പല പല രാമായണങ്ങള്‍, 
ഏക രാമായണവാദത്തെ ചെറുക്കുന്ന വിധം

പല പല രാമായണങ്ങള്‍, ഏക രാമായണവാദത്തെ ചെറുക്കുന്ന വിധം

രാമായണത്തിന് ഏകരൂപമല്ല. പല നാടുകളിൽ, പല ദേശങ്ങളിൽ രാമായണത്തിനുള്ള വ്യത്യസ്ത രൂപങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഗവേഷകനും ഗ്രന്ഥകാരനുമായ ഡോ. അസീസ് തരുവണ
Updated on
16 min read

നിരന്തരം വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന വടവൃക്ഷമാണ് രാമായണസാഹിത്യം. അതിന് ആഴമാര്‍ന്ന വേരുകളും ശാഖോപശാഖകളുമുണ്ട്. വേരുകള്‍ ഭാരതീയമാണെങ്കിലും ശാഖകള്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കാകെ വളര്‍ന്നുപന്തലിക്കുകയും അവിടങ്ങളിലെ സംസ്‌കൃതികളെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായകസ്ഥാനം ആര്‍ജിക്കുകയും ചെയ്തിട്ടുണ്ട്. ഭാരതത്തിലെയും സമീപസ്ഥമായ പ്രദേശങ്ങളിലെയും വാമൊഴി, വരമൊഴി സാഹിത്യരൂപങ്ങളെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരുസാഹിത്യ ഇതിവൃത്തമില്ലെന്ന് നിസ്സംശയം പറയാം.

ജീവിതത്തിന്റെ ഓരോ ഘട്ടത്തില്‍ വായിക്കുമ്പോഴും പുത്തന്‍ അര്‍ഥങ്ങളും ആസ്വാദ്യതയും അനുഭവവേദ്യമാകുന്ന അനശ്വര കൃതികളാണ് ഇതിഹാസങ്ങള്‍. അവ ആസ്വാദകന്റെ മനസ്സില്‍നിന്ന് മായാതെ, സവിശേഷമായ സ്വാധീനം ചെലുത്തി തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. അവ വ്യക്തിയുടെയും സമൂഹത്തിന്റെയും അബോധമനസ്സില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തി മൂര്‍ത്തരൂപത്തില്‍ നിലനില്‍ക്കും. രാമായണവും മഹാഭാരതവും ഇതിന് ദൃഷ്ടാന്തമാണ്.

രാമായണകഥയുടെ ഇതിവൃത്തമെന്നു രൂപപ്പെട്ടുവെന്ന് ഖണ്ഡിതമായി പറയുക സാധ്യമല്ല. എന്നാല്‍, വാല്മീകി മഹര്‍ഷിക്കു മുമ്പുതന്നെ വാമൊഴിയായി രാമായണകഥകള്‍ പ്രചരിച്ചിരുന്നു എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 'വാല്മീകി രാമായണത്തിനു മുമ്പുതന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. മഹാഭാരതം ദ്രോണ,ശാന്തിപര്‍വങ്ങളിലെ സംക്ഷിപ്ത രാമകഥയില്‍നിന്നും മറ്റും ഇതിനുള്ള തെളിവ് ലഭിക്കുന്നുണ്ട്. ഈ ആഖ്യാനങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. അതുകൊണ്ടാണ് വാല്മീകി രാമായണം രാമകഥയുടെ പ്രാചീനതമമായ വിസ്തൃതകൃതിയായിത്തീര്‍ന്നത്'' എന്ന് ഫാദര്‍ കാമില്‍ ബുല്‍ക്കെ.1

ആദിയില്‍ ഒരു ചെറുകഥാരൂപമായിരുന്ന കഥയെ വാമൊഴി, നാടോടി ഗായകരും മറ്റും പറഞ്ഞും പാടിയും വികസിപ്പിച്ചതായിരിക്കണം ഇന്നത്തെ വിസ്തൃതമായ രാമകഥാസാഹിത്യം. നാടോടി ഗായകര്‍ അവര്‍ക്കിഷ്ടമുള്ള ഭാഗങ്ങള്‍ പൊലിപ്പിച്ചു പറയുക സാധാരണമാണ്

മധ്യപ്രദേശിലെ രണ്ട് ഗോത്രങ്ങള്‍ക്കിടയില്‍ നടന്ന സംഭവമായിരിക്കാം രാമായണത്തിന് അടിസ്ഥാനമായ കഥാബീജമെന്ന് വാല്മീകി രാമായണത്തിലെ സ്ഥലികളെക്കുറിച്ച് ആഴമാര്‍ന്ന പഠനംനടത്തിയ പുരാവസ്തു ഗവേഷകനായ സങ്കാലിയ അഭിപ്രായപ്പെടുന്നു.2

ആദിയില്‍ ഒരു ചെറുകഥാരൂപമായിരുന്ന കഥയെ വാമൊഴി, നാടോടി ഗായകരും മറ്റും പറഞ്ഞും പാടിയും വികസിപ്പിച്ചതായിരിക്കണം ഇന്നത്തെ വിസ്തൃതമായ രാമകഥാസാഹിത്യം. നാടോടി ഗായകര്‍ അവര്‍ക്കിഷ്ടമുള്ള ഭാഗങ്ങള്‍ പൊലിപ്പിച്ചു പറയുക സാധാരണമാണ്. വാമൊഴി ഗായകസംഘങ്ങള്‍ ഈ കഥകള്‍ പാടിനടന്നിരുന്നുവെന്ന സൂചന വാല്മീകി രാമായണത്തില്‍നിന്നു വായിച്ചെടുക്കാം.3

കാവ്യോപജീവികളായ പാട്ടുസംഘജാതികള്‍ ഇന്ത്യയില്‍ എക്കാലത്തുമുണ്ടായിരുന്നുവല്ലോ.

രാമായണം വാല്മീകി ശിഷ്യന്‍മാര്‍ക്കു മനഃപാഠമായിരുന്നുവത്രേ. കുശലവന്മാര്‍ രാമായണം പാടിപ്പാടി തങ്ങളുടെ ശ്രോതാക്കളുടെ താല്പര്യം വര്‍ധിപ്പിച്ചിരിക്കാം. കാവ്യ കുശലന്മാരായിരുന്ന ഗായകന്മാര്‍ ജനങ്ങള്‍ക്കു താല്പര്യമുള്ള ഭാഗങ്ങള്‍ ആവര്‍ത്തിച്ചും അതിശയോക്തിപരമായും പാടിയിരിക്കണം. ഏതെങ്കിലും ഒരു ഭാഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ ഗായകര്‍ അവരുടേതായ സംഭാവനകള്‍, കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നു; കൂടുതല്‍ ഉദ്വേഗജനകമാക്കാന്‍ ശ്രമിക്കുന്നു. സ്‌തോഭജനകമായ ഭാഗങ്ങള്‍ കേള്‍വിക്കാരെയും കാഴ്ചക്കാരെയും ഹഠാദാകര്‍ഷിക്കും. ഇത്തരം ഭാഗങ്ങള്‍ക്കു കൂടുതല്‍ പ്രചാരം ലഭിക്കും.

രാമായണത്തെ അധികരിച്ചുള്ള ഡോ. അസീസ് തരുവണയുടെ വിവിധ ഗ്രന്ഥങ്ങൾ
രാമായണത്തെ അധികരിച്ചുള്ള ഡോ. അസീസ് തരുവണയുടെ വിവിധ ഗ്രന്ഥങ്ങൾ

വാമൊഴിയായി പ്രചരിച്ച കഥകളില്‍ തങ്ങളുടെ ഭാവന കലര്‍ത്തി എഴുതിയവയാണ് ആദ്യകാല ലിഖിത രാമായണങ്ങള്‍. വാല്മീകിയുടേതെന്നപോലെ ഒട്ടേറെ മഹര്‍ഷിമാരുടെ പേരില്‍ രാമായണങ്ങള്‍ ലഭ്യമാണ്. ശ്രീരാമദാസ ഗൗഡന്‍ തന്റെ 'ഹിന്ദുത്വം' എന്ന ഗ്രന്ഥത്തില്‍ 19 രാമായണങ്ങളിലെ കഥാവസ്തുവിന്റെ സംക്ഷേപം കൊടുത്തിട്ടുണ്ട്. അവയില്‍ പലതും ബൃഹദ് കാവ്യങ്ങളാണ്.

അവ ഇവയാണ്: 1 മഹാരാമായണം (24,000 ശ്ലോകങ്ങള്‍) 2 സംവൃത രാമായണം (32,000) 3. ലോമശ രാമായണം (32,000 ശ്ലോകങ്ങള്‍) 4. അഗസ്ത്യ രാമായണം (16,000) 5. മഞ്ജുള രാമായണം (1,20,000) 6. സൗപത്മ രാമായണം (40,000) 7.രാമായണമഹാമാല (56,000) 8. സൗഹാര്‍ദ രാമായണം (40,000) 9. രാമായണ മണിരത്‌നം (36,000) 10. സൗര്യരാമായണം (62,000) 11. ചാന്ദ്രരാമായണം (75,000) 12. മൈന്ദ രാമായണം (52,000) 13. സ്വയംഭുവരാമായണം (18,000) 14. സുബ്രഹ്‌മരാമായണം (32,000) 15. സുവര്‍ച്ചസരാമായണം (15,000) 16. ദേവരാമായണം (10,000) 17. ശ്രവണരാമായണം (12,500) 18. ദുരന്തരാമായണം (61,000) 19. രാമായണ ചമ്പു.

മേല്‍പ്പറഞ്ഞ രാമായണങ്ങളില്‍ പലതും മഹര്‍ഷിമാര്‍ രചിച്ചതാണെന്ന് പറയപ്പെടുന്നു. ഇതില്‍ സംവൃതരാമായണം നാരദ മഹര്‍ഷി രചിച്ചതാണ്. (നാരദ മഹര്‍ഷി ഗായകനായിരുന്നു. പുരാണങ്ങളില്‍ സാര്‍വത്രികമായി കാണപ്പെടുന്ന ഒരു കഥാപാത്രം കൂടിയാണ് നാരദന്‍). ലോമശരാമായണം പേരു സൂചിപ്പിക്കുന്നതുപോലെ ലോമശ ഋഷി രചിച്ചതാണ്. (പുരാണ കാഥികനായിരുന്നു ലോമശന്‍. പുരാണങ്ങളില്‍ കാണുന്ന പല ഉപകഥകളും ലോമശന്‍ പല ഘട്ടങ്ങളിലായി പറഞ്ഞുകേള്‍പ്പിച്ചിട്ടുള്ളവയാണെന്ന് ലഘുപുരാണ നിഘണ്ടുവില്‍ കാണാം4. അഗസ്ത്യരാമായണം അഗസ്ത്യമുനി രചിച്ചതാണ്. (തമിഴ് സാഹിത്യത്തിലെ ഏറ്റവും പുരാതനമായ 'തൊല്‍കാപ്യം' എന്ന വ്യാകരണ ഗ്രന്ഥം രചിച്ചത് അഗസ്ത്യന്റെ ഒരു ശിഷ്യനായ തൊല്‍കാപ്യര്‍ ആയിരുന്നു5. മഞ്ജുള രാമായണം സുതിഷ്ണന്‍ എന്ന മുനിയും (വനവാസഘട്ടത്തില്‍ രാമലക്ഷ്മണന്‍മാര്‍ ഈ മുനിയുടെ ആശ്രമം സന്ദര്‍ശിച്ചതായി കാണാം). സൗപത്മരാമായണം ബ്രഹ്‌മാവിന്റെ മാനസപുത്രന്‍മാരില്‍ ഒരാളും സപ്തര്‍ഷികളില്‍ ഒരുവനുമായ അത്രിമഹര്‍ഷി രചിച്ചതാണ്. (ഋഗ്വേദം, അഞ്ചാം മണ്ഡലം പണ്ഡിതനായ അത്രി മഹര്‍ഷി രചിച്ചതാണത്രേ6.

മേല്‍പ്പറഞ്ഞ പത്തൊന്‍പത് രാമായണകഥകളുടെയും ഘടന വാല്മീകിയില്‍നിന്നു വളരെ വ്യത്യസ്തമാണ്. മഹാരാമായണവും രാമായണ മഹാമാലയും ശിവ-പാര്‍വതീ സംവാദരൂപത്തിലാണ്. രാമായണമണിരത്‌നം വസിഷ്ഠ-അരുന്ധതീ സംവാദരൂപത്തിലും സൗര്യരാമായണം ഹനുമാന്‍-സൂര്യ സംവാദഘടനയിലും ചാന്ദ്ര രാമായണം ഹനുമാന്റെയും സൂര്യന്റെയും സംവാദ രൂപത്തിലും മൈന്ദരാമായണം മൈന്ദ-കൗരവ സംവാദരൂപത്തിലും സ്വയംഭുവരാമായണം ബ്രഹ്‌മ-നാരദസംവാദത്തിലുമാണ്. സുവര്‍ച്ചസ രാമായണമാകട്ടെ, സുഗ്രീവ-താരാ സംവാദഘടനയിലും ദേവ രാമായണം ഇന്ദ്ര-ജയന്ദ സംവാദരൂപത്തിലും ശ്രവണരാമായണം ഇന്ദ്ര-ജനക സംവാദരൂപത്തിലും ദുരന്ത രാമായണം വസിഷ്ഠ-ജനകസംവാദഘടനയിലും രാമായണ ചമ്പു ശിവ-നാരദസംവാദരൂപത്തിലുമാണ്.

ഏറ്റവും രസകരമായ വസ്തുത, വാല്മീകി രാമായണം പോലും ഏകരൂപമല്ല എന്നതാണ്. ഗൗഡീയം, ദക്ഷിണാത്യം, പശ്ചിമോത്തരീയം എന്നിങ്ങനെ മൂന്നു പാഠങ്ങള്‍ വാല്മീകി രാമായണത്തിനുണ്ട്. ഇതില്‍ ദാക്ഷിണാത്യ പാഠത്തിനാണ് താരതമ്യേന കൂടുതല്‍ പ്രചാരം. ഓരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങള്‍ കാണാം

ഒരുപക്ഷേ, മുകളില്‍ പരാമര്‍ശിച്ച രാമായണങ്ങള്‍ കൂടാതെ കാലത്തെ അതിജീവിക്കാത്ത ഒട്ടേറെ രാമായണങ്ങള്‍ വേറെയും ഉണ്ടായിരിക്കുവാനാണ് സാധ്യത. ആദി രാമായണത്തെ ആസ്പദമാക്കി വ്യത്യസ്ത പാഠങ്ങള്‍ ഉത്പാദിപ്പിക്കുന്ന അനേകം രാമായണങ്ങള്‍ ഉണ്ടായിരിക്കണം.

രാമായണത്തിന്റെ കര്‍തൃത്വം ഹനുമാനില്‍ ആരോപിക്കുന്ന പാഠങ്ങള്‍ ഒട്ടേറെയുണ്ട്. രാമായണം എഴുതി പൂര്‍ത്തിയാക്കിയ ശേഷം പര്‍വത ശിഖരത്തില്‍നിന്ന് ഹനുമാന്‍ ആ കൈയെഴുത്തുപ്രതി വിതറിക്കളഞ്ഞുവത്രേ. അതു പെറുക്കിക്കൂട്ടുന്ന ജോലി മാത്രമാണ് വാല്മീകി ചെയ്തതെന്നൊരു നാടോടിക്കഥയുണ്ട്.7

രാമന്‍ സീതയെ പരിത്യജിച്ചശേഷം ഹനുമാന്‍ ഏറെ വേദന അനുഭവിച്ചു. രാമന്റെ ദുഃഖം കാണേണ്ടിവരിക കൂടി ചെയ്തപ്പോള്‍ ഹനുമാനത് താങ്ങാനായില്ല. അങ്ങനെ ഖിന്നനായി കഴിയുന്ന കാലത്ത് പാറക്കല്ലുകളില്‍ ഹനുമാന്‍ രാമചരിതം രേഖപ്പെടുത്തിയത്രേ. ഒരിക്കല്‍ അതുവഴി വന്ന വാല്മീകി ശിലാഖണ്ഡങ്ങള്‍ കാണുകയും അതില്‍ എഴുതിയ രാമകഥ വായിക്കുകയും ചെയ്തു. അത്യന്തം ഹൃദയഹാരിയായി തോന്നിയ ഈ കഥ, താന്‍ ഗ്രന്ഥരൂപത്തിലാക്കാമെന്ന് വാല്മീകി ഹനുമാനെ അറിയിച്ചു. അതുകേട്ടമാത്രയില്‍ ഹനുമാന്‍ അവ ഒന്നൊഴിയാതെ എടുത്ത് സമുദ്രത്തില്‍ ആഴ്ത്തിയത്രേ. തന്റെ രാമനെക്കുറിച്ച് താന്‍ എഴുതിയ കാര്യങ്ങള്‍ മറ്റൊരാള്‍ക്കു നല്‍കുന്നതുപോലും ഹനുമാന് സഹിക്കാന്‍ കഴിയുമായിരുന്നില്ല.8

വാല്മീകി മഹര്‍ഷി രാമായണം എഴുതി നേരിട്ടുവന്ന് ആദിവാസികളെ ഏല്‍പ്പിച്ചുവെന്നു വിശ്വസിക്കുന്നു അട്ടപ്പാടിയിലെ വരഗമ്പാടി ഊരിലും ഊത്തുകുഴി ഊരിലുമുള്ള ആദിവാസികള്‍. വാല്മീകി രാമായണമെഴുതിയത് തമിഴിലാണെന്നാണ് ഇവരുടെ വിശ്വാസം. വരഗമ്പാടി ഊരിലെ ഇരുളര്‍ അവതരിപ്പിക്കുന്ന 'ശ്രീരാമ കുശലവ നാടകം' പ്രസിദ്ധമാണ്. ഇവരുടെ രാമായണ സങ്കല്പം വാല്മീകി രാമായണത്തില്‍നിന്നു ഭിന്നമാണ്.9

ഏറ്റവും രസകരമായ വസ്തുത, വാല്മീകി രാമായണം പോലും ഏകരൂപമല്ല എന്നതാണ്. ഗൗഡീയം, ദക്ഷിണാത്യം, പശ്ചിമോത്തരീയം എന്നിങ്ങനെ മൂന്നു പാഠങ്ങള്‍ വാല്മീകി രാമായണത്തിനുണ്ട്. ഇതില്‍ ദാക്ഷിണാത്യ പാഠത്തിനാണ് താരതമ്യേന കൂടുതല്‍ പ്രചാരം. ഓരോ പാഠത്തിലും മറ്റു പാഠങ്ങളിലില്ലാത്ത ധാരാളം ശ്ലോകങ്ങള്‍ കാണാം. ദാക്ഷിണാത്യ പാഠവും ഗൗഡീയ പാഠവും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ശ്ലോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നു മാത്രമേ ഓരോന്നിലും ഒരേ പാഠത്തില്‍ കാണപ്പെടുന്നുള്ളൂ. മൂന്നു പാഠങ്ങളിലും ലഭ്യമാകുന്ന ശ്ലോകങ്ങളുടെ രൂപം പോലും ഒരുപോലെയല്ല. പല സ്ഥലങ്ങളിലും അവയുടെ ക്രമവും വ്യത്യസ്തമാണെന്ന് രാമായണ പണ്ഡിതനായ എച്ച്. യാക്കോബി വ്യക്തമാക്കുന്നു.10

വാല്മീകി രചിച്ച രാമായണം ഗായകസംഘത്തിലൂടെയും മറ്റും പ്രചരിച്ച് വളരെ കാലങ്ങള്‍ക്കുശേഷം ഭിന്ന തലമുറകളിലൂടെ കടന്നുവന്ന് വരമൊഴി രൂപത്തിലായിത്തീര്‍ന്നുവെന്നതായിരിക്കാം ഈ പാഠാന്തരങ്ങള്‍ക്ക് കാരണമെന്ന് കാമില്‍ ബുല്‍ക്കെ അനുമാനിക്കുന്നു.11

വാല്മീകി രാമായണത്തിന്റെ രചനാകാലവും ഖണ്ഡിതമല്ല. വാല്മീകി രാമായണം അനുസരിച്ച് 1,81,49,115 വര്‍ഷങ്ങള്‍ക്കു മുൻപാണ് വാല്മീകി രാമായണം രചിക്കപ്പെട്ടത്.12 രാമായണ പണ്ഡിതന്മാര്‍ ഈ കാലഗണന അംഗീകരിക്കുന്നില്ല. ഇത്രയും വര്‍ഷങ്ങള്‍ക്കു മുൻപ് മനുഷ്യവംശം പിറവിയെടുത്തിരുന്നുവോയെന്ന കാര്യം പോലും സംശയമാണ്. രാമായണ ഗവേഷകരില്‍ ചിലരുടെ അഭിപ്രായം ഇങ്ങനെയാണ്:

1. ഡോ.എച്ച്.യാക്കോബി: ബി.സി.6-ാം നൂറ്റാണ്ടിനും 8-ാംനൂറ്റാണ്ടിനും ഇടയില്‍.13

2. ഗ്ലേഗല്‍: ബി.സി. 11-ാം നൂറ്റാണ്ടില്‍.14

3. ജി. ഗോരേസിയോ: ഏകദേശം ബി.സി. 12-ാം നൂറ്റാണ്ട്.15

4. സി.വി. വൈദ്യ: ബി.സി. 2-ാംനൂറ്റാണ്ട്.16

5. എ.ബി. കീഥ്: ബി.സി. 4-ാംനൂറ്റാണ്ടിനു മുമ്പ്.17

6. കാമില്‍ ബുല്‍ക്കെ: ബി.സി. 300-ാമാണ്ടിനു മുമ്പ്.18

രാമായണത്തെപ്പറ്റിയുള്ളൊരു സാമാന്യ ധാരണ രാമായണം ഹൈന്ദവരുടെ മതപാഠം മാത്രമാണെന്നാണ്. ഈയൊരു വിശ്വാസത്തോടെയാണ് പലപ്പോഴും രാമായണം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ഇത് രാമായണത്തെ അതിന്റെ പാരമ്പര്യത്തില്‍നിന്നു മനസ്സിലാക്കാത്തതിന്റെ പരിമിതിയാണ്

പുരാവസ്തു ഗവേഷകനായ എച്ച് ഡി സങ്കാലിയ'രാമായണവും പുരാവസ്തു ഗവേഷണവും' എന്ന വിഷയത്തെപ്പറ്റി നാഗ്പൂര്‍ സര്‍വകലാശാലയിലെ പ്രാചീന ഇന്ത്യാചരിത്ര സാംസ്‌കാരിക സമാജത്തില്‍ പ്രസംഗിക്കവെ, രാമായണത്തിന്റെ കാലം ബി.സി. 1000 ആണെന്നും അത് രചിക്കപ്പെട്ടത് എ.ഡി. 500-700 കാലഘട്ടത്തിലാണെന്നും പ്രസ്താവിക്കുകയുണ്ടായി.19

എന്തുതന്നെയായാലും, രാമായണത്തെക്കുറിച്ച് വസ്തുനിഷ്ഠപഠനം നടത്തിയ ഒരു പണ്ഡിതനും രാമായണകാലഘട്ടം 1,81,49,115 വര്‍ഷം മുമ്പ് എന്ന സങ്കല്പത്തെ അംഗീകരിക്കുന്നില്ല. ബി.സി. ആയിരാമാണ്ടിനപ്പുറം പോകുന്ന പണ്ഡിതന്‍മാരും കുറവാണ്. ബുദ്ധനെക്കുറിച്ചുള്ള പരാമര്‍ശം ഉള്ളതിനാല്‍ രാമായണ കാലഘട്ടം ബുദ്ധനു ശേഷമാണെന്ന് അഭിപ്രായപ്പട്ട പണ്ഡിതന്മാരുണ്ട്.20

രാമായണത്തെപ്പറ്റിയുള്ളൊരു സാമാന്യ ധാരണ രാമായണം ഹൈന്ദവരുടെ മതപാഠം മാത്രമാണെന്നാണ്. ഈയൊരു വിശ്വാസത്തോടെയാണ് പലപ്പോഴും രാമായണം ചര്‍ച്ച ചെയ്യപ്പെടാറുള്ളത്. ഇത് രാമായണത്തെ അതിന്റെ പാരമ്പര്യത്തില്‍നിന്നു മനസ്സിലാക്കാത്തതിന്റെ പരിമിതിയാണ്. രാമായണം ഹൈന്ദവരുടെ ഇടയിലെന്നപോലെ, ഏറിയോ കുറഞ്ഞോ ബൗദ്ധ-ജൈന-മുസ്ലിം-ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. മതപാഠം എന്നതിനപ്പുറം സാംസ്‌കാരിക പാഠം എന്ന അര്‍ഥത്തിലാണ് രാമായണത്തിന്റെ പ്രചാരം. രാമായണം ഒരു ഇന്ത്യന്‍ ഇതിഹാസം എന്നതിനപ്പുറം ഏഷ്യന്‍ ഇതിഹാസമായി വളര്‍ന്നിട്ടുണ്ട്. ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളിലും രാമായണ പാഠങ്ങള്‍ നിലവിലുണ്ട്.

ലേഖകൻ്റെ പുസ്തകം ഡോ. ശശി തരൂർ പ്രകാശനം ചെയ്യുന്നു
ലേഖകൻ്റെ പുസ്തകം ഡോ. ശശി തരൂർ പ്രകാശനം ചെയ്യുന്നു

ബൗദ്ധസാഹിത്യത്തില്‍ രാമായണത്തിനുള്ള സ്ഥാനം ആഴമാര്‍ന്നതാണ്. ശ്രീബുദ്ധന്‍ തന്റെ അസംഖ്യം പൂര്‍വജന്മങ്ങളില്‍ മൃഗ-മനുഷ്യരൂപങ്ങളില്‍ ജന്മമെടുത്ത് പങ്കെടുത്തിട്ടുള്ള കഥകളാണ് ജാതകകഥകള്‍. പ്രചാരത്തിലുള്ള പല കഥകളും സമര്‍ഥമായി ഈ ജാതകകഥകളിലേക്ക് സന്നിവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് നന്മയിലും ധര്‍മത്തിലും അധിഷ്ഠിതമായ കഥകള്‍. വാമൊഴിയായി പ്രചരിച്ച രാകഥകളെ ഇത്തരത്തില്‍ ബൗദ്ധര്‍ സ്വന്തമാക്കിയിട്ടുണ്ടാവണം. ദശരഥജാതകം, അനാമകം ജാതകം, ദശരഥ കഥാനം എന്നീ മൂന്ന് ബൗദ്ധ സാഹിത്യകൃതികളും രാമകഥയെ സംബന്ധിച്ചുള്ളവയാണ്. ബുദ്ധനും രാമനും ഈ കൃതികളില്‍ കടന്നുവരുന്നു. ഇതില്‍ ഏറ്റവും പ്രസിദ്ധം ദശരഥ ജാതകമാണ്. പ്രാചീന പാലീ ഭാഷയിലാണ് ഈ കൃതി രചിക്കപ്പെട്ടത്. 'അനാമകംജാതക'ത്തിന്റെ ഭാരതീയമായ മൂലരൂപം ഇപ്പോള്‍ ലഭ്യമല്ല. ക്രിസ്തുവര്‍ഷം മൂന്നാം ശതാബ്ദത്തില്‍ കാങ്-സേങ്-ഹുയി ഈ കൃതി 'ലിയെ ഊതൂത് സീകിങ്' എന്ന പേരില്‍ ചീനഭാഷയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദശരഥ ജാതകത്തിലുള്ള രാമകഥാരൂപമാണ് രാമായണകഥയുടെ മൂലരൂപമെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ഡോ. വെബര്‍, ദിനേശചന്ദ്രസേനന്‍ തുടങ്ങിയവര്‍ ഈ പക്ഷക്കാരാണ് 21. എന്നാല്‍ മറ്റു പല പണ്ഡിതന്മാരും ഈ വാദത്തെ നഖശിഖാന്തം എതിര്‍ക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു.

ഇന്ത്യയില്‍ പിറവിയെടുത്ത പ്രബല മതങ്ങളില്‍ ഒന്നായ ജൈനമതത്തിനും സമ്പന്നമായ രാമകഥാസാഹിത്യമുണ്ട്. വിമലാസുരി പ്രാകൃത ഭാഷയില്‍ രചിച്ച 'പഉമചരിയ'മാണ് ജൈനരാമകഥാസാഹിത്യത്തില്‍ ഏറ്റവും പ്രസിദ്ധം. ക്രിസ്തുവര്‍ഷം 72ല്‍ എഴുതപ്പെട്ട കൃതിയാണിത്

ബൗദ്ധജാതകങ്ങളിലെ കഥയനുസരിച്ച് ദശരഥന്റെ രാജധാനി അയോധ്യയിലല്ല; വാരാണസിയിലാണ്. ബൗദ്ധസാഹിത്യ കൃതികളില്‍ പ്രസിദ്ധമായ 'പാലിതിപിടക'ത്തിന്റെ രചന വാല്മീകി രാമായണത്തിനുമുമ്പാണെന്നും അതിനാല്‍ ബൗദ്ധസ്വാധീനം രാമായണത്തില്‍ പതിയുക സ്വാഭാവികമാണെന്നും എം. മോണിമര്‍ വില്യംസ് അഭിപ്രായപ്പെടുന്നു.22

രാമായണത്തിന്റെ രചനാകാലത്ത് കോസലത്തില്‍ ബുദ്ധമതം വേണ്ടത്ര പ്രചരിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ട് വാല്‍മീകി ബ്രാഹ്‌മണ മതത്തിന്റെ ചുറ്റുപാടിലാണ് ജീവിച്ചതെങ്കിലും പരോക്ഷമായി ബൗദ്ധദര്‍ശനങ്ങളാല്‍ പ്രഭാവിതനായിരുന്നു എന്ന് മോണിമര്‍ വില്യംസ് അനുമാനിക്കുന്നു. വാല്‍മീകി രാമായണത്തിന്റെ ദാക്ഷിണാത്യ പാഠത്തില്‍ ഒരിടത്ത് രാമന്‍ ബുദ്ധനെ കുറിച്ച് പറയുന്നത് ഇങ്ങനെ''യഥാഹി ചോര:

സതഥാ ഹി ബുദ്ധസ്തഥാഗതം

നാസ്തിക മത്രവിദ്ധി

ജാബാലി വൃത്താന്തത്തിലാണ് ഇതുള്ളത്. ബുദ്ധന്‍ ചോരനും നാസ്തികനുമാണെന്നാണ് രാമന്‍ പറയുന്നത്. ജാബാലി ബുദ്ധമത പ്രതിനിധിയാണെന്നാണ് രാമായണ ഗവേഷകനായ ഹ്വീലിന്റെ അഭിപ്രായം. ജാബാലി പരലോകവാദത്തെ നിഷേധിക്കുന്ന നാസ്തികവാദം ഉന്നയിക്കുമ്പോള്‍ രാമന്‍ അത് നിഷേധിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് രാമന്‍ ബുദ്ധനെതിരെ മേല്‍ അധിക്ഷേപമുന്നയിക്കുന്നത്. ഈ ഭാഗം പശ്ചിമോത്തരീയ പാഠത്തില്‍ ലഭ്യമല്ലെന്ന് കാമില്‍ ബുല്‍ക്കെ 'രാമകഥ'യില്‍ പറയുന്നു. ദിനേശചന്ദ്രസേനന്റെ അനുമാനം, വാല്‍മീകി ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടി 'ദശരഥജാതക'-ത്തിലെ സരളവൃത്താന്തം വികസിപ്പിച്ചുവെന്നാണ്. ബുദ്ധതപസ്യയുടെയും ഭിക്ഷുവൃത്തിയുടേയും രൂപത്തില്‍ ആദികവി രാമായണത്തില്‍ ഹിന്ദു ഗൃഹസ്ഥ ജീവിതത്തിന്റെ ആദര്‍ശം തന്റെ വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുകയാണത്രെ ചെയ്തത്. ''രാമായണവും ബൗദ്ധകഥയും തമ്മില്‍ തുലനപ്പെടുത്തുമ്പോള്‍ വിശ്വകവിയായ വാല്‍മീകി ഈ അപരിഷ്‌കൃതമായ ബൗദ്ധകഥയെ എത്ര സമര്‍ഥമായി ഉല്‍ക്കര്‍ഷത്തിന്റെ സീമയോളം എത്തിച്ചുവെന്നു സ്പഷ്ടമാകുന്നു'' എന്ന് ദിനേശ് ചന്ദ്രസേനന്‍.23

ചുരുക്കത്തില്‍, രാമായണവുമായി ബന്ധപ്പെട്ട ഏതൊരു ചര്‍ച്ചയിലും ബൗദ്ധരാമകഥകളായ ജാതകകഥകളെ മാറ്റി നിര്‍ത്താനാവില്ല. അത്രമേല്‍ അവ കെട്ടുപിണഞ്ഞു കിടക്കുകയാണ്.

ഇന്ത്യയില്‍ പിറവിയെടുത്ത പ്രബല മതങ്ങളില്‍ ഒന്നായ ജൈനമതത്തിനും സമ്പന്നമായ രാമകഥാസാഹിത്യമുണ്ട്. വിമലാസുരി പ്രാകൃത ഭാഷയില്‍ രചിച്ച 'പഉമചരിയ'മാണ് ജൈനരാമകഥാസാഹിത്യത്തില്‍ ഏറ്റവും പ്രസിദ്ധം. ക്രിസ്തുവര്‍ഷം 72ല്‍ എഴുതപ്പെട്ട കൃതിയാണിത്. 'പത്മചരിതം' എന്ന പേരില്‍ രവിഷേണാചാര്യ സംസ്‌കൃതഭാഷയിലേക്ക് ഈ കൃതി മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഇതൊരു പ്രതിപുരാണമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്.24

എടുത്തുപറയേണ്ട സവിശേഷത, പ്രാചീന രാമകഥാസാഹിത്യം എന്നത് സംസ്‌കൃതസാഹിത്യത്തിന്റെ മാത്രം ഭാഗമല്ല എന്നുള്ളതാണ്. രാമകഥാസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ വാല്‍മീകിരാമായണം സംസ്‌കതത്തിലാണെങ്കില്‍ ബൗദ്ധജാതകങ്ങള്‍ പാലി ഭാഷയിലും ജൈനമതസ്ഥരുടെ 'പഉമചരിയം' പ്രാകൃതത്തിലുമാണ്. ഈ മൂന്ന് കൃതികളും പങ്കുവെക്കുന്നത് രാമകഥയാണെങ്കിലും അടിസ്ഥാനപരമായ ചില പാഠാന്തരങ്ങള്‍ ഇവകള്‍ക്കിടയിലുണ്ട്

'പഉമചരിയ'പ്രകാരം യമന്‍, ഇന്ദ്രന്‍, വരുണന്‍ തുടങ്ങിയവര്‍ ദേവന്‍മാരല്ല. സാധാരണ രാജാക്കന്മാരാണ്. രാവണനാകട്ടെ, ജൈനക്ഷേത്രങ്ങളുടെ ജീര്‍ണോദ്ധാരണം നടത്തുകയും മൃഗബലി നടത്തുന്ന യാഗങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു ഭീരുവായ ജൈനനാണ്. ലക്ഷ്മണനാണ് രാവണനെ വധിക്കുന്നത്. രാവണവധം എന്ന പാപകര്‍മ്മം ചെയ്തതിനാല്‍ ഭീകരമായ ഒരു രോഗം ബാധിച്ച് ലക്ഷ്മണന്‍ മരണപ്പെടുകയും നരകത്തില്‍ പോകുകയും ചെയ്യുന്നു. 'പഉമചരിയം' അനുസരിച്ച് രാമന് 8000 റാണിമാരും ലക്ഷ്മണന് 16,000 റാണിമാരുമുണ്ട്. സീതയ്ക്ക് എട്ടു പുത്രന്മാരാണുള്ളത്.

രാമന്‍ വേട്ടയാടി, രാവണന്‍ മാംസഭുക്കായിരുന്നു, കുംഭകര്‍ണന്‍ ആറുമാസം ഉറങ്ങും, രാവണന്‍ രാക്ഷസനാണ്, സുഗ്രീവന്‍ കുരങ്ങാണ് തുടങ്ങിയ ലൗകികകഥകള്‍ അസത്യമാണെന്ന് 'പഉമചരിയ'ത്തില്‍ പറയുന്നു. ഇങ്ങനെ വാല്‍മീകിയില്‍ നിന്ന് ഭിന്നമായ പാഠമാണ് വിമലാസുരി അവതരിപ്പിക്കുന്നത്. രാമകഥാ സംബന്ധിയായ ഒട്ടേറെ കൃതികള്‍ ജൈനസാഹിത്യ സമ്പത്തില്‍ ഉണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ഇവയാണ്: ശീലാചാര്യന്റെ 'രാമലഖണചരിയം,' ഭദ്രേശ്വരന്റെ കഹാവലയിലെ രാമായണം, ഭുവനതുംഗസൂരിയുടെ സിയാചരിയവും രാമലഖണചരിയവും. ഇവയെല്ലാം രചിക്കപ്പെട്ടത് പ്രാകൃത ഭാഷയിലാണ്. സംസ്‌കൃത ഭാഷയില്‍ രചിക്കപ്പെട്ടവയില്‍ മുഖ്യമാണ് രവിഷേണന്റെ പദ്മചരിതം, ഹേമചന്ദ്രന്റെ ജൈനരാമായണം, സീതാരാവണകഥാനകം, ജിദാസന്റെ രാമദേവപുരാണം, പത്മദേവവിജയഗണിയുടെ രാമചരിതം, സോമസേനന്റെ രാമചരിതം, സോമപ്രഭാചാര്യന്റെയും മേഘവിജയഗണിവരന്റെയും ലഘു ത്രിഷഷ്ടി ശലാകാപുരുഷചരിത്രങ്ങള്‍, ഗുണഭദ്രന്റെ ഉത്തരപുരാണം, ഹരിഷേണന്റെ രാമായണ കഥാനകം എന്നിവ.

എടുത്തുപറയേണ്ട സവിശേഷത, പ്രാചീന രാമകഥാസാഹിത്യം എന്നത് സംസ്‌കൃതസാഹിത്യത്തിന്റെ മാത്രം ഭാഗമല്ല എന്നുള്ളതാണ്. രാമകഥാസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ വാല്‍മീകിരാമായണം സംസ്‌കതത്തിലാണെങ്കില്‍ ബൗദ്ധജാതകങ്ങള്‍ പാലി ഭാഷയിലും ജൈനമതസ്ഥരുടെ 'പഉമചരിയം' പ്രാകൃതത്തിലുമാണ്. ഈ മൂന്ന് കൃതികളും പങ്കുവെക്കുന്നത് രാമകഥയാണെങ്കിലും അടിസ്ഥാനപരമായ ചില പാഠാന്തരങ്ങള്‍ ഇവകള്‍ക്കിടയിലുണ്ട്. ഉദാഹരണമായി വാല്‍മീകിയുടെ രാമന്‍ അയോധ്യയിലെ രാജാവാണെങ്കില്‍ ബുദ്ധിസ്റ്റ് പാഠമനുസരിച്ച് വാരാണസിയിലെ രാജാവാണ്. അയോദ്ധ്യ ഒരു ബുദ്ധകേന്ദ്രം കൂടിയായിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. ബൗദ്ധകഥയനുസരിച്ച് രാമനും ലക്ഷ്മണനും സീതയും ദശരഥന്റെ ഒരേ ഭാര്യയിലുള്ള മക്കളാണ്. (ഈയൊരു പാഠം ഒട്ടേറെ ആശയചര്‍ച്ചകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്). വാല്‍മീകി രാമായണം ഈ പാഠത്തെ നിരാകരിക്കുന്നു. ഇത്തരത്തിലുളള നിരവധി പാഠാന്തരങ്ങള്‍ പ്രബല രാമായണങ്ങള്‍ക്കിടയിലുണ്ട്.

ഇന്ത്യ കഴിഞ്ഞാല്‍ രാമകഥ ഏറ്റവും പുഷ്‌കലമായി നിലനില്‍ക്കുന്നത് ഇന്തോനേഷ്യയിലാണ്. 'ഹിക്കായത്ത് സെരിരാം' എന്ന രാമകഥാകൃതി ഏറെ പ്രസിദ്ധമാണ്. ഈ കൃതിയില്‍ അല്ലാഹു, ആദം നബി, മുഹമ്മദ് നബി, അലി തുടങ്ങിയ ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട പേരുകള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നു

ഇന്ത്യയ്ക്ക് പുറത്തെ രാമായണങ്ങള്‍

രാമായണം ഭിന്നമതസ്ഥരെ സ്വാധീനിച്ചതുപോലെ ഭിന്ന രാജ്യക്കാരെയും സ്വാധീനിച്ചിട്ടുണ്ട്. എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും രാമായണ സാഹിത്യമുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ചൈന, വിയറ്റ്‌നാം, ജപ്പാന്‍, ബര്‍മ്മ, തായ്‌ലാന്റ്, നേപ്പാള്‍, ശ്രീലങ്ക, കംബോഡിയ, ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ രാമായണഗ്രന്ഥങ്ങള്‍ എടുത്തുപറയേണ്ടവയാണ്. ഇവയില്‍ ചിലതില്‍ ഹൈന്ദവ സ്വാധീനവും മറ്റു ചിലതില്‍ ഇസ്ലാമിക, ബൗദ്ധ സ്വാധീനങ്ങളുമാണുള്ളത്.

ഇന്ത്യ കഴിഞ്ഞാല്‍ രാമകഥ ഏറ്റവും പുഷ്‌കലമായി നിലനില്‍ക്കുന്നത് ഇന്തോനേഷ്യയിലാണ്. 'ഹിക്കായത്ത് സെരിരാം' എന്ന രാമകഥാകൃതി ഏറെ പ്രസിദ്ധമാണ്. ഈ കൃതിയില്‍ അല്ലാഹു, ആദം നബി, മുഹമ്മദ് നബി, അലി തുടങ്ങിയ ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ട പേരുകള്‍ കഥാപാത്രങ്ങളായി കടന്നുവരുന്നു. ജാവയിലെ സേരത്തുകാണ്ഡത്തിലെ രാമകഥ സെരിരാമില്‍നിന്നു വളരെയൊന്നും ഭിന്നമല്ല. അതിന്റെ വിസ്തൃതമായ ഭൂമികയില്‍ മുഹമ്മദ്‌നബിയും ആദം നബിയും കടന്നുവരുന്നു.'സെരിരാമിന്‍' രാവണന്റെ തപസ്സിനെപ്പറ്റി വര്‍ണിക്കുന്നുണ്ട്. തന്റെ നിര്‍വ്വാണത്തിനുശേഷം സിംഹ ദ്വീപിലെത്തിയ രാവണന്‍ പന്ത്രണ്ട് വര്‍ഷം തപസ്സ് ചെയ്യുന്നു. അവസാനം അല്ലാഹു നബിയുടേയും ആദമിന്റേയും നിവേദനം സ്വീകരിച്ചു രാവണനു നാലുലോകങ്ങളിലും (സ്വര്‍ഗം, ഭൂമി, പാതാളം, മഹാസാഗരം) പാപം ചെയ്യാത്തവനായി ന്യായപൂര്‍വ്വം ഭരണം ചെയ്യണമെന്ന വ്യവസ്ഥയില്‍ രാജ്യം സ്ഥാപിക്കുന്നതിനുള്ള അധികാരം നല്‍കിയതായി പ്രസ്താവിക്കുന്നു.

ഇന്തോനേഷ്യയിലെ രാമായണകഥ പാവക്കൂത്ത് നാടകരൂപത്തില്‍ അവതരിപ്പിക്കാറുണ്ട്. ഇത്തരം നാടകാവതരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒട്ടേറെ മുസ്ലിം കലാകാരന്മാര്‍ ഇന്തോനേഷ്യയിലുണ്ട്. (സൊറഡോണോ കുസുമോ എന്ന പ്രഗത്ഭനായ ഇന്തോനേഷ്യന്‍ നാടകനടന്‍ മുസ്ലിമാണ്. ഇദ്ദേഹം ഇന്ത്യയില്‍ പലേടത്തും രാമായണപ്രമേയമുള്‍പ്പെടുന്ന നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മുസ്ലിങ്ങളെപ്പോലെ വസ്ത്രധാരണം ചെയ്യുകയും താടി വളര്‍ത്തുകയും ചെയ്ത കഥാപാത്രങ്ങളായാണ് അവിടുത്തെ നാടകങ്ങളില്‍ രാമലക്ഷണന്മാരും മറ്റും അവതരിപ്പിക്കപ്പെടാറുള്ളത്.

ഫിലിപ്പൈന്‍സിലെ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ പ്രചാരണത്തിലുള്ള രാമകഥയിലും ഇത്തരമൊരു സമന്വയം കാണാം. 'മഹാരാധ്യാലവണ' എന്ന ഫിലിപ്പൈന്‍സ് കൃതി പ്രസിദ്ധമാണ്. മഹാരാധ്യലാവണ എന്നാണ് ഈ ഗ്രന്ഥത്തില്‍ രാവണന്റെ പേര്. അഗാമാനിയോഗ് എന്ന രാജവംശത്തില്‍ പെട്ട ഒരു സുല്‍ത്താന്റെ പുത്രന്മാരാണ് രാമനും ലക്ഷ്മണനും. പുലുനബാണ്ഡിയാ സുല്‍ത്താന്റെ മകളാണ് സീത. പുലുബന്ത്യാര്‍ വംശത്തിലെ സുല്‍ത്താന്റെ മകനാണ് ലാവണന്‍ (രാവണന്‍). ലാവണന് ഈ കഥയില്‍ പത്തു തലകളില്ല; എട്ടു തലകളാണ്.

രാമായണത്തെ അധികരിച്ച് ഇന്തോനേഷ്യയിലുള്ള വയാങ് (vayang) എന്ന കലാരൂപത്തില്‍ രാമന്റെ ചിത്രീകരണം
രാമായണത്തെ അധികരിച്ച് ഇന്തോനേഷ്യയിലുള്ള വയാങ് (vayang) എന്ന കലാരൂപത്തില്‍ രാമന്റെ ചിത്രീകരണം

മലേഷ്യയില്‍ രാമകഥാസാഹിത്യം ഇപ്പോള്‍ സജീവതയോടെ നിലനില്‍ക്കുന്നത് രംഗാവിഷ്‌കാരങ്ങളിലൂടെയാണ്. ദുര്‍ദാവാന്‍ ഐസിങ്കാ, ഡബ്ല്യു ജി ഷെല്ലാബിയര്‍ എന്നിവര്‍ എഡിറ്റ് ചെയ്ത നിഴല്‍നാടക സമാഹാരം ശ്രദ്ധേയമാണ്. മലേഷ്യന്‍ രാമകഥകളില്‍ ഉപേക്ഷിക്കപ്പെട്ട സീത വാല്‍മീകി ആശ്രമത്തില്‍ എത്തിച്ചേരുന്നില്ല. പകരം ജനക മഹാരാജാവ് തന്നെയാണ് സ്വീകരിക്കുന്നത്. മലേഷ്യയിലെ ഒട്ടേറെ രാമകഥാ പതിപ്പുകളില്‍ ലവന്‍ വിവാഹം ചെയ്യുന്നത് ഇന്ദ്രജിത്തിന്റെ മകളെയാണ്. കുശന്‍ മറ്റൊരു രാക്ഷസന്റെ പുത്രിയേയും. ചില കഥകളില്‍ കുശന്‍ ലങ്കാധിപനായി മാറുന്നുണ്ട്. ശിവഭക്തനായ രാവണനെ അവതരിപ്പിക്കുന്ന ചില രാമായണപാഠങ്ങള്‍ അവിടെയുണ്ട്.

ഞാന്‍ അഞ്ചു നേരവും നമസ്‌കരിക്കുന്ന ഒരു മുസ്ലിമാണ്. ഞങ്ങളുടെ സാംസ്‌കാരികാഘോഷങ്ങളില്‍ രാമായണത്തിനും മഹാഭാരതത്തിനും നിര്‍ണായകമായ സ്വാധീനമുണ്ട്. മലേഷ്യയുടെ മിക്ക ഭാഗങ്ങളിലും അവ പാരായണം ചെയ്യുന്ന മുസ്ലിംകളുണ്ട്. പഞ്ചതന്ത്രവും ഈസോപ്പുകഥകളും പോലെ ഞങ്ങള്‍ അവ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ മഹാഭാരതവും രാമായണവും ഒരു പക്ഷേ ഇന്ത്യയില്‍ നിങ്ങള്‍ കാണുന്ന അതേ പ്രകാരത്തില്‍ ആയിക്കൊള്ളണമെന്നില്ല. എനിക്ക് തോന്നുന്നത് അവ മലേഷ്യയില്‍ ഇസ്ലാമികമായി മാറ്റിയെഴുതപ്പെട്ടിട്ടുണ്ട് എന്നാണ്.

അൻവർ ഇബ്രാഹിം, മലേഷ്യന്‍ മുൻ ഉപ പ്രധാനമന്ത്രി

ചൈനയിലെ വ്യൂചെങ്-എന്‍ രചിച്ച ഹിഷിയുച്ചി (The Monkey എന്നാണ് ഇംഗ്ലീഷ് പരിഭാഷയുടെ പേര്) Ramayana in China (ഡോ. രഘുവീര, ഷിക്കിയോ യമാമോട്ടോ എന്നിവര്‍ ചേര്‍ന്ന് രചിച്ചത്), Jataka of unnamed king (വിവര്‍ത്തനം ചെയ്തത് സോഡ്ജിയന്‍ മോങ്ക് കാള്‍സെങ്ഹുയി) എന്നീ കൃതികള്‍ ചൈനയിലെ രാമകഥാസാഹിത്യം എന്തെന്ന് നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. ബൗദ്ധരാമകഥാപാരമ്പര്യത്തിനാണ് അവിടെ പ്രചാരം.

ജപ്പാനിലെ രാമായണകഥകള്‍ക്ക് ബന്ധം ചൈനയിലെ ത്രിപീടികയുടെ ടായ്‌ഷോ പതിപ്പിനോടും തായ്‌ലാൻഡിലെ രാമായണ സംഗീത-നൃത്തരൂപങ്ങളോടുമാണ്. 'ദോരാഗാകു' എന്നാണ് ജപ്പാനില്‍ ഏറെ പ്രചാരമുള്ള രാമയാണത്തെ അഭിസ്ഥാനമാക്കിയുള്ള നൃത്തരൂപത്തിന്റെ പേര്. ചിത്രകലയിലും രാമായണ ഇതിവൃത്തം അവിടെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്.

പൊതുവെ വിദേശ രാമായണകഥകള്‍ ബൗദ്ധ രാമകഥാ പാരമ്പര്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നവയാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സൂക്ഷ്മാര്‍ഥത്തില്‍, അതതു രാജ്യങ്ങളുടെ നിറവും ഗന്ധവും ഉള്ളവയാണെന്ന് പെട്ടെന്ന് തിരിച്ചറിയാനാകും. അതതു രാജ്യങ്ങളിലെ ജനജീവിതവും വിശ്വാസാചാരങ്ങളും അവയില്‍ നിഴലിക്കുന്നതായി കാണാം. ഉദാഹരണാമായി, ബഹുഭര്‍തൃത്വം നിലനിന്നിരുന്ന പ്രദേശമായ പഴയ ടര്‍ക്കിസ്ഥാന്റെ കിഴക്കന്‍ പ്രദേശങ്ങള്‍ ചേര്‍ന്ന ഖോത്താനില്‍ പ്രചരിച്ച രാമകഥയില്‍ സീതയെ വിവാഹം ചെയ്യുന്നത് രാമനും ലക്ഷ്മണനുമാണ്.

ഒരിന്ത്യന്‍ കഥയുടെ തനി വിവര്‍ത്തനമായി മറ്റൊരു രാജ്യത്തും രാമകഥ നിലനില്‍ക്കുന്നില്ല. രാമകഥയെ ഭക്തിയുടെ പരകോടികളില്‍ പ്രതിഷ്ഠിക്കുന്ന രീതിയിലും വിദേശങ്ങളില്‍ പൊതുവെ നിലനില്‍ക്കുന്നില്ല. രാമകഥാസാഹിത്യം പുഷ്‌കലമായി നിലനില്‍ക്കുന്ന മലേഷ്യയിലെ രാമകഥാ സാഹിത്യപാരമ്പര്യത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ മലേഷ്യന്‍ ഉപ പ്രധാന മന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹിം പറയുന്നത് ഇങ്ങനെയാണ്: ''ഞാന്‍ അഞ്ചു നേരവും നമസ്‌കരിക്കുന്ന ഒരു മുസ്ലിമാണ്. ഞങ്ങളുടെ സാംസ്‌കാരികാഘോഷങ്ങളില്‍ രാമായണത്തിനും മഹാഭാരതത്തിനും നിര്‍ണായകമായ സ്വാധീനമുണ്ട്. മലേഷ്യയുടെ മിക്ക ഭാഗങ്ങളിലും അവ പാരായണം ചെയ്യുന്ന മുസ്ലിംകളുണ്ട്. പഞ്ചതന്ത്രവും ഈസോപ്പ് കഥകളും പോലെ ഞങ്ങള്‍ അവ ഇഷ്ടപ്പെടുന്നു. ഞങ്ങളുടെ മഹാഭാരതവും രാമായണവും ഒരുപക്ഷേ ഇന്ത്യയില്‍ നിങ്ങള്‍ കാണുന്ന അതേ പ്രകാരത്തില്‍ ആയിക്കൊള്ളണമെന്നില്ല. എനിക്കു തോന്നുന്നത് അവ മലേഷ്യയില്‍ ഇസ്ലാമികമായി മാറ്റി എഴുതപ്പെട്ടിട്ടുണ്ട് എന്നാണ്.''26

അന്‍വര്‍ ഇബ്രാഹിമിന്റെ വാക്കുകള്‍ മലേഷ്യയില്‍ രാമായണപാരമ്പര്യത്തിനു മാത്രമല്ല, രാമായണം പ്രചരിച്ച മറ്റു രാജ്യങ്ങള്‍ക്കും ബാധകമാണ്.

ആദിവാസി രാമായണങ്ങള്‍

രാമായണാദി ഇതിഹാസങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്നവരാണ് ഇന്ത്യയിലെ പല ആദിവാസി വിഭാഗങ്ങളും. രാമായണത്തിലെ കഥാപാത്രങ്ങളെ തങ്ങളുടെ പൂര്‍വികരായി കാണുന്നവരുമുണ്ട്. രാമായണ-മഹാഭാരതാദികളിലെ വാനരന്മാരും ഋഷന്മാരും രാക്ഷസന്മാരും വിന്ധ്യാ പ്രദേശത്തിലെയും മധ്യ ഭാരതത്തിലെയും ആദിവാസികളായ അനാര്യ ഉപജാതികളായിരുന്നുവെന്ന പണ്ഡിതമതത്തെ ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്.

വാല്മീകിരാമായണത്തില്‍ ആദിവാസികളെ വാനരന്മാരെന്നും ഋഷന്മാരെന്നും മറ്റും പറഞ്ഞിട്ടുണ്ടെങ്കിലും പ്രാരംഭത്തില്‍ ഇവരെല്ലാം മനുഷ്യരായിത്തന്നെ കരുതപ്പെട്ടിരുന്നുവെന്ന് ആദികാവ്യത്തിലെ അനേകം ശ്ലോകങ്ങളില്‍നിന്നു സ്പഷ്ടമാണ്. രാമായണത്തിലെ വാനരന്മാര്‍ മനുഷ്യരെപ്പോലെ ബുദ്ധിയുള്ളവരാണ്. അവര്‍ മനുഷ്യരുടെ ഭാഷ സംസാരിക്കുന്നു, വസ്ത്രം ധരിക്കുന്നു, വീടുകളില്‍ താമസിക്കുന്നു, വിവാഹ സംസ്‌ക്കാരങ്ങള്‍ക്കു മാന്യത നല്‍കുന്നു, രാജാവിന്റെ ഭരണത്തിന്‍കീഴില്‍ വസിക്കുന്നു. ഇതില്‍നിന്നു കവിയുടെ ദൃഷ്ടിയില്‍ അവര്‍ വെറും വാനരന്മാരല്ലെന്നുള്ളത് സ്പഷ്ടമാണ്. വാസ്തവത്തില്‍ അവര്‍ വാനരന്മാര്‍, ഋഷന്മാര്‍ തുടങ്ങിയ മനുഷ്യ ജാതികളായിരുന്നു. 27

വാല്മീകിയും വ്യാസനും സമൂഹത്തിലെ ഉപരിവര്‍ഗത്തില്‍പ്പെട്ടവരായിരുന്നില്ല. വാല്‍മീകി തപസ് ചെയ്യുന്നതിനു മുൻപ് കൊള്ളക്കാരനായിരുന്നെന്നും കാട്ടാളനായിരുന്നുവെന്നും വാല്മീകിരാമായണം പറയുന്നു. വ്യാസനാകട്ടെ, മുക്കുവ സ്ത്രീയുടെ മകനും. വാല്‍മീകിയെന്നത് ഒരു ജാതിപ്പേരുകൂടിയാണ്

കുരങ്ങ് എന്നര്‍ത്ഥം വരുന്ന ജാതിപ്പേരുള്ള ഒട്ടേറെ വിഭാഗങ്ങള്‍ ഇന്ത്യയിലുണ്ട്. ഛോട്ടാനാഗ്പൂരില്‍ താമസിക്കുന്ന ഉറാംവ്, മുണ്ഡാജാതികളില്‍ തിഗ്ഗാ, ഹല്‍മാന്‍, ബജ്റങ്, ഗഢീ എന്നീ പേരുകളുള്ള ഗോത്രങ്ങളുണ്ട്. ഇവയുടെയെല്ലാം അര്‍ത്ഥം കുരങ്ങ് എന്നാണ്. അതേപോലെ, റദ്ദീ, ബരഈബസോര്‍, ഭൈന, ഖംഗാര്‍ എന്നീ ജാതികളിലും വാനരദ്യോതകങ്ങളായ ഗോത്രങ്ങളുണ്ട്. ഹനുമാന്റെയും രാവണന്റെയും വംശജരെന്ന് അവകാശപ്പെടുന്നവരുമുണ്ട്. സിംഹഭൂമത്തിലെ ഭുഇയാ ജാതി ഹനുമാന്റെ വംശജരാണെന്ന് അവകാശപ്പെടുന്നു.28 അവര്‍ സ്വയം പവനവംശമെന്ന് വിളിക്കുന്നു. ഗോണ്ട് ജാതിക്കാര്‍ സ്വയം രാവണന്റെ വംശജരാണെന്ന് കരുതുന്നു. ഉറാംവ് ജാതിക്കാരും രാവണനില്‍ നിന്നാണ് തങ്ങളുടെ വര്‍ഗ്ഗോല്‍പ്പത്തിയെന്ന് കരുതുന്നു.29

ഇത്തരത്തില്‍ രാമായണ കഥാപാത്രങ്ങളുമായും കഥാസന്ദര്‍ഭങ്ങളുമായും തങ്ങളുടെ ജാതിയെ ബന്ധിപ്പിക്കുന്ന ഒട്ടേറെ വിഭാഗങ്ങളുണ്ട്. രാമായണത്തിലെ വാനര-ഋക്ഷ-ഗീധ വാസ്തവത്തില്‍ വാനര-ഋക്ഷ-ഗീധ ഗോത്രത്തില്‍പ്പെട്ട ആദിവാസികളായിരുന്നു. ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നത് ആദിവാസികളെ രാമായണകഥകള്‍ ആഴത്തില്‍ സ്വാധീനിച്ചുവെന്നോ കഥാഗതിയുമായി ഇവര്‍ക്കു ബന്ധമുണ്ട് എന്നോ ആണ്.

വാല്മീകിയും വ്യാസനും സമൂഹത്തിലെ ഉപരിവര്‍ഗത്തില്‍പ്പെട്ടവരായിരുന്നില്ല. വാല്‍മീകി തപസ് ചെയ്യുന്നതിനു മുൻപ് കൊള്ളക്കാരനായിരുന്നെന്നും കാട്ടാളനായിരുന്നുവെന്നും വാല്മീകിരാമായണം പറയുന്നു. വ്യാസനാകട്ടെ, മുക്കുവ സ്ത്രീയുടെ മകനും. വാല്‍മീകിയെന്നത് ഒരു ജാതിപ്പേരുകൂടിയാണ്.

രാമായണസംസ്‌കാരവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അനേകം ആദിവാസി വിഭാഗങ്ങളുണ്ട്. രാമായണത്തിലെ ഏതെങ്കിലും ഒരു കഥാപാത്രവുമായി ബന്ധപ്പെട്ട കഥകളായിരിക്കും അവരില്‍ പ്രാമുഖ്യം നേടുക. പല ആദിവാസി വിഭാഗങ്ങളിലും ശബരിയെ സംബന്ധിച്ച ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. വാല്മീകി രാമായണത്തില്‍നിന്നു വ്യത്യസ്തത പുലര്‍ത്തുന്ന പാഠങ്ങളാണവ. മധ്യഭാരതത്തിലെ കോലന്മാര്‍ തങ്ങള്‍ ശബരിയുടെ വംശജരാണെന്ന് കരുതുന്നു. കോലന്മാരുടെ ഇടയില്‍ പ്രചാരത്തിലുള്ള ഐതിഹ്യം ഇപ്രകാരമാണ്:

വനവാസകാലത്ത് ഒരു ദിവസം രാമ, ലക്ഷ്മണന്മാരെയും സീതയെയും ശബരി കണ്ടുമുട്ടി. അപ്പോള്‍ മൂന്നുപേര്‍ക്കും വിശപ്പുണ്ടായിരുന്നു. കാട്ടിലെ ഇലന്തിപ്പഴം കൊടുത്ത് ശബരി അവരെ തൃപ്തിപ്പെടുത്തി. ഇതിനുശേഷം ദിവസവും അവള്‍ അതിഥികള്‍ക്കുവേണ്ടി ഇലന്തിപ്പഴം ശേഖരിക്കുവാന്‍ പോകുമായിരുന്നു. ഒരു ദിവസം അന്യമനസ്‌കയായി ഓരോ പഴത്തിന്റെയും അല്പഭാഗം തിന്നുനോക്കിയിട്ട് തന്റെ കുട്ടയില്‍ വെച്ചു. താമസസ്ഥലത്തെത്തിയപ്പോള്‍ താന്‍ എന്താണ് ചെയ്തതെന്ന് അവള്‍ക്കോര്‍മ വരികയും രാമന് എച്ചിലായ ഇലന്തിപ്പഴം കൊടുക്കുന്നതിന് അവള്‍ മടിക്കുകയും ചെയ്യുന്നു. രാമന്‍ നിര്‍ബന്ധിക്കുകയും അദ്ദേഹം സീതയോടൊന്നിച്ച് ആ പഴം തിന്നാന്‍ തുടങ്ങുകയും ചെയ്തു. ലക്ഷ്മണന്‍ ഒരു ആദിവാസിയുടെ എച്ചിലായ ഭക്ഷണം തൊടുന്നതിന് വിസമ്മതിച്ചു. അപ്പോള്‍ ഒരു അമ്പ് ലക്ഷ്മണനെ മുറിവേല്‍പ്പിക്കുകയും തന്റെ മനസ് മാറുന്നത് വരെ ലക്ഷ്മണന്‍ അസ്വസ്ഥനായിരിക്കുകയും ചെയ്തു. ശബരിയുടെ ആശ്രമത്തില്‍നിന്നു പുറപ്പെടുമ്പോള്‍ അവള്‍ വരമായി രാജ്യമോ കുടുംബമോ തെരഞ്ഞെടുക്കണമെന്ന് രാമന്‍ പറഞ്ഞു. ശബരി കുടുംബം ആവശ്യപ്പെടുകയും അവളുടെ അനേകം വംശജര്‍ക്ക് ഒരിക്കലും ഭക്ഷണത്തിനോ വസ്ത്രത്തിനോ കുറവുണ്ടാവുകയില്ലെന്നും രാമന്‍ അവളെ ആശ്വസിപ്പിക്കുകയും ചെയ്തു.30

ഉത്തരേന്ത്യയിലെ 'അസുരന്‍' എന്നുപേരുള്ള ആദിവാസി ജാതിയില്‍ ലങ്കാദഹനത്തെ സംബന്ധിച്ച് ഒരു കഥ പ്രചാരത്തിലുണ്ട്. അതിങ്ങനെയാണ്: അസുരവീരന്‍ തന്റെ പത്നിയോടൊന്നിച്ച് ഇരുമ്പു ഉരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. അടുത്തെത്തിയ ഹനുമാന്‍ ചുവപ്പ് നിറത്തിലുള്ള ഇരുമ്പു കണ്ടപ്പോള്‍ അത് തിന്നാന്‍ ആഗ്രഹിച്ചു. അസുര ദമ്പതികള്‍ അവനെ ഓടിക്കുന്നതിന് വളരെ ശ്രമിച്ചു. എന്നാല്‍ ഹനുമാന്‍ ഉലയുടെ അടുത്തിരുന്ന് കുഴപ്പങ്ങളുണ്ടാക്കുകയും രണ്ടുപേരേയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവസാനം വൃദ്ധന്‍ ഒളിച്ചിരുന്ന് ഹനുമാന്റെ വാലില്‍ പഞ്ഞിചുറ്റുകയും അയാളുടെ ഭാര്യ അതില്‍ എണ്ണയൊഴിച്ച് തീ കൊളുത്തുകയും ചെയ്തു. അപ്പോള്‍ വളരെ പരവശനായ ഹനുമാന്‍ കുതിച്ചുചാടി ഓടാന്‍ തുടങ്ങി. അങ്ങനെ ലങ്കയിലെത്തി ലങ്ക ഭസ്മമാക്കുകയും പിന്നീട് തന്റെ വാല് ഏതോ മരത്തില്‍ ഉരച്ച് തീ അണയ്ക്കുകയും ചെയ്തു. 31

ഇന്ത്യയിലെ പ്രബല ആദിവാസി വിഭാഗമാണ് സന്താൽ. ബിഹാറിലും ബംഗാളിലും അധിവസിക്കുന്ന സന്താലര്‍ തനതായ സംസ്‌കാരവും ഭാഷയുമുള്ളവരാണ്. ഇവര്‍ക്കിടയില്‍ രാമായണകഥ ഏറെ വ്യത്യസ്തമായ രീതിയില്‍ പ്രചാരത്തിലുണ്ട്. സന്താലരുടെ രാമകഥയുടെ ചില സവിശേഷതകള്‍ ശ്രദ്ധേയമാണ്.

സീതാന്വേഷണവുമായി ബന്ധപ്പെട്ട് വാല്മീകിരാമായണത്തില്‍നിന്ന് വ്യത്യസ്തമായ കഥകള്‍ സന്താലര്‍ക്കിടയിലുണ്ട്: സീതാന്വേഷണത്തിനിടയില്‍ ഒരു വൃക്ഷശിഖരത്തിലിരുന്ന് ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരിക്കുന്ന അണ്ണാനെ രാമന്‍കണ്ടു. ആ അണ്ണാനോട് സീതയെപ്പറ്റിയുള്ള വാര്‍ത്ത അന്വേഷിച്ചു. അണ്ണാന്‍ മറുപടി പറഞ്ഞു: ''അതിനുവേണ്ടി തന്നെയാണ് ഞാന്‍ കരയുന്നത്. രാവണന്‍ സീതയെ അപഹരിച്ചു. അയാള്‍ ഈ മാര്‍ഗത്തിലൂടെ കടന്നുപോയിരിക്കുന്നു.'' രാമന്‍ അതിന്റെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു: ''എത്രമാത്രം ഉയരത്തില്‍ നിന്നു താഴെ വീണാലും നിനക്ക് മുറിവേല്ക്കുകയില്ല.32

മറ്റൊരു കഥ ഇലന്തമരവുമായി ബന്ധപ്പെട്ടതാണ്: ഇലന്തമരത്തില്‍ ഒരു പഴയ വസ്ത്രം തൂങ്ങിക്കിടക്കുന്നതായി രാമന്‍കണ്ടു. ഇലന്തമരം രാമനോട് പറഞ്ഞു: ''രാവണന്‍ ഈ മാര്‍ഗത്തിലൂടെയാണ് സീതയെ കൊണ്ടുപോയത്. ഞാന്‍ സീതയെ മോചിപ്പിക്കുന്നതിനു ശ്രമിച്ചു. എന്നാല്‍ എനിക്ക് സീതയുടെ ഈ സാരിക്കഷ്ണമല്ലാതെ മറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.'' ഇലന്തമരത്തെ ആശീര്‍വദിച്ചു കൊണ്ട് രാമന്‍ പറഞ്ഞു: ''നിന്നെ എത്രമാത്രം വേണമെങ്കിലും മുറിച്ചുകൊള്ളട്ടെ, എന്നാല്‍ നിന്നെ നശിപ്പിക്കുവാന്‍ സാധിക്കുകയില്ല.''

സന്താല്‍ വിഭാഗത്തിനിടയില്‍ ഇലന്തമരവുമായി ബന്ധപ്പെട്ട കഥയുള്ളതു പോലെ സീതാന്വേഷണത്തിനിടയില്‍ ഒരു കൊക്കുമായുണ്ടായ സംഭവം ബിര്‍ഹോറുകള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്. രാമന്‍ ഒരു കൊക്കിനോട് സീതയെപ്പറ്റി അന്വേഷിച്ചു. കൊക്ക് രാമനെ നിന്ദിച്ചുകൊണ്ട് മറുപടി പറഞ്ഞു: ''എനിക്ക് സീതയുമായിട്ട് എന്താണ് ബന്ധം, വയറിന്റെ ചിന്ത മാത്രമാണെനിക്കുള്ളത്.'' അപ്പോള്‍ ലക്ഷ്മണന്‍ അതിന്റെ കഴുത്തിന് പിടിച്ചുവലിച്ചു. അന്നുമുതല്‍ കൊക്കിന്റെ കഴുത്ത് നീളമുള്ളതായിത്തീര്‍ന്നു. കൊക്കിന്റെ കഥ അസുരജാതിക്കാര്‍ക്കിടയിലും പ്രചാരത്തിലുണ്ട്.33

മധ്യപ്രദേശിലെ ഒരു ആദിവാസി വിഭാഗമാണ് അഗാരിയ. ഇവര്‍ക്കിടയില്‍ രാമായണകഥകളുമായി ബന്ധപ്പെട്ട ധാരാളം കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ടി ബി നായക് അവയില്‍ പലതും ശേഖരിച്ചിട്ടുണ്ട്. അതില്‍ സഹസ്രസ്‌കന്ധ രാവണനെ സീത വധിച്ച കഥ ഏറെ പ്രചാരമുള്ളതാണ്

നര്‍മദാഘാട്ടിയിലെ പര്‍ധാന്‍ ജാതിയില്‍ രാമായണകഥയുമായി ബന്ധപ്പെട്ട ഒട്ടേറെ കഥകള്‍ നിലവിലുണ്ട്. അവയില്‍ ഒന്നിങ്ങനെയാണ്: ''ലക്ഷ്മണന്‍ ഏതോ ഒരു ക്ഷേത്രത്തില്‍ താമസിച്ചിരുന്നു. പന്ത്രണ്ടു വര്‍ഷത്തേക്കു സീതയെയും രാമനെയും കണ്ടിരുന്നില്ല. അവസാനം രണ്ടുപേരെയും സന്ദര്‍ശിക്കുന്നതിനുവേണ്ടി ജൈനപുരത്തിലേക്കു പോകുന്നു. അപ്പോള്‍ സീത ലക്ഷ്മണനോട് പറയുന്നു: ''കലസാപുരത്തിലെ രാജാവിനോട് നീ യുദ്ധം ചെയ്യുന്നതായും ആ യുദ്ധത്തില്‍ വിജയം വരിച്ചതായും ഞാന്‍ സ്വപ്നത്തില്‍ കണ്ടു.'' ലക്ഷ്മണന്‍ ഈ സ്വപ്നത്തിന്റെ സത്യം പരിശോധിക്കുന്നതിനുവേണ്ടി കലസാപുരത്തിലേക്കു പുറപ്പെടുന്നു. താന്‍ ലക്ഷ്മണനെ മരണവക്ത്രത്തിലേക്ക് തള്ളിവിടുകയാണല്ലോ പെയ്തതെന്ന് സീത ആലോചിക്കുന്നു. അവള്‍ കൊട്ടാരം വിട്ട് ലക്ഷ്മണനെ തടയുന്നതിനുള്ള ശ്രമം നടത്താന്‍ പോകുന്നു. അപ്പോള്‍ യഥാക്രമം സീത പെണ്‍കുറുക്കന്‍, അത്തിമരം, ജലപ്രവാഹം എന്നിവയായിത്തീരുകയും ലക്ഷ്മണന്‍ സ്പര്‍ശിക്കുമ്പോള്‍ സ്വന്തം രൂപം ധരിച്ച് ലക്ഷ്മണനെ പരീക്ഷിക്കുകയും ചെയ്യുന്നു. ലക്ഷ്മണന്‍ സീതയെ ശ്രദ്ധിക്കാതെ കലസാപുരത്തെ ലക്ഷ്യമാക്കി മുന്നോട്ടുപോകുന്നു. സീത നിരാശയായി മടങ്ങിപ്പോരുന്നു. പിന്നീട് കലസാപുരത്തില്‍ വെച്ച് ലക്ഷ്മണന്‍ വധിക്കപ്പെട്ടുവെന്ന് സീത സ്വപ്നം കാണുകയും സീതയില്‍നിന്ന് ഇതറിഞ്ഞ രാമന്‍ അവിടെപ്പോവുകയും ലക്ഷ്മണനെ ജീവിപ്പിക്കുകയും ചെയ്യുന്നു.34

മധ്യപ്രദേശിലെ ബൈഗാ-ഭൂമിയാ ജാതിക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള ഒരു നാടോടിക്കഥയില്‍ ഹനുമാന്റെ ജനനത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ''ഭഗവാന്‍ പാര്‍വതിയുടെ രൂപം ധരിച്ച് ശിവനെ മോഹിപ്പിച്ചു. ഭീമസേനന്‍ മഹാദേവന്റെ വീര്യം കരി അന്ദനിയുടെ ചെവിയില്‍ വയ്ക്കുകയും അവളില്‍നിന്ന് ഹനുമാന്‍ ജനിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ശിവ ബീജത്തില്‍ നിന്നത്രെ ഹനുമാന്റെ ജനനം.35 ഹനുമാന്റെ ജനനസംബന്ധിയായ ധാരാളം ഐതിഹ്യങ്ങള്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.

മധ്യപ്രദേശിലെ ഒരു ആദിവാസി വിഭാഗമാണ് അഗാരിയ. ഇവര്‍ക്കിടയില്‍ രാമായണകഥകളുമായി ബന്ധപ്പെട്ട ധാരാളം കഥകളും വിശ്വാസങ്ങളും നിലവിലുണ്ട്. ടി ബി നായക് അവയില്‍ പലതും ശേഖരിച്ചിട്ടുണ്ട്. അതില്‍ സഹസ്രസ്‌കന്ധ രാവണനെ സീത വധിച്ച കഥ ഏറെ പ്രചാരമുള്ളതാണ്. കഥ ഇങ്ങനെയാണ്: പാതാളത്തില്‍ ഒരു സഹസ്രസ്‌കന്ധ രാവണന്‍ വസിക്കുന്നുണ്ടെന്ന് രാവണവധത്തിനു ശേഷം സീത രാമനോടു പറഞ്ഞു. അപ്പോള്‍ രാമന്‍ അമ്പയച്ച് ആ രാവണനെ മുറിവേല്പിച്ചു. എന്നാല്‍ അയാള്‍ രാമബാണം തന്റെ കാലില്‍നിന്ന് ഊരിയെടുത്തിട്ട് പറഞ്ഞു: നിന്നെ അയച്ച് ആളിന്റെ അടുത്തുചെന്ന് ആ ആളിനെത്തന്നെ വധിക്കുക. ബാണത്തിന്റെ ആഘാതമേറ്റ് രാമന്‍ ബോധരഹിതനായി നിലംപതിച്ചു. അപ്പോള്‍ സീത രാജാവായ ലോഗുന്ദിയുടെ അടുത്തുചെന്ന് അയാളോട് ഒരുപാത്രം കല്‍ക്കരി ആവശ്യപ്പെട്ടു. ആജ്ഞാസുരനെയും ലോഹാസുരനെയും തന്റെ കൂടെ അയയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. രാജാവ് സമ്മതിച്ചപ്പോള്‍ സീത ഒരു കൈയില്‍ കല്‍ക്കരി പാത്രവും മറ്റേകൈയില്‍ വാളും എടുത്തുകൊണ്ട് രണ്ടുപേരോടുമൊന്നിച്ച് പുറപ്പെട്ടു. കല്‍ക്കരിയുടെ പുക കാരണം സീതയുടെ നിറം കറുപ്പായിത്തീര്‍ന്നിരുന്നു. സീത രാവണന്റെ അടുത്തെത്തി അയാളുടെ തല മുറിച്ചുകളയുകയും ആജ്ഞാസുരനും ലോഹാസുരനും രക്തം ഊറ്റികുടിക്കുകയും ചെയ്തു.36 വ്രജലോക സാഹിത്യത്തില്‍ പ്രചാരത്തിലുള്ള ഒരു കഥയനുസരിച്ച് സീത പലങ്കാനി വാസിയായ സഹസ്രസ്‌കന്ധരാവണനെ വധിച്ചു. അതിനുശേഷം കല്‍ക്കത്തയില്‍ കാളീ മാതാവായിത്തീര്‍ന്നു.37

ആദിവാസികള്‍ക്കിടയില്‍ പ്രചാരത്തിലുള്ള രാമായണകഥകളില്‍ ചിലത് പ്രാചീനമാണെങ്കില്‍ ചിലവ വളരെ ആധുനികമാണ്. വെരിയര്‍ ആല്‍വിന്‍ സമാഹരിച്ച, ഭാരതത്തിന്റെ വടക്കുകിഴക്ക് പ്രദേശങ്ങളിലുള്ള ആദിവാസി ഐതിഹ്യ കഥകളിലെ രസകരമായ ഒരു ആധുനിക കഥ ഇങ്ങനെയാണ്: ഏതോ ഒരു രാജാവിന്റെ പുത്രി അദ്ദേഹത്തിന്റെ കൈയിലെ വീക്കത്തില്‍നിന്നു ജനിച്ചു. എട്ടുതലയുള്ള ഒരു രാക്ഷസന്‍ ആ പുത്രിയെ അപഹരിച്ചു. ആ രാക്ഷസനെ വധിച്ച് രാജാവ് തന്റെ പുത്രിയെ വീണ്ടെടുത്തു. പിന്നീട് വേറൊരു രാക്ഷസന്‍ അവളെ സമുദ്രത്തിന് അക്കരെ കൊണ്ടുപോയി. രാജാവ് അവളെ അന്വേഷിച്ച് ഇറങ്ങുകയും ഫലമുണ്ടാകാതിരിക്കയാല്‍ വാനരന്മാരുടെ രാജാവിന്റെ സഹായം തേടുകയും ചെയ്തു. വാനര രാജാവ് രാജകുമാരിയെ കണ്ടുപിടിക്കുന്നതിനുവേണ്ടി ആ രാക്ഷസന്റെ ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. രാക്ഷസന്‍ വാനര രാജാവിനെ പിടിച്ച് വാലിനു തീകൊളുത്താനുള്ള ശ്രമം നടത്തി. ഇതിനിടയില്‍ വാനരരാജാവ് ഗ്രാമത്തില്‍ അങ്ങുമിങ്ങും ഓടിനടന്ന് എല്ലാ വീടിനും തീവെച്ചു. ആളുകള്‍ പരിഭ്രാന്തരായതോടെ വാനരരാജാവ് രാജകുമാരിയെയും കൂട്ടികൊണ്ട് ഓടിപ്പോവുകയും രാജകുമാരിയെ അവളുടെ പിതാവിന്റെ അടുത്തുകൊണ്ടു വരികയും ചെയ്തു. രാജാവ് വാനര രാജാവിന് ഒരു സ്വര്‍ണക്കൊട്ടാരം സംഭാവനയായി കൊടുത്തു. ആ കൊട്ടാരത്തില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ ആ വാനരന്റെ രോമങ്ങള്‍ പൊഴിഞ്ഞുവീഴുകയും തൊലിയുടെ നിറംമാറി വെള്ളയായിത്തീരുകയും ചെയ്തു. 38

കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ സീതയുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും വിശ്വാസങ്ങളും നിലവിലുണ്ട്.

ഇന്നത്തേതിനും അഞ്ചുതലമുറകള്‍ മുമ്പ് വരഗമ്പാടിയില്‍ സൊങ്കമൂപ്പന്‍ ഭരിച്ചിരുന്ന കാലത്ത് 'ശ്രീരാമ കുശലവ നാടകം' എന്നൊരു കലാരൂപം ഇവര്‍ ആരംഭിച്ചു. പിന്നീട് ഇതുവരെ മുറതെറ്റാതെ ഈ കലാരൂപം ഇവിടെ അരങ്ങേറുന്നു. ഇവരുടെ രാമായണകഥയും വാല്‍മീകി രാമായണവും തമ്മില്‍ ചില വ്യത്യാസങ്ങള്‍ കാണാം. ഈ നാടകത്തിന്റെ ആരംഭം ശ്രീരാമന്റെ ഉറക്കവും ആ ഉറക്കത്തില്‍ കാണുന്ന ഒരു സ്വപ്നവുമാണ്. സ്വപ്നം ഇങ്ങനെ:

സീതയ്ക്ക് അഞ്ചുമാസം ഗര്‍ഭമാണ്. ഈ സമയത്ത് സീതയെ വനത്തില്‍ വിടുന്നു (ഉപേക്ഷിക്കുന്നു). വനത്തില്‍വെച്ച് വാല്‍മീകി മഹര്‍ഷി സീതയ്ക്ക് അഭയം നല്‍കുന്നു. മഹര്‍ഷിയുടെ ആശ്രമത്തില്‍വെച്ച് സീത ലവകുശന്മാരെ പ്രസവിക്കുന്നു. പ്രായപൂര്‍ത്തിയായ ലവകുശന്മാര്‍ ശ്രീരാമന്റെ 70 വള്ളപ്പടയെ നശിപ്പിക്കുന്നു.

രാമായണം കലാകാരൻ്റെ കണ്ണിൽ
രാമായണം കലാകാരൻ്റെ കണ്ണിൽ

സ്വപ്നത്തില്‍ കണ്ടതുപോലെ സംഭവിക്കുമോയെന്ന് ശ്രീരാമന്‍ ഭയപ്പെടുന്നു. ഉടന്‍ തന്നെ ലക്ഷ്മണനെ വിളിച്ച് സീതയ്ക്ക് ഗര്‍ഭമുണ്ടോയെന്ന് അറിഞ്ഞുവരാന്‍ ആവശ്യപ്പെടുന്നു. ലക്ഷ്മണന്‍ അമ്മയോട് നിജസ്ഥിതി ആരായുകയും അമ്മ സീതയ്ക്ക് ഗര്‍ഭമുണ്ടെന്നു ലക്ഷ്മണനെ ധരിപ്പിക്കുകയും ഉടന്‍ തന്നെ വേണ്ട ശുശ്രൂഷകളും ക്രിയകളും ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഈ സമയത്ത് ശ്രീരാമന്‍ വസിഷ്ഠ മഹര്‍ഷിയോട് സ്വപ്നത്തെക്കുറിച്ച് പറയുകയും അതിന്റെ സൂചനയെന്തെന്ന് ചോദിക്കുകയും ചെയ്യുന്നു. വസിഷ്ഠന്‍ സ്വപ്നം പോലെ തന്നെ കാര്യങ്ങളെല്ലാം സംഭവിക്കുമെന്ന് ശ്രീരാമനോട് തുറന്നുപറയുന്നു. ക്രിയകള്‍ ചെയ്യാനുള്ള മൂഹൂര്‍ത്തവും വസിഷ്ഠന്‍ കുറിച്ചുകൊടുക്കുന്നു. ശ്രീരാമന്‍ സീതയുടെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയുന്നു:

''9000 വര്‍ഷംവരെ നിനക്ക് ഗര്‍ഭമില്ലെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വസിഷ്ഠനും അമ്മയും പറഞ്ഞ് അറിഞ്ഞതുകൊണ്ട് എനിക്കിപ്പോള്‍ ഉറപ്പായി. അതുകൊണ്ട് എന്തെല്ലാം മോഹങ്ങളാണ് ഞാന്‍ നിറവേറ്റേണ്ടത്?''

സീതയാകട്ടെ അവര്‍ പണ്ട് താമസിച്ചിരുന്ന ദണ്ഡകാരണ്യകത്തിലേക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. ശ്രീരാമന്‍ ബുദ്ധിമുട്ടുകള്‍ പറഞ്ഞ് സീതയെ പിന്തിരിപ്പിക്കുന്നു. പക്ഷേ സീത തന്റെ ആഗ്രഹത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈ സമയത്ത് സീതയെ വനത്തില്‍ ഒറ്റയ്ക്കുവിടാന്‍ ശ്രീരാമന്‍ തീരുമാനിക്കുകയും അതിന്റെ ചുമതല ലക്ഷ്മണനെ ഏല്‍പ്പിക്കുകയും ചെയ്യുന്നു. ഈ സമയത്തുതന്നെ ശ്രീരാമന്‍ നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ നാലാളെ നിയോഗിക്കുകയും ചെയ്യുന്നു.

സീത കാട്ടില്‍ വളരെയധികം വിഷമങ്ങള്‍ അനുഭവിക്കുകയും അവസാനം വാല്മീകിയെ കാണുകയും ചെയ്യുന്നു. വാല്മീകി മഹര്‍ഷിയുടെ ആശ്രമത്തില്‍ വെച്ച് സീതാദേവി കുശനെ പ്രസവിക്കുന്നു (ഇവിടെ വാല്മീകി രാമായണത്തില്‍നിന്നുള്ള വ്യതിയാനം വളരെ വ്യക്തമാണ്).

കുട്ടിയുടെ പേരിടല്‍ കര്‍മത്തിനായി വെള്ളം കൊണ്ടുവരാന്‍ സീതയോട് വാല്മീകി ആവശ്യപ്പെടുകയും കുട്ടിയെ തൊട്ടിലിലിട്ട് സീത വെള്ളത്തിനായി പോവുകയും ചെയ്യുന്നു. വനത്തില്‍വെച്ച് കുരങ്ങന്മാര്‍ തങ്ങളുടെ കുട്ടികളെ മാറത്തടുക്കിപ്പിടിച്ച് സഞ്ചരിക്കുന്നത് കാണുന്ന സീത തന്റെ മകന്‍ എപ്പോഴും തന്നോടു കൂടി വേണമെന്നുള്ള ബോധത്തില്‍ എത്തിച്ചേരുകയും തിരികെപോയി കുശനെ എടുത്തുകൊണ്ടു പോരുകയും ചെയ്യുന്നു.

വാല്മീകി മഹര്‍ഷി ആശ്രമത്തില്‍ നോക്കുമ്പോള്‍ കുട്ടിയെ കാണാതിരിക്കുകയും ദര്‍ഭപ്പുല്ലില്‍നിന്നു ലവനെ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവിടെയും വാല്മീകി രാമായണ കഥയില്‍നിന്നുള്ള വ്യത്യാസം കാണാം. സീത ആശ്രമത്തില്‍ വന്നപ്പോള്‍ മഹര്‍ഷി ഉണ്ടായ കാര്യങ്ങള്‍ പറയുന്നു. ലവനെ സീതയ്ക്കു ദാനം ചെയ്യുന്നു. അവരുടെ പേരിടല്‍ കര്‍മം നടത്തുന്നു. അതിനുശേഷം വാല്മീകി മഹര്‍ഷി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നു. ലവ കുശന്മാര്‍ വളര്‍ന്നു.

ഈ സമയത്ത് ശ്രീരാമന്‍ അശ്വമേധയാഗം നടത്തുന്നു. കുശലവന്മാര്‍ വേട്ടയാടിക്കൊണ്ടിരുന്ന സമയത്ത് ലവന്‍ അശ്വത്തെ പിടിച്ചുകെട്ടുന്നു. ശത്രുഘ്‌നന്‍ ലവനെ തേരില്‍ കെട്ടിക്കൊണ്ടു പോകുന്നു. പക്ഷേ, നിര്‍ഭാഗ്യവശാല്‍ കുശന്‍ ഇതറിയുന്നില്ല. കന്യകമാര്‍ ഇതു കാണുകയും വിവരം സീതയെ അറിയിക്കുകയും സീത വിഷാദചിത്തയാവുകയും ചെയ്യുന്നു. ഈ സമയത്ത് കുശനെത്തുകയും വിവരങ്ങളെല്ലാമറിഞ്ഞ് കുശന്‍ അമ്മയോട് അനുവാദം വാങ്ങി വില്ലുമെടുത്ത് യുദ്ധത്തിനു പുറപ്പെടുകയും ചെയ്യുന്നു. യുദ്ധത്തില്‍ എല്ലാവരെയും കൊല്ലുന്ന (ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍ എന്നിവര്‍ ഉള്‍പ്പെടെ) സമയത്ത് ശ്രീരാമന്‍ വരികയും അവിടെത്തന്നെ മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്യുന്നു. മരിക്കാതെ കിടക്കുന്നവരായ ഹനുമാനും സാംബവരും ലവകുശന്മാര്‍ പോയെന്നു കരുതി ചുറ്റും നോക്കുന്നു. ഈ സമയത്ത് ലവകുശന്മാര്‍ അവരെ പിടിച്ചുകെട്ടി സീതയുടെ അടുക്കലെത്തിക്കുന്നു. സീത അവരെ തിരിച്ചറിയുകയും കാര്യങ്ങളെല്ലാം ഗ്രഹിക്കുകയും ചെയ്യുന്നു. സീത വാല്മീകി മഹര്‍ഷിയോട് എല്ലാവരെയും പുനര്‍ജ്ജനിപ്പിക്കുവാന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം തന്റെ ജീവന്‍ അവസാനിപ്പിക്കുമെന്നു സീത പറയുന്നു. വാല്മീകി എല്ലാവരെയും പുനര്‍ജ്ജനിപ്പിക്കുന്നു. ഈ സമയത്ത് ശ്രീരാമന്‍ വാല്മീകിയോട് ഇവരെല്ലാം ആരാണെന്നാരായുകയും മഹര്‍ഷി എല്ലാവരെയും യഥോചിതം പരിചയപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശ്രീരാമന്‍ സീതയെയും കുശലവന്മാരെേയും തിരിച്ചറിയുന്നു.

അഗ്നിശുദ്ധി നടത്തി അവരെ തിരിച്ചെടുക്കാമെന്ന് ശ്രീരാമന്‍ സമ്മതിക്കുന്നു. അഗ്നിയില്‍ ലവന്‍ കരിഞ്ഞുപോകുന്നു. ബാക്കിയുള്ളവര്‍ അതിജീവിക്കുന്നു. കുശന് ശ്രീരാമന്‍ സിംഹാസനം നല്‍കുന്നു. സീത രാമന്റെ കൂടെ പോകാന്‍ തയ്യാറായില്ല. ഇനിയും നാണക്കേടുകള്‍ സഹിക്കാന്‍ തയ്യാറല്ലെന്നും താന്‍ അമ്മയുടെ അടുക്കലേക്ക് മടങ്ങിപ്പോകുന്നുവെന്നും സീത പറയുന്നു. ഭൂമി പിളരുകയും ഭൂമി സീതയെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു.

''രാമാ, ഗര്‍ഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിക്കാന്‍ പാടുണ്ടോ? ഭാര്യയെ സംരിക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയല്ലേ?'' ഇത്തരമൊരു വിചാരണ അടിയ രാമായണത്തിലല്ലാതെ മറ്റൊരു രാമായണത്തിലും കാണാവതല്ല. യുദ്ധമില്ലാത്ത രാമായണപാഠം എന്നൊരു പ്രത്യേകത കൂടി അടിയരാമായണത്തിനുണ്ട്

ആദിവാസികള്‍ അവരുടേതായ ശൈലി നിലനിര്‍ത്തിക്കൊണ്ടാണ് ഇത് അവതരിപ്പിക്കുന്നത്. പാട്ടുകളും പറച്ചിലുകളും ഇടകലര്‍ത്തിയാണ് ഇതിന്റെ അവതരണം. ഹാര്‍മോണിയം, മൃദംഗം, ഗഞ്ചിറ തുടങ്ങിയ ഉപകരണങ്ങളുമായി ഒരു പിന്നണിഗായക സംഘം എപ്പോഴും തയ്യാറായിരിക്കും. ഇവരാണ് നാടകത്തിലെ പാട്ടുകള്‍ പാടുന്നത്.39

വയനാട്ടിലെ അടിയര്‍, കുറിച്യര്‍, മുള്ളകുറുമര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ രാമായണകഥകള്‍ പ്രചാരത്തിലുണ്ട്. രാമായണത്തെ തങ്ങളുടെ ജീവിതചുറ്റുപാടുകളിലേക്കും വിശ്വാസാചാരങ്ങളിലേക്കും സന്നിവേശിപ്പിക്കുകയാണ് അവര്‍ ചെയ്തത്.40

'കഥ പറയുക' എന്നത് വയനാട്ടിലെ അടിയ ആദിവാസി വിഭാഗത്തിനിടയിലെ ഒരു ചടങ്ങാണ്. മാനന്തവാടിക്കടുത്ത തൃശ്ശിലേരിയിലെ മാതൈ (മരണം 2007), രാമായണ കഥയുടെ ഒരു ബൃഹദ്രൂപം വാമൊഴിയായി ആവിഷ്‌കരിച്ചിട്ടുണ്ട്.41

അടിയരാമായണം നടക്കുന്നത് വയനാട്ടിലും തൊട്ടടുത്ത കര്‍ണാടകയിലെ (വയനാടിനോടു തൊട്ടുചേര്‍ന്ന) കുടകിലുമാണ്. ഇതിലെ ലങ്ക ഒരു പുഴയ്ക്ക് അപ്പുറമാണ്. ഈ പാഠത്തിലെ സീത ഒരടിയ സ്ത്രീയാണ്. രാമലക്ഷ്മണന്മാര്‍, ഹനുമാന്‍ ഇവരെല്ലാം തന്നെ അടിയ ദേവന്മാരായ സിദ്ധപ്പന്‍, നെഞ്ചപ്പന്‍, മാതപ്പ ദൈവം തുടങ്ങിയവര്‍ക്കു മുകളില്ല; കീഴെയാണ്. മറ്റൊരു രാമായണപാഠത്തിലും കാണാനാവാത്ത, അടിയ രാമായണത്തില്‍ മാത്രം കാണുന്ന പാഠഭേദം ഗോത്ര കോടതിയില്‍ രാമലക്ഷ്മണന്മാരെ വിചാരണ ചെയ്യുന്ന രംഗമാണ്. അതും രാമലക്ഷ്മണന്മാരെയും ഹനുമാനെയും ഒരു മരത്തില്‍ കെട്ടിയിട്ട ശേഷം.

''രാമാ, ഗര്‍ഭിണിയായ ഭാര്യയെ കാട്ടിലുപേക്ഷിക്കാന്‍ പാടുണ്ടോ? ഭാര്യയെ സംരിക്ഷിക്കേണ്ടത് ഭര്‍ത്താവിന്റെ കടമയല്ലേ?'' ഇത്തരമൊരു വിചാരണ അടിയ രാമായണത്തിലല്ലാതെ മറ്റൊരു രാമായണത്തിലും കാണാവതല്ല. യുദ്ധമില്ലാത്ത രാമായണപാഠം എന്നൊരു പ്രത്യേകത കൂടി അടിയരാമായണത്തിനുണ്ട്.

സീത വയനാട്ടിലെ പുല്‍പ്പള്ളിവാസിയാണ് (പുല്‍പ്പള്ളിക്കടുത്ത് വാല്‍മീകി ആശ്രമവുണ്ട്; സീതാദേവി അന്തര്‍ദ്ധാനം ചെയ്ത ഇടവുമുണ്ട്) പാക്കത്തപ്പന്‍ ഒരു ദിവസം സീതയോട് പറയുകയാണ്: ''സീതേ, നീ ഇവിടെ നില്‍ക്കണ്ട, ഈ രാജ്യം എന്റേതാണ്. ഇതിനു പുറത്ത് എവിടെയെങ്കിലും കുടില്‍ കെട്ടി താമസിച്ചോളൂ.'' സീതയും പാക്കത്തപ്പനും തമ്മിലുള്ള ഈ സംഭാഷണത്തോടെയാണ് മാതൈ പറയുന്ന അടിയ രാമായണം ആരംഭിക്കുന്നത്. അങ്ങനെ സീത കുട്ടയും വട്ടിയുമെടുത്ത് പുല്‍പ്പള്ളിയില്‍നിന്ന് കുന്നും മലയും കയറി ഇറങ്ങിപ്പോവുകയാണ്. ഒരു ജന്മിയാല്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഒരു ആദിവാസിയുടെ ചിത്രവുമായാണ് ഇതിനു സാമ്യം.

കഥയുടെ അവസാനം, സീതയും രാമലക്ഷ്മണന്മാരും ഹനുമാനും ആദിവാസി ദേവന്മാരും മൂപ്പന്മാരും ലവകുശന്മാരുമെല്ലാം പോകുന്നത് കുടക് ജില്ലയിലെ ഇരുപ്പിലേക്കാണ്. അടിയ രാമായണത്തിലെ അയോധ്യ, ഇരുപ്പാണ്. സീത ഇപ്പോഴുമവിടെയുണ്ട്. അവിടെ അവര്‍ക്കു ക്ഷേത്രവും പൂജയുമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് മാതൈ കഥ പറഞ്ഞവസാനിപ്പിക്കുന്നത്. തന്റെ മുത്തച്ഛനില്‍നിന്നാണ് ഈ കഥ കേട്ടതെന്നാണ് മാതൈ പറയുന്നത്. ഉറങ്ങാന്‍ കിടക്കുന്ന നേരത്ത് പറഞ്ഞുതന്ന കഥയാകയാല്‍, കേട്ടുതീരുന്നതിനു മുൻപേ ഉറങ്ങിപ്പോകുന്നതിനാല്‍ ഒരിക്കലും കഥ മുഴുവന്‍ കേള്‍ക്കുവാന്‍ തനിക്കായില്ലെന്നു അദ്ദേഹം പറഞ്ഞു.

മുപ്പതു വര്‍ഷത്തോളം തൃശ്ശിലേരി, തിരുനെല്ലി, കുടക് പ്രദേശങ്ങളിലെ ജന്മിമാരുടേയും അമ്പലവാസി സമുദായത്തില്‍പ്പെട്ടവരുടെയും അടിമത്തൊഴിലാളിയായിരുന്നു നിരക്ഷരനായ മാതൈ. അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനുമെല്ലാം അടിമത്തൊഴിലാളിയായിരുന്നു. അടിയാന്മാരുടെ പാരമ്പര്യ പാട്ടുകളിലോ വിശ്വാസങ്ങളിലോ ആര്യ, ദേവീദേവന്മാര്‍ കടന്നുവരുന്നില്ല. അതിനാല്‍ ഇത്തരം കഥകളുടെ പ്രാചീനത സംശയാസ്പദമാണ്.

വാല്‍മീകി രാമായമത്തില്‍നിന്ന് ഏറെ വ്യത്യസ്തമായ പാഠമാണ് വയനാട്ടിലെ വാമൊഴി രാമായണങ്ങള്‍ മുന്നോട്ടുവെക്കുന്നത്. അവ എ കെ രാമാനുജന്‍ മുതല്‍ ഡോ.കെ എന്‍ പണിക്കര്‍ വരെയുള്ളവര്‍ നിരീക്ഷിച്ചതുപോലെ സ്വതന്ത്രമായ 'പറയലു'കളാണ്.

വയനാടിന്റെ സംസ്‌കാരികവും സാമൂഹികവും പ്രാദേശികവും പ്രകൃതിസംബന്ധിയുമായ പ്രത്യേകതകളുമായി ഇഴുകിച്ചേര്‍ന്നിട്ടുള്ളവയാണ് വയനാടന്‍ രാമകഥകള്‍ 43. തീര്‍ച്ചയായും രാമായണസാഹിത്യമെന്ന മഹാസമുദ്രത്തിലേക്കുള്ള അരുവികളാണവ. ഇന്ത്യന്‍ ഇതിഹാസത്തിന്റെ ബഹുസ്വരമായ വ്യാഖ്യാനങ്ങളിലും പാഠവൈപുല്യത്തിലും ഇവയുടെ ശബ്ദമുണ്ട്. നിശ്ചയമായും ഈ പാഠവൈപുല്യം/ ബഹുസ്വരത രാമായണത്തിന്റെ അനന്തമായ സാധ്യതയാണ് പ്രഘോഷിക്കുന്നത്; പരിമിതിയല്ല.

രാമായണം എക്കാലത്തും ബഹുസ്വര സംസ്‌കൃതിയായാണ് നിലനിന്നിരുന്നത്. അതിനാല്‍, ഏകരാമായണവാദം രാമായണവിരുദ്ധവും രാമായണ സംസ്‌കൃതിക്കു മേലുള്ള കടന്നുകയറ്റവുമാണ്

കേരളത്തിലങ്ങോളമിങ്ങോളമുള്ള ഇതിഹാസ കഥകളുടെ വ്യാപകത അതിവിപുലമാണ്. പൊന്നാനിയിലെ പാടങ്ങളില്‍ നെല്‍ക്കതിര്‍ എന്നപോലെ രാമായണവും വിളയുന്നരംഗത്തെപ്പറ്റി എം ഗോവിന്ദന്‍ എഴുതിയ വരികള്‍, കേരളത്തിലെന്നപോലെ ഇന്ത്യയിലെ മറ്റു ഗ്രാമങ്ങള്‍ക്കും അനുയോജ്യമാണ്:

''ഓരോരോ കരിച്ചാലിരോരോ നുരിക്കൂമ്പില്‍

ഓരോരോ ചിരുതയുണ്ടിരിപ്പൂ ചിരിചൂടി

ജനകന്മാരും കൂടെപ്പാടുന്നു രാമന്മാരും

ജനകീയമീ മഞ്ജു മൈഥിലീ മഹാകാവ്യം''

ചുരുക്കത്തില്‍, ഓരോ മണ്ണിലും പെയ്തിറങ്ങുന്ന വെള്ളം ആ മണ്ണിന്റെ നിറം കലര്‍ന്നൊഴുകുന്നതുപോലെ, ഓരോ നാട്ടിലേക്കും സമുദായത്തിലേക്കും ചെന്ന ഇതിഹാസകഥകള്‍ ആ നാടിന്റെയും സമുദായത്തിന്റെയും മുദ്രകളണിഞ്ഞ് പരന്നൊഴുകുകയാണ് ചെയ്തത്. ഇനിയും പുതിയ പുതിയ രാമായണങ്ങള്‍ കാലം സൃഷ്ടിക്കും. കാരണം സമൂഹം രാമായണവുമായി നിരന്തരം സംസാരിക്കുകയും തര്‍ക്കിക്കുകയും ചിലപ്പോള്‍ വഴക്കടിക്കുകയും ചെയ്യുന്നുണ്ട്. ഇവയെല്ലാം രാമായണ സാഹിത്യത്തെ സമ്പന്നമാക്കുകയാണ് ചെയ്യുന്നത്. സമൂഹത്തിന്റെ നാനാത്വവും അവയില്‍ നിന്നുയിര്‍കൊള്ളുന്ന ഏകത്വവും പോലെ ഇതിഹാസ കഥകളും നാനാത്വവും ഏകത്വവും പ്രകടിപ്പിക്കുന്നു. രാമായണം എക്കാലത്തും ബഹുസ്വര സംസ്‌കൃതിയായാണ് നിലനിന്നിരുന്നത്. അതിനാല്‍, ഏകരാമായണവാദം രാമായണവിരുദ്ധവും രാമായണ സംസ്‌കൃതിക്കു മേലുള്ള കടന്നുകയറ്റവുമാണ്.

അടിക്കുറിപ്പ്

1. ഫാദര്‍ കാമില്‍ ബുല്‍ക്കെ,രാമകഥ ഉദ്ഭവവും വളര്‍ച്ചയും, പുറം.47.

കേരള സാഹിത്യ അക്കാദമി, 1999.

2. സങ്കാലിയ, രാമായണ പഠനങ്ങള്‍, പുറം.72. ഫോക്കസ് ബുക്‌സ്, 2001

3. കൃത്സ്‌നം രാമായണം കാവ്യം ഗായതാം പരയാമുദാ-

ഋഷി വാടേഷു പുണ്യേഷു ബ്രാഹ്‌മണാ വസഥേഷ്ടച

രഥ്യാസു രാജ മാര്‍ഗേഷു പാര്‍ഥിവാനാം ഗൃഹേഷുച

(വാല്മീകി രാമായണം, ബാലകാണ്ഡം, സര്‍ഗം 4).

4. വെട്ടം മാണി, ലഘു പുരാണനിഘണ്ടു, പുറം. 520, നാഷനല്‍ ബുക്സ്റ്റാള്‍, 1999.

5. അതേ കൃതി, പുറം. 14

6. അതേ കൃതി, പുറം. 33

7. മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2006 ജനുവരി 1-7,

(പുരാണകഥകളുടെ നിറവില്‍ ഹനുമാന്‍ഛട്ടി, എം പി വീരേന്ദ്രകുമാര്‍).

8. വെട്ടം മാണി, പുരാണിക് എന്‍സൈക്ലോപീഡിയ, പുറം 1037, കറന്റ് ബുക്‌സ്, 1993

9. ഗോത്രസ്മൃതി സ്മരണിക, പുറം. 237-238. ശ്രീരാമ കുശലവനാടകം, രാജന്‍ സി പി (അട്ടപ്പാടി) തയ്യാറാക്കിയത്. (കേരള സാക്ഷരതാ സമിതി പ്രസിദ്ധീകരിച്ചത്).

10. H. Jacobi, The ramayana,P.34,Bonn 1893

11. കാമില്‍ബുല്‍ക്കെ, രാമകഥ ഉദ്ഭവവും വളര്‍ച്ചയും,പുറം. 47, കേരള സാഹിത്യ അക്കാദമി, 1999

12. ഡോ. കെ ആര്‍ രാമന്‍ നമ്പൂതിരി, വേദഹൃദയത്തിലൂടെ, പുറം.101, പൂര്‍ണ പബ്ലിക്കേഷന്‍സ്, 2006. യുഗകണക്കുകള്‍ ഈ ലേഖനത്തില്‍ രാമന്‍ നമ്പൂതിരി നല്‍കിയിട്ടുണ്ട്.

13. H. Jacobi, The Ramayana,P.44,Bonn 1893

14. Schlegel, Date of the Ramayana; German oriental journal,Vol,3. P379

15. Gorecio. G, Ramayan, Part 10, Introduction

16. ദി റിഡില്‍ ഓഫ് രാമായണ, ഏഷ്യാറ്റിക് സൊസൈറ്റി 1955

18. കാമില്‍ ബുല്‍ക്കെ, രാമകഥ ഉദ്ഭവവും വളര്‍ച്ചയും, പുറം 53. കേരള സാഹിത്യ അക്കാദമി,1999.

19. കെ ആര്‍ രാമന്‍നമ്പൂതിരി, വേദഹൃദയത്തിലൂടെ, പുറം100. പൂര്‍ണ പബ്ലിക്കേഷന്‍സ്, 2006

20. ദാക്ഷിണാത്യപാഠത്തില്‍, ജാബാലി വൃത്താന്തത്തില്‍ രാമന്‍ ബുദ്ധനെ നാസ്തികനെന്നും ചോരനെന്നും വിളിക്കുന്നുണ്ട് (രാമായണം 2: 109-30-39).

21. Rai sahib Dinesh Chandra Sen, The Bengali Ramayanas, P.88,Universtiy of Calcttua1920

22. Monier Williams, Indian wisdom.london,1891

23. Rai sahib Dinesh Chandra Sen, the Bengali Ramayanas, p.7,Universtiy of Calcttua1920

24. പ്രൊഫ. ബി. സുരേന്ദ്രറാവു, ഭാഷാപോഷിണി, 2003 ഒക്‌ടോബര്‍

25. V. Raghavan, (Ed). The Ramayana tradition in Asia, Sahtiya academi, P.155, New delhi1980

26. അന്‍വര്‍ ഇബ്രാഹീം/എറഷീദുദ്ദീന്‍ (അഭിമുഖം), മാധ്യമം ദിനപത്രം, 2005 ഏപ്രില്‍ 11

27. ജേര്‍ണല്‍ ബിഹാര്‍-ഒറിസാ റിസര്‍ച്ച് സൊസൈറ്റി, ഭാഗം11, പുറം. 41-53

28. Edward Tuite Dalton, A Descriptive Ethnology of Bengal, p.140.Calcutta, Office of the superintendent of Govt. printing1872

29. Roy. S.C, The Orans of Chttoa Nagpur Ranchi 1925

30. The Kol tribe of central India, Calcutta 1946

31. കാമില്‍ ബുല്‍ക്കെ, രാമകഥ ഉദ്ഭവവും വളര്‍ച്ചയും. പുറം 496, 1971

32. ഗോപാലലാല്‍ വര്‍മ,സന്താലി നാടോടിപാട്ടുകളില്‍ ശ്രീരാമന്‍, പുറം.43-45,' ഡല്‍ഹി, 1960

33. എം സി മിത്ര,ജേര്‍ണല്‍ ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലെറ്റേഴ്‌സ്, പുറം 303, ഭാഗം4, കല്‍ക്കത്ത

34 ശാമറാവ് ഹിമാലെ, ദി പര്‍ധാന്‍സ് ഓഫ് ദി അപ്പര്‍ നര്‍മ്മദാവാലി'

ഉദ്ധരണി: രാമകഥ-കാമില്‍ ബുല്‍ക്കെ

35. എസ് ഫുക്‌സ്, ദി ഗോണ്ഡ് ആൻഡ് ഭൂമിയ ഓഫ് ഈസ്റ്റേണ്‍ മണ്ഡല, പുറം.421-422. ബോംബെ, 1960

36. ബുള്ളറ്റിന്‍ ഓഫ് ദി ട്രൈബല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഛിന്ദവാരാ) ഭാഗം1, അങ്കം 2,

37. ഭാരതീയ സാഹിത്യം വര്‍ഷം 2- അങ്കം 3. പുറം. 94. ഉദ്ധരണി: രാമകഥ ഉദ്ഭവവും വളര്‍ച്ചയും. പുറം.591

38. വെരിയര്‍ അല്‍വിന്‍,മിഥ്‌സ് ഓഫ് ദി നോര്‍ത്ത് ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ ഓഫ് ഇന്ത്യ. പുറം. 131, 132,

39. ഗോത്രസ്മൃതി സ്മരണിക 95, പുറം. 237, 238 (കേരള സാക്ഷരതാ സമിതി പ്രസിദ്ധീകരിച്ചത്).

ശ്രീരാമ കുശലവ നാടകം - രാജന്‍ സി പി (അട്ടപ്പാടി) തയ്യാറാക്കിയത്.

40. വിശദവിവരങ്ങള്‍ക്ക്, വയനാടന്‍ രാമായണം, അസീസ് തരുവണ, മാതൃഭൂമി പബ്ലിക്കേഷന്‍സ്, 2011

41. വയനാടന്‍ രാമായണം', പുറം. 25 മാതൃഭൂമി പബ്ലിക്കേഷന്‍സ്, 2011

42. വയനാടന്‍ രാമായണം, മാതൃഭൂമി ബുക്‌സ്-2011 കോഴിക്കോട്

43. പ്രൊഫ: ബി. സുരേന്ദ്രറാവു -പല രാമായണങ്ങള്‍, ഭാഷാപോഷിണി. ലക്കം-5, ഒക്‌ടോബര്‍, 2003.

logo
The Fourth
www.thefourthnews.in