നീന്തിവാ മക്കളേ...!; കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ മുക്കം നഗരസഭ

ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ അഞ്ചുവയസുകാരി റെന ഫാത്തിമയാണ്

മഴക്കാലമായതോടെ രക്ഷിതാക്കൾക്കെല്ലാം പേടിയാണ്. വെള്ളക്കെട്ടിലും അരുവികളിലുമൊക്കെ കുട്ടികൾ അപകടങ്ങളിൽ പെടുമോയെന്ന ആശങ്ക എല്ലാവരിലും ഉണ്ടാവും. മുക്കം പോലെ നിറയെ ജലാശയങ്ങൾ ഉള്ള നാടുകളിൽ പ്രത്യേകിച്ചും. ഈ പേടി മാറ്റാൻ മുക്കം നഗരസഭ തുടങ്ങിയ ക്യാമ്പയിൻ ആണ് ‘നീന്തിവാ മക്കളേ‘. മുക്കത്തെ കുട്ടികളെയെല്ലാം നീന്തൽ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഈ ക്യാമ്പയിന്റെ ബ്രാൻഡ് അംബാസഡർ അഞ്ചുവയസുകാരി റെന ഫാത്തിമയാണ്.

തോട്ടുമുക്കത്ത് വീടിന് മുന്നിലുള്ള പുഴയില്‍ വല്യുമ്മ റംലയ്ക്കൊപ്പം രണ്ട് വയസ് മുതല്‍ തന്നെ റെന പോവുമായിരുന്നു. കല്ലിലും വല്യുമ്മയുടെ കൈയിലുമൊക്കെ പിടിച്ച് കാലിട്ടടിച്ചുതുടങ്ങിയ റെന മൂന്ന് വയസായപ്പോഴേക്കും അസ്സലായി നീന്താനും മലക്കംമറിയാനുമൊക്കെ തുടങ്ങി. പുഴയില്‍ നീന്തുന്ന റെനയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഈ സമയത്താണ് മുക്കം നഗരസഭ കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ക്യാമ്പയിനെക്കുറിച്ച് ആലോചിക്കുന്നത്. ഇരുവഞ്ഞിയും ചെറുപുഴയും മറ്റനേകം അരുവികളും വെള്ളച്ചാട്ടങ്ങളുമൊക്കെയുള്ള നാടാണ് മുക്കം. മൂന്ന് അതിരും പുഴയാണ്. വെള്ളത്തില്‍ മുങ്ങിയുള്ള അപകടങ്ങളും ഇവിടെ പതിവാണ്. അത്തരം അപകടങ്ങള്‍ ഇല്ലാതാക്കുകയാണ് നീന്തി വാ മക്കളേയെന്ന ക്യാമ്പയിന്റെ ലക്ഷ്യം. മുക്കത്തുള്ള കുട്ടികളെ നീന്തലിലേക്ക് ആകര്‍ഷിക്കാന്‍ നഗരസഭ കണ്ടെത്തിയത് റെന ഫാത്തിമയെയായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ക്യാമ്പയിന്റെ മുഖമാണ് റെന ഫാത്തിമ. റെനയുടെ ട്രിക്കുകള്‍ മുക്കത്തെ മറ്റ് കുട്ടികളെയും നീന്തലിലേക്ക് അടുപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പി ടി ബാബു പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മുക്കം മേഖലയില്‍ 41 പേരാണ് വെള്ളത്തിലുണ്ടായ അപകടങ്ങളില്‍ മരിച്ചത്. ഇതില്‍ തന്നെ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമായിരുന്നു. എല്ലാവരെയും നീന്തല്‍ പഠിപ്പിക്കുന്നതിലൂടെ ഇത്തരം അപകടങ്ങള്‍ കുറയ്ക്കാനാകുമെന്ന് നഗരസഭാ ചെയര്‍മാന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in