'കണ്‍മുന്നില്‍ ജീവനുകള്‍ ഇല്ലാതാവുമ്പോള്‍ പ്രതിഷേധിക്കുകയല്ലാതെ ഞങ്ങളെന്തു ചെയ്യണം?' ജനരോഷം അണപൊട്ടുന്ന വയനാട്
'ഇനി ഒരാളെ ആന കൊന്നാല്‍, നോക്കിക്കോ, വയനാട് നിന്ന് കത്തും. കത്തുമെന്ന് പറഞ്ഞാല്‍ അക്ഷരാര്‍ത്ഥത്തില്‍ കത്തും. വനം ആണെന്നാണല്ലോ പറഞ്ഞത്. തേക്ക് പ്ലാന്റേഷന്‍ ആണ്. ഒരു തീപ്പൊരി വീണാല്‍ മുഴുവന്‍ വയനാടും കത്തും. അതിനുള്ള വഴിയുണ്ടാക്കരുത്.' വയനാട് മാനന്തവാടിയില്‍ താമസിക്കുന്ന ജോഷി 'ഇത് ഒരു മുന്നറിയിപ്പായി എടുത്തോ' എന്നുകൂടി കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് ഇത് പറഞ്ഞത്. അജി എന്ന യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെയുള്ള സംഭാഷണത്തിലാണ് ജോഷി പൊട്ടിത്തെറിച്ചത്.
' എത്ര മനുഷ്യരെയാണ് ആനയും കടുവയുമെല്ലാം കൊല്ലുന്നത്. ആനകളെ വെടിവച്ച് കൊല്ലണം. അതിനുള്ള നിയമം ഉണ്ടാവണം.' മറ്റൊരു കര്‍ഷകന്റെ ആവശ്യം. 'ആനകളുടെ ഭക്ഷണവും വെള്ളവും ഇല്ലാതായാല്‍ പിന്നെ അത് നാട്ടിലേക്കിറങ്ങില്ലേ. ആനയ്ക്ക് കര്‍ണാടക എന്നോ കേരളമെന്നോ ഉണ്ടോ? അതിനെല്ലാം വനമാണ്. മൃഗങ്ങള്‍ക്കുള്ള വെള്ളവും ഭക്ഷണവും കാട്ടില്‍ തന്നെ ലഭ്യമാക്കിയാല്‍ തീരാവുന്നതേയുള്ളൂ പ്രശ്‌നങ്ങള്‍.' വയനാട് മൂടക്കൊല്ലിയിലുള്ള കര്‍ഷകന്‍ കൂടിയായ സനീഷ് പറയുന്നു.
വനംവകുപ്പിന് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മാത്രമുള്ള സംവിധാനങ്ങള്‍ ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു ജീപ്പും ഡ്രമ്മും ഒരു വടിയും കൊടുത്ത് വിട്ടാല്‍ പരിഹരിക്കാവുന്നതല്ല മനുഷ്യ വന്യജീവി സംഘര്‍ഷം.
എന്നാല്‍ ഇത് വെറും വാക്കല്ല എന്ന് തെളിയിക്കുന്നതായിരുന്നു ശനിയാഴ്ച പുല്‍പ്പള്ളിയില്‍ നടന്ന പ്രതിഷേധം. വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഷേധ തീ ആയിരുന്നു വയനാട്ടില്‍. വനം വകുപ്പിനെതിരെ വയനാട് ഇന്നുവരെ കാണാത്ത തരത്തിലായിരുന്നു ജനങ്ങളുടെ പ്രതിഷേധം. സംഭവ സ്ഥലത്തെത്തിയ എംഎല്‍എമാരേയും ഉദ്യോഗസ്ഥരേയുമെല്ലാം കൂകി വിളിച്ച് ജനം തടിച്ചുകൂടി. പോളിന്റെ മൃതദേഹം വീട്ടിലേക്ക് എത്തിച്ചെങ്കിലും ആംബുലന്‍സില്‍ നിന്ന് ഇറക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. കസേരകളും വെള്ളക്കുപ്പികളും പോലീസിനും ഉദ്യോഗസ്ഥര്‍ക്കും നേരെയെറിഞ്ഞ് ജനം പ്രതിഷേധിച്ചു. പുല്‍പ്പള്ളി ടൗണില്‍ വനംവകുപ്പിന്റെ ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ജീപ്പിന് മുകളില്‍ വന്യജീവി വകുപ്പ് എന്നെഴുതിയ റീത്ത് വച്ചു. കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ വച്ചു. എന്നിട്ടും പ്രതിഷേധങ്ങളോ അക്രമങ്ങളോ അടങ്ങിയില്ല. രണ്ട് ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടു.
പക്ഷേ നിരോധനാജ്ഞയ്‌ക്കോ ലാത്തിയ്‌ക്കോ നിയന്ത്രിക്കാന്‍ പറ്റുന്നതല്ല ഇന്ന് വയനാട്ടില്‍ അലയടിച്ചുകൊണ്ടിരിക്കുന്ന രോഷവും പ്രതിഷേധങ്ങളും. 'കണ്‍മുന്നില്‍ ജീവനുകള്‍ ഇല്ലാതാവുമ്പോള്‍, അത് സ്ഥിരമാവുമ്പോള്‍ ഇങ്ങനെ പ്രതിഷേധിക്കാനല്ലാതെ നോക്കിയിരിക്കാനാവില്ല. എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്? വീട്ടിലിരുന്നാലും പുറത്തുപോയാലും ഏതെങ്കിലും ജീവികളുടെ കയ്യില്‍ പെട്ട് തീരുമെന്ന അവസ്ഥയില്‍ എത്രകാലം ജീവിക്കണം?' പുല്‍പ്പള്ളി സ്വദേശിയായ ജോബിന്‍ പ്രതികരിച്ചു.
വയനാട്ടിലും കേരളത്തിലെ മറ്റ് പലജില്ലകളിലും വന്യജീവി ആക്രമണങ്ങള്‍ തുടര്‍സംഭവമായിരിക്കുകയാണ്. ഒരു വശത്ത് മൃഗങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്ന് മുറവിളികൂട്ടുന്നവര്‍, മറ്റൊരു വശത്ത് കാടിനെയും കാട്ട് ജീവികളേയും സംരക്ഷിക്കണമെന്നാവശ്യപ്പെടുന്നവര്‍. വനംവകുപ്പിന്റെ അലംഭാവത്തെ ഉയര്‍ത്തിക്കാട്ടുന്നു മറ്റുള്ളവര്‍. എന്നാല്‍ ഈ വിഷയത്തിന് ശാശ്വതമായ പരിഹാരം എങ്ങനെ കാണണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് സര്‍ക്കാരും വനംവകുപ്പും സാധാരണക്കാരായ ജനങ്ങളും.
'ഇതിന് ബുള്ളറ്റ് സൊല്യൂഷന്‍ ഇല്ല. വയനാട്ടില്‍ എക്കാലവും വന്യജീവികള്‍ കൃഷിസ്ഥലത്തേക്കോ ജനവാസമേഖലയിലേക്കോ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തെ ഇത്രത്തോളം സങ്കീര്‍ണമാക്കിയത് ദീര്‍ഘവീക്ഷണമില്ലാത്ത വനപരിപാലന സമീപനമാണ്.' വയനാട് സ്വദേശിയും പെസ്റ്റിസൈഡ് സയന്റിസ്റ്റുമായ ദിലീപ് പറയുന്നു.
ഈ വര്‍ഷം രണ്ട് മാസം പിന്നിടുന്നതിന് മുമ്പ് തന്നെ ആറ് പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. മൂന്ന് പേര്‍ വയനാട്ടിലും മൂന്ന് പേര്‍ ഇടുക്കിയിലും. 2022-23 വര്‍ഷത്തില്‍ കാട്ടാന ആക്രമണത്തില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തത് 22 പേരുണ്ട്. കടുവയും പുലിയുമുള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം വേറെ. വനാതിര്‍ത്തികളിലുള്ള പ്രദേശങ്ങളില്‍ മനുഷ്യര്‍ ഭീതിയിലാണ്. എന്നാല്‍ അപകടമുണ്ടാവുമ്പോള്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നല്ലാതെ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ നയപരമായ ഇടപെടലുകള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നത് പ്രധാനമായ വിമര്‍ശനമാണ്.
'ഇതിന് ബുള്ളറ്റ് സൊല്യൂഷന്‍ ഇല്ല. വയനാട്ടില്‍ എക്കാലവും വന്യജീവികള്‍ കൃഷിസ്ഥലത്തേക്കോ ജനവാസമേഖലയിലേക്കോ ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തെ ഇത്രത്തോളം സങ്കീര്‍ണമാക്കിയത് ദീര്‍ഘവീക്ഷണമില്ലാത്ത വനപരിപാലന സമീപനമാണ്.' വയനാട് സ്വദേശിയും പെസ്റ്റിസൈഡ് സയന്റിസ്റ്റുമായ ദിലീപ് പറയുന്നു. അജി ആക്രമിക്കപ്പെടുന്നതിന് ഒരാഴ്ച മുമ്പേ തന്നെ ആന ഇറങ്ങാനുള്ള സാധ്യതകള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിട്ടയാളാണ് ദിലീപ്. ' ആനകള്‍ ഇറങ്ങുന്ന വഴികളില്‍ ട്രഞ്ചുകള്‍ ഉണ്ടായിരുന്നു. ആനകളില്‍ നിന്ന് ജനവാസ മേഖലകളെ സംരക്ഷിക്കാന്‍ ഫെന്‍സിങ് പദ്ധതി ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് തുടങ്ങിയിട്ട് കാലങ്ങളായി. അത് എവിടെയും എത്തിയതുമില്ല. എന്നാല്‍ ആ പദ്ധതിയുടെ പേരില്‍ വനത്തിലേക്ക് മുഴുവന്‍ റോഡുകള്‍ വെട്ടുകയും ട്രെഞ്ചുകള്‍ എല്ലാം മൂടുകയും ചെയ്തു. ആ വഴി ആനകള്‍ ഇറങ്ങുമെന്ന് ഏതൊരു വയനാട്ടുകാരനേയും പോലെ എനിക്കും അറിയാം. അത് വനംവകുപ്പിനും അറിയാം. ബന്ദിപ്പൂരില്‍ നിന്നുള്ള ആന എത്തിയിട്ടുണ്ടെന്ന് വനംവകുപ്പിന് അറിയാമെങ്കില്‍ ജനങ്ങള്‍ക്ക് അതിനനുസരിച്ച് വിവരങ്ങള്‍ നല്‍കേണ്ടേ? അതും ഉണ്ടായിട്ടില്ല. കുറുവാ ദ്വീപില്‍ ആനകള്‍ വെള്ളം കുടിക്കാന്‍ ഇറങ്ങുന്ന സ്ഥലമാണ്. കാട്ടിലെ മുഴുവന്‍ വെള്ളവും വറ്റിയിരിക്കുമ്പോള്‍ വെള്ളമുള്ളയിടത്തേക്ക് ആനകള്‍ ഇറങ്ങും. അതുകൊണ്ട് കുറുവാ ദ്വീപിലെ അടക്കം ടൂറിസം നിരോധിക്കണമെന്ന് ഞങ്ങള്‍ പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ടൂറിസവും നൈറ്റ് സഫാരിയും ഉള്‍പ്പെടെ പല കാര്യങ്ങളാണ് ഇവിടെ വന്യജീവി ആക്രമണം കൂടാനുള്ള കാരണം.' ദിലീപ് പറയുന്നു.
കടുവകളിലും ആനകളിലും വന്‍തോതില്‍ വംശവര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കര്‍ഷക സംഘടനകളുടെ അവകാശവാദം. ഇക്കാര്യം വനംവകുപ്പ് സ്ഥിരീകരിക്കുന്നില്ല. എന്നാല്‍ '6000 ആനകള്‍ കേരളത്തില്‍ മാത്രമുണ്ട്. ഇത്രയും ആനകളെ താങ്ങാനുള്ള ശേഷി കേരളത്തിലെ വനങ്ങള്‍ക്കില്ല. വയനാട്ടില്‍ മുഴുവന്‍ കാടാണെന്നാണ് പറയുന്നത്. ഹെക്ടറ് കണക്കിന് തേക്കിന്‍ തോട്ടമാണ് വയനാട്ടിലെ വനം. കൂടാത്തതിന് സെന്നയും വച്ചുപിടിപ്പിച്ചു. ഇതെല്ലാം ആരാ ചെയ്തത്? വനം വകുപ്പാണ്. എന്നിട്ട് മൃഗങ്ങള്‍ക്ക് കാട്ടില്‍ വെള്ളമില്ല, ഭക്ഷണമില്ല, അതുകൊണ്ട് നാട്ടിലേക്ക് ഇറങ്ങും എന്ന് അവര്‍ തന്നെ ന്യായം പറയും. ഓവര്‍ പ്രൊഡക്ഷന്‍ ആണെങ്കില്‍ ആ ജീവികളെ വെടിവച്ച് കൊല്ലണം. അക്രമാസക്തരായ എല്ലാ ആനകളേയും ഒന്നുകില്‍ കുങ്കിയാനകളാക്കുക അല്ലെങ്കില്‍ വെടിവച്ച് കൊല്ലുക. ഞങ്ങളുടെ മുന്നില്‍ ഈ ഒരു മാര്‍ഗം മാത്രമേ നിര്‍ദ്ദേശിക്കാനുള്ളൂ. എത്രപേര്‍ മരിച്ച് വീണാലാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു തീരുമാനം ഉണ്ടാക്കാന്‍ പോവുന്നത്? വികാരപരമല്ലാതെ ലോജിക്കലായി ഈ വിഷയത്തെ എല്ലാവരും സമീപിക്കണം.' കിഫ ചെയര്‍മാന്‍ അലക്‌സ് പ്രതികരിക്കുന്നു.
ഒരു വടിയും വാഹനവും മാത്രം തന്ന് വന്യജീവികളെ നിയന്ത്രിക്കാന്‍ പറഞ്ഞാല്‍ എങ്ങനെ ജോലി ചെയ്യും എന്നാണ് മിക്ക വനംവകുപ്പ് ജീവനക്കാരും പങ്കുവച്ച ആശങ്ക
എല്ലാ വിരലുകളും വനംവകുപ്പിന് നേരെ നീളുമ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥർ മൗനത്തിലാണ്. പ്രതികരണങ്ങളൊന്നും നല്‍കാനില്ല, വകുപ്പിന് കഴിയാവുന്ന കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട് എന്ന് മാത്രമാണ് ബന്ധപ്പെട്ട എല്ലാ വനംവകുപ്പ് അധികൃതരും പ്രതികരിച്ചത്. ' മുമ്പ് വയനാട്ടില്‍ വനംവകുപ്പില്‍ ജോലി ചെയ്യുന്ന ഒട്ടുമിക്ക ഉദ്യോഗസ്ഥര്‍ക്കും കാടിനെക്കുറിച്ചും വന്യജീവികളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നു. ഉള്‍ക്കാടുകളിലേക്ക് പോകുമായിരുന്നു. എന്നാല്‍ ഇന്ന് അതൊന്നുമില്ല. ആരും വനത്തിലേക്ക് പോലും പോകുന്നില്ല. പകരം പരമാവധി ടൂറിസം പ്രൊമോട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. വനംവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ കൊണ്ടേ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് പോവൂ.' വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇങ്ങനെയാണ്.
എന്നാല്‍ ഒരു വടിയും വാഹനവും മാത്രം തന്ന് വന്യജീവികളെ നിയന്ത്രിക്കാന്‍ പറഞ്ഞാല്‍ എങ്ങനെ ജോലി ചെയ്യും എന്നാണ് മിക്ക വനംവകുപ്പ് ജീവനക്കാരും പങ്കുവച്ച ആശങ്ക. 'റോഡില്‍ കാശ് കിട്ടുന്നത് കൊണ്ട് എഐ കാമറകള്‍ കോടിക്കണക്കിന് രൂപ മുടക്കി വച്ചിട്ടുണ്ട്. എന്നാല്‍ കാട്ടിലോ, ഇല്ലെങ്കില്‍ വന്യജീവികള്‍ ഇറങ്ങുന്നയിടങ്ങളിലോ ക്യാമറ വച്ചാല്‍ അത് വനംവകുപ്പിനും ജനങ്ങള്‍ക്കും എല്ലാം ഉപകാരമാവും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ അത്തരം പ്രശ്‌നപരിഹാരങ്ങളെക്കുറിച്ച് ആലോചിക്കാത്തത്?' മറ്റൊരു വനംവകുപ്പ് ജീവനക്കാരന്റെ പ്രതികരണം.
സംസ്ഥാനത്ത് വലിയ തോതില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുകയും നിരവധി ജീവനുകള്‍ ഇല്ലാതാവുകയും ചെയ്തിട്ടും ഈ വിഷയത്തില്‍ വിശദമായ ഒരു പഠനം പോലും ഇന്നേവരെ ഉണ്ടായിട്ടില്ല. വന്യജീവി ആക്രമണമുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിനായി യോഗം ചേരുകയും ചെയ്യുന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും പോളിസികളും ഉണ്ടാവണമെന്നതാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടേയും ജനങ്ങളുടേയും ആവശ്യം. ഏതെല്ലാമാണ് ഹോട്‌സ്‌പോട്ടുകള്‍? മൃഗങ്ങള്‍ സാധാരണയായി ഇറങ്ങുന്ന പ്രദേശങ്ങള്‍ ഉണ്ടോ? എല്ലാ സീസണുകളിലും എല്ലാ മൃഗങ്ങളും ജനവാസ മേഖലയിലേക്ക് ഇറങ്ങാറില്ല. ഏതെല്ലാം സീസണുകളില്‍ ഏതെല്ലാം മൃഗങ്ങള്‍ ഇറങ്ങുന്നു? മൃഗങ്ങള്‍ ഇറങ്ങുന്ന ഇടവേളവള്‍. എന്തുകൊണ്ട് അവ ഇറങ്ങുന്നു? എന്ന് തുടങ്ങി ഒരു മാപ്പിങ് വേണമെന്ന് പലരും സര്‍ക്കാരിനോട് കാലങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തില്‍ മാപ്പിങ് ഉണ്ടെങ്കില്‍ വനംവകുപ്പിനും ജനങ്ങള്‍ക്കും കൂടുതല്‍ ജാഗ്രതയോടെ കാര്യക്ഷമമായി വന്യജീവികളെ നിയന്ത്രിക്കാമെന്നിരിക്കെ ഈ ആവശ്യം ഇന്നേവരെ ഗൗരവമായി പരിഗണിക്കപ്പെട്ടിട്ടില്ല. കാട്ടില്‍ വെള്ളവും ഭക്ഷണവും ഇല്ലാതാവുന്നതിനാലാണ് വന്യജീവികള്‍ പുറത്തേക്കെത്തുന്നത് എന്ന കാരണം പറയുന്നു എന്നല്ലാതെ ഇത് സംബന്ധിച്ചും വ്യക്തമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. കര്‍ഷകര്‍ ആരോപിക്കുന്നത് പോലെ വംശവര്‍ദ്ധനവ് ചില ജീവികളില്‍ ഉണ്ടായിട്ടുണ്ടോ? ഇക്കാര്യത്തിലും വനംവകുപ്പിനോ സര്‍ക്കാരിനോ വ്യക്തമായ ഉത്തരമില്ല.
പരിസ്ഥിതി ശാസ്ത്രജ്ഞനായ ഇ ശേഖര്‍ വിഷയത്തെ നോക്കിക്കാണുന്നത് ഇങ്ങനെ: ' ഇത് വളരെ സങ്കീര്‍ണമായ വിഷയമാണ്. പലരും പല പ്രശ്‌നപരിഹാരങ്ങളും നിര്‍ദ്ദേശിക്കും. എന്നാല്‍ കൃത്യമായി പഠിച്ച് മാപ്പ് ഉണ്ടാക്കി ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ 900ത്തില്‍ അധികം ആളുകള്‍ വന്യജീവി ആക്രമണങ്ങളില്‍ മരിച്ചിട്ടുണ്ട്. ഇത് ചെറിയ കണക്കല്ല. മരിക്കുന്നത് സാധാരണ പൗരന്‍മാരായതുകൊണ്ടാണ് പ്രശ്‌നപരിഹാരം ഉണ്ടാവാത്തതും.
വനംവകുപ്പിന് പ്രശ്‌നം കൈകാര്യം ചെയ്യാന്‍ മാത്രമുള്ള സംവിധാനങ്ങള്‍ ഇല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഒരു ജീപ്പും ഡ്രമ്മും ഒരു വടിയും കൊടുത്ത് വിട്ടാല്‍ പരിഹരിക്കാവുന്നതല്ല മനുഷ്യ വന്യജീവി സംഘര്‍ഷം. ലോകത്ത് ഇതിനേക്കാള്‍ വന്യജീവികള്‍ മനുഷ്യരുമായി ഇടകലര്‍ന്ന് ജീവിക്കുന്നയിടങ്ങളില്‍ എങ്ങനെയാണ് പ്രശ്‌നം നിയന്ത്രണവിധേയമാക്കിയത് എന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. അത് കേരളത്തിലും ഇന്ത്യയിലും പ്രാവര്‍ത്തികമാക്കാന്‍ നോക്കുകയാണ് വേണ്ടത്.
ഞാന്‍ തിരുനെല്ലിയില്‍ കൃഷി ചെയ്യുന്നയാള് കൂടിയാണ്. 35 വര്‍ഷം മുമ്പ് മുതലേ വയലിലും കൃഷിയിടങ്ങളിലും ആനയും പന്നിയുമെല്ലാം ഇറങ്ങുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് അത് മാരകമായി. മനുഷ്യരും വര്‍ദ്ധിച്ചിട്ടുണ്ട് എന്ന യാഥാര്‍ത്ഥ്യം അവിടെ നില്‍ക്കുമ്പോള്‍ തന്നെ മൃഗങ്ങളുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണോ, അതോ ക്ലൈമറ്റ് ചേഞ്ചിന്റെ ഫലമാണോ അല്ലെങ്കില്‍ പെറ്റുപെരുകിയതാണോ, അങ്ങനെയുള്ള കാര്യങ്ങളൊന്നും ഇന്നേവരെ പഠനവിധേയമാക്കിയിട്ടില്ല.
വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് എല്ലാ വകുപ്പുകളേയും ഒന്നു ചേര്‍ത്ത് പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണം. ദുരന്തനിവാരണത്തിനായുണ്ടാക്കിയതുപോലെ റാപ്പിഡ് ആക്ഷന്‍ ടീമിനെ ഈ പഞ്ചായത്തുകളില്‍ സെറ്റ് ചെയ്യണം. അവിരിലൂടെ മാപ്പിങ്ങിന് വേണ്ട അസസ്‌മെന്റുകള്‍ എടുക്കുക. എന്തെങ്കിലും അടിയന്തിര സാഹചര്യമുണ്ടായാല്‍ വനംവകുപ്പ് എത്തുന്നതിന് മുമ്പ് തന്നെ ആക്ട് ചെയ്യാന്‍ പാകത്തില്‍ ഈ റാപ്പിഡ് ആക്ഷന്‍ ടീമിനെ എക്വിപ്ഡ് ആക്കുക. ഇതാണ് ആദ്യ ഘട്ടത്തില്‍ ചെയ്യാനാവുന്ന കാര്യം.'
വന്യജീവി ആക്രമണങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ വയനാട്ടില്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. എന്നാല്‍ ' ഇപ്പോള്‍ എടുത്ത എല്ലാ തീരുമാനങ്ങളും നല്ലതു തന്നെ. പക്ഷേ ഇതല്ല പരിഹാരം വേണ്ടത്. എല്ലാവരേയും പോലെ മൃഗങ്ങളെ വെടിവച്ച് കൊല്ലണമെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ സര്‍ക്കാര്‍ നിയമങ്ങളിലും നയങ്ങളിലും മാറ്റം വേണം. ഞങ്ങള്‍ക്കും ജീവനില്‍ പേടിയില്ലാതെ ജീവിക്കണം.' ജോഷി പറഞ്ഞുനിര്‍ത്തി.