കുടിയിറക്കപ്പെടുന്ന ദളിതര്‍; പടിയിറങ്ങുന്ന ദൈവം

ദൈവങ്ങളെ പടിയടച്ചു പിണ്ഡം വെച്ചിരിക്കുകയാണ് രമേശും ഭാര്യ ശോഭയും മകന്‍ ചേതനും . അവരുടെ ദൈവം ഇനി അംബേദ്കറാണ്

ദൈവങ്ങളോട് കടക്കൂ പുറത്തെന്ന് പറഞ്ഞിരിക്കുകയാണ് കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ ഉള്ളെരഹള്ളിയിലെ ഒരു കുടുംബം . ഇന്നലെ വരെ പൂജിച്ചിരുന്ന - പ്രാര്‍ത്ഥിച്ചിരുന്ന ഗണപതിയും , അയ്യപ്പനും , കൃഷ്ണനുമൊക്കെ ഇന്ന് പടിക്കു പുറത്താണ് സ്ഥാനം . പകരം കീഴാളന്റെ ദൈവം കുടിയേറുകയാണ്

അംബേദ്കറിന്റെ ഛായാ ചിത്രത്തില്‍ പൂക്കളര്‍പ്പിച്ചു ശോഭ വിവരിക്കുകയാണ് ദൈവങ്ങളെ പടിയിറക്കിയ കഥ . ശോഭയും ഭര്‍ത്താവ് രമേശും മകന്‍ ചേതനും അടങ്ങുന്ന കുടുംബം ഉള്ളേരഹള്ളിയിലെ ഭൂതമ്മ ക്ഷേത്രത്തിനു സമീപമായിരുന്നു മുന്‍പ് താമസിച്ചിരുന്നത് . അവിടെ നിന്നും മേല്‍ജാതിക്കാരായ വൊക്കലിഗ വിഭാഗം ഇവരെ ആട്ടി ഓടിച്ചു . 200 മീറ്റര്‍ മാറി സര്‍ക്കാര്‍ ഭൂമിയിലേക്ക് അവര്‍ കുടിയേറി . ആള്‍പ്പാര്‍പ്പില്ലാത്ത വന്യ ജീവികള്‍ ഇറങ്ങുന്ന ഇടം .

മകന്‍ ചേതന്‍ പഴയ ക്ഷേത്രത്തിനു സമീപം എന്നും പോകും . കഴിഞ്ഞ സെപ്റ്റംബര്‍ 8 ന് ഭൂതമ്മ ക്ഷേത്രത്തില്‍ ഉത്സവം നടന്നു . ദേവിയെ എഴുന്നള്ളിപ്പിന് പുറത്തേക്കെടുത്തപ്പോള്‍ അവന്‍ വിഗ്രഹം ഉറപ്പിച്ച മരപലകയില്‍ ഒന്ന് തൊട്ടു . ക്ഷേത്ര ഭാരവാഹികള്‍ക്ക് അരിശം വന്നു . അവര്‍ ചേതനെ ശകാരിച്ചു, അവിടെ നിന്നും മാറ്റി നിര്‍ത്തി . അവന്‍ കരഞ്ഞു കൊണ്ട് വീട്ടില്‍ വന്നു . വൈകുന്നേരമായപ്പോള്‍ ക്ഷേത്ര ഭാരവാഹികളും നാട്ടുപ്രമാണിമാരും വന്നു .' നിങ്ങളൊക്കെ നിലമറന്നു പെരുമാറരുത് . നില്‍ക്കേണ്ട ഇടത്തു നില്‍ക്കണം. ചെറുക്കന്‍ തൊട്ട് ദേവീ വിഗ്രഹം അശുദ്ധമായി . ഇനി ശുദ്ധികര്‍മങ്ങള്‍ ചെയ്താലേ ഞങ്ങളെ പോലുള്ളവര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പറ്റൂ . 60000 രൂപ ചെലവ് വരും . അത് നിങ്ങള്‍ തരണം '. ക്ഷേത്ര ഭാരവാഹി അറിയിച്ചു

അത്രയും പണം കൈവശമില്ലെന്നു ഭര്‍ത്താവ് രമേശ് അറിയിച്ചു . അപകടത്തില്‍ മുതുകിനു പരുക്കേറ്റ് ജോലിക്കു പോകാനാവാതെ സാഹചര്യം അവരെ അറിയിച്ചു . ശോഭ വീടുകളില്‍ സഹായിക്കാന്‍ പോയി കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഏക ആശ്രയം . മകന്റെ പഠനവും വഴി ആധാരമാകും . ചെറിയ കുട്ടിയല്ലേ അവന്‍ ബുദ്ധി മോശം കാണിച്ചതാണ് ഇത്തവണ ക്ഷമിക്കണമെന്നും പറഞ്ഞു നോക്കി . അവര്‍ ഞങ്ങളെ കേട്ടതേയില്ല . 'പണം നല്‍കാനായില്ലെങ്കില്‍ നാടുവിട്ടു പോകാന്‍ പറഞ്ഞു . ഇല്ലെങ്കില്‍ വീട് ഇടിച്ചു പൊളിക്കുമെന്നു ഭീഷണി മുഴക്കി . ഞങ്ങള്‍ എങ്ങോട്ടു പോകാന്‍ . വിവരങ്ങള്‍ അറിഞ്ഞു ദളിത് സംഘടനകള്‍ ഇടപെട്ടു . അവര്‍ ഉള്ളേരഹള്ളിയില്‍ എത്തി . പോലീസ് വന്നു കേസായി ക്ഷേത്ര ഭാരവാഹികളെയും അവര്‍ക്കു ഒത്താശ ചെയ്ത പഞ്ചായത്ത് അധികൃതരെയും പോലീസ് അറസ്റ്റു ചെയ്തു .

ശോഭയും രമേശും ചേതനും നേരിട്ട വിവേചനം ഒറ്റപ്പെട്ട സംഭവമല്ല കര്‍ണാടകയില്‍. ഒളിഞ്ഞും തെളിഞ്ഞും ദളിതർക്ക് നേരെയുള്ള അതിക്രമങ്ങള്‍ പതിവാണ് ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ . കീഴാളര്‍ എന്നാല്‍ പൊതു ഇടങ്ങളെല്ലാം അന്യമായവരാണ് . പൊതു കിണറുകളും പൊതു ടാപ്പുകളും പൊതു ശൗചാലയങ്ങളുമൊന്നും ഉപയോഗിക്കാന്‍ അനുമതി ഇല്ലാത്തവര്‍ . ദളിതർ പ്രവേശിക്കുമോ എന്ന് ഭയന്ന് ക്ഷേത്ര ഉത്സവങ്ങള്‍ പോലും വേണ്ടെന്നു വെക്കുന്ന ഗ്രാമങ്ങള്‍ ഉണ്ട് കര്‍ണാടകയില്‍ .

Related Stories

No stories found.
logo
The Fourth
www.thefourthnews.in