ഗോവയില്‍ തെരുവു നായ്ക്കളെ സുരക്ഷിതവും ശാസ്ത്രീയവുമായി പിടികൂടി വാക്സിന്‍ നല്കുന്നു.
ഗോവയില്‍ തെരുവു നായ്ക്കളെ സുരക്ഷിതവും ശാസ്ത്രീയവുമായി പിടികൂടി വാക്സിന്‍ നല്കുന്നു.

തെരുവുനായ നിയന്ത്രണം: കേരളം പഠിക്കണം ഗോവയെങ്ങനെ പേവിഷ വിമുക്തമായെന്ന്

തെരുവുനായ ശല്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ യോഗം വിളിക്കുമ്പോള്‍ പഠിക്കാന്‍ ഗോവന്‍മാതൃക.
Published on

സംസ്ഥാനത്ത് രൂക്ഷമാകുന്ന തെരുവുനായ ആക്രമണങ്ങള്‍ നിയന്ത്രിക്കാനും പേവിഷബാധ മരണങ്ങള്‍ ഇല്ലാതാക്കാനും സംസ്ഥാന സര്‍ക്കാര്‍ യോഗം വിളിക്കുകയാണ്. ഇതെങ്ങനെ സാധ്യമാക്കാമെന്നതിന് അയലത്തു തന്നെയുണ്ട് ഒരു നല്ല മാതൃക. തൊട്ടടുത്ത സംസ്ഥാനമായ ഗോവ ഇക്കഴിഞ്ഞ ജൂണില്‍ പേവിഷവിമുക്തമായി. 2018 മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഇവിടെ ഒരൊറ്റ പേവിഷബാധ കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജ്യത്ത് ഈ നേട്ടം കൈവരിച്ച ഏക സംസ്ഥാനവും ഗോവയാണ്. യു.കെയിലെ സന്നദ്ധ സംഘടനയായ വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസിന്റെ ( WVS) സഹായത്തോടെ 2014- ല്‍ ഗോവയില്‍ തുടക്കമിട്ട മിഷന്‍ റാബീസ് എന്ന പദ്ധതിയാണ് ഗോവയെ പേവിഷമുക്തമാക്കിയത്. പതിനെട്ടേകാല്‍ കോടിയോളം രൂപയാണ് ഇതിനായി ഗോവ ചെലവിട്ടത്.

വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വീസസിന്റെ ( WVS) സഹായത്തോടെ 2014- ല്‍ ഗോവയില്‍ തുടക്കമിട്ട മിഷന്‍ റാബീസ് എന്ന പദ്ധതിയാണ് ഗോവയെ പേവിഷമുക്തമാക്കിയത്.

മിഷന്‍ റാബീസ് ഗോവ ടീം
മിഷന്‍ റാബീസ് ഗോവ ടീം

പേവിഷ പ്രതിരോധത്തിലെ ഗോവന്‍ മോഡല്‍

തെരുവ് നായ്ക്കളുടെ ഫലപ്രദമായ നിയന്ത്രണവും പ്രതിരോധ കുത്തിവയ്പും പേവിഷബാധ നിര്‍മാര്‍ജനത്തിന്റെ ആദ്യ പടിയാണെന്ന് ഗോവന്‍ മാതൃക ഓര്‍മിപ്പിക്കുന്നു. എഴുപത് ശതമാനം നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിന്‍ നല്‍കിയാല്‍ ബാക്കി നായ്ക്കള്‍ വൈറസിനെതിരേ ആര്‍ജിത പ്രതിരോധം കൈവരിക്കും. അതോടെ വൈറസ് കൈമാറ്റവും വിതരണവും വ്യാപനവും തടയപ്പെടും. ഈ ആശയമാണ് ഗോവയില്‍ വിജയിച്ചത്. 2014 മുതല്‍ പ്രതിവര്‍ഷം ഒരുലക്ഷത്തിലധികം നായ്ക്കള്‍ക്കാണ് ഇവിടെ മുടക്കമില്ലാതെ വാക്‌സിന്‍ നല്‍കിയത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് മാത്രമല്ല തെരുവ് നായ്ക്കളെയും ശാസ്ത്രീയമായി പിടികൂടി വാക്‌സിന്‍ നല്‍കുന്നു. ഇതിനായി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജി.പി.എസ് സംവിധാനം, മൊബൈല്‍ ആപ്പ് എന്നിവയെല്ലാം പ്രയോജനപ്പെടുത്തി. തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, പൊതുജന ബോധവത്കരണം എന്നിവ ഒപ്പം നടന്നുവരുന്നു. അഞ്ചര ലക്ഷം കുട്ടികള്‍ക്കും, കാല്‍ ലക്ഷത്തോളം അധ്യാപകര്‍ക്കും റാബീസ് പ്രതിരോധത്തെ പറ്റി ബോധവത്കരണ ക്ലാസുകള്‍ നല്‍കി. യു.പി., ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയില്‍ പേവിഷബാധ പ്രതിരോധം പഠനവിഷയമായി ഉള്‍പ്പെടുത്തി. പേവിഷബാധ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ദ്രുതകര്‍മ്മ സേനയെയും നിയോഗിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ ജി.പി.എസ് സംവിധാനം, മൊബൈല്‍ ആപ്പ് എന്നിവയെല്ലാം പ്രയോജനപ്പെടുത്തി.

നായ്ക്കളുടെ വന്ധ്യംകരണപ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ഗോവന്‍സംഘം.
നായ്ക്കളുടെ വന്ധ്യംകരണപ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടിരിക്കുന്ന ഗോവന്‍സംഘം.

എന്തുകൊണ്ട് കേരളം പരാജയപ്പെടുന്നു?

പേവിഷവിമുക്ത കേരളം സാധ്യമാകണമെങ്കില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൃത്യമായ സംവിധാനങ്ങളും മനുഷ്യവിഭവശേഷിയും വേണം. പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങുന്ന പതിവാണ് കേരളത്തിന്റെ പദ്ധതികള്‍ പരാജയപെടാന്‍ കാരണം. ഇവ നടപ്പിലാക്കുന്ന പല തദ്ദേശസ്ഥാപനങ്ങളും ഹ്രസ്വകാലപദ്ധതിയായി മാത്രമാണ് നായ്ക്കളുടെ പ്രജനനനിയന്ത്രണ പ്രവര്‍ത്തനങ്ങളെ പരിഗണിക്കുന്നത്. നായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയയിലൂടെ മാത്രമേ അവയുടെ ഫലപ്രദവും ശാസ്ത്രീയവുമായ നിയന്ത്രണം സാധ്യമാവൂ. തെരുവ് നായ പ്രശ്‌നത്തിനുള്ള അടിയന്തര പരിഹാരമാര്‍ഗമായി വന്ധ്യംകരണത്തെ കാണാന്‍ സാധിക്കില്ല. എന്നാല്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഗുണപരമായ മാറ്റം കണ്ടുതുടങ്ങുമെന്നത് ഉറപ്പാണ്. എഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്പും നല്‍കണം.

എഴുപത് ശതമാനം നായകളെയെങ്കിലും വന്ധ്യംകരിച്ചാല്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് നായകളുടെ ജനനനിരക്ക് നിയന്ത്രിക്കാന്‍ സാധിക്കും. ഇതിനൊപ്പം പേവിഷ പ്രതിരോധ കുത്തിവയ്പും നല്‍കണം.

വാക്‌സിനേഷന്‍ നടത്താന്‍ നായ്ക്കളെ പിടികൂടുന്ന ഗോവന്‍ സംഘം.
വാക്‌സിനേഷന്‍ നടത്താന്‍ നായ്ക്കളെ പിടികൂടുന്ന ഗോവന്‍ സംഘം.

മുടങ്ങാതെ നടത്തണം

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ മതിയായ ഫണ്ട് നീക്കിവയ്ക്കാത്തതിനാല്‍ സാമ്പത്തികപ്രതിസന്ധി കാരണം പദ്ധതി മുടങ്ങുന്ന സാഹചര്യവുമുണ്ട്. പദ്ധതി മുടങ്ങിയാല്‍ വന്ധ്യംകരണം നടത്താന്‍ ബാക്കിയുള്ള നായ്ക്കള്‍ ഈ ഇടവേളയില്‍ പെരുകും. ഇത് അതുവരെ ചെയ്ത പ്രജനന നിയന്ത്രണപ്രവര്‍ത്തനങ്ങളെ നിഷ്ഫലമാക്കും. ഇതാണ് ഇപ്പോള്‍ മിക്ക പഞ്ചായത്തുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടവേളകള്‍ ഇല്ലാതെ പദ്ധതി നടത്തിയാല്‍ മാത്രമേ നായ്ക്കളുടെ പ്രജനനനിയന്ത്രണ പദ്ധതി പ്രതീക്ഷിക്കുന്ന ലക്ഷ്യം കാണൂ. ഒരു ജില്ലയില്‍ ഏതെങ്കിലും ഒരു സ്ഥലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്ധ്യംകരണ കേന്ദ്രങ്ങളല്ല, മറിച്ച് പ്രാദേശികതലത്തില്‍ പ്രവര്‍ത്തിക്കുന്ന വികേന്ദ്രീകൃത വന്ധ്യംകരണ കേന്ദ്രങ്ങളാണ് വേണ്ടത്. നായ്ക്കളെയും പൂച്ചകളെയും പരിപാലിക്കുന്നവര്‍ക്ക് അവയുടെ പ്രജനനത്തില്‍ താത്പര്യം ഇല്ലെങ്കില്‍ ആറുമാസമെത്തുമ്പോള്‍ വന്ധ്യംകരണം പ്രോത്സാഹിപ്പിക്കണം. പലപ്പോഴും ഉടമകള്‍ക്ക് താത്പര്യമില്ലാതെ ജനിക്കുന്ന നായ് കുഞ്ഞുങ്ങളാണ് തെരുവ് നായകളാകുന്നത്.

പെറ്റ് ആനിമല്‍ ബ്രീഡിങ്ങുമായി ബന്ധപ്പെട്ട കേന്ദ്രനിയമങ്ങള്‍ കര്‍ശനമായി സംസ്ഥാനത്ത് നടപ്പിലാക്കണം. ദീര്‍ഘവീക്ഷണമുള്ള പ്രവര്‍ത്തനങ്ങളാണ് ഈ മേഖലയില്‍ ആവശ്യം. ആരോഗ്യവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയെയെല്ലാം ഉള്‍പ്പെടുത്തി ഒരു ആരോഗ്യമിഷന്‍ തന്നെ സര്‍ക്കാരിന് രൂപീകരിക്കാവുന്നതാണ്.

logo
The Fourth
www.thefourthnews.in