വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, നാടക-ചലച്ചിത്ര നടന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ ബഹുമുഖപതിഭയായിരുന്ന എൻ ഗോവിന്ദന്‍ കുട്ടിയുടെ ജന്മശതാബ്ദിയാണ് ഇന്ന്
Updated on
6 min read

മലയാള ചലച്ചിത്ര നടനായിരുന്ന എന്‍ ഗോവിന്ദന്‍ കുട്ടിയുടെ ജന്മശതാബ്ദിയാണ് ഇന്ന്. നോവലിസ്റ്റ്, നാടകകൃത്ത്, ചെറുകഥാകൃത്ത്, നാടക നടന്‍, തിരക്കഥാകൃത്ത് എന്നിങ്ങനെ ബഹുമുഖപതിഭയായിരുന്ന ഗോവിന്ദന്‍ കുട്ടിയാണ് മലയാള സിനിമാരംഗത്ത് തന്റെ തിരക്കഥകളിലൂടെ വടക്കന്‍ പാട്ടുകളെ ആദ്യമായി ചലചിത്രാവിഷ്‌കാരങ്ങളിലൂടെ ജനപ്രീതി നേടിയ സിനിമകളാക്കിയത്.

മലയാളത്തിലെ ആദ്യത്തെ സിനിമാ സ്‌കോപ്പ് ചിത്രമായ 'തച്ചോളി അമ്പു', ഇന്ത്യയില്‍ പൂര്‍ത്തീകരിച്ച ആദ്യത്തെ 70 എംഎം ചിത്രമായ 'പടയോട്ടം' എന്നിവയുടെ കഥയും തിരക്കഥയും രചിച്ചത് ഗോവിന്ദന്‍ കുട്ടിയാണ്. 24 മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. ഇരുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നിട്ടും വില്ലന്‍ നടനായിട്ടാണ് ഗോവിന്ദന്‍ കുട്ടി കൂടുതല്‍ അറിയപ്പെട്ടത്.

മുട്ടത്തുവര്‍ക്കി എന്‍ ഗോവിന്ദന്‍ കുട്ടിയെ മേരിലാൻഡ് ഉടമ സുബ്രഹ്‌മണ്യത്തെ പരിചയപ്പെടുത്തി. അങ്ങനെ 1961 ല്‍ 'ക്രിസ്തുമസ് രാത്രി' എന്ന പടത്തിലെ ചെറിയ വേഷത്തിലൂടെ ഗോവിന്ദന്‍ കുട്ടി സിനിമാ നടനായി

ശരിക്കു പറഞ്ഞാല്‍ എന്‍ ഗോവിന്ദന്‍ കുട്ടി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയാണ്. കഥ, കവിത, നോവല്‍, നാടകം, സിനിമാ തിരക്കഥ, അഭിനയം, ചലചിത്ര നിര്‍മാണം, പത്രപ്രവര്‍ത്തനം. എല്ലാ തുറയിലും തന്റെ സാന്നിധ്യം അറിയിച്ചു. തിക്കുറുശ്ശി സുകുമാരന്‍ നായര്‍ മാത്രമേ മലയാള സിനിമാ വേദിയില്‍ ഇത്ര അധികം കൃത്യങ്ങള്‍ ചെയിതിട്ടുളൂ.

കോട്ടയത്ത് ഒരു സമ്മേളനത്തില്‍വെച്ച് കണ്ട മുട്ടത്തുവര്‍ക്കിയാണ് ഗോവിന്ദന്‍ കുട്ടിയെ സിനിമാരംഗത്തേക്ക് ആനയിച്ചത്. വര്‍ക്കി പറഞ്ഞു: ''ഇങ്ങനെ നാടകവുമായി നടന്നാല്‍ പോരാ, സിനിമയിലും അഭിനയിക്കണം.''

മുട്ടത്തുവര്‍ക്കി തന്നെ മേരിലാൻഡ് ഉടമ സുബ്രഹ്‌മണ്യത്തെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ 1961 ല്‍ 'ക്രിസ്തുമസ് രാത്രി' എന്ന പടത്തിലെ ചെറിയ വേഷത്തിലൂടെ ഗോവിന്ദന്‍ കുട്ടി സിനിമാ നടനായി.

മുട്ടത്ത് വർക്കിയോടൊപ്പം  ഗോവിന്ദൻ കുട്ടി
മുട്ടത്ത് വർക്കിയോടൊപ്പം ഗോവിന്ദൻ കുട്ടി
കുഞ്ചാക്കോ ചോദിച്ചു, ''ആ അച്യുതനായി വരണത് ആരാന്നാ പറഞ്ഞേ?'' എസ് എല്‍ പുരം പറഞ്ഞു, ''നമ്മടെ ഗോവിന്ദന്‍ കുട്ടി.'' ഉടനെ കുഞ്ചാക്കോ പറഞ്ഞു,.''എന്നാല്‍ ഒരു ബലാത്സംഗം കൂടീ കഥയില്‍ ചേര്‍ത്തേര്.'' എസ്. എല്‍.പുരം അന്തംവിട്ടു. വിപ്ലവ കഥയിലെവിടെ ബലാല്‍ക്കാരം? വിപ്ലവത്തിന്റെ പാതയില്‍ റോസാപ്പൂക്കളല്ല, മുള്ളുകളാണെന്ന എന്ന മാവോ സൂക്തമൊന്നുമറിഞ്ഞിട്ടല്ല കുഞ്ചാക്കോ മുതലാളി ഇത് പറയാന്‍ കാരണം. ഗോവിന്ദന്‍ കുട്ടി പടത്തിലുണ്ടോ? സിനിമയില്‍ ബലാത്സംഗം വേണം. അതാണ് പതിവ്.

1966 ല്‍ എന്‍ എന്‍ പിഷാരടിയുടെ 'മുള്‍ക്കിരീടം' എന്ന പടത്തില്‍ അഭിനയിക്കാന്‍ സെറ്റിലെത്തിയ പുതിയ നടനായ ഗോവിന്ദന്‍ കുട്ടിയെ അന്നത്തെ സൂപ്പര്‍ താരം സത്യന്‍, നായിക ശാരദയ്ക്കു പരിചയപ്പെടുത്തി:

''ഈ പടത്തില്‍ ഒരു ബലാല്‍ക്കാരമുള്ളത് ഇയാളാണ് നടത്തുക. നാടകത്തിലെ എല്ലാ പെണ്ണുങ്ങളെയും അത് ചെയ്തു തീര്‍ത്തു. ഇനി സിനിമയിലെത്തിയിരിക്കുകയാണ്. അധികം പറയുന്നില്ല. സാരിയുടുത്താല്‍ എന്നെയും കേറിപ്പിടിക്കും.''

അന്ന് എന്‍ ഗോവിന്ദന്‍ കുട്ടിയുടെ തലയില്‍വെച്ചതാണ് മലയാള സിനിമയിലെ ബലാത്സംഗവീരന്‍ എന്ന മുള്‍ക്കിരീടം. പിന്നീട് അതെടുത്തു മാറ്റാന്‍ മലയാള സിനിമ സമ്മതിച്ചില്ല.

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്
കാലം കൈ കൂപ്പുന്നു: ആ വെങ്കലനാദത്തിന് മുമ്പിൽ

തീര്‍ന്നില്ല, ഗോവിന്ദന്‍ കുട്ടിയുടെ ഈ കഴിവിനെക്കുറിച്ച് പ്രചരിച്ച ഒരു ഉദയാ കഥ ഇങ്ങനെ: അമ്പത്തിയാറു കൊല്ലം മുന്‍പ് വിപ്ലവസമരമായ പുന്നപ്ര-വയലാര്‍ ചലചിത്രമായപ്പോള്‍ അതിനു തിരക്കഥയെഴുതിയത് തീപാറുന്ന ഡയലോഗിലൂടെ പ്രമുഖനായ നാടകകൃത്തും എഴുത്തുകാരമായ എസ്എല്‍ പുരം സദാനന്ദനാണ്. ടിയാന്‍ ശരിക്കും പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുത്ത സഖാവുമാണ്. കഥ ചോരപ്പുഴ കണ്ട വിപ്ലവ സമരചരിത്രമായ പുന്നപ്ര-വയലാറും പോരെ.

അക്കാലത്തെ പ്രധാന നടനായ സത്യനൊഴികെയുള്ള എല്ലാ നടന്മാരും ആ പടത്തിലുണ്ട്. സത്യന്‍ പണ്ട് പോലീസ് ഇന്‍സ്പക്ടറായിരുന്ന കാലത്ത് പുന്നപ്ര- വയലാര്‍ സമരത്തെ നേരിട്ട ആളാണ്. അന്ന് സത്യനേശന്നെ പോലീസ് ഇന്‍സ്പക്ടര്‍ സമരരംഗത്ത് ഒട്ടേറെ സഖാക്കളെ എടുത്തിട്ട് ചവിട്ടി പെരുമാറിയതാണ്. ആ പശ്ചാത്താപം ഇപ്പോഴുമുള്ളതിനാല്‍ ഈ പടത്തില്‍നിന്ന് അഭിനയിക്കാതെ ഒഴിഞ്ഞുമാറി.

ഉദയായിലെ കുഞ്ചാക്കോ മുതലാളിയാണ് പുന്നപ്ര-വയലാര്‍ സംവിധാനം ചെയ്യുന്നത്. കഥാപാത്രങ്ങളും നടന്മാരും തീരുമാനിച്ചു. തിക്കുറുശ്ശി, പി ജെ ആന്റണി, കൊട്ടാരക്കര, എസ് പി, അടൂര്‍ ഭാസി, ബഹദൂര്‍, കാലിക്കല്‍ കുമാരന്‍, കടുവാക്കുളം ആന്റണി. പിന്നെ പ്രേം നസീറും ഷീലയും. അങ്ങനെ വലിയ താരനിരയാണ് പടത്തില്‍. ഒപ്പം ഗോവിന്ദന്‍ കുട്ടിയും അഭിനയിക്കുന്നുണ്ട്.

തിരക്കഥ വായിച്ച് എസ് എല്‍ പുരം കഥാപാത്രങ്ങളെയും അഭിനയിക്കുന്നവരെയും സംവിധായകനായ കുഞ്ചാക്കോയ്ക്കു പറഞ്ഞുകൊടുക്കുകയായിരുന്നു. ജന്മിയായ മാളികവീടന്‍- തിക്കുറിശ്ശി, മാളികവീടന്റെ ശിങ്കിടിയായ അച്യുതന്‍ മുതലാളി - ഗോവിന്ദന്‍ കുട്ടി.

അങ്ങനെ എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ കുഞ്ചാക്കോ ചോദിച്ചു, "ആ അച്യുതനായി വരണത് ആരാന്നാ പറഞ്ഞേ?''

എസ് എല്‍ പുരം പറഞ്ഞു, ''നമ്മടെ ഗോവിന്ദന്‍ കുട്ടി.''

ഉടനെ കുഞ്ചാക്കോ പറഞ്ഞു,''എന്നാല്‍ ഒരു ബലാത്സംഗം കൂടീ കഥയില്‍ ചേര്‍ത്തേര്.''

എസ് എല്‍ പുരം അന്തംവിട്ടു. വിപ്ലവ കഥയിലെവിടെ ബലാല്‍ക്കാരം?

വിപ്ലവത്തിന്റെ പാതയില്‍ റോസാപ്പൂക്കളല്ല, മുള്ളുകളാണെന്ന എന്ന മാവോ സൂക്തമൊന്നുമറിഞ്ഞിട്ടല്ല കുഞ്ചാക്കോ മുതലാളി ഇതുപറയാന്‍ കാരണം. ഗോവിന്ദന്‍ കുട്ടി പടത്തിലുണ്ടോ? സിനിമയില്‍ ബലാത്സംഗം വേണം. അതാണ് പതിവ്. അങ്ങനെ വിപ്ലവസിനിമയില്‍ ബലാല്‍ക്കാര രംഗം കേറ്റി.

അതായിരുന്നു ഗോവിന്ദന്‍ കുട്ടിക്കു മലയാള സിനിമയില്‍ ലഭിച്ച സ്ഥാനം. പി ജെ ആന്റണിയോടൊപ്പം തകര്‍ത്തഭിനയിച്ച് നാടകരംഗത്ത് മികച്ച പേരെടുത്ത നടനാണ് ഗോവിന്ദന്‍ കുട്ടി. നിര്‍ഭാഗ്യവശാല്‍ കിട്ടിയത് സിനിമയില്‍ ബലാല്‍ക്കാരം ചെയ്യുന്നവരുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം.

''കെ പി എ സിയിലെ അഭിനേതാക്കള്‍ പ്രഗത്ഭരാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന സത്യം ഞാന്‍ വീണ്ടും പ്രസ്താവിക്കേണ്ടതില്ല. ശ്രീ ഗോവിന്ദന്‍ കുട്ടിയുടെ അഭിനയ പാടവം ഈ ലേഖകന്‍ മനസിലാക്കിയത് ഇപ്പോഴാണ്.'' യുദ്ധകാണ്ഡത്തിലെ ഗോവിന്ദന്‍ കുട്ടിയുടെ അഭിനയം കണ്ട എം കൃഷ്ണന്‍ നായര്‍ എഴുതി.
പടയോട്ടത്തിൽ മമ്മൂട്ടി, മോഹൻലാൽ,  ശങ്കർ എന്നിവർക്കൊപ്പം ഗോവിന്ദൻ കുട്ടി
പടയോട്ടത്തിൽ മമ്മൂട്ടി, മോഹൻലാൽ, ശങ്കർ എന്നിവർക്കൊപ്പം ഗോവിന്ദൻ കുട്ടി

ഫോര്‍ട്ട് കൊച്ചിയില്‍ ജനിച്ച ഗോവിന്ദന്‍ കുട്ടി പട്ടാളസേവനം മതിയാക്കിയാണ് കലാരംഗത്ത് വരുന്നത്. അൻപതുകളില്‍ കൊച്ചിയിലെ പുരോഗമന സാംസ്‌കാരിക മുന്നേറ്റം നടത്തിയിരുന്ന നാടകങ്ങളിലൂടെയാണ് ഗോവിന്ദന്‍ കുട്ടി അഭിനയിച്ചുതുടങ്ങിയത്. അക്കാലത്ത് തന്നെ എരൂര്‍ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിലെ വേഷമാണ് യുവനടനായ ഗോവിന്ദന്‍ കുട്ടിയെ ശ്രദ്ധേയനാക്കിയത്.

'ജീവിക്കലല്ല, ജീവിക്കുന്നു എന്ന തോന്നലുണ്ടാക്കുന്നതാണ് അഭിനയം'.... ഇതായിരുന്നു അഭിനയത്തെക്കുറിച്ച് ഗോവിന്ദന്‍ കുട്ടിയുടെ സിദ്ധാന്തം. എറണാകുളത്തെ കേരള തീയേറ്റഴ്‌സ്, കെ പി എ സി എന്നീ നാടക ട്രൂപ്പുകളില്‍ സജീവമായി അക്കാലത്ത് അഭിനയിച്ചു.

അറുപതുകളുടെ മധ്യത്തില്‍ കോട്ടയം ചെല്ലപ്പന്റെ നാടക സമിതിയായ ജ്യോതി തീയേറ്റ്‌ഴ്‌സിനുവേണ്ടി ഗോവിന്ദന്‍ കുട്ടി എഴുതിയ 'ഉണ്ണിയാര്‍ച്ച' സംവിധാനം ചെയ്തത് പി ജെ ആന്റണിയായിരുന്നു. രണ്ടു പേരും മത്സരിച്ചഭിനയിച്ച ആ നടകത്തില്‍ ചന്തുവായി ആന്റണിയും ആരോമല്‍ ചേകവരായി ഗോവിന്ദന്‍ കുട്ടിയും തകര്‍ത്തഭിനയിച്ചു. വടക്കന്‍ പാട്ടിന്റെ വൃതസ്തമായ ഒരു ആവിഷ്‌കാരമായിരുന്ന ആ നാടകം ഏറെ പ്രശസ്തി നേടി. നാടകത്തില്‍ ആന്റണിയുടെ ചന്തു രംഗത്തെത്തുമ്പോള്‍ അഭിനയം കണ്ട് പ്രേക്ഷകര്‍ തരിച്ചിരിക്കുമായിരുന്നു. ശബ്ദം കൊണ്ടും ശരീരം കൊണ്ടുമാണ് കഥാപാത്രത്തെ വ്യാഖ്യാനിക്കുകയെന്നതാണ് നാടകാഭിനയ തത്വമെന്നത് അക്കാലത്ത് നാടകവേദിയില്‍ സ്ഥാപിച്ച നടനായിരുന്നു പി ജെ ആന്റണി. ആന്റണിയുടെ കൂടെ ദീര്‍ഘനാള്‍ അഭിനയിച്ച നാടകാനുഭവങ്ങള്‍ ഗോവിന്ദന്‍ കുട്ടിയെ ഏറെ സഹായിച്ചു.

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്
ഇപ്പോഴും നാം അവര്‍ക്കുനേരേ 'അബദ്ധ'ത്തില്‍ വെടിയുണ്ടകള്‍ പായിക്കുന്നു...

തോപ്പില്‍ ഭാസി എഴുതിയ കെ പി എ സി യുടെ 'യുദ്ധകാണ്ഡ'ത്തിലെ ഗോവിന്ദന്‍ കുട്ടിയുടെ 'പ്രസാദ്' നാടകരംഗത്ത് ഏറെ പ്രശംസിക്കപ്പെട്ട വേഷമായിരുന്നു. നാടകം കഴിഞ്ഞാല്‍ ആരാധകര്‍ പൊതിയുന്ന തരത്തില്‍ അകാലത്ത് ഗോവിന്ദന്‍ കുട്ടി പ്രശസ്തനായി. കനത്തിലുള്ള ശബ്ദം, പരുക്കന്‍ മുഖഭാവം ഇതൊക്കെ പിന്നീട് സിനിമയില്‍ വില്ലന്‍ വേഷത്തിന് പകരം വെയ്ക്കാനില്ലാത്ത നടനായി ഗോവിന്ദന്‍ കുട്ടിയെ മാറ്റി.

''കെ പി എ സി യിലെ അഭിനേതാക്കള്‍ പ്രഗത്ഭരാണെന്ന് എല്ലാവര്‍ക്കുമറിയാവുന്ന സത്യം ഞാന്‍ വീണ്ടും പ്രസ്താവിക്കേണ്ടതില്ല. ശ്രീ ഗോവിന്ദന്‍ കുട്ടിയുടെ അഭിനയ പാടവം ഈ ലേഖകന്‍ മനസിലാക്കിയത് ഇപ്പോഴാണ്,'' യുദ്ധകാണ്ഡത്തിലെ ഗോവിന്ദന്‍ കുട്ടിയുടെ അഭിനയം കണ്ട എം കൃഷ്ണന്‍ നായര്‍ എഴുതി.

1982 ല്‍ നവോദയുടെ ഇന്ത്യയിലെ ആദ്യത്തെ 70 എം എം ചിത്രമായ ' പടയോട്ടം' നിര്‍മിക്കുമ്പോള്‍ പടത്തിന്റെ തിരക്കഥ ആരെഴുതണമെന്ന് അപ്പച്ചന് തെല്ലും സംശയമുണ്ടായിരുന്നില്ല. അലക്‌സാണ്ടര്‍ ഡ്യൂമാസിന്റെ വിഖ്യാതമായ ' കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' ആണ് പടയോട്ടത്തിന്റെ മൂല കഥ. തെലുങ്കിലും തമിഴിലും ഒന്നില്‍ കൂടുതല്‍ തവണ ഈ കഥ പ്രമേയമായി പടങ്ങള്‍ വന്നിട്ടുണ്ട്.

പടയോട്ടത്തിൻ്റെ പോസ്റ്റർ
പടയോട്ടത്തിൻ്റെ പോസ്റ്റർ

പക്ഷേ ഗോവിന്ദന്‍ കുട്ടിയെഴുതിയ കഥ അവയേക്കാളുമൊക്കെ മികച്ചതായിരുന്നു. നസീറിന്റെ വ്യത്യസ്തമായ വേഷങ്ങളിലൊന്നായിരുന്നു അത്. പ്രത്യേകിച്ചും രണ്ടാം പകുതിയില്‍, പക്വതയോടുള്ള ആറേക്കാട്ടമ്പാടി തമ്പാന്‍ എന്ന നസീറിന്റെ അഭിനയം. പതിവ് നസീര്‍ ശൈലിയില്‍നിന്ന് അത് വേറിട്ടതാവാന്‍ കാരണം ഗോവിന്ദന്‍ കുട്ടിയുടെ പക്വതയുള്ള ഡയലോഗുകളായിരുന്നു. ആ വേഷത്തിന്റെ ഡയലോഗുകള്‍ക്കു ഗോവിന്ദന്‍ കുട്ടിയോട് നസീര്‍ ഏറെ കടപ്പെട്ടിരിക്കുന്നു.

പ്രേംനസീറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു ആറേക്കാട്ടമ്പാടി തമ്പാന്‍. സംസ്ഥാന അവാര്‍ഡ് ലഭിക്കേണ്ട പെര്‍ഫോമന്‍സായിട്ടും എന്തുകൊണ്ടോ അവാര്‍ഡ് കമ്മറ്റി നസീറിനെ പരിഗണിച്ചില്ല. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച ആദ്യ ചിത്രമാണ് പടയോട്ടം. മോണ്ടി ക്രിസ്റ്റോയെ വടക്കന്‍പാട്ട് ശൈലിയില്‍ പുനഃരാവിഷ്‌കരിക്കുകയായിരുന്നു ഗോവിന്ദന്‍ കുട്ടി. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. നായകന്‍ കഴിഞ്ഞാലുള്ള പ്രധാന കഥാപാത്രമായ പെരുമന കുറുപ്പായി ഗോവിന്ദന്‍ കുട്ടി പടത്തില്‍ നല്ല അഭിനയം കാഴ്ചവെയ്ക്കുകയും ചെയ്തു.

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്
'ചരിത്രത്തിന്റെ സ്പന്ദമാപിനികള്‍'

മലയാളത്തിലെ ആദ്യ സിനിമാ സ്‌കോപ്പ് ചിത്രം 'തച്ചോളി അമ്പു' വിന്റെ കഥയും തിരക്കഥയും ഗോവിന്ദന്‍ കുട്ടി തന്നെ. കേരളത്തിലെ തീയേറ്ററുകള്‍ ആധുനികവല്‍ക്കരണത്തിലേക്കു കുതിക്കാന്‍ ഈ സിനിമാ സ്‌കോപ്പ് ചിത്രം കാരണമായി. ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ നൂതന സാങ്കേതിക വിദ്യ ആവശ്യമായതിനാല്‍ പല തീയേറ്ററുകളും പൊളിച്ച് പുനഃനിര്‍മിക്കപ്പെട്ടു. കേരളത്തിലെ തീയേറ്ററുകളുടെ എണ്ണം എണ്ണൂറില്‍ നിന്ന് ആയിരമായി വര്‍ധിച്ചു.

എഴുപതുകളിലെ മലയാള സിനിമകളിലെ പ്രധാന ചേരുവയായിരുന്നു സ്റ്റണ്ട്, കൊള്ള സംഘം, കാബറെ ഡാന്‍സ്, വില്ലന്‍, പിന്നെ ബലാത്സംഗം. സാധാരണക്കാരായ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന, അടിയിടി, ശണ്ഠ, കുത്ത് പടങ്ങളായിരുന്നു അന്ന് മലയാളത്തില്‍ കൂടുതലും. സ്വാഭാവികമായും ക്രൂരനായ വില്ലന്‍ വേഷങ്ങള്‍ പതിവായി ഗോവിന്ദന്‍ കുട്ടിക്കായി. നായകനാവാന്‍ ധാരാളം നടന്മാരുണ്ട്. ക്രൂരനായ പ്രതിനായകനാവാന്‍ ഒരു ഗോവിന്ദന്‍ കുട്ടി മാത്രം എന്ന അവസ്ഥ അദ്ദേഹത്തിന്റെ നാടകത്തിലൂടെ വളര്‍ന്ന അഭിനശേഷിയെ ഉപയോഗിക്കാന്‍ പരിമിതമായേ സഹായിച്ചുള്ളൂ.

അടിയിടിയും ബലാല്‍ക്കാരവും സ്ഥിരമായി ചാര്‍ത്തിക്കൊടുത്തപ്പെട്ട വെറുമൊരു വില്ലന്‍ നടനായി ഗോവിന്ദന്‍ കുട്ടി മാറി. അതില്‍നിന്ന് മാറിനടക്കാന്‍ ഒരിക്കലും ഗോവിന്ദന്‍ കുട്ടിക്കായില്ല. ഇതിനെ പരാമര്‍ശിച്ച് മൂന്നു പതിറ്റാണ്ട് മുന്‍പ് ഒരു അഭിമുഖത്തില്‍ ഗോവിന്ദന്‍ കുട്ടി പറഞ്ഞു, ''പട്ടി വേഷമാണല്ലോ അന്ന് എനിക്ക് കിട്ടിയിരുന്നത്. അപ്പോള്‍ കുരച്ചല്ലേ പറ്റൂ.''

യക്ഷിയിൽ സത്യനോടൊപ്പം. ഗോവിന്ദൻ കുട്ടിയ്ക്ക് നല്ല കഥാപാത്രങ്ങൾ നൽകിയത് കെ എസ് സേതുമാധവനായിരുന്നു
യക്ഷിയിൽ സത്യനോടൊപ്പം. ഗോവിന്ദൻ കുട്ടിയ്ക്ക് നല്ല കഥാപാത്രങ്ങൾ നൽകിയത് കെ എസ് സേതുമാധവനായിരുന്നു

ഒരിക്കല്‍ ഗോവിന്ദന്‍ കുട്ടി തന്റെ ഗതികേടിനെ കുറിച്ച് എഴുതി: പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത 'ശ്രീമദ് ഭഗവദ്ഗീത '(1977) യില്‍ അഭിനയിക്കാന്‍ വേഷം കിട്ടി. മഹാഭാരത കഥയല്ലേ, കഥാപാത്രം നല്ലതായിരിക്കുമെന്നു കരുതി ചെന്നപ്പോള്‍ കിട്ടിയത് കീചകന്റെ വേഷം. സൈരന്ധ്രിയായി വേഷം മാറി വിരാടരാജധാനിയില്‍ കഴിയുന്ന പാഞ്ചാലിയെ ബലാല്‍ക്കാരം ചെയ്യുന്ന കീചകനാണ് ഗോവിന്ദന്‍ കുട്ടി. ഭീമസേനനായി ഭീമറാവ് എന്ന തെലുങ്ക് നടനും പഞ്ചാലിയായി ശ്രീവിദ്യയും അഭിനയിച്ചു. പുരാണത്തിലും വേഷം ബലാല്‍ക്കാരം തന്നെ, എന്ത് ചെയ്യും?

മഞ്ഞിലാസിന്റെ മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത കെ എസ് സേതുമാധവന്‍ ഗോവിന്ദന്‍ കുട്ടിയുടെ അഭിനയശേഷി കണ്ടറിഞ്ഞ് തന്റെ പടങ്ങളില്‍ നല്ല കഥാപാത്രങ്ങള്‍ നല്‍കി. യക്ഷി, ഒരു പെണ്ണിന്റെ കഥ, വാഴ്വേ മായം, അരനാഴിക നേരം, കന്യാകുമാരി തുടങ്ങിയ ചിത്രങ്ങളില്‍ ഗോവിന്ദന്‍ കുട്ടി വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്തു.

പടയോട്ടത്തിലെ പെരുമന കുറുപ്പാണ് ഗോവിന്ദന്‍ കുട്ടി അവസാനം ചെയ്ത ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. 1993 ല്‍ പുറത്തുവന്ന സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണിയിലാണ് അവസാനം ഗോവിന്ദന്‍ കുട്ടി അഭിനയിച്ചത്. 1977 ലെ ഏറ്റവും ജനപ്രീതി നേടിയ ഭരതന്‍ സംവിധാനം ചെയ്ത ഗുരുവായൂര്‍ കേശവന്റെ തിരക്കഥയും സംഭാഷണങ്ങളും എഴുതിയത് ഗോവിന്ദന്‍ കുട്ടിയായിരുന്നു.

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്
ലാസ്റ്റ് ഡേ ഓഫ് ദ വണ്‍ ഐയ്ഡ് ജാക്കല്‍

''കേരളത്തിന്റെ ധീരോദാത്ത ഗീതകങ്ങളാണ് വടക്കന്‍ പാട്ടുകഥകള്‍. വടക്കന്‍പാട്ട് കഥകളില്‍ അന്നത്തെ അന്തരീക്ഷത്തിന്റെ ആത്മാവും ആളുകളുടെ അഭിമാനവും അടിയറ വെയ്ക്കാതെയാണ് ഞാന്‍ എഴുതിയത്,'' വടക്കന്‍ പാട്ടുകളെ ആദ്യമായി ചലചിത്രാവിഷ്‌കാരത്തിലൂടെ ജനപ്രീതിയിലെത്തിച്ച തിരക്കഥകൃത്തായ ഗോവിന്ദന്‍ കുട്ടി ഒരിക്കല്‍ പറഞ്ഞു.

സുഹൃത്തും സഹപ്രവര്‍ത്തകനുമായ നടന്‍ പി ജെ ആന്റണിയുടെ ആദ്യത്തെ ജീവചരിത്രം എഴുതിയത് ഗോവിന്ദന്‍ കുട്ടിയായിരുന്നു. ആന്റണിയുടെ മരണശേഷം 1980 ല്‍ ദീപിക ആഴ്ചപ്പതിപ്പില്‍ 'പി ജെ ആന്റണി: മനുഷ്യനും കലാകാരനും' എന്ന പേരില്‍ ഖണ്ഡശ്ശയായി അത് പ്രസിദ്ധീകരിച്ചു. പി. ഭാസ്‌കരന്‍ മാസ്റ്ററായിരുന്നു അപ്പോള്‍ ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍. പിന്നീടിത് പുസ്തകമായി.

ഗോവിന്ദൻകുട്ടി എഴുതിയ പി ജെ ആൻ്റണിയുടെ  ജീവചരിത്രം
ഗോവിന്ദൻകുട്ടി എഴുതിയ പി ജെ ആൻ്റണിയുടെ ജീവചരിത്രം

മലയാളത്തില്‍ ആദ്യത്തെ 'പ്രേതകഥകള്‍' ഇതേ പേരില്‍ സമാഹാരമായി പുറത്തിറക്കിയതും ഗോവിന്ദന്‍ കുട്ടിയാണ്. പലപ്പോഴായി ആനുകാലികങ്ങളില്‍ എഴുതിയ 16 പ്രേതകഥകള്‍ 1980 ല്‍ ദീപിക ബുക്‌സ് പ്രസിദ്ധീകരിച്ചു.

തന്റെ പട്ടാള ജീവിതാനുഭവങ്ങള്‍ ആസ്പദമാക്കി ഗോവിന്ദന്‍ കുട്ടി എഴുതിയ 'ഗൂര്‍ഖ' ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് നോവലുകള്‍, പന്ത്രണ്ടിലേറെ കഥാ സമാഹാരങ്ങള്‍, എഴ് നാടകങ്ങള്‍ , 23 സിനിമാ തിരക്കഥകള്‍, റേഡിയോ നാടകങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍ എന്നിവ ഗോവിന്ദന്‍ കുട്ടിയുടെ സാഹിത്യ സംഭാവനകളിലുണ്ട്.

തനിക്ക് ബലാല്‍ക്കാര വില്ലന്‍ വേഷം ചാര്‍ത്തിത്തന്ന സംവിധായകരെയും നിര്‍മാതാക്കളേയും പരിഹസിച്ച് ഓര്‍മക്കുറിപ്പില്‍ ഗോവിന്ദന്‍ കുട്ടിയെഴുതി, ''ചിലര്‍ക്ക് സിനിമാ പിടുത്തം എന്നത് സിനിമ പിടിക്കലല്ല. മറ്റു ചിലതൊക്കെ പിടിക്കലാണ്

1955 ല്‍ പ്രസിദ്ധീകരിച്ച വിദ്വാന്‍ ടി എം ചുമ്മാറിന്റെ 'ഭാഷാഗദ്യസാഹിത്യ ചരിത്ര' ത്തില്‍ പരാമര്‍ശിച്ച അപൂര്‍വം മലയാള ചലചിത്ര പ്രവര്‍ത്തകനാണ് ഗോവിന്ദന്‍ കുട്ടി. 1947 ല്‍ ഫോര്‍ട്ട് കൊച്ചിയിലാരംഭിച്ച കേരള സാഹിത്യ സമിതിയുടെ ആദ്യത്തെ സെക്രട്ടറിയായ അദ്ദേഗം. 'കാഥികന്‍ ' എന്ന മലയാളത്തിലെ ആദ്യത്തെ ചെറുകഥാ മാസികയുടെ എഡിറ്ററായിരുന്നു. പിന്നെ പത്രപ്രവര്‍ത്തകനുമായി.

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്
മാധ്യമ ചരിത്രത്തിൽ ഇടം നേടിയ റെയ്ഗൻ വധശ്രമ ചിത്രങ്ങൾ

തനിക്ക് ബലാല്‍ക്കാര വില്ലന്‍ വേഷം ചാര്‍ത്തിത്തന്ന സംവിധായകരെയും നിര്‍മാതാക്കളേയും പരിഹസിച്ച് ഓര്‍മക്കുറിപ്പില്‍ ഗോവിന്ദന്‍ കുട്ടിയെഴുതി, ''ചിലര്‍ക്ക് സിനിമാ പിടുത്തം എന്നത് സിനിമ പിടിക്കലല്ല. മറ്റു ചിലതൊക്കെ പിടിക്കലാണ്.''

അവസാനം സിനിമയിലെ വില്ലന്‍ യഥാര്‍ഥ വില്ലന് മുന്‍പില്‍ കീഴടങ്ങി. എഴുപതാം വയസില്‍, 1994 ഓഗസ്റ്റ് 23 ന് കൊച്ചിയിലായിരുന്നു എന്‍ ഗോവിന്ദന്‍ കുട്ടിയുടെ അന്ത്യം.

logo
The Fourth
www.thefourthnews.in