സിംഹള വംശീയതയെ കൂട്ടുപിടിച്ച  'മാർക്സിസ്റ്റ്'; അനുര കുമാര ദിസനായകെ ശ്രീലങ്കയിൽ അധികാരത്തിലെത്തുമ്പോൾ

സിംഹള വംശീയതയെ കൂട്ടുപിടിച്ച 'മാർക്സിസ്റ്റ്'; അനുര കുമാര ദിസനായകെ ശ്രീലങ്കയിൽ അധികാരത്തിലെത്തുമ്പോൾ

ഒരു ഇടതുപക്ഷ നേതാവ് ശ്രീലങ്കയുടെ നേതൃത്വം ഏറ്റെടുക്കുമ്പോഴും ജെവിപി എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ഭൂതകാല തമിഴ് വിരുദ്ധ ചരിത്രവും ദിസനായകെയുടെ ചൈനീസ് അനുകൂല നിലപാടുകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്
Updated on
4 min read

ശ്രീലങ്കയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായൊരു ഇടതുപക്ഷ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ശ്രീലങ്കയെ സാമ്പത്തിക അസ്ഥിരതയിലേക്ക് തള്ളിവിട്ട രജപക്സെ കുടുംബാധിപത്യത്തെ ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ ഒരു മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയെ ലങ്കൻ ജനത ഭരണമേല്‍പ്പിച്ചിരിക്കുന്നു. നിരവധി പ്രതിസന്ധികളിൽ ഉലയുന്ന ദ്വീപ് രാഷ്ട്രത്തെ 'ജനത വിമുക്തി പെരുമുന' പാർട്ടിയുടെ നേതാവ് അനുര കുമാര ദിസനായകെയാകും ഇനി നയിക്കുക.

'നാഷണൽ പീപ്പിൾസ് പവർ' എന്ന മധ്യ-ഇടതുപക്ഷ വിശാലസഖ്യത്തിലെ മുഖ്യകക്ഷിയാണ് ജനത വിമുക്തി പെരുമുന. ഭക്ഷണത്തിനും ഇന്ധനത്തിനും ഉൾപ്പടെ ആവശ്യസാധനങ്ങൾക്ക് പോലും തങ്ങളെ വരിനിർത്തിച്ച, ജീവിത സാഹചര്യം പോലും അതീവ ദുഷ്കരമാക്കിയ അന്നത്തെ പ്രസിഡന്റ് ഗൊതബായ രജപക്സയെയുടെ ഭരണത്തോടുള്ള ജനരോഷമായിരുന്നു 2022ൽ ശ്രീലങ്ക കണ്ടത്. തുടർന്ന് പാർലമെന്റ് വോട്ടെടുപ്പിലൂടെയാണ് റനിൽ വിക്രമസിംഗെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. അതായത് ജനകീയ പ്രക്ഷോഭത്തിന് ശേഷം ജനവിധിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് കുമാര ദിസനായകെയാണ്.

ഒരു ഇടതുപക്ഷ നേതാവ് ശ്രീലങ്കയുടെ നേതൃത്വം ഏറ്റെടുക്കുമ്പോഴും ജെവിപി എന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ഭൂതകാല വംശ വിരുദ്ധ ചരിത്രവും ദിസനായകെ ഉൾപ്പെടെയുള്ള നേതാക്കളുടെ ചൈനീസ് അനുകൂല നിലപാടുകളും ചർച്ച ചെയ്യപ്പെടുന്നുണ്ട്.

'ലോകത്തെ തിരുത്താൻ ആഗ്രഹിക്കുന്ന യുവാവ്';- അങ്ങനെയാണ് അൻപത്തിയഞ്ചുകാരനായ അനുര കുമാര ദിസനായകെ സ്വയം വിശേഷിപ്പിക്കുന്നത്

225-അംഗ ശ്രീലങ്കൻ പാർലമെന്റിൽ എൻപിപിക്ക് നിലവില്‍ ഉണ്ടായിരുന്നത് ആകെ മൂന്ന് പേരായിരുന്നു. ദിസനായകെ എന്ന അവരുടെ പ്രസിഡന്റ് സ്ഥാനാർഥി, പാർലമെന്റംഗം പോലുമായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് 2024 തിരഞ്ഞെടുപ്പിലെ എൻപിപിയുടെ ജയം കൂടുതൽ പ്രസക്തമാകുന്നത്.

ജെ വി പിയുടെ തിരിച്ചുവരവ്

2022ലെ 'ജനത അരഗളായ' എന്ന പ്രക്ഷോഭത്തിലൂടെയാണ് എൻപിപിയിലെ പ്രധാനകക്ഷിയായ ജെവിപിയും നേതാവ് അനുര കുമാര ദിസനായകെയും ലങ്കൻ രാഷ്ട്രീയത്തിൽ കളംനിറയുന്നത്. പ്രക്ഷോഭത്തിന്റെ ക്രെഡിറ്റ് ഒരുപാർട്ടിക്കും അവകാശപ്പെടാനില്ലെങ്കിലും ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ജനത വിമുക്തി പെരുമുനയായിരുന്നു. നിരന്തരമായ പൊതുപണിമുടക്കുകളും പ്രതിഷേധപ്രകടനങ്ങളും ജെവിപി അക്കാലത്ത് സംഘടിപ്പിച്ചിരുന്നു.

കടുത്ത പ്രതിഷേധങ്ങളെ തുടർന്ന് പ്രസിഡന്റായിരുന്ന ഗൊതബായ രജപക്സെ രാജ്യം വിട്ടതോടെ ശ്രീലങ്ക ഭരണ അനിശ്ചിതാവസ്ഥയിലേക്ക് തള്ളപ്പെട്ടു. ഈ അവസരത്തിലാണ് സാമൂഹിക നീതി, വിശാലമായ പൊളിച്ചെഴുത്ത്, അഴിമതി വിരുദ്ധത എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ജെവിപിയും അതിന്റെ മുഖമായ ദിസനായകെയും ഉയർത്തെഴുന്നേൽക്കുന്നത്.

അനുര കുമാര ദിസനായകെ

'ലോകത്തെ തിരുത്താൻ ആഗ്രഹിക്കുന്ന യുവാവ്';- അങ്ങനെയാണ് അൻപത്തിയഞ്ചുകാരനായ അനുര കുമാര ദിസനായകെ സ്വയം വിശേഷിപ്പിക്കുന്നത്. ഒരു വലിയ രാഷ്ട്രീയ പരിവർത്തനത്തിന് മാത്രമേ ശ്രീലങ്കയെ നിലവിലെ കുഴപ്പങ്ങളിൽനിന്ന് കരകയറ്റാൻ സഹായിക്കൂ എന്നാണ് ദിസനായകെ എപ്പോഴും അവകാശപ്പെട്ടിരുന്നത്. ദ്വീപിലെ ഭൂരിപക്ഷമായ തൊഴിലാളിവർഗ- ഗ്രാമീണ ജനതയെ ശാക്തീകരിക്കുമെന്ന മുദ്രാവാക്യവും അദ്ദേഹം മുന്നോട്ടുവച്ചിരുന്നു.

കൂലി തൊഴിലാളികളായ മാതാപിതാക്കളുടെ മകനായി 1968 ൽ അനുരാധപുരയിലെ നോർത്ത് സെൻട്രൽ ജില്ലയിലെ തമ്പുട്ടേഗമയിലാണ് ദിസനായകെയുടെ ജനനം. സ്കൂൾ കാലം മുതൽ ജെവിപിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം 1987ലാണ് പാർട്ടി അംഗമാകുന്നത്. തുടർന്ന് രണ്ടായിരത്തിയിൽ ആദ്യമായി പാർലമെന്റിലേക്കുമെത്തി.

ഒരു മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം അവകാശപ്പെടുന്നുണ്ടെങ്കിലും സിംഹള- ബുദ്ധ വംശീയതയിൽ ഊന്നിയായിരുന്നു ജെവിപിയുടെ പ്രവർത്തനങ്ങൾ

2014-ൽ ദിസനായകെ ജെവിപിയുടെ നേതൃത്വം ഏറ്റെടുത്തു. പിന്നീടങ്ങോട്ട് ജെ വി പി എന്ന പാർട്ടിയുടെ വംശവിരുദ്ധ ആക്രമങ്ങളുടെ ഭൂതകാലത്തിന്റെ കളങ്കപ്പെടുത്തുന്ന ഓർമ്മകൾ തേച്ചുമായ്ക്കാനുള്ള ശ്രമത്തിൽ കൂടിയായിരുന്നു ദിസനായകെ. അരഗളായ പ്രതിഷേധത്തോടെയാണ് ഇന്നുകാണുന്ന തരത്തിലുള്ള ജനപ്രീതിയിലേക്ക് അദ്ദേഹം ഉയരുന്നത്. വ്യവസ്ഥാപരമായ മാറ്റം വാഗ്ദാനം ചെയ്തുകൊണ്ട് ശ്രീലങ്കൻ യുവാക്കൾക്കിടയിൽ നടത്തിയ പ്രചാരണങ്ങൾ ശരിക്കും ലക്ഷ്യം കണ്ടുവെന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.

വർഷങ്ങളായുള്ള ശ്രീലങ്കയിലെ ഭരണകെടുകാര്യസ്ഥതയിൽ അസ്വസ്ഥരായിരുന്ന ജനങ്ങൾക്കിടയിൽ സമൂല മാറ്റമെന്ന മുദ്രാവാക്യമുയർത്തിയ ദിസനായകെ വളരെവേഗം സ്വീകാര്യനാകുകയായിരുന്നു. ഒപ്പം അഴിമതി വിരുദ്ധത, പൊതുവിശ്വാസം പുനഃസ്ഥാപിക്കൽ, സാധാരണക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ സമ്പദ്‌വ്യവസ്ഥയെ പുനഃക്രമീകരിക്കൽ എന്നിവയിൽ കേന്ദ്രീകരിച്ചായിരുന്നു ദിസനായകെയുടെ പ്രവർത്തനങ്ങൾ.

റൊഹാന വിജവീര
റൊഹാന വിജവീര

ജെവിപിയുടെ വംശവിരുദ്ധ ഭൂതകാലം

മെഡിക്കൽ വിദ്യാഭ്യാസത്തിനായി റഷ്യയിലെ ലുമുംബ സർവകലാശാലയിലേക്ക് പോയ റൊഹാന വിജവീരയാണ് 1965ൽ ജനതാ വിമുക്തി പെരുമുനയ്ക്കു തുടക്കമിടുന്നത്. തെക്കൻ ശ്രീലങ്ക തീരപ്രദേശത്തെ കുടുംബത്തിൽനിന്നുള്ള വിജവീര, ചെറുപ്പം മുതൽ തന്നെ ഇടതുപക്ഷ ആശയങ്ങളുമായി സമ്പർക്കം പുലർത്തിയിരുന്നു. തുടർന്നാണ് റഷ്യയിലേക്കുള്ള യാത്രയും അവിടെ ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രവർത്തകരുമായുള്ള അടുപ്പവുമുണ്ടാകുന്നത്. മടങ്ങിയെത്തിയ അദ്ദേഹം സിലോൺ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (മാവോയിസ്റ്റ്) ഭാഗമായി. തുടർന്നാണ് അവരുമായി തെറ്റിപ്പിരിഞ്ഞ് ജെ വി പി എന്ന പാർട്ടി രൂപീകരിക്കുന്നത്.

പാർട്ടിയുടെ രൂപീകരണ കാലം മുതൽ ഇന്ത്യയോട് അത്ര ആഭിമുഖ്യം ജെവിപി പുലർത്തിയിരുന്നില്ല. വിജവീര അവതരിപ്പിച്ച, പാർട്ടിയുടെ അടിത്തറയായി കരുതപ്പെടുന്ന 'ഫൈവ് ലെക്‌ചേഴ്‌സി'ൽ പരിഹാരം കാണേണ്ട ഒരു പ്രധാന വിഷയം ഇന്ത്യയാണ്

1967 -70 കാലഘട്ടത്തിലാണ് ജനതാവിമുക്തി പെരുമുന ശ്രീലങ്കയിലുടനീളം വ്യാപകമാകുന്നത്. സായുധ വിപ്ലവത്തിന്റെ ആരാധകനായിരുന്നു വിജവീര ലങ്കയിലും ഭരണകൂടങ്ങളെ താഴെയിറക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. അതിന്റെ ഭാഗമായി 1971ലും 1980ന്റെ അവസാനനത്തിലും രണ്ട് സായുധ വിപ്ലവത്തിന് ശ്രമവും ജെവിപി നടത്തി. പക്ഷേ ഇരുവിപ്ലവ ശ്രമങ്ങളും കൃത്യമായ ആസൂത്രണമില്ലാത്തതിനാൽ പരാജയപ്പെടുകയിരുന്നു.

1971ലെ സായുധ കലാപം
1971ലെ സായുധ കലാപം

ഇതിൽ 1988-89 കാലഘട്ടത്തിൽ ജെവിപി ആരംഭിച്ച സായുധ കലാപം, പ്രസിഡൻ്റുമാരായ ജെ ആർ ജയവർദ്ധനെ, ആർ പ്രേമദാസ എന്നിവരെ താഴെയിറക്കാൻ ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു എങ്കിലും ഫലത്തിൽ തമിഴ് വിരുദ്ധതയിരുന്നു അരങ്ങേറിയത്. ആയിരക്കണക്കിന് തമിഴ് വംശജരാണ് അക്കാലത്ത് ക്രൂരപീഡനങ്ങൾക്കും അക്രമത്തിനും ഇരയായത്. ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കാലഘട്ടങ്ങളിലൊന്നായിരുന്നു അത്.

രജപക്സെ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രണ്ടായിരങ്ങളിൽ തമിഴ് പുലികളെ (ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) അടിച്ചമർത്താൻ നടത്തിയ നീക്കങ്ങളിലും ജെവിപിയുടെ കാര്യമായ പിന്തുണയുണ്ടായിരുന്നു. അതിൽ യാതൊരു ഖേദവുമില്ലെന്ന നിലപാട് അടുത്തിടെയും ദിസനായകെ ആവർത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ ദിസനായകെയുടെ വിജയം, ശ്രീലങ്കയിലെ 22 ലക്ഷം വരുന്ന തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ഒരു മാർക്സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രം അവകാശപ്പെടുന്നുണ്ടെങ്കിലും സിംഹള- ബുദ്ധ വംശീയതയിൽ ഊന്നിയായിരുന്നു ജെവിപിയുടെ പ്രവർത്തനങ്ങൾ. നിലവിലെ നിലപാടുകൾ ഉൾപ്പെടെ അതിനുദാഹരണങ്ങളാണ്. 1988-89ലെ വംശീയ സ്വഭാവമുള്ള സായുധ കലാപത്തിലെ യുദ്ധക്കുറ്റങ്ങൾ കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്ന് കാലങ്ങളായി ലങ്കയിലെ തമിഴ് ജനത ആവശ്യമുന്നയിക്കുന്നുണ്ട്. എന്നാൽ അതിനെ എല്ലാത്തരത്തിലും എതിർക്കുന്നയാളാണ് ദിസനായകെ.

ദിസനായകെ ചൈനീസ് പ്രതിനിധിക്കൊപ്പം
ദിസനായകെ ചൈനീസ് പ്രതിനിധിക്കൊപ്പം

ഇന്ത്യയ്ക്കുമുണ്ട് ആശങ്ക

പാർട്ടിയുടെ രൂപീകരണ കാലം മുതൽ ഇന്ത്യയോട് അത്ര ആഭിമുഖ്യം ജെവിപി പുലർത്തിയിരുന്നില്ല. വിജവീര അവതരിപ്പിച്ച, പാർട്ടിയുടെ അടിത്തറയായി കരുതപ്പെടുന്ന 'ഫൈവ് ലെക്‌ചേഴ്‌സി'ൽ പരിഹാരം കാണേണ്ട ഒരു പ്രധാന വിഷയം ഇന്ത്യയാണ്. കൂടുതൽ വ്യക്തമാക്കിയാൽ 'ഇന്ത്യയുടെ വിപുലീകരണ ശ്രമം'.

1987 ജൂലൈ 29ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡൻ്റ് ജെ.ആർ.ജയവർധനെയും ഒപ്പിട്ട ഇന്ത്യ-ലങ്ക സമാധാന കരാർ ഒരുതരത്തിൽ 1988-89ലെ കലാപത്തിന് കാരണമായിരുന്നു. കരാറിന്റെ ഭാഗമായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ സമാധാന സേനയെ അയൽരാജ്യത്തിന്റെ കടന്നുകയറ്റ ശ്രമമായാണ് ജെവിപി കണ്ടത്. ഒപ്പം ഇന്ത്യ തമിഴ് പുലികൾക്ക് പിന്തുണ നൽകുന്നുവെന്ന ആരോപണവും ജെവിപി തുറന്നുവിട്ടു.

ഇന്ത്യ-ലങ്ക സമാധാന കരാർ ഒപ്പുവയ്ക്കുന്നു
ഇന്ത്യ-ലങ്ക സമാധാന കരാർ ഒപ്പുവയ്ക്കുന്നു

പിന്നീട് പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോഴുംഇന്ത്യ-ലങ്ക കരാറിൽ മുന്നോട്ടുവച്ച പ്രവിശ്യ സ്വയംഭരണമെന്ന 13-ാം ഭേദഗതിക്കെതിരെയായിരുന്നു ജെവിപി പ്രചാരണം നടത്തിയിരുന്നത്. ഈ ഭേദഗതിയാണ് സിംഹളയും തമിഴും രാജ്യത്തിൻ്റെ ഔദ്യോഗിക ഭാഷകളാക്കുകയും ഇംഗ്ലീഷിനെ "ലിങ്ക് ലാംഗ്വേജ്" ആയി പ്രഖ്യാപിക്കുകയും ചെയ്തത്. കൂടാതെ ശ്രീലങ്കയിൽ പ്രവിശ്യാ കൗൺസിലുകൾ സൃഷ്ടി ച്ചിരുന്നു.

സിംഹള വംശീയതയെ കൂട്ടുപിടിച്ച  'മാർക്സിസ്റ്റ്'; അനുര കുമാര ദിസനായകെ ശ്രീലങ്കയിൽ അധികാരത്തിലെത്തുമ്പോൾ
ശ്രീലങ്കയ്ക്ക് ഒരു 'മാർക്സിസ്റ്റ് ' പ്രസിഡന്റുണ്ടാവുമോ? നിർണായക തിരഞ്ഞെടുപ്പ് നാളെ

അത്തരത്തിലുള്ള ഇന്ത്യ വിരുദ്ധതയ്ക്ക് നിലവിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ചൈനയുമായുള്ള പ്രത്യയശാസ്ത്രപരമായും അല്ലാതെയുമുള്ള ദിസനായകെയുടെ അടുപ്പം ഇന്ത്യയെ വലയ്ക്കുന്നുണ്ട്. അടുത്തിടെ ബംഗ്ലാദേശിൽ ഉൾപ്പെടെ ഇന്ത്യയുമായി സൗഹൃദമുണ്ടായിരുന്ന ഷെയ്ഖ് ഹസീന ഭരണകൂടം പുറത്താക്കപ്പെട്ടിരുന്നു. ഇത് ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ പിടി അയയ്ക്കാനും ചൈനീസ് ആധിപത്യം വർധിക്കാനും വലിയ തോതിൽ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയുടെ പ്രിയങ്കരനായിരുന്നു റെനിൽ വിക്രമസിംഗെ പുറത്താവുകയും ദിസനായകെ അധികാരത്തിലേറുകയും ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in