ആദ്യം റഷ്യ, പിന്നെ യുക്രെയ്ൻ; മോദി സന്ദര്‍ശനങ്ങള്‍ക്ക് പിന്നിലെ നയതന്ത്രം

ആദ്യം റഷ്യ, പിന്നെ യുക്രെയ്ൻ; മോദി സന്ദര്‍ശനങ്ങള്‍ക്ക് പിന്നിലെ നയതന്ത്രം

ഒരിക്കല്‍ പോലും റഷ്യയെ വിമര്‍ശിക്കുന്ന ഒരുവേദികളിലും ഇന്ത്യ പങ്കാളിയായിരുന്നില്ല. ഐക്യരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ കൊണ്ടുവന്ന എല്ലാ പ്രമേയങ്ങളില്‍നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു
Updated on
2 min read

യുക്രെയ്ന്‍ അധിനിവേശം നടന്നുകൊണ്ടിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദര്‍ശനം ലോകമെമ്പാടും ചര്‍ച്ചയായിരുന്നു. മോസ്‌കോയിലെത്തി പുടിനെ ആശ്ലേഷിച്ച് ആറാഴ്ചകള്‍ പിന്നിടുമ്പോഴേക്കും മോദി ഇതാ യുക്രെയ്‌നിലുമെത്തിയിരിക്കുന്നു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനിടെ, പുടിനോട് കാണിച്ച സൗഹൃദ പ്രകടനങ്ങളെ ബാലന്‍സ് ചെയ്യാന്‍ കരുതിയാകണം മോദിയുടെ യുക്രെയ്ന്‍ യാത്രയെന്നാണ് വിലയിരുത്തലുകള്‍.

റഷ്യൻ സന്ദർശനത്തിനിടെ മോദി പുടിനെ ആശ്ലേഷിക്കുന്നു
റഷ്യൻ സന്ദർശനത്തിനിടെ മോദി പുടിനെ ആശ്ലേഷിക്കുന്നു

2022 ഫെബ്രുവരി 24ന് യുക്രെയ്‌നിലേക്ക് പുടിന്റെ സൈന്യം കടന്നുകയറിയതില്‍ പിന്നെ ഒരിക്കല്‍ പോലും റഷ്യയെ വിമര്‍ശിക്കുന്ന ഒരുവേദികളിലും ഇന്ത്യ പങ്കാളിയായിരുന്നില്ല. ഐക്യരാഷ്ട്രസഭയില്‍ റഷ്യക്കെതിരെ കൊണ്ടുവന്ന എല്ലാ പ്രമേയങ്ങളില്‍നിന്നും ഇന്ത്യ വിട്ടുനിന്നിരുന്നു. ഒപ്പം ജൂണില്‍ നടന്ന സ്വിസ് സമാധാന സമ്മേളനത്തിന്റെ സംയുക്ത പ്രസ്താവനയില്‍ ഒപ്പുവച്ച കൂട്ടത്തിലും ഇന്ത്യ ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെയാണ് മോദിയുടെ റഷ്യന്‍ സന്ദര്‍ശനം കൂടി ഉണ്ടാകുന്നത്. 'ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ഒരു ബ്ലഡി ക്രിമിനലിനെ ആശ്ലേഷിച്ചത് നിരാശാജനകം' എന്നായിരുന്നു വൊളോഡിമിര്‍ സെലന്‍സ്‌കി പ്രതികരിച്ചത്.

ആ പശ്ചാത്തലത്തിലാണ് നിലവിലെ യുക്രെയ്ന്‍ സന്ദര്‍ശനം കൂടുതല്‍ പ്രസക്തമാകുന്നത്. നയതന്ത്രത്തില്‍ 'തന്ത്രപരമായ സ്വയംഭരണം' ഉള്ള രാജ്യമാണ് ഇന്ത്യയെന്ന് തെളിയിക്കുകയാണ് യാത്രയ്ക്ക് പിന്നിലെന്ന് അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. എങ്കിലും അതൊരു തന്ത്രപരമായ ബാലന്‍സിങ് പ്രവൃത്തിയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചില വിദേശകാര്യ വിദഗ്ദര്‍ ഇന്ത്യയുടെ നിലപാട് മാറ്റമാണ് യുക്രെയ്ന്‍ സന്ദര്‍ശനത്തെ കാണുന്നുണ്ട്.

മോദി യുക്രെയ്നില്‍
മോദി യുക്രെയ്നില്‍

എന്നാല്‍ മോദിയുടെ ഹ്രസ്വസന്ദര്‍ശന വേളയില്‍ ഇരു നേതാക്കളും സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും യുദ്ധത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ സ്മാരകം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുക്രെയ്ന്‍ സന്ദര്‍ശിച്ച മറ്റ് അന്താരാഷ്ട്ര നേതാക്കളെ പോലെ റഷ്യന്‍ ആക്രമണത്തില്‍ പരുക്കേറ്റ സൈനികരെയോ പൗരന്മാരെയോ കാണാന്‍ മോദി കൂട്ടാക്കിയിരുന്നില്ല. റഷ്യയിലും സമാനമായിരുന്നു മോദിയുടെ സമീപനം. മോസ്‌കൊയിലായിരിക്കെ അധിനിവേശത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ സ്മാരകങ്ങളൊന്നും മോദി സന്ദര്‍ശിച്ചിരുന്നില്ല. രണ്ട് രാജ്യങ്ങളിലെയും സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍നിന്ന് വിട്ടുനിന്നത് നിലവിലെ ഇന്ത്യയുടെ നയതന്ത്ര സമീപനങ്ങളിലെ മാറ്റമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

ചില കരാറുകളില്‍ യുക്രെയ്നുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും തന്ത്രപരമായ പങ്കാളിത്തം, ടെലികോം, മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവയുടെ വിതരണം, യുക്രെയ്ന്‍ ആവശ്യപ്പെട്ടിരുന്ന നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവയെ പറ്റി ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഗ്ലോബല്‍ സൗത്തിന്റെ നേതാവായി കരുതുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആഗോള സമാധാനത്തിന് നല്‍കുന്ന പ്രാധാന്യം ലോകത്തിന് മുന്നില്‍ തെളിയിക്കുക അത്യാവശ്യവുമാണ്.

ആദ്യം റഷ്യ, പിന്നെ യുക്രെയ്ൻ; മോദി സന്ദര്‍ശനങ്ങള്‍ക്ക് പിന്നിലെ നയതന്ത്രം
യുക്രെയ്ന് വീണ്ടും സൈനികസഹായ പാക്കേജുമായി അമേരിക്ക; നീക്കം യുദ്ധം അവസാനിപ്പിക്കാനുള്ള ആഗോളസമ്മർദം ശക്തമാകുന്നതിനിടെ

യൂറോപ്പിലെ യുദ്ധമുണ്ടാക്കിയ ആഘാതവും തുടർന്നുണ്ടായ ഉപരോധങ്ങളും, വികസ്വര- അവികസിത രാജ്യങ്ങളുടെ വളർച്ചയ്ക്ക് തടസം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കാൻ ഇന്ത്യക്ക് ഉത്തരവാദിത്വമുണ്ട്. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിൽ ഇതുവരെയും മോദി സർക്കാർ വേണ്ടത്ര ഇടപെടലുകൾ നടത്തിയിട്ടില്ല എന്നതാണ് സത്യം. നയതന്ത്രങ്ങളുടെ ചതുരംഗക്കളിയിൽ അങ്ങനെയൊരു മുന്നേറ്റം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടാകുക നിലവിലെ ആഗോളരാഷ്ട്രീയ ഘടനയിൽ അത്യന്താപേക്ഷിതമാണ്. പശ്ചിമേഷ്യ ഉൾപ്പെടെയുള്ള മേഖലയിൽ ചൈന നടത്തുന്ന ഇടപെടലുകൾ ഒരുവശത്തുനിൽക്കേ, ഇന്ത്യ ഓരോ നീക്കങ്ങളിലും സൂക്ഷ്മത പുലർത്തേണ്ടതുണ്ട്.

logo
The Fourth
www.thefourthnews.in