'കോഫി അറബിക്ക'; ലോകം കീഴടക്കുന്ന കീഴാന്തൂര്‍ കാപ്പിപ്പെരുമ

'കോഫി അറബിക്ക'; ലോകം കീഴടക്കുന്ന കീഴാന്തൂര്‍ കാപ്പിപ്പെരുമ

'കോഫി അറബിക്ക' ഇനത്തിൽ പെട്ട മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് കീഴാന്തൂരിലേത്. ഈ രുചിപ്പെരുമ ഇതിനോടകം തന്നെ ജർമനിയിലും ക്യൂബയിലും എത്തിയിട്ടുണ്ട്
Updated on
2 min read

ബെംഗളുരുവിൽ നടക്കുന്ന ആഗോള കോഫി മേളയിൽ ലോകോത്തര ബ്രാൻഡുകൾക്കൊപ്പം തിളങ്ങി കേരളത്തിന്റെ സ്വന്തം കീഴാന്തൂർ കാപ്പി. ഇടുക്കിയിലെ ഗോത്രവിഭാഗക്കാർ വിളയിച്ചെടുക്കുന്ന കാപ്പിക്കുരുവിൽനിന്ന് ഉണ്ടാക്കുന്ന കീഴാന്തൂർ കോഫിയുടെ രുചിപ്പെരുമ നുണയാനായി സ്റ്റാളുകളില്‍ സ്വദേശികളുടെയും വിദേശികളുടെയും തിരക്കാണ്.

ഇടുക്കിയിലെ മലയോര മേഖലയിൽ നിന്നുമെത്തിയ ഇവർ ലോകോത്തര ബ്രാൻഡുകൾക്കൊപ്പമാണ് ബെംഗളുരുവിൽ നടക്കുന്ന കോഫി മേളയിൽ തിളങ്ങുന്നത്

'കോഫി അറബിക്ക' ഇനത്തിൽ പെട്ട മുന്തിയ ഇനം കാപ്പിക്കുരുക്കളാണ് ഇടുക്കി കാന്തല്ലൂർ കീഴാന്തൂരിലേത്. ഈ രുചിപ്പെരുമ ജർമനിയിലും ക്യൂബയിലും എത്തിക്കഴിഞ്ഞു. ആഗോള കാപ്പി മേളയിൽ കൂടി മാറ്റുരച്ചതോടെ കീഴാന്തൂരിന്റെ രുചിപ്പെരുമ തേടി കൂടുതൽ രാജ്യങ്ങളിൽനിന്നുള്ളവർ എത്തുകയാണ്.

ഗോത്രവിഭാഗത്തിൽനിന്നുള്ള മഹാലക്ഷ്മിയും അരുണയുമാണ് കാന്തല്ലൂർ മലനിരകളെയും അവിടെനിന്നുള്ള കാപ്പികുരുവിന്റെ പ്രത്യേകതയെും കുറിച്ച് അതിഥികള്‍ക്ക് വിശദീകരിച്ച് കൊടുക്കുന്നത്.

"ഇത് കൃഷി ചെയ്യുന്നതും വിളയിച്ചെടുക്കുന്നതും മുതൽ കാപ്പിപ്പൊടി നിർമാണത്തിലെ എല്ലാ പ്രക്രിയകളും ഞങ്ങൾ ആദിവാസികളാണ് ചെയ്യുന്നത്. പാരമ്പര്യമായി പകർന്നുകിട്ടിയ അറിവാണ് കൈമുതൽ. ആദ്യം ഞങ്ങളിൽനിന്ന് ഇടനിലക്കാർ ചെറിയ വിലക്ക് കാപ്പിക്കുരു സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ ഒരു സൊസൈറ്റിയുടെ ഭാഗമാണ്. അതോടെ സ്ഥിതി മെച്ചപ്പെട്ടു," മഹാലക്ഷ്മി പറഞ്ഞു.

സ്വപ്നസമാനമാണ് കീഴാന്തൂർ കാപ്പിയുമായുള്ള ലോകത്തിനുമുന്നിലേക്കുള്ള ഗോത്രവിഭാഗക്കാരുടെ യാത്ര. കോട്ടയം ജില്ലയിലെ മണർകാട് സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ഇവരെ ബെംഗളുരുവിൽ നടക്കുന്ന ആഗോള കോഫി മേള വരെ എത്തിച്ചത്. ഈ സൊസൈറ്റിയാണ് കാപ്പിക്കുരു സംഭരിക്കാൻ ഗോത്രവിഭാഗക്കാരുമായി കരാറിലേർപ്പെട്ടിരിക്കുന്നത്.

എൺപതോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധയിനം കാപ്പികളാണ് ഏഷ്യയിൽ ആദ്യമായി നടക്കുന്ന ആഗോള കോഫി മേളയിൽ പ്രദർശനത്തിനും രുചിച്ചുനോക്കാനും അണിനിരത്തിയിരിക്കുന്നത്. കഫീൻ രഹിത കാപ്പികൾ, കാപ്പിയിൽനിന്നുണ്ടാക്കുന്ന ഓയിലുകൾ, സൗന്ദര്യവർധക വസ്തുക്കൾ, കാപ്പിക്കുരു പൊടിക്കാനുള്ള ലഘു യന്ത്രങ്ങൾ, കാപ്പിയുടെ ആരോഗ്യഗുണങ്ങൾ വിശദീകരിക്കുന്ന സ്റ്റാളുകൾ തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്.

കേരളത്തിന്റെ റോബസ്റ്റ കാപ്പിപ്പെരുമ ലോകത്തെ പരിചയപ്പെടുത്താൻ സംസ്ഥാന വ്യവസായ വകുപ്പിന്റെ പവലിയനും മേളയിലുണ്ട്. കേന്ദ്ര വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ തിങ്കളാഴ്ച ഉദ്‌ഘാടനം ചെയ്ത മേള വ്യാഴാഴ്ച സമാപിക്കും.

logo
The Fourth
www.thefourthnews.in