'എനിക്കും മണവാട്ടിയാകണം, ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം  അങ്ങനെ സാക്ഷാത്കരിക്കണം'; ജീവിതം പറഞ്ഞ് സ്റ്റെഫി

'എനിക്കും മണവാട്ടിയാകണം, ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കണം'; ജീവിതം പറഞ്ഞ് സ്റ്റെഫി

വിവാഹത്തിന്റെ പടിവാതിൽക്കൽ വരെ എത്തി നിൽക്കുമ്പോഴാണ് ക്യാൻസർ വീണ്ടും സ്റ്റെഫിയെ കീഴടക്കുന്നത്
Published on

വെള്ള ഗൗണിൽ നിറഞ്ഞ പുഞ്ചിരിയിൽ ഒരു മാലാഖക്കുട്ടി. ഇതുപക്ഷേ വെറുമൊരു ഫോട്ടോയല്ല. ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് . ആ സ്വപ്നത്തിന് ചിറകുകൾ നൽകിയതാകട്ടെ ഒരു സുഹൃത്തും. ചിത്രത്തിലുള്ള പെൺകുട്ടിക്ക് പറയാൻ ഏറെ അനുഭവങ്ങളുണ്ട്. ചിത്രത്തിലേക്കുള്ള യാത്രയ്ക്ക് പിന്നിലൊരു കഥയും ... ആ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് സ്റ്റെഫി തോമസ് ദ ഫോർത്തിനോട്

2019 ൽ വീണ്ടും അസുഖ ബാധിതയായപ്പോൾ ആരംഭിച്ച കീമോതെറാപ്പി പിന്നെ മുടക്കിയിട്ടില്ല

2014 ൽ 23 വയസ്സുള്ളപ്പോഴാണ് കോട്ടയം കറുകച്ചാൽ സ്വദേശി സ്റ്റെഫി തോമസ് ക്യാൻസറാണെന്ന് ആദ്യം തിരിച്ചറിയുന്നത് . ഓവറിയിലുള്ള രോഗബാധയെ തുടർന്ന് ഗർഭപാത്രം അന്നേ എടുത്തുമാറ്റി. ഇതോടെ അസുഖം പൂർണമായി മാറിയെന്ന ധാരണയിൽ വിവാഹ ആലോചനയുമായി മുന്നോട്ട് പോയി. ഏകദേശം വിവാഹത്തിന്റെ പടിവാതിൽക്കൽ വരെ എത്തി നിൽക്കുമ്പോഴാണ് ക്യാൻസർ വീണ്ടും സ്റ്റെഫിയെ കീഴടക്കുന്നത്. അതോടെ ജീവിതം കീഴ്മേൽ മറിഞ്ഞു. ഇനിയൊരിക്കലും രോഗം പൂർണമായും ഭേദമാകില്ലെന്ന തിരിച്ചറിവിൽ വിവാഹ ജീവിതമെന്ന ആഗ്രഹം ഉപേക്ഷിച്ചു.2019 ൽ വീണ്ടും അസുഖ ബാധിതയായപ്പോൾ ആരംഭിച്ച കീമോതെറാപ്പി പിന്നെ മുടക്കിയിട്ടില്ല.

വിവാഹമെന്ന സ്വപ്നം ഉപേക്ഷിച്ചെങ്കിലും വധുവിനെ പോലെ ഒരുങ്ങാനുള്ള ആഗ്രഹം എന്നും സ്റ്റെഫി മനസിൽ സൂക്ഷിച്ചിരുന്നു. തുടർച്ചയായുള്ള കീമോ നൽകുന്ന അവശതയും മുടി നഷ്ടപ്പെട്ടതിനാലും സ്റ്റെഫി ഇതൊന്നും ആരോടും പങ്കുവച്ചിരുന്നില്ല. എന്നാൽ രണ്ട് വർഷം മുൻപ് ഒരു സുഹൃത്തിന്റെ വിവാഹത്തിന് പങ്കെടുത്തതായിരുന്നു സ്വപ്നത്തിലേക്കുള്ള ആദ്യചുവടുവയ്പ്പ്. സാധാരണയായി കീമോയിൽ നഷ്ടപ്പെട്ട മുടിക്ക് പകരം വിഗ് വയ്ക്കാത്ത സ്റ്റെഫി വിവാഹ ചടങ്ങ് ആയതിനാൽ വിഗ് ധരിച്ചാണ് പങ്കെടുത്തത്. ഒറ്റ നോട്ടത്തിൽ വിഗ് തിരിച്ചറിഞ്ഞ ഫോട്ടോഗ്രാഫർ സ്റ്റെഫിയോട് സംസാരിക്കാൻ തയാറായതായിരുന്നു ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടുത്ത പടി.

എന്റെ യഥാർത്ഥ രൂപത്തിൽ എനിക്ക് ഒരു മണവാട്ടിയാകണം

സ്റ്റെഫി

അവിടെ വച്ച് സ്റ്റെഫിയുടെ ജീവിത കഥ കേട്ട ഫോട്ടോഗ്രാഫർ ബിനുവാണ് തീം ബെയ്സ്ഡ് ഫോട്ടോഷൂട്ടിന്റെ ഭാഗമാകാമോ എന്ന് ചോദിക്കുന്നത്. കേട്ട ഉടനെ തന്നെ സ്റ്റെഫിക്ക് നൂറു വട്ടം സമ്മതം. ഒപ്പം വധു ആയി അണിഞ്ഞൊരുങ്ങാനുള്ള ആഗ്രഹം കൂടി സ്റ്റെഫി ബിനുവിനെ അറിയിച്ചു.

അന്ന് ഓക്കേ പറഞ്ഞു പിരിഞ്ഞെങ്കിലും പിന്നീട് കോവിഡ് വന്നു , ലോക്ഡൗണ്‍ ആയി, സമയം നീണ്ടു പോയി. നാളുകൾക്ക് ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ്ടും ആഗ്രഹവും ആശയവും ഇരുവരും പൊടിതട്ടിയെടുക്കുന്നത് .

"ഫെബ്രുവരിയിൽ എന്റെ സുഹൃത്തിന്റെ വിവാഹ ഫോട്ടോഷൂട്ടിനായി ഞാൻ ബിനു ചേട്ടന് അങ്ങോട്ട് മെസ്സേജ് അയച്ചിരുന്നു. അന്ന് ഡ്രോപ്പ് ആയിപ്പോയ പ്ലാൻ അങ്ങനെ വീണ്ടും ഓൺ ആയി. തുടർന്ന് എന്ത് കോൺസെപ്റ്റ് വേണമെന്ന് ചേട്ടൻ എന്നോട് ചോദിച്ചു. ഞാൻ എന്റെ ഒരു ആഗ്രഹം മാത്രം പറഞ്ഞു. എന്റെ യഥാർത്ഥ രൂപത്തിൽ എനിക്ക് ഒരു മണവാട്ടിയാകണം. ഒരിക്കലും നടക്കാത്ത ഒരു സ്വപ്നം എനിക്ക് അങ്ങനെ സാക്ഷാത്കരിക്കണം" സ്റ്റെഫി പറഞ്ഞു.

രണ്ട് വർഷം മുൻപ് വിട്ട ആ സ്വപ്നത്തിലേക്കുള്ള ഒരു ചുവട് വയ്പ്പുകൂടിയായി ആ മെസേജ്. അതിന് ശേഷമെല്ലാം വേഗത്തിലായി. തിരുവല്ല ചരൽക്കുന്നിലായിരുന്നു ഫോട്ടോഷൂട്ട്

പോയ വർഷങ്ങളിൽ നേരിടേണ്ടി വന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ കൊച്ചു സന്തോഷം. "എന്റെ 23 ആം വയസ്സിലാണ് എനിക്ക് അസുഖം ബാധിക്കുന്നത്. ഒരു പെൺകുട്ടി ആയതിന്റെ പേരിലും അസുഖം ക്യാൻസർ ആയി പോയതിന്റെ പേരിലും ജീവിതം തീർന്നു പോയി എന്ന് കരുതുന്ന ഒരുപാട് ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്തിനാണ് അസുഖം പുറത്ത് പറയുന്നത്, കല്യാണം കഴിച്ച് വിടണ്ടതല്ലേ തുടങ്ങിയ ചോദ്യങ്ങൾ ഉയർന്ന് കേട്ടിട്ടുണ്ട്. ഈ കുട്ടിയുടെ ഗർഭപാത്രം എടുത്തു കളഞ്ഞതല്ലേ എന്ന് എന്റെ അമ്മയോട് പോലും ആളുകൾ വന്ന് ചോദിച്ചിട്ടുണ്ട്", സ്റ്റെഫി പറയുന്നു.

"മറ്റ് അസുഖങ്ങൾ വരുമ്പോഴും ആളുകൾ മരുന്ന് കഴിക്കുന്നില്ലേ. ക്യാൻസറിന്റെ പ്രത്യാഘാതം വലുത് തന്നെയാണ്. ക്യാൻസർ ബാധിച്ച ശരീര ഭാഗം വരെ നീക്കം ചെയ്യേണ്ട അവസ്ഥ വരും. മുടി പോകും , രൂപം മാറും, ആളുകളുടെ മുൻപിൽ ചെന്ന് നിൽക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാം. പക്ഷെ എന്തു തന്നെയായാലും ജീവിക്കുന്നിടത്തോളം കാലം സന്തോഷത്തോടെ ജീവിക്കുക എന്നതാണ് എന്റെ പോളിസി", സ്റ്റെഫി പറയുന്നു.

2018 വരെ ദുബായിൽ ജോലി ചെയ്യുകയായിരുന്നു സ്റ്റെഫി. വീണ്ടും അസുഖ ബാധിതയായപ്പോൾ ചികിത്സയ്ക്കായി ജോലി മതിയാക്കി നാട്ടിലെത്തി. ലേക് ഷോര്‍ ആശുപത്രിയിൽ ഗംഗാധരൻ ഡോക്ടറുടെ കീഴിലായിരുന്നു ചികിത്സ. കോവിഡ് സമയത്ത് യാത്രയും മറ്റു സൗകര്യങ്ങളും കണക്കിലെടുത്ത് ഡോക്ടറുടെ നിർദേശ പ്രകാരം കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിലേക്ക് ചികിത്സ മാറ്റി. അച്ഛൻ വിദേശത്ത് ജോലി ചെയ്യുന്നു. അമ്മയും ഇളയ സഹോദരിയുമാണ് സ്റ്റെഫിക്കൊപ്പമുള്ളത്.

logo
The Fourth
www.thefourthnews.in