സംഘപരിവാര്‍ കാലത്തെ അടിയന്തരാവസ്ഥ ഓര്‍മ

ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദിവസത്തെപ്പറ്റി പറഞ്ഞത്

ഇന്ന് ജൂണ്‍ 25. ഇന്ത്യാ ചരിത്രത്തിലെ കറുത്ത ദിനമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ദിവസത്തെപ്പറ്റി പറഞ്ഞത്. 1975ല്‍ ഭരണഘടന വ്യവസ്ഥകള്‍ തന്നെ ഉപയോഗിച്ച് ഭരണഘടന അവകാശങ്ങള്‍ റദ്ദ് ചെയ്ത് രാഷ്ട്രീയ എതിരാളികളെ തുറങ്കിലലടച്ചു. പ്രധാനപെട്ട പല നേതാക്കളും ജയിലിലായി. ഒടുവില്‍ അടിയന്തരാവസ്ഥ പിന്‍വലിക്കുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തതോടെ അവര്‍ മോചിതരായി. തിരഞ്ഞെടുപ്പില്‍ പങ്കെടുത്തു.

കാലം കുറേ മുന്നോട്ട് പോയി. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ചിലര്‍ക്ക് മാത്രമായി നിഷേധിക്കാനും ചിലര്‍ക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാനും അടിയന്തരാവസ്ഥയൊന്നും പ്രഖ്യാപിക്കേണ്ട എന്ന അവസ്ഥ വന്നു. അടിയന്തരാവസ്ഥയെ കുറ്റപ്പെടുത്തുക, അതേ സമയം തന്നെ പൗരന്മാരുടെ അവകാശങ്ങള്‍ രാഷ്ട്രീയ വിമതര്‍ക്ക് നിഷേധിക്കുക, ഇതും സാധ്യമാണെന്ന് ഇന്ത്യന്‍ ഭരണകൂടം ശരിക്കും കണ്ടെത്തിയത് 2014 ലെ തിരഞ്ഞെടുപ്പിനുശേഷം നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോഴാണ്.

ഈ കാലത്തെ സാമൂഹ്യശാസ്ത്രകാരന്മാരും രാഷ്ട്രീയ ചരിത്രകാരന്മാരും വിശേഷിപ്പിക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നാണ്. അതിന്റെ നടത്തിപ്പുകാര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരവാസ്ഥയെ പഴിക്കുന്നത്. വാക്കുകള്‍ക്ക് വിപരീതാര്‍ഥം കൈവരുന്ന ഡിസ്റ്റോപിയന്‍ കാലത്താണ് ഇതൊക്കെ സംഭവിക്കുന്നത്.

സംഘപരിവാര്‍ കാലത്തെ അടിയന്തരാവസ്ഥ ഓര്‍മ
കുറ്റസമ്മതം നടത്തി ജൂലിയന്‍ അസാഞ്ച്; യുഎസുമായുള്ള കരാര്‍ പ്രകാരം ജയില്‍ മോചിതന്‍

അടിയന്തരാവസ്ഥയുടെ വാര്‍ഷിക ദിനത്തില്‍, അന്ന് തുറങ്കിലാക്കപ്പെട്ടവരുടെ കഥകള്‍ മാത്രമല്ല ഓര്‍ക്കേണ്ടത്, വിചാരണ ഇല്ലാതെ വര്‍ഷങ്ങളായി തടവില്‍ കഴിയുന്നവരെ കുറിച്ച് പറയുക എന്നതാണ് പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ അടിയന്തരാവസ്ഥയെ ഭരണഘടനാപരമായി പ്രതിരോധിക്കാനുള്ള മാര്‍ഗം. പൗരാവകാശത്തിന്റെ, ഭരണഘടന മൂല്യങ്ങളുടെ ലംഘനങ്ങള്‍ വര്‍ത്തമാനകാലത്ത് നിരവധി ഉള്ളപ്പോള്‍, അമ്പതാണ്ടു മുമ്പെയുള്ള ചരിത്ര ദിനം വേണ്ട, പ്രതിരോധത്തിന്റെ ഓര്‍മകളാവാന്‍.

ഉമര്‍ ഖാലിദ്, ആസിഫ് സുല്‍ത്താന്‍, ഭീമ കോരേഗാവ് കേസിലെ റോണാ വില്‍സണ്‍, ഹാനി ബാബു ഉള്‍പ്പെടെ 16 മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി പേരാണ് രാജ്യത്തൊട്ടാകെ നടന്ന വിവിധ ചെറുത്തുനില്‍പ്പുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ഇപ്പോഴും ജയിലില്‍ കഴിയുന്നത്. ഈ ചുട്ടുപൊള്ളുന്ന ചൂടില്‍ ജയിലില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നതിനെ കുറിച്ച് ഒമര്‍ ഖാലിദ് പറഞ്ഞ കാര്യം കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ കൂട്ടുകാരി ബനോ ജോല്‍സ്‌ന എഴുതിയത്.

2022ലെ ജയില്‍ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജയിലുകളില്‍ കഴിയുന്ന 75 ശതമാനത്തിലധികം തടവുകാരും വിചാരണത്തടവുകാരാണ്. 2016 നും 2020 നും ഇടയില്‍ 24,134 പേരെ യുഎപിഎ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും 212 പേര്‍ മാത്രമാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളവര്‍ ഒന്നുകില്‍ വിചാരണത്തടവുകാരായി കഴിയുകയോ കുറ്റവിമുക്തരാക്കപ്പെടുകയോ ചെയ്തുവെന്നാണ് സര്‍ക്കാരിന്റെതന്നെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍പ് പറഞ്ഞ പേരുകാരില്‍ ആരെയെടുത്ത് പരിശോധിച്ചാലും ചെയ്ത കുറ്റം ഭരണകൂടത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ക്കെതിരായ നടപടികള്‍ക്കെതിരെ പ്രതികരിച്ചു എന്നത് മാത്രമാണ്. ഉമറും സുധ ഭരദ്വാജും ജി എന്‍ സായിബാബയും ഗൗതം നാവ്ലാക്കും പ്രബീര്‍ പുരകായസ്തയും ഹാനി ബാബുവും അറസറ്റ് ചെയ്യപ്പെട്ടത് അങ്ങനെയാണ്. ഇവരില്‍ ചിലര്‍ക്ക് വര്‍ഷങ്ങള്‍ക്കുശേഷം ജാമ്യം കിട്ടി. ചിലര്‍ മോചിതരായി.

മാധ്യമ സ്വാതന്ത്ര്യ പട്ടികയയില്‍ ഇന്ത്യ സമഗ്രാധിപത്യ രാജ്യങ്ങളെക്കാളും പിന്നിലായി. വന്‍കിട മാധ്യമങ്ങള്‍ വലിയ കോര്‍പ്പറേറ്റുകളുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വലിയ ചര്‍ച്ചാ വിഷയം ഭരണഘടന സംരക്ഷണമായിരുന്നു. ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം കിട്ടാത്തത് ഭരണഘടനാ മൂല്യങ്ങളെ തിരസ്‌കരിച്ചതിനാലാണെന്ന് വിലയിരുത്തുലുകളും ഉണ്ടായി.

ഇപ്പോള്‍ നടക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനങ്ങളെ എതിര്‍ക്കാന്‍ അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഓര്‍മകള്‍ മാത്രമല്ല ആവശ്യം മറിച്ച് ഭരണഘടനാ മൂല്യങ്ങളെക്കുറിച്ച് അധികാരികളെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക എന്നതുകൂടിയാണ്. ചരിത്രത്തിലല്ല, വര്‍ത്തമാനകാലത്തിലുണ്ട്, സമഗ്രാധിപത്യത്തെ മറികടക്കാനുള്ള അനുഭവങ്ങള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in