Uddhav Thackeray, Eknath Shinde
Uddhav Thackeray, Eknath Shinde

ബിജെപി മോഡല്‍ കുതിരക്കച്ചവടം; അരുണാചല്‍ മുതല്‍ മഹാരാഷ്ട്ര വരെ

2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതലാണ് ബിജെപി കുതിരക്കച്ചവടത്തിലൂടെ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ തുടങ്ങിയത്
Updated on
5 min read

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ഭരണഘടനാനുസൃതമായ രാഷ്ട്രീയ വ്യവസ്ഥിതിയിലെ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പാണ് ഇന്ത്യക്ക് അത്തരമൊരു വിശേഷണം നല്‍കുന്നത്. എന്നാല്‍ സമീപകാല രാഷ്ട്രീയ ചിത്രങ്ങള്‍ അത്തരമൊരു ധാരണകളെ പൊളിച്ചെഴുതുകയാണ്. അത്രത്തോളം ശുഭകരമല്ലാത്ത ജനാധിപത്യത്തിന്റെ കാഴ്ചക്കാരായി, നിസഹായതയോടെ മാറിനില്‍ക്കേണ്ട ഗതികേടിലേക്കാണ് ഇന്ത്യന്‍ ജനത. ജയിച്ചാലും തോറ്റാലും അധികാരം വാങ്ങിച്ചെടുക്കാനാകുന്ന ജനാധിപത്യം. അവിടെ ജനഹിതമെന്നത് വെറുമൊരു രാഷ്ട്രീയ സങ്കല്‍പ്പം മാത്രമായി മാറുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്കുമേല്‍ പണമെറിഞ്ഞ് ജയിക്കാമെന്ന രാഷ്ട്രീയ കുടിലത പയറ്റിത്തെളിയിക്കുകയാണ് ഭാരതീയ ജനത പാര്‍ട്ടി (ബിജെപി). സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് എന്നതിലെ നൈതികതയ്ക്ക് വിലയില്ലാതായിരിക്കുന്നു. നേതാക്കളെ അടര്‍ത്തിമാറ്റി തുടങ്ങിയ രാഷ്ട്രീയക്കളികള്‍, ഒരു സംസ്ഥാനത്തിന്റെ ഭരണത്തെ തന്നെ അട്ടിമറിക്കുന്ന തരത്തിലേക്ക് ബിജെപി പാകപ്പെടുത്തിയിരിക്കുന്നു. സംസ്ഥാനത്തെ ഒരു തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഭരണം. ഇനി ജയിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടിയാണെന്നിരിക്കട്ടെ, ജയിച്ച എംഎല്‍എമാരെ മൊത്തമായും ചില്ലറയായുമൊക്കെ വാങ്ങി ഭരണം പിടിക്കും. ഭരണഘടനാസൃതമായി നടക്കുന്ന തെരഞ്ഞെടുപ്പ് തോറ്റാല്‍പ്പോലും ഭരണതന്ത്രത്തില്‍ ബിജെപി ജയിച്ചുകൊണ്ടിരിക്കുകയാണ്.

വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടി, രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ പടുകുഴിയിലേക്കാണ് കോണ്‍ഗ്രസ് താണുപോയത്.

2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതു മുതലാണ് ബിജെപി കുതിരക്കച്ചവടത്തിലൂടെ സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ തുടങ്ങിയത്. ബിജെപിയുടെ രാഷ്ട്രീയ കുടിലതയുടെ ഫലം അനുഭവിക്കേണ്ടി വന്നത് കോണ്‍ഗ്രസിനാണ്. വിരലില്‍ എണ്ണാവുന്ന സീറ്റുകള്‍ മാത്രമുണ്ടായിരുന്ന പാര്‍ട്ടി, രാജ്യത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിന്റെ പടുകുഴിയിലേക്കാണ് കോണ്‍ഗ്രസ് താണുപോയത്. അവിടെനിന്നും തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ക്കിടെ, സംസ്ഥാന ഭരണം പോലും കോണ്‍ഗ്രസിന്റെ കൈയില്‍നിന്ന് ബിജെപി തട്ടിപ്പറിച്ചു. നേതൃത്വത്തോടു ഇടഞ്ഞും, തഴയപ്പെട്ടും നിന്നിരുന്നവര്‍ മുതല്‍ രാഷ്ട്രീയ-സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടവര്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിട്ടെത്തിയതോടെ, ബിജെപി കൂടുതല്‍ ശക്തി പ്രാപിച്ചു. കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും എംപിയും എംഎല്‍എമാരും തുടങ്ങി സംസ്ഥാന ചുമതലയുണ്ടായിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍മാരെ ഉള്‍പ്പെടെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചു. പണവും പദവിയുമൊക്കെ വാരിക്കോരി നല്‍കിയാണ് ബിജെപി തങ്ങളുടെ ഇരിപ്പിടം ഉറപ്പിച്ചത്. പിന്തുണ ഉറപ്പാക്കാന്‍, എംഎല്‍എമാരെ റിസോര്‍ട്ടില്‍ ഒളിപ്പിക്കുന്ന പുതിയ രാഷ്ട്രീയശൈലിയും ബിജെപി ഭരണനാളിലെ സംഭാവനയാണ്. അരുണാചല്‍പ്രദേശ് മുതല്‍ മഹാരാഷ്ട്ര വരെ എത്തിനില്‍ക്കുകയാണ് ബിജെപി മോഡല്‍ കുതിരക്കച്ചവടം.

Pema Khandu
Pema Khandu

അരുണാചല്‍ പ്രദേശ് 2016

ഇന്ത്യന്‍ ജനാധിപത്യത്തില്‍ ബിജെപി മോഡല്‍ കുതിരക്കച്ചവടത്തിന്റെ തുടക്കം അരുണാചല്‍ പ്രദേശില്‍നിന്നാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ 60 അംഗ അസംബ്ലിയില്‍ 44 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ്, സര്‍ക്കാര്‍ രൂപീകരിക്കുന്നു. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍, ഭരണപക്ഷം പിളര്‍ന്നു. രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ദോര്‍ജീ ഖണ്ഡുവിന്റെ മകനും കോണ്‍ഗ്രസ് എംഎല്‍എയുമായ പേമ ഖണ്ഡു വിമത എംഎല്‍എമാരുമായി പാര്‍ട്ടി വിട്ടു. പിന്നാലെ, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശ് (പിപിഎ) എന്ന പുതിയ പാര്‍ട്ടിക്ക് രൂപം നല്‍കി, ബിജെപി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യത്തില്‍ കണ്ണിയായി. എങ്കിലും പടലപ്പിണക്കങ്ങള്‍ മറന്ന് പേമ വിമതര്‍ക്കൊപ്പം കോണ്‍ഗ്രസില്‍ മടങ്ങിയെത്തി, 2016 ജൂലൈയില്‍ നബാം തുകിയെ മാറ്റി മുഖ്യമന്ത്രിയായി. പക്ഷേ, കോണ്‍ഗ്രസ് ക്യാംപിലെ സന്തോഷത്തിന് രണ്ടു മാസം ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 44 എംഎല്‍എമാരില്‍ 43 പേരുമായി പേമ വീണ്ടും പിപിഎ സജീവമാക്കി. ഒരു മാസത്തിനിപ്പുറം ഔദ്യോഗികമായി ബിജെപിയിലും എത്തി. അതോടെ, പിപിഎ പേമയെ പുറത്താക്കി. എന്നാല്‍, പേമയ്‌ക്കൊപ്പം 33 എംഎല്‍എമാര്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുംമുമ്പേ, സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച പേമ അധികാരത്തില്‍ തുടര്‍ന്നു. ജനാധിപത്യത്തെ പണാധിപത്യത്താല്‍ മറികടക്കുന്ന ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രത്തിന്റെ ടെസ്റ്റ് ഡോസ് വിജയം കണ്ടു. പേമയിലൂടെ സംസ്ഥാനത്ത് ആദ്യമായി ബിജെപി അധികാരത്തില്‍. ആ തുടക്കം രാഷ്ട്രീയമായി മുതലാക്കിയ ബിജെപി 2019 തെരഞ്ഞെടുപ്പില്‍ 41 സീറ്റുകളില്‍ ജയിക്കാന്‍ പാകത്തിലേക്ക് വളര്‍ന്നു. അതേസമയം, കോണ്‍ഗ്രസ് നേട്ടം നാല് സീറ്റില്‍ ഒതുങ്ങി.

മണിപ്പുര്‍ 2017

60 അംഗ സഭയില്‍ ബിജെപി നേടിയത് 21 സീറ്റുകള്‍, കോണ്‍ഗ്രസിന് 28 സീറ്റും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം. അസമിലെ മന്ത്രിയും പഴയ കോണ്‍ഗ്രസ് നേതാവുമായ ഹിമാന്ത ബിശ്വ ശര്‍മ ബിജെപിക്കായി രാഷ്ട്രീയ തന്ത്രങ്ങളൊരുക്കി. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലും പ്രകാശ് ജാവദേക്കറും സംസ്ഥാനത്ത് ക്യാംപ് ചെയ്ത് ജനാധിപത്യത്തിന് വിലയിട്ടു. കോണ്‍ഗ്രസ് നേതാവായിരുന്ന എന്‍. ബീരന്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നാല് എംഎല്‍എമാര്‍, പ്രാദേശിക കക്ഷികളുടെ അഞ്ച് എംഎല്‍എമാര്‍, ബിജെപിയിലേക്കു ചേക്കേറിയ കോണ്‍ഗ്രസ് എംഎല്‍എ എന്നിവരുമായി ബിജെപി ഗവര്‍ണര്‍ നജ്മ ഹെപ്തുള്ളയെ കാണുന്നു. കോണ്‍ഗ്രസ് വിട്ട ബീരന്‍ സിങ് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി അധികാരത്തിലേറുന്നു.

എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകാതിരിക്കാന്‍ കോണ്‍ഗ്രസും, അവരെ പാളയത്തിലെത്തിക്കാന്‍ നോട്ടുകെട്ടുകളുമായി ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ നാളില്‍, റിസോര്‍ട്ട് രാഷ്ട്രീയമെന്ന ജീര്‍ണതയ്ക്കും ഇന്ത്യന്‍ ജനാധിപത്യം സാക്ഷിയായി

ഗോവ 2017

40 അംഗ സഭയില്‍ 17 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത് നാല് എംഎല്‍എമാരുടെ പിന്തുണ. ബിജെപിയുടെ നേട്ടം 13 സീറ്റുകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്ത്രം മെനയുന്നതും കാത്ത് ദിഗ് വിജയ് സിങ് ഇരിക്കുമ്പോള്‍, പ്രാദേശിക കക്ഷികളായ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുമായും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായും ബിജെപി ചര്‍ച്ച തുടങ്ങിയിരുന്നു. കേന്ദ്ര മന്ത്രിമാരായിരുന്ന നിതിന്‍ ഗഡ്കരിയും മനോഹര്‍ പരീക്കറും തന്ത്രങ്ങളുമായി മുന്നില്‍ നിന്നു. എങ്ങനെയും അധികാരം പിടിച്ചെടുക്കുക മാത്രമായിരുന്നു ബിജെപി ലക്ഷ്യം. അതിനുള്ള തന്ത്രങ്ങള്‍ക്കൊടുവില്‍, കോണ്‍ഗ്രസ് വിമതന്മാരെുടെ പിന്തുണയും അവര്‍ ഉറപ്പാക്കി, പരീക്കര്‍ മുഖ്യമന്ത്രിയുമായി. നിര്‍ണായക സമയത്തുപോലും തീരുമാനം എടുക്കാനുള്ള ആര്‍ജവമോ തിടുക്കമോ ഇല്ലാതിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തെ ദിഗ് വിജയ് സിങ് കുറച്ചൊന്നുമല്ല ചീത്ത വിളിച്ചത്.

മേഘാലയ 2018

60 അംഗ സഭയില്‍ കോണ്‍ഗ്രസ് നേടിയത് 21 സീറ്റുകള്‍. ബി.ജെ.പിക്ക് രണ്ട് സീറ്റുകള്‍. ബി.ജെ.പി സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് തന്ത്രം മെനയുമ്പോഴേക്കും, ബിജെപി കിരണ്‍ റിജിജുവിനെയും ഹിമാന്ത വിശ്വ ശര്‍മയെയും കളത്തിലെത്തിച്ചു. എന്‍പിപിയുടെ നേതൃത്വത്തില്‍ 34 എംഎല്‍എമാരുടെ പിന്തുണയുമായി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു. എന്‍പിപി പ്രസിഡന്റും ലോക്സഭ എംപിയുമായിരുന്ന കൊര്‍ണാഡ് സാങ്മ മുഖ്യമന്ത്രി കസേരയിലെത്തി. രണ്ട് സീറ്റ് ജയിച്ച ബിജെപിയില്‍നിന്ന് ഒരു മന്ത്രിയുമുണ്ടായി.

BS Yediyurappa
BS Yediyurappa

കര്‍ണാടക 2018-19

2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. 225 അംഗ സഭയില്‍ 105 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് 78 സീറ്റ്, ജനതാദള്‍ സെക്കുലര്‍ 34. മതിയായ സംഖ്യ എത്തിയില്ലെങ്കിലും, ബിജെപി നേതാവ് ബി.എസ് യെദിയൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. പിന്നാലെ, യെദിയൂരപ്പ മുഖ്യമന്ത്രിയായി സര്‍ക്കാര്‍ വന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ 15 ദിവസം സമയം അനുവദിച്ചു. എന്നാല്‍, സുപ്രീംകോടതി അത് മൂന്ന് ദിവസമായി ചുരുക്കി. അതേസമയം, കോണ്‍ഗ്രസ് ജെഡിഎസുമായി ചര്‍ച്ച തുടങ്ങിയിരുന്നു. വിശ്വാസ വോട്ടെടുപ്പിന് 10 മിനുറ്റ് മുമ്പ് യെദിയൂരപ്പ രാജിവച്ചു. അതോടെ, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചു, എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി. എന്നാല്‍ ഭരണം 14 മാസം പിന്നിടുമ്പോള്‍, 17 ജെഡിഎസ് എംഎല്‍എമാര്‍ രാജിവെച്ചതോടെ കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചു. എംഎല്‍എമാരെ ഗവര്‍ണര്‍ അയോഗ്യരാക്കി. അതേസമയം, കുമാരസ്വാമിയുമായുള്ള അഭിപ്രായ ഭിന്നത മുതലെടുക്കാന്‍ ബിജെപി ശ്രമം തുടങ്ങിയിരുന്നു. 13 കോണ്‍ഗ്രസ്, മൂന്ന് ജെഡിഎസ്, ഒരു കെപിജെപി എംഎല്‍എമാരെ ചാക്കിട്ടുപിടിച്ച ബിജെപി, 2019 ജൂലൈ 26ന് സര്‍ക്കാര്‍ രൂപീകരിച്ചു, യെദിയൂരപ്പ വീണ്ടും മുഖ്യമന്ത്രിയുമായി. അയോഗ്യരാക്കപ്പെട്ട 12 എംഎല്‍എമാര്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചതോടെ യെദിയൂരപ്പ സര്‍ക്കാരിന്റെ ഭൂരിപക്ഷം പിന്നെയും ഉയര്‍ന്നു. 2019 ഉപതെരഞ്ഞെടുപ്പിലും ബിജെപി ഒരു സീറ്റ് ജയിച്ചു. എന്നിരുന്നാലും ബിജെപിയില്‍ പട തുടങ്ങിയപ്പോള്‍ യെദ്യൂരപ്പയ്ക്ക് സ്ഥാനമൊഴിയേണ്ടിവന്നു, പകരം ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായി. എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടുപോകാതിരിക്കാന്‍ കോണ്‍ഗ്രസും, അവരെ പാളയത്തിലെത്തിക്കാന്‍ നോട്ടുകെട്ടുകളുമായി ബിജെപിയും തന്ത്രങ്ങള്‍ മെനഞ്ഞ നാളില്‍, റിസോര്‍ട്ട് രാഷ്ട്രീയമെന്ന ജീര്‍ണതയ്ക്കും ഇന്ത്യന്‍ ജനാധിപത്യം സാക്ഷിയായി.

മധ്യപ്രദേശ് 2020

228 (ആകെ സീറ്റ് 230, രണ്ട് എംഎല്‍എമാര്‍ തെരഞ്ഞെടുപ്പിനിടെ മരിച്ചിരുന്നു) അംഗ സഭയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസിനുണ്ടായിരുന്നത് 114 എംഎല്‍എമാര്‍. ബിജെപിക്ക് 109, ബിഎസ്പി 2, സമാജ് വാദി പാര്‍ട്ടി 1, സ്വതന്ത്രര്‍ 4. ഭൂരിപക്ഷത്തിന് ഒരുസീറ്റ് മാത്രം കുറവുണ്ടായിരുന്ന കോണ്‍ഗ്രസ്, സ്വതന്ത്രര്‍, ബിഎസ്പി, എസ്പി എന്നിവരുടെ പിന്തുണയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 15 വര്‍ഷത്തെ ബിജെപി ഭരണം അവസാനിപ്പിച്ച്, കമല്‍നാഥ് മുഖ്യമന്ത്രിയായി. എന്നാല്‍, 2020 മാര്‍ച്ചില്‍, കോണ്‍ഗ്രസ് നേതൃത്വത്തോടു ഇടഞ്ഞുനിന്നിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ പാളയത്തിലെത്തിച്ച് ബിജെപി കുതിരക്കച്ചവടത്തിന് തുടക്കമിട്ടു. സിന്ധ്യക്കൊപ്പം ആറ് മന്ത്രിമാരും 19 എംഎല്‍എമാരും രാജിവച്ചതോടെ, കമല്‍നാഥ് സര്‍ക്കാര്‍ വീണു. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയായി. മറുകണ്ടം ചാടിയെത്തിയവര്‍ക്കെല്ലാം ബിജെപി അര്‍ഹിച്ച സ്ഥാനം നല്‍കി. ജ്യോതിരാദിത്യ സിന്ധ്യ രാജ്യ സഭയിലുമെത്തി. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന 25ല്‍ 18പേരും വിജയിച്ചതോടെ സഭയില്‍ ബിജെപിക്ക് ഭൂരിപക്ഷമേറുകയും ചെയ്തു.

Eknath Shinde
Eknath Shinde

മഹാരാഷ്ട്ര 2022

2019 ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍, 288 അംഗ സഭയില്‍ 105 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ശിവസേന 56, എന്‍സിപി 54, കോണ്‍ഗ്രസ് 44, ചെറുപാര്‍ട്ടികളും സ്വതന്ത്രരും കൂടി 29 എന്നിങ്ങനെയായിരുന്നു സീറ്റുനില. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും, ശിവസേനയുമായുണ്ടായ അധികാരതര്‍ക്കം സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിക്ക് തിരിച്ചടിയായി. എന്നിരുന്നാലും, എന്‍സിപിയില്‍നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്ത് നവംബര്‍ 23ന്, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിച്ചു. എന്‍സിപിയില്‍ നിന്നുള്ള അജിത് പവാര്‍ ഉപമുഖ്യമന്ത്രിയുമായി. എന്നാല്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ക്കെതിരെ ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കട്ടെ എന്നായിരുന്നു കോടതിയുടെ ഉത്തരവ്. അതോടെ, ഫഡ്‌നാവിസും അജിത് പവാറും സ്ഥാനമൊഴിഞ്ഞു. ഒരിക്കലും ചേരില്ലെന്ന് കരുതിയിരുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിര്‍ത്തി ശിവസേന, മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചു. മുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിയുമായി പിണങ്ങിയ ശിവസേന നേതാവ് ഉദ്ധവ് താക്കറെ മഹാവികാസ് അഘാഡി സര്‍ക്കാരില്‍ മുഖ്യമന്ത്രിയായി. ദേശീയവിഷയങ്ങളില്‍ എതിര്‍ പക്ഷത്തിന്റെ ശബ്ദമായി മാറിയ മഹാവികാസ് അഘാഡി സഖ്യം, എന്‍ഡിഎ വിരുദ്ധ സര്‍ക്കാരുകളില്‍ പ്രമുഖരായി.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം തീവ്ര വലതുപക്ഷ ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ മതേതര, ജനാധിപത്യ സങ്കല്‍പ്പങ്ങളെക്കൂടി പൊളിച്ചെഴുതാനാണ് ബിജെപിയുടെ ശ്രമം.

എന്നാല്‍, കാലാവധി പൂര്‍ത്തിയാക്കുംമുമ്പേ മഹാവികാസ് അഘാഡി സര്‍ക്കാര്‍ വീണു. മുന്നണിയില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെന്നാരോപിച്ച് ഏക്‌നാഥ് ഷിന്‍ഡെ ഉയര്‍ത്തിവിട്ട കലാപത്തെ അതിജീവിക്കാന്‍ ഉദ്ധവ് നേതൃത്വത്തിന് കഴിഞ്ഞില്ല. ശിവസേന ഹിന്ദുത്വ അജന്‍ഡ മയപ്പെടുത്തുകയാണെന്നും പാര്‍ട്ടിക്ക് അത് തിരിച്ചടിയുണ്ടാക്കുമെന്നുമായിരുന്നു ഷിന്‍ഡെയുടെ നിലപാട്. മഹാ അഘാഡി സഖ്യത്തോടുപോലും ഷിന്‍ഡെയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. രാജ്യസഭാ, നിയമനിര്‍മാണ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഷിന്‍ഡെയുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടി അവഗണിച്ചതോടെ, സര്‍ക്കാരിനെ മറിച്ചിടുന്ന വിമത നീക്കത്തിലേക്ക് ഷിന്‍ഡെ എത്തി. അവസരം കാത്തുനിന്ന ബിജെപി, ഷിന്‍ഡെ ഉള്‍പ്പെടെ ശിവസേന എംഎല്‍എമാരെ ഒപ്പം നിര്‍ത്തി അധികാരം പിടിച്ചു. ശിവസേനയെ പിളര്‍ത്തിയ ഷിന്‍ഡെ മുഖ്യമന്ത്രിയുമായി.

പണവും പദവികളും നല്‍കി പ്രതിപക്ഷ ജനപ്രതിനിധികളെ കൂറുമാറ്റി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കുന്ന കാഴ്ചയാണ് അരുണാചല്‍ പ്രദേശ് മുതല്‍ മഹാരാഷ്ട്ര വരെ പ്രകടമാകുന്നത്. ഒരു സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായാല്‍, തൊട്ടടുത്ത ഏറ്റവും വലിയ ഒറ്റകക്ഷിക്ക് ഭൂരിപക്ഷമോ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമോ ഉന്നയിക്കാം. എന്നാല്‍ വിരലില്‍ എണ്ണാവുന്ന സീറ്റ് പോലുമില്ലെങ്കിലും അധികാരം കൈപ്പിടിയിലാക്കാന്‍ കഴിയുന്നു എന്നിടത്താണ് ബിജെപിയുടെ രാഷ്ട്രീയം അപകടകരമാകുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ലക്ഷ്യത്തിനൊപ്പം തീവ്ര വലതുപക്ഷ ആശയങ്ങള്‍ നടപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ മതേതര, ജനാധിപത്യ സങ്കല്‍പ്പങ്ങളെക്കൂടി പൊളിച്ചെഴുതാനാണ് ബിജെപിയുടെ ശ്രമം. അധികാര, സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി എന്ത് ഒത്തുതീര്‍പ്പിനും വഴങ്ങുന്ന രാഷ്ട്രീയക്കാരാണ് അവരുടെ ഇര. പരമാവധി സംസ്ഥാനങ്ങളില്‍ ഭരണം കൈപ്പിടിയിലാകുന്നതോടെ, രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കി സര്‍വാധികാരം നേടുകയെന്ന കുടില തന്ത്രവും കാണാതിരിക്കാനാവില്ല.

logo
The Fourth
www.thefourthnews.in