ഇവിടെ ആണ്‍-പെണ്‍ വേര്‍തിരിവുകളില്ല; ഫാറൂഖ് കോളേജിലെ ആദ്യ വനിതാ പ്രിന്‍സിപ്പല്‍ പറയുന്നു
1948ല്‍ സ്ഥാപിക്കപ്പെട്ട കോഴിക്കോട് ഫാറൂഖ് കോളേജ് ഇന്ന് സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസരംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ്. കോളേജിന് 75 വയസ് തികയുന്ന വര്‍ഷം തന്നെയാണ് ആദ്യമായി ഒരു വനിതാ പ്രിന്‍സിപ്പല്‍ ചുമതലയേല്‍ക്കുന്നത്. ഡോ. കെ എ അയിഷാ സ്വപ്ന 'ദ ഫോര്‍ത്തിനോ'ട് സംസാരിക്കുന്നു.
മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയ വിദ്യാഭ്യാസ സ്ഥാപനമാണ് ഫാറൂഖ് കോളേജ്. ഈ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ എന്താണ് മനസില്‍?
പ്രിന്‍സിപ്പല്‍ പദവി വലിയ ഉത്തരവാദിത്തങ്ങളുള്ളതാണ്. സ്ഥാപനം ഇനിയും കുറേ ദൂരം മുന്നേറാനുണ്ട്. ആ വെല്ലുവിളികളാണ് മുന്നിലുള്ളത്. ഇനിയും ഉയരങ്ങളിലേക്ക് ഫാറൂഖ് കോളേജിനെ എത്തിക്കുക എന്നുള്ളതാണ് മുന്നിലുള്ള ദൗത്യം.
ഫാറൂഖ് കോളേജിന്റെ പതിമൂന്നാമത്തെ പ്രിന്‍സിപ്പലായാണ് അയിഷ സ്വപ്ന ചുമതലയേല്‍ക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയും കാലം ഫാറൂഖിന് വനിതാ പ്രിന്‍സിപ്പല്‍ ഇല്ലാതെ പോയത്?
പ്രിന്‍സിപ്പല്‍ പദവിയിലേക്ക് പരിഗണിക്കുമ്പോള്‍ ചില മാനദണ്ഡങ്ങളുണ്ട്. വിദ്യാഭ്യാസ യോഗ്യത, അഡ്മിനിസ്ട്രേഷന്‍ കൈകാര്യം ചെയ്യാനുള്ള കഴിവ്. ഇങ്ങനെ നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നത്. ഇതിന് മുന്‍പ് 12 പേരെ നിയമിച്ചപ്പോഴും ഈ യോഗ്യതകളുള്ള വനിതകള്‍ പരിഗണനയില്‍ വന്നിട്ടുണ്ടാവില്ല. എനിക്കറിയില്ല, ഞാനിവിടെ വന്നിട്ട് 15 വര്‍ഷമായി. ചിലപ്പോഴൊക്കെ വനിതകള്‍ പരിഗണനയില്‍ വന്നിട്ടുണ്ട്. പക്ഷേ പിന്നീട് പുരുഷന്‍മാരെ തന്നെ നിയമിക്കുകയായിരുന്നു. ഇത്തവണ നിയമന സമയത്ത് ഒരു പ്രത്യേക രീതിയില്‍ നോക്കിയെന്ന് പറയാനാവില്ല. മാനേജ്മെന്റ് യോഗ്യതകള്‍ എല്ലാമുള്ള ഒരാളെ പരിഗണിച്ചു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അല്ലാതെ ഒരു സെന്‍സേഷണല്‍ കാര്യം ആയിട്ട് തോന്നുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ കാണുമ്പോള്‍ അത്ഭുതം തോന്നുന്നുമുണ്ട്.
1948ല്‍ കോളജ് തുടങ്ങുമ്പോള്‍ ആണ്‍കുട്ടികള്‍ മാത്രമായിരുന്നു. എന്നാലിന്ന് 80 ശതമാനത്തിലധികവും പെണ്‍കുട്ടികളാണ്. ഈ മാറ്റം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
അന്ന് പെണ്‍കുട്ടികള്‍ പുറത്തുപോയി പഠിക്കുന്നതിന് അനുകൂലമായിരുന്നില്ല സാമൂഹിക സാഹചര്യം. എല്ലാ മതത്തിലുള്ള ആളുകള്‍ക്കും ഈ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അവിടെ നിന്ന് കുറേ മുന്നോട്ടുപോയി. ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. ഒരുപാട് സ്വപ്നങ്ങളുമായാണ് പെണ്‍കുട്ടികള്‍ കോളേജിലേക്ക് വരുന്നത്. 2008ല്‍ ഞാന്‍ ജോയിന്‍ ചെയ്യുമ്പോഴുള്ള അവസ്ഥയല്ല ഇന്ന്. മാറ്റം വളരെ വലുതാണ്. എല്ലാ കമ്മ്യൂണിറ്റിയിലും ഈ മാറ്റം പ്രകടമാണ്. അത് വളരെ നല്ലതാണ്.
വിവാഹത്തിനുള്ള യോഗ്യത എന്ന നിലയില്‍ നിന്ന് ബിരുദപഠനം മാറിയിട്ടുണ്ടല്ലേ?
വളരേയെറെ മാറ്റമുണ്ട്. ഇപ്പോള്‍ രണ്ടാം വര്‍ഷമാവുമ്പോഴേക്കും പുറമേയുള്ള യൂണിവേഴ്സിറ്റികളില്‍ പോവാനുള്ള ശ്രമം തുടങ്ങും. പെണ്‍കുട്ടികള്‍ ഇങ്ങനെ ഉപരിപഠന സാധ്യതകളെക്കുറിച്ചുള്ള സംശയങ്ങളുമായി വരും. ഇത് സമൂഹത്തിലെ മാറ്റത്തിന്റെ സൂചനയാണ്. എഞ്ചിനീയറിങ്-മെഡിസിന്‍ എന്നതില്‍ നിന്ന് ഉപരിപഠന സാധ്യതകളില്‍ വന്ന മാറ്റവും കാണാനുണ്ട്. ആണ്‍ കുട്ടികള്‍ കൂടുതലും തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പോവുന്നുണ്ടെന്ന് തോന്നുന്നു.
ജെന്‍ഡര്‍ ന്യൂട്രാലിറ്റി ചര്‍ച്ചയാവുന്ന സമയമാണല്ലോ. കോളേജുകളില്‍ ഒരു ജെന്‍ഡര്‍ ന്യൂട്രല്‍ സമീപനം വേണമെന്ന് തോന്നിയിട്ടുണ്ടോ?
ആ വിഷയത്തിലേക്ക് കടക്കുന്നില്ല. ഫാറൂഖ് കോളജില്‍ ഇന്‍ക്ലൂസീവ് ആയിട്ടുള്ള വിദ്യാഭ്യാസം ആണ് ഉദ്ദേശിക്കുന്നത്. ഏത് ജെന്‍ഡറിലുള്ള കുട്ടിയായാലും അവരെ ഉള്‍ക്കൊള്ളുകയാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. ഇവിടെയുള്ള കുട്ടികള്‍ ഹാപ്പിയാണ്. കാമ്പസില്‍ ഇറങ്ങി നോക്കിയാല്‍ മനസിലാകും. You will see a thriving community here, its absolutely lovely. Free, happy... അതിശയം തോന്നും. ടീച്ചേഴ്സ് എന്ന നിലയില്‍ ഞങ്ങളും ഹാപ്പിയാണ്.
ഫാറൂഖില്‍ ലിംഗവിവേചനത്തിന്റെ പേരില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ട്. അങ്ങനെയൊരു വിവേചനം ഇവിടെയുണ്ടായിരുന്നോ?
അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നു. ക്ലാസ് ഡിസിപ്ലിന്‍ എന്നൊരു വിഷയമേ ഉണ്ടായിരുന്നുള്ളു. അഞ്ചുപേര്‍ ഇരിക്കേണ്ട സ്ഥലത്ത് തിക്കും തിരക്കും, കളിയും ചിരിയും ഉണ്ടാവുമ്പോള്‍ ഏത് അധ്യാപകനായാലും ഒന്ന് മാറ്റിയിരുത്തുമല്ലോ. ക്ലാസ് നടക്കണമല്ലോ. അത്രയേ ഉണ്ടായിട്ടുള്ളൂ. നിങ്ങള്‍ ക്യാമ്പസിലേക്ക് വരൂ. കുട്ടികളോട് ചോദിക്കൂ. ചെറിയ സംഭവങ്ങളുടെ പേരില്‍ ഒരു സ്ഥാപനത്തെ വിലയിരുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല.
സെമസ്റ്റര്‍ സമ്പ്രദായം വന്നതോടെ കുട്ടികളുടെ സ്വാതന്ത്ര്യം കുറയുന്നു എന്ന പരാതി കേള്‍ക്കാറുണ്ട്. ഒന്നിനും സമയം കിട്ടുന്നില്ല എന്നൊക്കെ. രണ്ട് സമയത്തെ ക്യാമ്പസുകളും കണ്ടൊരാള്‍ എന്ന നിലയില്‍ എന്താണ് തോന്നുന്നത്?
സമയം കുറവാണ്. പാഠഭാഗങ്ങള്‍ തീര്‍ക്കണം, അസൈന്‍മെന്റ് വയ്ക്കണം. പക്ഷേ ഇതിനെല്ലാമിടയിലും കുട്ടികള്‍ അവരുടേതായ സമയം കണ്ടെത്തുന്നുണ്ട്. they know how to enjoy. അവരെ സമ്മതിച്ചേ പറ്റുള്ളൂ.
ഇന്റേണല്‍ മാര്‍ക്ക് വന്നതിന് ശേഷം അധ്യാപകര്‍ക്ക് പേടിപ്പിക്കാന്‍ വടിയുടെ ആവശ്യമില്ലെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയൊരു പ്രശ്നമില്ലേ?
ഇവിടെ കുട്ടികള്‍ക്ക് പരാതിയുണ്ടെങ്കില്‍ പറയാന്‍ സംവിധാനമുണ്ട്. പേടിപ്പിച്ചു നിര്‍ത്തേണ്ട കാര്യം ഉണ്ടാവാറില്ല. ഇന്റേണലിന്‍റെ ഗുണം അവര്‍ക്ക് തന്നെയാണ്. വേറെ കോളേജില്‍ പ്രശ്നങ്ങളുണ്ടായേക്കാം. ഇവിടെ അങ്ങനെ കാണാറില്ല. പരാതിയുണ്ടെങ്കില്‍ പറയാന്‍ ഇന്റേണല്‍ പബ്ലിഷ് ചെയ്ത ശേഷം സമയം ഉണ്ടാവാറുണ്ട്.
ചാറ്റ് ജിപിടിയുടെയും എ ഐയുടേയുമൊക്കെ കാലമാണ്. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ ഡിജിറ്റല്‍ ഡിവൈഡ് ഒരു പ്രശ്നമാകാറുണ്ടോ?
കോവിഡ് സമയം അധ്യാപകര്‍ക്ക് ഈ കാര്യത്തില്‍ ഒരു അനുഗ്രഹമായിരുന്നു. ലക്ചര്‍ മെത്തേഡ് മാത്രം ശീലിച്ചവര്‍ ടെക്നോളജി ഉപയോഗിക്കാന്‍ തുടങ്ങി. പിപിടി പ്രസന്റേഷന്‍ ഒക്കെ. നമ്മള്‍ക്ക് ഇതിനൊക്കെയുള്ള പരിശീലനം കിട്ടി. വീഡിയോ എഡിറ്റിങ് വരെ പഠിച്ചു. ഇപ്പോള്‍ ഒരു ബ്ലന്‍ഡഡ് രീതിയിലാണ് പോവുന്നത്. സൂം മീറ്റും ഗൂഗിള്‍ ക്ലാസ് റൂമുമൊക്കെ ഇപ്പോഴും ഉപയോഗിക്കാറുണ്ട്.
എന്തൊക്കെയാണ് ഭാവി പദ്ധതികള്‍?
ഇനിയും കുറേ ദൂരം മുന്നോട്ടുപോവാനുണ്ട്. ഫാറൂഖ് ഇന്ന് ഓട്ടോണമസ് കോളേജ് ആണ്. ഓട്ടോണമസ് ആവുക എന്ന് പറയുമ്പോള്‍ സ്പൈഡര്‍മാന്‍ സിനിമ പോലെയാണ്. അധികാരത്തിനൊപ്പം ഉത്തരവാദിത്തങ്ങളും കൂടുന്നുണ്ട്. കോഴ്സുകള്‍ ഡിസൈന്‍ ചെയ്യാനൊക്കെ അവസരമുണ്ട്. പക്ഷേ ഇതൊക്കെ കുട്ടികള്‍ക്ക് യോജിച്ചതാകണം. ഇവിടെ കുട്ടികള്‍ക്ക് എല്ലാ തരത്തിലുള്ള അറിവുകളും നേടാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്.