ക്ഷേത്ര മുഖപ്പില്‍ വര്‍ണവിസ്മയം തീര്‍ത്ത് വനിതകൾ

ക്ഷേത്ര മുഖപ്പില്‍ വര്‍ണവിസ്മയം തീര്‍ത്ത് വനിതകൾ

ചുവര്‍ ചിത്രകലയില്‍ തിളങ്ങിയ ഒട്ടേറെ പെണ്‍കുട്ടികളുണ്ടെങ്കിലും ക്ഷേത്ര മുഖപ്പ് വരയ്ക്കാന്‍ സ്ത്രീകളെ പരിഗണിക്കുന്നത് അത്ര പതിവില്ല
Updated on
2 min read

ചുവര്‍ചിത്രകലയില്‍ തിളങ്ങിയ ഒട്ടേറെ പെണ്‍കുട്ടികളുണ്ടെങ്കിലും ക്ഷേത്ര മുഖപ്പ് വരയ്ക്കാന്‍ സ്ത്രീകളെ പരിഗണിക്കുന്നത് അത്ര പരിചിതമല്ലാത്ത ഒന്നാണ്. എന്നാല്‍ വടകര കാര്‍ത്തികപ്പള്ളി മണ്ണമ്പ്രത്ത് ദേവി ക്ഷേത്രത്തിലെ മുഖപ്പ് (ചാന്താട്ടം) വര്‍ണാഭമാക്കിയത് അഞ്ച് സ്ത്രീകളാണ്.

അഞ്ച് വര്‍ഷം മുന്‍പ് സര്‍ഗാലയ ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ചുവര്‍ചിത്രകല പഠിക്കാനെത്തിയപ്പോഴാണ് അമ്പിളി വിജയനും രജിന രാധാകൃഷ്ണനും സുഹൃത്തുക്കളായത്. ഷാജി പൊയിൽക്കാവ് എന്ന ശിൽപ്പി വഴിയാണ് ഇത്തരമൊരവസരം ഇവരെ തേടിയെത്തുന്നത്. സ്ത്രീകള്‍ക്ക് ചാന്താട്ടം നടത്താന്‍ ക്ഷേത്ര ഭാരവാഹികള്‍ അനുമതി നല്‍കുമോ എന്നതായിരുന്നു ആദ്യ ആശങ്ക. എന്നാല്‍ അത്തരം ആശങ്കകളെയെല്ലാം അസ്ഥാനത്താക്കിയാണ് മണ്ണമ്പ്രത്ത് ക്ഷേത്രസമിതി വിപ്ലവകരമായ തീരുമാനമെടുത്തത്. മുഖപ്പില്‍ ചിത്രം വരയ്ക്കാന്‍ അമ്പിളിയും രജിനയും ഒന്നിച്ചപ്പോള്‍ മൂന്ന് വിദ്യാര്‍ഥിനികളും ഇവർക്കൊപ്പം ചേര്‍ന്നു. തലശ്ശേരി സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥികളായ അനശ്വരയും സ്വാതിയും ഹരിതയുമാണ് മുഖപടം വരയ്ക്കാന്‍ അമ്പിളിക്കും രജിനയ്ക്കുമൊപ്പം ചേര്‍ന്നത്.

വര്‍ഷങ്ങളുടെ പഴക്കമുള്ള ഗ്രാമീണാന്തരീക്ഷത്തിലുള്ള ക്ഷേത്രത്തില്‍ മുഖപ്പ് വരയ്ക്കാന്‍ തങ്ങളെ ചുമതലപ്പെടുത്തിയത് അമ്പരപ്പിച്ചെന്ന് രജിന പറയുന്നു.

''വിശ്വാസവുമായി ബന്ധപ്പെട്ട ഇടമായതിനാല്‍ ആര്‍ത്തവം ഉള്‍പ്പെടെ കണക്കിലെടുത്താവും ക്ഷേത്രങ്ങളില്‍ ചുവര്‍ചിത്രങ്ങളില്‍ നിന്ന് സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെട്ടത്. പരമ്പരാഗതമായ ആചാരങ്ങളും ചിട്ടകളുമെല്ലാം തുടരുന്ന അമ്പലത്തില്‍ ഇത്തരമൊരു മുഖപ്പ് വരയ്ക്കാനുള്ള ആഗ്രമഹമറിയിച്ചപ്പോള്‍ ക്ഷേത്രം ഭാരവാഹികള്‍ പൂര്‍ണ പിന്തുണയുമായി കൂടെ നില്‍ക്കുകയായിരുന്നു.''

വളരെ ഉയരത്തില്‍ ശ്രമകരമായി പൂര്‍ത്തിയാക്കേണ്ടുന്ന ഒന്നാണ് ചാന്താട്ടമെന്ന് ഈ മേഖലയിലുള്ള പുരുഷകലാകാരന്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞെങ്കിലും ഈ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു അമ്പിളിയും രജിനയും. വ്രതമെടുത്ത് ക്ഷേത്രത്തിലെ ആചാരങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തിയാണ് വ്യാളീ മുഖം, സര്‍പ്പം തുടങ്ങീ കൊത്തുപണികളിലെല്ലാം അഞ്ച് സ്ത്രീകള്‍ അലങ്കാരച്ചായം പൂശിയത്. രണ്ടാള്‍ പൊക്കത്തിലാണ് ക്ഷേത്ര മുഖപടം വരച്ചു തീര്‍ക്കാനായി 20 ദിവസത്തോളം ഇവര്‍ കൂട്ടായി അധ്വാനിച്ചത്.

തങ്ങളുടെ കലയെ ക്ഷേത്ര ഭാരവാഹികള്‍ അംഗീകരിച്ച സന്തോഷത്തില്‍ പൂര്‍ണസമര്‍പ്പണത്തോടെയാണ് മുഖപ്പ് വര്‍ണ്ണാഭമാക്കിയതെന്ന് അമ്പിളി പറഞ്ഞു. പ്രത്യേക സമുദായം ചെയ്ത് വന്നിരുന്ന ചാന്താട്ടം കൈമാറിയാണ് പിന്നീട് പുരുഷ കലാകാരന്‍മാരിലേക്കെത്തിയത്. ഇവിടെ നിന്നും സ്ത്രീകള്‍ക്ക് ക്ഷേത്ര മുഖപ്പലങ്കരിക്കാന്‍ അവസരം നല്‍കിയതിലൂടെ ക്ഷേത്ര ഭാരവാഹികള്‍ ഈ മേഖലയിലെ കലാകാരികള്‍ക്ക് മറ്റൊരു സാധ്യത കൂടെയാണ് തുറന്നിടുന്നതെന്ന് അമ്പിളി പറഞ്ഞു. ക്ഷേത്രത്തിന്റെ ചുറ്റുമതിലുകളിലും ചുമരുകളിലും സ്ത്രീകള്‍ ചായത്താല്‍ വര്‍ണാഭമാക്കിയ സംഭവങ്ങളുണ്ടെങ്കിലും ഇത്തരമൊരു മുഖപ്പ് സ്ത്രീകളൊരുക്കുന്നത് ഇത് ആദ്യമാണെന്ന് എന്‍ ഊരിന്റെ ആര്‍ട് ക്യൂറേറ്റര്‍ കൂടെയായ അമ്പിളി കൂട്ടിച്ചേര്‍ത്തു.

ഫൈന്‍ആര്‍ട്‌സ് കഴിഞ്ഞ രജിനയും അമ്പിളിയും വര്‍ഷങ്ങളായി കലാരംഗത്തുണ്ട്. കൊത്തുപണികളില്‍ അക്രിലിക് പെയിന്റ് ഉപയോഗിച്ചാണ് മുഖപടം ഒരുക്കിയത്. ഇവിടത്തെ അലങ്കാരം പൂര്‍ത്തിയായതോടെ പുതിയ ക്ഷേത്രങ്ങളിലെ ചിത്രരചനകള്‍ക്ക് അന്വേഷണവുമായി ആളുകളെത്തി തുടങ്ങിയിട്ടുണ്ട്. കൊയിലാണ്ടി സ്വദേശിനിയാണ് അമ്പിളി. വടകര ചോറോട് സ്വദേശിനിയാണ് രജിന.

logo
The Fourth
www.thefourthnews.in