ചന്ദ്രബാബു നായിഡുവിന്റെ അപ്രതീക്ഷിത അറസ്റ്റ്: എന്താണ് എ പി സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി
മാനവ വിഭവശേഷി വികസനവുമായി ബന്ധപ്പെട്ട് 250 കോടി രൂപയുടെ അഴിമതി നടത്തിയെന്ന കേസിൽ അറസ്റ്റിലായിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. കേസിൽ ഒന്നാംപ്രതിയാണ് ചന്ദ്രബാബു നായിഡു. സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയർ ഓഫ് ഇന്ത്യ എന്ന കമ്പനി സർക്കാരിൽനിന്ന് കോടികൾ തട്ടിയെന്നതാണ് കേസ്. 2021ലാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
എന്താണ് എപി സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അഴിമതി?
തൊഴിൽ രഹിതരായ യുവാക്കൾക്ക് നൈപുണ്യ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ടിഡിപി സർക്കാർ 2016-ൽ എ പി സ്റ്റേറ്റ് സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എപിഎസ്എസ്‌ഡിസി) എന്ന പദ്ധതി ആരംഭിച്ചിരുന്നു. 3,300 കോടി രൂപയുടെ ഈ പദ്ധതിയിൽ അഴിമതി നടന്നുവെന്ന് കണ്ടെത്തിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനെത്തുടർന്ന് ആന്ധ്രാപ്രദേശ് പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് മാർച്ചിൽ അന്വേഷണം ആരംഭിച്ചു.
2016ൽ എപിഎസ്എസ്ഡിസി സിഇഒയായിരുന്ന ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ് (ഐആർടിഎസ്) മുൻ ഉദ്യോഗസ്ഥൻ അർജ ശ്രീകാന്തിന് നോട്ടീസ് നൽകിയതിനെത്തുടർന്നാണ് അന്വേഷണത്തിന്റെ തുടക്കം. കേസിൽ കുറ്റക്കാരനെന്ന് ആരോപിക്കപ്പെട്ട വ്യക്തിയുടെയും മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസന്വേഷണം.
സിഐഡിയുടെ പ്രാഥമിക കണ്ടെത്തലുകൾ
3,300 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട് ടിഡിപി സർക്കാർ ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഈ ധാരണാപത്രത്തിൽ സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്വെയർ ഇന്ത്യ ലിമിറ്റഡുമായും ഡിസൈൻ ടെക് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായും ഒരു കൺസോർഷ്യവും ഉൾപ്പെടുന്നു. നൈപുണ്യ വികസന പരിശീലനവുമായി ബന്ധപ്പെട്ട് ആറ് കേന്ദ്രങ്ങൾ സ്ഥാപിക്കാനായി സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്‌വെയർ ഇന്ത്യയെയാണ് സർക്കാർ ചുമതലപ്പെടുത്തിയത്.
മൊത്തം പദ്ധതിച്ചെലവിന്റെ ഏകദേശം 10 ശതമാനം സംസ്ഥാന സർക്കാരാണ് നൽകേണ്ടത്. ബാക്കി തുക സീമെൻസും ഡിസൈൻ ടെക്കും ഗ്രാന്റായി നൽകുമെന്നുമായിരുന്നു ധാരണ. എന്നാൽ സാധാരണ ടെൻഡർ നടപടികളിൽ സ്വീകരിക്കേണ്ട നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നില്ല. അതുപോലെ ഫണ്ട് വിനിയോഗത്തിലും ദുരുപയോഗം കണ്ടെത്തി.
അന്വേഷണത്തിൽ സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്വെയർ ഇന്ത്യ പദ്ധതിയിൽ നിക്ഷേപങ്ങൾ ഒന്നും നടത്തിയില്ലെന്നും പകരം സംസ്ഥാനം അനുവദിച്ച 371 കോടി രൂപ വിവിധ ഷെൽ കമ്പനികൾക്കായി വകമാറ്റിയതായും കണ്ടെത്തി. അലൈഡ് കമ്പ്യൂട്ടറുകൾ, സ്‌കില്ലേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, നോളജ് പോഡിയം, കാഡൻസ് പാർട്‌ണേഴ്‌സ്, ഇടിഎ ഗ്രീൻസ് എന്നിവയുൾപ്പെടെയുള്ള ഷെൽ കമ്പനികളിലേക്കാണ് പദ്ധതിക്കായി ഉദ്ദേശിച്ച ഫണ്ടുകൾ നിക്ഷേപിക്കപ്പെട്ടത്.
തുടർന്ന് സീമെൻസ് ഗ്ലോബൽ കോർപറേറ്റ് ഓഫീസ് പദ്ധതിയെക്കുറിച്ച് ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ഷെൽ കമ്പനികൾക്ക് സർക്കാർ അനുവദിച്ച ഫണ്ട് ഹവാല ഇടപാടുകൾക്കുവേണ്ടി പ്രോജക്ട് മാനേജർ ദുരുപയോഗം ചെയ്തതായി കണ്ടെത്തി. ഇതേത്തുടർന്ന് പ്രോജക്ട് മാനേജരെ പിരിച്ചുവിട്ടു.
പിന്നീട്, ഖജനാവിൽനിന്ന് ഫണ്ട് കൈമാറ്റം ചെയ്തതിലെ പാളിച്ചകൾ ജഗൻ മോഹൻ റെഡ്ഡി സർക്കാർ കണ്ടെത്തി. കൂടാതെ അന്നത്തെ പ്രിൻസിപ്പൽ ഫിനാൻസ് സെക്രട്ടറിയും അന്നത്തെ ചീഫ് സെക്രട്ടറിയും ഫയലുകളിൽ ഒപ്പുവച്ചിട്ടില്ലെന്നും കണ്ടെത്തി. രേഖകൾ നശിപ്പിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടുണ്ട്.
ഫണ്ട് അനുവദിക്കാൻ ധനവകുപ്പ് ഉദ്യോഗസ്ഥർ എതിർപ്പ് ഉന്നയിച്ചപ്പോഴും ചന്ദ്രബാബു നായിഡു ഉടൻ പണം അനുവദിക്കാൻ ഉത്തരവിട്ടതായും ആരോപണമുണ്ട്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ സർക്കാരിലെ പ്രധാന ഉദ്യോഗസ്ഥർ ഫണ്ട് അനുവദിക്കുന്നതിൽ പങ്കുവഹിച്ചതായി റിപ്പോർട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് മാർച്ച് നാലിന്, സൗമ്യാദ്രി ശേഖർ ബോസ് (സീമെൻസ് ഇൻഡസ്ട്രി സോഫ്റ്റ്വെയർ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ മുൻ എംഡി), വികാസ് വിനായക് ഖാൻവാൽക്കർ (പൂനെയിലെ ഡിസൈൻടെക് സിസ്റ്റംസ് ലിമിറ്റഡിന്റെ എംഡി), മുകുൾ ചന്ദ്ര അഗർവാൾ (സീമെൻസിലെ സാമ്പത്തിക ഉപദേഷ്ടാവ്), സുരേഷ് ഗോയൽ (എസ്എസ്ആർഎ ആൻഡ് അസോസിയേറ്റ്‌സിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ്) എന്നിവരെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു.