പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

1964 ഏപ്രിൽ 11 ആയിരുന്നു ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി തിരിച്ചുവിട്ട ദിനം. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടതും വലതുമായി പിരിഞ്ഞിട്ട് ഇന്ന് 60 വർഷം
Updated on
8 min read

ടി എസ് എലിയറ്റിൻ്റെ വിഖ്യാത കവിതയായ വേസ്റ്റ് ലാൻഡിലെ “ഏപ്രിൽ ഏറ്റവും ക്രൂരമായ മാസമാണ്” എന്ന  വരികൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അക്ഷരാർത്ഥത്തിൽ ശരിയായി മാറിയത് 60 വർഷം മുൻപായിരുന്നു. കൃത്യമായി പറഞ്ഞാൽ 1964 ഏപ്രിൽ 11 ആയിരുന്നു ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി തിരിച്ചുവിട്ട ദിനം. അന്ന് ഓരോ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പുരോഗമനാശയക്കാരനും ഏറെ വേദനിച്ച ദിനമായിരുന്നു. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ഇടതും വലതുമായി പിരിഞ്ഞിട്ട് ഇന്ന് 60 വർഷം. 

1925 ൽ കാൺപൂരിൽ സ്ഥാപിച്ച ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം 1939 ൽ കേരളത്തിൽ പിണറായിയിലെ പാറപ്രത്താണ് രൂപം കൊണ്ടത്. സമരങ്ങളും ബഹുജപ്രക്ഷോഭങ്ങളും പാർട്ടി നിരോധനവും കയ്യൂർ പോലുള്ള  സമരങ്ങളിലെ രക്തസാക്ഷിത്വവും പുന്നപ്ര വയലാർ പോലുള്ള സായുധസമരങ്ങളും നടത്തി തീഷ്ണമായ കാലത്തിലൂടെ കടന്നുപോയ പാർട്ടി 1957-ൽ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ അധികാരത്തിലേറി ലോകശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ 16 സീറ്റ് നേടിയ പ്രധാന പ്രതിപക്ഷ കക്ഷിയുമായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി.

Summary

1962 ഒക്ടോബറിൽ ചൈന ഇന്ത്യൻ അതിർത്തിയിൽ അധിനിവേശം നടത്തിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആകെ ആശയക്കുഴപ്പത്തിലാക്കി. എസ് എ ഡാങ്കെ ചൈനീസ് ആക്രമണത്തെ അപലപിക്കുകയും പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ പാർട്ടിയിലെ ഇടതുചേരിക്കാർ  ചൈനാ ചാരന്മാരായി  മുദ്രകുത്തപ്പെട്ടു

1962 ഒക്ടോബറിൽ ചൈന ഇന്ത്യൻ അതിർത്തിയിൽ അധിനിവേശം നടത്തിയത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആകെ ആശയക്കുഴപ്പത്തിലാക്കി. പാർട്ടിയിലെ പ്രമുഖൻ  ഇസഡ് എ അഹമ്മദ്  ചൈനീസ് ആക്രമണത്തെ പരസ്യമായി വിമർശിച്ചു. അഹമ്മദ് ബൂർഷ്വാ ദേശീയവാദിയാണെന്ന് ജ്യോതി ബസു വിമർശിച്ചതോടെ പാർട്ടിയിൽ നേരെത്തെയുണ്ടായിരുന്ന വിഭാഗീയത മറനീക്കി പുറത്തുവന്നു. സിപിഐ ജനറൽ സെക്രട്ടറി അജോയ് ഘോഷും ആക്രമണത്തെ പരസ്യമായി വിമർശിച്ചു. എസ് എ ഡാങ്കെ, എം എൻ ഗോവിന്ദൻ നായർ, യോഗീന്ദ്രശർമ എന്നിവരടങ്ങുന്ന ഭൂരിപക്ഷം പേർ ചൈനയെ എതിർത്തു.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
ആരാധിക്കപ്പെടാൻ, അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഇഎംഎസ്

ഇ എം എസ് മധ്യനയത്തിലായിരുന്നു. പിന്നിട് ഏറെ ചർച്ച ചെയ്യപ്പെട്ട, നാം നമ്മുടെതെന്നും അവർ അവരുടെതെന്നും പറയുന്ന ഭൂപ്രദേശമെന്ന ഇ എം എസിൻ്റെ വാചകങ്ങൾ അപ്പോഴാണ്  ആദ്യം കേട്ടത്.  

അക്കാലത്ത് തന്നെ ഡൽഹിയിൽ നടത്തിയ ഒരു പത്രസമ്മേളനത്തിൽ ഇ എം എസിനോട് എസ് എ ഡാങ്കെ പരസ്യമായി “അധിനിവേശ പ്രദേശത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ?” പരിഹാസ ധ്വനിയോടെ  ചോദിച്ചതായി കമ്മ്യൂണിസ്റ്റ് ചിന്തകനും മാർക്സിയൻ ബുദ്ധിജീവിയുമായ മോഹിത് സെൻ തൻ്റെ ആത്മകഥയായ ‘ A Traveller and The Road - The Journey of An Indian Communist' - ൽ രേഖപ്പെടുത്തിയിരിക്കുന്നു. ഇതേക്കുറിച്ച് കേരളത്തിൽനിന്നുള്ള  അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യസഭ എം പിയും മാതൃഭൂമി മുൻ എഡിറ്ററുമായ പി നാരായണൻ നായരുടെ ആത്മകഥയായ ‘ അരനൂറ്റാണ്ടിലൂടെ’ യിൽ  പറയുന്നതും ശ്രദ്ധേയമാണ്.

എസ് എ ഡാങ്കെ
എസ് എ ഡാങ്കെ

നാരായണൻ നായർ ഇങ്ങനെ പറയുന്നു: മക് - മോഹൻ രേഖ ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയായി പാർട്ടി അംഗീകരിച്ചിട്ടുള്ളതാണെന്ന് ജനറൽ സെക്രട്ടറി എന്ന നിലയിൽ 1963 ജനുവരിയിൽ ലോകത്തിലെ എല്ലാ സഹോദര പാർട്ടികളെയും എഴുതിയറിയിച്ച നമ്പൂതിരിപ്പാട് പിന്നീട് മക് - മോഹൻ രേഖയ്ക്കു തെക്കുള്ള പ്രദേശത്തെ ഇന്ത്യ ഇന്ത്യയുടേതായും ചൈന ചൈനയുടേതായും അവകാശപ്പെടുന്ന പ്രദേശമെന്ന് വിശേഷിപ്പിച്ചത് ഞങ്ങളിൽ പലരെയും അന്ന് സ്തബ്ധരാക്കി. 

സിപിഐയിലെ അഭിപ്രായ വ്യത്യാസം രൂക്ഷമായെന്നും പാർട്ടിയിൽ രണ്ട്  ചേരികൾ രൂപാന്തരപ്പെട്ടിരിക്കുകയാണ് എന്നുമുള്ള വാർത്ത മാധ്യമങ്ങൾക്ക് ചോർന്നുകിട്ടി. അതോടെ ഉൾപാർട്ടി രഹസ്യങ്ങൾ പത്രങ്ങളിൽ വഴി അങ്ങാടി പരസ്യമായി തുടങ്ങി. ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ വാരികയായ ‘ലിങ്ക്’ൻ്റെ എഡിറ്റർ എടത്തട്ട നാരായണൻ പാർട്ടിയിലെ ഉന്നതരുമായി പ്രത്യേകിച്ച് എസ് എ ഡാങ്കെയുമായി വളരെ അടുപ്പം പുലർത്തിയതിനാൽ പല രഹസ്യസ്വഭാവമുള്ള പാർട്ടി വാർത്തകളും ലിങ്കിൽ വന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയായി. അവയൊക്കെ സത്യമായതിനാൽ നിഷേധിക്കാനും കഴിഞ്ഞില്ല. ഒടുവിൽ ലിങ്കുമായി യാതൊരു സഹകരണവും പാടില്ലെന്ന് കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മറ്റി പ്രമേയം പാസാക്കി.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
ഇന്ത്യന്‍ വായനക്കാരെ ചിന്തിക്കാന്‍ പഠിപ്പിച്ച മലയാളി എഡിറ്റര്‍

എസ് എ ഡാങ്കെ ചൈനീസ് ആക്രമണത്തെ അപലപിക്കുകയും പ്രധാനമന്ത്രി ജവഹർ ലാൽ നെഹറുവിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ പാർട്ടിയിലെ ഇടതു ചേരിക്കാർ  ചൈനാ ചാരന്മാരായി  മുദ്രകുത്തപ്പെട്ടു. ചൈനയെ അധിനിവേശ പ്രദേശത്തുനിന്ന് തുരത്തി ഇന്ത്യയുടെ സ്ഥലം സംരക്ഷിക്കണമെന്നൊരു പ്രമേയം എസ് എ ഡാങ്കെ കൊണ്ടു വന്നു. എന്നാൽ ഇ എം എസിൻ്റെ നേതൃത്വത്തിൽ അക്രമത്തിന് പകരം സാമാധാന ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്നും യുദ്ധത്തിന് പകരം യുദ്ധമല്ലെന്ന് രീതിയിൽ ഭേദഗതി നിർദ്ദേശം വന്നു. എന്നാൽ ഡാങ്കെ പക്ഷക്കാർ അത് അംഗീകരിച്ചില്ല.

അതിനിടയിൽ ഡാങ്കെ, ആഭ്യന്തര മന്ത്രിയായ ഗുൽസാരി ലാൽ നന്ദയെ നേരിട്ട് ബന്ധപ്പെട്ട് പാർട്ടിയിലെ ചൈന പക്ഷക്കാരുടെ പേരുകൾ നൽകി. ഇവർ രാജ്യത്തിൻ്റെ സുരക്ഷയ്ക്ക് എതിരാണെന്നും നന്ദയെ ഡാങ്കെ ധരിപ്പിച്ചു. അതോടെ പാർട്ടിയിലെ  ചൈനീസ് അനുകൂലികൾ രാജ്യരക്ഷാ നിയമമനുസരിച്ച് അകത്തായി. ഇ എം എസിനെ അറസ്റ്റ് ചെയ്ത് തിഹാർ ജയിലിട്ടെങ്കിലും ഒരാഴ്ച കഴിഞ്ഞ് വിട്ടയച്ചു. ജ്യോതി ബസു, ബി ടി രണദിവെ, പി സുന്ദരയ്യ എന്നീ പ്രമുഖരെയും അകത്താക്കി. കേരളത്തിൽ ചൈനീസ് ആക്രമണത്തെ അപലപിച്ച പാർട്ടി ഔദ്യോഗിക പക്ഷത്തിൻ്റെ സി അച്യുതമേനോനേയും ഉണ്ണിരാജയെയും വരെ അറസ്റ്റ് ചെയ്തു.

ഇഎംഎസ്
ഇഎംഎസ്

മദ്രാസിൽനിന്ന് നൂറിലേറെ സഖാക്കൾ, പശ്ചിമ ബംഗാളിൽ നിന്ന് 60, ഗുജറാത്തിൽ നിന്ന് 35, കേരളത്തിൽ 25, പഞ്ചാബിൽ നിന്ന് 24, ആന്ധ്രയിൽ നിന്ന് 22, അസമിൽ നിന്ന് 15, മധ്യപ്രദേശിൽ നിന്ന് 11… ഇന്ത്യയൊട്ടുക്കു 550 പേർ ചൈനാ അനുകൂലികൾ എന്ന പേരിൽ അറസ്റ്റിലായി.

അതിനിടയിലാണ് എസ് എ ഡാങ്കെ ചതിയനും വർഗവഞ്ചകനുമാണെന്ന് ആരോപിച്ച് എതിർപക്ഷം ഒരു ബോംബ് പൊട്ടിച്ചത്. 1942 ലെ കാൺപൂർ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട ഡാങ്കെ മാപ്പ് പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് കത്തെഴുതിയെന്നും വിടുതൽ ലഭിച്ചാൽ ബ്രിട്ടിഷ് പക്ഷത്ത്  ചേർന്ന് സഹായിക്കാമെന്നും ആ കത്തിലുണ്ടായിരുന്നു. കൂടാതെ ചൈനീസ് അനുകൂലികളായ പാർട്ടിക്കാരുടെ ലിസ്റ്റ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയത് ഡാങ്കെയുടെ നിർദേശമനുസരിച്ചാണെന്നും എതിർപക്ഷം ആരോപിച്ചു. പാർട്ടിയിലെ ചൈനീസ് ലൈൻ ശക്തിപ്പെടുകയായിരുന്നു.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
തിരികെ വരൂ ലെനിൻ, നവയുഗ  സഖാക്കൾക്ക് വഴികാട്ടാൻ 

ഏപ്രിൽ 11ന് ദേശീയ കൗൺസിൽ യോഗത്തിൽ ഡാങ്കെയുടെ കത്തുകൾ ഒരു കമ്മിഷനെ വെച്ച് പരിശോധിച്ച് സത്യാവസ്ഥ അറിയണമെന്ന് ഇടതുചേരി ആവശ്യപ്പെട്ടു. അന്വേഷണം നടക്കുമ്പോൾ ഡാങ്കെ ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അവർ യോഗത്തിൽ ഉന്നയിച്ചു. ഡാങ്കെയുടെ കത്ത് പ്രസിദ്ധീകരിച്ച ‘കറൻ്റ് ‘ വാരികക്കെതിരെ പാർട്ടി തലത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതെല്ലാം ഡാങ്കെ പക്ഷം നിരാകരിച്ചതോടെ 32 അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. അതോടെ പാർട്ടി പിളർന്നു.

ഇ എം എസ്, എ കെ ജി, ഇ കെ നായനാർ, വി എസ് അച്യുതാനന്ദന്‍, സി എച്ച് കണാരൻ, ഇ കെ ഇമ്പിച്ചി ബാവ, എ വി  കുഞ്ഞമ്പു എന്നീ ഏഴ് പേർ ആയിരുന്നു യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയ  കേരളത്തിൽ നിന്നുള്ള പ്രമുഖർ. അഖിലേന്ത്യാ തലത്തിൽ പ്രശസ്തരായ  പി സുന്ദരയ്യ, ജ്യോതി ബസു, എം ബസവ പുന്നയ്യ, പി രാമമൂർത്തി, ഹർകിഷൻ സിങ്ങ് സുർജിത്ത്, മുസഫർ അഹമ്മദ് എന്നിവരും  ഈ 32 പേരിൽ പെടുന്നു. അന്ന് പുറത്ത് പോയവരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗം വി എസ് അച്യുതാനന്ദൻ മാത്രമാണ്.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
ചെ ഗുവേരയും സിപിഎമ്മും- സ്വാംശീകരണത്തിൻ്റെ ഇടതുവഴികൾ

പിന്നീട്  ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ട് പാർട്ടികളായി അറിയപ്പെട്ടു: റഷ്യൻ ചായ്‌വുമുള്ള  സി പി ഐ, ചൈനീസ് പക്ഷക്കാരായ സിപിഐ(എം). അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽനിന്ന് ഇറങ്ങിപ്പോയവർ ഒരു വർഷത്തിനുശേഷം 1964 നവംബർ 7 ന് ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവ വാർഷിക ദിനത്തിൽ കൊൽക്കത്തയിൽ നടന്ന എഴാം കോൺഗ്രസിൻ്റെ സമാപന ദിവസം പുതിയ പാർട്ടി പ്രഖ്യാപിച്ചു - ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്). കേന്ദ്ര കമ്മിറ്റി അംഗങ്ങളായി കേരളത്തിൽനിന്ന് നാല് പേർ തിരഞ്ഞെടുക്കപ്പെട്ടു - എ കെ ജി, ഇ എം എസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദന്‍. പോളിറ്റ് ബ്യൂറോയിൽ ഇ എം എസും എ കെ ജിയും അംഗങ്ങളായി. പി സുന്ദരയ്യയായിരുന്നു ജനറൽ സെകട്ടറി.

ആരാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന തർക്കമായി പിന്നീട്. ബോംബെയിൽ നടന്ന ഔദ്യോഗിക പക്ഷത്തിൻ്റെ സമ്മേളനത്തിൽ തങ്ങളാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റുകളെന്ന് സിപിഐ പ്രഖ്യാപിച്ചു. എന്നാൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സിപിഎം ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് പ്രഖ്യാപനം നടത്തി അവരെ അംഗീകരിച്ചു. കിഴക്കൻ ജർമനി ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായി  അംഗീകരിച്ചത് സിപിഐയെയായിരുന്നു.

അച്യുതമേനോന്‍
അച്യുതമേനോന്‍

1964 ഒക്ടോബർ ആയപ്പോഴേക്കും പുതിയ പാർട്ടിയിൽ 90,000 അംഗങ്ങൾ അണികളായിക്കഴിഞ്ഞെന്ന് സിപിഎം അവകാശപ്പെട്ടു. ഉടനെ അത് നിഷേധിച്ച് എതിർവാദവുമായി സിപിഐ രംഗത്തെത്തി. ഇരുപത്  ലക്ഷം അംഗങ്ങളിൽ മുന്നിലൊന്നു മാത്രമേ പുതിയ പാർട്ടിയിൽ ചേർന്നിട്ടുള്ളൂവെന്ന് വ്യക്തമാക്കി, അതായത് സിപിഎമ്മിൽ വെറും 66,000 പേർ മാത്രമെന്ന്. തെളിവിനായി അവർ നിയമസഭാ അംഗക്കണക്ക് എടുത്തുകാട്ടി. ആകെയുണ്ടായിരുന്ന 170 നിയമസഭാ പ്രതിനിധികളിൽ 49 പേർ മാത്രമേ സി പി എമ്മിലേക്ക് പോയുള്ളൂ. ഒൻപത് പേർ നിഷ്പക്ഷർ. അങ്ങനെ 58 പേർ കഴിഞ്ഞാൽ സിപിഐക്ക് 112 അംഗങ്ങൾ ഉണ്ട്. അതിനാൽ കണക്കിൽ വലിയ പാർട്ടി സിപിഐ തന്നെയായി.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
പോരിന് യുവരക്തം; കൂട്ടിന് 'സമത'; ബംഗാളിലെ സിപിഎം 'സ്വപ്‌നങ്ങള്‍'

പാർട്ടി രണ്ടായതോടെ ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷ പാർട്ടിയെന്ന സ്ഥാനം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നഷ്ടപെട്ടു. എ കെ ജിയും അദ്ദേഹത്തിൻ്റെ കൂടെയുള്ള 11 പേരും ഒരു സ്വതന്ത്ര പാർലമെൻ്ററി പാർട്ടിയായി. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സിപിഎമ്മിനെ 1964 സെപ്റ്റംബർ 15 ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അവരെ സ്വതന്ത്ര പാർട്ടിയായി അംഗീകരിച്ചു. ഇരുപക്ഷക്കാരും തങ്ങളുടെ ഭാഗത്തേക്ക് അണികളെ കൂട്ടാനാനുള്ള ശ്രമം എല്ലാം സംസ്ഥാനത്തും ആരംഭിച്ചു. കേരളത്തിലാണ് ഏറ്റവും ശക്തിയായ പ്രവർത്തനങ്ങൾ നടന്നത്. നാടൊട്ടുക്കും നടന്ന പൊതുയോഗങ്ങളിൽ തങ്ങളുടെ നിലപാടുകൾ  വിശദീകരിച്ചു. സ്വന്തം നിലപാടുകളെ ന്യായീകരിച്ച ഇരുവരും പരസ്പരാരോപണങ്ങൾ ഉന്നയിച്ചു. സിപിഐയുടെ നേതാവ് എം എൻ ഗോവിന്ദൻ നായരും സി പി എമ്മിൻ്റെ നേതാവ് ഇ എം എസുമായിരുന്നു.

ഇഎംഎസ്, ബി ടി രണദിവെ
ഇഎംഎസ്, ബി ടി രണദിവെ

“കമ്മ്യൂണിസത്തെയും വർഗസമരത്തെയും ഒറ്റ് കൊടുക്കുന്നവർക്ക് ചരിത്രം മാപ്പ് നൽകില്ലെന്ന്” സി പി എം നേതാവ് എ കെ ഗോപാലൻ പറഞ്ഞപ്പോൾ “ചരിത്രം ആരുടെയും പിതൃസ്വത്തല്ലെ”ന്ന്  സിപിഐ നേതാവ് എം എൻ ഗോവിന്ദൻ നായർ മറുപടി നൽകി.

അതോടെ പിതൃസ്വത്ത് അഥവാ പാർട്ടി സ്വത്ത് കൈയടക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പാർട്ടി ഓഫീസുകളും പ്രസിദ്ധീകരണങ്ങളും രണ്ട് പാർട്ടിക്കാരും പിടിച്ചെടുക്കാൻ ശ്രമം തുടങ്ങി. പ്രധാന ഓഫീസുകൾ, സംസ്ഥാന കമ്മറ്റി ഓഫീസ്, പ്രഭാത് ബുക്ക് ഹൗസ്, ജനയുഗം തുടങ്ങിയവ സിപിഐക്ക് ലഭിച്ചു. 

പാർട്ടിക്ക് കേരളത്തിൽ ഉണ്ടായിരുന്ന രണ്ട് ദിനപത്രങ്ങൾ കൊല്ലത്തെ ജനയുഗവും കോഴിക്കോട്ടെ ദേശാഭിമാനിയുമായിരുന്നു. 1964 മേയ് 23 ന് ആസൂത്രിതമായ നീക്കത്തിലൂടെ സിപിഎം ദേശാഭിമാനി പിടിച്ചെടുത്തു. വി ടി ഇന്ദുചൂഡനായിരുന്നു  എഡിറ്റർ.

സിപിഎമ്മിന്റെ ആദ്യ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍
സിപിഎമ്മിന്റെ ആദ്യ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍

രാത്രി രണ്ട് പത്രാധിപ സമിതിയംഗങ്ങളായ ഐ എസ് നമ്പൂതിരിയും കെ ജി നെടുങ്ങാടിയും എഡിറ്റോറിയൽ വിഭാഗം പൂട്ടിപ്പോയതായിരുന്നു. സിപിഎം നേതാവ് എം കണാരൻ്റെ നേതൃത്വത്തിൽ ഓഫീസ് പൂട്ട് പൊളിച്ചു അകത്തുകയറി. പത്രാധിപ സമിതിയിൽ ഭൂരിപക്ഷം സിപിഐക്കായിരുന്നെങ്കിലും പ്രസ്സിലെ തൊഴിലാളികൾ ഭൂരിഭാഗവും സിപിഎമ്മുകാരായിരുന്നു. മൊഴാറ വീരനായകനും രാഷ്ട്രീയ എതിരാളികളുടെ പേടിസ്വപ്നവുമായ കെ പി ആർ ഗോപാലനാണ് ഓപ്പറേഷൻ ദേശാഭിമാനിക്ക് നേതൃത്വം നൽകിയത്. കോഴിക്കോടെ അഡ്വക്കറ്റ് പി കെ കുഞ്ഞിരാമ പൊതുവാളാണ് പിടിച്ചെടുക്കൽ പരിപാടി ആസൂത്രണം ചെയ്തത്. പത്രത്തിൻ്റെ മാനേജറായിരുന്ന എം ഗോവിന്ദൻ കുട്ടി സിപിഎമ്മുകാരനായതിനാൽ കാര്യം വേഗത്തിൽ നടന്നു.

സിപിഎം അനുഭാവികളായ പത്രപ്രവർത്തകർ വാർത്തകൾ തയ്യാറാക്കി കമ്പോസ് ചെയ്യുകയും നിയോജക മണ്ഡലത്തിലെ സിപിഎം സെക്രട്ടറിയായ ചാത്തുണ്ണി മാസ്റ്ററുടെ നിർദേശപ്രകാരം  പ്രസ് തൊഴിലാളികൾ ജോലി ചെയ്യാനും  തുടങ്ങിയതോടെ എതിർക്കാൻ നിൽക്കാതെ സിപിഐ അനുഭാവികളായ പത്രാധിപ സമിതിയിലുള്ളവർ സ്ഥലം വിട്ടു. പിറ്റേന്ന് പുറത്തുവന്ന പത്രത്തിൽ ദേശാഭിമാനിയുടെ ഉടമസ്ഥത  സിപിഎമ്മിൽ നിക്ഷ്പിതമാണെന്ന പ്രസ്താവന സ്ഥാപനത്തിൻ്റെ എം ഡി കെപിആർ ഗോപാലൻ്റേതായി അച്ചടിച്ചിരുന്നു.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
ഇ.എം.എസിന്റെ കോടതിയലക്ഷ്യം
ബി ടി രണദിവെ, ജി അധികാരി, പി സി ജോഷി
ബി ടി രണദിവെ, ജി അധികാരി, പി സി ജോഷി

മേയ് 24 ലെ ദേശാഭിമാനി പത്രത്തിൻ്റെ ഉള്ളടക്കവും വിചിത്രമായിരുന്നു. ആദ്യം തയ്യാറാക്കുന്ന അകത്തെ പേജുകളിൽ സി പി എമ്മുകാരെ ‘പിളർപ്പൻമാർ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. മുൻ പേജ് ഉൾപ്പെടെ അവസാനം തയ്യാറാക്കുന്ന പേജുകളിൽ  ഔദ്യോഗിക പക്ഷം അഥവാ സിപിഐയെ പിളർപ്പൻ ഡാങ്കേയിസ്റ്റുകൾ എന്നും വിശേഷിപ്പിച്ചിരുന്നു.

സിപിഐ വെറുതെയിരുന്നില്ല. പത്രസ്ഥാപനം സിപിഎമ്മുകാർ അക്രമത്തിലൂടെ പിടിച്ചെടുത്തു എന്നൊരു പരാതി സി അച്യുതമേനോൻ കോഴിക്കോട് കലക്ടർക്ക് നൽകി. കലക്ടർ സ്ഥാപനത്തിൽ വന്ന് പരിശോധന നടത്തിയപ്പോൾ അസാധാരണമായി ഒന്നും കണ്ടില്ല. പിന്നിട് സിപിഐ സംസ്ഥാന സെക്രട്ടറി എസ് കുമാരൻ കോഴിക്കോട്ടെത്തി കേസ് കൊടുത്തു. പാർട്ടിയാണ് പത്രത്തിൻ്റെ ഉടമയെങ്കിലും ഉടമസ്ഥാവകാശം അക്കാലത്ത് സംസ്ഥാന സെക്രട്ടറിയായിരുന്ന ഇ എം എസിൻ്റെ പേരിലായിരുന്നു. പിന്നിട് ഇ എം എസ് ജനറൽ സെക്രട്ടറിയായി ന്യൂഡൽഹിയിലക്ക് പോയപ്പോൾ ഉടമസ്ഥാവകാശം സംസ്ഥാന കമ്മറ്റി സെക്രട്ടറിയായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ പേരിലാക്കണമെന്ന് സംസ്ഥാന കൗൺസിൽ പത്രത്തിൻ്റെ മാനേജറായ ഗോവിന്ദൻ കുട്ടിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഗോവിന്ദൻ കുട്ടി നടപടിയൊന്നും എടുത്തില്ല.

പാര്‍ട്ടി പിളര്‍ന്നത് സംബന്ധിച്ച് അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ
രഹസ്യ റിപ്പോര്‍ട്ട്
പാര്‍ട്ടി പിളര്‍ന്നത് സംബന്ധിച്ച് അമേരിക്കന്‍ ചാരസംഘടന സിഐഎയുടെ രഹസ്യ റിപ്പോര്‍ട്ട്

കേസ് കോടതിയിലെത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു. പത്രത്തിൻ്റെ ഉടമ ഇ എം എസ് അല്ല എം എൻ ഗോവിന്ദൻ നായരാണ് എന്നായിരുന്നു സിപിഐയുടെ വാദം. എന്നാൽ പത്രത്തിൻ്റെ ചീഫ് എഡിറ്ററായ വി ടി ഇന്ദുചൂഡൻ ദേശാഭിമാനിയുടെ ഉടമസ്ഥാവകാശം തൻ്റെ പേരിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇ എം എസിനെഴുതിയ ഒരു കത്ത് സിപിഎം കോടതിയിൽ ഹാജരാക്കിയതോടെ ചീഫ് എഡിറ്റർ പോലും ഉടമയെന്നു കരുതുന്നത് ഇ  എം എസിനെയാണെന്ന വസ്തുത അംഗീകരിച്ച്  കേസ് കോടതി  തള്ളി.

നിർണായകമായ ഈ കത്ത് പാർട്ടി ഫയലിൽനിന്ന് സിപിഎമ്മിന് കിട്ടിയത് സഖാവ് അഴിക്കോടൻ രാഘവൻ വഴിയായിരുന്നു. സിപിഎം കൂറുള്ള അഴീക്കോടൻ പാർട്ടി പിളർന്നശേഷവും സിപിഐ സെക്രട്ടേറിയറ്റിൽ രാജിവെയ്ക്കാതെ തുടർന്നിരുന്നു. കൂറ് മറുപുറത്തായിട്ടും പാർട്ടി അഴിക്കോടനെ പുറത്താക്കിയുമില്ല. അതിൻ്റെ ഫലമായിരുന്നു ഈ കത്ത് ചോർത്തൽ. പത്രം സിപിഎമ്മിൻ്റേതായെങ്കിലും അവർക്ക് നല്ലൊരു എഡിറ്റർ ഇല്ലായിരുന്നു. കഴിവുള്ളവരെല്ലാം സിപിഐ ലായിരുന്നു. എ കെ ജി യും ഇ എം എസും ചേർന്ന് പി ഗോവിന്ദ പിള്ളയെ ഡൽഹിയിൽനിന്ന് വരുത്തി ദേശാഭിമാനിയുടെ ചീഫ് എഡിറാക്കി. ഡൽഹിയിൽ പാർട്ടിയുടെ പീപ്പിൾസ് പബ്ലിഷിങ് ഹൗസിൽ എഡിറ്ററായിരുന്ന പി ജി അങ്ങനെ സിപിഎം പാർട്ടി പത്രമായ ദേശാഭിമാനി ആദ്യ ചീഫ് എഡിറ്ററായി.

സിപിഐ നേതാവ് അജോയ് ഘോഷ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഹോ ചിമിന്‍, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു
സിപിഐ നേതാവ് അജോയ് ഘോഷ്, വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഹോ ചിമിന്‍, മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു

ആന്ധ്രയിലെ പാർട്ടി പത്രമായ ‘വിശാലാന്ധ്ര ‘ സിപിഐ നേതാവ് സി രാജേശ്വര റാവു പിടിച്ചെടുത്തു. അവിടെ പി സുന്ദരയ്യ അടക്കമുള്ള ഭൂരിപക്ഷം നേതാക്കളും ചൈനാ ചാരന്മാരെന്നാരോപിച്ച് ജയിലിലായതിനാൽ പത്രം എതിർപ്പില്ലാതെ സിപിഐയുടെ കയ്യിലായി.

കൊല്ലത്തെ ജനയുഗം പത്രവും പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനമായ കെപിഎസി നാടക സമിതിയും കൈവിട്ടുപോകാതെ സിപിഐ നിലനിര്‍ത്തി. ജില്ലാ കമ്മറ്റികൾ പിടിച്ചെടുക്കുന്നതിൽ കാര്യമായ എതിർപ്പൊന്നും സിപിഎമ്മിന് നേരിടേണ്ടി വന്നില്ല. സി അച്യുതമേനോൻ്റെ നേതൃത്വത്തിലുള്ള സി പിഐയുടെ  ഗാന്ധിയൻ സമീപനം അത് കുറെക്കൂടി സിപിഎമ്മിന് എളുപ്പമാക്കി.

കോഴിക്കോട് ദേശാഭിമാനി പത്രം പിടിച്ചെടുത്തതിനെതിരെ ഒരു പ്രകടനം പോലും നടത്താൻ സിപിഐക്ക് കഴിഞ്ഞില്ലെന്ന് പവനൻ എഴുതി. എന്നാൽ ഇരുകൂട്ടരും പാർട്ടി പ്രസിദ്ധീകരണങ്ങളിലൂടെ പുതിയൊരു പോർമുഖം തുറന്നു. ചിന്ത, ദേശാഭിമാനിയിലൂടെ ഇ എം എസും നവയുഗം, ജയയുഗം എന്നതിലൂടെ അച്യുതമേനോനും ലേഖനങ്ങളിലൂടെ ഏറ്റുമുട്ടി. “മുതലാളിത്തത്തിൻ്റെ പ്രതിരൂപമായ കോൺഗ്രസുമായി സഹകരിക്കുന്ന വലതുപക്ഷക്കാർ തൊഴിലാളി വർഗത്തിൻ്റെ ശത്രുക്കളാണ്,” ഇ എം എസ് എഴുതി. “വലതു- വാമ പക്ഷങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങളിൽ നടുനില സ്വീകരിച്ച് ഒടുവിൽ ജയിക്കുന്ന പക്ഷത്തേക്ക് കാൽ മാറ്റിക്കൂടുകയാണത്രേ ശ്രീ നമ്പൂതിരിപ്പാടിൻറെ പതിവ്,” സി അച്യുതമേനോൻ എഴുതി.

നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസിന് 11 പേരുടെ പിന്തുണയേ ഉണ്ടായിരുന്നുള്ളൂള്ളൂ. 19 പേരുടെ പിന്തുണയോടെ അച്യുത മേനോൻ പ്രതിപക്ഷ നേതാവായി. പോരിനിടയിലും ആർ ശങ്കറിൻ്റെ മന്ത്രിസഭയെ പുറത്താക്കുന്നതിന്ന് പി  കെ കുഞ്ഞ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും പിന്തുണച്ചു.

പിളര്‍പ്പിന്റെ അറുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍
കമ്യൂണിസ്റ്റ് മാനവികതയിലേക്ക്‌

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഭിന്നിപ്പ് കേരളത്തിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പലരെയും ദുഃഖിപ്പിച്ചു. പുരോഗമനാശയക്കാർ എത് പാർട്ടിയുടെ കൂടെ പോകുമെന്ന് ആശയക്കുഴപ്പത്തിലായി. ജനകീയ പ്രസ്ഥാനമായ കെപിഎ സിയിലൂടെ ‘ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ‘ എന്ന അനശ്വര നാടകത്തിലൂടെ പാർട്ടിക്ക് മുന്നേറ്റം നടത്താൻ ഏറെ സഹായിച്ച നാടകരചയിതാവും പാർട്ടി എംഎൽഎയുമായിരുന്ന സഖാവ് തോപ്പിൽ ഭാസി ദുഃഖത്തോടെ പിളർപ്പിനെ അപലപിച്ചുകൊണ്ട്  ‘തെളിവിലെ യാഥാർഥ്യങ്ങൾ’ എന്ന ലഘുലേഖയെഴുതി. പിളർപ്പിനെക്കുറിച്ച് ചില ചോദ്യങ്ങൾ ചോദിച്ച് പ്രിയപ്പെട്ട  ഇ എം എസ്/ പ്രിയപ്പെട്ട എ കെ ജി എന്ന് തുടങ്ങുന്ന ലേഖനത്തിൽ തോപ്പിൽ ഭാസി എഴുതി, “അച്ചടക്കത്തിൻ്റെ പടച്ചട്ട നിങ്ങൾ വെട്ടിപ്പൊളിച്ചിരിക്കുന്നു. ഒരു പാർട്ടിയായാലും രണ്ടു പാർട്ടിയായാലും ഇടതായാലും വലതായാലും പടക്കളഞ്ഞിലിറങ്ങേണ്ട സാധാരണ സഖാക്കൾ ഇനി വെറും ശരീരത്തോടെ വേണം സമരഭൂമിയില്‍ ഇറങ്ങേണ്ടതെന്നാണ് നിങ്ങളുടെ വിധി”. 

ഒരു അഭിമുഖത്തിൽ പാർട്ടി പിളർപ്പിനു റഷ്യ-ചൈന സംഘർഷമാണോ കാരണമെന്ന ചോദ്യത്തിന് ഇ എം എസ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. “സോവിയറ്റ് യുണിയനോടോ ചൈനയോടോ കമ്മ്യൂണിസ്റ്റ് പാർട്ടി എടുക്കുന്ന നിലപാടല്ല, കോൺഗ്രസിൻ്റെ വർഗസ്വഭാവത്തെക്കുറിച്ചുള്ള വിലയിരുത്തലാണ് അഭിപ്രായവ്യത്യാസത്തിൻ്റെ കാതൽ. വിശാലമായ ഐക്യമുന്നണി കെട്ടിപ്പടുക്കുമ്പോൾ കോൺഗ്രസും ഉൾപ്പെടുമെന്ന സിപിഐയുടെ വിലയിരുത്തലിനെ ഞങ്ങൾ എതിർക്കും,” അദ്ദേഹം വിശദീകരിച്ചു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പിന്തുണയോടെ തലശ്ശേരിയിൽനിന്ന് ജയിച്ച് പാർലിമെൻ്റിലെത്തിയ പ്രശസ്തനായ സാഹിത്യകാരൻ എസ് കെ പൊറ്റെക്കാട്ട് പാർട്ടി പിളരുന്നതിൻ്റെ പിന്നണിക്കഥകളെല്ലാം അറിയുന്ന വ്യക്തിയായിരുന്നു

വി എസ് അച്യുതാനന്ദന്‍
വി എസ് അച്യുതാനന്ദന്‍

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭിന്നിപ്പിന് വഴിയൊരുക്കി നേതൃത്വം നൽകിയത് ബംഗാളിൽനിന്നുള്ള പ്രമുഖ നേതാവ് ഹരേ കൃഷ്ണ കോനാർ ആണെന്ന് മോഹിത് സെൻ ആത്മകഥയിൽ എഴുതുന്നു. “കോനാർ ബീജിങ്ങിൽ പോകുകയും ചൈനീസ് പാർട്ടി നേതാക്കളുമായി സമ്പർക്കം പുലർത്തുകയും തിരികെ വന്ന് മാവോയിസ്റ്റ് ശൈലിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് അനുയോജ്യമെന്ന് പ്രചരിപ്പിക്കുകയും പാർട്ടിയെ ഭിന്നിപ്പിലെത്തിക്കുകയും ചെയ്തു,” മോഹിത് സെൻ എഴുതി.

അവിഭക്ത കമ്മ്യൂണിസ്റ്റ് പിന്തുണയോടെ തലശ്ശേരിയിൽനിന്ന് ജയിച്ച് പാർലിമെൻ്റിലെത്തിയ പ്രശസ്തനായ സാഹിത്യകാരൻ എസ് കെ പൊറ്റെക്കാട്ട് പാർട്ടി പിളരുന്നതിൻ്റെ പിന്നണി കഥകളെല്ലാം അറിയുന്ന വ്യക്തിയായിരുന്നു. എ കെ ജിയുമായി വളരെ അടുപ്പമുണ്ടായിരുന്ന പൊറ്റെക്കാട്ടിൻ്റെ നിരീക്ഷണത്തിൽ അഭിപായവ്യത്യാസങ്ങളെക്കാൾ വ്യക്തി വിദ്വേഷസൂത്രങ്ങളായിരുന്നു ആ പിളർപ്പിൻ്റെ പിന്നിൽ പ്രവർത്തിച്ചിരുന്നത്. പൊറ്റെക്കാട്ടിൻ്റെ അവസാന നോവലായ  ‘നോർത്ത് അവന്യൂ’ വിൽ പാർട്ടി പിളർപ്പിൻ്റെ ഈ അന്തർ നാടകങ്ങളെല്ലാം എഴുതി. പക്ഷേ, നോവൽ പൂർത്തിയാക്കാതെ പൊറ്റെക്കാട്ട് അന്തരിച്ചു.

കാലക്രമേണ ഇരു പാർട്ടികളും സഹകരണപാതയിലേക്ക് തിരികെ വന്നു. പക്ഷേ, ലയിച്ച് പഴയ ശക്തി വീണ്ടെടുക്കാനുള്ള ആശയ ബോധ്യം ഇപ്പോഴും ഇരു പാർട്ടികൾക്കും വന്നിട്ടില്ല. ലയനം നഷ്ടക്കച്ചവടമായെന്ന് തിരിച്ചറിയുമ്പോഴും സിപിഎമ്മും സിപിഐയും രണ്ടു പാർട്ടികളായി തുടരാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. 

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണത്തിൻ്റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി  ഇങ്ങനെ പറഞ്ഞു: ''ലയനം അജണ്ടയിലില്ല. പ്രവർത്തനങ്ങളിൽ ഐക്യമുണ്ട്. അത് തെരഞ്ഞെടുപ്പിൽ മാത്രമല്ല സമരങ്ങളിലുമുണ്ട്. അത് പ്രധാനമാണ്.''

logo
The Fourth
www.thefourthnews.in