'പരീക്കുട്ടിക്ക് കറുത്തമ്മയുടെ ജന്മദിനാശംസ'; മധുവിനൊപ്പമുള്ള ഓർമകൾ പങ്കുവച്ച് ഷീല
അറുപതികളിലും എഴുപതുകളിലും മലയാളത്തിലെ ഹിറ്റ് ജോഡികളിലൊന്നായിരുന്നു മധുവും ഷീലയും. ചെമ്മീൻ ഉൾപ്പെടെ എഴുപതികളിലേറെ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷീല സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലെ നായകൻ കൂടിയാണ് മധു. മലയാളത്തിന്റെ കാരണവർ നവതി ആഘോഷിക്കുമ്പോൾ മധുവിനൊപ്പം ഒരിക്കൽ കൂടി അഭിനയിക്കണമെന്നാഗ്രഹവും കുറേ നല്ല അനുഭവങ്ങളും പങ്കുവച്ച് ഷീല.
അന്ന് ഞങ്ങൾക്കൊക്കെ മധു സാറിനെ പുച്ഛമായിരുന്നു
മധു സാർ അന്നേ നാച്ചുറൽ ആക്ടർ
ഞങ്ങളൊക്കെ അഭിനയം തുടങ്ങിയ കാലത്ത് എല്ലാവരും ഓവർ ആക്ടിങ്ങാണ്. ചിരിയായാലും കരച്ചിലായാലും കുറച്ച് ലൗഡ് ആക്കി ചെയ്യും. തോപ്പിൽ ഭാസി അടക്കം അന്നുള്ള മിക്കവരും നാടകത്തിൽനിന്ന് വന്നവരാണല്ലോ. അതുകൊണ്ട് അതാണ് ശരിയെന്നായിരുന്നു ധാരണ. അങ്ങനെയുള്ള സെറ്റിലേക്കാണ് മധു സാർ വരുന്നത്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച അനുഭവസമ്പത്തും മധു സാറിനുണ്ടായിരുന്നു. ഓരോ സീൻ കഴിയുമ്പോഴും മധു സാർ 'ഇത് ഇങ്ങനെ അല്ലെന്ന്' പറയും. പക്ഷേ അതുകേൾക്കുന്ന ഞങ്ങൾക്കൊക്കെ അന്ന് പുച്ഛമായിരുന്നു. മധു സാർ അന്നേ നാച്ചുറൽ ആക്ടറാണ്.
ചിരിക്കാതെ കോമഡി പറയുന്ന മധുസാർ
മധു സാറിന് നല്ല ഹ്യൂമർ സെൻസാണ്. സെറ്റിൽ എല്ലാവരെയും ചിരിപ്പിക്കും. പക്ഷേ അദ്ദേഹം ചിരിക്കില്ല. അതുപോലെ തന്നെ ദേഷ്യപ്പെട്ടും കണ്ടിട്ടില്ല. നസീർ സാറും സത്യൻ സാറുമൊക്കെ ദേഷ്യപ്പെടാറുണ്ടായിരുന്നു. സെറ്റിലേ ഏത് സാഹചര്യത്തോടും പൊരുത്തപ്പെടുന്നതാണ് മറ്റൊരു പ്രത്യേകത. ചെമ്മീൻ സിനിമയുടെ സെറ്റ്, ആ ചിത്രത്തിൽ കാണിക്കുന്ന കുടിലിലിരുന്നാണ് ഞങ്ങളൊക്കെ ഭക്ഷണം കഴിക്കുന്നത്. അവിടെയാകെ ഈച്ചയാണ്. ഞാൻ ഉൾപ്പെടെ പലരും അവിടെയിരുന്ന് ഭക്ഷണം കഴിക്കാനാകില്ലെന്ന് പറയും. പക്ഷേ മധുസാർ മാത്രം ഒന്നും പറയാതെ കഴിക്കും. തിരുവനന്തപുരത്തെ വലിയ കുടുംബത്തിൽ ജനിച്ചിട്ടും ഇത്തരം സാഹചര്യങ്ങളോട് അസിഹ്ണുതയില്ലാതെ പെരുമാറുന്നത് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
എന്റെ യക്ഷഗാനത്തിലെ ഹീറോ
ഞാൻ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ വന്ന് അഭിനയിച്ചു. കഥ പറയാൻ തുടങ്ങിയപ്പോൾ 'ഷീലയുടെ പടമല്ലേ ഞാൻ വന്നോളാം ' എന്നായിരുന്നു മധു സാറിന്റെ മറുപടി. ഷീല എന്തുപറയുന്നോ ഞാൻ അതുപോലെ ചെയ്യാമെന്ന് പറഞ്ഞു. യക്ഷഗാനം എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ പലരും 'ഇത് ഷീല ചെയ്തതാവില്ല , മധു സാർ ചെയ്തതാകുമെന്ന്' പറഞ്ഞു. അവരെയൊക്കെ മധു സാർ തിരുത്തി. ഒരു സീൻ പോലും ഞാൻ പറഞ്ഞുകൊടുത്തിട്ടില്ലെന്ന് സാർ എല്ലാവരോടും പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടം ചെമ്മീനല്ല, അത് മറ്റൊരു ചിത്രം
ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച ചെമ്മീൻ സൂപ്പർഹിറ്റായി, നിരവധി പുരസ്കാരങ്ങളൊക്കെ ലഭിച്ചെങ്കിലും ചുക്ക് എന്നൊരു ചിത്രമാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.
ഒരിക്കൽ കൂടി മധുസാറിനൊപ്പം അഭിനയിക്കണം
കഴിഞ്ഞ ഇടയ്ക്കും മധു സാറിനെ വീട്ടിൽ പോയി കണ്ടിരുന്നു. സിനിമയൊക്കെ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും 'ഇനി വയ്യാ' എന്നായിരുന്നു മറുപടി. അദ്ദേഹത്തിനൊപ്പം എഴുപതിലധികം സിനിമകൾ അഭിനയിച്ചിട്ടുണ്ട്. ഒരിക്കൽ കൂടി അദ്ദേഹത്തിനൊപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്.
തിരുവനന്തപുരത്ത് നടക്കുന്ന മധുമൊഴി എന്ന പരിപാടിയിലേക്ക് വിളിച്ചെങ്കിലും കാലുളുക്കിയിരിക്കുന്നതിനാൽ വരാൻ സാധിക്കില്ല. അതിൽ ചെറിയൊരു വിഷമമുണ്ട്. ആയുരാരോഗ്യസൗഖ്യത്തോടെ ഇനിയും ഒരുപാട് ജന്മദിനങ്ങൾ ആഘോഷിക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.