്വനാഥ് എന്നീ പത്രപ്രവർത്തകരൊരൊക്കെ സഹകരണം നൽകാമെന്ന് പറഞ്ഞതോടെ മൂന്ന് ദശാബ്ദത്തോളം ഇന്ത്യൻ പത്രരംഗത്ത് സ്വാധീനം ചെലുത്തിയ ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ വാരിക 'ശങ്കേഴ്സ് വീക്കിലി' പിറന്നു. 1948 മെയ് 28ന് ഡൽഹിയിലെ റാഫി മാർഗിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വച്ച് പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു 'ശങ്കേഴ്സ് വീക്കിലി'യുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു. അദ്ദേഹം തന്നെ പണം നൽകി ആദ്യ വരിക്കാരനായി. പിന്നെ ആ പ്രസംഗത്തിൽ ശങ്കറിനോട് എടുത്ത് പറഞ്ഞു, “എന്നെ വെറുതെ വിടരുത്”.
ഫരീദാബാദിലെ എഐസിസി സമ്മേളനത്തിലെ പ്രമേയത്തെ വിഷയമാക്കി ശങ്കർ വരച്ച കാർട്ടൂൺ നെഹ്റുവിന് രസിച്ചില്ല. അദ്ദേഹം ശങ്കറിനെ ഫോണിൽ വിളിച്ച് തന്റെ അതൃപ്തി പ്രകടിപ്പിച്ചു. ശങ്കർ ഉടനെ പറഞ്ഞു 'എങ്കിൽ പണ്ഡിറ്റ് ജി ഞാൻ കോൺഗ്രസ്സിൽ ചേരട്ടെ'
വ്യംഗ്യം മനസ്സിലാക്കിയ നെഹ്റു പറഞ്ഞു, “വേണ്ട, ചേർന്നാൽ നിങ്ങൾ കാർട്ടൂണിസ്റ്റല്ല!”
ശങ്കേഴ്സ് വീക്കിലിയുടെ വരവോടെ ശങ്കറിന്റെ പ്രശസ്തി അതിന്റെ പാരമ്യത്തിലെത്തി. ആരാധകന്മാരാൽ ചുറ്റപ്പെട്ട ഒരു വിഗ്രഹമായിരുന്നു അദ്ദേഹം. കൊണാട്ട് പ്ലെയ്സിൽ ശങ്കർ നടക്കാനിറങ്ങുമ്പോൾ അഞ്ചടി നടക്കുമ്പോഴേക്കും ഏതെങ്കിലുമൊരാരാധകൻ അദ്ദേഹത്തെ തടഞ്ഞുനിർത്തി അഭിവാദനം ചെയ്യുമായിരുന്നു.
സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അനുകൂലമായി കാർട്ടൂൺ വരച്ച ശങ്കർ സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ വരച്ചില്ല. അദ്ദേഹത്തിന്റെ വരകൾ മിക്കതും നെഹ്റുവുമായി ബന്ധപ്പെട്ടതായിരുന്നു.
ശങ്കേഴ്സ് വീക്കിലി ശങ്കറിന്റെതായിരുന്നെങ്കിലും ശങ്കറിന്റെ റോൾ അപ്രധാനമായിരുന്നു. വീക്കിലിയുടെ പിന്നിൽ ഒരു കൂട്ടം പ്രവർത്തകരുണ്ടായിരുന്നു. ശങ്കറെന്ന മഹാവൃക്ഷം പടർന്ന് പന്തലിച്ചപ്പോൾ അവരുടെ കഥകളും ചരിത്രവും ആരുമറിയാതെ പോയി. സി പി രാമചന്ദ്രനാണ് അധികമാരും പറയാൻ മടിക്കുന്ന സത്യം ആദ്യം പറഞ്ഞത്. സി പി പറഞ്ഞു. “ശങ്കറിന് ഒരു സ്വഭാവമുണ്ട്. അദ്ദേഹത്തെ സംബന്ധിച്ച് അദ്ദേഹം തന്നെയാണ് പ്രധാന കാർട്ടൂണിസ്റ്റ്. പല കാർട്ടൂണിസ്റ്റുകളും ഈ മനോഭാവത്തിന്റെ ഇരകളായി. കുട്ടി, അബൂ, സാമുവൽ തുടങ്ങിയവർ അദ്ദേഹത്തിൽ നിന്നകന്നു. വീക്കിലിയെ വായിക്കാൻ കൊള്ളാവുന്നതാക്കിയത് എടത്തട്ട നാരായണനാണ്. ശങ്കർ നാരായണനോട് വളരെ കടപ്പെട്ടിരിക്കുന്നു.”
ശങ്കറിനെ കുറെക്കൂടി വിമർശനത്തോടെ വിലയിരുത്തിയത് ശങ്കേഴ്സ് വീക്കിലിയിൽ ദീർഘകാലം പ്രവർത്തിച്ച കാർട്ടൂണിസ്റ്റ് ശങ്കരൻ കുട്ടിയാണ്. 2012ൽ ശങ്കറിന്റെ ജന്മശതാബ്ദി വർഷത്തിൽ അദ്ദേഹം എഴുതി, “ശങ്കർ നർമബോധമില്ലാത്ത ഫലിതക്കാരനായിരുന്നു. ഞാൻ അദ്ദേഹവുമായി നീണ്ട 48 വർഷക്കാലം പ്രവർത്തിച്ച വ്യക്തിയാണ്. അദ്ദേഹം ഒരു നല്ല തനിമയുള്ള തമാശ പൊട്ടിക്കുന്നത് കേട്ടിട്ടേയില്ല. കാർട്ടൂണിസ്റ്റ് ശങ്കറും ശങ്കരപ്പിള്ളയും പൂർണമായും രണ്ട് വ്യത്യസ്ത വ്യക്തികളായിരുന്നു. കാർട്ടൂണുകളിൽ കുത്തിവച്ചിരുന്ന ഹാസ്യം ഒരിക്കലും അദ്ദേഹത്തിന്റെ ദൈനംദിന ജീവിതത്തിലുണ്ടായിരുന്നില്ല. അദ്ദേഹത്തിനൊരു സംഭാഷണ വിഷയമേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹം മാത്രം. പിന്നെ നെഹ്റുവുമായുള്ള അടുപ്പവും. മിക്കവർക്കും ഇത് അരോചകമായിരുന്നുയെന്നുള്ളത് അദ്ദേഹം മനസിലാക്കിയതേയില്ല.”
ഭീമമായ സ്വാർഥതയാണ് അദ്ദേഹത്തിന്റെ മറ്റൊരു ന്യൂനത. മറ്റുള്ളവർക്ക് ജീവിക്കാൻ പണം വേണമെന്ന കാര്യം അദ്ദേഹം ഒരിക്കലും അംഗീകരിച്ചിരുന്നില്ല. അദ്ദേഹം ആരോടും വ്യക്തിപരമായി വിശ്വസ്തത പുലർത്തിയിരുന്നില്ല. എന്നാൽ മറ്റുള്ളവർ അദ്ദേഹത്തിനോട കൂറ് പുലർത്തണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്.
അടിയന്തരാവസ്ഥക്കാലത്തായിരുന്നു ശങ്കേഴ്സ് വീക്കിലി പ്രസിദ്ധീകരണം നിർത്തിയത്. പക്ഷേ, നിർത്താൻ കാരണം അതായിരുന്നില്ല. എഴുത്തുകാരും വരക്കാരും കുറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ കാരണം ശങ്കറിന് വരയ്ക്കാനുമാവില്ല. ശങ്കറിന് വരക്കാൻ കഴിയില്ലെങ്കിൽ വീക്കിലിയും വേണ്ട. ശങ്കറെഴുതിയ ഒരു കുറിപ്പോടെ 1975 ഓഗസ്റ്റ് 31ന് ശങ്കേഴ്സ് വീക്കിലി അവസാന ലക്കം പ്രസിദ്ധീകരിച്ചു.
ആ തീരുമാനം പത്രപ്രവർത്തകനായ സി പി രാമചന്ദ്രൻ ഹിന്ദുസ്ഥാൻ ടൈംസിലൂടെ ലോകത്തെ അറിയിച്ചു 'ശങ്കേഴ്സ് വീക്കിലി ഇനിയില്ല.'
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വീക്കിലി നിർത്തരുതെന്ന അപേക്ഷയുമായി 5 ലക്ഷം രൂപയുമായി തന്റെ ഉപദേശകനായ ശാരദാപ്രസാദിനെ ദൂതനായി അയച്ചു. പക്ഷേ, ശങ്കർ തന്റെ പഴയ രക്ഷിതാവിന്റെ പുത്രിയുടെ അപേക്ഷ, നിരസിച്ചു. അങ്ങനെ 27 വർഷത്തെ, പ്രസിദ്ധീകരണത്തിന് ശേഷം ചരിത്രപരമായ തന്റെ ദൗത്യം നിറവേറ്റിയ ശങ്കേഴ്സ് വീക്കിലി വിട പറഞ്ഞു.
കുട്ടികളുടെ ശങ്കറമ്മാവനായി പുതിയൊരു പ്രവൃത്തിപഥം അദ്ദേഹം തുടർന്ന് കണ്ടെത്തി. 1949ൽ അദ്ദേഹം ആരംഭിച്ച കുട്ടികളുടെ രാഷ്ട്രാന്തര ചിത്രരചനാ മത്സരം ലോകത്തിലെ തന്നെ ഏറ്റവും വലിയ മത്സരമാണ്. 1957ൽ ശങ്കർ തുടങ്ങിയ 'ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ്' കുട്ടികൾക്കായി ആയിരത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 60 വർഷം പിന്നിട്ട ഈ പ്രസ്ഥാനം ഇപ്പോഴും ഡൽഹിയിൽ സജീവമാണ്. ലോകത്തിലെ 85 രാഷ്ട്രങ്ങളിൽ നിന്നായി 7000 ത്തോളം പാവകളുടെ ശേഖരമുള്ള ഡൽഹിയിലെ ബഹൂർ ഷാ സഫർ മാർഗിലെ 'ഡോൾ മ്യൂസിയം' ശങ്കറിന്റെ മറ്റൊരു സംഭാവനയാണ്.
കുട്ടികൾക്കായ് ഡോ. ബി സി റോയി സ്മാരക ലൈബ്രറി 1967ൽ ശങ്കറാരംഭിച്ചത് ഇന്ത്യയിലെ ബാലസാഹിത്യ വളർച്ചയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിലുമായി പതിനായിരത്തോളം പുസ്തകങ്ങളും ഇരുന്നുവായിക്കാൻ മനോഹരമായ വായനാമുറിയും ഇവിടെയുണ്ട്. 'ചിൽഡ്രൻസ് 'വേൾഡ്' എന്നൊരു മാഗസിനും ശങ്കർ ആരംഭിച്ചിരുന്നു.
75ാം വയസിൽ ശങ്കർ കാർട്ടൂൺ വര അവസാനിപ്പിച്ചു. അവസാനം വരച്ചത് നെഹ്റുവിന്റെ മുഖം തന്നെ.
ഭാരതരത്നമൊഴികെ ഇന്ത്യയിലെ ഉന്നത ബഹുമതികളെല്ലാം അദ്ദേഹത്തെ തേടിയെത്തി. 1978ൽ പോളണ്ട് തങ്ങളുടെ ഉന്നത ബഹുമതിയായ 'ഓഡർ ഓഫ് ന് സ്മൈൽ' നൽകി ശങ്കറിനെ ആദരിച്ചു.
1989 ഡിസംബർ 26ന് ഇന്ത്യൻ കാർട്ടൂൺ രംഗത്തെ കുലപതി അന്തരിച്ചു.
2002ൽ ശങ്കറിന്റെ ജന്മശതാബ്ദി ആഘോഷങ്ങളൊന്നുമില്ലാതെ കടന്നുപോയി. തന്റെ ജീവിത കാലത്ത് ലോകത്തിലേറ്റവും പ്രസിദ്ധനായ ഇന്ത്യക്കാരനായിരുന്ന, മലയാളിയായ ശങ്കറിനെ കുറിച്ച് കേരളത്തിൽ ഒരു സ്മാരകം പോയിട്ട്, മലയാളത്തിൽ ഒരു ജീവചരിത്രം ശതാബ്ദി വർഷത്തിലില്ലായിരുന്നു. 1991ൽ ശങ്കറിന്റെ ചിത്രമുള്ള രണ്ട് പോസ്റ്റൽ കാർട്ടൂൺ സ്റ്റാമ്പ് പുറത്തിറക്കിയതാണ് ആകെ പറയാനുള്ളത്.
എങ്കിലും ശങ്കറിന്റെ വിയോഗത്തിന് കാൽ നൂറ്റാണ്ടിന് ശേഷം കേരളം പ്രായശ്ചിത്തം ചെയ്തു. 2014ൽ ശങ്കറിന്റെ ജന്മദിനമായ ജൂലൈ 31ന് അദ്ദേഹത്തിന്റെ ജന്മദേശമായ കായംകുളത്ത് ശങ്കർ സ്മാരക ദേശീയ കാർട്ടൂൺ മ്യൂസിയം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത് സാംസ്കാരിക ലോകത്തിന് സമർപ്പിച്ചു. ഇന്ത്യയിലെ എക കാർട്ടൂൺ മ്യൂസിയമായ ഇവിടെ ശങ്കറിന്റെ ഒറിജിനൽ കാർട്ടൂണുകൾ, ശങ്കേഴ്സ് വീക്കിലി, വരയ്ക്കാൻ ഉപയോഗിച്ച പെൻസിൽ, ബ്രഷ്, കോട്ട്, ലഭിച്ച പുരസ്കാരങ്ങൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. ചെറിയൊരു പാവ മ്യൂസിയവും, കുട്ടികൾക്കായ് ലൈബ്രറിയും, വായനശാലയും തീയേറ്ററും ഒരുക്കിയിരിക്കുന്നു.