രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍

രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍

നാരായണ ഗുരുവിന്റെയും, സഹോദരൻ അയ്യപ്പന്റേയും, ഡോ. ബി ആർ അംബേകറിന്റെയും വഴികളെ പിന്തുടരുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് ശ്യാംകുമാർ
Updated on
3 min read

രാമായണത്തെ കുറിച്ചുള്ള ലേഖനപരമ്പര ഹിന്ദുവിരുദ്ധമെന്നാക്ഷേപിച്ച് ദളിത് പണ്ഡിതനും സംസ്‌കൃത അധ്യാപകനുമായ ഡോ. ടി എസ് ശ്യാം കുമാറിനെതിരെ ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണം. കർക്കിടക മാസം ആരംഭിച്ചതോടെ മാധ്യമം ദിനപത്രത്തിൽ ഖണ്ഡശ്ശ അച്ചടിച്ച് വന്നുകൊണ്ടിരുന്ന ലേഖനത്തെ എടുത്ത് കാണിച്ചുകൊണ്ട് ഹിന്ദുക്കളെയും, ആരാധനാമൂർത്തിയായ രാമനെയും അവഹേളിച്ചു എന്ന രീതിയിലുള്ള പ്രചാരണമാണ് ഹിന്ദുത്വവാദികളുടെ പ്രചാരണം.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ഉപാധ്യക്ഷൻ ആർ വി ബാബു, ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ എന്നിവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ലേഖനത്തെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തെത്തി. പത്രത്തിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്.

രാമായണം വിമര്‍ശനത്തിനതീതമല്ലെന്നും എന്നാൽ രാമായണമാസം തന്നെ വേണമായിരുന്നോ വിമർശനം എന്നും ചോദിക്കുന്ന കെ പി ശശികല റമദാന്‍ മാസം ഖുർആനെ വിമർശിക്കാനും എല്ലാവർക്കും ആളെക്കിട്ടുമെന്നും പറയുന്നു. സീതയെ മോശമാക്കി എഴുതിയ ലഖുലേഖ പ്രചരിപ്പിച്ചതിന് തിരിച്ചടിയായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെ അപഹസിച്ച് കൊണ്ട് പുറത്ത് വന്ന രംഗീല റസൂൽ എന്ന പുസ്തകമെന്ന ഭീഷണിയും ശശികലയുടെ കുറിപ്പിലുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള പത്രം മനപൂര്‍വം ഹിന്ദുക്കളെ അവഹേളിക്കുന്നതിനായി ശ്യാംകുമാറിനെ വിലയ്‌ക്കെടുത്തിരിക്കുകയാണെന്ന് ആർ വി ബാബു ആരോപിക്കുന്നു. ഒരെഴുത്തുകാരന്റെ സ്വത്വത്തെ തന്നെ റദ്ദുചെയ്തുകളയുന്ന പ്രസ്താവന എന്ന നിലയില്‍ വായിച്ചെടുക്കാവുന്ന ഒന്നാണ് ഈ ആരോപണം.

എന്നാൽ, ഇപ്പോള്‍ ഉയര്‍ത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഡോ. ടി എസ് ശ്യാംകുമാർ ദ ഫോര്‍ത്തിനോട് പ്രതികരിച്ചു. ''ഹിന്ദുക്കളെയും രാമനെയും അവഹേളിക്കുന്നു എന്ന് മാത്രമാണ് വിമര്‍ശകര്‍ പറയുന്നത്. താൻ കൃത്യമായി വാല്മീകി രാമായണത്തിലെയും എഴുത്തച്ഛൻ രാമായണത്തിലെയും ഭാഗങ്ങൾ ഉദ്ദരിച്ചുകൊണ്ട് എഴുതിയ ലേഖന പരമ്പരയെ വസ്തുതാപരമായി ഖണ്ഡിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല. വിമർശനം ഉന്നയിക്കുന്നവരാരും താൻ ഉദ്ധരിച്ച വരികളോ ശ്ലോകങ്ങളോതെറ്റാണെന്നോ അതിനെ അങ്ങനെയല്ല വ്യാഖ്യാനിക്കേണ്ടത് എന്നോ പറഞ്ഞിട്ടില്ല.'' ശ്യാംകുമാർ പറയുന്നു.

വളരെ ചെറുപ്പം മുതൽ സംസ്കൃതവും വേദവും ജ്യോതിഷവുമുൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കുകയും കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറാട്ടും നേടിയ വ്യക്തികൂടിയാണ് ടി എസ് ശ്യാം കുമാർ.

രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍
രാഷ്ട്രീയ ധ്യാനം

''ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ ബ്രാഹ്മണ്യത്തെ പിൻപറ്റുന്നവര്‍''

താൻ വ്യാജനായ ദളിത് ചിന്തകനാണെന്നും ജമാഅത്തെ ഇസ്ലാമി തന്നെ വിലക്കെടുത്തിരിക്കുകയാണെന്നുമാണ് ആർ വി ബാബു ആരോപിച്ചിരിക്കുന്നത്. ഇത് എപ്പോഴും ആരുടെയെങ്കിലും അടിമകളായി മാത്രമേ ദളിതരായ മനുഷ്യർക്ക് നിൽക്കാൻ സാധിക്കുകയുള്ളു എന്ന ബ്രാഹ്മണ്യ ചിന്തയുടെ ഭാഗമാണ്. സ്വന്തമായി അഭിപ്രായം പറയാൻ കഴിയുന്ന ഒരു വ്യക്തിയായി ദളിതരെ അവർ അംഗീകരിച്ചിട്ടില്ല.- ശ്യാം കുമാർ പറയുന്നു.

തനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നാണ് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്‍ണൻ പറഞ്ഞത്. നിയമപരമായി നീങ്ങണമെങ്കിൽ താൻ എഴുതിയതിൽ വസ്തുതാപരമായ എന്തെങ്കിലും തെറ്റുണ്ടാകണം. അങ്ങനെ തന്റെ ലേഖനത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ആരും രംഗത്തെത്തിയിട്ടില്ല പിന്നെ എങ്ങനെയാണ് നിയമനടപടി സ്വീകരിക്കുന്നത് എന്നും ശ്യാംകുമാർ ചോദിക്കുന്നു. അവർക്ക് ഇപ്പോഴും വസ്തുതാപരമായി താൻ എഴുതിയ ലേഖനം തെറ്റാണെന്നു പറയാൻ സാധിക്കാത്തത് ഹിന്ദുത്വ പണ്ഡിതരുടെ പരാജയമായി കണക്കാക്കണം.

നമ്മൾ ഗവേഷണാത്മകമായി ചെയ്യുന്ന കാര്യങ്ങളോട് ഇവർക്ക് തികച്ചും അസഹിഷ്ണുതയാണ്

ടിഎസ് ശ്യാം കുമാർ

ദിജരെന്നു പറഞ്ഞാൽ ഭൂമിയിൽ ബ്രാഹ്മണരായിട്ടോ, ക്ഷത്രിയരായിട്ടോ, വൈശ്യരായിട്ടോ ജനിച്ചവർ എന്നാണ് അർഥം. അങ്ങനെയുള്ളവർക്ക് മാത്രമേ തന്നെ പൂജിക്കാൻ അവകാശമുള്ളൂ എന്നാണ് രാമൻ ലക്ഷമണനോട് പറയുന്നത്. ശ്യാം കുമാർ പറയുന്നു. " ഇതൊന്നും ഞാൻ പറയുന്നതല്ല, എഴുത്തച്ഛൻ 16, 17 നൂറ്റാണ്ടിൽ എഴുതിയ കൃതിയാണ്. അതിൽ എഴുത്തച്ഛൻ പറഞ്ഞിരിക്കുന്ന കാര്യം മാത്രമാണ് ഞാൻ ലേഖനത്തിലും പറഞ്ഞിട്ടുള്ളു." അദ്ദേഹം കൂട്ടിച്ചെർക്കുന്നു.

"നമ്മൾ ഗവേഷണാത്മകമായി ചെയ്യുന്ന കാര്യങ്ങളോട് ഇവർക്ക് തികച്ചും അസഹിഷ്ണുതയാണ്." ശ്യാം കുമാർ പറയുന്നു. ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തി മറ്റൊരു ലേഖനം ഉമാമഹേശ്വര സംവാദത്തെ കുറിച്ചാണ്. എഴുത്തച്ഛൻ രാമായണത്തെ കിളിപ്പാടായാണ് അവതരിപ്പിക്കുന്നത്. പാർവതി ആവശ്യപ്പെട്ടതിനെ തുടർന്ന് ശിവൻ കഥപറഞ്ഞു കൊടുക്കുന്ന രീതിയിലുമാണ് ഇത് അവതരിപ്പിക്കുന്നത്. അതിന്റെ രാഷ്ട്രീയമെന്താണെന്ന് വിശദീകരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും, അതിന് ആ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഉദ്ധരിക്കുന്നതെന്നും ശ്യാംകുമാർ പറയുന്നു.

രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍
'ഈ തറവാടിത്ത ഘോഷണം ബ്രാഹ്‌മണ്യ ദാസ്യം ഊട്ടി ഉറപ്പിക്കാന്‍ '

അഞ്ച് ലക്കങ്ങൾ കഴിയുമ്പോഴേക്കും അസഹിഷ്ണുത

ലേഖനപരമ്പരയുടെ അഞ്ച് ലക്കങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. എഴുത്തച്ഛന്റെ രാമായണം കിളിപ്പാട്ടും വാല്മീകി രാമായണവും മുന്നോട്ടുവയ്ക്കുന്ന ജാതീയത, ഉമാ മഹേശ്വര സംവാദം, ബുദ്ധനെ പിന്തുണയ്ക്കുന്നവരെയും നാസ്തികരെയും കുറിച്ച് രാമൻ പറയുന്നതായി വാല്മീകി രാമായണത്തിൽ പറയുന്നത് ഉൾപ്പെടെ സാമാന്യജനം ശ്രദ്ധിക്കാത്ത നിരവധി വിവരങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഡോ. ശ്യാം കുമാറിന്റെ ലേഖനങ്ങൾ തുടർന്നത്.

എഴുത്തച്ഛന്റെ തത്വചിന്തയെ കുറിച്ച് എഴുതിയ ലേഖനത്തിൽ നിരവധി ശ്ലോകങ്ങൾ ഉദ്ധരിക്കുന്നുണ്ട് അതൊന്നും എഴുത്തച്ഛന്റെ രാമായണത്തിൽ ഇല്ലാത്തതാണെന്ന് ഇപ്പോൾ സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നവർക്ക് പറയാൻ സാധിക്കുമോ എന്നാണ് ശ്യാം കുമാർ ചോദിക്കുന്നത്.

"ലക്ഷ്മണോപദേശം എന്ന ഒരു ഭാഗമുണ്ട് എഴുത്തച്ഛന്റെ രാമായണത്തിൽ; 'മന്നിടത്തിങ്കൽ ദിജത്വമുണ്ടായി വന്നാൽ പൂജിക്കമാമെടോ' എന്നാണ്. ഭൂമിയിൽ ദിജനായി പിറന്നവർക്ക് എന്നെ പൂജിക്കാം എന്നാണ് രാമൻ ലക്ഷ്മണനോട് പറയുന്നത്. ഇതിന് എന്ത് അർത്ഥമാണ് പറയേണ്ടത്? അതിലുള്ള അർത്ഥമല്ലാതെ മറ്റെന്തെങ്കിലും പറയാൻ സാധിക്കുമോ?" അദ്ദേഹം ചോദിക്കുന്നു.

രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍
മേധാവിത്വത്തിനായി ആചാരലംഘനവും നടത്തുന്ന ബ്രാഹ്മണ്യം

ബുദ്ധനെ കുറിച്ചും നാസ്തികരെ കുറിച്ചും രാമൻ പറയുന്നത് പരാമർശിക്കുന്ന ലേഖനമാണ് മറ്റൊന്ന്. വനവാസത്തിനു പോകുന്ന സമയത്ത് അച്ഛന് ബലിയിടുന്ന രാമനോട് എന്തിനാണ് നിങ്ങൾ ബലിയിടുന്നത്, അത് പുരോഹിതരുടെ കുതന്ത്രമല്ലേ എന്ന് ജബൽ ചോദിക്കുന്നതും അതിന് രാമൻ നൽകുന്ന മറുപടിയും ഉദ്ധരിച്ചാണ് ആ ഭാഗം ശ്യാം കുമാർ വിശദീകരിക്കുന്നത്. ഈ ചോദ്യം രാമനോട് ചോദിക്കുമ്പോൾ രാമൻ പറയുന്ന മറുപടി; അതെല്ലാം ബുദ്ധരും നാസ്തികരും പറയുന്നതാണെന്നും അവർ കള്ളന്മാരാണെന്നുമാണ്. അതാണ് താൻ ലേഖനത്തിൽ പറഞ്ഞത്. ശ്യാം കുമാർ പറയുന്നു. വാല്മീകി രാമായണത്തിലെ ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് താൻ ഇതെല്ലാം എഴുതിയിട്ടുള്ളതെന്നും അതൊന്നും പറയാൻ പാടില്ല എന്നാണോ ഇവർ പറയുന്നത് എന്നും ശ്യാം കുമാർ ചോദിക്കുന്നു.

രാമായണം എന്ന കൃതിയെ ലാവണ്യപരമായും, സൗന്ദര്യാനുഭൂതിപരമായിട്ടും വാഴ്ത്തുന്നതും സ്തുതിക്കുന്നതുമായിട്ടുള്ള വ്യഖ്യാനങ്ങൾ മാത്രമേ ഹിന്ദുത്വവാദികൾ അംഗീകരിക്കുകയുള്ളു ന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്നും, ചുരുക്കിപ്പറഞ്ഞാൽ ഇവരുടെ രാഷ്ട്രീയ ബ്രാഹ്മണ്യത്തിനു ബലം നൽകുന്ന തരത്തിൽ മാത്രമേ നമ്മൾ രാമായണത്തെ വ്യാഖ്യാനം ചെയ്യാൻ പാടുള്ളു എന്നാണിവർ പറയുന്നത് എന്നും ശ്യാം കുമാർ കൂട്ടിച്ചെർക്കുന്നു.

വേദത്തെയും ശാസ്ത്രത്തെയും ഡയനാമൈറ്റ് വച്ച് തകർക്കണമെന്നാണ് അംബേദ്‌കർ പറഞ്ഞത്. ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ?

ടിഎസ് ശ്യാം കുമാർ

ആദ്യമായി ഞാനല്ല ഈ കാര്യങ്ങൾ പറഞ്ഞത്

രാമനെ ഏറ്റവും നീചമായ മനുഷ്യൻ എന്ന് വിശേഷിപ്പിച്ചത് ഡോ. ബി ആർ അംബേദ്കറാണ്. 'റിഡിൽസ് ഓഫ് രാമ ആൻഡ് കൃഷണ' എന്ന പുസ്തകത്തിലാണ് അംബേദ്‌കർ ഈ പ്രയോഗം നടത്തിയത്. അതുപോലെ അംബേദ്‌കർ ഹിന്ദുത്വത്തെ വിമർശനാത്മകമായി വിലയിരുത്തി എഴുതിയ പുസ്തകമാണ് 'റിഡിൽസ് ഓഫ് ഹിന്ദുയിസം'. ശ്യാം കുമാർ പറയുന്നു.

"വേദത്തെയും ശാസ്ത്രത്തെയും ഡയനാമൈറ്റ് വച്ച് തകർക്കണമെന്നാണ് അംബേദ്‌കർ പറഞ്ഞത്. ഞാൻ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ?" ശ്യാം കുമാർ ചോദിക്കുന്നു.

ഡോ. ടി എസ് ശ്യാം കുമാർ
ഡോ. ടി എസ് ശ്യാം കുമാർ

അംബേദ്കറും, പെരിയോറും, മഹാത്മാ ഫൂലെയും, നാരായണഗുരുവുമെല്ലാം പറഞ്ഞത് സമാനമായ കാര്യങ്ങളാണ്. "രാമാദികളുടെ കാലത്താണെങ്കിൽ നമുക്ക് സന്യസിക്കുക സാധ്യമാകുമായിരുന്നോ? ഹിന്ദുക്കൾ സ്‌മൃതി നോക്കി ഭരിക്കുന്നവരല്ലായിരുന്നോ?" എന്നാണ് ശ്രീനാരായണ ഗുരു ചോദിച്ചതെന്നും ശ്യാം കുമാർ പറയുന്നു. "ഹിന്ദുയിസത്തെ സമാപ്‌ത്തീകരിക്കണമെന്നാണ് സഹോദരൻ അയ്യപ്പൻ പറഞ്ഞത്. രാവണൻ കി ജയ് വിളിച്ച ആളല്ലേ സഹോദരൻ അയ്യപ്പൻ?" ശ്യാം കുമാർ ചോദിക്കുന്നു.

നാരായണ ഗുരുവിന്റെയും, സഹോദരൻ അയ്യപ്പന്റേയും, ഡോ. ബി ആർ അംബേകറിന്റെയും വഴികളെ പിന്തുടരുക മാത്രമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചെർക്കുന്നു.

logo
The Fourth
www.thefourthnews.in