21-ാം വയസിലെ ക്രൂരത, മകളെയും ഗർഭസ്ഥ ശിശുവിനെയും നഷ്ടപ്പെട്ട വേദന; തളരാതെ പോരാടുന്ന ബില്‍ക്കിസ് എന്ന ഫീനിക്സ്
ക്രൂരമായി പീഡിപ്പിക്കപ്പെട്ടവള്‍, സ്വന്തം കുഞ്ഞിനെ ഉള്‍പ്പെടെ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവള്‍, ഹിന്ദുത്വ ഭീകരവാദികളുടെ ഭീഷണികള്‍ വകവയ്ക്കാതെ പോരാടുന്നവള്‍... 2002-ലെ ഗുജറാത്ത് കലാപത്തിനുശേഷം ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട പേരാണ് ബില്‍ക്കിസ് ബാനു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലൊന്നായി കണക്കാക്കുന്ന ഗുജറാത്ത് കലാപ ചരിത്രം ഒരുപക്ഷേ ഇന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് ബില്‍ക്കിസിലൂടെയാണ്, അവരുടെ ദൃഢനിശ്ചയത്തിലൂടെയാണ്.
ആരാണ് ബില്‍ക്കിസ് ബാനു?
ഗുജറാത്ത് ദാഹോദിലെ രാധിക്‌പൂര്‍ നിവാസിയായിരുന്നു ബില്‍ക്കിസ്. മൂന്നര വയസുകാരിയായ സലേഹയുടെ അമ്മയും അഞ്ച് മാസം ഗര്‍ഭിണിയുമായിരുന്നു ഗുജറാത്ത് കലാപം നടക്കുമ്പോള്‍ ബില്‍ക്കിസ് ബാനു. വയസ് 21. അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍, 2002 ഫെബ്രുവരി 27ന് ഗോധ്ര റെയില്‍വേ സ്‌റ്റേഷനില്‍ സബര്‍മതി എക്‌സ്പ്രസിലെ എസ് 6 കോച്ചിലുണ്ടായ അഗ്നിബാധയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്ത് കലാപമുണ്ടാകുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുസ്ലിങ്ങളെ തേടിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കലാപത്തിലെ നടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടും കേട്ടും പേടിച്ച ബില്‍ക്കിസും മകളും 15 കുടുംബാംഗങ്ങളും ഫെബ്രുവരി 28ന് രാധിക്‌പൂറില്‍നിന്ന് പലായനം ചെയ്തു. മാര്‍ച്ച് മൂന്നിന് ബില്‍ക്കിസും കുടുംബവും ചപ്പാര്‍വഡ് ഗ്രാമത്തിലെത്തി. രക്ഷപ്പെട്ടുവെന്ന് കരുതിയ അവര്‍ എത്തിയത് കലാപകാരികള്‍ക്ക് മുന്നിൽ. അനുഭവിക്കേണ്ടി വന്നത് കൊടിയ മര്‍ദനം. വാളുകളും വടികളും കൊണ്ട് 20-30 അംഗങ്ങളുള്ള സംഘം അവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രങ്ങള്‍ സൂചിപ്പിക്കുന്നത്.
മര്‍ദനത്തിനൊടുവിൽ ബില്‍ക്കിസും മാതാവും മറ്റ് മൂന്ന് സ്ത്രീകളും ക്രൂരമായി ബലാത്സംഗത്തിനിരയായി. പലായനം ചെയ്ത 17 അംഗ മുസ്ലിം കുടുംബത്തിലെ എട്ട് പേര്‍ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്തു. ചുറ്റിലും ഉയരുന്ന തീയും നിലവിളി ശബ്ദങ്ങളും എന്താണെന്ന് പോലും മനസിലാക്കാന്‍ പറ്റാത്ത ബിൽക്കിസിന്റെ മൂന്നര വയസുള്ള മകൾ സലേഹയെ തലയ്ക്കടിച്ചായിരുന്നു അക്രമകാരികള്‍ ഇല്ലാതാക്കിയത്. അന്ന് രക്ഷപ്പെട്ടത് ബില്‍ക്കിസും മറ്റൊരു മൂന്നു വയസുകാരിയും ഒരു പുരുഷനും മാത്രമായിരുന്നു.
ആക്രമണത്തിനുശേഷം മൂന്ന് മണിക്കൂര്‍ നേരം ബില്‍ക്കിസ് അബോധാവസ്ഥയിലായിരുന്നു. ബോധം വന്നശേഷം, ജീവിതത്തിലേക്ക് തിരിച്ചെത്തിയെന്ന് മനസിലാക്കിയ ബില്‍ക്കിസ് ബാനു തളരാതെ പോരാടാന്‍ തീരുമാനിച്ചു. ഒരു ആദിവാസി സ്ത്രീയില്‍നിന്ന് തുണിവാങ്ങി ധരിച്ച ബില്‍ക്കിസ് സുരക്ഷാ ഉദ്യോഗസ്ഥനെ കാണുകയും ലിംഖെഡ പോലീസ് സ്‌റ്റേഷനിലെത്തി മുതിര്‍ന്ന കോണ്‍സ്റ്റബിള്‍ സോമാഭായി ഗോരിക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ബില്‍ക്കിസ് നല്‍കിയ പരാതി സോമാഭായി ഗോരി വെട്ടിച്ചുരുക്കിയതായി സിബിഐ കണ്ടെത്തി.
അതിക്രൂരമായ ബലാത്സംഗത്തിനിരയായിട്ടും ഗോധ്ര ദുരിതാശ്വാസ ക്യാമ്പിലെത്തിയശേഷമാണ് ബില്‍ക്കിസ് ബാനുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത്. കേസില്‍ പുരോഗതിയില്ലാത്തതിനാല്‍ ബാനു ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും തുടര്‍ന്ന് സുപ്രീം കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നിരന്തര ഭീഷണികള്‍ക്കൊടുവിലും ഇന്നും ബില്‍ക്കിസ് ബാനു ഏതറ്റം വരെയും പോരാടാനുള്ള ഉറച്ച തീരുമാനത്തിലാണ്. ജീവിതത്തിലും നിയമപോരാട്ടത്തിലും ഭര്‍ത്താവ് യാക്കൂബ് റസൂല്‍ ഖാനും ബില്‍ക്കിസിനൊപ്പമുണ്ട്.
കേസിന്റെ നാള്‍ വഴികള്‍
ബില്‍ക്കിസ് ബാനുവിന് വധഭീഷണി വന്നശേഷം കേസ് വിചാരണ ഗുജറാത്തില്‍നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റി. ആറ് പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഡോക്ടറും അടക്കം 19 പേര്‍ക്കെതിരെ, മുംബൈ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാനുള്ള ഗൂഢാലോചന, കൊലപാതകം, നിയവിരുദ്ധകൂടിച്ചേരല്‍ എന്നിവയ്ക്ക് കുറ്റാരോപിതരായ 11 പ്രതികളെയും 2008 ജനുവരിയില്‍ മുംബൈ കോടതി ശിക്ഷിച്ചു. പ്രതികളെ സംരക്ഷിക്കാന്‍ വേണ്ടി തെറ്റായ രേഖകള്‍ നിര്‍മിച്ചതില്‍ ഹെഡ് കോണ്‍സ്റ്റബിളും ശിക്ഷിക്കപ്പെട്ടു. തെളിവില്ലാത്തതിനാല്‍ മറ്റ് ഏഴ് പേരെ കോടതി വെറുതെവിട്ടു. വിചാരണക്കിടെ ഒരാള്‍ മരിക്കുകയും ചെയ്തു.
ജശ്വന്ത് നായ്, ഗോവിന്ദഭായ് നായ്, നരേശ് കുമാര്‍ മോര്‍ദിയ (നിര്യാതന്‍) എന്നിവര്‍ ബില്‍ക്കിസിനെ പീഡിപ്പിച്ചുവെന്നും ഷൈലേശ് ഭട്ട് സലേഹയെ നിലത്തിട്ട് കൊന്നുവെന്നും കോടതി വിധിയെഴുതി. രാധേഷ്യം ഷാ, ബിപിന്‍ ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് വൊഹാനിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, നിതേഷ് ഭട്ട്, രമേശ് ചന്ദന, ഹെഡ് കോണ്‍സ്റ്റബിള്‍ സോമഭായ് ഗോരി തുടങ്ങിയവരാണ് മറ്റ് പ്രതികള്‍. 11 പ്രതികളെയും ജീവപര്യന്തം ശിക്ഷയ്ക്ക് കോടതി വിധിച്ചു.
2017 മേയില്‍ 11 പേരുടെ ശിക്ഷയും ജീവപര്യന്തം തടവും ബോംബെ കോടതി ശരിവെച്ചു. കൂടാതെ പോലീസുകാരും ഡോക്ടര്‍മാരെയും വെറുതെ വിട്ട തീരുമാനം മാറ്റിവെക്കുകയും ചെയ്തു. 2019 ഏപ്രിലില്‍ നഷ്ടപരിഹാരമായി ബില്‍ക്കിസ് ബാനുവിന് 50 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയും ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു. അതേസമയം ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ 2022ല്‍ 11 പേരെയും വെറുതെ വിട്ടയക്കുകയായിരുന്നു. 15 വര്‍ഷത്തിലേറെയായി ജയിലില്‍ കഴിഞ്ഞെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികളെ 2022 ഓഗസ്റ്റില്‍ ഗുജറാത്ത് സര്‍ക്കാര്‍ വെറുതെ വിട്ടത്. കൂടാതെ ലഡു നല്‍കിയാണ് ഗുജറാത്തിലെ ബിജെപി നേതൃത്വം പ്രതികളെ സ്വീകരിച്ചത്.
അവിടെയും തളരാത്ത ബില്‍ക്കിസ് ഗുജറാത്ത് സര്‍ക്കാരിൻ്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ന് ബില്‍ക്കിസ് ബാനു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ജയില്‍നിന്ന് വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. പ്രതികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ശിക്ഷാ ഇളവ് നല്‍കുന്നതില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാരിനില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംഭവം നടന്നത് ഗുജറാത്തിലാണെങ്കിലും കേസ് വിചാരണ നടന്നത് മഹാരാഷ്ട്രയിലാണെന്നും അതിനാല്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള അധികാരം മഹാരാഷ്ട്ര സര്‍ക്കാരിനായിരുന്നുവെന്നാണ് ജസ്റ്റിസ് ബി വി നാഗരത്‌നയും ജസ്റ്റിസ് ഉജ്വല്‍ ഭുയാനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.