"ചോർന്നതിൽ 2022ന് ശേഷമുള്ള വിവരങ്ങളും"; കോവിഡ് വാക്സിനേഷൻ ഡേറ്റാ ചോർച്ചയിൽ അനിവർ അരവിന്ദ് ദ ഫോർത്തിനോട്

ഡേറ്റാ ചോർച്ചയുടെ കാര്യത്തിൽ നിലപാടെടുക്കുന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വലിയ വ്യത്യാസമില്ല

ഈ ഡേറ്റാ ചോർച്ച യൂറോപ്യൻ രാജ്യങ്ങളിൽ എവിടെയെങ്കിലുമാണ് നടക്കുന്നതെന്ന് ഓർക്കുക. ട്വിറ്റർ, ഫേസ്‌ബുക്ക് പോലെയൊരു പ്ലാറ്റ്‌ഫോമിൽ ഇത്തരമൊരു സുരക്ഷാ ചോർച്ച ഉണ്ടായി എന്ന് കരുതുക. എത്ര മില്യൺ രൂപയായിരിക്കും പിഴയായി അടക്കേണ്ടി വരുക. ഇന്ത്യ പോലെയൊരു രാജ്യത്ത് നിയമങ്ങളുടെ കാര്യത്തിൽ ഗവണ്മെന്റ് തന്നെ പ്ലാറ്റ്‌ഫോമായി കളിക്കുകയാണ്. അതാണ് ഇന്ന് കണ്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം.

കുട്ടികളുടെ ആധാർ എൻറോൾ ചെയ്യുന്നത് 2022ലാണ്. എന്നാൽ വാക്സിൻ ഡേറ്റാ ചോർച്ചയിൽ കുട്ടികളുടെയടക്കം വാക്സിനേഷൻ വിവരങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ ഇത് 2022 ജനുവരിക്ക് ശേഷമുള്ള ഡേറ്റയും ചോർന്നിട്ടുണ്ടെന്ന് ഉറപ്പിക്കാം.

എന്നാൽ തെക്കേ ഇന്ത്യയിൽ മാത്രം നടക്കുന്ന പ്രശ്നമാണ് ഈ ഡേറ്റാ ചോർച്ചയെന്ന് കാണിക്കാൻ ഒരു ശ്രമം നടക്കുന്നുണ്ട്. ഇതൊരു പോപ്പുലേഷൻ സ്കെയിൽഡ് ഡേറ്റാ ബ്രീച് ആണ്. പക്ഷെ അത് ഗവണ്മെന്റ് സമ്മതിക്കാതെയിരിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അവർ പറയുന്നത് നേരിട്ട് സെർവറിൽ നിന്നുള്ള ലീക്ക് അല്ല, സെർവർ പ്രൊട്ടക്ട് ചെയ്ത് കഴിഞ്ഞാൽ എല്ലാമായി എന്നുമാണ്.

നമുക്ക് ലഭ്യമായ വിവരങ്ങൾ നോക്കിയാൽ ഡേറ്റ ബേസിന്റെ പുറത്ത് മറ്റൊരു ഡേറ്റാ ബേസ് ഉണ്ടെന്നും അതിനാൽ കൊവിൻ സൈറ്റിൽ നിന്ന് തന്നെയാണ് വിവരങ്ങൾ ചോർന്നതെന്നും മനസിലാക്കാൻ സാധിക്കും.

ഒരു വലിയ പ്രശ്നമെന്ന് പറയുന്നത് നമുക്ക് ഡേറ്റാ പ്രൈവസി നിയമങ്ങൾ ഇല്ലെന്നതാണ്. നാലഞ്ച് വർഷമായിട്ട് ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഒന്നും കൃത്യമായി പൂർത്തിയാകുന്നില്ല. ടെക്‌നോളജിയുമായി ബന്ധപ്പെട്ട കേസുകൾ വന്നാൽ കോടതി ഐഐടി മദ്രാസിനോടോ, മുംബൈയോടോ റിപ്പോർട്ട് തരാൻ പറയും. എന്നിട്ട് അതിനെ ഔദ്യോഗിക റിപ്പോർട്ടായി രേഖപ്പെടുത്തുകയും അതിന്മേൽ വിധി പ്രഖ്യാപിക്കുകയും ചെയ്യും.

ഡേറ്റാ ചോർച്ചയുടെ കാര്യത്തിൽ നിലപാടെടുക്കുന്നതിൽ ഇന്ത്യയിലെ പ്രതിപക്ഷവും ഭരണ പക്ഷവും തമ്മിൽ വലിയ വ്യത്യാസമില്ല. എന്നാൽ പ്രതിപക്ഷം ഇതിനെതിരെ ശക്തമായി രംഗത്തെത്തണം.

വാക്സിൻ എല്ലാവർക്കും ഉറപ്പാക്കുക എന്നതാണ് പ്രധാനം .വാക്സീന്റെ കാര്യത്തിൽ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കണമെന്നും ഇത്തരം പരീക്ഷണങ്ങൾ നടത്തരുതെന്നും മുൻപ് ആവശ്യപ്പെട്ടിരുന്നു. അതുപോലെ ആധാർ നിർബന്ധമാക്കാൻ ശ്രമിച്ചപ്പോൾ ഇത് സുരക്ഷിതമല്ലാത്ത രീതിയാണെന്നും പൗരന്റെ സമ്മതം വാങ്ങൽ ഉചിതമായ രീതിയിൽ അല്ല നടക്കുന്നതെന്നും പറഞ്ഞിരുന്നു. പല രീതിയിൽ മുന്നറിയിപ്പുകൾ നൽകിയ ഒരു കാര്യം ഇത്രയും കാലത്തിനു ശേഷം സത്യമാകുന്നു എന്നാണ് മനസിലാകുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in