വാഗ്ദാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍|ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8
വിദേശ വിദ്യാഭ്യാസത്തിലൂടെ തുറക്കുന്ന കുടിയേറ്റമാണ് നമ്മുടെ നാട്ടിലെ യുവതലമുറയെ ആകര്‍ഷിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ എത്തിയാല്‍ മാത്രം മതി രക്ഷപ്പെട്ടു എന്ന് ഏജന്‍സികള്‍ പറയും. ഏതെങ്കിലും സര്‍വ്വകലാശാലകളിലോ, കോളേജുകളിലെ പ്രവേശനം നേടുക. വിദേശത്തേക്ക് പറക്കുക. സമ്പന്നരാവുക. കേരളത്തിലെ ഒട്ടുമിക്ക വിദേശ പഠന ഏജന്‍സികളും ഈ പ്രചരണത്തില്‍ വിജയിച്ചവരാണ്.
വിദ്യാര്‍ത്ഥികളെ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ച് ഏജന്‍സികള്‍ തടിച്ചുകൊഴുക്കുന്നു. പക്ഷെ, വിദേശ രാജ്യങ്ങളില്‍ എത്തിപ്പെടുന്ന നമ്മുടെ യുവതലമുറ ജോലി കിട്ടാനും ജീവിക്കാനും നരകിക്കുന്നത് മാത്രം മറച്ചുവെക്കപ്പെടുന്നു. ഏജന്‍സികള്‍ പറഞ്ഞത് വിശ്വസിച്ച് യുകെയിലും കാനഡയിലും എത്തിയ വിദ്യാര്‍ത്ഥികളുടെ വാക്കുകളില്‍ അത് വ്യക്തമായിരുന്നു.
ഞങ്ങള്‍ സംസാരിച്ച ഒട്ടുമിക്ക വിദ്യാര്‍ത്ഥികള്‍ കടുത്ത നിരാശയിലും മാനസിക സമ്മര്‍ദ്ദത്തിലുമായിരുന്നു. ഒന്ന്, അവര്‍ക്ക് പാര്‍ടൈം ജോലി കൃത്യമായി കിട്ടുന്നില്ല. രണ്ട്, ദൈനംദിന ചിലവുകള്‍ താങ്ങാനാകുന്നില്ല. മൂന്ന്, താമസ സ്ഥലവുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍. നാല്, പഠനം കഴിഞ്‍ എന്ത് ചെയ്യും. അങ്ങനെ തുടരുന്നു പ്രശ്നങ്ങള്‍. കാനഡയില്‍ എത്തിക്കഴിയുമ്പോഴാണ് പലരും തിരിച്ചറിയുന്നത് എത്രത്തോളം ബുദ്ധിമുട്ടാണ് കാനഡയിലെ ജീവിതവും ജീവിത സാഹചര്യങ്ങളുമെന്ന്.
യുകെയിലെയും കാനഡയിലെയും സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും ഇന്ത്യ എന്നത് ഏറ്റവും വലിയ മാര്‍ക്കറ്റാണ്. ഓരോ വര്‍ഷവും യുകെയുടെ സാമ്പത്തിക മേഖലയിലേക്ക് വിദേശ വിദ്യാഭ്യാസത്തിലൂടെ എത്തുന്നത് 41 ബില്ല്യണ്‍ പൗണ്ടാണ്. കാനഡയുടെ സാമ്പത്തിക മേഖലയില്‍ ഇത് 30 ബില്ല്യണ്‍ ഡോളര്‍.
വിദേശ വിദ്യാഭ്യാസം എന്നത് ഈ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തന്നെയാണ്. അതിനാല്‍, ഇവിടേക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ എത്തേണ്ടത് ഇരുരാജ്യങ്ങളുടെ ആവശ്യമാണ്. കൂടുതല്‍ വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഇവിത്തെ സര്‍വ്വകലാശാലകളും കോളേജുകളും കൂടുതല്‍ കമ്മീഷന്‍ നല്‍കും. പ്രോത്സാഹിപ്പിക്കും. ഈ രംഗത്ത് നടക്കുന്നത് കടുത്ത മത്സരം കൂടിയാണ്.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിയോ, ബെംഗളൂരുവിലോ പോയി പഠിക്കാന്‍ ചിലവാകുന്ന പണമല്ലേ ലണ്ടനില്‍ പഠിക്കാന്‍ ആകുന്നുള്ളു എന്നാണ് വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിനായി കൊണ്ടുവരുന്ന ഏജന്റായ റിജുലേഷ് ചോദിച്ചത്. യുകെയില്‍ വരുന്ന കുട്ടികള്‍ക്ക് പഠനം മാത്രമാണ് ഇവിടുത്തെ സര്‍വ്വകലാശാലകള്‍ വാഗ്ദാനം ചെയ്യുന്നത്. ജോലിയല്ല എന്നും അദ്ദേഹം പറയുന്നു. പഠിച്ച് നല്ലൊരു ജോലി കിട്ടില്ലെങ്കില്‍ പിന്നെ എന്തിന് യുകെയിലേക്ക് വരണം എന്ന ചോദ്യം അവിടെ ബാക്കിയാകുന്നു. കാനഡയിലെ സ്ഥിയും ഇതുതന്നെയാണ്.
കമ്മീഷന്‍ നോക്കിയാണ് എല്ലാ ഏജന്‍സികളും വിദ്യാര്‍ത്ഥികളെ കയറ്റി വിടന്നത്. യുകെയിലോ, കാനഡയിലോ ഒരു വര്‍ഷത്തെ ഡിപ്ളോമ കോഴ്സുകള്‍ എടുത്ത് പോകുന്ന വിദ്യാര്‍ത്ഥിക്ക് ചിലവാകുക 15 മുതല്‍ 20 ലക്ഷം രൂപവരെയാകും. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഓരോ ഫീസാണ്. ഫീസിന്റെ തോത് അനുസരിച്ചായിരിക്കും ഏജന്‍സികളുടെ കമ്മീഷന്‍.
രണ്ട് വര്‍ഷത്തെ കോഴ്സെടുത്താണ് വിദ്യാര്‍ത്ഥികള്‍ വരുന്നതെങ്കില്‍ ആദ്യ സെമസ്റ്ററിന്റെ നിശ്ചിത ശതമാനമാണ് സര്‍വ്വകലാശാലകള്‍ കമ്മീഷനായി നല്‍കുക. 40% വരെ കമ്മീഷന്‍ നല്‍കുന്ന സര്‍വ്വകലാശാലകളും ഉണ്ട്. ഫീസിന്റെ 40% കമ്മീഷന്‍ നല്‍കുന്ന ഒരു സര്‍വ്വകലാശാലയുടെ, കോളേജിന്റെ നിലവാരം എന്തായിരിക്കും. വിദേശത്തേക്ക് പറക്കാന്‍ ആഗ്രഹിച്ചെത്തുന്ന കുട്ടികള്‍ ഇതൊന്നും അറിയാതെ പെട്ടുപോകുന്നു. ഒടുവില്‍ ബ്രിട്ടണിലും കാനഡയിലും എത്തുമ്പോഴാണ് അറിയുക. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നിലവാരത്തെക്കുറിച്ച്. നിലവാരമില്ലാത്ത കോളേജ് ആയതുകൊണ്ട് പഠനം നിര്‍ത്തി മറ്റ് സാധ്യതകള്‍ തേടിയവര്‍ വരെയുണ്ട്. പക്ഷെ, എല്ലാവര്‍ക്കും അതിന് സാധിക്കില്ല.
കേരളത്തിലെ ഒരു പ്രമുഖ ഏജന്‍സി വഴി കാനഡയിലേക്ക് വന്ന ഒരു വിദ്യാര്‍ത്ഥി പറഞ്ഞത്, ഇവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് പ്രവേശനം കിട്ടിയ കോളേജിന് തീരെ നിലവാരം ഇല്ലെന്ന്. ഒടുവില്‍ അവിടുത്തെ പഠനം നിര്‍ത്തി മറ്റൊരു കോളേജില്‍ ചേരേണ്ടി വന്നു. നാട്ടില്‍ നിന്ന് ഏജന്‍സി നല്‍കിയ വിവരങ്ങളെല്ലാം തെറ്റായിരുന്നു. നാട്ടിലെ വിമാനത്താവളത്തില്‍ എത്തി ഇമിഗ്രേഷന്‍ പൂര്‍ത്തിയാകുന്നത് വരേയേ ഉള്ളു ഏജന്‍സികളുടെ ഉത്തരവാദിത്തം. അതുകഴിഞ്ഞാല്‍ പിന്നീട് ഞങ്ങളുടെ അവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ല, അറിയേണ്ട- ഇതായിരുന്നു ആ വിദ്യാര്‍ത്ഥിയുടെ വാക്കുകള്‍. നാട്ടില്‍ നിന്നിട്ട് കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് തന്നെയാണ് ഇവിടേക്ക് വന്നത്. ഇനി ഇവിടെ എന്താകുമെന്ന് അറിയില്ല എന്നും ആ വിദ്യാര്‍ത്ഥി പറയുന്നു.
കേംബ്രിഡ്ജിലേക്ക് നടത്തിയ യാത്രയില്‍ അവിടുത്തെ മേയര്‍ കൂടിയായ ബൈജു തിട്ടാലയെ കണ്ടു. പല കുട്ടികളുടെയും സ്ഥിതി അതിദയനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ കാണുന്നതുപോലെയുള്ള വിദ്യാര്‍ത്ഥികളുടെ കടന്നുവരവ് ഒരിക്കലും ഗുണം ചെയ്യില്ല. ലോണെടുത്ത് ഒരിക്കലും യുകെയില്‍ പഠിക്കാന്‍ വരരുതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുകെയില്‍ പഠിക്കാനെത്തി താമസിക്കാന്‍ സ്ഥലമില്ലാതെ കണ്ടൈനറുകളില്‍ താല്‍ക്കാലികമായി സജ്ജമാക്കിയിട്ടുള്ള താമസ സ്ഥലങ്ങളില്‍ കഴിയുന്ന കുട്ടികളെ വരെ തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ എത്തി രക്ഷപ്പെട്ടവരെ നമുക്കെല്ലാവര്‍ക്കും അറിയാം. പക്ഷെ, പരാജയപ്പെട്ടവരെ നമ്മളാരും കാണില്ല. പരാജയപ്പെട്ടവരാണ് ഏറ്റവും അധികമെന്നും ഒരുപാട് കുട്ടികളുടെ കഷ്ടപ്പാടുകള്‍ നേരില്‍ കാണുന്നവരാണ് തങ്ങളെന്നും യുകെയില്‍ ഒന്നര പതിറ്റാണ്ടായി നഴ്സായും സോഷ്യല്‍ വര്‍ക്കറായും പ്രവര്‍ത്തിക്കുന്ന ചാള്‍സ് പറഞ്ഞു. വ്യക്തമായ പരിശോധനയില്ലാതെ വിദേശത്തേക്ക് വരുന്നവരാണ് പ്രതിസന്ധിയിലാകുന്ന ഭൂരിഭാഗം പേരുമെന്ന് സൗത്താംപ്ടണിലുള്ള സന്നദ്ധ പ്രവര്‍ത്തകന്‍ കൂടിയായ അഖില്‍ പറയുന്നു.
കണ്ണൂര്‍, കോട്ടയം സ്വദേശികളായ കുറച്ച് വിദ്യാര്‍ത്ഥികളെ കാനഡയില്‍ അവര്‍ താമസിക്കുന്ന വീടുകളില്‍ പോയി കണ്ടു. വലിയ പ്രതീക്ഷയോടെ വന്ന് വലിയ നിരാശയില്‍ കഴിയുന്നവരാണ് പലരും. സംസാരത്തിനിടയില്‍ അവര്‍ ചോദിച്ച ഒരു ചോദ്യമുണ്ട്. കാനഡയില്‍ കക്കൂസ് കഴുകുന്ന ഒരാള്‍ക്ക് ദിവസം 250 ഡോളര്‍ വരെ കിട്ടും ( 15,000 രൂപ) . നാട്ടില്‍ അത് കിട്ടുമോ എന്ന്. ഇത്രം ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ എന്തിനാണ് ഇവിടേക്ക് വന്നതെന്ന ചോദ്യത്തിനുള്ള മറുപടിയായിരുന്നു അത്. ഒരുപാട് കുട്ടികള്‍ അവരുടെ അവസ്ഥ പറയാനോ, അതൊക്കെ ചര്‍ച്ചയാക്കാനോ ആഗ്രഹിക്കുന്നുമില്ല.
യുകെയിലേക്കും കാനഡയിലേക്കും ഓരോ വര്‍ഷവും എത്തുന്ന കുട്ടികളില്‍ എത്രപോര്‍ക്ക് ജോലി കിട്ടുന്നുണ്ട്. എത്ര പേര്‍ നല്ല ജീവിതം നയിക്കുന്നുണ്ട്. ജോലിയും മെച്ചപ്പെട്ട ജീവിതവും ലഭിക്കാതെ എത്രപേര്‍ എല്ലാം അവസാനിപ്പിച്ച് തിരിച്ചുപോകുന്നുണ്ട്. ഇതൊന്നും ആരും തിരയുകയോ, പഠിക്കുകയോ ചെയ്യുന്നില്ല. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് കുട്ടികള്‍ വിദേശ രാജ്യങ്ങളിലെ വര്‍ണ്ണപ്പകിട്ട് കണ്ട് കടല്‍കടന്നെത്തുമ്പോള്‍ ഇന്ത്യക്ക് നഷ്ടമാകുന്നത് വലിയൊരു മനുഷ്യസമ്പത്തുകൂടിയാണ്. ആ അര്‍ത്ഥത്തില്‍ ഈ വിഷയത്തെ ഗൗരവമായി പരിശോധിക്കാന്‍ ആരും തയ്യാറാകുന്നില്ല.
വലിയൊരു അപകടത്തിലേക്കാണ് ഈ കുട്ടികളൊക്കെ വീഴുന്നതെന്ന് ആരും പരിശോധിക്കുന്നില്ല. വിദേശത്തേക്ക് കയറിവരുന്ന കുട്ടികള്‍ എവിടെ പോകുന്നു, അവര്‍ എന്തു ചെയ്യുന്നു എന്ന് ആരും പരിശോധിക്കില്ല. കൃത്യമായ ബോധവല്‍ക്കരണം നല്‍കാന്‍ പോലും സംവിധാനമില്ലെന്ന് കാനഡയിലെ സന്നദ്ധ പ്രവര്‍ത്തകനായ സൂരജ് അത്തിപ്പറ്റ പറയുന്നു. ഒരു രാജ്യത്തിന്റെ ഏറ്റവും ക്രീമായിട്ടുള്ള യൗവനത്തെയാണ് ഇതുപോലെ അന്യനാട്ടലേക്ക് വലിച്ചെറിയുന്നതെന്നും ഇത് അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ട വിഷയമാണെന്നും സൂരജ് പറയുന്നു.
നല്ല വിദ്യാഭ്യാസം നേടി വിദേശ രാജ്യങ്ങളിലെ ഉന്നത ജോലികള്‍ക്ക് പോകുന്ന ഒരുപാട് പേരുണ്ട്. ഐ.ടി മേഖലയിലും എന്‍ജിനീയറിംഗ് മേഖലയിലും മെഡിക്കല്‍ രംഗത്തുമൊക്കെ. വലിയ വ്യവസായികളായി വളര്‍ന്നവരുമുണ്ട്. എന്ത് ജോലി ചെയ്യാനാകുമെന്ന് ഉറപ്പിച്ച ശേഷം വിദേശത്തേക്ക് പോയി വളര്‍ന്നവരായിരിക്കും ഇവരില്‍ ഭൂരിഭാഗം പേരും. പക്ഷെ, ഇന്ന് എന്ത് ജോലിയാണ് കിട്ടുക എന്നറിയാതെയാണ് ഏതാണ്ട് എല്ലാ കുട്ടികളും വിദേശ പഠനത്തിനായി പുറപ്പെടുന്നത്. അതാണ് അപകടം. ലോട്ടറി അടിക്കുന്നതുപോലെയാണ് ഈ കാലത്ത് വിദേശപഠനത്തിലെ വിജയങ്ങള്‍. ഏജന്‍സികള്‍ നടത്തുന്ന പ്രചരണങ്ങള്‍ വിശ്വസിച്ച് സ്വന്തം ഭാവി തന്നെ ഇല്ലാതാക്കുന്ന തീരുമാനങ്ങളിലേക്കാണ് വിദ്യാര്‍ത്ഥികള്‍ പോകുന്നത്. വിദേശപഠനം എന്ന പേരില്‍ നടക്കുന്ന കച്ചവടം ആഘോഷിക്കപ്പെടുമ്പോള്‍ അതിലെ അപകടം എന്താണ് എന്ന് ഓര്‍മ്മപ്പെടുത്താന്‍ ഈ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയ്ക്ക് വെക്കുകയാണ് ദി ഫോര്‍ത്ത്.