ഇവിആര്‍ മുതല്‍ സ്റ്റാലിന്‍ വരെ: ഹിന്ദുത്വത്തിനെതിരായ ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ ചെറുത്തുനില്‍പ്പുകള്‍
കര്‍ണാടകയുടെ നഷ്ടം തെക്കെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എങ്ങനെയൊക്കെ നികത്താന്‍ കഴിയുമെന്ന ആലോചനയിലും തീവ്ര ശ്രമത്തിലുമാണ് ബിജെപി. അതിന് അവര്‍ കേരളം, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം പലതരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട് ഇതില്‍നിന്ന് വ്യത്യസ്തമായ ചില മാനങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്. കേരളവും മറ്റൊരര്‍ത്ഥത്തില്‍ അങ്ങനെ തന്നെ. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ ബിജെപിയെടുക്കുന്ന സമീപനങ്ങളും അതിനെതിരെ ഡിഎംകെ നടത്തുന്ന പ്രതിരോധവും ഏറെ പ്രധാനപ്പെട്ടതാണ്.
കേരളവും തമിഴ്‌നാടും രണ്ട് വ്യത്യസ്ഥ രീതിയിലാണ് ബിജെപിയ്ക്ക് പ്രധാനപ്പെട്ടതാകുന്നത്. രണ്ട് സംസ്ഥാനങ്ങളും രണ്ട് രീതിയില്‍ ആര്‍ എസ് എസ്സിനെ പ്രകോപിപ്പിക്കുന്നതാണ്. മുഖ്യശത്രുക്കളെന്ന് ആര്‍ എസ് എസ് വിലയിരുത്തിയവര്‍ക്കൊക്കെ സ്വാധീനമുള്ള പ്രദേശമാണ് കേരളം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആര്‍ എസ് എസിനെ സംബന്ധിച്ച് ആഭ്യന്തര ശത്രുക്കളാണ്. അതുകൊണ്ട് കേരളം കീഴടക്കുകയെന്നത് ഈ ശത്രുക്കളെ ജയിക്കുകയെന്നതിന്റെ പ്രതീകമായാണ് അവര്‍ കാണുന്നത്. തമിഴ്‌നാടിന്റെ കാര്യം അങ്ങനെയല്ല, ബ്രാഹ്‌മണ്യത്തെ എതിര്‍ത്തുകൊണ്ടാണ് തമിഴ്‌നാടിന്റെ ആധുനിക രാഷ്ട്രീയം വളര്‍ന്നത്. ഇ വി രാമസ്വാമി നായ്ക്കര്‍ മുതല്‍ തുടങ്ങിയ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണ് ആര്‍ എസ് എസ്സിന് വെല്ലുവിളിയാകുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും അതുപോലെ എഡിഎംകെ പോലുള്ള പാര്‍ട്ടികളെയും സ്വാധീനിച്ച് എങ്ങനെയെങ്കിലും തമിഴ്‌നാട്ടില്‍ നിലയുറപ്പിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.
ഇതിന്റെ ഭാഗമായാണ് തമിഴ്‌നാട്ടില്‍നിന്നുള്ള ചെങ്കോല്‍ പാര്‍ലമെന്റില്‍ പ്രതിഷ്ഠിച്ചത്. ചരിത്രപരമായി വിശ്വാസ്യയോഗ്യമല്ലെങ്കിലും തമിഴ്‌നാട്ടിലെ ചെങ്കോല്‍ പാര്‍ലമെന്റില്‍ സ്ഥാപിച്ചതുവഴി, തമിഴ് മനസ്സില്‍ കടന്നുകൂടാമെന്നും ബിജെപി പ്രതീക്ഷിക്കുന്നു. ഇതാണ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമായിത്തന്നെ പറഞ്ഞത്. ചെങ്കോല്‍ തന്നു, ഞങ്ങള്‍ക്ക് ഇനി എം പി മാരെ തരൂവെന്നായിരുന്നു തമിഴ്‌നാടിനോടുള്ള അപേക്ഷ. ഇതിന് പിന്നാലെയാണ് ഇ ഡി ചെന്നെയില്‍ എത്തി, മന്ത്രി സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്തത്.
മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ മുഖ്യമന്ത്രി എം സ്റ്റാലിന്‍ കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് നടത്തിയ പ്രഖ്യാപനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. ''നാൻ തിരുപ്പിയടിച്ചാൽ ഉങ്കളാൽ താങ്ക മുടിയാത്,'' എന്ന സ്റ്റാലിൻ്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബിജെപി എത്ര തന്നെ ശ്രമിച്ചാലും ഡിഎംകെയുടെ ഒരു പ്രവര്‍ത്തകനെ പോലും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും റബ്ബര്‍ പന്തുപോലെ ഡി എം കെ തിരിച്ചടിക്കുമെന്നുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറ്റൊരു പ്രസ്താവന. സ്റ്റാലിന്റെ ബിജെപിയ്‌ക്കെതിരായ വെല്ലുവിളികളില്‍ നിഴലിക്കുന്നത് തുടക്കം മുതല്‍ ദ്രാവിഡ പ്രസ്ഥാനം ബ്രാഹ്‌മണിക്കല്‍ രാഷ്ട്രീയത്തോട് സ്വീകരിച്ച സമീപനങ്ങളാണ്. സ്വതന്ത്ര ദ്രാവിഡ നാട് ലക്ഷ്യമാക്കിയ ഇ വി ആര്‍ ഉത്തരേന്ത്യകാര്‍ക്ക് ആധിപത്യം കിട്ടുമെന്ന് പറഞ്ഞ് ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ പോലും അംഗീകരിച്ചിരുന്നില്ല. അന്നേ ദിവസം ദുഃഖാചാരണ ദിവസമായി കാണാനാണ് ഇവിആര്‍ ആഹ്വാനം ചെയ്തത്.
അധികാര കൈമാറ്റം നടന്ന 1947 ഓഗസ്റ്റ് 15 നെ ഇവിആര്‍ വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാര്‍ ബനിയ, ബ്രാഹ്‌മണന്‍ വിഭാഗക്കാരുമായി ധാരണയുണ്ടാക്കി നടപ്പിലാക്കിയ ദിവസം എന്നായിരുന്നു. ഓഗ്‌സ്റ്റ് 15 കരിദിനമാണെന്നും സ്വാതന്ത്ര്യ ദിനമല്ലെന്നും അദ്ദേഹം കരുതി. എന്നാല്‍ തീവ്ര നിലപാടിനോട് വിയോജിപ്പുള്ളവര്‍ സംഘടനയിലുണ്ടായിരുന്നു. ഇ വി ആറിന്റെ ശിഷ്യനും പിന്നീട് മുഖ്യമന്ത്രിയുമായ ഡി എം കെ സ്ഥാപകന്‍ അണ്ണാദുരൈയ്ക്ക് ഈ നിലപാടിനോട് യോജിപ്പുണ്ടായിരുന്നില്ല. ഓഗസ്റ്റ് 15 എന്നത് ചരിത്രപ്രധാനമായ ദിവസമാണെന്നും ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധപിടിച്ചുപറ്റിയ സംഭവമാണെന്നുമായിരുന്നു അണ്ണാദുരൈയുടെ വിലയിരുത്തല്‍. കൊളോണിയലിസത്തിനെതിരാണ് തങ്ങളെന്നും സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന കാര്യത്തില്‍ മറ്റാരുടെയും പിന്നിലല്ലെന്നും സ്ഥാപിക്കുകയായിരുന്നു അണ്ണാദുരൈ. ഇതടക്കമുള്ള വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അണ്ണാദുരൈ ഇ വി ആറുമായി അകലുന്നതും ഡിഎംകെ എന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതും.
ഇവിആറുമായി അകന്നുവെങ്കിലും ദ്രാവിഡരാഷ്ട്രീയതത്തെ കൂടുതല്‍ പ്രയോഗികമാക്കി വികസിപ്പിക്കുകയാണ് അണ്ണാദുരൈ ചെയ്തത്. രാജ്യസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഒരേ സമയം പ്രയോഗിക രാഷ്ട്രീയത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത ബ്രാഹ്‌മണ്യവിരുദ്ധതയുടെയും സാക്ഷ്യങ്ങളായിരുന്നു. ദ്രാവിഡനാട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇന്ത്യയെന്നത് അസ്വസ്ഥമായ സംസ്ഥാനങ്ങളുടെ കൂട്ടായ്മ ആയി നിലനില്‍ക്കുയല്ല വേണ്ടതെന്നാണ്. '' ഞാൻ തമിഴ്‌നാടിനെ പ്രതിനിധീകരിക്കുന്നു, ഇപ്പോള്‍ തമിഴ്‌നാട് ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നു,'' എന്ന അദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിവാദമാകുകയും ചെയ്തു. വിഘടനവാദം ഉന്നയിക്കുന്നതിനെതിരായ ആശയപ്രകടനങ്ങള്‍ വിലയ്ക്കുന്നതിനുള്ള ഭരണഘടനയുടെ 16-ാം ഭേദഗതി ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടായിരുന്നു. പിന്നീടാണ് ദ്രാവിഡ നാട് എന്ന ആവശ്യം ഒഴിവാക്കാന്‍ ഡി എം കെ തീരുമാനിച്ചത്. ദ്രാവിഡ നാട് എന്ന ആവശ്യത്തില്‍നിന്ന് ഡി എം കെ പിന്‍വാങ്ങിയെങ്കിലും ഹിന്ദിവിരുദ്ധത തുടര്‍ന്നു. ഹിന്ദിവിരുദ്ധ സമരമാണ് ഡിഎംകെ തമിഴ്നാനാട്ടിലെ പ്രമുഖ കക്ഷിയാക്കിയതും കോണ്‍ഗ്രസിനെ അരികിലേക്ക് തള്ളിയതും. ഇപ്പോഴും രാജ്യത്തെ ഏക ഔദ്യോഗിക ഭാഷയായി ഹിന്ദിയെ മാറ്റാതിരിക്കാന്‍ ബിജെപി ഭയക്കുന്നതിനുള്ള കാര്യം അതിനിടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെയും കേന്ദ്രത്തിലേയും ചില സാഹചര്യങ്ങള്‍ ഡി എം കെയേയും ബിജെപിയേയും അഞ്ച് വര്‍ഷം കൂട്ടാളികളാക്കി. ജയലളിത വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോഴായിരുന്നു അത്. എന്നാല്‍ 2004 മുതല്‍ ഡിഎംകെ യുപിഎയുടെ ഭാഗമാകുകയും ചെയ്തു.
എം കെ സ്റ്റാലിന്‍ പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായതിന് ശേഷം ആര്‍ എസ് എസ്സിനോടുള്ള സമീപനം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്തത്. ''ഞാന്‍ ഡല്‍ഹിയില്‍ പോകുന്നത് ബിജെപി നേതാക്കളുടെ മുന്നില്‍ തൊഴുകൈയോടെ നില്‍ക്കാനല്ല. സംസ്ഥാനത്തിന് അവകാശപ്പെട്ടത് നേടിയെടുക്കാനാണ്. ബിജെപിയോടും ആര്‍ എസ് എസ്സിനോടും ഒരു വിട്ടുവീഴ്ചയും കാണിക്കുന്ന സമീപനം ഡിഎംകെ സ്വീകരിക്കില്ല,'' അദ്ദേഹം ഒരിക്കല്‍ പറഞ്ഞു. ആര്‍ എസ് എസ്സിന്റെ മാര്‍ച്ചുകള്‍ക്ക് ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി വിലക്കേര്‍പ്പെടുത്തിയും മറ്റും അദ്ദേഹം തന്റെ നിലപാടുകള്‍ കൂടുതല്‍ വെളിപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസുമായും ഇടതുപാര്‍ട്ടികളുമായും മറ്റ് പ്രാദേശിക പാര്‍ട്ടികളുമായും നല്ല ബന്ധം തുടര്‍ന്നുകൊണ്ട് ബിജെപി വിരുദ്ധ രാഷ്ട്രീയത്തില്‍ നിര്‍ണായക ഉത്തരവാദിത്തമാണ് സ്റ്റാലിന്‍ നിര്‍വഹിക്കുന്നത്.