ഇനി ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരാക്കാം, പുതിയ കേന്ദ്രനിയമം സുപ്രീംകോടതി വിധിക്ക് എതിരാവുന്നത് എന്തുകൊണ്ട്?

ഇനി ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷണർമാരാക്കാം, പുതിയ കേന്ദ്രനിയമം സുപ്രീംകോടതി വിധിക്ക് എതിരാവുന്നത് എന്തുകൊണ്ട്?

തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിശ്ചയിക്കുന്നതിൽ രാഷ്ട്രീയ ഇടപെടൽ പാടില്ലെന്നായിരുന്നു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനം
Updated on
2 min read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിശ്ചയിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ബിൽ വിവാദമായിരിക്കുകയാണ്. രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കും മേല്‍നോട്ടം വഹിക്കേണ്ട കമ്മീഷന്റെ സ്വതന്ത്ര്യം പുതിയ നിയമം നടപ്പിലാകുന്നതോടെ പൂര്‍ണമായി തന്നെ ഇല്ലാതാകുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതോടൊപ്പം, നേരത്തെ ഇക്കാര്യത്തില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ അന്തസ്സത്ത ചോര്‍ത്തുന്നതാണ് പുതിയ നിയമമെന്നുമാണ് ആക്ഷേപം.

എന്താണ് പുതിയ ബില്ലിലെ വ്യവസ്ഥ?

ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ആൻഡ് അദര്‍ ഇലക്ഷന്‍ കമ്മീഷണേഴ്‌സ് (അപ്പോയ്ന്‍മെന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്, ആൻഡ് ടേം ഓഫ് ഓഫീസ് ) ബിൽ 2023 ആണ് കഴിഞ്ഞദിവസം രാജ്യസഭയില്‍ നിയമ മന്ത്രി അർജുൻ രാം മേഗ്വാല്‍ അവതരിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും കമ്മീഷണര്‍മാരെയും നിയമിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇതില്‍ പ്രധാനം.

സര്‍ക്കാരിന്റെ ബിൽ അനുസരിച്ച് ഇനി മുതല്‍ മുഖ്യ കമ്മീഷണറേയും കമ്മീഷണര്‍മാരെയും നിയമിക്കാനുള്ള സമിതിയില്‍ പ്രധാനമന്ത്രി, കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരാണ് ഉണ്ടാകുക. ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന് താല്‍പ്പര്യമുളള ആളുകളായിരിക്കും ഇനി മുതല്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി നിയമിക്കപ്പെടുക. ഇപ്പോഴത്തെ സംവിധാനത്തില്‍ ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയാണ് കേന്ദ്ര മന്ത്രിയെ തിരഞ്ഞെടുപ്പ് സമിതിയില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ബിൽ അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന് തിരഞ്ഞെടുപ്പ് സമിതിയില്‍ ഭൂരിപക്ഷമുണ്ടാവുകയും സര്‍ക്കാരിന് താല്‍പ്പര്യമുള്ളവരെ, പ്രതിപക്ഷ നേതാവിന്റെ എതിര്‍പ്പ് അവഗണിച്ചും നിയമിക്കാനും സാധിക്കും.

ചീഫ് ജസ്റ്റിസിനെ എപ്പോഴായിരുന്നു സമതിയില്‍ ഉള്‍പ്പെടുത്തിയത്?

ഈ വര്‍ഷം മാര്‍ച്ച് രണ്ടാം തീയതിയാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനം സംബന്ധിച്ച് സുപ്രധാന വിധി പുറപ്പെടുവിച്ചത്. അനുപ് ബരന്‍സ്വാല്‍ Vs യൂണിയന്‍ ഓഫ് ഇന്ത്യ കേസിലായിരുന്നു വിധി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ്, പാര്‍ലമെന്റ് വ്യക്തമായ നിയമം പാസ്സാക്കുന്നതുവരെയുള്ള കാലയളവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കേണ്ടതെന്നായിരുന്നു ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. അതുവരെ സര്‍ക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചത്. ഇതിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മാറ്റിയത്.

1991 ല്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ആക്ട് സര്‍ക്കാര്‍ കൊണ്ടുവന്നെങ്കിലും അത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാലാവധി സംബന്ധിച്ചുള്ളതായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് വിശദീകരിക്കുന്നത്. 324(2) അനുരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് സംബന്ധിച്ച് നിയമം പാര്‍ലമെന്റ് കൊണ്ടുവരണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു നിയമനിര്‍മാണവും നടന്നില്ല. ഇതാണ് സുപ്രീം കോടതി ഇക്കാര്യത്തില്‍ ഇടപെടാനും ഭരണഘടന ബഞ്ച് രൂപികരിച്ച് ഒടുവില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനും കാരണമായത്.

മാര്‍ച്ചിലെ വിധി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അതാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. നേരത്തെ താല്‍ക്കാലികമായി സുപ്രീം കോടതി കൊണ്ടുവന്ന സംവിധാനത്തില്‍ കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്ന സമിതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്നുവെന്നതാണ് നിര്‍ദിഷ്ട നിയമത്തിലെ പ്രധാന സവിശേഷത.

എങ്ങനെയാണ് പുതിയ നിയമം സുപ്രീം കോടതിയുടെ വിധിക്കും ഭരണഘടന നിര്‍മാണസഭയിലെ ചര്‍ച്ചകള്‍ക്കും വിരുദ്ധമാകുന്നത്?

സുപ്രീം കോടതി വിധി, അനുച്ഛേദം 324 നെ അതിന്റെ സമഗ്രതയിലാണ് പരിശോധിച്ചത്. ഭരണക്കാരുടെ സ്വാധീനതയില്‍നിന്ന് മുക്തമായിരിക്കണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങളുടെ നിയമനമെന്ന കാര്യം വിധിയില്‍ പറയുന്നു. ഭരണഘടനാധിഷ്ഠിതമായ ജനാധിപത്യം നിലനിര്‍ത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പങ്ക് വലുതാണെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തില്‍ അപ്പോള്‍ നിലവിലുണ്ടായിരുന്ന സംവിധാനം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സമിതിയെ താല്‍ക്കാലികമായി നിയമിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരിക്കുന്ന കക്ഷിയുടെ നിയന്ത്രണത്തില്‍നിന്ന് പൂര്‍ണമായി സ്വതന്ത്രമായിരിക്കണമെന്ന് ഭരണഘടന നിര്‍മാണസഭ വ്യക്തമാക്കിയെങ്കിലും അത് എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തില്‍ ഭരണഘടന നിര്‍മാണ സഭയിലെ അംഗങ്ങള്‍ക്ക് ഏകാഭിപ്രായമായിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് നിയമം കൊണ്ടുവരുന്നതാണ് നല്ലതെന്നായിരുന്നു ഭരണഘടന നിര്‍മ്മാണ സഭ തീരുമാനിച്ചത്. സുപ്രീം കോടതിയുടെ വിധിയും ഭരണഘടന നിര്‍മ്മാണ സഭയിലെ ചര്‍ച്ചകളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വതന്ത്ര്യമായിരിക്കണമെന്നതായിരുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇത് അനിവാര്യമാണെന്നായിരുന്നു കോടതി വിധിയുടെയും ഭരണഘടന നിര്‍മാണ സഭയിലെ ചര്‍ച്ചയുടെയും അന്തഃസത്ത.

എന്നാല്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ബിൽ നിയമമാകുകയാണെങ്കില്‍ ഭരണകക്ഷിയ്ക്ക് താല്‍പ്പര്യമുള്ളയാളുകളെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായും കമ്മീഷണര്‍മാരായും തീരുമാനിക്കാന്‍ കഴിയും. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യത്തെ തിരഞ്ഞെടുപ്പ് പക്രിയയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് ഇതുമൂലം സൃഷ്ടിക്കപ്പെടുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുപ് ചന്ദ്ര പാണ്ഡെ വിരമിക്കും. പുതിയ സംവിധാന പ്രകാരമായിരിക്കും അദ്ദേഹത്തിന്റെ പിന്‍ഗാമിയെ കണ്ടെത്തുക.

logo
The Fourth
www.thefourthnews.in