യുകെയിലെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: ഇലോൺ മസ്കും വിദ്വേഷപ്രചാരകരും സമൂഹമാധ്യമങ്ങളിലൂടെ ആളിക്കത്തിച്ചതോ?

യുകെയിലെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: ഇലോൺ മസ്കും വിദ്വേഷപ്രചാരകരും സമൂഹമാധ്യമങ്ങളിലൂടെ ആളിക്കത്തിച്ചതോ?

മൂന്ന് കുട്ടികളുടെ ദാരുണമായ കൊലപാതകം മുതലെടുത്ത് തീവ്ര വലതുപക്ഷക്കാർ അവരുടെ കുടിയേറ്റ വിരുദ്ധ, മുസ്‌ലിം വിരുദ്ധതയും അങ്ങനെ യുകെയിലുടനീളം പടർത്തുകയായിരുന്നു
Updated on
3 min read

ജൂലൈ 30ന് ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ മൂന്ന് കുട്ടികൾ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ട് രണ്ടുമണിക്കൂർ പിന്നിടുമ്പോഴേക്കും തെരുവുകൾ പ്രതിഷേധക്കാരാൽ നിറഞ്ഞിരുന്നു. ഏകദേശം അൻപതോളം പോലീസുകാർക്ക് അക്രമത്തിൽ പരുക്കേറ്റു, പള്ളികൾക്ക് നേരെ കല്ലേറുണ്ടായി, കാറുകളും കടകളും അഗ്നിക്കിരയായി. തുടർന്നങ്ങോട്ട് യുകെയിൽ അരങ്ങേറുന്നത് കുടിയേറ്റ വിരുദ്ധ, മുസ്ലിം വിരുദ്ധ അക്രമസംഭവങ്ങളാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നുണപ്രചാരണങ്ങളും വ്യാജകഥകളും എത്രമാത്രം അപകടകരമാണെന്നതിന്റെ നേർചിത്രമാണ് നിലവിൽ യുകെ തെരുവിൽ പടർന്നുപിടിക്കുന്ന കലാപം.

മിഡിൽസ്ബറോയിലെ ആക്രമണം
മിഡിൽസ്ബറോയിലെ ആക്രമണം

സൗത്ത് പോർട്ടിലെ കൊലപാതകത്തിന് പിന്നിൽ വെയിൽസിൽ ജനിച്ചുവളർന്ന ആക്സൽ റുഡകുബാന എന്ന പതിനേഴുകാരൻ ആയിരുന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ കഥ പ്രചരിച്ചത് അക്രമത്തിന് പിന്നിൽ മുസ്ലിം കുടിയേറ്റക്കാരൻ ആണെന്നായിരുന്നു. മൂന്ന് കുട്ടികളുടെ ദാരുണമായ കൊലപാതകം മുതലെടുത്ത് തീവ്ര വലതുപക്ഷക്കാർ അവരുടെ കുടിയേറ്റ വിരുദ്ധ, മുസ്‌ലിം വിരുദ്ധതയും അങ്ങനെ യുകെയിലുടനീളം പടർത്തുകയായിരുന്നു. ശതകോടീശ്വരനും മൈക്രോ ബ്ലോഗിങ്ങ് സൈറ്റായ എക്സ് (മുൻപ് ട്വിറ്റർ) ഉടമസ്ഥനുമായി ഇലോൺ മസ്ക്, തീവ്ര ഓൺലൈൻ വ്യക്തിത്വമായ ആൻഡ്രൂ ടേറ്റ് ഉൾപ്പെടെയുള്ളവർ ചേർന്ന് കൃത്യമായ ഇടവേളകളിൽ കലാപത്തീയിലേക്ക് എണ്ണ പകരുകയും ചെയ്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ വലതുപക്ഷത്തോട് തീവ്രമായും മുസ്ലിങ്ങളോട് അനുഭാവപൂർവവുമാണ് പെരുമാറുന്നതെന്നും ആഭ്യന്തര കലാപം അനിവാര്യമാണെന്നുമൊക്കെയുള്ള പോസ്റ്റുകളാണ് മസ്ക് നടത്തുന്നത്

ഓഗസ്റ്റ് നാലിന്, രാജ്യത്തേക്ക് എത്തുന്ന അഭയാർഥികളെ പാർപ്പിച്ചിരിക്കുന്ന രണ്ട് കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. വംശീയതയ്ക്കും ഫാസിസത്തിനുമെതിരെ യുകെയിൽ പ്രവർത്തിക്കുന്ന അഭിഭാഷക സംഘടനയായ 'ഹോപ്പ് നോട്ട് ഹേറ്റ്' റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 48 മണിക്കൂറിനിടെ അടുത്ത ദിവസങ്ങളിൽ ആക്രമിക്കേണ്ട കേന്ദ്രങ്ങളുടെ ലിസ്റ്റും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുകെയിലുടനീളം നടക്കുന്ന വംശീയ ആക്രമണങ്ങളുടെ ദൃശ്യങ്ങളാൽ സാമൂഹ്യമാധ്യമങ്ങൾ നിറയുകയാണ്.

വ്യാജങ്ങൾക്ക് പിന്നിലാര്‌?

'ചാനൽ3 നൗ' എന്ന വെബ്‌സൈറ്റാണ് ഏറ്റവുമധികം അസത്യ പ്രചാരണം നടത്തുന്നത്. റഷ്യൻ കാർ റാലി വീഡിയോകൾ മാത്രം പ്രസിദ്ധീകരിച്ചിരുന്ന സൈറ്റ് വളരെ പെട്ടെന്നാണ് വ്യാജവാർത്തകൾ ഉണ്ടാക്കുന്ന ഒരു മെഷീനായി പരിണമിച്ചത്. ഒപ്പം തീവ്രവലതുപക്ഷക്കാരും, നവ നാസികളും, മുസ്ലിം വിരുദ്ധരുമെല്ലാം കൂടി ഒന്നിച്ചതോടെ പച്ചവെള്ളത്തിനും തീപിടിക്കുന്ന വ്യാജങ്ങൾ അതിവേഗം പ്രചരിച്ചു.

സൗത്ത്‌പോർട്ട് കൊലപാതകത്തിലെ പ്രതിയെ സംബന്ധിക്കുന്ന വ്യാജവാർത്ത നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി കുറഞ്ഞത് 1.57 കോടി പേരിലേക്കാണ് എത്തിയത്

സംഭവം നടന്ന് ഒരു ദിവസം കഴിയുമ്പോഴേക്കും സൗത്ത് പോർട്ട് ആക്രമണത്തിന് പിന്നിൽ മുസ്ലീമോ കുടിയേറ്റക്കാരാണെന്ന് പ്രസ്താവിക്കുന്നതോ ഊഹിക്കുന്നതോ ആയ പോസ്റ്റുകൾക്ക് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത് ഏകദേശം 27 ദശലക്ഷം ഇംപ്രഷനുകളാണ്. "ഒരു ബോട്ടിൽ എത്തിയ രേഖകളൊന്നുമില്ലാത്ത കുടിയേറ്റക്കാരനാണ് " പെൺകുട്ടികളെ ആക്രമിച്ചതെന്ന് ഏകദേശം പത്ത് ലക്ഷത്തോളം ഫോളോവെഴ്‌സുള്ള ആൻഡ്രൂ ടേറ്റും എക്‌സിലൂടെ ആരോപിച്ചു.

ഞായറാഴ്ച റോതർഹാമിൽ കലാപം
ഞായറാഴ്ച റോതർഹാമിൽ കലാപം

അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും ഇസ്ലാം വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കും കുപ്രസിദ്ധമായ തീവ്ര വലതുപക്ഷ സംഘടനയായ ഇംഗ്ലീഷ് ഡിഫൻസ് ലീഗ്, നവ-നാസി ഗ്രൂപ്പായ ബ്രിട്ടീഷ് മൂവ്‌മെൻ്റ്, ഫാസിസ്റ്റ് ഗ്രൂപ്പായ പാട്രിയോട്ടിക് ആൾട്ടർനേറ്റീവിലെ പ്രമുഖ അംഗമായ ഡേവിഡ് മൈൽസ് എന്നിവരും വ്യാജ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയവരുടെ കൂട്ടത്തിലുണ്ട്.

തീവ്ര വലതുപക്ഷ സംഘമായ ഇംഗ്ലീഷ് ഡിഫൻസ് ലീഗിൻ്റെ സ്ഥാപകൻ ടോമി റോബിൻസണും ഈ വർഷം പാർലമെൻ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുടിയേറ്റ വിരുദ്ധനുമായ നൈജൽ ഫാരേജും പ്രതിയുടെ ശരിക്കുമുള്ള വിവരങ്ങൾ പോലീസ് സേന മറച്ചുവെക്കുകയാണെന്ന ഗൂഢാലോചന സിദ്ധാന്തം പടച്ചുവിട്ടിരുന്നു. കൂടാതെ. ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ, ടെലിഗ്രാമിൽ ഉടനീളം പങ്കിട്ട ചിത്രങ്ങൾ, വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഫോർവേഡ് ചെയ്ത സന്ദേശങ്ങൾ തുടങ്ങിയവയാണ് നിർണായക പങ്ക് കലാപം ആളിപ്പടരുന്നതിൽ വഹിക്കുന്നത്. സൗത്ത്‌പോർട്ട് കൊലപാതകത്തിലെ പ്രതിയെ സംബന്ധിക്കുന്ന വ്യാജവാർത്ത നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി കുറഞ്ഞത് 15.7 ദശലക്ഷം പേരിലേക്കാണ് എത്തിയത്.

യുകെയിലെ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം: ഇലോൺ മസ്കും വിദ്വേഷപ്രചാരകരും സമൂഹമാധ്യമങ്ങളിലൂടെ ആളിക്കത്തിച്ചതോ?
യുകെയില്‍ അക്രമം അഴിച്ചുവിട്ട് തീവ്രവലതുപക്ഷം; പോലീസിന് നേരെ തീപ്പന്തമെറിഞ്ഞും കുടിയേറ്റവിരുദ്ധ മുദ്രാവാക്യം മുഴക്കിയും പ്രതിഷേധം

നിലവിലെ സംഭവങ്ങളിൽ മസ്കിന് വലിയ പങ്കാണുള്ളത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ വലതുപക്ഷത്തോട് തീവ്രമായും മുസ്ലിങ്ങളോട് അനുഭാവപൂർവവുമാണ് പെരുമാറുന്നതെന്നും ആഭ്യന്തര കലാപം അനിവാര്യമാണെന്നുമൊക്കെയുള്ള പോസ്റ്റുകളാണ് മസ്ക് നടത്തുന്നത്. ഇത്തരം പരാമർശങ്ങളിൽനിന്ന് മസ്ക് വിട്ടുനിൽക്കണമെന്ന് ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

2022 അവസാനത്തോടെ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ മൈക്രോ ബ്ലോഗിങ്ങ് സൈറ്റിൽ തെറ്റായ വാർത്തകൾ പ്രചരിക്കാൻ അനുവദിച്ചതിന് മസ്കിനെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. വിദ്വേഷ പ്രസ്താവനകളുടെ പേരിൽ ട്വിറ്ററിൽനിന്ന് നീക്കം ചെയ്യപ്പെട്ട പല തീവ്രപക്ഷ നേതാക്കളുടെയും തിരിച്ചുവരവിന് മസ്ക് വഴിയൊരുക്കിയിരുന്നു. അതിൽ പലരുമാണ് ഇപ്പോൾ യുകെയിലെ വിദ്വേഷപ്രചാരകർ. വ്യാജങ്ങൾ ദ്രുതഗതിയിൽ പ്രചരിച്ചയോടെ ഓൺലൈനിലും തെരുവിലും അക്രമകാരികളെ നേരിടേണ്ട അവസ്ഥയാണ് യുകെ സർക്കാരിന്.

logo
The Fourth
www.thefourthnews.in