സ്‌ട്രോങ്ങാണ് ! പക്ഷേ, വേണം ഒരു കൈത്താങ്ങ്!

പവര്‍ലിഫിറ്റിങ്ങല്‍ രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍, ഒരു തവണ സ്‌ട്രോങ്ങ് വുമണ്‍ ഓഫ് ഏഷ്യ അങ്ങനെ നേട്ടങ്ങള്‍ നിരവധി സ്വന്തമാക്കിയിട്ടുണ്ട് അഞ്ജന

പരിമിതികളെ കരുത്താക്കിയാണ് കോഴിക്കോട്ടുകാരി അഞ്ജന കൃഷ്ണ റൊമാനിയയില്‍ വച്ച് നടക്കുന്ന ലോക സബ്ജൂനിയര്‍ ആന്‍ഡ് ജൂനിയര്‍ പവര്‍ ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടിയത്. പവര്‍ലിഫ്റ്റിങ്ങില്‍ രണ്ട് തവണ ഏഷ്യന്‍ ചാമ്പ്യന്‍, ഒരു തവണ സ്‌ട്രോങ്ങ് വുമണ്‍ ഓഫ് ഏഷ്യ അങ്ങനെ നിരവധി നേട്ടങ്ങള്‍ അഞ്ജന ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. പക്ഷെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയിട്ടും പണമില്ലാത്തതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയിലാണ് അഞ്ജനയും കോച്ചായ അച്ഛന്‍ അനില്‍ കുമാറും.

ആഗസ്റ്റ് 23 മുതല്‍ സെപ്റ്റംബര്‍ 3 വരെ റൊമാനിയയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. യാത്രാ ചെലവും എന്‍ട്രി ഫീയും താമസവും മറ്റ് ചെലവുകളുമൊക്കെയായി 2 ലക്ഷത്തോളം രൂപ ആവശ്യമുണ്ട്. അഞ്ജനയുടെ അച്ഛന്‍ തന്നെയാണ് പരിശീലകൻ. രണ്ടുപേർക്കുമായി ഭീമമായ തുക ആവശ്യമായതിനാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗത്ത് നിന്ന് സഹായങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. മുന്‍പ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയാണ് പോയതെന്നും അഞ്ജനയുടെ അച്ഛന്‍ അനില്‍ കുമാര്‍ പറയുന്നു. പവര്‍ലിഫ്റ്റിങ്ങില്‍ ദേശീയ - അന്തര്‍ദേശിയ തലങ്ങളില്‍ നിരവധി നേട്ടങ്ങള്‍ കൈവരിച്ച അഞ്ജന പഠനത്തിലും മിടുക്കിയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in