ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍

ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍

ഹൃദയത്തിന്റെ എത്രയെത്ര ഭാവവൈവിധ്യങ്ങളാണ് ഓരോ പാട്ടിലും. ഹൃദയത്തെ ദേവാലയമായി കണ്ടു ബിച്ചു തിരുമല, ശ്രീകുമാരന്‍ തമ്പി ഭ്രാന്താലയമായും. തമ്പിയ്ക്കും പൂവച്ചല്‍ ഖാദറിനും വീണയാണ്‌, വയലാറിന്‌ പിയാനോയും...
Published on

പാട്ടെഴുത്തുകാരെപ്പോലെ നമ്മുടെ ഹൃദയമെടുത്ത് ഇത്രയേറെ അമ്മാനമാടിയവര്‍ വേറെയുണ്ടാകുമോ ഭൂമിമലയാളത്തില്‍? ഈ ഹൃദയദിനത്തില്‍ അതുകൊണ്ടുതന്നെ നാം ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞേ പറ്റൂ അവര്‍ക്ക്.

ഹൃദയത്തിന്റെ എത്രയെത്ര ഭാവവൈവിധ്യങ്ങളാണ് ഓരോ പാട്ടിലും. ഹൃദയത്തെ ദേവാലയമായി കണ്ടു ബിച്ചു തിരുമല (ഹൃദയം ദേവാലയം); ശ്രീകുമാരന്‍ തമ്പി ഭ്രാന്താലയമായും (മാനവഹൃദയം ഭ്രാന്താലയം). സത്യന്‍ അന്തിക്കാടിന് ഹൃദയം പുല്ലാങ്കുഴലെങ്കില്‍ (ഓ മൃദുലേ ഹൃദയമുരളിയിലൊഴുകീ വാ), തമ്പിയ്ക്കും (ഹൃദയവീണ തന്‍ മൃദുല തന്ത്രിയില്‍) പൂവച്ചല്‍ ഖാദറിനും (ഹൃദയമൊരു വല്ലകി) വീണയാണത്; വയലാര്‍ രാമവര്‍മയ്ക്ക് പിയാനോയും (പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ).

ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍
പാട്ടുകളുടെ ഖുത്ബ് മിനാര്‍
'ഹൃദയശാരികേ ഉണരുക നീ' എന്ന് പ്രണയപൂര്‍വം മന്ത്രിക്കുന്നതേയുള്ളൂ പൂവച്ചല്‍ ഖാദറിന്റെ കാമുകി. വയലാറിന്റെ കാമുകിയാകട്ടെ ഉറങ്ങിക്കിടന്ന ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തുന്നു

'ഇനിയൊന്നു പാടൂ ഹൃദയമേ' എന്ന് ഒ എന്‍ വി (ഗോളാന്തരവാര്‍ത്ത) പറയേണ്ട താമസം പാടിത്തുടങ്ങുകയായി യൂസഫലി കേച്ചേരിയുടെ ഹൃദയം (ഹൃദയം പാടുന്നു, എന്റെ ഹൃദയം പാടുന്നു).

'ഹൃദയശാരികേ ഉണരുക നീ' എന്ന് പ്രണയപൂര്‍വം മന്ത്രിക്കുന്നതേയുള്ളൂ പൂവച്ചല്‍ ഖാദറിന്റെ കാമുകി. വയലാറിന്റെ കാമുകിയാകട്ടെ ഉറങ്ങിക്കിടന്ന ഹൃദയത്തെ ഉമ്മവച്ചുണര്‍ത്തുന്നു. വയലാര്‍ ശരത്തിന്റെ ഭാവനയില്‍ ഹൃദയങ്ങള്‍ ഉണരുക മാത്രമല്ല പരസ്പരം പുണരുകയും ചെയ്യുന്നു (ഹൃദയവും ഹൃദയവും). ഭാസ്‌കരഭാവനയില്‍ ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശുന്നു നവ്യസുഗന്ധങ്ങള്‍.

ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍
കെ ജി ജോർജ് - എം ബി എസ്; ചരിത്രം സൃഷ്ടിച്ച കൂട്ടുകെട്ട്

ഹൃദയേശ്വരിയുടെ നെടുവീര്‍പ്പില്‍ പോലും മധുരസംഗീതം കേള്‍ക്കുന്നു തമ്പി. അതേ ഹൃദയേശ്വരിക്കായി ഹൃദയവാതായനങ്ങള്‍ തുറന്നിടുകയാണ് സത്യന്‍ അന്തിക്കാട്. ആ തുറന്നിടലിനെ തമ്പി കാണുന്നതാകട്ടെ, ദാര്‍ശനികന്റെ കണ്ണിലൂടെയും: ഹൃദയത്തിനൊരു വാതില്‍, സ്മരണ തന്‍ മണിവാതില്‍, അടഞ്ഞുകിടന്നാലും ദുഃഖം, തുറന്നുകിടന്നാലും ദുഃഖം...

'ഉത്തരായന'ത്തിലെ ജി കുമാരപിള്ളയുടെ ഹൃദയത്തിന്‍ രോമാഞ്ചം എന്ന വിശ്രുത കവിത കേട്ട് ഹൃദയത്തിലെവിടെ രോമം എന്ന് ആക്ഷേപിച്ച വിമര്‍ശകരോട് ഒരു മറുചോദ്യം മാത്രം: അപ്പോള്‍ പിന്നെ ഹൃദയം കൊണ്ടെഴുതുന്ന കവിത എന്ന് പറയാനാകുമോ? ഹൃദയം മനുഷ്യനാണോ കവിതയെഴുതാന്‍?

ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍
സുജാതയേയും ചിത്രയേയും മലയാളത്തിന് സമ്മാനിച്ച മധു

'ഹൃദയമുരുകി നീ കരയില്ലെങ്കില്‍ കദനം നിറയുമൊരു കഥ പറയാ'മെന്ന് ഭാസ്‌കരന്‍ മാഷ്. 'ഉരുകുകയാണൊരു ഹൃദയം ഓരോ നിമിഷവും ഉരുകുകയാണൊരു ഹൃദയം' (പാലാട്ട് കോമന്‍) എന്ന് വയലാര്‍. 'ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തില്‍' എന്ന് മുപ്പത്ത് രാമചന്ദ്രന്‍. മൂന്നും ഹൃദയം നുറുക്കുന്ന പാട്ടുകള്‍.

ഹൃദയത്തെ ശാരികയായും വല്ലകിയായുമൊക്കെ കണ്ട പൂവച്ചല്‍ 'ഗാണ്ഡീവ'ത്തില്‍ ഇങ്ങനെയുമെഴുതി: 'ഹൃദയമെന്നതെനിക്കില്ല, അതെന്താണെന്നറിയില്ല, പുതിയ വാക്കാണല്ലൊ, അതെന്റെ നിഘണ്ടുവിലില്ല...'

തീര്‍ന്നില്ല, തീരുകയുമില്ല. പാട്ടുകളില്‍ ഹൃദയം മിടിച്ചുകൊണ്ടേയിരിക്കും. ഇതാ മറക്കാനാവാത്ത കുറെ ഹൃദയഗീതങ്ങള്‍.

ഹൃദയസരസ്സിലെ പ്രണയപുഷ്പമേ (പാടുന്ന പുഴ- ശ്രീകുമാരന്‍ തമ്പി)

ഹൃദയമുരുകി നീ കരയില്ലെങ്കില്‍ (കറുത്ത പൗര്‍ണമി-പി ഭാസ്‌കരന്‍)

ഹൃദയത്തിനൊരു വാതില്‍ (പൂന്തേനരുവി - ശ്രീകുമാരന്‍ തമ്പി)

ഇരുഹൃദയങ്ങളില്‍ ഒന്നായ് വീശി (ഒരു മെയ് മാസപ്പുലരിയില്‍ - പി ഭാസ്‌കരന്‍)

ഹൃദയേശ്വരി (പഞ്ചാമൃതം - ശ്രീകുമാരന്‍ തമ്പി)

മാനവഹൃദയം ഭ്രാന്താലയം (അനന്തശയനം - ശ്രീകുമാരന്‍ തമ്പി)

മാനവഹൃദയത്തിന്‍ അണിയറയില്‍ (അഷ്ടപദി - പി ഭാസ്‌കരന്‍)

ഹൃദയം കൊണ്ടെഴുതുന്ന കവിത (അക്ഷരത്തെറ്റ് - ശ്രീകുമാരന്‍ തമ്പി)

ഹൃദയവും ഹൃദയവും (നോട്ട് ബുക്ക് -ശരത് വയലാര്‍)

ഹൃദയത്തിന്‍ മധുപാത്രം (കരയിലേക്ക് ഒരു കടല്‍ ദൂരം - ഒ എന്‍ വി)

ഹൃദയത്തിന്‍ രോമാഞ്ചം (ഉത്തരായനം -ജി കുമാരപിള്ള)

ഹൃദയവാഹിനീ (ചന്ദ്രകാന്തം - ശ്രീകുമാരന്‍ തമ്പി)

ഹൃദയവാതായനങ്ങള്‍ (ആരതി -- സത്യന്‍ അന്തിക്കാട്)

ഹൃദയമുരളിയില്‍ (മിസ്റ്റര്‍ കേരള -പി ഭാസ്‌ക്കരന്‍)

ഹൃദയസരോവരമുണര്‍ന്നൂ (മൗനരാഗം - ശ്രീകുമാരന്‍ തമ്പി)

ഹൃദയമൊരു വല്ലകി ( പടയണി -പൂവച്ചല്‍ ഖാദര്‍)

ഹൃദയമൊരു വീണയായ് ( തമ്മില്‍ തമ്മില്‍ -പൂവച്ചല്‍ )

പിഞ്ചു ഹൃദയം ദേവാലയം (സേതുബന്ധനം - ശ്രീകുമാരന്‍ തമ്പി)

ഹൃദയം ദേവാലയം (തെരുവുഗീതം - ബിച്ചു തിരുമല)

ഹൃദയ വനിയിലെ (കോട്ടയം കുഞ്ഞച്ചന്‍ - ചുനക്കര രാമന്‍കുട്ടി)

ഹൃദയശാരികേ (ആഗ്രഹം - പൂവച്ചല്‍)

ഹൃദയത്തില്‍ നിറയുന്ന (ചുഴി - പൂവച്ചല്‍)

ഹൃദയഗീതമായ് (അമ്മക്കിളിക്കൂട് -കൈതപ്രം)

ഹൃദരാഗതന്ത്രി മീട്ടി (അമരം - കൈതപ്രം)

ഹൃദയം പാടുന്നു (ഹൃദയം പാടുന്നു -യൂസഫലി കേച്ചേരി)

കനിവോലും കമനീയ ഹൃദയം (സ്‌നേഹസീമ - അഭയദേവ്)

ചിത്രകാരന്റെ ഹൃദയം കവരും (ജയില്‍ -വയലാര്‍)

ഗീതേ ഹൃദയസഖീ ഗീതേ (പൂച്ചക്കണ്ണി - വയലാര്‍)

ഉറങ്ങിക്കിടന്ന ഹൃദയം (അഗ്‌നിപരീക്ഷ - വയലാര്‍)

സ്വന്തം ഹൃദയത്തിനുള്ളറയില്‍ (വില കുറഞ്ഞ മനുഷ്യന്‍ - പി ഭാസ്‌കരന്‍)

പാവം മാനവഹൃദയം (അഭയം -സുഗതകുമാരി)

സഹ്യന്റെ ഹൃദയം (ദുര്‍ഗ - വയലാര്‍)

പ്രിയേ നിന്‍ ഹൃദയമൊരു പിയാനോ (രാജഹംസം - വയലാര്‍)

ഇന്ന് ലോക ഹൃദയദിനം: മറക്കാനാകുമോ 'ഹൃദയം' പാടിയ പാട്ടുകള്‍
'ഗുരുവായൂരമ്പല നട'യിലെ ജോൺ സാമുവൽ

ഹൃദയരാഗ ഭാവ താള (ചൈത്രം - എം ഡി രാജേന്ദ്രൻ)

ഹൃദയ വാതിൽ തഴുത് നീക്കി (c/o സൈരാബാനു - ഹരിനാരായണൻ)

ഹൃദയത്തിൻ നിറമായി (100 ഡേയ്സ് ഓഫ് ലൗ - റഫീക്ക് അഹമ്മദ്)

ഹൃദയ വൃന്ദാവനിയിൽ (കഥാവശേഷൻ -- ഗിരീഷ് പുത്തഞ്ചേരി).

logo
The Fourth
www.thefourthnews.in