നായകനും സംവിധായകനുമല്ല, മധു 'എൻ്റെ മനുഷ്യൻ'
ആദ്യമായിട്ടായിരിക്കും മലയാളസിനിമ ഒരു നായകന്റെ തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുന്നത്. തിക്കുറിശ്ശി, സത്യന്‍, പ്രേം നസീര്‍, സുകുമാരന്‍, സോമന്‍, രതീഷ് ഒക്കെ അതിനിടയില്‍ നമുക്ക് നഷ്ടപ്പെട്ടവരാണ്. ഇന്ന് മധുച്ചേട്ടനെ പോലൊരു മഹാനടന്റെ നവതി ആഘോഷിക്കുമ്പോള്‍ അതില്‍പ്പരം ഭാഗ്യം മലയാളസിനിമയ്ക്ക് ഇനി കിട്ടാനില്ല. 54 വര്‍ഷത്തെ കൂട്ടുകെട്ടാണ് ഞങ്ങള്‍ക്കിടയിലുള്ളത്. ഒരു സംവിധായകന്‍, നടന്‍ നിര്‍മാതാവ് എന്നതിലെല്ലാമുപരി മധുച്ചേട്ടനെന്ന നല്ല മനുഷ്യനെയാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഇത്രയും കാലത്തിനിടയില്‍ എന്റെ ജീവിതത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു വ്യക്തിയില്ലെന്നു തന്നെ പറയാം.
അദ്ദേഹം നായകനായ സിനിമകളില്‍ ഞാന്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അഭിനയിച്ച ഉമ്മാച്ചു, ആറടി മണ്ണിന്റെ ജന്മി, വിലയ്ക്കു വാങ്ങിയ വീണ, അഴിമുഖം തുടങ്ങിയ സിനിമകളിലൊക്കെ അസിസ്റ്റന്റ് ഡയറക്ടറിന്റെ റോളായിരുന്നു എനിക്ക്. അന്നൊക്കെ തമ്മില്‍ പരിചയമുണ്ടെന്നല്ലാതെ കൂടുതല്‍ ബന്ധമൊന്നുമുണ്ടായിരുന്നില്ല പിന്നീട് ഞാന്‍ സ്വതന്ത്ര സംവിധായകനായ രണ്ടാമത്തെ ചിത്രത്തിലൂടെയാണ് അദ്ദേഹത്തിലേക്കുള്ള എന്റെ വഴി തുറക്കുന്നത്. 'ജലതരംഗം' സിനിമയുടെ കഥ കേട്ടതുമുതല്‍ അതിലെ നായകന്‍ മധുച്ചേട്ടന്‍ തന്നെയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ സിനിമകളിലെയും ജീവിതത്തിലെയും മികച്ച തിരഞ്ഞെടുപ്പുകളിലൊന്നായിരുന്നു അത്.
'ജലതരംഗം' സിനിമയുടെ കഥ കേട്ടതുമുതല്‍ അതിലെ നായകന്‍ മധുച്ചേട്ടന്‍ തന്നെയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു
എന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ അദ്ദേഹം സിനിമാരംഗത്തെ മിക്ക മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞിരുന്നു. അങ്ങനെയൊരാളെ അഭിനയിക്കാന്‍ കൊണ്ടുവരുമ്പോള്‍ പല ഭാഗത്തുനിന്നും ഒരുപാട് ഉപദേശങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഒരു നടനെന്നതിനേക്കാള്‍ അപ്പുറം സൂപ്പര്‍ഹിറ്റ് പടങ്ങളുടെ സംവിധായകന്‍ എന്ന നിലയിലാണ് അന്ന് സിനിമാലോകം മുഴുവന്‍ അദ്ദേഹത്തെ നോക്കിക്കണ്ടത്. അങ്ങനെയൊരാളാണ് എന്റെ സെറ്റിലേക്ക് കയറിവരുന്നത്. അതുപോലൊരാളെ തിരുത്താനും അഭിപ്രായങ്ങള്‍ പറയാനുമൊക്കെ മിക്കവര്‍ക്കും പേടിയായിരുന്നു.
എനിക്ക് അന്ന് 24 വയസ് മാത്രമാണ് പ്രായം. അദ്ദേഹത്തിന്റെ പരിചയസമ്പത്തിനെക്കുറിച്ചെല്ലാം അറിയാമെങ്കിലും ഞാന്‍ അദ്ദേഹത്തിനെ തിരുത്തുകയും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയും അഭിപ്രായങ്ങള്‍ പറയുകയുമൊക്കെ ചെയ്തു. മധു സാറിന് അതൊന്നും ഇഷ്ടപ്പെടില്ലെന്നും ദേഷ്യപ്പെടുമെന്നും പറഞ്ഞ് പലരും എന്നെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രായവും പക്വതയില്ലായ്മയും കൊണ്ടാവാം ഞാന്‍ അതിനൊന്നും ചെവിക്കൊണ്ടില്ല. തിരുത്തുമ്പോള്‍ അദ്ദേഹം കാരണം ചോദിക്കാറുണ്ട്, ഞാന്‍ അതിന് കൃത്യമായി മറുപടി പറയും. ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു ''ഓരോ ഷോട്ടെടുക്കുമ്പോഴും ആലോചിച്ചിട്ടാണോ ചന്ദ്രന്‍ ചെയ്യുന്നത്?'' ഞാന്‍ അതേയെന്ന് മറുപടി പറഞ്ഞു. കുറച്ചു നേരത്തേക്ക് അദ്ദേഹം ഒന്നും മിണ്ടിയില്ല, പിന്നെ പറഞ്ഞു ''ഞാന്‍ പോലും ഇത്രയൊന്നും ആലോചിക്കുകയോ കഷ്ടപ്പെടുകയോ ചെയ്യാറോയില്ല'' ആ മറുപടി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരങ്ങളില്‍ ഒന്നാണ്.
പിന്നീട് ഇങ്ങോളം ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കല്‍ വാങ്ങലുകള്‍ നടത്തി, അദ്ദേഹം എന്നെ പലകാര്യങ്ങളും പഠിപ്പിച്ചു. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ എന്നെ കഷ്ടപ്പാടും കഠിനാധ്വാനവും അദ്ദേഹം ആ ഒറ്റ സിനിമയിലൂടെ മനസിലാക്കി. എനിക്കുവേണ്ടി പല കാര്യങ്ങളിലും വിട്ടുവീഴ്ചചെയ്തു, എല്ലാത്തിനും കൂടെ നിന്നു. ഓരോ ഷോട്ടും ഞാനുമായി ചര്‍ച്ച ചെയ്യും, പലപ്പോഴും ഞങ്ങള്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്, കാണുന്നവര്‍ക്കെല്ലാം വലിയ അത്ഭുതമായിരുന്നു, ഒരാളോട് ഇത്രയും അടുപ്പം കാണിക്കുന്ന മധുസാറിനെ ഇതുവരെ ആരും കണ്ടിട്ടില്ല. സെറ്റില്‍ വന്നുകഴിഞ്ഞാല്‍ നിശബ്ദനായി തന്റെ കഥാപാത്രത്തില്‍ മാത്രം ശ്രദ്ധിച്ച് അത് ഭംഗിയാക്കി അഭിനയിച്ച് പോകുന്ന മധുവിനെ മാത്രമേ എല്ലാവര്‍ക്കും അറിയൂ. എന്നാല്‍ അദ്ദേഹം എന്നെ ഒരു അനിയനായി കണ്ടു, എന്റെ പ്രായത്തെയും ആഗ്രഹത്തെയുമെല്ലാം മനസിലാക്കി. എന്നോട് കലഹിക്കാനും അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുതരാനുമൊക്കെ തുടങ്ങിയപ്പോള്‍ ആ ബന്ധം വെറും ഒരാഴ്ചകൊണ്ട് വല്ലാതെ അങ്ങ് മുറുകുകയായിരുന്നു.
മിക്കപ്പോഴും അദ്ദേഹം സെറ്റിലേക്ക് വരുമ്പോള്‍ കൈകളില്‍ ബീഡിയും മറ്റും ചുരുട്ടി പിടിച്ചിട്ടുണ്ടാകും. ഒരു ദിവസം വന്നപ്പോള്‍ കൈയില്‍ കുറച്ച് പൈസ കരുതിയിരുന്നു. വന്നപാടെ കുറച്ച് ഐസ്‌ക്രീമും ലഡുവുമൊക്കെ വാങ്ങി എല്ലാവര്‍ക്കും ഉച്ചയ്ക്ക് ആഹാരത്തിന്റെ കൂടെ കൊടുക്കണം എന്നു പറഞ്ഞ് ആ പണം എന്നെ ഏല്‍പ്പിച്ചു. എനിക്ക് കാര്യം മനസിലായില്ല, ഉച്ചയ്ക്ക് അദ്ദേഹം ഭക്ഷണം കഴിക്കാന്‍ പോകുന്നതിന് മുന്‍പു തന്നെ ഞാന്‍ എല്ലാം വാങ്ങിക്കൊണ്ടു വന്നു, എന്നോട് തന്നെ അത് എല്ലാവര്‍ക്കും കൊടുക്കാനും അദ്ദേഹം നിര്‍ദേശിച്ചു. കാര്യമെന്താണെന്ന് മനസിലാകാതെ എല്ലാവരും അന്തംവിട്ടു നില്‍ക്കുമ്പോള്‍ അദ്ദേഹം സസ്‌പെന്‍സ് പൊളിച്ചു. '' എന്റെ ഉമാ സ്റ്റുഡിയോയുടെ ബാനറില്‍ ഞാന്‍ ഇതുവരെ ഒരു പടമെടുത്തിട്ടില്ല. ഉമാ സ്റ്റുഡിയോയുടെ ബാനറില്‍ സിനിമയെടുക്കാന്‍ ചന്ദ്രനെ ഏല്‍പ്പിക്കുകയാണ്'' ആ വാക്കില്‍ തുടങ്ങിയ ബന്ധമാണ് ഇന്ന് ഇവിടെവരെ എത്തിയത്.
സിനിമാ രംഗത്ത് ഇത്രയും കാലം ഒരു കേടുപാടും കൂടാതെ സൗഹൃദം സൂക്ഷിച്ചവര്‍ ചിലപ്പോള്‍ ഞങ്ങള്‍ മാത്രമായിരിക്കും. അദ്ദേഹത്തിനൊപ്പം പത്തുപതിനേഴ് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. എങ്കിലും എനിക്ക് അദ്ദേഹത്തിനൊപ്പം ചെയ്ത സിനിമകളില്‍ ഏറ്റവും പ്രിയപ്പെട്ടത് ജലതരംഗം തന്നെയാണ്. ആ ഒരൊറ്റ സിനിമയില്‍ മാത്രമാണ് ഞാന്‍ അദ്ദേഹത്തെ സാര്‍ എന്ന് വിളിച്ചുള്ളൂ, പിന്നെ ഇന്നുവരെ എനിക്ക് മധുച്ചേട്ടനാണ്.
വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് അദ്ദേഹം എന്നെ എപ്പോഴും പരിഗണിച്ചത്. സ്‌ക്രിപ്റ്റ് എഴുതുമ്പോഴും സിനിമാ ചർച്ചകള്‍ക്കുമൊക്കെ പോകുമ്പോള്‍ എന്നെ സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി താമസിപ്പിച്ചിരുന്നു. ഒരിക്കലും സിനിമയ്ക്കുള്ളിലെ ബന്ധം മാത്രമായിരുന്നില്ല അത്. എപ്പോഴും എല്ലാവരോടും ഒരുപോലെ ഇടപഴകുന്ന മനുഷ്യനാണ് മധുച്ചേട്ടന്‍. കാപട്യങ്ങളില്ലാത്ത, ജാഡയില്ലാത്ത ആളാണ് അദ്ദേഹം. അദ്ദേഹത്തിനെ ഒരിക്കലും ഒരു സിനിമാക്കാരനായി കാണരുത്. നമ്മുടെ ഒക്കെയിടയിലുള്ള സാധാരണക്കാരനായ മനുഷ്യനാണ് അദ്ദേഹം. അത് കണ്ട് പഠിക്കാനേ ഞാന്‍ എപ്പോഴും ശ്രമിച്ചിട്ടുള്ളൂ.
സെറ്റില്‍ വരുമ്പോള്‍ മധു എനിക്ക് ഒരു അഭിനേതാവ് മാത്രമാണ്. ആ നടനില്‍ നിന്ന് കിട്ടുന്ന സത്തുക്കളെല്ലാം പിഴിഞ്ഞെടുക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് എന്റെ 'സംഭവം' എന്ന ചിത്രം. അതില്‍ മണ്ണ് ചതിച്ച് കുടുംബവും സമ്പാദ്യവും എല്ലാം നഷ്ടപ്പെട്ട് ആകെ തകര്‍ന്ന ഒരു കര്‍ഷകന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. ഒരുപാട് ആളുകള്‍ ഷൂട്ടിങ് കാണാന്‍ കൂടി നില്‍ക്കുന്നുണ്ട്. എല്ലാം നഷ്ടപ്പെട്ട് തന്റെ പാടത്തൂടെ നടന്നു വന്ന് മണ്ണില്‍ തുപ്പി നടന്നു പോകുന്ന ഒരു ഷോട്ട് ഞാൻ അദ്ദേഹത്തിന് പറഞ്ഞുകൊടുത്തു. എൻ്റെ ഉള്ളറിഞ്ഞിട്ടാകണം അദ്ദേഹം മറ്റൊരു രീതിയില്‍ ഒന്ന് അഭിനയിച്ചു നോക്കട്ടെയെന്നു പറഞ്ഞു. ക്യാമറയ്ക്ക് മുന്നില്‍ അദ്ദേഹം ഒരു നടനും സംവിധായകനുമൊക്കെ ആവുകയായിരുന്നു അപ്പോള്‍.
എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ കാത്തിരിക്കുന്ന ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹം ക്യാമറയ്ക്ക് മുന്നിലൂടെ നടന്ന് മുന്നിലുള്ള ഓവുചാലിനരികില്‍ വന്നിരുന്നു. പിന്നെ പതുക്കെ അതില്‍ നിന്ന് ചളിവാരി മുഖത്തേക്ക് തേച്ചു. കണ്ടുനിന്നവരൊക്കെ അമ്പരന്നു നിന്നു. എനിക്കത് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. ക്യാമറ കട്ട് ചെയ്യാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. അങ്ങനെയൊരു ഷോട്ട് പറഞ്ഞുകൊടുത്താല്‍ മറ്റൊരാളും ചിലപ്പോള്‍ ആ സീന്‍ ചെയ്യണമെന്നില്ല. കണ്ണുനിറഞ്ഞു നിന്ന എന്നോട് ' സാരമില്ല, കഥാപാത്രം നന്നാകണമെന്നേയുള്ളൂ'' എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ജന്മനാ നടനായ ഒരാള്‍ക്ക് മാത്രമേ ചെയ്യാന്‍ സാധിക്കുള്ളൂ. ഡ്രൈനേജാണെന്ന് പോലും മറന്ന് ആ ചെളി വാരി തേക്കണമെങ്കില്‍ അദ്ദേഹം ആ കഥാപാത്രത്തെ അത്രത്തോളം ഉള്‍ക്കൊണ്ടിരിക്കണം.
ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത കുറേ അനുഭവങ്ങള്‍ ഞങ്ങള്‍ക്കിടയിലുണ്ട്. മദ്രാസില്‍ അദ്ദേഹത്തെ നായകനായുള്ള ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ അച്ഛന് സുഖമില്ലാതെ അവിടെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്. രണ്ടു ദിവസം കഴിഞ്ഞ് അച്ഛന്‍ മരിക്കുകയും ചെയ്തു. ഔദ്യോഗിക ബഹുമതികളൊന്നും വേണ്ടെന്ന് അച്ഛന്‍ ആദ്യം തന്നെ പറഞ്ഞിരുന്നതിനാല്‍ ഞങ്ങള്‍ മദ്രാസില്‍ തന്നെയാണ് അന്ത്യ കർമങ്ങള്‍ നടത്തിയത്. മദ്രാസിലായതിനാല്‍ എല്ലാവര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ പറ്റിയില്ല. അന്ന് മധുച്ചേട്ടന് ഒരുപാട് ബന്ധങ്ങള്‍ ഉണ്ടെങ്കിലും ആ അവസ്ഥയില്‍ ഞങ്ങള്‍ രണ്ടുപേരും മാത്രമായി. ഞാന്‍ മധുച്ചേട്ടനും കുടുംബത്തിനുമൊപ്പം നിന്നു. അന്ന് അദ്ദേഹത്തിന്റെ വേദന ഞാന്‍ കണ്ടതാണ്.
അതു കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ എന്റെ അച്ഛനും മരിച്ചു. മധുച്ചേട്ടന്റെ അച്ഛനെ അടക്കിയ അതേ ശ്മശാനത്തിലാണ് ഞാനും അച്ഛനെ കൊണ്ടുപോയത്. ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ ഒരാള്‍ പിന്നില്‍നിന്നും എന്റെ തോളില്‍ കൈവച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ മധുച്ചേട്ടനാണ്, മരണവാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും ഓടിയെത്തിയതാണ് അദ്ദേഹം. അത്രയും നേരം അടക്കിപ്പിടിച്ച കരച്ചില്‍ പെട്ടന്നാണ് പൊട്ടിപുറത്തുവന്നത്. എന്റെ സങ്കടങ്ങളൊക്കെ പങ്കുവയ്ക്കാന്‍ ഒരാളെ കിട്ടിയതിൻ്റെ ആശ്വാസം കൂടിയായിരുന്നു ആ കരച്ചില്‍ . സിനിമാ സൃഹൃദത്തിനുമപ്പുറം ആത്മബന്ധത്തിന്റെ കഥമാത്രമേ എനിക്ക് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളു.
ആദ്യമായി ഞാന്‍ ജീവിതത്തില്‍ കണ്ട നടന്‍, ആദ്യമായി അസിസ്റ്റ് ചെയ്ത സിനിമയിലെ നായകന്‍, എനിക്ക് ദേശീയ-സംസ്ഥാന അവാര്‍ഡ് കിട്ടിയസിനിമകളിലും അദ്ദേഹത്തിൻ്റെ വലിയ സാന്നിധ്യമുണ്ടായിരുന്നു. എന്റെ ആദ്യത്തെ കളര്‍ഫിലിം നിര്‍മിച്ചതും അദ്ദേഹമായിരുന്നു. അങ്ങനെ എന്റെ ജീവിതത്തില്‍ എല്ലായിടത്തും മധുച്ചേട്ടനുണ്ടായിരുന്നു.