മാളവിക ബിന്നി അഭിമുഖം- ഏക വ്യക്തി നിയമം സംബന്ധിച്ച് അംബേദ്കറുടെ നിലപാട് ഒരു 'യെസ് ഓർ നോ' ക്വസ്റ്റ്യനല്ല
ഏക വ്യക്തി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്. ഈ ചർച്ചകളിൽ ഉന്നയിക്കപ്പെടുന്ന ഒരു വാദം ഭരണഘടനയുടെ മാർഗ നിർദേശക തത്വങ്ങളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ്. അതുകൊണ്ട് തന്നെ ഏക വ്യക്തി നിയമം സംബന്ധിച്ച അംബേദ്ക്കറുടെ നിലപാടെന്തായിരുന്നു എന്ന ചർച്ചയും നടക്കുന്നു. അംബേദ്കറിന് ഈ വിഷയത്തിൽ എന്ത് നിലപാടായിരുന്നു? എങ്ങനെയാണ് കൊളോണിയൽ കാലത്ത് നിയമങ്ങൾ ഏകീകരിക്കപ്പെട്ടത്. എന്തായിരുന്നു അന്നത്തെ സാഹചര്യം. ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് നിർവാഹക സമിതി അംഗവും കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം മേധാവിയുമായ ഡോ. മാളവിക ബിന്നി സംസാരിക്കുന്നു
ഇന്ത്യയില്‍ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതില്‍ ബ്രിട്ടീഷുകാരുടെ പങ്ക് എന്താണ്? ഏകീകൃത സിവില്‍കോഡിലേക്ക് ചര്‍ച്ചകള്‍ വരുന്നതിന് മുമ്പുള്ള നിയമവ്യവസ്ഥ എങ്ങനെയായിരുന്നു ?
1773 ല്‍ വാറന്‍ ഹേസ്റ്റിംഗ്സിന്റെ കാലത്താണ് റെഗുലേറ്റിംഗ് ആക്റ്റ് - 1773 എന്ന പേരില്‍ ബ്രിട്ടീഷ് പ്രൊവിന്‍സുകളില്‍ സിവില്‍ സര്‍വന്റുകളുടെ സര്‍വീസ് നിയമങ്ങളും കുറച്ച് വ്യക്തിനിയമങ്ങളും ക്രോഡീകരിക്കുന്നത്. ഇത് കേവലം കാര്യനിര്‍വഹണത്തിനായുള്ള റഗുലേറ്ററി ആക്റ്റ് മാത്രമാണ്. ബ്രിട്ടീഷുകാരുടെ കാഴ്ചപ്പാട് ഇന്ത്യ ഒരു ഹിന്ദുരാജ്യമാണെന്നായിരുന്നു.
അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിനായി വാറന്‍ ഹേസ്റ്റിംഗ്‌സ് 18 ബംഗാളി ബ്രാഹ്‌മണരെയാണ് സമീപിക്കുന്നത്. ബ്രാഹ്‌മണരില്‍ തന്നെ ഏതെല്ലാം വിഭാഗങ്ങളെ ക്ഷണിക്കണമെന്ന ചര്‍ച്ചപോലുമുണ്ടായി. ബ്രാഹ്‌മണിക് സ്മൃതി ലിറ്ററേച്ചറാണ് ഈ നിയമത്തിന്റെ അടിസ്ഥാനശിലയാകുന്നത്. ഇവിടെയുള്ള മുസ്ലിങ്ങളെയും ദളിതരെയും ആദിവാസി വിഭാഗങ്ങളെയും ഭരിക്കാന്‍ ഈ നിയമം മതിയെന്നവര്‍ കരുതി.
ഇവിടെയുള്ള ദളിത് - ആദിവാസി വിഭാഗങ്ങള്‍ ഹിന്ദുക്കളല്ലാതിരുന്ന കാലഘട്ടത്തിലാണ് ഇത് നടക്കുന്നതെന്ന് ഓര്‍ക്കണം. പിന്നാലെ അവര്‍ വിവിധ ചാര്‍ട്ടര്‍ ആക്റ്റുകള്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ അടിസ്ഥാന നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിരുന്നില്ല. നമ്മള്‍ പലപ്പോഴും ഏക വ്യക്തി നിയമം എന്ന് പറയുമെങ്കിലും ആംഗ്ലോ ഇന്ത്യന്‍ സിവില്‍ കോഡാണ് നമുക്ക് യഥാര്‍ഥത്തിലുള്ളത്. അതിനെ നമ്മള്‍ സെക്യുലര്‍ കോഡ് എന്ന് തെറ്റിദ്ധരിക്കുകയാണ്. അതിലേക്ക് മറ്റു വിഭാഗങ്ങളുടെ വ്യക്തിനിയമങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
അന്ന് ഹിന്ദുക്കൾ കഴിഞ്ഞാൽ ഏറ്റവും വലിയ ജനവിഭാഗമായിരുന്നില്ലേ മുസ്ലീങ്ങൾ. എന്തുകൊണ്ടാണ് നിയമനിർമാണത്തിൽ മുസ്ലീങ്ങളെ കേൾക്കാൻ തയ്യാറാകാതിരുന്നത്?
രണ്ട് ഘടകങ്ങളുണ്ടെന്ന് കാണാം. ബ്രിട്ടീഷുകാർക്ക് മുമ്പ് ഇവിടെ ഭരിച്ചിരുന്ന മുഗൾ ഭരണാധികാരികളുടെ നിയമവ്യവസ്ഥ പിന്തുടരരുത് എന്നവർ തീരുമാനിച്ചിരുന്നു. രണ്ട്, യൂറോപ്യന്മാർക്ക് കുരിശുയുദ്ധകാലം മുതൽ തന്നെ മുസ്ലീങ്ങളോട് ഭയം ഉണ്ടായിരുന്നു. നമ്മൾ കരുതുന്നത് ഇസ്ലാമോഫോബിയ ഒരു പുതിയ കാര്യമാണെന്നാണ്. എന്നാൽ യൂറോപ്പിന്റെ കാര്യത്തിൽ മധ്യകാലഘട്ടത്തിൽ തന്നെ ഈ ഭയമുണ്ട്.
വളരെ യഥാസ്ഥിതികരായ , അങ്ങേയറ്റം മതപരമായി ജീവിക്കുന്ന ജനങ്ങളുള്ള സ്ഥലമാണ് മിഡിൽ ഈസ്റ്റ് എന്നായിരുന്നു ഇവരുടെ ധാരണ. എന്നാൽ അവരുമായി വ്യാപാരബന്ധങ്ങളും റോയൽ ബന്ധങ്ങളും സൂക്ഷിച്ചിരുന്നു. ഇതിൽ വിള്ളലുകൾ വന്നപ്പോഴാണ് ബ്രിട്ടീഷുകാർ കടൽമാർഗം ഇന്ത്യയിലേക്ക് വരാൻ ശ്രമിക്കുന്നത്. ഈ ഭയമാണ് മുഗൾ നിയമങ്ങൾ പൂർണമായും അവഗണിക്കാനും ബംഗാളി ബ്രാഹ്മണരെ നിയമനിർമാണത്തിൽ പങ്കാളിയാക്കാനും കാരണമായത്.
സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പാണ് നിയമനിർമാണത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നത്. ബ്രിട്ടീഷുകാരുടെ നിലപാട് ആ ഘട്ടത്തിൽ എങ്ങനെയായിരുന്നു?
ഇന്ത്യൻ നിയമവ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിച്ചത് 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്റ്റാണ്. നേരത്തെയുള്ള റഗുലേറ്ററി ആക്റ്റ് പുനഃപരിശോധിച്ച് കുറച്ചുകൂടെ ജനാധിപത്യരീതിയിൽ നിയമനിർമ്മാണം നടത്താൻ ശ്രമിക്കുന്നതായി ഇവിടെ കാണാം. പക്ഷെ അപ്പോൾ പോലും എല്ലാവർക്കും ഒരൊറ്റ നിയമം കൊണ്ടുവരാൻ ബ്രിട്ടീഷുകാർ പോലും ശ്രമിക്കുന്നില്ല. അതൊരിക്കലും സാധ്യമല്ലെന്ന് ഇന്ത്യയിലെത്തിയ ആദ്യ 50 വർഷത്തിൽ തന്നെ അവർക്ക് മനസിലാകുന്നുണ്ട്. സ്വത്തവകാശം, വിവാഹം പോലുള്ള കാര്യങ്ങളിൽ അതാത് വിഭാഗങ്ങൾക്ക് തീരുമാനമെടുക്കാമെന്ന രീതിയിൽ റെസിഡന്ററി നിയമങ്ങൾ അവർ നടപ്പാക്കുന്നുണ്ട്.
അതേസമയം തന്നെ വളരെ പുരോഗമനപരമെന്ന് തോന്നുന്ന നിയമങ്ങളും അവർ നടപ്പാക്കുന്നുണ്ട്. ഒന്നാം ലോകയുദ്ധത്തിന് ശേഷം, സാമ്രാജ്യത്വത്തെ ബ്രിട്ടീഷ് ജനത തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യങ്ങളുണ്ടായി. ആ ഘട്ടത്തിൽ ഇന്ത്യ ഭരിക്കുന്നത് ഇന്ത്യക്കാരുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് സ്ഥാപിക്കേണ്ട ബാധ്യതകൂടെ ബ്രിട്ടീഷുകാർക്ക് വന്നു. വൈറ്റ് മെൻസ് ബർഡൻ എന്ന് പറയും.
പ്രധാനമായും ലിംഗ വിഷയങ്ങളിലാണ് അവർ നിയമങ്ങൾ കൊണ്ടുവന്നത്. ശാരദ ആക്റ്റ്, വിധവ പുനർവിവാഹം, സതി നിർത്തലാക്കൽ എന്നതെല്ലാം അവയിൽ ചിലതാണ്. എന്നാൽ ജാതീയമായ പ്രശ്നങ്ങളെ അവർ ഗൗനിച്ചതേയില്ല. ഇന്ത്യയിൽ അന്ന് ഒരുപാട് പ്രതിഷേധങ്ങൾ നടക്കുന്ന സമയമാണ്. ജാതി വിഷയങ്ങൾ ഏറ്റെടുത്താൽ ഇവിടെ തൊഴിൽ നിയമങ്ങളിൽ വലിയ മാറ്റം വരുത്തേണ്ടിവരുമെന്ന് അവർക്ക് അറിയാം. അത് വലിയ തലവേദനയാകുമെന്നും അറിയാം.
ഒപ്പം തന്നെ ഇന്ത്യയുടെ ആന്തരികഘടന മാറ്റണമെന്ന അജണ്ട ബ്രിട്ടീഷുകാർക്കുണ്ടായിരുന്നതായും കാണാൻ പറ്റും. പക്ഷെ അത് കച്ചവടതാത്പര്യങ്ങൾ മാത്രം മുൻനിർത്തിയുള്ളതായിരുന്നു. ശീലങ്ങൾ മാറ്റിയെടുത്താലേ പുതിയ ഉത്പന്നങ്ങൾ വിപണിയിലിറക്കി ലാഭമുണ്ടാക്കാൻ സാധിക്കൂ.
എന്നാൽ ഈ നിയമങ്ങൾ നടപ്പാക്കാൻ ബ്രിട്ടീഷുകാർ ഒന്നും ചെയ്തിരുന്നുമില്ല. 1920കളിൽ പാസാക്കിയ നിയമമാണ് ശാരദ ആക്റ്റ്, പക്ഷെ , ഇപ്പോഴും രാജ്യത്ത് ശൈശവ വിവാഹം നടക്കുന്നു. ചരിത്രം അതേപോലെ ആവർത്തിക്കുന്നു. നമുക്ക് ഇപ്പോൾ സംഭവിക്കുന്നതും ചരിത്രത്തിൽ സംഭവിച്ചതും തമ്മിൽ ഒരുപാട് സാമ്യതകൾ കാണാൻ സാധിക്കും. സ്വന്തം ലാഭത്തിനായി രക്ഷകരായി ചമയുന്ന ഒരു ഭരണവർഗത്തെ നമുക്ക് ഇപ്പോൾ കാണാൻ സാധിക്കും.ഇന്നത്തെ ഇന്ത്യൻ ഭരണകൂടം ഇവിടത്തെ ഇന്നത്തെ ന്യൂനപക്ഷത്തോട് പറയുന്ന അതേവാദം തന്നെയാണ് ഇത്. നേരത്തെ വിദേശ ഇംപീരിയലിസ്റ്റുകളായിരുന്നുവെങ്കിൽ ഇന്ന് നമ്മളുടെ സ്വന്തം ഇംപീരിയലിസ്റ്റുകളാണെന്ന വ്യത്യാസം മാത്രമേ ഉള്ളു.
നമ്മള്‍ കരുതുന്നത് ഇസ്ലാമോഫോബിയ ഒരു പുതിയ കാര്യമാണെന്നാണ്, എന്നാല്‍ യൂറോപ്പിന്റെ കാര്യത്തില്‍ മധ്യകാലഘട്ടത്തില്‍ തന്നെ ഈ ഭയമുണ്ട്.
ഭരണഘടനാ ശിൽപിയായ ബാബാസഹേബ് അംബേദ്കർ ഏകീകൃത സിവിൽകോഡിനെ പിന്തുണച്ചിരുന്നുവെന്നൊരു വാദമുണ്ട്. സിവിൽകോഡിൽ അംബേദ്കറുടെ നിലപാടെന്തായിരുന്നു?
1949ൽ ഹിന്ദു കോഡ് ബില്ലിനെതിരെ ആർഎസ്എസ് ഡൽഹിയിൽ മാത്രം 79 യോഗങ്ങൾ ചേർന്നു. ആ ഘട്ടത്തിൽ അവർ ഏകീകൃത സിവിൽ നിയമത്തിനെതിരെ നിലപാട് എടുക്കുന്നുണ്ട്. അംബേദ്കറിനെ എതിർക്കുന്നുണ്ട്. ഹിന്ദുക്കൾക്കെതിരെയുള്ള ആറ്റംബോംബ് ആണ് യു സി സി എന്നായിരുന്നു അന്ന് ആർഎസ്എസ് നിലപാട്.
ഈ ഘട്ടത്തിലാണ് അംബേദ്കർ യു സി സിയെക്കുറിച്ച് സംസാരിക്കുന്നത്.ഒപ്പം അത് അടിച്ചേൽപ്പിക്കരുതെന്ന് കൃത്യമായി പറയുന്നുണ്ട്. നെഹ്റുവോ പട്ടേലോ അംബേദ്കറോ മുസ്ലിം വിഭാഗത്തിനുമേൽ എന്ന് മാത്രമല്ല ഒരു വിഭാഗത്തിനുമേലും യുസിസി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കാണാം. സിവിൽകോഡിൽ അംബേദ്കറിന്റെ നിലപാട് ഒരു യെസ് ഓർ നോ ക്വസ്റ്റ്യനല്ല.
എങ്ങനെയാണ് ഏകീകൃത സിവിൽകോഡ് ഭരണഘടനയുടെ നിർദേശകതത്വങ്ങളിൽ ഇടം പിടിക്കുന്നത്?
ഹിന്ദുക്കളല്ലാതിരുന്ന പലരെയും ഹിന്ദുവിഭാഗത്തിൽ ഉൾക്കൊള്ളിക്കാൻ ഭരണകൂടം ശ്രമിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ഘട്ടത്തിൽ യുക്തിവാദ ആശയങ്ങളിൽ ആകൃഷ്ടനായിരുന്ന നെഹ്റുവിന് ഹിന്ദു പേഴ്സണൽ ലോ പാസാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കോൺഗ്രസിലെ ഒരു വിഭാഗം അതിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷെ ഇതൊരിക്കലും മുസ്ലീങ്ങൾക്കെതിരെ ഉപയോഗിക്കാനായി കൊണ്ടുവന്നതല്ല. ലക്ഷ്യം ഹിന്ദുക്കളെ ഒരുമിപ്പിക്കൽ മാത്രമായിരുന്നു. നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയന്റെ ഭാഗമാകുന്ന സമയമായിരുന്നു അത്.
ഏകീകൃത സിവിൽ കോഡ് അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രഖ്യാപിക്കുന്നു. തൊട്ടുപിന്നാലെ ചർച്ചകൾ മുസ്ലീം മതവിഭാഗത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. യുസിസി ഒരു മുസ്ലീം പ്രശ്നം മാത്രമാണോ?
ഗോൾവാൾക്കർ എതിർത്ത ആശയമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്ന പാർട്ടി മുന്നിൽ വയ്ക്കുന്നത്. ഓർഗനൈസറിലാണ് ഗോൾവാൾക്കർ യു സി സി യെ എതിർക്കുന്നത്. നെഹ്രു മന്ത്രിസഭയുടെ സമയത്ത് യു സി സി ക്ക് ഉണ്ടായിരുന്നത് ഒരു മതേതര മുഖമായിരുന്നു. ഇന്ന് സിവിൽ കോഡ് എന്നതിന് അർത്ഥം ഹിന്ദു എന്നാണ്.
സംഘപരിവാർ ഇത് മുസ്ലീങ്ങൾക്കെതിരായ ആയുധമായാണ് ഉപയോഗിക്കുന്നത്. എൽ കെ അദ്വാനി നടത്തിയ രഥയാത്രകളിൽ യുസിസിയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മുത്തലാഖ്, കശ്മീർ ഇതെല്ലാം ഒരു പാക്കേജായാണ് സംഘപരിവാർ കാണുന്നത്. ഹിന്ദു സിവിൽ കോഡ് ഏറ്റവും ഉത്തമമാണെന്ന തെറ്റിദ്ധാരണ നമുക്കുണ്ട്. ഗോവൻ സിവിൽകോഡ് പുരോഗമനോന്മുഖമാണോ?30 വയസിൽ ഒരു ആൺകുട്ടി ഉണ്ടായില്ലെങ്കിൽ പുരുഷന് വേറെ വിവാഹം കഴിക്കാമെന്ന് പറയുന്ന സ്ത്രീവിരുദ്ധ നിയമങ്ങളാണ് അതിലുള്ളത്. ഞങ്ങളുടെ നിയമം നല്ലതാണെന്ന തെറ്റിദ്ധാരണ മനപൂർവം പടർത്തുകയാണോയെന്ന് സംശയിക്കണം. ഹിന്ദുയിസം ഭയങ്കര ലിബറൽ ആണെന്ന തെറ്റിദ്ധാരണ നിലവിലുണ്ട്. നമ്മുടെ കണ്ണിലെ കരട് എടുത്ത് മാറ്റാതെയാണ്, മറ്റൊരാളുടെ കരട് മാറ്റാൻ ശ്രമിക്കുന്നത്.
ഇന്ത്യയിൽ ഏകീകൃത സിവിൽകോഡ് നടപ്പിലാക്കുന്നത് പ്രായോഗികമാണോ?
പുരോഗമനപരമായി ചിന്തിക്കുന്ന പലരും യുസിസിയിൽ എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നുണ്ട്. നമ്മൾ ചരിത്രം വായിക്കുമ്പോൾ, ഓരോ കമ്മ്യൂണിറ്റിക്കും ഓരോ ആചാരങ്ങളുണ്ടെന്നും അത് ഉത്ഭവിച്ച സാഹചര്യങ്ങൾ വ്യത്യസ്തമാണെന്നും, അവർ ദൈവത്തെ കാണുന്നതും സ്റ്റേറ്റിനെ കാണുന്നതും വ്യത്യസ്തമാണെന്നും കാണാം. ഇതിൽ തൊടുന്നത് വലിയ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. വളരെ ഫണ്ടമെന്റൽ ആയുള്ള ആശയങ്ങൾ, ലോ മേക്കിങ് വഴിയല്ല, ചർച്ചകൾ വഴിയാണ് പരിഹരിക്കേണ്ടത്. മുസ്ലീം വിഭാഗത്തിന്റെ കാര്യമെടുത്താൽ ശരിഅത്ത് നിയമങ്ങൾ തന്നെ ഏതെല്ലാം രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഷിയ, സുന്നി എന്നിങ്ങനെ എത്ര വിഭാഗങ്ങളുണ്ട്. ഇതിലെ സങ്കീർണത മനസിലാക്കാതെ, ബ്ലാക്ക് ആന്റ് വൈറ്റ് ക്വസ്റ്റൈനായി കൈകാര്യം ചെയ്യുന്നതാണ് പ്രശ്നം.
വളരെ യഥാസ്ഥിതികരായ , അങ്ങേയറ്റം മതപരമായി ജീവിക്കുന്ന ജനങ്ങളുള്ള സ്ഥലമാണ് മിഡിൽ ഈസ്റ്റ് എന്നായിരുന്നു അവരുടെ ധാരണ
ബിജെപിക്ക് പോലും ഇത് അറിയാം. അതുകൊണ്ടാണ് അവർ ഇതുവരെ ഒരു രേഖയും മുന്നോട്ട് വയ്ക്കാത്തത്. ഒന്നില്ലെങ്കിൽ മുസ്ലീംങ്ങൾക്കിടിയിൽ വിഘടനം കൊണ്ടുവരാനുള്ള ശ്രമം ആയിരിക്കാം, അല്ലെങ്കിൽ ലിബറൽ ഗ്രൂപ്പിനെ കൺഫ്യൂഷനിലെത്തിക്കാനുള്ള തീരുമാനമായിരിക്കാം. അവർക്ക് ഇതിന്റെ പ്രയോഗവത്കരണത്തെക്കുറിച്ച് വലിയ ധാരണ ഇല്ല.
അല്ലെങ്കിൽ ഒരു തെരഞ്ഞടുപ്പ് അജണ്ടയായി മാത്രം മുന്നിൽ വയ്ക്കുന്നതാകാം. പക്ഷെ ബിജെപി ഏകീകൃത സിവിൽകോഡ് നടപ്പാക്കുമെന്ന് കരുതാനാവില്ല. ഇതിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള തന്ത്രം അവർക്കറിയാം. കൂടിപോയാൽ ഒരു പാർലമെന്ററി കമ്മിറ്റി ഉണ്ടാക്കുമായിരിക്കാം. അത് ഇലക്ഷൻ വരെ ചവുട്ടിപിടിക്കും. മറ്റു രാഷ്ട്രീയ പാർട്ടികൾ ഈ അജണ്ട ഏറ്റെടുക്കുന്നതും വലിയ അപകടമാണ്. മുസ്ലീം വിഭാഗം മാറ്റങ്ങൾക്ക് എതിരെ നിൽക്കുന്ന ജനവിഭാഗമാണെന്ന ചിന്ത വരുത്താൻ ഇത് കാരണമാകും.
മുസ്ലീം സ്വത്തവകാശം പോലുള്ള പ്രശ്നങ്ങളിൽ നവീകരണം വേണ്ടതല്ലേ എന്നതുപോലുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. പ്രാകൃതമായ ആചാരങ്ങൾ നിലനിൽക്കുന്ന മതാചാരങ്ങളാണെങ്കിൽ എങ്ങനെ നമുക്ക് അത് നവീകരിക്കാൻ സാധിക്കും?
കേവലം മൂന്നോ നാലോ നിയമങ്ങൾ മാറ്റിയാൽ പരിഷ്കരിക്കാവുന്നതാണ് മുസ്ലീം സ്ത്രീകളുടെ സ്വത്തവകാശത്തിലെ പ്രശ്നങ്ങൾ. ഇതും യുസിസിയും തമ്മിൽ ബന്ധമില്ല. പർദ്ദയുടെ വിഷയം നോക്കാം. സാമൂഹ്യമായി സ്വയം നിയന്ത്രണത്തിന് വിധേയപ്പെടുന്ന തിരഞ്ഞെടുപ്പ് ആണെങ്കിലും അത് ചോയ്സ് ആണ്. അതിനെ അപനിർമിക്കാനും, അവബോധം നടത്താനുമാണ് നമ്മൾ ശ്രമിക്കേണ്ടത്.
ഗോള്‍വാള്‍ക്കര്‍ എതിര്‍ത്ത ആശയമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി മുന്നില്‍ വയ്ക്കുന്നത്. ഓര്‍ഗനൈസറിലാണ് ഗോള്‍വാള്‍ക്കര്‍ യുസിസിയെ എതിര്‍ക്കുന്നത്.
അടിച്ചേൽപ്പിക്കൽ വഴി എവിടെയാണ് സാമൂഹികമാറ്റം ഉണ്ടായത്. അത് എത്ര കാലം നിലനിൽക്കും. കേരളത്തിൽ പർദ്ദ സാധാരണമാകുന്നത് പോലും ബാബറി മസ്ജിദ് തകർത്തതിന് ശേഷമാണ്. വർഗീയ ധ്രുവീകരണത്തിന്റെ ഭാഗമായാണ് ഇത് സംഭവിക്കുന്നത്.അവർക്ക് പർദ്ദ ഇടണമെങ്കിൽ അവർ പർദ്ദ ഇട്ടോട്ടെ. ഒരു വിഭാഗത്തിന് അകത്താണ് നവീകരണം നടക്കേണ്ടത്. അത് നമുക്ക് അടിച്ചേൽപ്പിക്കാൻ പറ്റില്ല.
ഒറ്റനോട്ടത്തിൽ പുരോഗമനം എന്ന് തോന്നുന്ന ഒട്ടനവധി നിയമങ്ങളാണ് ബിജെപി സർക്കാർ നടപ്പാക്കിയത്. സ്ത്രീകളുടെ അവകാശങ്ങളെ ബാധിക്കുന്നവയാണ് മിക്കതും. എങ്ങനെയാണ് ഒരു വലതുപക്ഷ പാർട്ടി ഇത്തരം നിയമങ്ങളുടെ ഏജൻസി ഏറ്റെടുക്കുന്നത്?
ബിജെപി ക്ക് ഇത്തരത്തിൽ പുരോഗമന സ്വഭാവമുള്ള നയങ്ങൾ ഏറ്റെടുക്കാൻ യാതൊരുവിധ അവകാശവുമില്ല എന്നാണ് ആദ്യം പറയേണ്ടത്. രണ്ട്, ഇവർ എപ്പോഴെങ്കിലും ഏതെങ്കിലും ഫെമിനിസ്റ്റ് സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടോ? ഏതെങ്കിലും പഠനറിപ്പോർട്ടിനെ അധികരിച്ചാണോ നിയമനിർമാണം നടത്തിയത്? പണ്ട് അമേരിക്ക ഇറാഖിലെ സ്ത്രീകളെ രക്ഷിക്കാനും കൂടെയാണ് യുദ്ധം ചെയ്യുന്നത് എന്ന് പറഞ്ഞതുപോലെയേ ഇതിനെയും കാണാനാകൂ. ഹാഥറസിലേത് പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ 'ബേഠി പഠാവോ, ബേഠി ബച്ചാവോ'യ്ക്ക് എന്ത് പ്രസക്തിയാണുള്ളത്. രാജ്യവ്യാപകമായി പാർലമെന്ററി പദവികളിൽ പഞ്ചായത്ത് തലത്തിലല്ലാതെ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞില്ലേ.
ഇവര്‍ എപ്പോഴെങ്കിലും ഏതെങ്കിലും ഫെമിനിസ്റ്റ് സംഘടനകളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ? ഏതെങ്കിലും പഠനറിപ്പോര്‍ട്ടിനെ അധികരിച്ചാണോ നിയമനിര്‍മാണം നടത്തിയത്? പണ്ട് അമേരിക്ക ഇറാഖിലെ സ്ത്രീകളെ രക്ഷിക്കാനും കൂടെയാണ് യുദ്ധം ചെയ്യുന്നത് എന്ന് പറഞ്ഞതുപോലെയെ ഇതിനെയും കാണാനാകൂ
ബിജെപി ക്ക് ഫെമിനിസം എന്താണെന്ന് പോലും മനസിലായിട്ടില്ല. അക്രമോത്സുകമായ പൗരുഷത്വ ( Toxic Masculanity) ഭാഗമായാണ് ഇവർ സ്ത്രീകളെ പോലും അവതരിപ്പിക്കുന്നത്. ഇവർ എന്തുകൊണ്ടാണ് കൃഷ്ണനെ ബിംബമായി അവതരിപ്പിക്കാത്തത്. എന്തുകൊണ്ടാണ് രാമൻ ഇവരുടെ പ്രധാന ഐക്കണാകുന്നത്.കൃഷ്ണന് എപ്പോഴും ശക്തമായ സ്ത്രീ സൗഹൃദങ്ങളുണ്ടായിരുന്നു. പക്ഷേ രാമൻ അങ്ങനെയല്ല. സ്ത്രീയെ എന്നും അമ്മയിലേക്ക് ചുരുക്കി ഫെമിനിസം പറയുകയാണ് സംഘപരിവാർ.
രാജ്യത്ത് ആദിവാസി വിഭാഗം ജനങ്ങളിൽ ഓരോ ഗോത്രങ്ങളിലും ഓരോ നിയമങ്ങളാണ്. അവരുടെ ആചാര രീതികൾ വ്യത്യസ്തമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ഉൾപ്പെടെ പ്രതിഷേധങ്ങൾ ഉയരുന്നു. ആദിവാസി വിഭാഗങ്ങളെ നിയമം എങ്ങനെ ബാധിക്കും.
സംരക്ഷിത ജനവിഭാഗങ്ങളെ കുറിച്ച് പറയുന്ന ഭരണഘടനയുടെ ആറാം ഷെഡ്യൂളിലാണ് ഗോത്ര വിഭാഗങ്ങളുടെ ഭരണത്തെ പറ്റി പറയുന്നത്. ഗോത്ര മേഖലയിൽ സ്വയംഭരണാവകാശം നൽകണമെന്നാണ് ഈ നിയമത്തിൽ പറയുന്നത്. സ്വാതന്ത്ര്യം ലഭിച്ച അന്ന് മുതൽ ഈ നിയമം നിലവിലുണ്ട്. ഗോത്ര മേഖലയിൽ യുസിസി നടപ്പാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ പ്രശ്നമാണ്.
ഭരണഘടനയുടെ ആറാം വകുപ്പിന് നേർവിപരീതമാണ് യുസിസി. അതുകൊണ്ടാണ് ഇപ്പോൾ തന്നെ ആദിവാസികളെ ഇത് ബാധിക്കില്ലെന്ന് അവർ പറഞ്ഞത്. ക്രസ്ത്യാനികളെയും ബാധിക്കില്ലെന്ന് പറഞ്ഞുകഴിഞ്ഞു. അവസാനം ഇത് മുസ്ലീങ്ങളെ ലക്ഷ്യം വയ്ക്കുന്ന നിയമം മാത്രമാകും.
അതേ സമയം, ഗോത്രവർഗ വിഭാഗങ്ങൾക്കിടയിൽ ലിംഗ വിവേചനത്തിനെതിരായ ബോധമുണ്ടെന്ന് കാണാൻ സാധിക്കും. അസാമിലെ ഗോത്രവർഗക്കാർക്കിടയിൽ 40 ശതമാനം സ്ത്രീകൾക്ക് ഭൂമിയുണ്ട്. കേരളത്തിലത് 15 ശതമാനമാണ്. എന്നാൽ ഒരു പുരുഷകേന്ദ്രീകൃത നിയമം നടപ്പാക്കിയാൽ ആ ജെൻഡർ സെൻസിറ്റിവിറ്റി തകർക്കലാകും സംഭവിക്കാൻ സാധ്യത.
ദളിത് വിഭാഗം ജനങ്ങൾക്ക് ഏതെങ്കിലും തലത്തിൽ വെല്ലുവിളിയാണോ യുസിസി?
ദളിത് വിഭാഗത്തെ ഏക സിവിൽകോഡ് മോശമായി ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇപ്പോഴത്തെ നിയമത്തിൽ പോലും കൃത്യമായ പ്രാതിനിധ്യം ദളിത് വിഭാഗങ്ങൾക്കില്ല. കേരളത്തിൽ ഒരു ശതമാനം മാത്രമാണ് ദളിത് ക്രിസ്ത്യൻ സംവരണം. ഹിന്ദു ചേരമറായിട്ടുള്ളവർക്കുള്ള സംവരണ അവകാശത്തെക്കാൾ കുറവാണ് ക്രിസ്ത്യൻ ചേരമർക്കുള്ള സംവരണം.
ഗോത്ര മേഖലയില്‍ യു സി സി നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഭരണഘടന പ്രശ്‌നമാണ്. സെക്ഷന്‍ ആറിന് നേര്‍വിപരീതമാണ് യു സി സി. അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ ആദിവാസികളെ ഇത് ബാധിക്കില്ലെന്ന് അവര്‍ പറഞ്ഞത്.
ഹിന്ദു ആചാരങ്ങളും പിന്തുടരുന്നുണ്ട് എന്ന് തെളിയിക്കേണ്ട അധിക ബാധ്യതയുള്ള വിഭാഗങ്ങളാണ് ദളിതർ. ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ വിശ്വാസം തെളിയിക്കണം. സ്കോളർഷിപ്പ് ലഭിക്കാൻ പൂജാമുറി ഒരുക്കിയവരെയും, ജാതി സർട്ടിഫിക്കറ്റ് ലഭിക്കാൻ ശബരിമലയിലേക്ക് പോകുന്നവരെയും നേരിട്ടറിയാം. ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. ഇത്തരം ഒരു ഘട്ടത്തിൽ യുസിസി വരുമ്പോൾ സവർണ വിഭാഗത്തിന് മേൽക്കൈ ഉണ്ടാകുമെന്ന് വ്യക്തമാണ്. യുസിസി ശരിക്കും സബ് ആൾട്ടേൺ പ്രാക്റ്റീസുകളെ തകർക്കും.
ഫാക്റ്റ് കേന്ദ്രീകരിച്ചുള്ള ചരിത്രമാണ് സ്കൂൾ കാലഘട്ടം മുതൽ പഠിക്കുന്നത്. അത് നമ്മളുടെ പല നിലപാടുകളെയും ബാധിക്കാം. കോണ്ടക്സ്റ്റിൽ നിന്ന് അടർത്തി മാറ്റിയുള്ള ചരിത്ര പഠനം അപകടകരമല്ലേ? ഇത്തരത്തിലുള്ള ഗ്യാപ്പ് മാറ്റാൻ എന്തെല്ലാം ചെയ്യാനാകും?
ചരിത്ര പഠന രീതി മാറണം. വിമർശന ബുദ്ധിയോടെ കാര്യങ്ങളെ കാണാൻ കുട്ടികളെ പഠിപ്പിക്കണം. ഒരു വിഷയം തന്നെ വ്യത്യസ്ത രീതിയിൽ വായിച്ചെടുക്കാമെന്ന് പഠിപ്പിക്കണം. തെളിവുകളെ എങ്ങനെ സമീപിക്കണമെന്ന് പഠിപ്പിക്കണം. കോളേജിൽ ചരിത്രം പഠിക്കുന്നതും സ്കൂളിൽ പഠിക്കുന്നതും വ്യത്യാസമുണ്ട്.
ചരിത്ര പഠനരീതി മാറണം. വിമര്‍ശന ബുദ്ധിയോടെ കാര്യങ്ങളെ കാണാന്‍ കുട്ടികളെ പഠിപ്പിക്കണം. കുട്ടികളിലെ ജിജ്ഞാസ തിരിച്ചറഞ്ഞുവേണം ചരിത്രം പഠിപ്പിക്കാന്‍
പണ്ട് വ്യക്തികളെ ചുറ്റിപറ്റിയുള്ള ചരിത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. പക്ഷേ അവിടത്തെ ഓരോ ജനവിഭാഗത്തിന്റെയും ജീവിതം എങ്ങെനെയായിരുന്നു എന്ന ചോദ്യമാണ് കുട്ടികൾക്ക് മുന്നിൽ വയ്ക്കേണ്ടത്. കുട്ടികൾ ക്യൂരിയസ് ആണ്. ആ ക്യൂരിയോസിറ്റി വലുതാക്കുന്ന ചോദ്യങ്ങളിലൂടെയാണ് പഠിപ്പിക്കേണ്ടത്.ആ ക്യൂരിയോസിറ്റി വളർത്താൻ ഒരുപാട് വഴികളുണ്ട്.