അമ്മമാർക്കും പഠിക്കണം ; ക്യാമ്പസിൽ ഡേ കെയർ ഒരുക്കി ലോ കോളേജ്

കുട്ടികളുള്ള വിദ്യാർഥിനികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് നടപടി

സംസ്ഥാനത്ത് ആദ്യമായി ക്യാമ്പസിൽ ഡേ കെയർ ആരംഭിച്ച് കോഴിക്കോട് ഗവൺമെന്റ് ലോ കോളേജ് . കുട്ടികളുള്ള വിദ്യാർഥിനികൾ പഠനം ഉപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായാണ് നടപടി . ഡേ കെയർ പ്രവർത്തനം ആരംഭിച്ചിട്ട് ഒരുമാസം പിന്നിട്ടു.

അമ്മമാർക്ക് ഒപ്പം രാവിലെ എത്തി വൈകിട്ട്  ക്ലാസ് കഴിയുന്നത് വരെ  പാട്ടും കളിയും ഉറക്കവും ആയി കുഞ്ഞുങ്ങളും ഉണ്ട് ഇപ്പോൾ ക്യാംപസിൽ. 4 കുട്ടികളാണ് ഡേ കെയറിൽ ഉള്ളത്. 3 പേർ വിദ്യാർത്ഥികളുടെ മക്കളും ഒരാൾ അധ്യാപികയുടെ കുട്ടിയുമാണ്.

വിദ്യാർഥികൾ ഇടയ്ക്കിടെ ക്ലാസിലെത്താതിനെ തുടർന്നാണ് കുട്ടികളുള്ളവരുടെ  പ്രശ്നം അധ്യാപകർ തിരിച്ചറിഞ്ഞത്. തുടർന്ന് സ്റ്റാഫ് കൗൺസിലിൽ  ഡേ കെയർ എന്ന ആശയം അവതരിപ്പിച്ചു. അസിസ്റ്റന്‍റ് പ്രൊഫസർ സിസി ജോസഫിന് ആണ് മേൽനോട്ട ചുമതല. എൻ സി സി റൂമിലാണ് ഡേ കെയർ പ്രവർത്തിക്കുന്നത്. കുട്ടികളെ നോക്കാനായി ഒരു ആയയെയും ഏ‌ർപ്പെടുത്തിയിട്ടുണ്ട്.   നിലവിൽ പിടിഎ ഫണ്ടിൽ നിന്നാണ്  ഡേ കെയറിന്‍റെ ചെലവ് കണ്ടെത്തിയിരിക്കുന്നത്. കോളേജിന്‍റെ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്താനുള്ള നിർദേശം  ഉന്നത വിദ്യാഭ്യാസ  വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in