കൊറിയൻ ഹൃദയത്തിൽ ഇന്നും ജീവിക്കുന്ന മലയാളി രക്തസാക്ഷി
രാഷ്ട്രത്തലവന്മാർ, പ്രധാനമന്ത്രിമാർ, നൊബേൽ സമ്മാന ജേതാക്കൾ, പട്ടാള ജനറൽമാർ എന്നിവരൊക്കെയായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ സമ്പർക്കവലയത്തിൽ. ഇംഗ്ലീഷിൽ മനോഹരമായി എഴുതുക മാത്രമല്ല, നന്നായി സംസാരിക്കുകയും ചെയ്തിരുന്ന അയാളെ കണ്ടുമുട്ടുന്നവരെല്ലാം ഇഷ്ടപ്പെട്ടു. നന്നായി ഇടപഴുകുന്ന അയാൾ സ്‌ത്രീകളേയും പുരുഷന്മാരേയും ഒരേ പോലെ ആകർഷിച്ചു. മരണം തൊട്ടടുത്ത് പതുങ്ങിയിരിക്കുമ്പോഴും പത്രപ്രവർത്തകനായി യുദ്ധമേഖലയിൽ കടന്ന് ചെന്ന് നിർഭയം വാർത്തകൾ റിപ്പോർട്ട് ചെയ്തു. ധീര സൈനികൻ എന്നതിനുപരി നാല് ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത് വാർത്തകൾ മലയാളികളെ അറിയിച്ച ആദ്യ മലയാളി പത്രപ്രവർത്തകനുമായിരുന്നു കേണൽ ഉണ്ണി നായർ.
ഒറ്റപ്പാലത്തെ പറളിയെന്ന ചെറുഗ്രാമത്തിൽ നിന്ന് തുടങ്ങി, സംഭവബഹുലമായി വളർന്ന ആ ജീവിതം ദക്ഷിണ കൊറിയയിൽ മുപ്പത്തി ഒൻപതാം വയസിൽ അവസാനിക്കുകയായിരുന്നു. എഴുപത്തിമൂന്ന് കൊല്ലം മുൻപ്,1950 ഓഗസ്റ്റ് 12ന് കൊറിയൻ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട ഏക ഇന്ത്യക്കാരനായ കേണൽ ഉണ്ണി നായരുടെ ചരമ വാർഷിക ദിനമാണിന്ന്. കൊറിയൻ യുദ്ധം റിപ്പോർട്ട് ചെയ്യാൻ ജീപ്പിൽ യാത്ര ചെയ്യുകയായിരുന്ന ഉണ്ണി നായർ സൗത്ത് കൊറിയയിലെ വേഗ്വാനിൽ വച്ച് കുഴിബോംബ് സ്‌ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു.
യുദ്ധകാലമായതിനാൽ അദ്ദേഹത്തിന്റെ ദൗതികാവശിഷ്ടങ്ങൾ ദക്ഷിണ കൊറിയയിൽ നിന്ന് നാട്ടിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല. രണ്ട് കൊറിയകളുടേയും അതിർത്തിയിലുള്ള ദക്ഷിണ കൊറിയൻ ഗ്രാമത്തിലെ ഡേഗുവിനടുത്തെ പച്ചക്കുന്നുകളിൽ അദ്ദേഹത്തെ സംസ്കരിച്ചു. പിന്നീട് കൊറിയൻ സർക്കാർ ഈ സൈനികൻ മരിച്ചു വീണ സ്ഥലത്ത് ഡേഗുവിൽ ഒരു സ്മാരകം നിർമിച്ചു. രണ്ട് കൊറിയകൾക്കിടയിലുള്ള സൈനിക രഹിത മേഖലയിലുള്ള അത് ഇപ്പോൾ ദക്ഷിണ കൊറിയയിലെ ദേശീയ സ്മാരകമാണ്. ഒരു പക്ഷെ, ഒരു മലയാളി പത്രപ്രവർത്തകന് വിദേശത്തുള്ള ഏക സ്മാരകമായിരിക്കും അത്.
എല്ലാ വർഷവും ജൂൺ 25 ദക്ഷിണ കൊറിയ യുദ്ധ ദിനമായി ആചരിക്കുന്നു. രാജ്യത്ത് ദേശീയ അവധിയാണ് അന്ന്. നഗരത്തിലെ കൊറിയൻ സർക്കാർ പ്രതിനിധികൾ ആ ദിവസം അവിടെയെത്തി കേണൽ ഉണ്ണി നായരുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്താറുണ്ട്. കേരളത്തിൽ അധികമാരും ഓർക്കാത്ത ഒരു രക്തസാക്ഷിക്ക് വിദേശ മണ്ണിൽ ലഭിക്കുന്ന അപൂർവ അംഗീകാരം.
1911 ഏപ്രിൽ 22ന് പറളിയിൽ ജനിച്ച എം കെ ഉണ്ണി നായർ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ഓണേഴ്സ് ബിരുദമെടുത്തതിന് ശേഷം മദ്രാസിൽ അക്കാലത്തെ ഹാസ്യ പ്രസിദ്ധീകരണമായ 'മെറി മാഗസിനി’ൽ ലേഖനങ്ങൾ എഴുതിക്കൊണ്ടാണ് പത്രപ്രവർത്തനമാരംഭിക്കുന്നത്. 'ദ സ്റ്റോറി ഓഫ് മൈ ലൈഫ്’ എന്നൊരു പംക്തിയിൽ ദൈനംദിന ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങൾ നർമം കലർത്തിയെഴുതി.
ഒരു ഇംഗ്ലീഷുകാരന്റെ മാനറിസവും രീതികളുമുള്ള, ജോലിയിൽ പട്ടാള ചിട്ട പുലർത്തുന്ന ഒരാളായിട്ടാണ് പാർത്ഥസാരഥി ഉണ്ണി നായരെ വിലയിരുത്തുന്നത്
പിന്നീട് അക്കാലത്തെ മികച്ച പത്രമായ 'മെയിൽ' പത്രത്തിൽ ചേർന്നു. പ്രതിമാസം ശമ്പളം 50 രൂപ ! ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലുള്ള മെയിൽ തെന്നിന്ത്യയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് ദിനപത്രമായിരുന്നു. ലോകചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലുള്ള അറിവും ഭാഷാ നൈപുണ്യവും കൊണ്ട് ഏറെ താമസിയാതെ ഉണ്ണി നായർ മെയിലിലെ ഏറ്റവും മികച്ച പത്രപ്രവർത്തകനായി. മെയിൽ പത്രത്തിലെ എഡിറ്റോറിയൽ വിഭാഗത്തിലെ യൂറോപ്യൻ എഡിറ്റർമാർ പോലും അംഗീകരിച്ചിരുന്ന ഒരസാധാരണ റിപ്പോർട്ടറായിരുന്നു ഉണ്ണി നായരെന്ന് അന്ന് അവിടെ ജോലി ചെയ്തിരുന്ന ആർ പാർത്ഥസാരഥി തന്റെ 'ഒരു ന്യൂസ് എഡിറ്ററുടെ ഓർമക്കുറിപ്പുകളി’ൽ പറയുന്നു. ഒരു ഇംഗ്ലീഷുകാരന്റെ മാനറിസവും രീതികളുമുള്ള, ജോലിയിൽ പട്ടാള ചിട്ട പുലർത്തുന്ന ഒരാളായിട്ടാണ് പാർത്ഥസാരഥി ഉണ്ണി നായരെ വിലയിരുത്തുന്നത്.
ഒരിക്കൽ ഉണ്ണി നായർ മെയിലിൽ എഴുതിയ ഒരു തമിഴ് സിനിമയെ കുറിച്ചുള്ള നിരൂപണം വിവാദമായി. ഒരു തമിഴ് സിനിമയിലെ വസ്ത്രങ്ങളെയും മേക്കപ്പിനേയും കണക്കറ്റ് പരിഹസിച്ചു കൊണ്ടെഴുതിയ ആ നിരൂപണം തമിഴ് സിനിമാ നിർമാതാക്കളെ ക്ഷുഭിതരാക്കി. അവരെല്ലാം യോഗം ചേർന്ന് തങ്ങളുടെ സിനിമാപരസ്യങ്ങൾ 'മെയിൽ 'പത്രത്തിന് ഇനി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. മെയിൽ പത്രമാകട്ടെ ചലച്ചിത്ര നിരൂപണം മാത്രമല്ല ചലച്ചിത്ര വാർത്തകളും അതോടെ പാടെ ഒഴിവാക്കി.
ലോക മഹായുദ്ധത്തിൽ യുദ്ധനിരയിൽ നിന്ന് വാർത്തകളയച്ച ഏണസ്‌റ്റ് ഹെമിങ്‌വേയെ അനുസ്മരിപ്പിച്ച, നിർഭയത്തോടെയുള്ള ഉണ്ണി നായരുടെ റിപ്പോർട്ടിങ് അക്കാലത്ത് സൈനിക വൃത്തങ്ങളിൽ ഏറെ ശ്രദ്ധ നേടി
പിന്നീട് അദ്ദേഹം സ്പോർട്സ് ലേഖനങ്ങളെഴുതാൻ തുടങ്ങി. 1938ൽ ഉണ്ണിനായർ കൽക്കട്ടയിലേക്ക് പോയി 'സ്റ്റേറ്റ്സ്മാൻ' ഇംഗ്ലീഷ് ദിനപത്രത്തിൽ ചേർന്നു. സാഹസിക ജീവിതത്തിലേക്ക് കടക്കുന്നതിന്റെ തുടക്കമായിരുന്നു അത്. രണ്ട് വർഷത്തിന് ശേഷം 1940ൽ ഉണ്ണി നായർ ഇന്ത്യൻ പട്ടാളത്തിൽ കമ്മിഷൻഡ് ഓഫിസറായി ചേർന്നു.
സൈന്യം ക്യാപ്റ്റൻ ഉണ്ണി നായരെ രണ്ടാം ലോക മഹായുദ്ധക്കാലത്ത് 1941-ൽ ബർമയിലേക്ക് അയച്ചു. 1941 ഡിസംബറിൽ ജപ്പാൻകാർ ബർമ പിടിച്ചെടുത്തിരുന്നു. ബ്രിട്ടീഷ് സൈനിക നിരകളുമായി ചേർന്ന് ഉണ്ണി നായർ ബർമയിൽ പ്രവർത്തിച്ചു. ആ സമയത്തെ യുദ്ധരംഗത്തെ വാർത്തകൾ നിരന്തരം നൽകി കൊണ്ടിരുന്നു. സൈന്യത്തിലെ പരുക്കേറ്റവരേയും രോഗികളേയും പരിരക്ഷിക്കുന്ന വ്യൂഹങ്ങൾക്ക് സൈനിക പരിരക്ഷ നൽകലായിരുന്നു മറ്റൊരു ദൗത്യം. ലോക മഹായുദ്ധത്തിൽ യുദ്ധനിരയിൽ നിന്ന് വാർത്തകളയച്ച ഏണസ്‌റ്റ് ഹെമിങ്‌വേയെ അനുസ്മരിപ്പിച്ച, നിർഭയത്തോടെയുള്ള ഉണ്ണി നായരുടെ റിപ്പോർട്ടിങ് അക്കാലത്ത് സൈനിക വൃത്തങ്ങളിൽ ഏറെ ശ്രദ്ധ നേടി. ഏറെ താമസിയാതെ ഒരു മികച്ച യുദ്ധകാര്യലേഖകനായി അദ്ദേഹം അറിയപ്പെട്ടു.
അക്കാലത്ത് ബർമയിലെ ലാഷിയോവിലുണ്ടായിരുന എഴുത്തുകാരിയും പത്രപ്രവർത്തകയുമായ ഇവ ക്യൂറി (നോബൽ സമ്മാന ജേതാക്കളായ മേരി ക്യൂറി - പിയറി ക്യൂറി ദമ്പതിമാരുടെ മകൾ) തന്റെ റിപ്പോർട്ടുകളിൽ യുദ്ധകാര്യ ലേഖകനായ ഉണ്ണി നായരെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
1942-ൽ ഗ്ലൗസെസ്റ്ററിലെ പ്രഭുവിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ക്യാപ്റ്റൻ ഉണ്ണിനായരോട് അദ്ദേഹത്തെ അനുഗമിക്കാൻ സൈന്യം ആവശ്യപ്പെട്ടു. അതനുസരിച്ച് അദ്ദേഹം പ്രഭുവിന്റെ കൂടെ ഇന്ത്യയിലെത്തി. പ്രഭുവിന്റെ ഇന്ത്യയിലെ പ്രസംഗങ്ങളെല്ലാം തയ്യാറാക്കിയത് ഉണ്ണി നായരായിരുന്നു. തുടർന്ന് അദ്ദേഹത്തെ മറാത്ത ലൈറ്റ് സൈനിക വിഭാഗത്തിലേക്ക് മാറ്റുകയും പിന്നീട് സിംഗപ്പൂരിലെ നിരീക്ഷകനായി അയയ്ക്കുകയും ചെയ്തു. മദ്ധ്യ കിഴക്കൻ ഏഷ്യയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും സൈന്യത്തോടൊപ്പം കേണൽ ഉണ്ണി നായർ നടത്തിയ യാത്രകൾ ഇന്ത്യയിൽ അധികം അറിയപ്പെട്ടില്ലെങ്കിലും ഐതിഹാസികമായിരുന്നു.
ആഫ്രിക്കയിലെ യുദ്ധ റിപ്പോർട്ടുകൾ ഉണ്ണി നായർ എന്ന യുദ്ധകാര്യ ലേഖകന്റെ ഏറ്റവും മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നു
ഹിറ്റ്ലറുടെ ഏറ്റവും പ്രഗൽഭനായ ഫീൽഡ് മാർഷൽ റോമലും അദ്ദേഹത്തിന്റെ പനേസർ ടാങ്ക് സേനയും വടക്കൻ ആഫ്രിക്കയിൽ എൽ അലമീനിൽ നാശം വിതച്ചു കൊണ്ടു മുന്നേറുന്നതിനെ ചെറുക്കാൻ പോയ സഖ്യകക്ഷി സൈന്യത്തിന്റെ കൂടെ ഉണ്ണി നായരുണ്ടായിരുന്നു. തീവ്രവും കൃത്യവുമായിരുന്നു ടുണീഷ്യയിൽ നിന്ന് തന്റെ പോർട്ടബിൾ ടൈപ്പ് റൈറ്ററിൽ തയാറാക്കി അദേഹമയച്ച റിപ്പോർട്ടുകൾ. അവിടെ വച്ച് അദ്ദേഹത്തിന് വെടിയേൽക്കുകയും തുടർന്ന് ദൗത്യത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു. “അങ്ങേയറ്റം അപകടനിലയായിരുന്നു” അതെന്ന് ഉണ്ണി നായരുടെ കമാൻഡിങ് ഓഫിസർ കേണൽ സ്‌റ്റീവൻസ് അന്ന് റിപ്പോർട്ട് ചെയ്തു. എങ്കിലും യുദ്ധരംഗത്തു നിന്നു തിരികെ പോകാൻ ഉണ്ണിനായർ തയ്യാറായില്ല. സൈനിക വ്യൂഹം അടുത്ത മേഖലയായ ഡിജെബെൽ ഗാർസിയിൽ എത്തിയപ്പോഴും തലയിൽ കെട്ടിയ ബാൻഡേജുമായി ഉണ്ണി നായർ കൂടെയുണ്ടായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിൽ ആഫ്രിക്കയിൽ നടന്ന നിർണായക പോരാട്ടമായിരുന്നു ജർമനിയെ പിന്നോട്ടടിച്ച എൽ അലമീൻ യുദ്ധം. ആഫ്രിക്കയിലെ യുദ്ധ റിപ്പോർട്ടുകൾ ഉണ്ണി നായർ എന്ന യുദ്ധകാര്യ ലേഖകന്റെ ഏറ്റവും മികച്ച സംഭാവനയായി കണക്കാക്കപ്പെടുന്നു.
ഇറ്റലിയിലേക്കായിരുന്നു ഉണ്ണിനായരുടെ അടുത്ത സാഹസിക യാത്ര. യുദ്ധക്കെടുതിയിൽ നിന്ന് ഫ്ലോറൻസിലെ പ്രശസ്തമായ ഉഫ്സി മ്യൂസിയത്തിലെ എക്കാലത്തെയും പ്രശസ്ത പെയിന്റിങ്ങുകൾ മോണ്ടേ ഗുഫോണി കോട്ടയിലേക്ക് സുരക്ഷിത്വം ഉറപ്പാക്കാൻ മാറ്റിയപ്പോൾ ആ കോട്ട സംരക്ഷിക്കാൻ കൂടുതൽ സൈനികരെ കോട്ടയിൽ അദ്ദേഹം വിന്യസിച്ചു. ആ സമയത്ത് അദ്ദേഹം ഓടിച്ച ജീപ്പ് അപകടത്തിൽ ഇടിച്ചു തകർന്നു. ഭാഗ്യവശാൽ പരുക്കേൽക്കാതെ അദ്ദേഹം രക്ഷപ്പെട്ടു.
ഈ യുദ്ധകാല സേവനങ്ങൾക്ക് അംഗീകാരമായി ആദ്യം മേജറായും പിന്നെ ലെഫ്റ്റനന്റ് കേണലായും ഉണ്ണി നായർക്ക് സൈന്യം സ്ഥാനകയറ്റം നൽകി. ബർമയിൽ തിരിച്ചെത്തിയ ഉണ്ണി നായർ പാരാ ട്രൂപ്പ് ബാഡ്ജിന് വേണ്ടി ബർമയിലും റംഗുണിലും യാതൊരു പരിശീലനവുമില്ലാതെ രണ്ട് പാരച്യൂട്ട് ജംപുകൾ നടത്തി സൈനിക മേധാവികള അമ്പരിപ്പിച്ചു.
യുദ്ധം അവസാനിച്ചപ്പോൾ അദ്ദേഹം ഡൽഹിയിൽ തിരികെയെത്തി. ഇന്ത്യ സ്വാതന്ത്രത്തിന്റെ പടിവാതിൽക്കലിലായിരുന്നു. അക്കാലത്ത് അദ്ദേഹം സ്റ്റേറ്റ്സ്മാൻ പത്രത്തിന്റെ പ്രത്യേക പ്രതിനിധിയായി. വിഭജനാന്തരക്കാലത്ത് മൗണ്ട് ബാറ്റന്റെ പ്രസ് അറ്റാഷെയായ കാബെൽ ജോൺസൺ രൂപികരിച്ച പബ്ലിക്ക് റിലേഷൻ കമ്മിറ്റിയിൽ ഉണ്ണി നായർ ജോലി ചെയ്തു. കമ്മിറ്റിയുടെ ദൈനം ദിന റിപ്പോർട്ടുകൾ, ബുള്ളറ്റിനുകൾ, പത്രസമ്മേളനങ്ങൾ എന്നിവ കൈകാര്യം ചെയ്തത് അദ്ദേഹമായിരുന്നു.അതിനിടെ തൃശൂരിലെ ഗൈനക്കോളജിസ്റ്റായ വിമലാ നായരെ അദ്ദേഹം വിവാഹം ചെയ്തു.
സ്വാതന്ത്ര്യത്തിന് ശേഷം 1948-ൽ വാഷിങ്ങ്ടണിലെ ഇന്ത്യൻ എംബസിയിൽ പ്രസ് ആന്റ് പബ്ലിക്ക് റിലേഷൻസ് ഓഫിസറായി കേണൽ പദവിയോടെ ഉണ്ണി നായരെ നിയമിച്ചു. അമേരിക്കൻ-ഇന്ത്യൻ ബന്ധങ്ങൾ അത്ര സുഗമമല്ലാത്ത കാലമായിരുന്നു അത്. ജിയോപൊളിടിക്സും ശീതയുദ്ധവും ജോലിയിൽ ചായ്‌വ് പ്രകടമാക്കാൻ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചെങ്കിലും നയതന്ത്രഞ്ജരുടേയും പത്രപ്രവർത്തകരുടെയും വലിയൊരു സൗഹാർദമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യൻ പ്രതിനിധി സംഘങ്ങൾക്ക് അതൊരു വലിയ സഹായമായിരുന്നു. 1949ൽ അമേരിക്ക സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെ അമേരിക്കൻ യാത്രാ ക്രമീകരണങ്ങൾ ചെയ്തത് ഉണ്ണി നായരായിരുന്നു. ആൽബർട്ട് ഐൻസ്റ്റൈനിനുമായി നെഹ്റുവിന്റെ വിഖ്യാത കൂടിക്കാഴ്ച ഏർപ്പാട് ചെയ്തത് ഉണ്ണി നായരായിരുന്നു.
വാഷിങ്ങ്ടണിൽ ഭാര്യയേയും കുഞ്ഞിനേയും തനിച്ചാക്കി ഉണ്ണി നായർ അടുത്ത സാഹസങ്ങൾക്കായ് കൊറിയയിലേക്ക് പറന്നു
വാഷിങ്ങ്ടണിൽ അഞ്ച് വർഷം ഭാര്യ വിമലാ നായരും മകൾ പാർവ്വതിയുമായി സന്തോഷകരമായ ജീവിതം നയിക്കുമ്പോഴാണ് കൊറിയൻ യുദ്ധം വീണ്ടും നിർഭാഗത്തിന്റെ രൂപത്തിൽ ഉണ്ണി നായരെ തേടി വന്നത്. അമേരിക്കയിലെ സ്ഥാനപതി വിജയലക്ഷ്മി പണ്ഡിറ്റാണ് ഉണ്ണിനായരെ കൊറിയയിലേക്കുള്ള യു എൻ പ്രതിനിധിയായ് വിടുന്നത്. വാഷിങ്ങ്ടണിൽ ഭാര്യയേയും കുഞ്ഞിനേയും തനിച്ചാക്കി ഉണ്ണി നായർ അടുത്ത സാഹസങ്ങൾക്കായ് കൊറിയയിലേക്ക് പറന്നു.
1950 ഓഗസ്റ്റ് 12ന് യുദ്ധം നടക്കുന്ന തിയാഗുവിലേക്ക് യുദ്ധവാർത്ത റിപ്പോർട്ടു ചെയ്യാനായി ഒരു ജീപ്പിൽ യാത്ര തിരിച്ചു. ഓസ്ട്രേലിയൻ പൗരനായ ഇയാൻ മോറിസൺ, ബ്രിട്ടിഷുകാരനായ ക്രിസ്റ്റഫർ ബക്ക്ലി എന്നീ രണ്ട് മാധ്യമ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. കൂടെ ഒരു ദക്ഷിണ കൊറിയൻ ലെഫ്റ്റനന്റും. ജീപ്പ് കടന്നുപോയ വഴിയിലെ അഞ്ച് കുഴി ബോബും അവർ നീക്കം ചെയ്തു. എന്നാൽ പതിയിരുന്ന, ആറാമത്തെ കുഴിബോംബ് അപ്രതീക്ഷിതമായി ജീപ്പിൽ തട്ടി. കാതടയ്ക്കുന്ന ശബ്ദത്തോടെ പൊട്ടിത്തെറിച്ച് ജീപ്പ് ഒരു അഗ്നിഗോളമായി. ഉണ്ണി നായരടക്കം ജീപ്പിലുണ്ടായിരുന്ന മൂന്ന് പേരും കൊല്ലപ്പെട്ടു.
ലോകമെങ്ങുമുള്ള മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ ഈ വാർത്ത നൽകി. ഇന്ത്യൻ ഗവൺമെന്റിന്റെ വിദേശകാര്യ മന്ത്രാലയം പിറ്റേ ദിവസം അസാധാരണമായ കറുത്ത നിറത്തിൽ ബോഡറുകളോട് കൂടിയ പ്രത്യേക ഗസറ്റ് പ്രസിദ്ധീകരിച്ച് ഇന്ത്യയുടെ ധീരനായ യുദ്ധകാര്യ ലേഖകൻ യുദ്ധഭൂമിയാൽ വീരമൃത്യ വരിച്ച വിവരം ദുഃഖത്തോടെ ലോകത്തെ അറിയിച്ചു. പ്രധാനമന്ത്രി നെഹ്റു എഴുതി ' ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടപ്പോൾ തന്നെ എന്റെ മനസിൽ ഉജ്ജ്വലമായ മതിപ്പ് സൃഷ്ടിച്ചിരുന്നു.' അന്നത്തെ യു എൻ സെക്രട്ടറി ട്രഗീവ് ലെ കേണൽ ഉണ്ണി നായർക്ക് ആദരാഞ്ജലികളർപ്പിച്ചു ചരമകുറിപ്പ് പ്രസിദ്ധീകരിച്ചു.
ഉണ്ണിനായരുടെ ദൗതികാവശിഷ്ടങ്ങൾ 'ജൂയിൽ' താഴ് വരയിൽ സംസ്കരിച്ചു. 1950 ഡിസംബറിൽ ക്യൂങ് ബുക്കിലെ ഗവർണർ കേണൽ ഉണ്ണി നായരുടെ ബഹുമാനാർത്ഥം സ്മാരകം സ്ഥാപിച്ചു. ഇന്ന് അത് ദക്ഷിണ കൊറിയൻ ദേശീയ സ്മാരകമാണ്.
കേണൽ ഉണ്ണി നായർ മരിച്ച് 17 കൊല്ലത്തിന് ശേഷം 1967ൽ ഡോക്ടർ വിമലാ നായർ ആദ്യമായി തന്റെ ഭർത്താവിന്റെ സ്മാരകം സന്ദർശിച്ചു
രണ്ട് വയസായ മകൾ പാർവ്വതിയുമായി കേണൽ ഉണ്ണി നായരുടെ ഭാര്യ ഡോക്ടർ വിമലാ നായർ ഇന്ത്യയിലേക്ക് മടങ്ങി. പിന്നീട് അവർ തൃശൂരിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റായി ജോലി ചെയ്തു. അവരുടെ വിവാഹ ജീവിതം ഹ്രസ്വമായിരുന്നു, പക്ഷേ, ഓർമകൾ ശാശ്വതവും. കേണൽ ഉണ്ണി നായർ മരിച്ച് 17 കൊല്ലത്തിന് ശേഷം 1967ൽ ഡോക്ടർ വിമലാ നായർ ആദ്യമായി തന്റെ ഭർത്താവിന്റെ സ്മാരകം സന്ദർശിച്ചു. കൊറിയൻ യുദ്ധത്തിന്റെ 50ാം വാർഷികാചരണത്തിന്റെ ഭാഗമായി വാഷിങ്ടൺ ഡിസിയിലെ ഇന്ത്യൻ എമ്പസിയിൽ നടന്ന ചടങ്ങിൽ ദക്ഷിണകൊറിയൻ പ്രതിനിധികളോടൊപ്പം ഡോ. വിമലാ മേനോനും മകൾ പാർവതി മോഹനും പങ്കെടുത്തു.
2011 ൽ ഡോക്ടർ വിമലാ നായർ 94 വയസിൽ തൃശൂരിൽ വച്ച് അന്തരിക്കുമ്പോൾ മനസിൽ സൂക്ഷിച്ച ആഗ്രഹം അടുത്തുണ്ടായിരുന്ന എക മകൾ അമേരിക്കയിൽ ഡോക്ടറായിരുന്ന പാർവ്വതി മോഹനോട് പറഞ്ഞു. തന്റെ ചിതാഭസ്മം ഭർത്താവിന്റെ സ്മാരകത്തിൽ നിമഞ്ജനം ചെയ്യണമെന്നായിരുന്നു അവരുടെ അവസാന ആഗ്രഹം. പിന്നീട് അമേരിക്കയിലിരുന്ന് ഡോ. പാർവതി മോഹൻ ഡേഗുവിലെ മേയറുടെ ഓഫീസുമായി ബന്ധപ്പെട്ട് കത്തിടപാടുകൾ നടത്തി. ഒടുവിൽ അത് സഫലമായി.
2012 ജൂണിൽ ഡോക്ടർ പാർവ്വതി മോഹൻ ഡേഗുവിലെ തന്റെ പിതാവിന്റെ സ്മാരകം സന്ദർശിച്ച് ചിതാഭസ്മം നിമജ്ജനം ചെയ്ത് തന്റെ അമ്മയുടെ അവസാന അഭിലാഷം നിറവേറ്റി.
ഒരു നോവലിന്റെ ഇതിവൃത്തത്തിന് സമാനമായിരുന്നു കേണൽ ഉണ്ണിനായരുടെ സാഹസിക ജീവിതം. ഇത് അറിയാമായിരുന്ന പ്രശസ്ത ചൈനീസ് ബെൽജിയൻ എഴുത്തുകാരിയായ ഹാൻ സൂയിൻ 1958 ൽ എഴുതിയ 'ദ മൗണ്ടൻ ഈസ് യങ്' എന്ന താനെഴുതിയ ശീതയുദ്ധകാല നോവലിലെ നായകൻ ഉണ്ണി മേനോന് കേണൽ ഉണ്ണി നായരുടെ എകദേശ പ്രതിരൂപം നൽകി. ഉണ്ണി നായരോടൊപ്പം സ്ഫോടനത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ സുഹൃത്തായ പത്രപ്രവർത്തകൻ ഇയാൻ മോറിസനുമായി നോവലിസ്റ്റ് ഹാൻ സൂയിൻ അടുപ്പത്തിലായിരുന്നു. ആ കാലത്ത് കേണൽ ഉണ്ണി നായരെ അടുത്തറിഞ്ഞ ഹാൻ സൂയിൻ ആ വ്യക്തിത്വം നോവലിലെ തന്റെ നായകന് നൽകി.
1952 ഫെബ്രുവരിയിൽ 'മൈ മലബാർ' എന്ന ഇംഗ്ലീഷ് കൃതി ബോംബയിലെ ഹിന്ദ് കിത്താബ് എന്ന പ്രസാധകർ പുറത്തിറക്കി
കേണൽ ഉണ്ണി നായരുടെ ഓർമകൾ നിലനിറുത്താൻ സ്വന്തം നാട്ടിൽ സ്മാരകങ്ങളൊന്നുമുയർന്നില്ലെങ്കിലും അദ്ദേഹം തന്റെ നാടിനെ കുറിച്ചെഴുതിയ 'മൈ മലബാർ' എന്ന ഗ്രന്ഥം കേണൽ ഉണ്ണി നായർ എന്ന പത്രപ്രവർത്തകനേയും എഴുത്തുകാരനേയും അടയാളപ്പെടുത്തുന്നു. 1921 ലെ മലബാർ കലാപക്കാലത്താണ് ഉണ്ണിനായർ ഒറ്റപ്പാലത്ത് സ്ക്കൂൾ വിദ്യഭ്യാസം ആരംഭിക്കുന്നത്. തന്റെ നാടിനെ ചരിത്ര പ്രസിദ്ധമാക്കിയ മലബാർകലാപകാലത്തെ തന്റെ ചില അനുഭവങ്ങൾ, പിന്നീട് എഴുതിയ ചില സംഭവ കഥകൾ, മലബാറിലെ തന്റെ ബാല്യകാലം. ഇവയൊക്കെ കുറിപ്പുകളായി പിന്നീട് 'ദ സൺഡേ സ്റ്റേറ്റ്സ്മാൻ’ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.
അദ്ദേഹം പലപ്പോഴായി എഴുതി വച്ചിരുന്ന മറ്റ് കുറിപ്പുകൾ കൂടി ചേർത്ത് അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് വർഷത്തിന് ശേഷം 1952 ഫെബ്രുവരിയിൽ 'മൈ മലബാർ' എന്ന ഇംഗ്ലീഷ് കൃതി ബോംബയിലെ ഹിന്ദ് കിത്താബ് എന്ന പ്രസാധകർ പുറത്തിറക്കി. 139 പേജുകൾ മാത്രമുള്ള ഈ ചെറിയ പുസ്തകം ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലെ മലബാർ പ്രദേശത്തിന്റെ സാംസ്കാരിക ചരിത്ര ഭൂമിശാസ്ത്രത്തിലെക്ക് വെളിച്ചം വീശുന്ന ഒന്നാണ്.
മലയാളികൾ ഓർമയുടെ പുസ്തകത്തിൽ അടയാളപ്പെടുത്തി വയ്‌ക്കേണ്ട പേരാണ് മികച്ച പത്രപ്രവർത്തകനും നിർഭയനായ സൈനികനും രാജ്യസ്നേഹിയുമായ കേണൽ മനക്കമ്പാട്ട് കേശവൻ ഉണ്ണി നായർ.