ലോണ്‍ ആപ്പ് അല്ല മരണക്കെണി

മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണ് തിരുവനന്തപുരം സ്വദേശി

ഒരു ഫോണ്‍ വാങ്ങണം. സിബില്‍ സ്‌കോര്‍ പ്രശ്‌നമായതുകൊണ്ട് ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണെടുക്കാം. കാര്യങ്ങള്‍ വളരെ എളുപ്പമാണ്. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഒരു സെല്‍ഫി, ഇത്രയും മതി ലോണ്‍ കിട്ടാന്‍. നല്ലൊരു ഫോണും വാങ്ങാം. എന്നാല്‍ കഥ ഇവിടെ അവസാനിക്കുമോ ?

ഇങ്ങനെ ഫോണ്‍ വാങ്ങിയ തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി, തന്റെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. ഇത്തരത്തില്‍ ഓണ്‍ലൈന്‍ വായ്പ എടുക്കുന്നവര്‍ ഈ പെണ്‍കുട്ടിക്ക് പറയാനുള്ള കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.

പേടെയിൽ എന്ന ഫിനാൻസ് ആപ്പിൽ നിന്നാണ് കടയുടമ നിർദേശിച്ച പ്രകാരം പെൺകുട്ടി വായ്‌പ എടുത്തത്. വായ്പ എടുത്ത് രണ്ട് മാസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിക്കുകയായിരുന്നു. പേടെയിൽ ആപ്പിൽ നൽകിയ വിവരങ്ങളും ഫോട്ടോയുമാണ് ദുരുപയോഗം ചെയ്യപ്പെട്ടത്. എന്നാലിത് നിഷേധിക്കുകയാണ് കടയുടമ.

സൈബര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. പരാതി കൃത്യമായി രേഖപ്പെടുത്തുക പോലും ചെയ്തില്ല. അവസാനം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് ശേഷമാണ് അന്വേഷണം പോലും തുടങ്ങിയത്. ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പിനാണ് പെണ്‍കുട്ടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശമയച്ചു എന്നായിരുന്നു പെണ്‍കുട്ടിക്ക് നല്‍കിയ റെസീപ്റ്റില്‍ സൈബര്‍ പോലീസ് രേഖപ്പെടുത്തിയത്.

സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും മോര്‍ഫ് ചെയ്ത ഫോട്ടോസ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് പേടെയില്‍ ആപ്പിനെതിരായ പരാതികള്‍

പേടെയില്‍ ആപ്പിന്റെ പേരില്‍ സമാന പരാതികള്‍ മുൻപും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ആപ്പ് ഉദ്യോഗസ്ഥർ. പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞ പേടെയില്‍ ആപ്പിന്റെ പേരില്‍ നിരവധി ഉപയോക്താക്കള്‍ പരാതി പറഞ്ഞിട്ടുണ്ട്. സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നും മോര്‍ഫ് ചെയ്ത ഫോട്ടോസ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് പരാതികള്‍.

ഇത്തരത്തില്‍ നടത്തുന്ന തട്ടിപ്പുകള്‍ കണ്ടെത്താന്‍ സാധിക്കില്ലെന്നും മൂന്നാമതൊരാള്‍ എവിടെയോ ഇരുന്ന് ഐപി അഡ്രസ് മാസ്‌ക് ചെയ്ത് നടത്തുന്ന തട്ടിപ്പാണിതെന്നും സൈബര്‍ പോലീസ് പറയുന്നു. ഓണ്‍ലൈന്‍ ചതിക്കുഴികളും ആത്മഹത്യകളും തുടര്‍കഥയാവുന്നിടത്ത് നിഷ്‌ക്രിയമായൊരു നിയമ സംവിധാനമാണുള്ളത്. ഈ സാഹചര്യത്തില്‍ പെട്ടെന്ന് പണം ലഭിക്കുമെന്ന വാഗ്ദാനത്തിലെ ചതിക്കുഴിയില്‍ വീഴാതിരിക്കുക എന്നത് മാത്രമാണ് ചെയ്യാനുള്ളത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in