ഉണ്‍മയുടെ ബലിശിലയില്‍ ഉപാസനയുടെ ഉള്‍മുദ്രകള്‍
'ഇതാ, ഭൂമിയുടെ മധ്യം. പരിശുദ്ധ മക്ക. ഉച്ചസൂര്യന്റെ വെയിലിലും ഉഷ:സന്ധ്യയുടെ കനവിലും ഉദാരതയുടെ ഭക്തസാഗരമിരമ്പുകയായി. ഇന്ന് (ശനി) വിശുദ്ധ ഹജ്ജ് കര്‍മത്തിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാദിനം.
ആരവമുഖരിതമായ ആത്മീയഭൂമികയായി അറഫയും മിനായും. ഇരുന്നൂറ് കോടിയിലേറെ വരുന്ന ലോക മുസ്‌ലിംകളുടെ വിദൂരപ്രാതിനിധ്യവുമായി ഇരുപത് ലക്ഷം വിശ്വാസികള്‍ ഹജ്ജ് തീര്‍ഥാടനത്തിന്റെ ജന്മസുകൃതം തേടിയെത്തിയിരിക്കുന്നു.
സൗദി അറേബ്യ കാഴ്ചവെച്ച ഏറ്റവും അത്യാധുനികവും ശാസ്ത്രീയവുമായ രീതിയിലുള്ള ഹജ് മാനേജ്‌മെന്റിനാണ് ഇത്തവണ ലോകം സാക്ഷ്യം വഹിക്കുക. ഹജ് ടെര്‍മിനലിലെ പുതുപുത്തന്‍ സംവിധാനം, എയര്‍ ടാക്‌സി, മെട്രോ ട്രെയിന്‍ സൗകര്യങ്ങള്‍... ഇവയെല്ലാം കൂടുതല്‍ വിപുലമാക്കി. തമ്പുകളുടെ നഗരമായ മിനായിലെ താമസസൗകര്യങ്ങളും ഏറ്റവും നൂതനവും സൗകര്യപ്രദവുമായ രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഹാജിമാരുടെ യാത്ര, താമസം, ഭക്ഷണം, ഹജ് നിര്‍വഹണം തുടങ്ങി എല്ലാവിധത്തിലുമുള്ള ഒരുക്കങ്ങള്‍ക്കും സൗദി ഹജ് മന്ത്രാലയത്തിന്റെ ഭാവനാസമ്പന്നവും ദീര്‍ഘദൃഷ്ടിയോടെയുമുള്ള നേതൃപരമായ ഇടപെടലാണുള്ളത്. അതുകൊണ്ടുതന്നെ അതിനൂതനമായ ഹജ്ജ് നിര്‍വഹണത്തിന്റെ സേവനഘട്ടങ്ങളത്രയും ഓരോ ഹാജിയുടേയും മനസ്സില്‍ എക്കാലത്തും സൂക്ഷിക്കാനുള്ള സുഖദമായ ഓര്‍മയായും അന്ത്യം വരെ മാറുമെന്നുറപ്പ്.
വിശുദ്ധിയുടെ വെണ്‍മ പുരണ്ട, ധവളാഭമായ ഉടയാട ചുറ്റി ചുണ്ടില്‍ നിറസ്‌തോത്രവും ഉള്ളില്‍ നിറഭക്തിയുമായി എത്തിയ തീര്‍ഥാടകര്‍ മിനായില്‍നിന്ന് ഇന്ന്, പരിശുദ്ധ ഹജിന്റെ ഏറ്റവും സുപ്രധാന കര്‍മ്മമായ അറഫാസംഗമത്തില്‍ പങ്കെടുക്കാനായി, വെളുത്ത അലകടലായി ചരിത്രം സ്പന്ദിക്കുന്ന അറഫായിലേക്കൊഴുകും. അറഫയാണ് ഹജ്ജ് എന്ന പവിത്രപദം സാര്‍ഥകമാക്കിയാവും ഓരോ തീര്‍ഥാടകനും അറഫയില്‍ ഭക്ത്യാദരവോടെ അണിചേരുക.
ഹജ്ജ്: ചില ഓര്‍മകളിലൂടെ
ബാല്യവിസ്മയം പുരണ്ട ഒരു ഹജ്ജോര്‍മ്മയുണ്ടെനിക്ക്. ഞങ്ങളുടെ അയല്‍വാസി ഇരുമ്പുഴി മണ്ണാത്തിപ്പാറയിലെ ആലുങ്ങല്‍ ചുങ്കത്ത് മൊയ്തുകാക്ക ഹജ്ജിനു പോകുന്ന വിവരം പറയാന്‍ ഏലംകുളത്ത് ഞങ്ങളുടെ തറവാട്ടിലെത്തിയ രാത്രി. അന്ന് നാലാം ക്ലാസിലാണ് ഞാന്‍. എന്റെ ഉപ്പയുടെ ബാപ്പ (വല്യുപ്പ) അറുപതുകളുടെ ആദ്യം ഹജ്ജ് കര്‍മ്മം നിര്‍വഹിച്ച കൂത്രാടന്‍ മമ്മുദു ഹാജി. ഒരു പക്ഷേ അക്കാലത്തെ ഞങ്ങളുടെ ഗ്രാമത്തിലെ കേവലം അഞ്ചോ ആറോ ഹാജിമാരിലൊരാള്‍. കൂട്ടുകാരനായ വല്യുപ്പയോട് യാത്ര ചോദിക്കാന്‍ വന്നതായിരുന്നു സദാ വെറ്റില മുറുക്കിത്തുപ്പാറുള്ള, പൊക്കം കുറഞ്ഞ, മൊയ്തുകാക്ക. അന്നൊക്കെ ഹജ്ജിനു പോയാല്‍ പിന്നെ മക്കത്തുനിന്ന് മടങ്ങിവരുന്ന കാര്യത്തില്‍ സംശയമുള്ളവരും മടങ്ങി വന്നില്ലെങ്കില്‍ പുണ്യഭൂമിയില്‍ സ്വര്‍ഗപ്രാപ്തിയെന്ന വിശ്വാസം വെച്ചു പുലര്‍ത്തുന്നവരുമായിരുന്നു തീര്‍ഥാടകരില്‍ പലരും. യാത്രയാക്കുന്ന ബന്ധുക്കളും അങ്ങനെ വിശ്വസിച്ചുപോന്നു. അത്രയും ദുര്‍ഘടം പിടിച്ചതായിരുന്നു അക്കാലത്തെ ഹജ്ജ് യാത്ര.
കേരളത്തില്‍നിന്ന് തീവണ്ടി മാര്‍ഗം ബോംബെയിലേക്ക്. ബോംബെയിലെത്തിയാല്‍പിന്നെ കപ്പല്‍ പുറപ്പെടും വരെ മുസാഫര്‍ഖാനയിലെ (ഹാജിമാരുടെ താല്‍ക്കാലിക പാര്‍പ്പിടം) താമസവും കാത്തിരിപ്പും. പിന്നെ യാത്രാ രേഖകളുടെ ക്രമീകരണത്തിനായുള്ള നെട്ടോട്ടം. ഹജ്ജ് ഗൈഡുമാരുടെ (മുഅല്ലിം) നിര്‍ദേശങ്ങള്‍ അനുസരിച്ച് കപ്പല്‍ പുറപ്പെടുംവരെ അവിടെ കഴിയുക.
എസ്.എസ്. മുഹമ്മദി, എം.വി. നിക്കോബാര്‍ തുടങ്ങിയ ഏതെങ്കിലും കപ്പലില്‍ പത്തും പന്ത്രണ്ടും ദിവസം നീളുന്ന കടല്‍ യാത്ര കഴിഞ്ഞ് ജിദ്ദാ തുറമുഖത്ത് ക്ഷീണിതരായി ഇറങ്ങുന്ന ഹാജിമാര്‍ ഒട്ടകപ്പുറത്തോ, അപൂര്‍വമായി ലഭിക്കുന്ന പിക്കപ്പ് വാനുകളിലോ ഉള്ള മരുഭൂസഞ്ചാരത്തിനുശേഷം മക്കയില്‍. പരവശരെങ്കിലും ഹജ്ജിന്റെ പുണ്യം തേടിയുള്ള ആ യാത്രയ്ക്ക് ഉന്നതമായ ലക്ഷ്യമുണ്ടായിരുന്നു ഓരോ തീര്‍ഥാടകനും. മക്കയിലും താമസസൗകര്യവും മറ്റും ഏറെ പരിമിതം. കഴുതപ്പുറത്ത് കൊണ്ടുവരുന്ന കുടിവെള്ളം, ഈന്തപ്പഴവും ഖുബ്ബൂസും മറ്റുമടങ്ങിയ അറബി ഭക്ഷണം. നാട്ടില്‍നിന്ന് കൊണ്ടുപോകുന്ന കുറിയരി കൊണ്ട് പാചകം ചെയ്യുന്ന കഞ്ഞിയും അച്ചാറുമൊക്കെയാണ് പ്രായംകൂടിയ മലയാളി തീര്‍ഥാടകര്‍ക്ക് ആശ്വാസം. ഏറെ ത്യാഗങ്ങള്‍ സഹിച്ചുള്ള ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടോ മൂന്നോ മാസത്തിനുശേഷം മടങ്ങിയെത്തുന്ന ഇവര്‍ക്ക് ഹാജിയാര്‍ എന്ന പദവി ലഭിക്കുന്നു. എല്ലാവര്‍ക്കിടയിലും ബഹുമാനം നേടുന്ന സ്ഥാനം.
അങ്ങനെ ത്യാഗങ്ങള്‍ സഹിച്ച് ഇളയ സഹോദരനോടൊപ്പം പോയി ഹജ്ജ് ചെയ്ത കഥ വല്യുപ്പയില്‍നിന്ന് ഞാന്‍ കേട്ടിരുന്നു. മിനായിലെ കല്ലേറിനെക്കുറിച്ചൊക്കെ ആവേശപൂര്‍വം വല്യുപ്പ മറ്റുള്ളവരോട് പറയുന്നത് കേട്ടിട്ടുണ്ട്. പിന്നെയും ഏറെക്കാലം കഴിഞ്ഞാണ് മൊയ്തുകാക്കയുടെ ഹജ്ജിനു പോക്ക്. വല്യുപ്പയോട് മാത്രമല്ല, തൊട്ടടുത്ത എല്ലാ വീട്ടുകാരോടും നാട്ടുകാരോടും നിറകണ്ണുകളോടെ യാത്ര ചോദിച്ചാണ് മൊയ്തുകാക്ക ഹജ്ജിനു പുറപ്പെട്ടത്. തറവാട്ടില്‍നിന്ന് ഇറങ്ങാന്‍ നേരം അരയിലെ വീതിയേറിയ പച്ചബെല്‍ട്ടില്‍നിന്ന് മൂന്ന് ഒറ്റ രൂപ നോട്ടുകളെടുത്ത് അദ്ദേഹം വല്യുപ്പയുടെ നേരെ നീട്ടുന്നത് ചിമ്മിനി വിളക്കിന്റെ ചെറുവെട്ടത്തില്‍ ഞാന്‍ കണ്ടു.
- ''ഹാജ്യാരാക്കാ, ഇത് നമ്മള്‍ തമ്മിലുള്ള പഴയൊരു ഇടപാടാണ്. നിങ്ങള്‍ക്ക് ഞാന്‍ തരാനുള്ള ഈ പൈസ നിങ്ങള്‍ വാങ്ങണം.''
വല്യുപ്പ അന്നേരം മൊയ്തുകാക്കയെ കെട്ടിപ്പിടിച്ച് പറഞ്ഞു: ''മൊയ്തൂ, ജ്ജ് സുഖായി ഹജ്ജ് ചെയ്ത് വാ.. ഇടപാടൊക്കെ ഞാന്‍ എന്നോ പൊരുത്തപ്പെട്ടിരിക്കുന്നു.'' മൊയ്തുകാക്ക വികാരാധീനനായി.
ഇളം പ്രായത്തില്‍ കണ്ട, മനസ്സില്‍ തട്ടിയ ഈ വിടവാങ്ങല്‍ ഓരോ ഹജ്ജ് കാലത്തും എന്റെ മനസ്സിലേക്കെത്താറുണ്ട്. ഹജ്ജിനു പോകുന്നവര്‍ എല്ലാ കടബാധ്യതകളും തീര്‍ക്കണമെന്നാണ് കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. അതുപോലെ കുടുംബപരമായ എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റിയശേഷമേ ഹജ്ജ് നിര്‍ബന്ധമാക്കപ്പെടുന്നുള്ളൂ. വേണ്ടപ്പെട്ടവരില്‍നിന്ന് ഗുരുത്വവും പൊരുത്തവും വാങ്ങിയായിരുന്നു പഴയ കാലത്തൊക്കെ
കേരളത്തില്‍നിന്നുള്‍പ്പെടെയുള്ള ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമി ലക്ഷ്യമാക്കി യാത്ര ചെയ്തിരുന്നത്. ഏതാണ്ട് മൂന്നു മാസം കഴിഞ്ഞാണത്രേ മൊയ്തുകാക്ക തിരിച്ചെത്തിയത്. ഇതോടെ അദ്ദേഹം മൊയ്തുഹാജിയായി. വല്യുപ്പയുടെ അടുത്തുവന്ന് അദ്ദേഹം ഹജ്ജിന്റെ ചരിത്രം പറഞ്ഞു. ഇരുവരും ആവേശം കൊണ്ടു. അപ്പോഴും മിനായിലെ തിരക്കിനിടയില്‍ നിര്‍വഹിക്കപ്പെട്ട കല്ലേറിന്റെ കഥയാണ് മുന്തിനിന്നത്.
പിന്നെയും കുടുംബക്കാരും നാട്ടുകാരുമായി പലരും ഹജ്ജ് കര്‍മം അനുഷ്ഠിച്ച് സസുഖം നാട്ടില്‍ തിരിച്ചെത്തി. വിവിധ നിറത്തിലുള്ള കല്ലുമാലകള്‍, നമസ്‌കരിക്കാനുള്ള ചെറിയ പരവതാനി (മുസല്ല), ജപമാലകള്‍ എന്നിവയൊക്കെയായിരുന്നു ബന്ധുക്കളായ ഹാജിമാരും ഹജ്ജുമ്മമാരും (വനിതാ ഹാജിമാര്‍) പാരിതോഷികമായി തറവാട്ടില്‍ കൊണ്ടുവന്നിരുന്നത്. വല്യുപ്പയും മൊയ്തുഹാജിയും ഈ ലോകത്തോട് വിടപറഞ്ഞിട്ട് വര്‍ഷങ്ങളായി. വല്യുപ്പ മക്കത്തുനിന്നു കൊണ്ടുവന്നിരുന്ന തസ്ബീഹ് (ജപമാല) അടുത്തകാലത്ത് തറവാട് പൊളിച്ചുപണിയുന്നത് വരെ അദ്ദേഹത്തിന്റെ കിടപ്പറയിലുണ്ടായിരുന്നു.
സൗദിയില്‍ ജോലി തേടിയെത്തിയ 1982 - ലായിരുന്നു എന്റെ ആദ്യത്തെ ഹജ്ജ് യാത്ര. നാട്ടുകാരായ നാലഞ്ച് ചങ്ങാതിമാരോടൊപ്പമുള്ള ആ ഹജ്ജ് നിര്‍വഹണം ഏറെ വിഷമം പിടിച്ചതായിരുന്നു. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ല. പക്ഷേ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ സന്നദ്ധനായി, അല്ലാഹുവില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള ആ തീര്‍ഥാടനം ജീവിതത്തിലെ അവിസ്മരണീയാനുഭവമായി
പിന്നീട് 1977 - 78 കാലത്താണ് ഞങ്ങളുടെ നാട്ടിലെ മുസ്ലിം ചെറുപ്പക്കാരൊക്കെ വ്യാപകമായി ഹജ്ജിനുപോകാന്‍ തുടങ്ങിയത്. ഹജ്ജിന്റെ പുണ്യമായിരുന്നില്ല അവരുടെ പ്രധാനലക്ഷ്യം. സൗദിയില്‍ തൊഴില്‍തേടി ഹജ്ജ് വിസ സംഘടിപ്പിച്ചുള്ള യാത്രയായിരുന്നു അത്. സൗദി ഭരണാധിപന്‍ ഖാലിദ് രാജാവിന്റെ കാലത്ത് ഹജ്ജിനു വന്നവര്‍ക്കൊക്കെ ജോലി ചെയ്യാനുള്ള വിസ അടിച്ചുകൊടുത്തത് ഭാഗ്യാന്വേഷികള്‍ക്ക് അനുഗ്രഹമായി. ഇതോടെ ഹാജിയാര്‍ എന്ന പദവിയുടെ അപൂര്‍വതയും പ്രമാണിത്തവും ക്രമേണ നഷ്ടമായിത്തുടങ്ങി. തൊഴില്‍ തേടി കടല്‍ കടന്ന ഈ ചെറുപ്പക്കാര്‍ ഹജ്ജ് ചെയ്തുവെങ്കിലും ഹാജിയാര്‍ എന്നത് സ്വന്തം പേരിനൊപ്പം ചേര്‍ത്തിരുന്നില്ല.
സൗദിയില്‍ ജോലി തേടിയെത്തിയ 1982 - ലായിരുന്നു എന്റെ ആദ്യത്തെ ഹജ്ജ് യാത്ര. നാട്ടുകാരായ നാലഞ്ച് ചങ്ങാതിമാരോടൊപ്പമുള്ള ആ ഹജ്ജ് നിര്‍വഹണം ഏറെ വിഷമം പിടിച്ചതായിരുന്നു. ഇന്നത്തെ സൗകര്യങ്ങളൊന്നുമില്ല. പക്ഷേ കഷ്ടപ്പാടുകള്‍ സഹിക്കാന്‍ സന്നദ്ധനായി, അല്ലാഹുവില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള ആ തീര്‍ഥാടനം ജീവിതത്തിലെ അവിസ്മരണീയാനുഭവമായി. മാനവകുലത്തിന്റെ മാതാവ് ഹവ്വാബീവിയുടെ ശ്മശാനം സ്ഥിതിചെയ്യുന്ന ജിദ്ദ ബാബ്മക്ക (മക്കയിലേക്കുള്ള കവാടം) എന്ന പുരാതനനഗരത്തില്‍ നിന്നായിരുന്നു ഞങ്ങള്‍ ഹജ്ജ് യാത്ര ആരംഭിച്ചത്. വിവിധ സംഘങ്ങളായി, വിവിധ രാജ്യക്കാരുടെ ചെറുസംഘങ്ങളായിരുന്നു അത്. മുപ്പതോളം പേരടങ്ങിയ സംഘം ഒരു കോസ്റ്റര്‍ ബസ്സിലാണ് മിനാ ലക്ഷ്യംവെച്ച് പുറപ്പെട്ടത്. വെളുത്ത മുണ്ടും മേല്‍വസ്ത്രവും ധരിച്ച ആയിരക്കണക്കിനു ഹാജിമാരെയും വഹിച്ചുള്ള നൂറുക്കണക്കിനു വാഹനങ്ങളുടെ വന്‍വ്യൂഹം ഞങ്ങള്‍ക്കു മുന്നിലും പിന്നിലുമായി വിസ്മയിപ്പിക്കുന്ന കാഴ്ചയായിരുന്നു. അന്തരീക്ഷത്തില്‍ അത്യുഷ്ണം. പുറത്ത് വെയില്‍നാളങ്ങള്‍. അപ്പോഴും പക്ഷേ, തളരാത്ത ഭക്തിയോടെ തീര്‍ഥാടകര്‍ ആരാധനയുടെ ആത്മമന്ത്രങ്ങള്‍ മുഴക്കി: ''ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...''
ഞങ്ങളുടെ വാഹനത്തില്‍ എന്റെ അയല്‍വാസി കുട്ട്യാപ്പുവാണ് ഈ 'തല്‍ബിയത്ത് മന്ത്രം' ഉച്ചത്തില്‍ വിളിച്ചുതന്നിരുന്നത്. ജിദ്ദ മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്നു കുട്ട്യാപ്പു. ഞങ്ങളെല്ലാം ലബ്ബൈക്കല്ലാഹുമ്മ... ഏറ്റുവിളിച്ചു. ജിദ്ദയില്‍നിന്ന് 45 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ശുമൈസി എന്ന സ്ഥലത്ത് ചെക്പോസ്റ്റില്‍ പോലീസ് പരിശോധന. ജിദ്ദയിലെത്തി രണ്ടാഴ്ച മാത്രം പിന്നിട്ട എന്റെ കൈവശം തിരിച്ചറിയല്‍ കാര്‍ഡുണ്ടായിരുന്നില്ല. പരിശോധനയില്‍പ്പെടുമോയെന്ന് പേടിയുണ്ടായിരുന്നുവെങ്കിലും കാര്യമായ ചെക്കിങ്ങില്ലാതെ പോലീസ് ഞങ്ങളുടെ വാഹനത്തിനു പോകാന്‍ അനുമതി നല്‍കി. ഹജ്ജിനു പോകുന്നവരെ വഴി തടയുകയോ മടക്കി അയയ്ക്കുകയോ ചെയ്യുന്ന പതിവ് അക്കാലത്തില്ലായിരുന്നു. പക്ഷേ പില്‍ക്കാലത്ത് സൗദിയില്‍ ജോലിചെയ്യുന്നവരുടെ ഹജ്ജിനുള്ള യാത്രകള്‍ പെരുകിയപ്പോള്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സൗദി അധികൃതര്‍ നിര്‍ബന്ധിതമായി. ആള്‍ക്കൂട്ടത്തെ പരിമിതപ്പെടുത്തുകയെന്നതായിരുന്നു ഉദ്ദേശ്യം. ഒന്നിലധികം തവണ ഹജ്ജ് ചെയ്തവരാണെന്ന് തെളിഞ്ഞാല്‍ അതിര്‍ത്തിയില്‍ വെച്ച് അവരെ തിരിച്ചയയ്ക്കാന്‍ തുടങ്ങി.
നീണ്ടുനിന്ന ഗതാഗതക്കുരുക്കിനുശേഷം ദുല്‍ഹജ്ജ് ഏഴാം തിയതി സന്ധ്യയ്ക്ക് ഞങ്ങള്‍ മിനായിലെത്തി. പ്രദോഷസൂര്യവെളിച്ചത്തില്‍ കൂടാരങ്ങളുടെ നഗരം അത്യപൂര്‍വമായൊരു കൊളാഷ് പോലെ തോന്നി.
ലാളിത്യത്തിന്റെ പ്രതീകമായി വെണ്‍മയുടെ ശുഭ്രവസ്ത്രം ധരിച്ച പതിനായിരങ്ങളുടെ സംഗമകേന്ദ്രമായി മിനാ താഴ്വര. തമ്പുകള്‍ക്കകത്തും പുറത്തും തടിച്ചുകൂടിയ തീര്‍ഥാടകര്‍. ഉയരം കുറഞ്ഞ യെമനികളും കരുത്തരായ ആഫ്രിക്കക്കാരും മെലിഞ്ഞു ശക്തിയില്ലാത്ത ഇന്തോനേഷ്യക്കാരും.. ലോകത്തിന്റെ ഒരു പരിച്ഛേദം. ഇന്ന് കാണുന്ന ആസൂത്രിത നഗരമായോ ആധുനിക കൂടാരങ്ങളുയര്‍ന്ന 'ടെന്റ് സിറ്റി' യായോ മിനാ അന്ന് മാറിയിരുന്നില്ല. അതുകൊണ്ടു തന്നെ ഏറെ അസൗകര്യങ്ങള്‍ക്കിടയിലായിരുന്നു അക്കാലത്തെ ഹജ്ജ്. എല്ലാ അര്‍ഥത്തിലും ത്യാഗപൂര്‍ണമായ കര്‍മം.
ഞങ്ങള്‍ക്കു താമസിക്കാന്‍ തമ്പുകളൊന്നുമുണ്ടായിരുന്നില്ല. മിനായില്‍നിന്ന് അറഫയിലേക്കും അവിടെനിന്ന് മുസ്ദലിഫയിലേക്കും തിരിച്ച് മിനായിലേക്കുമെല്ലാം കാല്‍നടയായിട്ടായിരുന്നു ഞങ്ങളുടെ സഞ്ചാരം. ആള്‍ക്കൂട്ടത്തിന്റെ അതിബാഹുല്യത്തില്‍ കൂട്ടം തെറ്റാതിരിക്കാന്‍ ഞങ്ങളുടെ സംഘത്തിനു മുമ്പില്‍ ശീലക്കൊടികെട്ടിയ നീളന്‍വടിയുമായി കുട്ട്യാപ്പു മുമ്പേ നടന്നു. മിനായിലെയും അറഫയിലെയും തുറസ്സായ സ്ഥലങ്ങളിലും പാതയോരങ്ങളിലുമൊക്കെയായിരുന്നു ഞങ്ങളുടെ ഇരിപ്പും കിടപ്പും. ഭൗതികമോഹങ്ങള്‍ വെടിഞ്ഞ് പ്രപഞ്ചനാഥനിലേക്കുള്ള ശാശ്വതമായ മടക്കത്തെക്കുറിച്ച് പ്രതീകാത്മകമായി അനുസ്മരിപ്പിക്കുന്ന നിരവധി പുണ്യമുഹൂര്‍ത്തങ്ങള്‍. മിനായില്‍നിന്ന് അറഫയിലേക്കുള്ള കാല്‍നടയാത്രക്കിടെ, രോഗബാധിതനായ ഹാജിയെ ചുമലിലേറ്റി അടുത്തുകണ്ട ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. അതുവരെ കൂടെയുണ്ടായിരുന്ന അയാളെ വഴിയിലുപേക്ഷിക്കേണ്ടതിന്റെ സങ്കടം എല്ലാവരുടെ മുഖത്തുമുണ്ടായിരുന്നു. പക്ഷേ മറ്റു മാര്‍ഗമില്ലായിരുന്നു.
മുസ്ലിം ലോകം മുഴുവന്‍ ഒരൊറ്റ ബിന്ദുവിലേക്കു സംഗമിക്കുന്ന അറഫാദിനം. വിവിധ രാജ്യക്കാര്‍, വിവിധ ഭാഷകളില്‍ പാപമുക്തിക്കായി കണ്ണീര്‍ തൂകി കരള്‍ നൊന്ത് 'ദുആ'കളില്‍ മുഴുകി. അറഫയുടെ മണ്ണ് ഭക്തപ്രഹര്‍ഷത്തില്‍ നനഞ്ഞുകുതിര്‍ന്നു
ഉഷ്ണക്കാറ്റ് വീശിയ അറഫയിലെ കൊടുംതാപമേറ്റ് ഞങ്ങളിരുന്നു. ചെറിയ തണല്‍മരങ്ങളുണ്ടായിരുന്നുവെങ്കിലും കാറ്റിനുപോലും ചൂടായിരുന്നു. കൃത്രിമമായ ജലധാരയില്‍നിന്ന് കിട്ടുന്ന തണുത്ത വെള്ളമായിരുന്നു ആശ്വാസം. വ്യത്യസ്ത കാലാവസ്ഥകളില്‍ നിന്നെത്തിയ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഹാജിമാര്‍ അറേബ്യന്‍ ഋതുഭേദങ്ങളോട് പൊരുത്തപ്പെടാന്‍ നന്നേ പണിപ്പെട്ടു. അറഫയിലെ മസ്ജിദ് നമീറയിലെ ഇമാമിന്റെ ഖുതുബ (പ്രസംഗം) കേട്ടു. പ്രവാചകന്റെ ചരിത്രപ്രസിദ്ധമായ വിടവാങ്ങല്‍ പ്രസംഗത്തിനു വേദിയായ അറഫയിലെ നമസ്‌കാരത്തിലും പ്രാര്‍ഥനകളിലും ഞങ്ങളും പങ്കാളികളായി. മുസ്ലിം ലോകം മുഴുവന്‍ ഒരൊറ്റ ബിന്ദുവിലേക്കു സംഗമിക്കുന്ന അറഫാദിനം. വിവിധ രാജ്യക്കാര്‍, വിവിധ ഭാഷകളില്‍ പാപമുക്തിക്കായി കണ്ണീര്‍ തൂകി കരള്‍ നൊന്ത് 'ദുആ'കളില്‍ മുഴുകി. അറഫയുടെ മണ്ണ് ഭക്തപ്രഹര്‍ഷത്തില്‍ നനഞ്ഞുകുതിര്‍ന്നു.
വഴിവാണിഭക്കാരില്‍നിന്ന് വാങ്ങിയതും സൗജന്യമായി ലഭിച്ചതുമായ ലഘുഭക്ഷണവും ശീതളപാനീയങ്ങളും കുടിവെള്ളവും കൊണ്ട് ദാഹവും വിശപ്പുമടക്കി. ധാരാളം പൊതുശുചിമുറികളുണ്ടായതുകൊണ്ട് കൂടാരങ്ങളില്ലാത്ത ഹാജിമാരോടൊപ്പം ഞങ്ങള്‍ക്കും പ്രാഥമികകാര്യങ്ങള്‍ വിഷമരഹിതമായി നിര്‍വഹിക്കാനായി.
ആദമും ഹവ്വയും സംഗമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ജബല്‍ റഹ്മ മലമുകളില്‍ കയറി ഞങ്ങളും ഏറെ നേരം ചെലവിട്ടു. സന്ധ്യാപ്രാര്‍ഥനയ്ക്കുള്ള ബാങ്ക് വിളിയുയര്‍ന്നതോടെ, മുസ്ദലിഫ ലക്ഷ്യമാക്കി ഞങ്ങള്‍ സഞ്ചാരം തുടര്‍ന്നു.
മുസ്ദലിഫ - തീര്‍ഥാടനത്തിനിടയ്ക്ക് ഇതൊരു ദശാസന്ധിയാണ്. കല്ലും മണ്ണും നിറഞ്ഞ വിശാലമായ തുറസ്സില്‍, ലളിത വേഷധാരികളായി, ആരാധനാ നിമഗ്‌നരായി ആകാശം നോക്കിക്കിടക്കുന്ന, അതിസമ്പന്നര്‍. അവര്‍ക്കൊപ്പം ദരിദ്രരായ ലക്ഷക്കണക്കിനു ഹാജിമാര്‍, പരലോകവിചാരണ പ്രതീകവല്‍ക്കരിച്ച മിനിയേച്ചര്‍, വിശാലമായ താഴ്വരയില്‍ രൂപപ്പെടുത്തിയ പോലെയുള്ള കമനീയദൃശ്യം. മനുഷ്യജന്‍ മത്തിന്റെ ക്ഷണികതയും ഐഹികമോഹങ്ങളുടെ വ്യര്‍ഥതയും മുസ്ദലിഫ എന്ന വിശാലമായ പ്രദേശത്ത് ദൃശ്യവല്‍ക്കരിക്കപ്പെടുന്നതു വൈരാഗികളായ തീര്‍ഥാടകരുടെ ഈ കിടപ്പില്‍ നിന്ന് വായിച്ചെടുക്കാനാവും. അന്തിവെട്ടത്തില്‍ അറേബ്യന്‍ മണ്ണും വിണ്ണും ഈ കാഴ്ചകള്‍ക്ക് കാവല്‍ നിന്നു. പകല്‍ച്ചൂട് രാക്കാറ്റിന് ശീതവീഥിയൊരുക്കിക്കൊടുത്തു. ഉവ്വ്, അനുഭവിച്ചുതന്നെ അറിയേണ്ട അവസ്ഥാന്തരമാണ് മുസ്ദലിഫയിലെ രാപാര്‍ക്കല്‍.
മുസ്ദലിഫയുടെ ചരിവില്‍നിന്നും നിലത്തുനിന്നും ശേഖരിച്ച കൊച്ചുകല്ലുകള്‍ മടിയില്‍ സൂക്ഷിച്ചാണ് പിറ്റേന്ന് പുലര്‍ച്ചെ ഞങ്ങള്‍ സാത്താന്റെ സ്തൂപങ്ങള്‍ക്കുനേരെ കല്ലെറിയാന്‍ ജംറയിലേക്കു നീങ്ങിയത്. പ്രതീക്ഷിച്ച പോലെ വന്‍തിരക്കായിരുന്നു അവിടെ. ബിസ്മില്ലാഹി അല്ലാഹു അക്ബര്‍... എന്നുച്ചരിച്ച് ആദ്യത്തെ ഏഴു കല്ലുകളെറിഞ്ഞു.
മിനായില്‍ കല്ലേറും മൃഗബലിയും മക്കയില്‍ പ്രദക്ഷിണവും പുരോഗമിക്കെ, ലോക മുസ്ലിംകള്‍ മുഴുവന്‍ ബലിപെരുന്നാളിന്റെ പെരുമയിലായിരുന്നു. രണ്ടും മൂന്നും ദിവസങ്ങളില്‍ മൂന്നിടങ്ങളിലായി കല്ലേറ് കര്‍മം നിര്‍വഹിച്ചു. അവസാന ദിവസത്തെ കല്ലേറ് സമയത്തും അപൂര്‍വമായ തിരക്കനുഭവപ്പെട്ടു. കൈകള്‍ കോര്‍ത്ത് കടല്‍ത്തിര പോലെ ഇരമ്പി വന്ന ഒരു നൈജീരിയന്‍ ഹജ്ജ് സംഘത്തിന്റെ തിരക്കിനിടയില്‍പ്പെട്ട് ഞങ്ങളുടെ ചെറുസംഘം ശിഥിലമായിപ്പോയി. എല്ലാവരും കൂട്ടം തെറ്റി. ഞാനും ഒറ്റപ്പെട്ടു. ഇന്നത്തെപ്പോലെ പരസ്പരം ബന്ധപ്പെടാനുള്ള സൗകര്യമൊന്നുമില്ല. ഏതായാലും തുടര്‍ന്നുള്ള കര്‍മങ്ങളില്‍ ഞാന്‍ തനിച്ചായി. മക്കയില്‍പ്പോയി വിടവാങ്ങല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കിയത് ഒറ്റയ്ക്കായിരുന്നു. എത്യോപ്യയില്‍നിന്നുള്ള തീര്‍ഥാടകന്‍ അബ്ദുല്ല മുഹമ്മദ് സാലെഹ് എനിക്ക് കൂട്ടായി. തലസ്ഥാനമായ അഡിസ് അബാബയിലെ യൂണിവേഴ്സിറ്റി അധ്യാപകനായിരുന്ന സാലെഹ്, ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം ഒരു കുഞ്ഞുണ്ടായ സന്തോഷത്തില്‍ ഹജ്ജിനെത്തിയതായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും കൂട്ടി വരാനായിരുന്നു തീരുമാനമെങ്കിലും അവസാന നിമിഷം കുഞ്ഞിന് അസുഖമായതിനാല്‍ തനിച്ച് വരേണ്ടിവന്നു.
1987 ലായിരുന്നു എന്റെ രണ്ടാമത്തെ ഹജ്ജ് യാത്ര. അപ്പോഴേക്കും എന്നോടൊപ്പം പ്രവാസം തുടങ്ങിയിരുന്ന ഭാര്യ സെലീനയോടൊപ്പമായിരുന്നു ആ തീര്‍ഥാടനം. മക്കയിലേക്കും മിനായിലേക്കും അറഫായിലേക്കും തിരിച്ചും സൗകര്യപ്രദമായ സംവിധാനത്തോടെയുള്ള ടൂര്‍ പാക്കേജ് പോലെയുള്ള ഹജ്ജായിരുന്നു അത്. മിനായില്‍ ആധുനിക ടെന്റ്. എല്ലായിടത്തേക്കും വാഹനങ്ങള്‍. ക്ലേശങ്ങളേതുമില്ലാത്ത ഹജ്ജ് നിര്‍വഹണം
ഇന്ത്യക്കാരായ നിരവധി അധ്യാപകര്‍ എത്യോപ്യയിലുണ്ടായിരുന്നുവെന്നും മറ്റും പറഞ്ഞ സാലെഹിനോട് ഞാന്‍ പറഞ്ഞു: ''നിങ്ങളുടെ ഹെയ്ലി സലാസി ചക്രവര്‍ത്തിയുടെ സുഹൃത്തായിരുന്നു ഞങ്ങളുടെ നാട്ടുകാരനായ പൗലോസ് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. മാത്രമല്ല, നിങ്ങളുടെ മാതൃഭാഷയായ 'അമാറിക്' നന്നായി കൈകാര്യം ചെയ്തിരുന്ന, പുരോഹിതന്‍മാരുടെ കൂട്ടത്തിലെ പുരോഗമനവാദിയുമായിരുന്നു അദ്ദേഹം.''
സാലെഹ് അല്‍ഭുതത്തോടെ എന്നെ നോക്കി. പിരിയും വരെ അയാള്‍ എനിക്ക് നല്ല സുഹൃദ് നിമിഷങ്ങളാണ് സമ്മാനിച്ചത്.
പ്രദക്ഷിണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നല്ല വിശപ്പും ക്ഷീണവും. ഏറെ കാത്തിരുന്നപ്പോള്‍ മക്ക ഇബ്രാഹിം ഖലീല്‍ സ്ട്രീറ്റിലെ അറബിക് റസ്റ്റോറന്റില്‍നിന്ന് ചുട്ട കോഴിയും അറബിച്ചോറും കിട്ടി. ആര്‍ത്തിയോടെ അത് കഴിച്ചുകൊണ്ടിരിക്കെ ഞങ്ങളുടെ സംഘത്തില്‍നിന്ന് കൂട്ടംതെറ്റിപ്പോയ എന്റെ ചങ്ങാതി ബാപ്പുട്ടി നേരെ മുന്നില്‍. വല്ലാത്തൊരു സന്തോഷമാണ് അപ്പോള്‍ അനുഭവപ്പെട്ടത്. ബാപ്പുട്ടി തീര്‍ത്തും പരവശനായിരുന്നു. റസ്റ്റോറന്റിലെ ഭക്ഷണം തീര്‍ന്നിരുന്നു. അത്രയും വലിയ തിരക്കായിരുന്നു അവിടെ. ഏതായാലും ബാപ്പുട്ടിയും ഞാനും എന്റെ ഭക്ഷണം പങ്കിട്ട് കഴിച്ചു. കര്‍മങ്ങളൊക്കെ പൂര്‍ത്തിയാക്കിയ സംതൃപ്തിയോടെ, ഞങ്ങളിരുവരും, കിട്ടിയ വാഹനത്തില്‍ ചാടിക്കേറി ജിദ്ദയിലേക്കു മടങ്ങി. അറഫയിലെ തുറന്ന മൈതാനത്ത് കൊടുംചൂടേറ്റ് ഇരുന്നതിനാലാവണം, എന്റെ വലതു ചുമലിന്റെ തൊലി അടര്‍ന്നുപോയി നീറ്റലനുഭവപ്പെട്ട് തുടങ്ങിയിരുന്നു- ഒരു തരത്തിലുള്ള സൂര്യാഘാതം തന്നെ.
1987 ലായിരുന്നു എന്റെ രണ്ടാമത്തെ ഹജ്ജ് യാത്ര. അപ്പോഴേക്കും എന്നോടൊപ്പം പ്രവാസം തുടങ്ങിയിരുന്ന ഭാര്യ സെലീനയോടൊപ്പമായിരുന്നു ആ തീര്‍ഥാടനം. മക്കയിലേക്കും മിനായിലേക്കും അറഫായിലേക്കും തിരിച്ചും സൗകര്യപ്രദമായ സംവിധാനത്തോടെയുള്ള ടൂര്‍ പാക്കേജ് പോലെയുള്ള ഹജ്ജായിരുന്നു അത്. മിനായില്‍ ആധുനിക ടെന്റ്. എല്ലായിടത്തേക്കും വാഹനങ്ങള്‍. ക്ലേശങ്ങളേതുമില്ലാത്ത ഹജ്ജ് നിര്‍വഹണം. നാട്ടില്‍നിന്ന് 1990 ല്‍ ഉപ്പയെയും 1999 ല്‍ ഉപ്പയെയും ഉമ്മയെയും വീണ്ടും ഹജ്ജിനു കൊണ്ടു വന്നപ്പോള്‍ അവരോടൊപ്പം പോയപ്പോഴും ഈ സൗകര്യങ്ങളൊക്കെ ലഭ്യമായിരുന്നു. പണച്ചെലവുള്ള ഹജ്ജായിരുന്നുവെങ്കിലും ഓരോ കര്‍മ്മവും വിഷമങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നത് ഭാഗ്യമായി കരുതുന്നു.1990 ലെ ഹജ്ജ് വേളയില്‍ മിനായിലെ അല്‍മുഐസിന്‍ എന്ന തുരങ്കത്തിലെ തിരക്കിനിടയില്‍ അഞ്ചു മലയാളികളുള്‍പ്പെടെ 1400 ലധികം പേര്‍ മരണപ്പെട്ട ദുരന്തമുണ്ടായി. ഫറോക്ക് കരുവന്‍തിരുത്തി സ്വദേശി ഇമ്പിച്ചിക്കോയ ഹാജിയ്ക്ക് ഭാര്യയും രണ്ടു മക്കളും ഈ അപകടത്തില്‍ നഷ്ടമായി. പിന്നീട് ഇദ്ദേഹത്തെ കണ്ട് ഞാന്‍ ഹജ്ജ് റിപ്പോര്‍ട്ട് ചെയ്തിരുന്ന മനോരമയ്ക്കുവേണ്ടി ഒരു സ്റ്റോറി ചെയ്തിരുന്നു. ഉറ്റവരുടെ വേര്‍പാടിലും ആ എൺപത്തിയാറുകാരന്റെ മനഃശക്തി പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. (ഞാനയച്ച ഹജ്ജ് വാര്‍ത്തയെക്കുറിച്ച് - മിനാ ട്രാജഡി - മനോരമ മുഖപ്രസംഗത്തില്‍ എന്റെ പേരുവെച്ച് നല്ല വാക്കുകളെഴുതാന്‍ അന്നത്തെ ലീഡര്‍ റൈറ്റര്‍ ബേബി ജോണ്‍ സാര്‍ കാണിച്ച അത്യുദാരതയെ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. എന്റെ ഹജ്ജ് വാര്‍ത്തകള്‍ പ്രാധാന്യത്തോടെയാണ് മനോരമ കൊടുത്ത് കൊണ്ടിരുന്നത്- എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിനോടും റസിഡന്റ് എഡിറ്റര്‍ അബു സാറിനോടും പ്രത്യേകം കടപ്പാട്. മനോരമയും ചന്ദ്രികയുമൊഴിച്ച് മറ്റ് പത്രങ്ങളൊന്നും ഹജ്ജ് സ്റ്റോറികള്‍ ഗൗരവപൂര്‍വം കൈകാര്യം ചെയ്ത് തുടങ്ങിയിട്ടില്ലാത്ത കാലമായിരുന്നു അത്).
ദൂരദര്‍ശനും ഏഷ്യാനെറ്റിനും മനോരമ ന്യൂസിനും വേണ്ടി ഹജ്ജ് കവര്‍ ചെയ്യാനും ഏഷ്യാനെറ്റ് ന്യൂസിനുവേണ്ടി ഹജ്ജ് സ്‌പെഷ്യല്‍ തയാറാക്കാനും അവസരം ലഭിച്ചു.1999, 2000, 2001 വര്‍ഷങ്ങളില്‍ ഞാന്‍ ജോലി ചെയ്യുന്ന സൗദിയിലെ 'മലയാളം ന്യൂസ്' പത്രത്തിനു വേണ്ടി ഹജ്ജ് കവര്‍ ചെയ്യാന്‍ വേണ്ടി ഔദ്യോഗിക വാര്‍ത്താ സംഘത്തിലെ അംഗമായിപ്പോകാനും സാധിച്ചു. ഇടക്കാലത്തെ ചില ഹജ്ജ് വേളകളില്‍ മിനായിലെ കല്ലേറ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരണപ്പെട്ട സംഭവമുണ്ടായി. കൂടാരങ്ങളിലെ അഗ്‌നിബാധയില്‍ ഒരു തവണ മുന്നൂറിലധികം പേര്‍ മരിച്ചു. അതിനുശേഷമാണ് തീ പിടിക്കാത്ത തമ്പുകള്‍ നിര്‍മിച്ചത്. 2015ൽ ഹജ്ജിനു വിശുദ്ധ മസ്ജിദുല്‍ ഹറമിനകത്ത് ക്രെയിന്‍ പൊട്ടിവീണ അപകടവും മിനായിലെ അപകടവും നിരവധി പേരുടെ മരണത്തിനിടയാക്കി. ഓരോ വര്‍ഷവും അപകടരഹിതവും പ്രയാസരഹിതവുമായ 'ഹജ്ജ് മാനേജ്‌മെന്റ്' എന്നത് സൗദി സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയും കനത്ത ഉത്തരവാദിത്തവുമാണ്.
ഇന്ത്യയില്‍നിന്ന് പല ഘട്ടങ്ങളിലായി ഹജ്ജ് നിര്‍വഹിക്കാനെത്തിയ ദിലീപ് കുമാര്‍, പത്‌നി സൈരാബാനു, നടന്‍ ഖാദര്‍ ഖാന്‍, ഷെഹ്നായ് ചക്രവര്‍ത്തി ഉസ്താദ് ബിസ്മില്ലാഖാന്‍, ഗസല്‍ മാന്ത്രികന്‍ ഗുലാം അലി, തലത്ത് മെഹ്‌മൂദ്, എ. ആര്‍. റഹ്‌മാന്‍ തുടങ്ങി നിരവധി പ്രതിഭകളുമായി കൂടിക്കാഴ്ച നടത്താനും അവരുമായുള്ള അഭിമുഖങ്ങള്‍ തയാറാക്കാനും സാധിച്ചുവെന്നതും വിശുദ്ധ ഭൂമിയുടെ കവാടനഗരമായ ജിദ്ദയില്‍ ജീവിക്കുന്ന മാധ്യമപ്രവര്‍ത്തകനെന്ന നിലയ്ക്ക് ലഭിച്ച സൗഭാഗ്യമായി കരുതുന്നു.