ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'
ജാതി സെന്‍സസ് എന്ന ആവശ്യത്തെ ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യ അജണ്ടകളില്‍ ഒന്നാക്കാന്‍ കഴിഞ്ഞുവെന്നതാണ് 'ഇന്ത്യ' മുന്നണിയുടെ രൂപികരണത്തിന് ശേഷമുണ്ടായ ഏറ്റവും പ്രധാന സംഭവം. ബിഹാര്‍ സര്‍ക്കാര്‍ ജാതി സെന്‍സസ് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടതോടെ, വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇതൊരു വിഷയമായിരിക്കുമെന്ന് ഉറപ്പാണ്. ജാതി സെന്‍സസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത് ബിഹാര്‍ സര്‍ക്കാറാണെങ്കിലും, അതിന്റെ രാഷ്ട്രീയ അനുരണനങ്ങള്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിഫലിക്കുമെന്ന് കരുതുന്നവരാണ് രാഷ്ട്രീയനിരീക്ഷകരില്‍ ഏറെയും.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസാണ് ബിഹാര്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. സ്വാതന്ത്ര്യത്തിന് മുമ്പ് 1931 ലെ സെന്‍സസിലാണ് ഒബിസി വിഭാഗത്തിന്റെ കണക്ക് അവസാനമായി അറിഞ്ഞത്. . അന്ന് 52 ശതമാനമായിരുന്നു രാജ്യത്തെ പിന്നാക്കജാതി വിഭാഗം. സ്വാതന്ത്ര്യത്തിനുശേഷം, നെഹ്‌റുവോ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമോ ജാതിവിവേചനമെന്നത് സാമ്പത്തിക വളര്‍ച്ചയോടൊപ്പം ഇല്ലാതാവുന്ന ഒരു സാമൂഹ്യ പ്രതിഭാസമായി കണ്ടതുകൊണ്ടാകാം അതിനെ മുഖ്യസ്ഥാനത്തുനിര്‍ത്തിയുള്ള നയപരിപാടികള്‍ ആവിഷ്‌കരിച്ചില്ല. എങ്കിലും നെഹ്‌റുവാണ് ഇന്ത്യയിലെ ആദ്യത്തെ ബാക്ക് വേഡ് ക്ലാസസ് കമ്മിഷന്‍ രൂപികരിക്കുന്നത്. രാജ്യസഭാംഗമായിരുന്ന കാകാ കേല്‍ക്കറിന്റെ നേതൃത്വത്തിലുള്ള കമ്മിഷന്‍ 1955 ല്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഒന്നുമുണ്ടായില്ല. ഇത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ ചെറിയ മാറ്റങ്ങള്‍ക്ക് കാരണമായി. രാം മനോഹര്‍ ലോഹ്യയുടെ ഇടപെടലായിരുന്നു ഇതിനുകാരണം.
സോഷ്യലിസ്റ്റായിരുന്നുവെങ്കിലും ജാതി ഇന്ത്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് സാമ്പ്രദായിക ഇടത് സമീപനമായിരുന്നില്ല നെഹ്‌റുവിന്റെ എതിരാളിയായിരുന്ന സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യയ്ക്ക്. 1960 കളില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ പലയിടത്തും അദ്ദേഹത്തിന് കഴിഞ്ഞതും ജാതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് അന്ന് നിലനിര്‍ത്താന്‍ കഴിഞ്ഞ, മുഖ്യധാരയില്‍നിന്ന് ഭിന്നമായ ചിന്തയാണെന്ന് കരുതാം. ലോഹ്യയും അംബേദ്കറും ഒരു ഘട്ടത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ പോലും ആലോചിച്ചിരുന്നതായും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്. പക്ഷേ ആ ഘട്ടത്തിലായിരുന്നു അംബേദ്കറുടെ മരണം. പിന്നീട് ലോഹ്യയും അന്തരിച്ചതോടെ, ആ രാഷ്ട്രീയത്തിന് അതേ തീവ്രതയില്‍മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. എങ്കിലും പിന്നീട് ജനതാപരിവാറില്‍പ്പെട്ട നിരവധി പാര്‍ട്ടിയുടെ നേതാക്കളെ സ്വാധീനിക്കുന്നതിന് ലോഹ്യയ്ക്ക് സാധിച്ചുവെന്നത് വസ്തുതയാണ്. ലോഹ്യയ്ക്കുശേഷം ചൗധരി ചരണ്‍ സിങാണ് ഒബിസി രാഷ്ട്രീയത്തിന്റെ വക്താവായി ദേശീയതലത്തില്‍ ഉദിച്ചുയര്‍ന്നത്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടോടുകൂടിയാണ് ദേശീയരാഷ്ട്രീയത്തില്‍ ജാതി കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. സാമൂഹ്യ പിന്നാക്കവസ്ഥയെ മറികടക്കുന്നതിനുള്ള കമ്മിഷനെ നിയോഗിച്ചത് 1977 ലെ മോറാര്‍ജി ദേശായി സര്‍ക്കാരായിരുന്നുവെങ്കില്‍ അത് നടപ്പാക്കിയത് മറ്റൊരു കോണ്‍ഗ്രസിതര സര്‍ക്കാരിന് നേതൃത്വം നല്‍കിയ വിപി സിങ് ആയിരുന്നുവെന്നത് മറ്റൊരു യാദൃശ്ചികത. സാമ്പത്തിക അഭിവൃദ്ധി പൊതുവായി ഉണ്ടാകുമ്പോള്‍ ജാതിവിവേചനം പാടെ ഇല്ലാതാകുമെന്ന കരുതിയ, 'ജാതി അന്ധത' ബാധിച്ച ഇടതുവലതുമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പലതിനും വിപി സിങ്ങിനോട് യോജിപ്പുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹം മുന്നോട്ടുപോയി. പിന്നീട് ജനതാപരിവാര്‍ പാര്‍ട്ടികള്‍ പലതായി. എന്നാല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ അഴിച്ചുവിട്ട ഹിംസാത്മകമായ ഹിന്ദുത്വയെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്തിയത് മണ്ഡല്‍ പാര്‍ട്ടികളെന്ന് വിശേഷിപ്പിക്കാവുന്ന ലാലുവിന്റെയും മുലായംസിങ്ങിന്റെയും ശരദ് യാദവിനെയുമൊക്കെ പാർട്ടികളാണ്. ഇതേസമയത്ത് തന്നെയാണ് ലോക്‌സഭ ജാതിയമായി കൂടുതല്‍ മികച്ച രീതിയില്‍ പ്രതിനീധികരിക്കപ്പെട്ടതെന്ന് പറയുന്നു രാഷ്ട്രമീമാംസകനായ ക്രിസറ്റഫര്‍ ജാഫര്‍ലോറ്റ്. ലോക്‌സഭയിലെ സവര്‍ണജാതിക്കാരുടെ പ്രാതിനിധ്യം അമ്പതിലേറെ ശതമാനത്തില്‍നിന്ന് 1980-2004 കാലഘട്ടത്തില്‍ 34 കുറഞ്ഞതായി അദ്ദേഹം എഴുതുന്നു. ഒബിസി എംപിമാരുടെ ശതമാനം ഇതേകാലയളവില്‍ 11 ശതമാനത്തില്‍നിന്ന് 26 ശതമാനമായും ഉയര്‍ന്നു. ഒബിസി വിഭാഗത്തെ അടിസ്ഥാനമാക്കിയുള്ള പ്രദേശിക പാര്‍ട്ടികളുടെ മുന്നേറ്റമാണ് ഇതിന് കാരണമെന്നാണ് ജാഫര്‍ലറ്റിന്റെ വിശദീകരണം.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയത് മുതലുള്ള ആവശ്യമായിരുന്നു വിദ്യാഭ്യാസപ്രവേശനത്തിന് ഒബിസി സംവരണം വേണമെന്നത്. ഇത് നടപ്പിലാക്കിയത് ഒന്നാം യുപിഎ സര്‍ക്കാരും. 2006 ല്‍ അര്‍ജ്ജുന്‍ സിങ് കേന്ദ്ര മന്ത്രിയാായപ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 27 ശതമാനം ഒബിസി സംവകരണം ഏര്‍പ്പെടുത്തിയതാണ് കോണ്‍ഗ്രസ് നടത്തിയ വലിയ നീക്കം. എന്നാല്‍ അതിന്റെ പ്രയോജനം കോണ്‍ഗ്രസിന് ലഭിച്ചതായി സൂചനയില്ല. കാരണം വടക്കേ ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സ്വാധീനത്തില്‍ അതൊന്നും വലിയ മാറ്റമുണ്ടാക്കിയില്ല. ബിജെപിയും ഒബിസിയും പിന്നീടാണ് ബിജെപി സമര്‍ത്ഥമായി ഒബിസിയിലെ, ഉപജാതി വിഭാഗങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങള്‍ നടത്തിയത്. കല്യാണ്‍ സിങ്ങിനെയും ഉമാഭരാതിയെയും ഉയര്‍ത്തിയാണ് ഒബിസി 'അധിനിവേശത്തിന്' ആദ്യഘട്ടത്തില്‍ ബിജെപി പ്രതിരോധം തീര്‍ത്തത്. പിന്നീട് കൂടുതല്‍ സമര്‍ത്ഥമായി യാദവേതര വിഭാഗങ്ങളെയും മറ്റ് ഒബിസി ഉപവിഭാഗങ്ങളെയും ഉപയോഗിച്ച് വടക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം നേടി. ഇങ്ങനെയൊക്കെ ആകുമ്പോഴും ബിജെപി ദേശീയ രാഷ്ട്രീയത്തില്‍ ആധിപത്യം നേടിയ 2014 ല്‍ സവര്‍ണ വിഭാഗത്തില്‍പ്പെട്ട എംപിമാരുടെ പ്രാതിനിധ്യം ലോക്‌സഭയില്‍ വര്‍ധിക്കുകയാണ് ചെയ്തതെന്ന് ക്രിസ്റ്റഫര്‍ ജാഫര്‍ലെറ്റ് ചൂണ്ടിക്കാട്ടുന്നു. ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യം 20 ശതമാനമായി കുറഞ്ഞപ്പോള്‍ സവര്‍ണവിഭാഗത്തിന്റേത് 45 ശതമാനമായി കുറയുകയും ചെയ്തു. ഉത്തരേന്ത്യയിലെ പ്രാദേശിക പാര്‍ട്ടികള്‍ക്ക് ലോക്‌സഭയില്‍ പ്രാതിനിധ്യം കുറഞ്ഞപ്പോള്‍ സംഭവിച്ചതാണത്.
ഒബിസി എന്നത് നിരവധി അടരുകളുള്ള ഒരു വിഭാഗമാണ്. ഒബിസിയുടെ പേരില്‍ യഥാര്‍ത്ഥത്തില്‍ യാദവര്‍, കുര്‍മികള്‍, തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടായതെന്ന വിലയിരുത്തലിണ് ഇതിലെ മറ്റ് ജാതി വിഭാഗങ്ങളെ ബിജെപി ഉപയോഗിച്ചത്. ഇത് ഒബിസി എന്ന ഗ്രൂപ്പിനുള്ളിലും ഭിന്നത സൃഷ്ടിച്ചു. ഇതിന്റെയൊക്കെ നേട്ടം തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിക്കുകയും ചെയ്തു.
ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും ശക്തവും പരിലാളന ലഭിക്കുന്നതുമായ സാമൂഹ്യവിഭാഗം ഏതെന്നെ ചോദ്യത്തിന് അത് ഇവിടുത്തെ സവര്‍ണജാതി വിഭാഗമാണെന്ന് പറയുന്നുണ്ട്, സാമൂഹ്യശാസ്ത്രജ്ഞനും ജാതിയെക്കുറിച്ച് നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ച ഗവേഷകനുമായ സതീഷ് പാണ്ഡെ. 15- 20 ശതമാനം വരുന്ന സമുദായത്തിന് അധികാരകേന്ദ്രങ്ങളിലുള്ള പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം അദ്ദേഹം നടത്തിയത്. വിവിധ ഉപജാതി വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഒബിസിയെ അദ്ദേഹം ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും വലിയ സാമൂഹ്യ വിഭാഗമായും വിശദീകരിക്കുന്നു. ഒബിസി വിഭാഗത്തിന്റെ വലുപ്പമാണ്, ഹിന്ദു സമൂഹത്തിലെ നാലില്‍ മൂന്ന് പേരും കീഴ്ജാതിക്കാരാണെന്ന് ബോധ്യത്തിലേക്ക് നമ്മെ നയിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒബിസി എന്നത് ഹിന്ദു ജാതിഘടനയില്‍ ദളിതര്‍ക്കും സവര്‍ണര്‍ക്കുമിടയില്‍ കിടക്കുന്ന വിഭാഗമാണ്. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് ഒബിസി വിഭാഗമാണ്. അതേസമയം ജാതി വിവേചനത്തിന്റെ ക്രൂരതകളുടെ ഇരകളുമാകുന്നുണ്ട് ഈ വിഭാഗം. 'ജാതി സമ്പ്രദായത്തിനുള്ളില്‍ പെട്ട് കിടക്കുന്ന ഒബിസി വിഭാഗം ജാതി വ്യവസ്ഥയെ ഏത് രീതിയില്‍ ഉപയോഗിക്കുന്നുവെന്നതും അവരോട് ജാതി സമ്പ്രദായം എന്ത് ചെയ്യുന്നുവെന്നതും ജാതിക്കെതിരായ നീക്കത്തില്‍ പ്രധാനമാണെന്നും സതീഷ് ദേശ്പാണ്ഡെ പറയുന്നു. ഒബിസി എന്നത് നിരവധി അടരുകളുള്ള ഒരു വിഭാഗമാണ്. ഒബിസിയുടെ പേരില്‍ യഥാര്‍ത്ഥത്തില്‍ യാദവര്‍, കുര്‍മികള്‍, തുടങ്ങിയ വിഭാഗങ്ങള്‍ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടായതെന്ന വിലയിരുത്തലിണ് ഇതിലെ മറ്റ് ജാതി വിഭാഗങ്ങളെ ബിജെപി ഉപയോഗിച്ചത്. ഇത് ഒബിസി എന്ന ഗ്രൂപ്പിനുള്ളിലും ഭിന്നത സൃഷ്ടിച്ചു. ഇതിന്റെയൊക്കെ നേട്ടം തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ലഭിക്കുകയും ചെയ്തു. പല ഉപജാതി വിഭാഗങ്ങളും യാദവ്, കുര്‍മി വിഭാഗങ്ങള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ വിട്ടുപോകാന്‍ കാരണമായതും ബിജെപിയ്ക്ക് അനുകൂലമായി. ഇതിനെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജാതി സെന്‍സസ് വാദം ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഉയര്‍ത്തിയതും ഇപ്പോള്‍ ബിഹാറില്‍ സെന്‍സസ് പുറത്തുവിട്ടതും. ബിജെപിയുടെ 'ഇന്‍ക്ലൂസീവ് ഹിന്ദുത്വ' യെ മറികടക്കാനുള്ള ശേഷി ജാതി സെന്‍സസ് വാദത്തിലൂടെ ഉയര്‍ത്തികൊണ്ടുവരുന്ന രാഷ്ട്രീയത്തിനുണ്ടാകുമോ?
തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഇതുവരെ കോണ്‍ഗ്രസ് കാര്യമായി പരിഗണിക്കാത്ത വിഭാഗമാണ് ഒബിസി. ബ്രാഹ്‌മണരുള്‍പ്പെട്ട സവര്‍ണരും ദളിതരും മുസ്ലfങ്ങളും എന്ന സമവാക്യമാണ് കോണ്‍ഗ്രസ് പൊതുവില്‍ അതിന് ശക്തിയുണ്ടായിരുന്ന 80 കളില്‍ ഉത്തരേന്ത്യയില്‍ പയറ്റിയത്. ( ക്ഷത്രിയ ഹരിജന്‍-ആദിവാസി- മുസ്ലിം -KHAM പോലുള്ള സോഷ്യല്‍ എൻജിനിയറിങ്ങുകള്‍). ഇതില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു കാലത്ത് ഒബിസിയെ ലക്ഷ്യമിടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു. പിരിഞ്ഞുപോയ ഒബിസി വിഭാഗങ്ങളിലേക്കെത്താന്‍ ജനതാ പരിവാര്‍ പാര്‍ട്ടികളും. രാഷ്ട്രീയം ജാതി പറയുമ്പോള്‍ ബിജെപിയുടെ 'ഇന്‍ക്ലൂസീവ്' ഹിന്ദുത്വത്തിന്റെ അടിത്തറ ഇളകുമോ എന്നതാണ് അറിയേണ്ടത് .