ജെ പിയുടെ അറസ്റ്റ് റിപ്പോർട്ടിൽ പൂട്ടിയ മദർ ലാൻഡ്; സഞ്ജയ് ഗാന്ധിയെ വീരനാക്കിയ ഇല്ലസ്ട്രേറ്റഡ് വീക്കിലി

ജെ പിയുടെ അറസ്റ്റ് റിപ്പോർട്ടിൽ പൂട്ടിയ മദർ ലാൻഡ്; സഞ്ജയ് ഗാന്ധിയെ വീരനാക്കിയ ഇല്ലസ്ട്രേറ്റഡ് വീക്കിലി

അടിയന്തരാവസ്ഥ ഇന്ത്യയിലെ മാധ്യമങ്ങൾക്ക് പരീക്ഷണ കാലമായിരുന്നു. കുനിയാൻ പറഞ്ഞപ്പോൾ ഇഴഞ്ഞ മാധ്യമപ്രവർത്തകരെ കണ്ടെന്ന് അദ്വാനി പറഞ്ഞ കാലം
Updated on
8 min read

''Dictatorships cannot afford laughter because people may laugh at the dictator and that wouldn’t do. In all the years of Hitler, there never was a good comedy, not a good cartoon, not a parody, not a spoof.''

  • Coomi Kapoor, The Emergency: A Personal History.

1975 ജൂൺ 25ന് ന്യൂഡൽഹിയിലെ പ്രധാന പത്രമാഫീസുകൾ സ്ഥിതി ചെയ്യുന്ന ബഹദൂർഷാ സഫർ മാർഗിലേക്കുള്ള വൈദ്യുതി വിതരണം നിലച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്തദിനമായ അടിയന്തരാവസ്ഥയുടെ ആദ്യ ചുവടുകൾ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വച്ചു തുടങ്ങിയതായിരുന്നു അത്. പത്രം ഓഫീസുകൾ അതോടെ നിശ്ചലമായി, തൊട്ടുപിറകെ മാധ്യമങ്ങൾക്ക് സെൻസർഷിപ്പും ഏർപ്പെടുത്തി. ഇന്ദിരാ ഗാന്ധി തന്റെ വാർത്താവിതരണ മന്ത്രിയായ ഇന്ദർ കുമാർ ഗുജ്റാളിനെ നീക്കംചെയ്ത് വിദ്യാ ചരൺ ശുക്ലയെ ആ വകുപ്പ് ഏൽപ്പിച്ചതോടെ കാര്യങ്ങളുടെ പോക്ക് ഏത് വഴിക്കാണെന്ന് വ്യക്തമായിരുന്നു.

1975 ജൂണിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്മോഹൻ ലാൽ സിൻഹയുടെ ചരിത്രപ്രധാനമായ വിധിയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കളമൊരുങ്ങിയത്

ഇന്ത്യയിലെ ഗീബൽസായി അറിയപ്പെട്ട വിദ്യാചരൺ ശുക്ല പ്രധാനപത്രങ്ങളുടെ പത്രാധിപന്മാരുടെ യോഗം ഡൽഹിയിൽ വിളിച്ചുകൂട്ടി. അടിയന്തരാവസ്ഥയിൽ, എങ്ങനെയാണ് പത്രമിറക്കേണ്ടതെന്ന് പഠിപ്പിക്കാനായിരുന്നു അയാളുടെ ശ്രമം. സെൻസർഷിപ്പിലെ ബുദ്ധിശൂന്യതയെ കുറിച്ച് ചില പത്രപ്രവർത്തകർ സംസാരിക്കാനാരംഭിച്ചപ്പോൾ ഈ നടപടികൾ ഒഴിവാക്കാനാവില്ലെന്ന് അഹന്തയോടെ ശുക്ല പറഞ്ഞു. മറ്റെല്ലാവരേയും പോലെ പത്രക്കാരും ഇത് അംഗീകരിച്ചേ പറ്റൂ. പിന്നീട് അയാൾ പത്രക്കാരുടെ തൊഴിൽ മര്യാദയെ കുറിച്ച് വാതോരാതെ പ്രസംഗിച്ചു. അസഹനീയമായ ഈ പ്രവൃത്തിയിൽ രോഷാകുലനായ ബിബിസിയുടെ ലേഖകൻ എഴുന്നേറ്റ് നിന്ന് ശുക്ലയോട് പറഞ്ഞു, ''ഞങ്ങൾക്ക് ഞങ്ങളുടെ തൊഴിൽ മര്യാദകളുണ്ട്. പക്ഷേ നിങ്ങളീ പറയുന്നതിൽ യാതൊരു മര്യാദയുമില്ല'' - ഇതുകേട്ട് സദസ്സിൽ നിന്ന് നീണ്ട കരഘോഷം മുഴങ്ങി.

അടിയന്തരാവസ്ഥ നിലവിൽ വന്നു - ഇന്ത്യൻ എക്സ്പ്രസ്സ്
അടിയന്തരാവസ്ഥ നിലവിൽ വന്നു - ഇന്ത്യൻ എക്സ്പ്രസ്സ്

പത്രപ്രവർത്തകരുടെ ഉള്ളിൽ ഭയമുണ്ടാക്കുകയായിരുന്നു ഇന്ദിരാ ഗാന്ധിയുടെ ലക്ഷ്യം

1975 ജൂണിൽ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റfസ് ജഗ്മോഹൻ ലാൽ സിൻഹയുടെ ചരിത്രപ്രധാനമായ വിധിയാണ് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കളമൊരുങ്ങിയത്. 1971ലെ തെരഞ്ഞെടുപ്പിൽ യുപിയിലെ റായ്ബറേലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയോട് പരാജയപ്പെട്ട രാജ് നാരായണൻ (ഭാരതീയ ലോക് ദൾ പാർട്ടി) നൽകിയ പരാതിയിൽ ഇന്ദിരാഗാന്ധി ജയിക്കാനായി അവിഹിതമാർഗങ്ങൾ സ്വീകരികരിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. ഉന്നയിക്കപ്പെട്ട 6 പരാതികളിൽ രണ്ടെണ്ണം കോടതി അംഗീകരിച്ചു 6 വർഷത്തേക്ക് ഇന്ദിരാഗാന്ധിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ പ്രധാനമന്ത്രി സ്ഥാനം സ്വീകരിക്കാനോ കഴിയില്ലെന്നായിരുന്നു കോടതി വിധി. സുപ്രീംകോടതിയിൽ അപ്പീലിനുപോകാൻ 21 ദിവസത്തെ സമയവും അനുവദിച്ചു.

രാജ്യം ആഭ്യന്തര അരക്ഷിതാവസ്ഥ നേരിടുവെന്ന കാരണം കാണിച്ചാണ് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്

അടിയന്തരാവസ്ഥ പ്രഖ്യാപനം- ടൈംസ് ഓഫ് ഇന്ത്യ
അടിയന്തരാവസ്ഥ പ്രഖ്യാപനം- ടൈംസ് ഓഫ് ഇന്ത്യ

ഇതിനിടയിൽ ഉത്തരേന്ത്യയിൽ, പ്രത്യേകിച്ചും ബിഹാറിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ കേന്ദ്രഭരണകൂടത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു. സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവച്ചതോടെ പ്രതിപക്ഷത്തെ അഞ്ച് പാർട്ടികൾ സംയുക്തമായി പ്രക്ഷോഭമാരംഭിച്ചു. ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ട് ജനസംഘം, കോൺഗ്രസ്സ് (ഒ), സോഷ്യലിസ്റ്റ് പാർട്ടി, അകാലിദൾ എന്നിവർ സംയുക്തമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു. അതോടെ ഇന്ത്യൻ രാഷ്ട്രീയം കലങ്ങിമറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് രാജ്യം ആഭ്യന്തര അരക്ഷിതാവസ്ഥ നേരിടുവെന്ന കാരണം കാണിച്ച് രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദ് അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽ ഒപ്പുവച്ചത്. 1975 ജൂൺ 25ന് ഇന്ത്യയിൽ അടിയന്തരാവസ്ഥ നിലവിൽ വന്നു.

അപ്രതീക്ഷിതമായ വൈദ്യുതി വിച്ഛേദനം മൂലം ഡൽഹിയിൽ പിറ്റേന്നാൾ ഹിന്ദുസ്ഥാൻ ടൈംസ്, സ്റ്റേറ്റ്സ്മാൻ എന്നീ  പത്രങ്ങൾ മാത്രമാണ് പുറത്തിറങ്ങിയത് അവയാകട്ടെ വൈദ്യുതി വിച്ഛേദിക്കാത്ത കോണാട്ടു പ്ലേയ്സ്  ഭാഗത്ത് പ്രവർത്തിച്ചവയായിരുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ്സ്. നവഭാരത് ടൈംസ്, പേട്രിയറ്റ്, നാഷണൽ ഹെറാൾഡ്, ഡെയ്ലി പ്രതാപ്, വീർ അർജ്ജുൻ എന്നീ പത്രങ്ങളുടെ ഓഫീസുകൾ  ബഹദൂർഷാ സഫർ മാർഗിലായതിനാൽ ഈ പത്രങ്ങളെല്ലാം രണ്ട് ദിവസം പുറത്തിറങ്ങിയില്ല. പ്രസ് സെൻസർഷിപ്പ് നിലവിൽ വന്നതിനാൽ അനുമതിയില്ലാതെ വാർത്തകൾ അച്ചടിക്കാനാവില്ലെന്ന് എല്ലാ പത്രങ്ങൾക്കും അറിയിപ്പ് കിട്ടി. പിന്നീടുള്ള നാളുകൾ ഇന്ത്യൻ പത്രപ്രവർത്തനരംഗത്തെ കറുത്തദിനങ്ങൾ തന്നെയായിരുന്നു.

ഓൾ ഇന്ത്യാ റേഡിയോവിൽ അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975 ജൂൺ 25
ഓൾ ഇന്ത്യാ റേഡിയോവിൽ അടിയന്തരാവസ്ഥ പ്രഖ്യാപനം നടത്തുന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975 ജൂൺ 25

ഭരണകക്ഷിയായ കോൺഗ്രസിന്റെ നാഷണൽ ഹെറാൾഡിലായിരുന്നു. സെൻസർമാരുടെ ഏറ്റവും മികച്ച  പരിഹാസ നാടകം  നടന്നത്. 'സ്വാതന്ത്ര്യം അപകടത്തിലാണ്. സർവശക്തിയുമുപയോഗിച്ചതിനെ പ്രതിരോധിക്കും'  എന്ന ജവഹർലാൽ നെഹറുവിന്റെ പ്രശസ്തമായ വാചകങ്ങൾ പത്രത്തിന്റെ മുൻപേജിൽ സ്ഥിരമായി കൊടുത്തിരുന്നത് എടുത്ത് കളഞ്ഞു. മഹാത്മാഗാന്ധി ഊന്നുവടിയുമായി നിൽക്കുന്ന വിഖ്യാതമായ ചിത്രവും സെൻസർമാർ നീക്കം ചെയ്തു. ചിത്രത്തിലെ ഗാന്ധി അടിയന്തരാവസ്ഥക്ക് എതിരാണെന്ന് വ്യാഖ്യാനിക്കപ്പെടുമെന്നായിരുന്നു അവരുടെ ന്യായം.

പത്രാധിപകുറിപ്പുകളിലും ലേഖനങ്ങളിലും ചിത്രങ്ങളിലും സെൻസർമാരുടെ കറുത്തമഷി പുരണ്ടതോടെ പത്ര സ്വാതന്ത്യമെന്നത് അപ്രത്യക്ഷമായി. കേരളത്തിൽ ഒരു മലയാളം വാരികയിൽ  ലോകപ്രശസ്തമായ 'കരുണ തേടുന്ന മദ്ഗലീൻ’ എന്ന വിഖ്യാത ചിത്രം പ്രസിദ്ധീകരിക്കുന്നത് സെൻസർമാർ തടഞ്ഞു, പോമ എന്ന പത്രമാരണനിയമം മൂലം അത് കുറ്റകരമാണെന്നായിരുന്നു വ്യാഖ്യാനം. ഒരു മലയാള പത്രത്തിൽ താറാവുകൾ കൂട്ടത്തോടെ ചാവുന്നു എന്നൊരു വാർത്ത  സെൻസർമാർ തടഞ്ഞു. അടിയന്തരാവസ്ഥ കാരണം താറാവുകൾ കൂട്ടത്തോടെ ചത്ത് പോകുന്നു എന്ന് ജനങ്ങൾ മനസിലാക്കിയാലോ എന്നായിരുന്നു അവരുടെ ഭയം.

എറ്റവും രസകരമായ സംഭവം വിനോദ് മേത്ത എഡിറ്ററായ ഡബനിയർ മാസികയിലാണ് നടന്നത് ഇന്ത്യൻ പ്ലേബോയ് എന്നറിയപ്പെട്ട ഡബനിയർ മസാലപ്പടങ്ങൾക്കും ഇക്കിളി സാഹിത്യത്തിനും പേര് കേട്ട പ്രസിദ്ധീകരണമായിരുന്നു. ഡബനിയറിനെ സെൻസർമാർ തൊട്ടതേയില്ല. അതിൽ രാഷ്ട്രീയമില്ല, അതിനാൽ നിയമ നിഷേധമില്ല എന്നായിരുന്നു സെൻസർമാർ വിലയിരുത്തിയത്.

ഇന്ദിരാ ഗാന്ധിയും വി സി ശുക്ലയും
ഇന്ദിരാ ഗാന്ധിയും വി സി ശുക്ലയും

കോണ്‍ഗ്രസ്സിന്‍റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ഒരിക്കല്‍ പോലും പ്രചാരത്തില്‍ ഡല്‍ഹിയിലെ മറ്റ് പത്രങ്ങളുടെ അടുത്തെങ്ങുമെത്തിയിരുന്നില്ല. എന്നാല്‍ അടിയന്താരാവസ്ഥ കാലഘട്ടത്തില്‍ പത്രത്തിന്റെ പ്രചാരം പെട്ടെന്ന് വര്‍ധിച്ചു. കാരണം ലളിതമായിരുന്നു. അടിയന്തരാവസ്ഥയുടെ വക്താവായ ഹരിയാനയിലെ നേതാവ് ബന്‍സി ലാല്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും  നാഷ്ണല്‍ ഹെറാള്‍ഡ് പത്രം വാങ്ങണമെന്ന് രഹസ്യമായി നിര്‍ദേശിച്ചു.  

ഇക്കാലത്ത് ഇന്ദിരാഗാന്ധി ഡൽഹിയിലെ ബോട്ട് ക്ലബിൽ നടത്തിയ റാലിയിൽ പട്ടാളക്കാരെ സിവിലിയൻ വേഷത്തിൽ അണിനിരത്താൻ ശ്രമിച്ചുവെന്നും പട്ടാളമേധാവികൾ അതിനെ ശക്തിയായി എതിർത്തെന്നുമൊരു വാർത്ത വാഷിങ്ടൺ പോസ്റ്റിൽ വന്നു. അതോടെ ഇന്ത്യയിലെ അതിന്റെ ലേഖകനായ ലെവിൻ സൈമൺസിന് രാജ്യം വിട്ട് പോകാനുള്ള നിർദേശം സർക്കാരിൽ നിന്ന് കിട്ടി. വിമാനത്താവളത്തിൽ അയാളെ കർക്കശമായ പരിശോധനക്ക് വിധേയമാക്കുകയും എഴുതിയതെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവത്തോടെ ഇന്ത്യയിലെ വിദേശ പത്രപ്രതിനിധികൾ സമ്മർദത്തിലായി.

അടിയന്തരാവസ്ഥയെ ശക്തമായി എതിർത്ത രണ്ട് പത്രങ്ങളായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സും സ്റ്റേറ്റ്സ്മാനും. ഈ രണ്ട് പത്രങ്ങളേയും തന്റെ വരുതിക്ക് കൊണ്ടുവരാനായിരുന്നു ശുക്ലയുടെ അടുത്ത നീക്കം അക്കാലത്ത് സ്റ്റേറ്റ്സ്മാൻ പത്രം  ഡൽഹിയിൽ പുതിയൊരു എഡിറ്ററെ നിയമിക്കാനുള്ള ശ്രമത്തിലായിരുന്നു. ശുക്ല ഉടനടി എഡിറ്റർ നിയമനത്തിൽ ഇടപ്പെട്ടു. സ്റ്റേറ്റ്സ്മാൻ ഉടമയായ സി എൽ ഇറാനി ശുക്ലയുമായുള്ള കൂടിക്കാഴ്ചയിൽ ഇതിനെതിരെ ശക്തിയായി പ്രതികരിച്ചു. പത്രത്തിന്റെ എഡിറ്ററെ തീരുമാനിക്കുന്നത് തങ്ങൾ തന്നെയാണെന്ന് തുറന്നടിച്ചു.

അടിയന്താരാവസ്ഥക്ക് തൊട്ടുമുമ്പ് ഇന്ദിരാഗാന്ധി രാജി വയ്ക്കണമെന്ന ആവശ്യമുന്നയിച്ച് എഡിറ്റോറിയലെഴുതിയ പത്രമായിരുന്നു ഇന്ത്യൻ എക്സ്പ്രസ്സ്. ഇന്ത്യൻ എക്സ്പ്രസ്സിനെ മുഖ്യശത്രുമായി കണ്ട് ശുക്ല ഹിന്ദുസ്ഥാൻ ടൈംസിന്റെ ഉടമ കെ കെ ബിർളയുടെ സഹായത്തോടെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് കെ കെ ബിർളയെ ചെയർമാനാക്കി. ഉടമയായ രാം നാഥ് ഗോയങ്ക അസുഖം മൂലം  കിടപ്പിലായിരുന്നു.

 സഞ്ജയ് ഗാന്ധി
സഞ്ജയ് ഗാന്ധി

അടിയന്തരാവസ്ഥയെ പിന്തുണയ്ക്കാൻ കൂട്ടാക്കാതെയിരുന്ന പത്രത്തിന്റെ എഡിറ്റർ എസ് മുൾഗോക്കറെ ഡയറക്റ്റർ ബോർഡ് എഡിറ്റർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. പകരം സഹോദര പ്രസിദ്ധീകരണമായ ഫൈനാഷ്യൽ എക്സ്പ്രസ്സിന്റെ എഡിറ്ററായ വി കെ നരസിംഹനെ എഡിറ്ററാക്കി. പ്രായവും  പക്വതയുമുള്ള നരസിംഹൻ നിരുപദ്രവകാരിയായിരിക്കും എന്ന് തോന്നിയതിനാലാണ് സഞ്ജയ് ഗാന്ധിയും ശുക്ലയും നരസിംഹനെ എഡിറ്ററാക്കാൻ സമ്മതിച്ചത്. വി കെ നരസിംഹൻ അടിയന്തരാവസ്ഥകാലത്ത്  ഈ രണ്ട് പത്രങ്ങളുടേയും എഡിറ്റർ സ്ഥാനം വഹിച്ചു.

സജയ് ഗാന്ധിയുടെയും ശുക്ലയുടെയും ധാരണകൾ തികച്ചും തെറ്റായിരുന്നു. തികഞ്ഞ പണ്ഡിതനും രാഷ്ട്രീയത്തിൽ നല്ല അറിവുമുള്ള പത്രാധിപരായിരുന്നു അദ്ദേഹം. പത്രസ്വാതന്ത്യത്തിൽ അടിയുറച്ച വിശ്വാസമുള്ള അദ്ദേഹം അഭിപ്രായസ്വാതന്ത്യത്തിന് വേണ്ടി പ്രതിബദ്ധമായിരിക്കണം തന്റെ പത്രമെന്ന് ദൃഢമായി വിശ്വസിച്ചു.

ടാഗോറിന്റെ ‘എവിടെ മനസ്സ് നിർഭയത്തോടെയുണ്ട് അവിടെ ശിരസ്സ് ഉയർന്നു ഉയർന്നുനിൽക്കുന്നു' എന്ന പ്രശസ്തമായ വരികൾ ഉദ്ധരിച്ചുകൊണ്ട് ഫൈനാഷ്യൽ എക്സ്പ്രസിൽ എഡിറ്റോറിയൽ പ്രത്യക്ഷപ്പെട്ടു. സ്വാതന്ത്യത്തിന്റെ ആ സ്വർഗത്തിലേക്ക് എന്റെ പിതാവേ എന്റെ രാജ്യത്തെ ഉണർത്തു എന്ന പ്രാർത്ഥനയോടെയാ എഡിറ്റോറിയൽ അവസാനിക്കുന്നത്.

സാരോപദേശകഥകളിലും ഒളിച്ചുവച്ച വിമർശനങ്ങളോടെയും ഇന്ത്യൻ എക്സ്പ്രസ്സ് അടിയന്തരാവസ്ഥയിൽ പുറത്തിറങ്ങാൻ ആരംഭിച്ചു. കാര്യങ്ങൾ അടിയന്തരാവസ്ഥയിലെ മേലാളന്മാർ മനസിലാക്കുമ്പോഴേക്കും ശൈലി മാറ്റി. പ്രശസ്ത പത്രപ്രവർത്തകനായ കുൽദീപ് നയ്യാർ സെൻസർമാരുടെ പിടി വീഴാതിരിക്കാൻ  മൃദുഭാഷയിലായിരുന്നു തന്റെ കോളം ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയിരുന്നത്. എന്നാൽ നരസിംഹൻ അതിന്റെ സ്വഭാവം കുറേക്കൂടി തീവ്രമാക്കി ഇക്കാലത്ത് ഇന്ത്യൻ എക്സ്പ്രസ്സിന്റെ പ്രചാരത്തിൽ രണ്ട് ലക്ഷം കോപ്പിയുടെ വർധനയുണ്ടായി. അടിയന്തരാവസ്ഥയിലുടനീളം നരസിംഹൻ തന്റെ നിലപാടിൽ ഉറച്ചു നിന്നു. അടിയന്തരാവസ്ഥയുടെ ഇരുളിൽ, നക്ഷത്രമായി തിളങ്ങിയ പത്രാധിപരായിരുന്നു വി കെ നരസിംഹൻ. 

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചയുടൻ തന്നെ സ്റ്റേറ്റ്സ്മാൻ പത്രം ഒരു സപ്ലിമെന്റിലൂടെ പ്രതികരിക്കാനൊരുങ്ങി. എന്നാൽ പൂർണ്ണമായും സെൻസർഷിപ്പ് എർപ്പെടുത്തികഴിഞ്ഞിരുന്നതിനാൽ സപ്ലിമെന്റ് സെൻസർക്കു മുമ്പിൽ ഹാജരാക്കേണ്ടി വന്നു. സെൻസറിങ്ങ് കഴിഞ്ഞപ്പോൾ പത്രത്തിലെ പല ഭാഗങ്ങളും വെട്ടിമാറ്റിയിരുന്നു. പിറ്റേന്നിറങ്ങിയ സപ്ലിമെന്റിൽ ഈ പത്രം  സെൻസറിങ്ങിന് വിധേയമാണെന്ന അറിയിപ്പ് കുറിപ്പായി കൊടുത്തിരുന്നു. വി സി ശുക്ല എഡിറ്ററെ വിളിച്ച് ഇത്തരം എതിർപ്പുകൾ അനുവദിക്കില്ലെന്ന് താക്കീത് നൽകി.

ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ് ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥയുടെ കേന്ദ്രബിന്ദു. അയാളുടെ കൂടെയുണ്ടായിരുന്ന ഉപജാപസംഘത്തിന്റെ തേർവാഴ്ചയായിരുന്നു പിന്നീട് നടന്നത്

രണ്ടുനാൾ വൈദ്യുതി മുടങ്ങിയ ബഹദൂർഷാ സ്ഥർ മാർഗിലെ ലിങ്ക് ഹൗസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സോവിയറ്റ് പിൻതുണയുള്ള ഇടതുവീക്ഷണ പത്രമായ  'പ്രേടിയറ്റ് '  പുറത്തിറങ്ങിയത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞാണ്. അടിയന്തരാവസ്ഥയെ എങ്ങനെ നേരിടണമെന്ന് തീരുമാനിക്കാനായി പേട്രിയറ്റിന്റെ എഡിറ്റോറിയൽ ടീം സമ്മേളിച്ചു. അതിനിടയിൽ പുതിയ സാഹചര്യങ്ങളിൽ കടന്ന് വന്ന പ്രതിബന്ധങ്ങളെ മറികടക്കാൻ പത്രത്തിന്റെ ചെയർമാനും സ്വാതന്ത്ര്യ സമര പോരാളിയുമായ  അരുണ അസഫലി ഇന്ദിരാഗാന്ധിയെ ചെന്നുകണ്ടു. ഫലം വിപരീതമായെന്ന് മാത്രം. തന്റെ ഇളയമ്മയോടുള്ള വാത്സല്യമെല്ലാം മാറ്റിവച്ച് ഇന്ദിരാഗാന്ധി കർക്കശമായ ഭാഷയിൽ കാര്യങ്ങൾ വ്യക്തമാക്കി. ഒന്നുകിൽ ഭരണകൂടത്തിന്റെ ആജ്ഞകൾ പാലിച്ച് പത്രമിറക്കുക അല്ലെങ്കിൽ അടച്ചു പൂട്ടുക. തന്റെ പഴയ രക്ഷിതാവ് ജവഹർലാൽ നെഹറുവിന്റെ പുത്രിയുടെ നിലപാടിൽ നിരാശയായി അരുണ അസഫലി തിരികെ പോന്നു. 

ഇന്ദിരാഗാന്ധിയുടെ ദേശസാൽക്കരണം, പ്രിവിപേഴ്സ് നിർത്തലാക്കൽ തുടങ്ങിയ പുരോഗമനനയങ്ങളെ സ്വാഗതം ചെയ്തെങ്കിലും പേട്രിയറ്റ് എഡിറ്റർ എടത്തട്ട നാരായണൻ അടിയന്തരാവസ്ഥയെ പൂർണമായും പിൻതുണച്ചില്ല. അതിനിടെ സിപിഐ നേതാക്കാളായ ഡാങ്കെ, രാജേശ്വരറാവു എന്നിവർ അരുണ അസഫലിയെ ചെന്ന് കണ്ട് അടിയന്തരാവസ്ഥയെ പിന്തുണച്ചില്ലെങ്കിൽ പത്രത്തിന് സോവിയറ്റ് യൂണിയനിൽ നിന്നുള്ള സഹായസഹകരണങ്ങൾ നിർത്തുമെന്ന് മുന്നറിയിപ്പ് നൽകി. അതോടെ സമ്മർദം മുറുകി. അങ്ങനെ ബ്രിട്ടീഷുകാർക്കെതിരെ സ്വാതന്ത്ര്യസമരത്തിൽ വിട്ട് വീഴ്ചയില്ലാതെ പടപൊരുതിയ സ്വാതന്ത്ര്യ സമര പോരാളിയായ വിഖ്യാത എഡിറ്റർ എടത്തട്ട നാരായണൻ, ഒടുവിൽ സ്വതന്ത്ര ഇന്ത്യയിൽ അടിയന്തരാവസ്ഥക്ക് കീഴടങ്ങി. തന്റെ സ്ഥാപനത്തിന്റെ നിലനിൽപ്പിന് അനിവാര്യമായ തീരുമാനം അദ്ദേഹത്തിനെടുക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ പത്രപ്രവർത്തന ജീവിതത്തിൽ ആദ്യമായും അവസാനമായും തലകുനിച്ച  സന്ദർഭം ഇതായിരുന്നു. 

എങ്കിലും സഞ്ജയ് ഗാന്ധിയെന്ന രണ്ടാം അധികാര കേന്ദത്തെ അദ്ദേഹം അംഗീകരിക്കാൻ വിസമ്മതിച്ചു. അയാളെ തമസ്ക്കരിക്കാൻ എടത്തട്ട നാരായണൻ തന്റെ പത്രത്തിൽ പുതിയൊരു സെൻസറിങ് നടപ്പിലാക്കി. സഞ്ജയ്  ഗാന്ധിയുടെ പടമോ പേരോ പ്രേട്രിയറ്റിൽ അച്ചടിക്കില്ല. അടിയന്തരാവസ്ഥയിൽ ഉടനീളം പ്രേടിയറ്റിലും ലിങ്കിലും ഇത് തുടർന്നു. ശക്തമായ ഈ നിലപാടിൽ  ക്ഷുഭിതനായ സഞ്ജയ് ഗാന്ധി പ്രേടിയറ്റിന് ഗവൺമെന്റ്  പരസ്യങ്ങൾ നിഷേധിച്ചുകൊണ്ട് തിരിച്ചടിച്ചു. 'കുറച്ച് സംസാരം കൂടുതൽ ജോലി' എന്ന സഞ്ജയ് ഗാന്ധിയുടെ അടിയന്തരാവസ്ഥ മുദ്രാവാക്യത്തെ പരിഹസിച്ചുകൊണ്ട് 'കുറച്ചു സംസാരിക്കുക, വിവേകപൂർവം ചിന്തിക്കുക! 'എന്ന എഡിറ്റോറിയൽ പേട്രിയറ്റിൽ പ്രത്യക്ഷപ്പെട്ടു.  

ഇന്ത്യൻ പത്രരംഗം വളരെ വേഗത്തിൽ തന്നെ ദുർവിധിക്ക് കീഴടങ്ങുകയായിരുന്നു. മാധ്യമങ്ങളെ സെൻസർഷിപ്പ് പിടികൂടിയതോടെ പത്രങ്ങൾക്ക് വാർത്തകളും മറ്റും വിഴുങ്ങേണ്ടി വന്നു. ഇക്കാലത്ത് നൂറിലധികം പത്രങ്ങളാണ് പൂട്ടിയത്. പല പ്രസിദ്ധീകരണങ്ങളും സെൻസർഷിപ്പിന് വഴങ്ങാൻ തയ്യാറാവാതെ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പ്രശസ്ത പത്രപ്രവർത്തകൻ നിഖിൽ ചക്രവർത്തി അച്ചടിക്കുന്നതിന് മുമ്പ് സെൻസറിങ് ഓഫീസറെ കാണിക്കണമെന്ന നിലപാടിൽ  പ്രതിഷേധിച്ച് താൻ എഡിറ്ററായ മെയിൻസ്ട്രീം വാരികയുടെ പ്രസിദ്ധീകരണം തന്നെ  നിർത്തിവച്ചു. ബുദ്ധിജീവികളുടെ പ്രസിദ്ധീകരണമായി അറിയപ്പെട്ട ''സെമിനാറിന്റെ' എഡിറ്റർ റൊമേഷ് ഥാപ്പറും തന്റെ പ്രസിദ്ധീകരണം സെൻസർമാരെ കാണിക്കാൻ വിസമ്മതിച്ചു കൊണ്ട്  പ്രസിദ്ധീകരണം അവസാനിപ്പിച്ചു. സോഷ്യലിസ്റ്റ് പാർടിയുടെ മുഖപത്രമായ ജനത, സി പി എം പ്രസിദ്ധീകരണമായ പീപ്പിൾസ് ഡെമോക്രസി എന്നിവയുടെ പ്രസിദ്ധീകരണവും ഇടയ്ക്കിടെ മുടങ്ങി.

ഇക്കണോമിക്ക് ആന്റ് പൊളിറ്റിക്കൽ റിവ്യൂ (ഇ പി ഡബ്ലിയു) അടിയന്തരാവസ്ഥയെ ഏതിർക്കാനോ അനുകൂലിക്കാനോ ശ്രമിച്ചില്ല, പക്ഷേ, സെൻസർഷിപ്പിനെ നേരിടാൻ പുതിയൊരു മാർഗം കണ്ടെത്തി. പത്രാധിപകുറിപ്പിന് താഴെ ക്ലിപ്പിങ്ങ്സ് എന്നോരു പംക്തി ആരംഭിച്ചു. വിവിധ പത്രമാസികകളിൽ പ്രസിദ്ധീകരിക്കുന്ന  വാർത്തകളും കുറിപ്പുകളും തീയതി സഹിതം അതാത് മാസികകളുടെ പേര് സഹിതം പ്രസിദ്ധീകരിക്കാൻ തുടങ്ങി. അടിയന്തരാവസ്ഥയുടെ ഇന്ത്യയൊട്ടുക്കുള്ള പ്രതിഫലനങ്ങൾ ഇതുവഴി വായനക്കാർക്ക് ലഭിച്ചു. ഇ പി ഡബ്ല്യുവിന്റെ എഡിറ്ററായ മലയാളിയായ കൃഷ്ണരാജായിരുന്നു ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം.

അതിനിടയിൽ ടൈംസ് ഓഫ് ഇന്ത്യയുടെ  ചരമകോളത്തിൽ ജൂൺ 28ന് ഒരു ചരമ പരസ്യം പ്രത്യക്ഷപ്പെട്ടു. ജൂൺ 25 ന് രാത്രി അന്തരിച്ച ഒരു പരേതന്റെതായിരുന്നു. പരസ്യത്തിന്റെ പൂർണരൂപം ഇതായിരുന്നു.

''O CRACY D.E.M., BELOVED HUSBAND OF TRUTH LOVING FATHER OF L.I.BERTIE.,

 BROTHER OF FAITH, HOPE AND JUSTICE EXPIRED ON 26TH JUNE.''

എതോ ഗോവക്കാരന്റെ ചരമകുറിപ്പാണെന്ന് കരുതി സെൻസർമാർ ശ്രദ്ധിക്കാതെ പോയ ചരമ പരസ്യമായിരുന്നു അത്.  ജനാധിപത്യം അന്തരിച്ചു എന്ന വ്യംഗാർഥമുള്ള , ഈ പരസ്യം അടിയന്തരാവസ്ഥയിലെ പത്ര സെൻസറിങ്ങിൽ പ്രതിഷേധിച്ച്  അന്ന് 26 കാരനായ യുവ പത്രപ്രവർത്തകനായ അശോക് മഹാദേവൻ കൊടുത്തതായിരുന്നു .

പിന്നിട് റീഡേഴ്സ് ഡൈജസ്റ്റിന്റെ ഇന്ത്യൻ പതിപ്പിന്റെ എഡിറ്ററായ അശോക് മഹാദേവൻ അന്ന് ഒരു ശ്രീലങ്കൻ പത്രത്തിൽ 1970ൽ വന്ന ഇത്തരമൊരു പരസ്യം കണ്ടെടുത്ത് അത് 22 വാക്കിൽ ചുരുക്കി ടൈംസ് ഓഫ് ഇന്ത്യയിൽ നൽകുകയായിരുന്നു. ഒരു പത്രപ്രവർത്തകന്റെ ശ്രദ്ധയിൽ ഇതുപെട്ടതോടെ ഇതിന് വൻ പ്രചാരം ലഭിച്ചു. പിന്നീട് അതൊരു പ്രശസ്തമായ അടിയന്തരാവസ്ഥ ഫലിതമായി പരിണമിച്ചു. അതോടെ സെൻസർമാരുടെ ശ്രദ്ധ പരസ്യക്കോളത്തിലേക്കും തിരിഞ്ഞു.

അടിയന്തരാവസ്ഥ കാർട്ടൂൺ- അബു എബ്രഹാം
അടിയന്തരാവസ്ഥ കാർട്ടൂൺ- അബു എബ്രഹാം

ശങ്കഴ്സ് വീക്കിലിയിൽ പ്രശസ്ത പത്രപ്രവർത്തകൻ സി പി രാമചന്ദ്രൻ താനെഴുതുന്ന കോളത്തിലൂടെ കനത്ത വിമർശനം നടത്തി. പക്ഷേ, ഒരിക്കൽപോലും സെൻസർമാർ വീക്കിലിയെ പിടികൂടിയില്ല. ശങ്കറിന്റെ  സുഹൃത്തായ ഒരു ഉന്നതോദ്യോഗസ്ഥൻ  ലേഖനങ്ങളും കാരിക്കേച്ചറുകളും ഒന്ന് മയപ്പെടുത്തി പ്രസിദ്ധീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഏതായാലും അടിയന്തരാവസ്ഥ നിലവിൽ വന്ന് ഒരുമാസം പിന്നിട്ടതോടെ ശങ്കേഴ്സ് വീക്കിലി നിറുത്തുകയാണെന്ന് ശങ്കർ പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന്  ബഹദൂർ ഷാ സഫർ മാർഗിൽ നിന്ന്  പുറത്തിറങ്ങിയ ഏക ദിനപത്രമായിരുന്നു ജനസംഘത്തിന്റെ 'മദർലാന്റ് '. ജയപ്രകാശ് നാരായണൻ , രാജ് നാരായണൻ എന്നിവരെ അറസ്റ്റ് ചെയ്ത വിവരങ്ങൾ ഉൾപ്പെടുത്തി തലേന്ന് രാത്രി തന്നെ അവർ പത്രം അച്ചടിച്ചു. പക്ഷേ, അത് അവസാന ലക്കമായിരുന്നു. കെ ആർ മൽക്കാനി എഡിറ്ററായിരുന്ന മദർലാന്റ്  പിന്നീട് ഒരിക്കലും പുറത്തു വന്നില്ല.

'കുനിയാൻ പറഞ്ഞപ്പോൾ  അവർ ഇഴയാൻ തയ്യാറായി' എന്നാണ് അക്കാലത്തെ പത്രക്കാരെ കുറിച്ച് എൽ കെ അദ്വാനി   നിർവചിച്ചത്.  ഈ വാചകം ഇപ്പോഴും സ്ഥാനത്തും അസ്ഥാനത്തും ഉദ്ധരിക്കപ്പെടുന്നു. 

ഇന്ദിരാഗാന്ധിയുടെ രണ്ടാമത്തെ മകനായ സഞ്ജയ്ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥയുടെ കേന്ദ്രബിന്ദു. അയാളുടെ കൂടെയുണ്ടായിരുന്ന ഉപജാപസംഘത്തിന്റെ തേർവാഴ്ചയായിരുന്നു പിന്നീട് നടന്നത്. അംബികാ സോണി, ജഗദീഷ് ടൈറ്റ്ലർ, മുഹമ്മദ് യൂനസ്സ്, കമൽ നാഥ്, ലളിത് മാക്കൻ, റുഖ്സാന സുൽത്താന തുടങ്ങിവർ അധികാരഗർവിൽ മുഴുകി എന്തുംചെയ്യുന്ന അവസ്ഥയായിരുന്നു.

സ്വതന്ത്ര ഇന്ത്യയിലെ മികച്ച ബ്യൂറോക്രാറ്റും ഇന്ദിരാഗാന്ധിയുടെ മികച്ചനയങ്ങൾക്ക് പിന്നിലെ ബുദ്ധികേന്ദ്രവും സെക്രട്ടറിയുമായ പി എൻ ഹക്സറിനെ പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ച് മുഹമ്മദ് യൂനസ്സ് കാണാനായിടയായപ്പോൾ ഈ തെമ്മാടിയെ ആരാണ് ഇവിടേക്ക് കൊണ്ടുവന്നത് എന്ന് ആക്രോശിച്ചു. ഹക്സറിനേപ്പൊലെ ഉന്നത ശ്രേണിയിലുള്ള ഒരാൾക്ക് നേരിടേണ്ടി വന്നത് ഈ തരത്തിലുള്ള പെരുമാറ്റമാണെങ്കിൽ സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ!

ഈ പ്രകടനം കണ്ട നാഷണൽ ഹെറാൾഡിന്റെ പ്രതാധിപർ എം ചലപതി റാവു ഇന്ദിരാഗാന്ധിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന എച്ച് വൈ ശാരദപ്രസാദിനോട് പറഞ്ഞു 'ഇങ്ങനെ  ഗുണ്ടകൾ അഴിഞ്ഞാടുന്നത് ബ്രിട്ടീഷ് ഇന്ത്യയിൽ പോലും ഞാൻ കണ്ടിട്ടില്ല.'

പത്രപ്രവർത്തകരുടെ ഉള്ളിൽ ഭയമുണ്ടാക്കുകയായിരുന്നു ഇന്ദിരാ ഗാന്ധിക്കാവശ്യം. അതിനാൽ പ്രമുഖരെ അറസ്റ്റ് ചെയ്യാനായിരുന്നു ഉദ്ദേശം. പ്രശസ്ത പത്രപ്രവർത്തനായ കുൽദീപ് നയ്യാരെ അറസ്റ്റ് ചെയ്തു. പ്രസ് സെൻസർഷിപ്പിനെ വിമർശിക്കാൻ ഡൽഹി പ്രസ് ക്ലബിൽ നൂറോളം പത്രപ്രവർത്തകരെ അദ്ദേഹം ആഹ്വാനം ചെയ്ത് പ്രസംഗിച്ചിരുന്നു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഗവൺമെന്റിനെതിരെ കലാപത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു കുൽദീപ് നയ്യാരെ അറസ്റ്റ് ചെയ്യാൻ പോലീസ് കാരണം പറഞ്ഞത്. ഈ അറസ്റ്റോടെ ഡൽഹിയിലെ പത്രപ്രവർത്തകർ വരച്ചവരയിൽ നിന്നു.

ഇന്ത്യൻ എക്സ്പ്രസ് ഉടമ രാം നാഥ് ഗോയങ്കയെ അറസ്റ്റ് ചെയ്യാൻ വി സി ശുക്ല ശ്രമിച്ചെങ്കിലും ഇന്ദിരാ ഗാന്ധി അനുവദിച്ചില്ല. ഗോയങ്ക തടവിലായാൽ ഫിറോസ്‌ ഗാന്ധിയുമായി ബന്ധപ്പെട്ട ഹിതകരമല്ലാത്ത വാർത്തകൾ അദ്ദേഹം പുറത്ത് വിടുമെന്ന ഭയമായിരുന്നു കാരണം.

അപഖ്യാതി പരത്തലാണ് ഇന്ത്യൻ പത്രങ്ങളുടെ ശൈലി, സെൻസർഷിപ്പ് മാത്രമാണ് ഇത് അവസാനിപ്പിക്കാനുള്ള പോംവഴി എന്നായിരുന്നു സഞ്ജയ് ഗാന്ധിയുടെ വാദം

1976 ജനുവരി 25 ലക്കം ഇലസ്ടേറ്റഡ് വീക്കിലിയുടെ എഡിറ്ററായ ഖുഷ്വന്ത് സിങ് സഞ്ജയ് ഗാന്ധിയുടെ പ്രത്യേക അഭിമുഖം പ്രസിദ്ധീകരിച്ചു. ആ കാലത്തെ മികച്ച വാരികകളിലൊന്നായിരുന്നു ഇലസ്ട്രേറ്റഡ് വീക്കിലി. അപഖ്യാതി പരത്തലാണ് ഇന്ന് ഇന്ത്യൻ പത്രങ്ങളുടെ ശൈലി. സെൻസർഷിപ്പ് മാത്രമാണ് ഇത് അവസാനിപ്പിക്കാനുള്ള പോംവഴി എന്നായിരുന്നു സഞ്ജയ് ഗാന്ധിയുടെ വാദം. രാജ്യത്തെ വിജയകരമായി നയിക്കാൻ സഞ്ജയ് ഗാന്ധിക്ക് സാധിക്കും എന്നൊരു പ്രഖ്യാപനത്തോട് കൂടിയായിരുന്നു അഭിമുഖം അവസാനിക്കുന്നത്.

ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റിലെ ചേരി നിർമാർജ്ജനവും നിർബന്ധിത വന്ധീകരണവും ഈ സമയത്ത് സഞ്ജയ് ഗാന്ധിയുടെ പരിഷ്കാരങ്ങളായിരുന്നു. ഇതാകട്ടെ വിവാദങ്ങൾക്ക് വഴിവച്ചു. ക്യാബിനറ്റ് മന്ത്രിമാരുടെ തലയ്ക്കു മുകളിൽ രണ്ടാം അധികാരകേന്ദ്രമായി മാറിയ സഞ്ജയ് ഗാന്ധിയെ വാഴ്ത്താനായി ഖുഷ്വന്ത് സിങ് ഇലസ്ടേറ്റഡ് വീക്കിലിയുടെ പേജുകൾ നീക്കിവച്ചു. ജനുവരി ലക്കത്തിൽ പോയ വർഷത്തെ തിളങ്ങിയ, മികച്ച ഇന്ത്യാക്കാരനായി സഞ്ജയ് ഗാന്ധിയെ തിരഞ്ഞെടുത്തു.

അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങൾ ഏറ്റവും അധികം നേരിട്ടനുഭവിച്ചത് ഇന്ത്യൻ എക്സ്പ്രസ്സായിരുന്നു

18 മാസങ്ങൾക്ക് ശേഷം 1977 ജനുവരി 19ന് അടിയന്താവസ്ഥ പിൻവലിക്കപ്പെട്ടു. തൊട്ടുപിന്നാലെ മാർച്ചിൽ ഇലക്ഷൻ പ്രഖ്യാപനവും ഉണ്ടായി. അടിയന്തരവസ്ഥയിലെ കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിച്ച ഷാ കമ്മീഷന് മുന്നിൽ, തന്നെയും തന്റെ സ്ഥാപനത്തേയും നശിപ്പിക്കാനായി വ്യാജരേഖകളും തെറ്റായ ആരോപണങ്ങളും ഉന്നയിക്കുകയും അവയ്ക്ക് വൻ പ്രചാരം നൽകുകയും രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഇന്ത്യൻ എക്സ്പ്രസ്സിനേതിരെ പാർലമെന്റിൽ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തെന്ന്  ഇന്ത്യൻ എക്സ്പ്രസ്സ് ഉടമ രാംനാഥ് ഗോയങ്ക മൊഴി നൽകി. അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങൾ ഏറ്റവും അധികം നേരിട്ടനുഭവിച്ചത് ഇന്ത്യൻ എക്സ്പ്രസ്സായിരുന്നു.

ഇന്ത്യയൊട്ടുക്ക് ഏതാണ്ട് നൂറിലധികം  പത്ര സ്ഥാപനങ്ങളാണ് ആ തേർവാഴ്ചയിൽ എന്നെന്നേക്കുമായി അടച്ചു പൂട്ടിയത്. മാധ്യമസ്വാതന്ത്ര്യം ബ്രിട്ടീഷ് ഇന്ത്യയിൽ പോലും കാണാത്ത വിധമാണ് ഹനിക്കപ്പെട്ടതെന്നാണ് മാധ്യമ നിരീക്ഷകരുടെ അഭിപ്രായം. അടിയന്തരാവസ്ഥയിൽ എഡിറ്റർമാരുടേയും പത്രപ്രവർത്തകരുടേയും  യഥാർത്ഥ നിറം പുറത്തുവരുകയും ഭീരുക്കളെയും ധീരന്മാരെയും ധിക്കാരികളെയും വേർതിരിച്ചറിയാനും ആളുകൾക്ക് അടിയന്തരാവസ്ഥയിൽ കഴിഞ്ഞു. വായനക്കാർക്ക് വേർതിരിച്ചറിയാനും കഴിഞ്ഞു.

logo
The Fourth
www.thefourthnews.in