'ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് മുകളില്‍ വര വരച്ചത് പോലെ   ഭൂപടങ്ങൾ'-  വന്യജീവി 'സംരക്ഷണത്താൽ മുറിവേറ്റ' മലയോര ജനത

'ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന് മുകളില്‍ വര വരച്ചത് പോലെ ഭൂപടങ്ങൾ'- വന്യജീവി 'സംരക്ഷണത്താൽ മുറിവേറ്റ' മലയോര ജനത

ആലപ്പുഴയും കാസര്‍ഗോഡുമൊഴികെ എല്ലാ ജില്ലകളിലെയും ജനജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ പോലുമാകാതെ സര്‍ക്കാര്‍ വിയര്‍ക്കുകയാണ്
Updated on
7 min read

''എന്റെ വീട് പുതുക്കി പണിയാന്‍ പോലും കഴിയില്ല. അഞ്ച് പശുക്കളുണ്ട്. അതുങ്ങള്‍ക്ക് കിടക്കാനുള്ള ഒരു തൊഴുത്ത് കെട്ടാന്‍ ഇനി പറ്റില്ല. ആയിരത്തോളം കുടുംബങ്ങളാണ് ഇവിടെ താമസം. ഞങ്ങടെ സൗകര്യങ്ങളെല്ലാം ഈ ബഫര്‍സോണ്‍ വരുന്നതോടെ പോകും. ഇറക്കി വിടില്ലയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും എപ്പോള്‍ വേണേലും ഇറക്കിവിട്ടേക്കും. ഇത്രയും കാലം ഞങ്ങള്‍ താമസിക്കുകയും കൃഷി ചെയ്യുകയും ചെയ്തിരുന്ന സ്ഥലമെല്ലാം കാട് ആണെന്ന് പറഞ്ഞാല്‍, അപ്പോള്‍ ഞങ്ങള്‍ക്കുള്ള ഭൂമി എവിടെ?'' ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ജനവാസ മേഖലയും കൃഷിയിടവും ഉള്‍പ്പെട്ടിരിക്കുന്ന പ്രദേശമായ നാരകക്കാനം സ്വദേശിയാണ് ഷീലമ്മ ജോണ്‍സണ്‍.

'പന്നിക്കും ആനയ്ക്കും പുലിക്കുമെല്ലാം സ്ഥലം കൊടുക്ക്. മനുഷ്യന്‍മാര്‍ ഒരു കെട്ടിടം പണിത് അഞ്ചാറ് വിത്ത് നട്ട് ജീവിക്കാന്‍ സമ്മതിക്കരുത്. ബഫര്‍സോണ്‍ എന്നുപറഞ്ഞ് ഒരു വര വരച്ചാല്‍ പിന്നെ അതില്‍ ഒരു പരിപാടിയും നടക്കില്ല. ഒരു പ്രശ്‌നവും ഉണ്ടാവില്ല എന്ന് ഇവര് പറയുന്ന പോലെ ഒന്നും അല്ല. ഒരു കല്ല് എടുത്ത് വെക്കണമെങ്കില്‍ ഓഫീസര്‍മാരുടെ അനുമതിയും ചോദിച്ച് നടക്കണ്ടി വരും.' പ്രതിഷേധം ശക്തമായിരിക്കുന്ന എരുമേലി സ്വദേശിയായ പാപ്പച്ചന്‍ പറയുന്നു.

'കിണര്‍ കുഴിക്കാന്‍ പറ്റില്ല. ഒരു മരച്ചില്ലി വെട്ടിക്കളയാന്‍ പറ്റില്ല. ഇത്രയും നാള്‍ അധ്വാനിച്ച ഭൂമി നമ്മുടെയല്ല, അത് വനം ആണെന്ന് പറയുമ്പോള്‍ ഞങ്ങളിനി എങ്ങോട്ട് പോവും എന്ന് കൂടി സര്‍ക്കാര്‍ പറയണം. ദുരിതത്തോട് ദുരിതം പേറിയാണ് കര്‍ഷകര്‍ ഓരോ ദിവസവും ജീവിച്ചുപോവുന്നത്. അതിന് പുറമെയാണ് ഈ നടപടി.' കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജോമോന്‍ കൊള്ളിയില്‍ പ്രതികരിക്കുന്നു.

പശ്ചിമഘട്ട സംരക്ഷണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മലയോര മേഖല ബഫര്‍സോണ്‍ വിഷയത്തില്‍ വീണ്ടും പ്രതിഷേധത്തീയിലാണ്. ആലപ്പുഴയും കാസര്‍ഗോഡുമൊഴികെ എല്ലാ ജില്ലകളിലെയും ജനജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ പോലുമാകാതെ സര്‍ക്കാര്‍ വിയര്‍ക്കുകയാണ്. കേരള കാത്തലിക് ബിഷപ് കൗണ്‍സിലും ഹൈറേഞ്ച് സംരക്ഷണ സമിതിയും കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷനും എല്ലാം നേതൃത്വം നല്‍കുന്ന സമരത്തിന് പ്രതിപക്ഷവും പിന്തുണ നല്‍കുന്നു.

പശ്ചിമഘട്ട സംരക്ഷണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടപ്പോള്‍ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം മലയോര മേഖല ബഫര്‍സോണ്‍ വിഷയത്തില്‍ വീണ്ടും പ്രതിഷേധത്തീയിലാണ്

നീലഗിരി വനഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശി ടി എന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് 1995ല്‍ സുപ്രീംകോടതിയെ സമീപിച്ചു. 2016ല്‍ ഹര്‍ജിക്കാരന്‍ മരിച്ചെങ്കിലും സുപ്രീംകോടതി കേസുമായി മുന്നോട്ട് പോയി. ഈ കേസിലാണ് കഴിഞ്ഞ ജൂണ്‍ മൂന്നിന് വിധി പുറപ്പെടുവിച്ചത്.
കേരള സർക്കാർ പ്രസിദ്ധീകരിച്ച മാപ്പിൽനിന്ന്
കേരള സർക്കാർ പ്രസിദ്ധീകരിച്ച മാപ്പിൽനിന്ന്


തങ്ങളുടെ ജീവിതത്തിനും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും മുകളില്‍ ഒരു വര വരച്ചത് പോലെയാണ് കേരളത്തില്‍ ലക്ഷക്കണക്കിന് വരുന്ന കുടുംബങ്ങള്‍ ബഫര്‍സോണ്‍ ഭൂപടങ്ങളെ നോക്കിക്കാണുന്നത്. സംസ്ഥാനത്തെ 24 വന്യജീവി സങ്കേതങ്ങള്‍, അതിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ ആയി പ്രഖ്യാപിക്കുമ്പോള്‍ കുടിയിറക്കലുള്‍പ്പെടെയുള്ള ആശങ്കകള്‍ക്ക് നടുവിലാണ് ഇവര്‍. ബഫര്‍സോണ്‍ നടപ്പാക്കുന്ന മേഖലകളെ കേന്ദ്രീകരിച്ച് രണ്ട് ഭൂപടങ്ങള്‍ സര്‍ക്കാര്‍ ഇറക്കി. എന്നാല്‍ ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അവസാനമായില്ല. ഭൂപട രേഖകള്‍ക്കുള്ളില്‍ ഉള്‍പ്പെട്ട മനുഷ്യര്‍ ബഫര്‍സോണ്‍ നിര്‍ണയത്തിനെതിരെ പോരാട്ടം തുടരുകയാണ്.

ബഫര്‍സോണ്‍, ആശങ്കകള്‍

സംരക്ഷിത വനത്തിന് കവചം തീര്‍ക്കാനായി നിശ്ചിത ചുറ്റളവില്‍ നിര്‍ണയിക്കപ്പെടുന്ന പ്രദേശമാണ് ബഫര്‍ സോണ്‍ അഥവാ പരിസ്ഥിതി ലോല പ്രദേശം (ഇക്കോ സെന്‍സിറ്റീവ് സോണ്‍). വന മേഖലയോട് ചേര്‍ന്ന് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും വനത്തിന്റെ സ്വാഭാവികതയെ ബാധിക്കുന്ന സാഹചര്യമൊഴിവാക്കാനാണ് രണ്ടിനുമിടയില്‍ ബഫര്‍സോണ്‍ നിര്‍ണയിക്കുന്നത്. കേന്ദ്ര വനം,പരിസ്ഥിതി,കാലാവസ്ഥാ വകുപ്പുകള്‍ തയ്യാറാക്കിയ ദേശീയ വന്യജീവി ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടേയും അടുത്തുള്ള പത്ത് കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍സോണ്‍ ആയി പ്രഖ്യാപിക്കണം.

1986ലെ എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം 2011ല്‍ കേന്ദ്രസര്‍ക്കാര്‍ ബഫര്‍ സോണ്‍ സംബന്ധിച്ച ഗൈഡ്‌ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ പല സംസ്ഥാനങ്ങളിലും ഇതിനുള്ള നടപടിക്രമങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയില്ല. നീലഗിരി വനഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിലമ്പൂര്‍ സ്വദേശി ടി എന്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് 1995ല്‍ സുപ്രീംകോടതിയെ സമീപിച്ചു. 2016ല്‍ ഹര്‍ജിക്കാരന്‍ മരിച്ചെങ്കിലും സുപ്രീംകോടതി കേസുമായി മുന്നോട്ട് പോയി. ഈ കേസിലാണ് കഴിഞ്ഞ ജൂണ്‍ മൂന്നിന് വിധി പുറപ്പെടുവിച്ചത്.

സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ബഫര്‍സോണ്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ഉള്‍പ്പെടെയുള്ള സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി മാറ്റണം. ഈ ചുറ്റളവില്‍ ഒരു തരത്തിലുമുള്ള വികസന- നിര്‍മാണ പ്രവര്‍ത്തനങ്ങളും ഖനനവും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇത്തരം മേഖലകളില്‍ ഒരു കിലോമീറ്ററിലധികം ബഫര്‍ സോണ്‍ ഉണ്ടെങ്കില്‍ അതുപോലെ തുടരണം. നിലവില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടു കൂടി മാത്രമേ തുടരാവൂ. ഈ മേഖലകളിലെ കെട്ടിടങ്ങളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

വനമേഖലകളില്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ സംരക്ഷിത മേഖലയാക്കാമെന്ന് മുന്‍ പിണറായി സര്‍ക്കാര്‍ 2019ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ ആ തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി. സുപ്രീംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന നിലപാടാണ് സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകള്‍ പരിസ്ഥിതി ലോല പ്രദേശങ്ങളാക്കുന്നത് ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഉത്തരവിനെതിരെ കേരളം ഇപ്പോള്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് വനംവകുപ്പ് പുറത്ത് വിട്ടതോടെയാണ് മലയോര മേഖലയില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമാകുന്നത്. സര്‍വേ റിപ്പോര്‍ട്ടില്‍ വലിയതോതില്‍ പിഴവുകളുണ്ടെന്ന് പ്രദേശത്തെ ജനങ്ങള്‍ ആരോപിച്ചു. ഇക്കാര്യം വനംവകുപ്പ് മന്ത്രിയും അംഗീകരിച്ചു. പിന്നീട് 2020-21ല്‍ വനംവകുപ്പ് തയ്യാറാക്കിയ കരട് ഭൂപടം സര്‍ക്കാര്‍ പുറത്തുവിട്ടു. ജനവാസമേഖലകളെ പൂര്‍ണമായി ഒഴിവാക്കിയാണ് കരട് ഭൂപടം തയ്യാറാക്കിയിരിക്കുന്നതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

ആനകളെ പ്രതിരോധിക്കാന്‍ സോളാര്‍ വേലിയുടെയും ആന മതിലിന്റെയും മാത്രം ബലത്തില്‍ സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുനിറങ്ങുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവരോട് സോളാര്‍ വേലി പോലും പാടില്ല എന്ന് പറയുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്.

അലക്‌സ് ,കിഫ സംസ്ഥാന ചെയര്‍മാന്‍

'രണ്ടാമത്തെ മാപ്പ് ഞങ്ങള്‍ അംഗീകരിക്കില്ല. അത് സര്‍ക്കാര്‍ പ്രപ്പോസ് ചെയ്ത മാപ്പ് ആണ്. പ്രതിഷേധം വന്നപ്പോള്‍ തല്‍ക്കാലം കര്‍ഷകരുടെ ആശങ്ക പരിഹരിക്കാന്‍ വേണ്ടി ചെയ്തതാണ്.' മലബാര്‍ മേഖലയില്‍ സമരത്തിന് നേതൃത്വം നല്‍കുന്ന ബോണി ജേക്കബ് പ്രതികരിക്കുന്നു. 'ഉപഗ്രഹ സര്‍വേ ഭൂപടത്തെ അടിസ്ഥാനമാക്കി തന്നെ വേണം ഫീല്‍ഡ് തലത്തില്‍ സര്‍വേ നടത്താന്‍. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ രണ്ടാമതെ പുറത്തിറക്കിയ മാപ്പില്‍ പലയിടത്തും റിസര്‍വ് ഫോറസ്റ്റിന് ചുറ്റോടും ചുറ്റും ഒരു കിലോമീറ്റര്‍ ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ രണ്ടാമത്തെ മാപ്പിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് സര്‍വേ നടത്തുന്നത് ഞങ്ങള്‍ അംഗീകരിക്കില്ല. സംസ്ഥാനത്ത് ഏകദേശം രണ്ട് മുതല്‍ മൂന്ന് ലക്ഷം വരെ ആളുകളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയമാണിത്. അൻപതിനായിരത്തില്‍ അധികം നിര്‍മിതികള്‍ ഇതിനുള്ളില്‍ വരും.' ബോണി തുടര്‍ന്നു. ബഫര്‍ സോണ്‍ പരിധിയില്‍ ഉള്ള ജനങ്ങള്‍ക്ക് അവിടെ താമസിക്കുന്നതിന് നിയമപരമായി തടസങ്ങളില്ല. എന്നാല്‍ സാധാരണ നിലയിലുള്ള ജനജീവിതം അസാധ്യമാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളാണ് ബഫര്‍ സോണ്‍ മേഖലയില്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് കര്‍ഷകരുടെ ആശങ്ക. കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്‌സ് പറയുന്നത് ഇങ്ങനെ:

'വന്യജീവികള്‍ക്കു സ്വൈര്യവിഹാരം നടത്താനാവശ്യമായ കൂടുതല്‍ സ്ഥലം വന്യജീവി സങ്കേതങ്ങള്‍ക്ക് പുറത്തു കര്‍ഷകന്റെ പറമ്പില്‍ സൃഷ്ടിക്കുക എന്നതാണ് ബഫര്‍ സോണ്‍ കൊണ്ടുള്ള കൃത്യമായ ഉദ്ദേശം. ബഫര്‍ സോണിനുള്ളില്‍ വന്യജീവികളെ തടയാനാവശ്യമായ സോളാറോ മറ്റു വേലികളോ പാടില്ല എന്ന് കൃത്യമായി പറയുന്നുണ്ട്. ആറളം വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ആനമതില്‍ അടക്കം വന്യജീവികളെ നേരിടാനായി കേരളത്തില്‍ അങ്ങോളം ഇങ്ങോളം സ്ഥാപിച്ചിരിക്കുന്ന മതിലുകളും വേലികളും, കിടങ്ങുകളും മറ്റു പ്രതിരോധ മാര്‍ഗങ്ങളും ബഫര്‍സോണ്‍ മേഖലയില്‍ നിന്ന് എടുത്തു മാറ്റേണ്ട അവസ്ഥയും ഉണ്ടാകും. ആനകളെ പ്രതിരോധിക്കാന്‍ സോളാര്‍ വേലിയുടെയും ആന മതിലിന്റെയും മാത്രം ബലത്തില്‍ സ്വന്തം വീട്ടില്‍ സമാധാനമായി കിടന്നുനിറങ്ങുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിലുണ്ട്. അവരോട് സോളാര്‍ വേലി പോലും പാടില്ല എന്ന് പറയുന്നത് അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. 'ബഫര്‍ സോണില്‍ വരുന്ന സ്ഥലങ്ങളില്‍ പ്രാദേശികമായ ഉപയോഗത്തിനുവേണ്ടി മാത്രമേ കൃഷി ചെയ്യാന്‍ പാടുള്ളൂ. കേരളത്തിലെ മലയോര മേഖലകളില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ ഭൂരിപക്ഷവും സ്വന്തമോ പ്രാദേശികമായ ആവശ്യത്തിനോ അല്ല കൃഷി ചെയ്യുന്നത് അപ്പോള്‍ ഈ കാര്യം പറഞ്ഞു നിലവിലുള്ള കൃഷികള്‍ നിരോധിക്കപെടാന്‍ സാധ്യതയുണ്ട്. ഏതൊക്കെ കൃഷികള്‍ എങ്ങനെയൊക്കെ നിയന്ത്രിക്കണം അല്ലെങ്കില്‍ നിരോധിക്കണം എന്ന് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ / ഡി എഫ് ഒ  മുഖ്യ അധികാരിയായ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കും. ഇത് അനിയന്ത്രിതമായ നിയന്ത്രണത്തിലേക്ക് കാര്യങ്ങളെ എത്തിക്കുമെന്നും കിഫ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

കര്‍ഷകര്‍ ഉയര്‍ത്തുന്ന മറ്റ് ആശങ്കകള്‍ ഇങ്ങനെ:

'സംസ്ഥാന സര്‍ക്കാരിന്റെ ചുമതലപ്പെട്ട അധികാരിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ റവന്യൂ ഭൂമിയില്‍ നിന്നോ സ്വകാര്യ കൈവശ സ്ഥലത്ത് നിന്നോ യാതൊരു മരം മുറിയും പാടില്ല. നിലവില്‍ ചന്ദനം, ഈട്ടി, തേക്ക് മുതലായ ചുരുങ്ങിയ മരങ്ങള്‍ക്ക് മാത്രമേ പാസ് എടുക്കേണ്ടതുള്ളൂ. ഇത് കര്‍ഷകരുടെ ഭൂമിയിലെ എല്ലാ മരങ്ങള്‍ക്കും ബാധകമാകും. സ്വന്തം പറമ്പിലെ റബ്ബറും തെങ്ങും അടക്കം മുറിച്ചു മാറ്റി മറ്റു കൃഷികള്‍ ചെയ്യുന്നതിന് പോലും ഫോറസ്റ്റുകാരുടെ അനുവാദം വാങ്ങേണ്ടി വരും. കിണറുകള്‍, കുഴല്‍ കിണറുകള്‍ എന്നിവ കാര്‍ഷിക ഇതര ആവശ്യത്തിനായി ഉപയോഗിക്കുന്നത് അധികാരികളുടെ കര്‍ശന മേല്‍നോട്ടത്തില്‍ നിയന്ത്രണ വിധേയമായിരിക്കും. ആവശ്യം കാര്‍ഷികമാണോ അല്ലയോ എന്ന് എന്ത് അടിസ്ഥാനത്തില്‍ തീരുമാനിക്കും? കൃഷിക്ക് മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പറ്റൂ എന്ന് പറഞ്ഞ് സ്വന്തം വീട്ടാവശ്യത്തിന് പോലും വെള്ളം എടുക്കുന്നത് ഫോറസ്റ്റുകാര്‍ തടഞ്ഞാല്‍ സാധാരണക്കാര്‍ എങ്ങനെ ജീവിക്കും? കൃഷി ചെയ്യാത്ത ഭൂമികളെയും അതിന്റെ ആവാസ വ്യവസ്ഥകളെയും വീണ്ടെടുക്കും എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. വന്യമൃഗ ശല്യം കാരണവും വിലത്തകര്‍ച്ച കാരണവും കൃഷി ഉപേക്ഷിക്കപ്പെട്ട ധാരാളം സ്ഥലങ്ങള്‍ നിലവില്‍ കേരളത്തില്‍ ഉണ്ട്. അത്തരം സ്ഥലങ്ങള്‍ ബഫര്‍സോണില്‍ ഉള്‍പ്പെട്ടാല്‍ 2003 ലെ EFL ആക്ട് പ്രകാരം ഒരു രൂപ പോലും നഷ്ടപരിഹാരം നല്‍കാതെ സര്‍ക്കാരിലേക്ക് പിടിച്ചെടുക്കുകയോ അവയെല്ലാം വനമായി മാറുകയും ചെയ്യാം. പ്രദേശത്ത് നിലവിലുള്ള വനം നിയമങ്ങള്‍ ബാധകമായിരിക്കും.

കേരള വനംവകുപ്പ് അഡ്മിസ്‌ട്രേറ്റീവ് റിപ്പോര്‍ട്ട് 2018 പ്രകാരം 36 നിയമങ്ങളും ചട്ടങ്ങളുമാണ് കേരള വനം വകുപ്പ് നടപ്പിലാക്കുന്നത്. ഈ നിയമങ്ങളില്‍ ഏതു വേണമെങ്കിലും അവിടുത്തെ ജനങ്ങള്‍ക്കെതിരെ എടുത്തു പ്രയോഗിക്കാന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കഴിയും. മലഞ്ചെരുവുകളില്‍ ഉള്ള കാര്‍ഷിക പ്രവര്‍ത്തികള്‍ നിയന്ത്രണവിധേയമാണ്. എന്താണ് നിയന്ത്രണങ്ങള്‍ എന്ന് വ്യക്തമായി പറയുന്നില്ല. പക്ഷേ കപ്പയും, ചേനയും, ഇഞ്ചിയും അടക്കമുള്ള എല്ലാവിധ തന്നാണ്ടു കൃഷികളും നിരോധിക്കപ്പെടാം. അടിസ്ഥാന സൗകര്യ വികസനം പൂര്‍ണമായും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഒരുതരം കെട്ടിടങ്ങളും ഈ പരിധിയില്‍ അനുവദിക്കുന്നതല്ല. അതായത് ബഫര്‍സോണില്‍ വരുന്ന സ്ഥലങ്ങളില്‍ സാധാരണ ഒരു കടമുറി പോലും പണിയാന്‍ സാധ്യമല്ലാതാകും. സുപ്രീംകോടതി വിധി പ്രകാരം വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിരോധിക്കുന്നതോടൊപ്പം താമസത്തിനുള്ള വീട് പോലും അനുവദിക്കില്ല എന്ന നിലപാടാണ് കോടതി എടുത്തിരിക്കുന്നത്. പരിസ്ഥിതി സൗഹാര്‍ദ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിക്കണം എന്ന നിര്‍ദേശത്തിന്റെ മറവില്‍ നിലവില്‍ ഉപയോഗിക്കുന്ന ഡീസല്‍ , പെട്രോള്‍ വാഹനങ്ങള്‍ മുഴുവനും നിരോധിക്കുകയും എല്‍പിജി, സിഎന്‍ജി എന്നിവ ഉപയോഗിക്കുന്ന വാഹനങ്ങള്‍ മാത്രം അനുവദിക്കപ്പെടുകയും ചെയ്യാം. പുതിയ റോഡ് നിര്‍മാണവും നിലവില്‍ ഉള്ളവയുടെ വീതി കൂട്ടലും ബലപ്പെടുത്തലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. പുതിയ റോഡുകള്‍ പണിയുന്നതിന് നിയന്ത്രണമുണ്ടെന്ന് മാത്രമല്ല നിലവില്‍ ഉള്ളത് റീടാറിങ് ചെയ്യണമെങ്കില്‍ പോലും ഫോറസ്റ്റ് വകുപ്പിന്റെ അനുമതി വേണ്ടിവരും. വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കപ്പെടും. പുതിയ വൈദ്യുതി ലൈനുകള്‍ വലിക്കുന്നതും പുതിയ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതും നിരോധിക്കപെടുകയോ നിയന്ത്രിക്കപ്പെടുകയും ചെയ്യും. എല്ലാ തരത്തിലുള്ള ഉച്ചഭാഷിണി ഉപയോഗവും നിരോധിക്കപ്പെടും.  പുതുതായിട്ട് വ്യവസായ യൂണിറ്റുകള്‍ ഒന്നുംതന്നെ അനുവദിക്കുന്നതല്ല. എന്തൊക്കെയാണ് വ്യവസായങ്ങളുടെ ലിസ്റ്റില്‍ വരുന്നത് എന്ന് വ്യക്തമല്ല. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം നിയന്ത്രണവിധേയമാണ്. ബസ്, ഓട്ടോ, ലോറി, ടാക്‌സി ജീപ്പ്, ടാക്‌സി കാര്‍ എന്നിവ നിയന്ത്രണ വിധേയമാണ്. പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് മുകളില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ ലംഘിക്കുന്ന ആളുകള്‍ക്കെതിരെ കേസ് എടുക്കുന്നതിനും നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വനം വകുപ്പിന് അധികാരം ഉണ്ടായിരിക്കും. സ്വന്തം ആവശ്യത്തിനുള്ള വീട് അടക്കം സ്ഥിര നിര്‍മ്മിതികള്‍ ഒന്നും തന്നെ ബഫര്‍ സോണില്‍ സാധ്യമല്ല എന്ന് വരും.

ജൂണ്‍ മാസത്തില്‍ വന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡ് ലൈനില്‍ നിന്ന് വ്യത്യസ്തമാണ്

പിഴച്ചോ?

2011ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഗൈഡ്‌ലൈന്‍ പ്രകാരം ബഫര്‍ സോണ്‍ പ്രഖ്യാപിക്കുന്നതിനായി  സോണല്‍ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കണം. 'ഓരോ പ്രദേശത്തേയും പ്രത്യേകതയനുസരിച്ച് വേണം ഈ മാപ്പുകള്‍ തയ്യാറാക്കാന്‍. അതുണ്ടാക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കുമാണ്. അതാത് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സോണല്‍ മാപ്പിങ് മോണിറ്റര്‍ ചെയ്യണം. എന്ന് മാത്രമല്ല, ഈ ഗൈഡ് ലൈന്‍ അനുസരിച്ച് പ്രമോട്ട് ചെയ്യപ്പെടാവുന്ന, റെഡുലേറ്റ് ചെയ്യേണ്ട, പ്രോഹിബിറ്റ് ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ എടുത്ത് നോക്കിയാല്‍ അത് കുറേക്കൂടി മലയോര മേഖലയ്ക്ക് ഉചിതമായതാണ്. സോണല്‍ മാപ്പിങ് ചെയ്യുമ്പോള്‍ പിന്നീട് വന്ന വനാവകാശ നിയമവും അതില്‍ കണക്കാക്കപ്പെടും. ഊരുകൂട്ടങ്ങളായിരിക്കും ഈ പ്രദേശങ്ങളില്‍ മാനേജ്‌മെന്റ് പ്ലാന്‍ ഉണ്ടാക്കി കമ്മറ്റി ഉണ്ടാക്കേണ്ടത്.' സ്വതന്ത്ര ഗവേഷകനും എഴുത്തുകാരനുമായ സി ആര്‍ ബിജോയ് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ജൂണ്‍ മാസത്തില്‍ വന്ന സുപ്രീംകോടതി ഉത്തരവ് കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡ് ലൈനില്‍ നിന്ന് വ്യത്യസ്തമാണ്.

' യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതി ഉത്തരവാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളൂ. 2011ലെ കേന്ദ്രസര്‍ക്കാരിന്റെ ഗൈഡ്‌ലൈന്‍ അപ്ലൈ ചെയ്യുകയാണ് വേണ്ടത്. അത് എവിടെ നടപ്പാക്കണമെന്ന ലിസ്റ്റ് ഉണ്ടാക്കണം. കേരളത്തില്‍ ഇക്കോ സെന്‍സിറ്റീവ് ആയി നോട്ടിഫൈ ചെയ്യപ്പെട്ടത് മതികെട്ടാന്‍ മാത്രമാണ്. മറ്റ് 18 ഇടങ്ങള്‍ പ്രൊപ്പോസല്‍ നല്‍കിയിരിക്കുകയാണ്. ഗൈഡ്‌ലൈന്‍ അനുസരിച്ചാണെങ്കില്‍ നോട്ടിഫൈ ചെയ്ത ഇടങ്ങളില്‍ 10 കി മീ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിക്കണം. പ്രൊപ്പോസല്‍ നല്‍കിയ ഇടങ്ങളില്‍ അത് നോട്ടിഫൈ ചെയ്യപ്പെടുമ്പോള്‍ 10 കി മീ ചുറ്റളവില്‍ ബഫര്‍സോണ്‍ ആക്കണം. എന്നാല്‍ അതില്‍ തന്നെ ഓരോ പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് അതില്‍ മാറ്റങ്ങള്‍ വരുത്താം. ചില സംരക്ഷിത വനങ്ങള്‍ സിറ്റിയുടെ നടുക്കാവും. അങ്ങനെ വന്നാല്‍ അത് ഇക്കോ സെന്‍സിറ്റീവ് സോണ്‍ ആക്കാന്‍ ബുദ്ധിമുട്ടാകും. അതിനനുസരിച്ച് ഏരിയ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാം. കേന്ദ്ര മന്ത്രാലയത്തിന് ഇതനുസരിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിച്ച് അനുമതി വാങ്ങാം. എന്നാല്‍ സുപ്രീംകോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഇത്തരത്തില്‍ വിട്ടുവീഴ്ചകള്‍ ഇല്ല. അതുകൂടാതെ ഒരു ഉദ്യോഗസ്ഥനിലേക്ക് മുഴുവന്‍ അധികാരവും എത്തിക്കുകയും ചെയ്യുന്നു. ബഫര്‍സോണിലെ എല്ലാ ആക്ടിവിറ്റിയും പ്രിന്‍സിപ്പിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ അറിയിച്ച് അനുമതി വാങ്ങണം. ഇത് ഗൈഡ്‌ലൈന്‍ ഓവര്‍റൈഡ് ചെയ്യുന്നതുമാണ്. കാലാകാലങ്ങളായി ഉദ്യോഗസ്ഥരില്‍ വിശ്വാസം നഷ്ടപ്പെട്ട ജനത ആ അഭിപ്രായം അംഗീകരിക്കണമെന്നുമില്ല.' ബിജോയ് കൂട്ടിച്ചേര്‍ത്തു.

നിലവില്‍ അൻപതിനായിരത്തിനടുത്ത് പരാതികളാണ് ഭൂപട സര്‍വേ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയിട്ടുള്ളതെന്നാണ് പ്രതിഷേധക്കാര്‍ നല്‍കുന്ന കണക്ക്

കേന്ദ്ര വിജ്ഞാപനം വന്ന് 12 വര്‍ഷം കൊണ്ട് നടപ്പാക്കുന്ന ഒരു വിഷയം കുറേക്കൂടി ശാസ്ത്രീയമായി നടപ്പാക്കാനാണ് ശ്രമിക്കേണ്ടിയിരുന്നത് എന്ന അഭിപ്രായമാണ് വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ പങ്കുവെയ്ക്കുന്നത്. കെ എഫ് ആര്‍ ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതികരിച്ചത് ഇങ്ങനെ:

'ഇപ്പോള്‍ നടക്കുന്ന ബഹളവും ഒച്ചപ്പാടും ഒന്നും ഇല്ലാതെ സയന്റിഫിക് മെത്തേഡിലൂടെയായിരുന്നു ഇത്രയും സെന്‍സിറ്റീവ് ആയ വിഷയം നടപ്പാക്കാന്‍ ശ്രമിക്കേണ്ടിയിരുന്നത്. ഇത്തരത്തില്‍ യാന്ത്രികമായി ചെയ്യേണ്ടതല്ല ബഫര്‍സോണ്‍ പോലുള്ള വിഷയങ്ങള്‍. ജനങ്ങള്‍ താമസിക്കുന്നയിടത്ത് ഒരു വര വരച്ച് ബഫര്‍ സോണ്‍ ആക്കുക, നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്ന് പറയുമ്പോള്‍ ജനങ്ങള്‍ സ്വാഭാവികമായും പ്രതികരിക്കും. മൂന്ന് വ്യത്യസ്ത സോണുകളായി തിരിച്ച് കൃത്യമായ പഠനം നടത്തി വേണം ഇത് നടപ്പാക്കാന്‍. അതിര്‍ത്തി തീരുമാനിക്കാന്‍ ഗ്രാമസഭകളെ കൂടി പങ്കാളികളാക്കണം. അത്തരത്തില്‍ ഒന്നായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. അതില്‍ ജനങ്ങള്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയിരുന്നു. അന്ന് അത് പറഞ്ഞപ്പോള്‍ മനസ്സിലാവാത്തവരാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടാകും. അതുകൂടി പരിഗണിച്ചേ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ.

'ഗ്രാമസഭകളേയും ജനങ്ങളേയും ഉള്‍പ്പെടുത്താതെ, ചര്‍ച്ചകള്‍ വികസിപ്പിക്കാതെ ഒറ്റയടിക്ക് ബഫര്‍സോണ്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ് തിരിച്ചടിയാവുന്നതെന്ന് ശാസ്ത്രസാഹിത്യ പരിഷത് പരിസര സമിതി സംസ്ഥാന കണ്‍വീനര്‍ ഡോ. സുമ ചൂണ്ടിക്കാട്ടുന്നു. ' എല്ലാവരും ചേര്‍ന്നേ ഒരു തീരുമാനം എടുക്കാന്‍ കഴിയൂ. ഇക്കോ സെന്‍സിറ്റീവ് സോണുകള്‍ വേണമെന്നതില്‍ അഭിപ്രായ വ്യത്യാസമില്ല. എന്നാല്‍ സെന്‍സിറ്റീവ് വിഷയങ്ങളെ പ്രത്യേക ശ്രദ്ധകൊടുത്ത് പരിഹരിക്കണം. ഗൈഡ്‌ലൈന്‍ അനുസരിച്ച് പഞ്ചായത്തുകളുമായി ആലോചിച്ച് ഗ്രാമസഭ വഴി ഗൈഡ്‌ലൈന്‍ വികസിപ്പിച്ച് വേണം ഇത്തരം നടപടികള്‍. പല കാര്യങ്ങളില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ജനങ്ങളാണ് ഇതിലും ഉള്‍പ്പെട്ടിട്ടുള്ളത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വന്നപ്പോഴും, പിന്നീട് ഇ എഫ് എല്‍ വന്നപ്പോഴും ഇതേ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ദുര്‍ബല മേഖലകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഭൂമി പിടിച്ചെടുക്കപ്പെട്ടവരുടെ പ്രതിസന്ധികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അവരുടെ അടുത്ത് ഇത്തരം വിഷയങ്ങള്‍ എത്തിക്കുമ്പോള്‍ കുറേക്കൂടി ആലോചനയോടെ പരസ്പരം ചര്‍ച്ച ചെയ്ത് അവരുടെ കൂടി തീരുമാനത്തില്‍ വേണം നടപ്പാക്കാന്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട് ഭൗതിക സ്ഥല പരിശോധന നടത്തി വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ കാലാവധി 2023 ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ അൻപതിനായിരത്തിനടുത്ത് പരാതികളാണ് ഭൂപട സര്‍വേ സംബന്ധിച്ച് സര്‍ക്കാരിന് നല്‍കിയിട്ടുള്ളതെന്നാണ് പ്രതിഷേധക്കാര്‍ നല്‍കുന്ന കണക്ക്. ഭൗതിക സ്ഥല പരിശോധനയില്‍ പരാതികള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മലയോര ജനത.

logo
The Fourth
www.thefourthnews.in