മുഖ്യമന്ത്രിക്കുവേണ്ടി ഫോണെടുത്ത് മടുത്തു, ഇനി സർക്കാർ തന്നെ ഉത്തരം പറയട്ടേയെന്ന് കാര്ത്തികേയന്
ഓരോ ഫോണ്‍കാള്‍ വരുമ്പോഴും കാർത്തികേയന് ആധിയാണ്. എന്ത് പ്രശ്നമാവും ഫോണിന്റെ മറുവശത്ത്? പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയെ തേടിയെത്തുന്ന കോളുകള്‍ക്ക് പാലക്കാട് പുതുപ്പരിയാരം സ്വദേശി കാർത്തികേയന്‍ മറുപടി പറയാന്‍ തുടങ്ങിയിട്ട് വർഷങ്ങളായി. ആ കോളുകളും മെസേജുകളും ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ് ആയ കാര്‍ത്തിയേന്റെ ദൈനംദിന ജീവിതത്തെപ്പോലും ബാധിച്ചു.
ഏതാണ്ടൊരു റാംജിറാവു സ്പീക്കിങ്...!
മൂന്ന് വര്‍ഷം മുന്‍പ് ഒരു എസ്എംഎസ് ആണ് ആദ്യം കാര്‍ത്തികേയന്റെ മൊബൈല്‍ ഫോണിലേക്ക് വരുന്നത്. പിന്നാലെ തുടർച്ചയായി കോളുകള്‍. ഫോണെടുത്താല്‍ മനസ്സിലാകാത്ത ഭാഷയിലുള്ള സംസാരം. മിനുറ്റുകള്‍ക്കുള്ളില്‍ നൂറ് കോളുകള്‍ വരെ വന്നു. നെറ്റ് ഓഫ് ചെയ്തിട്ടും, ഫോണ്‍ തന്നെ സ്വിച്ച് ഓഫ് ചെയ്തിട്ടും രക്ഷയില്ലാത്ത അവസ്ഥ. പിന്നീടുള്ള ദിവസങ്ങളില്‍ ഇത് സ്ഥിരമാകാന്‍ തുടങ്ങി. ഭാഷ പോലും മനസ്സിലാകുന്നില്ല. പതിനഞ്ച് വർഷത്തോളമായി ജോലി ആവശ്യത്തിനടക്കം ഉപയോഗിക്കുന്ന നമ്പറായതിനാല്‍ മാറ്റാനും കഴിയില്ല.
'ഒടുവില്‍ ആന്റി വൈറസ് കമ്പനിയെ ബന്ധപ്പെട്ടപ്പോഴാണ് ഹാക്കിങ് അല്ലെന്നറിഞ്ഞത്. ഇത് എനിക്ക് ധൈര്യം തന്നു. മനുഷ്യര്‍ അല്ലേ സംസാരിക്കുന്നത്'
കാര്‍ത്തികേയന്‍
"ശരിക്കും പേടിച്ചു പോയി. ഫോണ്‍ ഹാക്ക് ചെയ്തതാണോയെന്ന സംശയത്തില്‍ ഞാന്‍ ഫോണ്‍ കമ്പനികളുമായി ബന്ധപ്പെട്ടു. എന്നാല്‍ ഇത് സ്പാം കോളുകള്‍ അല്ലെന്നും ഇന്ത്യയ്ക്ക് അകത്തുനിന്ന് തന്നെ വരുന്ന കോളുകളാണെന്നുമായിരുന്നു കമ്പനി നല്‍കിയ മറുപടി. ഇതില്‍ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് അവരും കൈയൊഴിഞ്ഞു. ഒടുവില്‍ ആന്റി വൈറസ് കമ്പനിയെ ബന്ധപ്പെട്ടപ്പോഴാണ് ഹാക്കിങ് അല്ലെന്നറിഞ്ഞത്. ഇത് എനിക്ക് ധൈര്യം തന്നു. ഒന്നുമില്ലെങ്കിലും മനുഷ്യര്‍ അല്ലേ സംസാരിക്കുന്നത്," കാര്‍ത്തികേയന്‍ പറഞ്ഞു.
ജോലി ചെയ്യാനോ ഉറങ്ങാനോ ഒരു കല്യാണത്തിന് പോലും പോകാനോ പറ്റാത്ത സ്ഥിതിയിലായി പിന്നെ കാർത്തികേയന്‍. ജീവിതം തന്നെ കീഴ്മേല്‍ മറിഞ്ഞ ആ അവസ്ഥയിലാണ് മമതാ ബാനര്‍ജിയോട് നേരിട്ട് സംസാരിക്കാമെന്ന പരസ്യം ഒരു ദേശീയ മാധ്യമത്തില്‍ വന്നത് കാര്‍ത്തികേയന്റെ ശ്രദ്ധയില്‍ പെടുന്നത്.
ആ പരസ്യത്തിലുണ്ടായിരുന്ന ഒരു നമ്പറില്‍ വന്ന മാറ്റമാണ് കാര്‍ത്തികേയന്റെ ജീവിതം തന്നെ മാറ്റിമറിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് 'മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാം' എന്ന പരസ്യം നല്‍കിയ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഒരു ടോള്‍ ഫ്രീ മൊബൈല്‍ നമ്പറും കൂട്ടത്തില്‍ നല്‍കി. 9137091370 ഇതായിരുന്നു മുഖ്യമന്ത്രിയോട് സംസാരിക്കാനുള്ള നമ്പര്‍. ഇതില്‍ നിന്ന് ഒരു നമ്പര്‍ മാറിയതാണ് കാര്‍ത്തികേയന് പ്രശ്‌നമായത്. ഈ പരസ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിച്ചതോടെയാണ് കാര്‍ത്തികേയന് നിരന്തരം കോളുകള്‍ എത്തിത്തുടങ്ങിയത്.
"ഇപ്പോഴും കോളുകള്‍ വരാറുണ്ട്. പക്ഷെ എണ്ണം കുറഞ്ഞു. പശ്ചിമബംഗാളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പാലക്കാട്ടേക്ക് വരുന്ന കോളുകളുടെ എണ്ണവും കൂടും,'' കാര്‍ത്തികേയന്‍ പറഞ്ഞു.
'സഹായം ചോദിച്ച് മുഖ്യമന്ത്രിക്ക് വരുന്ന കോളുകളാണല്ലോ ഇത്. ആരും വെറുതെ വിളിക്കില്ലല്ലോ'
കാര്‍ത്തികേയന്‍
കോവിഡ് കാലത്ത് മൊബൈലിലേക്ക് വന്ന ഒരു ഫോട്ടോ കണ്ടതോടെയാണ് കാര്‍ത്തികേയന് കാര്യങ്ങളുടെ ഗൗരവം മനസ്സിലായത്. നാല് പെണ്‍കുട്ടികള്‍ എവിടെയോ കുടുങ്ങിക്കിടക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള മെസേജായിരുന്നു. ബംഗാളില്‍ എഴുതിയിരുന്നത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് കാര്‍ത്തികേയന്‍ കാര്യം മനസ്സിലാക്കിയത്.
"സഹായം ചോദിച്ച് മുഖ്യമന്ത്രിക്ക് വരുന്ന കോളുകളാണല്ലോ. ആരും വെറുതെ വിളിക്കില്ലല്ലോ. അന്ന് മുതല്‍ വിളിക്കുന്ന ആളുകളെ സഹായിക്കാനായിരുന്നു തീരുമാനം. യഥാര്‍ത്ഥ നമ്പര്‍ തപ്പിയെടുത്ത് വിളിക്കുന്നവര്‍ക്ക് ആ നമ്പര്‍ കൊടുക്കാന്‍ തുടങ്ങി. പലപ്പോഴും ഹിന്ദിയോ ഇംഗ്ലീഷോ പോലും അറിയാത്തവരാകും വിളിക്കുന്നത്, അവർക്ക് നമ്പർ എസ്എംഎസ് ആയി അയച്ചുകൊടുക്കും,'' കാര്‍ത്തികേയന്‍ പറഞ്ഞു.
തന്റെ അവസ്ഥ വ്യക്തമാക്കിക്കൊണ്ട് മമതാ ബാനര്‍ജിക്ക് കത്തെഴുതാനാണ് കാര്‍ത്തികേയന്റെ തീരുമാനം. ''പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ ഇടപെടലില്‍ മാത്രമേ പൂര്‍ണമായും ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുള്ളൂ. വിളിക്കുന്നവരോടോ അവിടുത്തെ സര്‍ക്കാരിനോടോ യാതൊരു ദേഷ്യവും തോന്നിയിട്ടില്ല. വിളിക്കുന്നവരെല്ലാം എന്തെങ്കിലും ആവശ്യങ്ങളുള്ള സാധാരണക്കാര്‍ അല്ലേ,'' കാര്‍ത്തികേയന്‍ പറഞ്ഞുനിര്‍ത്തി.