'മോദിയെ വീഴ്ത്താന്‍ ഗ്രാമങ്ങള്‍ വളയും'; കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി  രാജ്യവ്യാപക പ്രചാരണത്തിന് കർഷകർ

'മോദിയെ വീഴ്ത്താന്‍ ഗ്രാമങ്ങള്‍ വളയും'; കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി രാജ്യവ്യാപക പ്രചാരണത്തിന് കർഷകർ

കനത്ത പോലീസ് സുരക്ഷയിലായിരുന്നു രാംലീലാ മൈതാനത്ത് മഹാപഞ്ചായത്ത്. ഡൽഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നിരവധി കര്‍ഷകര്‍ക്ക് സമരവേദിയിലേക്ക് എത്താന്‍ സാധിച്ചില്ല
Updated on
3 min read

മഞ്ഞുകാലം അവസാനിച്ചിട്ടില്ലെങ്കിലും ഡൽഹിയിലെ രാംലീലാ മൈതാനത്ത് പൊള്ളുന്ന വെയിലായിരുന്നു. അതിരാവിലെ മുതല്‍ കര്‍ഷകര്‍ പതാകയുമായി ബിജെപിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും മുദ്രാവാക്യങ്ങള്‍ മുഴക്കി രാംലീലാ മൈതാനത്തേക്ക് നടന്നുനീങ്ങുന്നുണ്ടായിരുന്നു. അഖിലേന്ത്യ കിസാന്‍ സഭ ഉള്‍പ്പടെ നിരവധി കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്ത് അക്ഷരാര്‍ത്ഥത്തില്‍ കര്‍ഷകരുടെ മറ്റൊരു ശക്തിതെളിയിക്കല്‍ കൂടിയായി. രാവിലെ പതിനൊന്നിന് ആരംഭിച്ച് വൈകിട്ട് മൂന്നു വരെ നടന്ന കിസാന്‍ മഹാപഞ്ചായത്തില്‍ ഉയര്‍ന്നത് "മോദി ഹട്ടാവോ, രാഷ്ട്ര ഭച്ചാവോ" മുദ്രാവാക്യമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ കര്‍ഷകര്‍ നരേന്ദ്ര മോദിക്കെതിരെ പ്രചാരണത്തിനിറങ്ങും. മോദിയെ പരാജയപ്പെടുത്താന്‍ എല്ലാ കര്‍ഷകരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു. മേധാപട്‌കറെ പോലുള്ള നേതാക്കളും കിസാന്‍ മഹാപഞ്ചായത്തിന് പിന്തുണ പ്രഖ്യാപിച്ച് രാംലീലാ മൈതാനത്തെത്തി.

''കാര്‍ഷിക കടങ്ങളുടെ പേരില്‍, കൃഷിനഷ്ടത്തിന്റെ പേരില്‍ ആയിരക്കണക്കിന് കര്‍ഷകരാണ് രാജ്യത്ത് ആത്മഹത്യ ചെയ്യുന്നത്. കര്‍ഷകര്‍ മരിച്ചുവീഴുമ്പോള്‍, കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി സംസാരിക്കുന്ന പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത്. അതിനാല്‍ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തുക തന്നെ വേണം. അതിനായി കര്‍ഷകരും തൊഴിലാളികളും ഒന്നിക്കണമെന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോകണം,'' മേധാപട്‌കര്‍ ആവശ്യപ്പെട്ടു.

മേധാപട്‌കർ കർഷകരെ അഭിസംബോധന ചെയ്യുന്നു
മേധാപട്‌കർ കർഷകരെ അഭിസംബോധന ചെയ്യുന്നുഫോട്ടോ: പി ആർ സുനിൽ

മോദി ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു, ഞങ്ങള്‍ ആവശ്യപ്പെടുന്നത് എത്ര നിസാര കാര്യങ്ങളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ഒരു ശതമാനം പോലും ഞങ്ങള്‍ക്ക് ആവശ്യപ്പെടുന്നില്ല. ഞങ്ങള്‍ക്ക് വേണ്ടിയല്ല, ഈ നാടിനുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്

ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ കര്‍ഷകൻ ബല്‍ബീര്‍

2020 നവംബറിലായിരുന്നു ഡൽഹി അതിര്‍ത്തിയിലേക്ക് ആദ്യ കര്‍ഷക മാര്‍ച്ച് എത്തിയത്. രണ്ടാം കോവിഡ് തരംഗ ഭീഷണികള്‍ അതിജീവിച്ച് കര്‍ഷകര്‍ ഡൽഹി അതിര്‍ത്തികളില്‍ ഒരു വര്‍ഷത്തിലധികം കര്‍ഷകര്‍ തുടര്‍ന്നു. മഞ്ഞുകാലവും മഴക്കാലവും ചുട്ടുപൊള്ളുന്ന വേനലും താണ്ടിയ ആ സമരത്തിനിടയില്‍ എഴുനൂറിലധികം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിച്ച് കര്‍ഷകരുടെ ഡൽഹി അതിര്‍ത്തി പ്രക്ഷോഭം തല്‍ക്കാലത്തേക്ക് കേന്ദ്രം ഒത്തുതീര്‍പ്പാക്കി. താങ്ങുവില ഉറപ്പാക്കാനും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനും തീരുമാനങ്ങളെടുക്കാന്‍ പ്രത്യേക സമിതിയൊക്കെ രൂപീകരിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. അതാണ് വീണ്ടും കര്‍ഷകര്‍ സമരമുഖത്തേക്കിറങ്ങിയത്. രാഷ്ട്രീയമായ പ്രതിരോധത്തിലൂടെ മാത്രമേ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കൂയെന്ന തിരിച്ചറിവിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രചാരണമെന്ന പുതിയ സമരനീക്കം.

"മോദി ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചു, ഞങ്ങള്‍ ആവശ്യപ്പെടുന്നത് എത്ര നിസ്സാര കാര്യങ്ങളാണ്. കോര്‍പ്പറേറ്റുകള്‍ക്ക് എന്തൊക്കെ സഹായങ്ങളാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അതിന്റെ ഒരു ശതമാനം പോലും ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. ഞങ്ങള്‍ക്കുവേണ്ടിയല്ല, ഈ നാടിനുവേണ്ടിയാണ് ഞങ്ങള്‍ പോരാടുന്നത്," ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ കര്‍ഷകൻ ബല്‍ബീര്‍ പറയുന്നു.

കനത്ത പോലീസ് സുരക്ഷയിലായിരുന്നു രാംലീലാ മൈതാനത്തെ മഹാപഞ്ചായത്ത്. ഡൽഹി അതിര്‍ത്തിയില്‍ പലയിടങ്ങളിലും പോലീസ് തടഞ്ഞതിനെത്തുടര്‍ന്ന് നിരവധി കര്‍ഷകര്‍ക്ക് സമരവേദിക്കരികിലേക്ക് എത്താന്‍ സാധിച്ചില്ല. എങ്കിലും ആയ്യായിരത്തോളം കര്‍ഷകര്‍ രാംലീലാ മൈതാനത്ത് എത്തിയെന്നാണ് സംഘടനാ നേതാക്കള്‍ പറയുന്നത്.

"നരേന്ദ്ര മോദി ഇനിയും ഭരണാധികാരിയായി തുടര്‍ന്നാല്‍ രാജ്യം കൂടുതല്‍ തകരുമെന്ന് കിസാന്‍സഭ നേതാവും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ വിജു കൃഷ്ണന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. മോദിയെ വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനായി ശക്തമായ പ്രചാരണത്തിനാണ് കര്‍ഷകര്‍ ഇറങ്ങാന്‍ പോകുന്നത്. രാജ്യം മുഴുവന്‍ ഇതിനായി കര്‍ഷകര്‍ സഞ്ചരിക്കുമെന്നും വിജു കൃഷ്ണന്‍ പറഞ്ഞു.

നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനുള്ള പ്രചാരണം തന്നെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും ലക്ഷ്യം. ശംഭുവില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭകരണ്‍ സിങ്ങിന്റെ ചിതാഭസ്മവുമായി മോദിക്കെതിരെ പ്രചാരണം നടത്താനാണ് ഇവരുടെ തീരുമാനം
കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ കർഷകൻ
കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയ കർഷകൻഫോട്ടോ: പി ആർ സുനിൽ

ബിജെപിയെ പ്രചാരണത്തിനിറങ്ങാന്‍ അനുവദിക്കില്ലെന്നും ഗ്രാമങ്ങള്‍ വളയുമെന്നുമാണ് യു പിയില്‍നിന്നെത്തിയ ഒരു കര്‍ഷകന്‍ പറഞ്ഞത്. നരേന്ദ്ര മോദിക്ക് ആരും വോട്ട് ചെയ്യരുതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അങ്ങനെ മോദിയെ താഴെയിറക്കാനുള്ള മറ്റൊരു സമരാഹ്വാനമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ മഹാപഞ്ചായത്ത്.

കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി പ്രചാരണം

ഡൽഹി രാംലീലാ മൈതാനത്ത് സമരം നടക്കുന്നതിനൊപ്പം സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പ്രക്ഷോഭം ഇപ്പോഴും ശക്തമായി തുടരുകയാണ്. ആയിരത്തിലധികം കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇപ്പോഴും ദേശീയപാതയില്‍ തുടരുകയാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗം നേതാവ് കെ വി ബിജു പറഞ്ഞു.

നരേന്ദ്ര മോദിയെ പരാജയപ്പെടുത്താനുള്ള പ്രചാരണം തന്നെയാണ് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗത്തിന്റേയും ലക്ഷ്യം. ശംഭുവില്‍ കര്‍ഷകരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട യുവകര്‍ഷകന്‍ ശുഭകരണ്‍ സിങ്ങിന്റെ ചിതാഭസ്മവുമായി മോദിക്കെതിരെ പ്രചാരണം നടത്താനാണ് ഇവരുടെ തീരുമാനം. മോദി മത്സരിക്കുന്ന വാരാണസിയിലും അമിത്ഷാ ഉള്‍പ്പടെയുള്ള കേന്ദ്ര മന്ത്രിമാര്‍ മത്സരിക്കുന്ന ഇടങ്ങളിലും യുപിയിലും ബിഹാറിലും ബംഗാളിലുമൊക്കെ കര്‍ഷകര്‍ പ്രചാരണത്തിനിറങ്ങും.

കർഷക സമര വേദി
കർഷക സമര വേദിഫോട്ടോ: പി ആർ സുനിൽ

ഭിന്നതക്കിടയിലും ഒറ്റ ലക്ഷ്യം

ഡൽഹി അതിര്‍ത്തിയില്‍ ഒരു വര്‍ഷം നീണ്ട സമരത്തിനുശേഷം സംയുക്ത കിസാന്‍ മോര്‍ച്ചയില്‍ വലിയ അഭിപ്രായ ഭിന്നതയുണ്ടായി. പിന്നീട് സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്ട്രീയേതര വിഭാഗവും രാഷ്ട്രീയ പാര്‍ട്ടികളുടെ കര്‍ഷക സംഘടനകള്‍ ഉള്‍പ്പെടുന്ന മറ്റൊരു വിഭാഗവുമായി പിരിഞ്ഞു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്കെതിരായ പോരാട്ടം ഈ രണ്ട് വിഭാഗവും ഒരുപോലെ ഏറ്റെടുക്കുകയാണ്.

രണ്ട് വിഭാഗങ്ങളും ഒന്നിച്ച് പ്രചാരണം നടത്തില്ല, എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പരമാവധി എല്ലാ മണ്ഡലങ്ങളിലും ഇരുവിഭാഗങ്ങളും സഞ്ചരിക്കും. തീര്‍ച്ചയായും കത്തിക്കയറുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കര്‍ഷകമുന്നേറ്റവും ചൂടുപിടിക്കും.

logo
The Fourth
www.thefourthnews.in