പോരാട്ടം തുടരുന്ന ബില്‍ക്കിസും യാക്കൂബും
''അതൊരു വേനൽക്കാലമായിരുന്നു, മകളടക്കം ഞങ്ങൾ മൂന്ന് പേർ സന്തോഷകരമായി പോകുകയായിരുന്നു, ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു. വീട്ടിലേക്ക് പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപം ഗ്രാമങ്ങളിലേക്കും എത്തിയപ്പോൾ അവിടെ നിന്ന് ട്രക്കിൽ കയറി രക്ഷപ്പെടാനായി ഞങ്ങളുടെ ശ്രമം. ട്രക്കിൽ മകളും ബിൽകിസ് ബാനുവുമടക്കം ഞങ്ങൾ 17 പേർ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അവർ വന്നത്. ജീവൻ രക്ഷിക്കാനായി ഓരോരുത്തരും ഓരോ വഴിക്ക് ഓടി. പക്ഷേ ട്രക്കിലുണ്ടായിരുന്ന പതിനേഴ് പേരിൽ സ്ത്രീകളെ അവർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കുഞ്ഞുങ്ങളടക്കം 14 പേരെ അവർ കൊലപ്പെടുത്തി. ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങൾ. ഞങ്ങളുടെ കുഞ്ഞിനെയും വെറുതെവിട്ടില്ല. മൂന്നുവയസ്സുകാരിയായ സലേഹയുടെ തല കല്ലിൽ അടിച്ച് അക്രമികൾ കൊലപ്പെടുത്തി.
കൂട്ടബലാൽസംഗത്തിനുശേഷം മരിച്ചെന്ന് കരുതി ബില്‍ക്കിസ് ബാനുവിനെ അവർ വഴിയിൽ ഉപേക്ഷിച്ചു. ഞാൻ ഓടി എങ്ങനെയോ ക്യാമ്പിലെത്തി. ദിവസങ്ങളോളം ആരെക്കുറിച്ചും വാർത്തകളൊന്നും കേൾക്കാതെയായതോടെ ബിൽകിസ് മരിച്ചെന്നായിരുന്നു ഞാനും കരുതിയത്. പക്ഷേ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ബിൽക്കിസ് എന്ന സ്ത്രീയെക്കുറിച്ച് ഒരു പത്രത്തിൽ വന്ന ഒരു റിപ്പോർട്ട് ഞാൻ വായിച്ചു. ഞാൻ ഉടനെ ഗോധ്രയിലെ ക്യാമ്പിലേക്ക് ഓടി, അവിടെ എന്റെ ഭാര്യയെ കണ്ടെത്തി.
ഞാനവളെ കെട്ടിപ്പിടിച്ച് തുടർന്നുമുള്ള ജീവിതത്തിലും പോരാട്ടത്തിലും അവൾക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി. ആ ദിവസത്തിന് വർഷങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ബില്‍ക്കിസിനൊപ്പം ഞങ്ങളുടെ വിജയത്തിൽ ആഹ്ളാദിക്കാൻ ഇവിടെ എത്തിയതിൽ സന്തോഷമുണ്ട്,'' 2017 ൽ ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ബോംബ ഹൈക്കോടതി ശരിവെച്ച ശേഷം ദി സിറ്റിസൺ എന്ന മാധ്യമത്തിനോട് ബിൽക്കിസ് ബാനുവിന്റെ പങ്കാളി യാക്കൂബ് റസൽ പട്ടേൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
നീണ്ട ഇരുപത്തിരണ്ട് വർഷമായി ബില്‍ക്കിസ് ബാനു തന്റെ പോരാട്ടം ആരംഭിച്ചിട്ട്. 2002ൽ ഗോധ്ര ട്രെയിൻ കത്തിച്ച സംഭവത്തിനുപിന്നാലെ ഗുജറാത്തിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിനിടെയാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബില്‍ക്കിസിനെ രൺദിക്പൂരിൽ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും മകളടക്കം കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തത്.
ആൾകൂട്ടങ്ങളിൽനിന്ന് അകന്ന് നീതിക്കായി പോരാടിയ ആ സ്ത്രീക്ക് കൂട്ടായി യാക്കൂബ് റസൽ പട്ടേൽ എന്ന ഭർത്താവുണ്ടായിരുന്നു. പക്ഷേ അവരുടെ പേരാട്ടത്തെ തളർത്തുന്നതായിരുന്നു ഗുജറാത്ത് സർക്കാരിന്റെ നടപടി. 2017ൽ നിന്ന് 2022 ൽ എത്തിയപ്പോൾ ആ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സർക്കാർ 'നല്ല നടപ്പ്' കാരണം വെറുതെ വിട്ടു.
'ഇത്രയും ദൂരം പിന്നിടാനെടുത്ത പ്രയത്‌നം അവൾ ഒരിക്കലും മറക്കില്ല. തളരില്ല എന്ന് തീരുമാനിച്ചതാണ്,' എന്നായിരുന്നു യാക്കൂബ് അന്ന് പറഞ്ഞത്. അഞ്ച് മാസങ്ങൾക്കിപ്പുറം ഗുജറാത്ത് സർക്കാരിന്റെ നടപടി സുപ്രീംകോടതി തള്ളി. പ്രതികളെ വിട്ടയയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഈ നീണ്ട പോരാട്ടങ്ങൾക്കൊക്കെ ബിൽകിസിനെ തളർന്നുപോകാതെ കൂട്ടായിരുന്നത് യാക്കൂബായിരുന്നു. 1998 ലായിരുന്നു ബില്‍ക്കിസും യാക്കൂബും തമ്മിലുള്ള വിവാഹം. 2002ലെ ഗുജറാത്ത് കലാപം വരെ സന്തോഷകരമായ കുടുംബജീവിതമായിരുന്നു തങ്ങൾ നയിച്ചതെന്ന് യാക്കൂബ് ഒരിക്കൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
''മകളടക്കം ഞങ്ങൾ മൂന്ന് പേർ സന്തോഷകരമായി പോകുകയായിരുന്നു, ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗർഭിണിയായിരുന്നു. വീട്ടിലേക്ക് പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വർഗീയകലാപം പൊട്ടിപുറപ്പെട്ടത്. അന്ന് ആയിരക്കണക്കിന് ആളുകളുടെ ജീവിതവും സ്വപ്നങ്ങളുമാണ് കലാപം തകർത്തത്. അന്നത്തെ കലാപം മനസ്സിൽ മായാത്ത മുറിപ്പാടുകൾ അവശേഷിപ്പിക്കുന്നുണ്ട്,'' എന്നായിരുന്നു 2017 ൽ കോടതി വിധിക്ക് പിന്നാലെ യാക്കൂബിന്റെ പ്രതികരണം.
''ഒരിക്കലും നമ്മൾ സമൂഹത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങരുത്, കൂട്ടബലാത്സംഗം പോലെ ക്രൂരമായ കുറ്റകൃത്യത്തിന് ഇരയാവുന്ന ഭാര്യമാർക്കൊപ്പം ഒരോ ഭർത്താവും നിൽക്കണം,'' എന്നും ദി സിറ്റിസൺസിന് യാക്കൂബ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വ്യവസ്ഥാപിതമായ ഇന്ത്യൻ പൊതുബോധത്തിന് എതിരായിരുന്നു യാക്കൂബിന്റെയും ബില്‍ക്കിസിന്റെയും പോരാട്ടം.
പുരുഷകേന്ദ്രീകൃതമായ ഇന്ത്യൻ സമൂഹത്തിന്റെ 'പൊതുബോധത്തിന്' യാക്കൂബ് ഒരു അത്ഭുതമായിരുന്നു. 20 വർഷത്തിലധികമായുള്ള നിയമപോരാട്ടത്തിൽ ഒരിക്കൽ പോലും പുറകോട്ടുപോകാൻ ആ ദമ്പതികൾ തയ്യാറായിരുന്നില്ല. ഗോധ്ര കലാപത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ബിൽക്കിസ് ബാനുവും കുടുംബവും ആക്രമിക്കപ്പെടുന്നത്. പിന്നീട് 2004 ലാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചതിനെത്തുടർന്ന് ബിൽകിസ് ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകുകയും ചെയ്തു. സി ബി ഐ അന്വേഷണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി അംഗീകരിച്ചു. തുടർന്ന് കേസിൽ കേസിന്റെ വിചാരണ ഗുജറാത്തിന് പുറത്തേക്ക് മാറ്റുകയും പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയും ചെയ്തു.
19 പേർക്കെതിരെയും ആറ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഒരു സർക്കാർ ഡോക്ടർക്കെതിരെയും സിബിഐ മുംബൈ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2008 ജനുവരിയിൽ, ബലാത്സംഗത്തിനും കൊലപാതകത്തിനും പതിനൊന്ന് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വ്യാജ തെളിവുകൾ സൃഷ്ടിച്ചതിന് ഒരു പോലീസുകാരനെയും ശിക്ഷിച്ചു. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിനും കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയതിനും ശിക്ഷിക്കപ്പെട്ട പതിനൊന്ന് പേരുടെ ജീവപര്യന്തം തടവ് 2017 മേയ് എട്ടിന് ബോംബെ ഹൈക്കോടതി ശരിവച്ചു. 2019 ൽ സുപ്രീം കോടതി ബിൽക്കിസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു. സിപിഎം, തൃണമൂൽ നേതാക്കളും ബില്‍ക്കിസിന്റെ പോരാട്ടത്തിനൊപ്പമുണ്ടായിരുന്നു.
ബിൽക്കിസിനൊപ്പം സ്വന്തം സംസ്ഥാനമായ ഗുജറാത്തിലേക്ക് മടങ്ങണമെന്നായിരുന്നു യാക്കൂബിന്റെ ആഗ്രഹം, അവിടെ പോയി പുതിയ ജീവിതം ആരംഭിക്കാനും അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ 2022 ലെ സ്വതന്ത്ര്യദിനത്തിൽ ആ പതിനൊന്ന് പ്രതികളെയും ഗുജറാത്ത് സർക്കാർ വെറുതെ വിട്ടു. ആരതിയും കുങ്കുമ കുറിയും മധുരപലഹാരങ്ങളുമായിട്ടായിരുന്നു വെറുതെവിട്ട പതിനൊന്ന് പ്രതികളെ ജയിലിന് പുറത്ത് സ്വീകരിച്ചത്. ബിജെപിയുടെ പൊതുവേദികളിലും പ്രതികൾ എത്തി. 'വീരോചിതമായ' സ്വീകരണമായിരുന്നു ഇവർക്ക് ലഭിച്ചത്.
പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെ ഗുജറാത്തിലെ രൺദിക്പൂരിലെ താമസക്കാരായിരുന്ന മുസ്ലിം കുടുംബങ്ങൾ ആ ഗ്രാമം വിട്ട് റാഹി-മാബാദ് ദുരിതാശ്വാസ കോളനിയിലെക്ക് താമസം മാറി. ഇനിയൊരു കലാപം താങ്ങാനുള്ള കരുത്തില്ലെന്നായിരുന്നു താമസം മാറിയ ആ മുസ്ലിം കുടുംബങ്ങൾ പറഞ്ഞത്. ബിൽകിസിനെ പോലെ പോരാടാനുള്ള കരുത്തോ ധൈര്യമോ തങ്ങൾക്കില്ലെന്നായിരുന്നു അന്ന് ഗ്രാമത്തിൽനിന്ന് താമസം മാറി പോയ സ്ത്രീകളിലൊരാൾ പറഞ്ഞത്.
ബിൽക്കിസിന്റെയും യാക്കൂബിന്റെയും പോരാട്ടം ഒരിക്കലും എളുപ്പമായിരുന്നില്ല. രാജ്യത്തെ പ്രബലമായ ഹിന്ദുത്വശക്തികളുടെ അനുയായികൾക്കെതിരെയായിരുന്നു അവരുടെ പേരാട്ടം. കേസിന്റെ കാലഘട്ടത്തിൽ ബിൽകിസിന്റെ സുരക്ഷയ്ക്കായി യാക്കൂബ് വീടുകൾ മാറി മാറി താമസിച്ചു. സാമ്പത്തികമായും കേസ് യാക്കൂബിനെ ഞെരിച്ചുകൊണ്ടിരുന്നു.
കുടുബത്തിനെ പോറ്റാനായി പറയത്തക്ക ജോലി യാക്കൂബിന് ഉണ്ടായിരുന്നില്ല. കേസിലെ സമ്മർദവും ഗുജറാത്ത് സർക്കാർ കേസിനോട് കാണിച്ച നിസ്സംഗതയും യാക്കൂബിന്റെയും ബില്‍ക്കിസിന്റെയും അവരുടെ കുഞ്ഞിന്റെയും ജീവിതദുരിത വർധിപ്പിച്ചു. പലപ്പോഴും ദിവസകൂലിക്കാരനായി യാക്കൂബ് ജോലി ചെയ്തു. വൈകാരികമായും സാമ്പത്തികമായും തളരുമ്പോളും ബില്‍ക്കിസിനെ തനിച്ചാക്കുന്നതിനെക്കുറിച്ചോ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ താനൊരിക്കലും ചിന്തിച്ചിട്ടില്ലെന്ന് യാക്കൂബ് പറഞ്ഞു.
താൻ ചെയ്തതിൽ ഒരു അസാധാരണ സംഭവവുമില്ലെന്ന് യാക്കൂബ് വ്യക്തമാക്കുന്നുണ്ട്. ''ജീവിതത്തിൽ എപ്പോഴും കൂടെയിരിക്കാൻ തീരുമാനിച്ച സ്ത്രീക്കൊപ്പം ഞാൻ നിന്നു. അവൾ ഒരു കുറ്റകൃത്യത്തിന്റെ ഇരയാകുന്നത് എങ്ങനെയാണ് അവളെ ഉപേക്ഷിക്കാനുള്ള കാരണമാകുന്നത്. അങ്ങനെ ചെയ്യുന്ന മനുഷ്യൻ ഭീരുവാണ് ഞാനൊരിക്കലും അങ്ങനെയൊരാളല്ല,'' എന്നും 2017 ൽ യാക്കൂബ് പറഞ്ഞിരുന്നു.
22 വർഷത്തിനുശേഷം പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സർക്കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ബിൽക്കിസിന്റെയും യാക്കൂബിന്റെയും പോരാട്ടത്തിന് കരുത്തുപകരുന്നുണ്ട്. ഒരു സ്ത്രീ, വിശ്വാസം, മതം, സാമൂഹിക പശ്ചാത്തലം എന്നിവയ്ക്കപ്പുറം ബഹുമാനം അർഹിക്കുന്നുണ്ടെന്ന് പറഞ്ഞ ജസ്റ്റിസ് ബി വി നാഗരത്‌ന, സ്ത്രീക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് നൽകാനാകുമോയെന്ന് വിധിപ്രസ്താവത്തിൽ ചോദിച്ചു.
പ്രതികൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ശിക്ഷാ ഇളവ് നൽകുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സർക്കാരിനില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംഭവം നടന്നത് ഗുജറാത്തിലാണെങ്കിലും കേസ് വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും അതിനാൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള അധികാരം മഹാരാഷ്ട്ര സർക്കാരിനായിരുന്നുവെന്നും ജസ്റ്റിസ് ഉജ്വൽ ഭുയാൻ കൂടി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.