ഇസ്രയേലിനുവേണ്ടി നിലപാടുമാറ്റുന്ന അമേരിക്ക, ബ്ലിങ്കന്റെ നയതന്ത്രത്തിനുപിന്നിലെ ഗൂഢതന്ത്രങ്ങൾ
ഗാസയിലെ വെടിനിർത്തൽ ചർച്ചകളില്‍ തീർപ്പുണ്ടാക്കാനെന്ന മട്ടിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വീണ്ടും വെറുംകൈയോടെ വിമാനം കയറിയിരിക്കുകയാണ്. ഒക്ടോബർ ഏഴിനുശേഷം ഒൻപതാം തവണയാണ് ബ്ലിങ്കൻ പശ്ചിമേഷ്യ സന്ദർശിച്ച് മടങ്ങുന്നത്. ഇസ്രയേലിന് അകമഴിഞ്ഞ പിന്തുണയും സർവപ്രശ്നങ്ങൾക്കും പിന്നിൽ ഹമാസാണെന്ന ആരോപണവും പതിവ് കാഴ്ചയായിരുന്നു.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ തങ്ങൾ മുന്നോട്ടുവച്ച 'ബ്രിഡ്ജിങ് പ്രൊപോസൽ' സയണിസ്റ്റ് സർക്കാർ അംഗീകരിച്ചുവെന്നാണ് ആന്റണി ബ്ലിങ്കൻ പറഞ്ഞത്. ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള 'അവസാനശ്രമത്തിന്' ഇനി ഹമാസിന്റെ തീരുമാനമാണ് അറിയേണ്ടതെന്നും ബ്ലിങ്കൻ പറഞ്ഞുവെച്ചു.
ഒരേസമയം രണ്ടു കാര്യങ്ങളാണ് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആ വാർത്താസമ്മേളനത്തിലൂടെ പറയാൻ ശ്രമിച്ചത്. ആദ്യത്തേത് പശ്ചിമേഷ്യയിലെ സമാധാന പുനഃസ്ഥാപനത്തിന് ഇസ്രയേലിന്റെ പിന്തുണയുണ്ട് എന്നതാണ്. മറ്റൊന്ന്, വെടിനിർത്തലിന് എന്തെങ്കിലും തടസമുണ്ടെങ്കിൽ അത് ഹമാസ് മാത്രമാണ്. മിക്ക പാശ്ചാത്യ മാധ്യമങ്ങളുടെ തൊട്ടടുത്ത ദിവസത്തെ തലക്കെട്ടുകൾ കൂടി ആയപ്പോഴേക്കും പശ്ചിമേഷ്യയിൽ സമാധാനമാഗ്രഹിക്കുന്നവർ ഇസ്രയേലും വില്ലൻ ഹമാസുമായി. പക്ഷേ കാര്യങ്ങൾ അങ്ങനെയല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
ശരിക്കും ഇസ്രയേലിന്റെ പിടിവാശികൾക്ക് മുൻപിൽ അമേരിക്ക അടിയറവ് പറഞ്ഞു എന്നതിന്‍റെ തെളിവാണ് 'ബ്രിഡ്ജിങ് പ്രൊപോസൽ' എന്ന പുതിയ വെടിനിർത്തൽ കരാർ. മേയിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ മൂന്നു ഘട്ടങ്ങളുള്ള വെടിനിർത്തൽ കരാർ മുന്നോട്ടുവെച്ചിരുന്നു. അത് ജൂലൈയിൽ ഹമാസ് അംഗീകരിക്കുകയും ചെയ്തു. എന്നാൽ നിലവിലെ 'സമാധാനപ്രിയർ' മാത്രമാണ് അന്നതിനെ എതിർത്ത ഒരേയൊരു കക്ഷി. ആ കരാർ നടപ്പിലായാൽ ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തിന് പൂർണമായി പിന്മാറേണ്ടി വരും. അത് നെതന്യാഹു സർക്കാരിനെ താങ്ങിനിർത്തുന്ന തീവ്രവലതുപക്ഷത്തിന്റെ ഇഷ്ടങ്ങൾക്കെതിരായിരുന്നു.
ഇതോടെ തങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്ന ചില ഉപാധികൾ ഇസ്രയേൽ മുന്നോട്ടുവെച്ചു. ഗാസ-ഈജിപ്ത് അതിർത്തിയായ ഫിലാഡെൽഫി ഇടനാഴിയിൽ ഇസ്രയേൽ സൈനികർക്കു പട്രോളിങ് തുടരാനുള്ള അനുമതിയാണ് അതിലൊന്ന്. ഇതിനെ മധ്യസ്ഥചർച്ചയ്ക്കു നേതൃത്വം നൽകുന്ന ഈജിപ്ത് പോലും അംഗീകരിക്കുന്നില്ല. ഒപ്പം ഗാസയുടെ കിഴക്ക്- പടിഞ്ഞാറായി ഇസ്രയേൽ സൈന്യം നിർമിച്ച നെത്സാരിം ഇടനാഴിയിൽ പരിശോധന നടത്തണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. ഈ ഇടനാഴി ഗാസയുടെ തെക്ക്-വടക്ക് മേഖലകൾക്കിടയിലെ അതിർത്തിയായിട്ടാകും ഫലത്തിൽ വരിക.
ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ താത്പര്യമില്ലാത്ത നെതന്യാഹുവിന് ആഗോളസമൂഹത്തിന്റെ പിന്തുണയോടുകൂടി സമയം നേടികൊടുക്കാനുള്ള ശ്രമവും ബ്ലിങ്കന്റെ ഒൻപതാം സന്ദർശനത്തിന് പിന്നിലുണ്ട്
ഗാസയുടെ ഇസ്രയേലുമായുള്ള കിഴക്കൻ അതിർത്തിയിൽ സുരക്ഷാ ബഫർ നിർമിക്കാനും ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിന് ശേഷം ഗാസയിലേക്ക് കടന്നുകയറാനുള്ള ഓപ്ഷനും പുതിയ ഉപാധികളിലൂടെ ഇസ്രയേൽ മുന്നോട്ടുവച്ചിരിക്കുന്നത്. ഇത്രയേറെ ഏകപക്ഷീയമായ ആവശ്യങ്ങളെയാണ് അമേരിക്ക 'ബ്രിഡ്ജിങ് പ്രൊപോസൽ' എന്ന പേരിൽ കഴിഞ്ഞയാഴ്ച ഖത്തറിൽ അവതരിപ്പിച്ചത്. വെടിനിർത്തൽ ചർച്ചയിലെ മറ്റ് അംഗങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഇസ്രയേലിനു വേണ്ടിയൊരു കരാറാണ് അമേരിക്ക ഉണ്ടാക്കിയെടുത്തതെന്ന് ചുരുക്കം.
ഇസ്രയേലിന് സൗകര്യപ്രദമായ ഉപാധികൾ, തങ്ങൾ ഉണ്ടാക്കിയെടുത്തതെന്ന നിലയിൽ അമേരിക്ക അവതരിപ്പിക്കുകയായിരുന്നുവെന്നത് വ്യക്തമാണ്. ഒക്ടോബർ ഏഴിന് മുൻപ് തങ്ങൾക്ക് ഒരുതരത്തിലും സാന്നിധ്യമില്ലാതിരുന്ന പലസ്തീനിലെ ശേഷിക്കുന്ന ഗാസൻ മേഖലയിലേക്ക് വെടിനിർത്തൽ കരാറിന്റെ മറപിടിച്ച് കടന്നുകയറുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അതിനെല്ലാ പിന്തുണയും നൽകി അമേരിക്കയും ഒപ്പം.
പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഹമാസ് ആഗ്രഹിക്കുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കുന്നതൊക്കെ അതിന്റെ ഭാഗമാണ്. അങ്ങനെയൊരു പ്രചാരണം ശക്തമായാൽ അമേരിക്ക പുതിയ കുപ്പിയിലാക്കി കൊണ്ടുവന്നിരിക്കുന്ന ഇസ്രയേലിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഹമാസിന്റെ മേൽ സമ്മർദ്ദമേറുമെന്ന് അമേരിക്ക കണക്കുകൂട്ടുന്നു. ഈ ഗൂഢതന്ത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്ലിങ്കന്റെ നേതൃത്വത്തിൽ നടന്നത്.
ഇസ്രയേലിനോടുള്ള വിധേയത്വം മുഴുവൻ ബ്ലിങ്കൻ നടത്തിയ വാർത്താസമ്മേളനത്തിലും പ്രതിഫലിച്ചിരുന്നു. ഇസ്രയേലിനെ ഒരുവാക്ക് കൊണ്ടുപോലും നോവിക്കാൻ അതുകൊണ്ടാണ് അദ്ദേഹം തയാറാകാതിരുന്നത്. വെടിനിർത്തൽ കരാർ നടപ്പിലായാൽ ഇസ്രയേലി ബന്ദികളെ തിരിച്ചെത്തിക്കാൻ സാധിക്കുമെന്ന് പറഞ്ഞ ബ്ലിങ്കൻ, ഗാസയിലെ നരഹത്യയെക്കുറിച്ച് ഒരക്ഷരം പറയാതിരുന്നത് അതിന്റെ ഭാഗമായിട്ടാകണം. കൂടാതെ അമേരിക്കയിലെ ഇസ്രയേൽ ലോബിയെ പിണക്കുന്നത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും ബ്ലിങ്കൻ കരുതിയിട്ടുണ്ടാകണം.
നെതന്യാഹുവുമായുള്ള ചർച്ചയ്ക്കുശേഷം ബ്ലിങ്കൻ നടത്തിയ പ്രസ്താവനയിൽ നെതന്യാഹുവിന്റെ പ്രതികരണം സംബന്ധിച്ചും ചില ആശയക്കുഴപ്പങ്ങൾ ഉള്ളതായി ചില വിദേശകാര്യ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. നെതന്യാഹു പ്രൊപോസൽ 'അംഗീകരിച്ചു' എന്ന് പറഞ്ഞ ബ്ലിങ്കൻ ഉടനടി അതുമാറ്റി 'പിന്തുണയ്ക്കുന്നു' എന്നാക്കി മാറ്റിയിരുന്നു. ഇത് നെതന്യാഹുവുമായുള്ള ചർച്ച പുറത്ത് പ്രചരിക്കുംപോലെ അത്ര സുഖകരമല്ലെന്നതിന്റെ സൂചനയാണെന്നാണ് വിദഗ്ധർ പറയുന്നത്.
മൊത്തത്തിൽ, ഇസ്രയേൽ ഗാസയിൽ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയ്ക്കു കാരണം ഹമാസ് മാത്രമെന്ന വ്യാജനിർമിതിക്കാണ് ബ്ലിങ്കൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബർ ഏഴ് മുതൽ ഇങ്ങനെയൊരു പ്രചാരണത്തിനാണ് അമേരിക്കയും ഇസ്രയേലും ചില പാശ്ചാത്യ രാജ്യങ്ങളും ശ്രമിക്കുന്നത്. ഒപ്പം, ഗാസയിലെ ആക്രമണം അവസാനിപ്പിക്കാൻ താത്പര്യമില്ലാത്ത നെതന്യാഹുവിന് ആഗോളസമൂഹത്തിന്റെ പിന്തുണയോടുകൂടി സമയം നേടികൊടുക്കാനുള്ള ശ്രമവും ബ്ലിങ്കന്റെ ഒൻപതാം സന്ദർശനത്തിന് പിന്നിലുണ്ട്.