പാർലമെൻ്റിന് മേൽ ഭരണഘടനയെ പുനഃസ്ഥാപിച്ച വിധി; 'കേശവാനന്ദ ഭാരതി'യ്ക്ക്  50 വയസ്

പാർലമെൻ്റിന് മേൽ ഭരണഘടനയെ പുനഃസ്ഥാപിച്ച വിധി; 'കേശവാനന്ദ ഭാരതി'യ്ക്ക് 50 വയസ്

ഭൂരിപക്ഷമല്ല ജനാധിപത്യമെന്ന ആശയത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ കേസിലെ ചരിത്ര വിധി
Updated on
3 min read

കേശവാനന്ദ ഭാരതി എന്ന കാസര്‍ഗോഡുകാരന്‍ മഠാധിപതിയുടെ പേര് ഇന്ത്യന്‍ നിയമവ്യവസ്ഥിതിയില്‍ അടയാളപ്പെടുത്തിയിട്ട് ഇന്നേക്ക് അര നൂറ്റാണ്ട് തികയുകയാണ്. ഇന്ത്യയില്‍ ഭരണ ഘടനയും നിയമവ്യവസ്ഥിതിയും നിലനില്‍ക്കുന്ന കാലത്തോളം കേശവാനന്ദ ഭാരതിയുടെ പേരുണ്ടാവും. ജനാധിപത്യത്തിന്റെ സ്വരമായി 50 വര്‍ഷങ്ങളായി കേശവാനന്ദ ഭാരതി നിയമ വ്യവസ്ഥിതിയില്‍ സ്ഥാനമുറപ്പിച്ചിട്ട്. പാർലമെൻ്റിനു മേൽ ഭരണഘടനയുടെ അപ്രമാദിത്വം സ്ഥാപിച്ചെടുത്ത വിധിയായിരുന്നു കേശവാനന്ദഭാരതി Vs സ്റ്റേറ്റ് ഓഫ് കേരള എന്ന കേസിലേത്. ആ വിധിയുടെ അൻപതാം വാർഷികമാണ് ഇന്ന്.

ഭരണഘടനയുടെ അടിസ്ഥാന ഘടനയെ മാറ്റിമറിക്കുന്ന ഭേദഗതികള്‍ നടപ്പാക്കാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു സുപ്രീം കോടതി വിധി. സർവാധിപത്യത്തിനെതിരെയുള്ള ജനാധിപത്യത്തിന്റെ ശബ്ദമായാണ് അന്‍പത് വര്‍ഷങ്ങള്‍ക്കപ്പുറം ഈ കേശവാനന്ദഭാരതി കേസ് നിലനില്‍ക്കുന്നത്. ഇന്നും വാദപ്രതി വാദങ്ങള്‍ ഉയരുന്ന കോടതി മുറികളില്‍ കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിക്കാതെ കടന്നുപോകാറുണ്ടോയെന്നത് സംശയമാണ്.

എന്താണ് കേശവാനന്ദ ഭാരതി കേസ്?

കാസര്‍ഗോഡ് ജില്ലയിലെ എടനീര്‍ മഠം മഠാധിപതിയായിരുന്നു കേശവാനന്ദ ഭാരതി. 1957 ല്‍ കേരളത്തിലാദ്യമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ നടപ്പാക്കിയ ഭൂപരിഷ്‌കരണ നിയമപ്രകാരം മഠത്തിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ഇതു ചോദ്യം ചെയ്താണ് 1970 ഫെബ്രുവരിയില്‍ സ്വാമി കേശവാന്ദ ഭാരതി സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കേശവാനന്ദ ഭാരതി പരാജയപ്പെട്ടെങ്കിലും വാദത്തിനിടെ ഒരു സുപ്രധാന പ്രശ്‌നം ഉയര്‍ത്തികൊണ്ടുവരാന്‍ കേശവാനന്ദ ഭാരതിയുടെ അഭിഭാഷകനായ നാണി എ പല്‍ക്കിവാലയ്ക്ക് സാധിച്ചു.

നാണി എ പല്‍ക്കിവാല
നാണി എ പല്‍ക്കിവാല

ഭരണഘടന ഭേദഗതി ചെയ്യാനുള്ള പാര്‍ലമെന്റിന്റെ അധികാരം അനിയന്ത്രിതവും പരിധികളില്ലാത്തതുമാണോ ? ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റിന് അധികാരം നല്‍കുന്നത് ഭരണഘടനയുടെ 368-ാം അനുച്ഛേദമാണ് . ഈ അനുച്ഛേദത്തില്‍ പാര്‍ലമെന്റില്‍ അധികാരത്തിന് പരിധികളുള്ളതായി പറയുന്നില്ല. അതിനര്‍ഥം മൗലികാവകാശങ്ങളും മറ്റു ഭരണ ഘടനയിലെ സുപ്രധാന സ്വഭാവവുമുള്‍പ്പെടെ തിരുത്താന്‍ പാര്‍ലമെന്റിന് അധികാരമുണ്ടോ എന്നാണോ?

ഭരണഘടനയുടെ ആത്മാവായ മൗലികാവകാശങ്ങള്‍ എടുത്ത് കളയുന്ന ഭേദഗതികള്‍ നടപ്പിലാക്കാന്‍ പാര്‍ലമെന്റിന് അനുവാദമില്ലെന്ന് ഗൊലാക്‌നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു

ഈ ചോദ്യങ്ങളാണ് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എം സിക്രിയുടെ നേതൃത്വത്തിലുള്ള പതിമൂന്നംഗ ബെഞ്ചിന് മുന്‍പാകെയെത്തിയത്. ഭരണഘടനയുടെ ആത്മാവായ മൗലികാവകാശങ്ങള്‍ എടുത്തുകളയുന്ന ഭേദഗതികള്‍ നടപ്പാക്കാന്‍ പാര്‍ലമെന്റിന് അനുവാദമില്ലെന്ന് ഗൊലാക്‌നാഥ് vs സ്റ്റേറ്റ് ഓഫ് പഞ്ചാബ് കേസില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പരിശോധന കൂടിയായിരുന്നു കേശവാനന്ദ ഭാരതി കേസ്.

ചരിത്ര വിധി

1972 ഒക്ടോബര്‍ 31ന് പതിമൂന്നംഗ ബെഞ്ചില്‍ ആരംഭിച്ച വാദം അഞ്ച് മാസം കൊണ്ടാണ് പൂര്‍ത്തിയായത്. 68 ദിവസമാണ് സുപ്രീം കോടതി വാദം കേട്ടത്. ഇത്രയും ദൈര്‍ഘ്യമേറിയ വാദം കോടതി ചരിത്രത്തില്‍ വിരളമാണ്. 1973 ഏപ്രില്‍ 24ന് സുപ്രീം കോടതിയുടെ പതിമൂന്നംഗ ബെഞ്ച് വിധിയെഴുതി. 708 പേജ് വരുന്ന വിധിന്യായത്തില്‍ ഭരണഘടനയുടെ അടിസ്ഥാനഘടനയെ മാറ്റിമറയ്ക്കുന്ന ഭേദഗതികള്‍ കൊണ്ടുവരാന്‍ പാര്‍ലമെന്റിന് അധികാരമില്ലെന്നായിരുന്നു ആ ചരിത്ര വിധി. പിന്നീട്, ചീഫ് ജസ്റ്റിസായ എ എന്‍ റേയുള്‍പ്പെടെയുള്ള ആറ് പേര്‍ പാര്‍ലമെന്റിന്റെ അധികാരം പരിധികളില്ലാത്തതാണെന്ന ന്യൂനപക്ഷ വിധിയും എഴുതി.

68 ദിവസമാണ് സുപ്രീം കോടതി വാദം കേട്ടത്. ഇത്രയും ദൈര്‍ഘ്യമേറിയ വാദം കോടതി ചരിത്രത്തില്‍ വിരളമാണ്

ഇന്ദിരാ ഗാന്ധിയെ വെല്ലുവിളിച്ച വിധി

'ഇന്ത്യ എന്നാല്‍ ഇന്ദിര' യെന്ന മുദ്രാവാക്യം ഇന്ത്യയില്‍ അലയടിക്കുമ്പോഴാണ് കേശവാന്ദ ഭാരതി കേസില്‍ വിധി വരുന്നത്. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സര്‍ക്കാരും സുപ്രീം കോടതിയും നിരന്തരം കേസുകള്‍ നടക്കുമ്പോഴായിരുന്നു കേശവാനന്ദ ഭാരതി കേസ് സുപ്രീം കോടതിയിലെത്തുന്നത്. ബാങ്കുകളുടെ ദേശസാത്കരണം, പ്രിവ്യൂ പഴ്‌സ് റദ്ദാക്കല്‍ തുടങ്ങിയ കേന്ദ്രസര്‍ക്കാര്‍ നടപടികൾ സംബന്ധിച്ച് കേസുകള്‍ നടക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന വിധി വരുന്നത്.

അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധി നടപ്പിലാക്കിയ പല നിയമങ്ങളും കോടതി അസാധുവാക്കിയത് ഈ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു.

അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധി നടപ്പാക്കിയ പല നിയമങ്ങളും കോടതി അസാധുവാക്കിയത് ഈ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു. കേശവാനന്ദ ഭാരതി വിധിയോട് അന്ന് കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാ ഗാന്ധി അങ്ങേയറ്റം പ്രതികാര ബുദ്ധിയോടെയായിരുന്നു പ്രതികരിച്ചത്. ഭൂരിപക്ഷ വിധിയെഴുതിയ മൂന്ന് ജഡ്ജിമാര്‍ക്ക് ചീഫ് ജസ്റ്റിസ് പദവി കേന്ദ്രം പിന്നീട് നിഷേധിച്ചു. ഏറ്റവും മുതിര്‍ന്ന ജഡ്ജിയെ ചീഫ് ജസ്റ്റിസാക്കുന്ന കീഴ്വഴക്കം ലംഘിക്കാന്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിന് മടിയുണ്ടായിരുന്നില്ല. ഭൂരിപക്ഷ വിധി കര്‍ത്താക്കളെ പൂര്‍ണമായും അവഗണിച്ച് ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് അജിത് നാഥ് റേയെ പിന്നീട് ചീഫ് ജസ്റ്റിസാക്കി നിയമിച്ചു. ജനാധിപത്യത്തിലെ കറുത്ത ദിനം എന്നായിരുന്നു നിയമലോകം ഈ ദിനത്തെ വിശേഷിപ്പിച്ചത്.

വർത്തമാന ഇന്ത്യയും കേശവാനന്ദ ഭാരതി കേസും

മൗലികാവകാശങ്ങളടക്കം ഭരണഘടനയിലെ ഏതു വ്യവസ്ഥിതിയും ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്നു തന്നെയാണ് ഈ വിധി ന്യായത്തില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. എന്നാല്‍ ഈ ഭേദഗതികള്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്നതാകരുതെന്നാണ് നിഷ്‌കര്‍ഷിച്ചത്. എന്നാലിതു വരെ ആ അടിസ്ഥാന ഘടന ഏതെന്ന് 70 പേജുകളിലധികമുള്ള വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നില്ല. ജനാധിപത്യ റിപ്പബ്ലിക്കന്‍ വ്യവസ്ഥ, ഫെഡറലിസം, ഭരണനിര്‍വഹണ നിയമനിര്‍മാണ നീതിന്യായ വ്യവസ്ഥിതികളുടെ അധികാര വിഭജനം എന്നിവയാണ് പ്രധാനമായി പറയുന്ന അടിസ്ഥാന ഘടന.

ജനാധിപത്യ റിപ്പബ്ലിക്കന്‍ വ്യവസ്ഥ, ഫെഡറലിസം, ഭരണനിര്‍വഹണ നിയമനിര്‍മാണ നീതിന്യായ വ്യവസ്ഥിതികളുടെ അധികാര വിഭജനം എന്നിവയാണ് പ്രധാനമായി പറയുന്ന അടിസ്ഥാന ഘടന

രാജ്യം സർവാധിപത്യത്തിലേക്ക് പോകുകയാണെന്ന തോന്നലുണ്ടാക്കുന്ന വർത്തമാന കാലത്തിൽ ഈ വിധി സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്.

ജഡ്ജി നിയമന വിഷയത്തില്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാരും കൊളീജിയവും തമ്മില്‍ തുടരുന്ന സമരത്തിന്റ പശ്ചാത്തലത്തിലും ഈ വിധി പ്രസക്തമാകുകയാണ്. ജഡ്ജി മാരുടെ സമിതി തന്നെയായ കൊളീജിയം ജഡ്ജിമാരെ നിയമിക്കുന്ന നിലവിലെ രീതിയെ അസാധുവാക്കി ജുഡീഷ്യല്‍ നിയമ കമ്മീഷനെ നിയമിക്കാനായി പാര്‍ലമെന്റ് കൊണ്ടു വന്ന നിയമം 2015 ല്‍ സുപ്രീം കോടതി മരവിപ്പിച്ചിരുന്നു. ഈ കേസില്‍ സുപ്രീം കോടതി പരിഗണിച്ചത് കേശവാനന്ദ ഭാരതി കേസിലെ വിധിയെയാണ്. ഭരണഘടനയുടെ അടിസ്ഥാന ഘടനാ വിധിക്കെതിരെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അടുത്തിടെ കടുത്ത വിമര്‍ശനമുന്നയിച്ചതും ഈ പശ്ചാത്തലത്തിലാണ്.

സാമൂഹിക നീതി ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് രാജ്യം നടപ്പാക്കുന്ന സംവരണ നടപടികളെ അട്ടിമറിച്ചുകൊണ്ടായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ സംവരണ ഭേദഗതി നിയമം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉന്നതജാതിക്കാര്‍ക്കുള്ള സംവരണം നടപ്പാക്കുന്നതോടെ സാമൂഹിക പിന്നാക്കാവസ്ഥയെ സാമ്പത്തികമായി ആലേഖനം ചെയ്യാന്‍ സര്‍ക്കാരിന് സാധിച്ചു. വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ഈ ഭേദഗതി ചോദ്യം ചെയ്തിട്ടില്ലെന്ന് ശരിവയ്ക്കുകയായിരുന്നു കോടതി മുറികള്‍ പോലും. ഫെഡറലിസം അടിസ്ഥാന തത്വമായി നിലനില്‍ക്കുമ്പോഴും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കു മേൽ കേന്ദ്രം കൂടുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരികയാണെന്ന വിമർശനം ഉയരുമ്പോഴും കേശവാനന്ദ ഭാരതി കേസും വിധിയും കൂടുതൽ കൂടുതൽ പ്രസക്തമാകുകയാണ്.

logo
The Fourth
www.thefourthnews.in