'മുല്ലപ്പൂ വിപ്ലവം 2.0' ഭയന്ന് അറബ് ഭരണകൂടങ്ങള്‍; പലസ്തീനികളോട് മുഖം തിരിക്കുമ്പോള്‍

'മുല്ലപ്പൂ വിപ്ലവം 2.0' ഭയന്ന് അറബ് ഭരണകൂടങ്ങള്‍; പലസ്തീനികളോട് മുഖം തിരിക്കുമ്പോള്‍

1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനായി സയണിസ്റ്റ് ശക്തികൾ പലസ്തീനിൽ വംശീയ ഉന്മൂലനം ആരംഭിച്ചപ്പോൾ ഒന്നടങ്കം പ്രതികരിച്ച അറബ് ലോകം ഇന്ന് എവിടെയുമില്ല
Updated on
3 min read

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വളരെ അറബ് ഭരണാധികാരികള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്ര വലിയ വംശഹത്യകൾ നടക്കുമ്പോഴും ഇസ്രയേലിനെയോ അമേരിക്കയെയോ പിണക്കിക്കൊണ്ടൊരു നിലപാടിലേക്ക് പോകാൻ അടുത്തിടെ ചേർന്ന 57 അറബ്- മുസ്ലിം രാജ്യങ്ങളുടെ ഉച്ചകോടി തയ്യാറായിരുന്നില്ല. പലസ്തീനുവേണ്ടി ഒരിക്കൽ ആയുധമെടുത്ത അറബ് രാജ്യങ്ങൾ പോലും വെറും വാക്കുകളിൽ മാത്രമായി ഇന്ന് പ്രതികരണങ്ങൾ ഒതുക്കുകയാണ്.

പലസ്തീനിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടാൽ തങ്ങളുടെ ജനതയും രാജവാഴ്ചയെ ചവിട്ടുകൊട്ടയിലെറിയാൻ തെരുവിലിറങ്ങുമെന്ന ഭയവും അറബ് ഭരണാധികാരികളെ പിടികൂടിയിട്ടുണ്ടാകണം

ഗാസയിലെ ഇസ്രയേൽ ആക്രമണം, യുദ്ധക്കുറ്റങ്ങൾ, അധിനിവേശ സർക്കാരിന്റെ ക്രൂരവും മനുഷ്യത്വരഹിതവുമായ കൂട്ടക്കൊലകൾ എന്നിവയെ അപലപിക്കുക മാത്രം ചെയ്തുകൊണ്ടായിരുന്നു സൗദി അറേബ്യയിൽ നടന്ന ഉച്ചകോടി അവസാനിച്ചത്. ഇസ്രയേലിനെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യമുയർന്നിട്ടും സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ അതിനെ എതിർത്തുവെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ പ്രസ്താവനകൾ വെള്ളത്തിൽ വരച്ച വരയുടെ ഫലം മാത്രമാണുണ്ടാക്കിയത്. ഒപ്പം കൂട്ടക്കുരുതികൾ ഇസ്രയേൽ അനുസ്യൂതം തുടരുകയും ചെയ്യുന്നു. കൂടാതെ ഒക്‌ടോബർ 11-ന് കെയ്‌റോയിൽ നടന്ന അറബ് ലീഗ് യോഗത്തിൽ, ഇരയെയും വേട്ടക്കാരനെയും സമീകരിക്കുന്ന തരത്തിലായിരുന്നു അറബ് വിദേശകാര്യ മന്ത്രിമാരുടെ അപലപനം.

സൗദി അറേബ്യയിൽ നടന്ന ഉച്ചകോടി
സൗദി അറേബ്യയിൽ നടന്ന ഉച്ചകോടി

വ്യർത്ഥമായ അപലപനങ്ങളും പ്രതിഷേധ പ്രസ്താവനകളും മാത്രമേ അറബ് രാജ്യങ്ങൾ നടത്തുകയുള്ളു എന്ന ഉറപ്പാണ് കൂട്ടക്കുരുതികൾക്കും അധിനിവേശങ്ങൾക്കുമുള്ള സയണിസ്റ്റ് ഭരണകൂടത്തിന്റെ കരുത്ത്

1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കുന്നതിനായി സയണിസ്റ്റ് ശക്തികൾ പലസ്തീനിൽ വംശീയ ഉന്മൂലനം ആരംഭിച്ചപ്പോൾ ഒന്നടങ്കം പ്രതികരിച്ച അറബ് ലോകത്തെ ഇന്ന് എവിടെയും കാണാനില്ല. റിപ്പബ്ലിക്കുകളും രാജവാഴ്ചയുമൊക്കെയുള്ള അറബ് ഭരണകൂടങ്ങൾ സ്ഥാപിതമായതോടെയാണ് പലസ്തീന് വേണ്ടിയുള്ള അറബ് നേതാക്കളുടെ പോരാട്ടങ്ങൾക്ക് ശക്തി ക്ഷയിച്ച് തുടങ്ങിയത്.

അറബ് രാജ്യങ്ങളും പലസ്തീന്‍ വിമുഖതയും

ജനാധിപത്യ വിരുദ്ധതയും ഇസ്രയേലിന്റെ കാവൽ മാലാഖയായ അമേരിക്കയോടുള്ള ആശ്രിതത്വവുമാണ് പലസ്തീന് നേരെയുള്ള അറബ് ഭരണകൂടങ്ങളുടെ ഉദാസീനതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ. പലസ്തീനിൽ ജനാധിപത്യം സ്ഥാപിക്കപ്പെട്ടാൽ തങ്ങളുടെ ജനതയും രാജവാഴ്ചയെ ചവിട്ടുകൊട്ടയിലെറിയാൻ തെരുവിലിറങ്ങുമെന്ന ഭയവും അറബ് ഭരണാധികാരികളെ പിടികൂടിയിട്ടുണ്ടാകണം. 'മുല്ലപ്പൂ വിപ്ലവം 2.0' എന്ന പേടിസ്വപ്നവും പലസ്തീന് നേരെയുള്ള അറബ് രാജ്യങ്ങളുടെ വിമുഖതയിൽ ഉൾച്ചേർന്നിട്ടുണ്ട്.

സ്വേച്ഛാധിപത്യ അറബ് രാഷ്ട്രീയ ക്രമത്തിന്റെ മറ്റൊരു മുഖമായി മാറിയ പലസ്തീനിയൻ അതോറിറ്റിയെയാണ് മിക്ക അറബ് ഭരണകൂടങ്ങളും പിന്തുണയ്ക്കുന്നത്.

അബ്രഹാം അക്കോർഡ്
അബ്രഹാം അക്കോർഡ്

പലസ്തീൻ ആവശ്യത്തിനുള്ള ഔദ്യോഗിക അറബ് പിന്തുണ കുറയാൻ തുടങ്ങുന്നത് 1979-ൽ ഇസ്രയേലുമായി സമാധാന ഉടമ്പടി ഒപ്പിടാനുള്ള ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിന്റെ തീരുമാനത്തോടെയാണ്. മൂന്ന് വർഷത്തിന് ശേഷം, പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെ (പിഎൽഒ) ലെബനനിൽനിന്ന് പുറത്താക്കാനുള്ള ഇസ്രയേൽ ആക്രമണത്തിന് മൗനാനുവാദം നൽകിയതും ഇതിന്റെ ഭാഗമായിരുന്നു. അതുപിന്നീട് എത്തിനിന്നത് 2020ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കാർമികത്വത്തിൽ ഇസ്രയേലുമായി ഒപ്പിട്ട അബ്രഹാം അക്കോർഡിലാണ്.

വൻ ശക്തിയുടെ 'കോപം' ഭയന്ന് മേഖലയിലെ സമാധാന ശ്രമങ്ങളുടെ നിയന്ത്രണം അമേരിക്കയുടെ കാല്‍ക്കല്‍ അറബ് ഭരണകൂടങ്ങൾ അടിയറവ് വച്ചിട്ട് കാലങ്ങളായി

പലസ്തീനിയൻ വിഷയം എല്ലായ്പ്പോഴും അറബ് പൊതുമണ്ഡലത്തിൽ വലിയൊരു പ്രശ്നമായി എന്നെന്നും നിലനിന്നിട്ടുണ്ട്. വെസ്റ്റ് ബാങ്കിലും ഗാസയിലുമുള്ള അധിനിവേശവും പലസ്തീൻ ജനതയുടെ ദുരിത ജീവിതവും ഉൾപ്പെടെ ജനങ്ങൾക്കിടയിൽ അലയടിക്കുന്ന പലസ്‌തീൻ അനുകൂല മനോഭാവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുക മാത്രമാണ് നിലവിൽ അറബ് ഭരണാധികാരികൾ ചെയ്യുന്നത്.

സ്വേച്ഛാധിപത്യ അറബ് രാഷ്ട്രീയ ക്രമത്തിന്റെ മറ്റൊരു മുഖമായി മാറിയ പലസ്തീനിയൻ അതോറിറ്റിയെയാണ് മിക്ക അറബ് ഭരണകൂടങ്ങളും പിന്തുണയ്ക്കുന്നത്. പലസ്തീനിൽ ഹമാസും പിഎയും തമ്മിലുള്ള അനൈക്യത്തെ കുറ്റപ്പെടുത്തുകയും പിഎയിലൂടെ പലസ്തീനികളെ പിന്തുണയ്ക്കുന്നതായി നടിക്കുകയും ചെയ്തുകൊണ്ട്, അറബ് ഭരണകൂടങ്ങൾ അവരോടുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

ബൈഡന്‍ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം
ബൈഡന്‍ മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം

അമേരിക്കയോടുള്ള വിധേയത്വം

വൻ ശക്തിയുടെ 'കോപം' ഭയന്ന് മേഖലയിലെ സമാധാന ശ്രമങ്ങളുടെ നിയന്ത്രണം അമേരിക്കയുടെ കാല്‍ക്കല്‍ അറബ് ഭരണകൂടങ്ങൾ അടിയറവ് വച്ചിട്ട് കാലങ്ങളായി. പ്രത്യേകിച്ചും ഈജിപ്തിന്‍റെ അബ്ദുല്‍ ഫത്തഹ് അല്‍ സിസിയെ പോലുള്ളവർ. പലസ്തീനിനെ സംബന്ധിച്ച തീരുമാനങ്ങൾ സ്വാധീനിക്കുന്നതിൽ അറബ് നേതാക്കൾക്ക് ഇടമില്ലാതാക്കിയതിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നാണിത്. തങ്ങളുടെ രാഷ്ട്രീയ നിലനിൽപ്പിന്റെയും സങ്കുചിത സാമ്പത്തിക താത്പര്യങ്ങളുടെയും പ്രധാന അംബാസഡറായി അമേരിക്കയെ അറബ് രാജ്യങ്ങൾ കണ്ടതും പതിയെ പലസ്തീന് ജനതയെ അവരുടെ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിന് കാരണമായിരുന്നു.

വ്യർത്ഥമായ അപലപനങ്ങളും പ്രതിഷേധ പ്രസ്താവനകളും മാത്രമേ അറബ് രാജ്യങ്ങൾ നടത്തുകയുള്ളു എന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ ഉറപ്പാണ് കൂട്ടക്കുരുതികൾക്കും അധിനിവേശങ്ങൾക്കുമുള്ള ഇസ്രായേലി കരുത്ത്. ഇനി ഒരുനാൾ പലസ്തീനികളെ ആത്മാർഥമായി സഹായിക്കാന്‍ അറബ് ലോകത്തെ മുന്നോട്ടുകൊണ്ടുവരണമെങ്കില്‍ ജനാധിപത്യവത്യമെന്ന മഹത്തായ ആശയത്തിനേ അത് സാധിക്കൂ.

logo
The Fourth
www.thefourthnews.in