ഇടതുപക്ഷം മാപ്പ് പറഞ്ഞിട്ടുവേണം കോളനിയെന്ന പേര് മാറ്റാൻ; രാധാകൃഷ്ണൻ ആദിവാസിക്ഷേമത്തിന് ഒന്നും ചെയ്തിട്ടില്ല: ഗീതാനന്ദന്‍

ഇടതുപക്ഷം മാപ്പ് പറഞ്ഞിട്ടുവേണം കോളനിയെന്ന പേര് മാറ്റാൻ; രാധാകൃഷ്ണൻ ആദിവാസിക്ഷേമത്തിന് ഒന്നും ചെയ്തിട്ടില്ല: ഗീതാനന്ദന്‍

കോളനി, ഊര്, സങ്കേതം എന്ന പേര് മാറ്റിയാലും ആദിവാസിമേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് രാഷ്ട്രീയ,സാമൂഹിക പ്രവര്‍ത്തകനും ആദിവാസി ഗോത്ര മഹാസഭ നേതാവുമായ എം ഗീതാനന്ദൻ ദ ഫോർത്തിനോട് പ്രതികരിക്കുന്നു
Updated on
4 min read

മുന്‍ മന്ത്രി കെ രാധാകൃഷ്ണന്റെ അവസാന ഉത്തരവായിരുന്നു പട്ടിക വിഭാഗക്കാര്‍ അധിവസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നിങ്ങനെ വിശേഷിപ്പിക്കുന്നത് ഒഴിവാക്കിയുള്ള ഉത്തരവ്. ഇവയ്ക്കുപകരം നഗര്‍, ഉന്നതി, പ്രകൃതി എന്നീ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പ്പര്യമുള്ള കാലാനുസൃതമായ പേരുകളോ നല്‍കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ചരിത്രപരം എന്ന രീതിയിലാണ് ഇടതുപക്ഷം ഈ ഉത്തരവിനെ കൊണ്ടാടുന്നത്. എന്നാല്‍ ഈ ഉത്തരവിനെ വിമര്‍ശിക്കുന്നവരും രംഗത്തുണ്ട്.

പേര് മാറ്റിയതുകൊണ്ടുമാത്രം ഇവിടങ്ങളില്‍ സ്ഥിതിചെയ്യന്ന അടിസ്ഥാന വിഭാഗത്തിന്റെ ജീവിത പ്രശ്നങ്ങളും സാഹചര്യങ്ങളും മാറുമോയെന്ന കാതലായ ചോദ്യം ഒരുവിഭാഗം ഉയര്‍ത്തുന്നു. എന്നാല്‍, ഉത്തരവിലൂടെ ഈ മേഖലകളില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങൾ കൂടുതലായ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകനും ആദിവാസി ഗോത്ര മഹാസഭ നേതാവുമായ എം ഗീതാനന്ദന്‍ അഭിപ്രായപ്പെടുന്നത്. മുന്‍ മന്ത്രി കെ രാധാകൃഷ്ണന്റെ കാലത്ത് പട്ടികജാതി- വര്‍ഗ ക്ഷേമവകുപ്പ് പരാജയമായിരുന്നുവെന്നും അദ്ദേഹം ദ ഫോര്‍ത്തിനോട് പ്രതികരിച്ചു.

എം ഗീതാനന്ദന്‍
എം ഗീതാനന്ദന്‍
Q

മന്ത്രിയെന്ന നിലയിൽ കെ രാധാകൃഷ്ണൻ അവസാനമായി ഒപ്പിട്ടത് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ മാറ്റിയുള്ള ഉത്തരവിലാണ്. ഇടതുസര്‍ക്കാരിന്റെ നടപടിയെ എങ്ങനെയാണ് കാണുന്നത്?

കോളനി, സങ്കേതം, ഊര് എന്നീ മൂന്നുപേരുകളാണ് ഇപ്പോള്‍ എടുത്തുമാറ്റിയിരിക്കുന്നത്. കോളനിയും സങ്കേതവും ഇവര്‍ ആദിവാസി വിഭാഗത്തിനു മുകളില്‍ അടിച്ചേല്‍പ്പിച്ച പേരുകളാണ്. ആ രീതിയില്‍ കോളനികള്‍ ഉണ്ടാക്കിയത് ഇവരാണല്ലോ. ഈ പേരുമാറ്റിയതുകൊണ്ട് മാത്രം കോളനികള്‍ ഇല്ലാതാകുന്നില്ല. ആദിവാസി, അടിസ്ഥാന വിഭാഗങ്ങള്‍ക്കു വേണ്ടത് അന്തസ്സായി ജീവിക്കാനുള്ള വാസസ്ഥലത്തിന് അനുയോജ്യമായ ഭൂമിയാണ്. ഇതൊരു പ്രശ്നം.

രണ്ടാമത്തേത്, ഊര് എന്ന പേര് റദ്ദാക്കാനുള്ള ഒരവകാശവും സര്‍ക്കാരിനില്ല. ഊരെന്നു പറയുന്നത് പരമ്പരാഗതമായി ആദിവാസി വിഭാഗങ്ങളുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും സാമൂഹികവും വിശ്വാസപരവുമായ ഒരു ടെറിട്ടറിയാണ്. ഊരുകൂട്ടം എന്നു പറയുന്നത് വനാവകാശ നിയമം അടക്കമുള്ള പ്രധാന നിയമങ്ങളില്‍ ഇടപെടാന്‍ സാധിക്കുന്ന പ്രധാനപ്പെട്ട ബോഡികൂടിയാണ്. വനാവകാശ നിയമം നടപ്പാക്കുന്ന ത്രിതല സംവിധാനത്തില്‍ പ്രാഥമിക ഇടപെടലിന് സാധ്യമാകുന്ന സംവിധാനമാണത്. ഊരിനെ റദ്ദാക്കുന്നതോടുകൂടി ഊരുകൂട്ടം അപ്രസക്തമാകും. അതൊരു ഗുരുതര പ്രശ്നമാണ്. ഒരുരീതിയിലും ഊര് എന്നതില്‍ തൊടാനും ഇടപഴകാനുമുള്ള അവകാശവും അധികാരവും ഇവര്‍ക്കില്ല. അതുകൊണ്ടാണ് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഉയരുന്നത്.

ഇടതുപക്ഷം മാപ്പ് പറഞ്ഞിട്ടുവേണം കോളനിയെന്ന പേര് മാറ്റാൻ; രാധാകൃഷ്ണൻ ആദിവാസിക്ഷേമത്തിന് ഒന്നും ചെയ്തിട്ടില്ല: ഗീതാനന്ദന്‍
വാർഡ് മെമ്പറായി തുടക്കം, ഒടുവിൽ വയനാട്ടിൽനിന്നുള്ള ആദ്യ സിപിഎം മന്ത്രിയായി ഒ ആർ കേളു
Q

സങ്കേതം, കോളനി എന്നീ പേരുകള്‍ മാറ്റുന്നതിലും ഇതുപോലുള്ള സങ്കീര്‍ണ പ്രശ്നങ്ങളുണ്ടോ?

സങ്കേതം, കോളനി എന്നീ പേരുകള്‍ മാറിയതുകൊണ്ട് ഇവിടങ്ങളിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങള്‍ മാറുന്നില്ല. മാത്രവുമല്ല കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് എത്തുമെന്നാണ് സര്‍ക്കാര്‍ മനസിലാക്കേണ്ടത്. ഇനി മാറ്റിയേ പറ്റുള്ളൂവെന്നു നിര്‍ബന്ധമാണെങ്കില്‍ കുറ്റസമ്മതമായിവേണം അത് ചെയ്യാന്‍. പത്തറുപത് വര്‍ഷമായി ഇവര്‍ പിന്തുടര്‍ന്നുവരുന്ന കേരള മോഡല്‍ വികസനത്തിന്റെ സാധൂകരണത്തിനുവേണ്ടിയാണ് കോളനിയെന്ന പേര് നല്‍കിയത്. ആ പരാമര്‍ശം പിന്‍വലിക്കുമ്പോള്‍ ആ രീതിയില്‍ കുറ്റസമ്മതം നടത്തുകയും കോളനി ജീവിതത്തില്‍നിന്ന് ആ മനുഷ്യരെ മോചിപ്പിക്കാനുള്ള സാമൂഹിക സാമ്പത്തിക നടപടികള്‍ എടുക്കുമെന്ന് പ്രഖ്യാപിക്കുകയും വേണം.

മറ്റൊരു പ്രശ്നം, ഈ പേരുകള്‍ പെട്ടെന്ന് ഔദ്യോഗിക രേഖകളില്‍നിന്ന് മാറ്റുമ്പോള്‍ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഈ ജനവിഭാഗങ്ങള്‍ നേരിടും. റേഷന്‍ കാര്‍ഡ് തുടങ്ങി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന എല്ലാ സംവിധാനങ്ങളും തിരിച്ചറിയല്‍ കാര്‍ഡുകളും തിരുത്താനായി ഇവര്‍ അലയേണ്ടിവരും. അത് അവരുടെ ദൈനംദിന ജീവിതത്തില്‍ വരുത്തുന്ന പ്രശ്നങ്ങള്‍ ചെറുതല്ല. ഇത് ഒന്നോ രണ്ടോ പേരുടെ മാത്രം പ്രശ്നമല്ല. അത് വലിയൊരു ജനവിഭാഗത്തെ പ്രതികൂലമായി ബാധിക്കും ഇതെല്ലാംകൂടി കണക്കിലെടുത്താണോ രാധാകൃഷ്ണന്‍ ഇത്തരമൊരു അവസാന ഉത്തരവില്‍ ഒപ്പിട്ടതെന്ന് പരിശോധിക്കേണ്ടതുണ്ട്.

കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം
Q

അപ്പോള്‍ ഈ നടപടികൊണ്ടൊരു പ്രയോജനവും ഇല്ലെന്നാണോ താങ്കളുടെ നിലപാട്?

ഒരു രീതിയിലും അതൊരു പുരോഗമന നിലപാടല്ല. കോളനിയെന്ന പേരുണ്ടാക്കിയെടുത്തത് ഇവരാണ്. ആറാം പഞ്ചവത്സര പദ്ധതി മുതലാണ് സങ്കേതങ്ങളുടെ വികസന പദ്ധതി വരുന്നത്. കേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന ഫണ്ട് മുഴുവന്‍ വഴിതെറ്റിച്ചുവിട്ടതിനു പിന്നിലെ സൂത്രധാരര്‍ ഇടതുമുന്നണിയായിരുന്നു. കേന്ദ്ര ഫണ്ട് പ്രത്യേക ഘടകപദ്ധതിയാക്കി മാറ്റിവരുമ്പോള്‍ വ്യക്തിഗത വികസനത്തിനായിരുന്നു ഊന്നല്‍. ഒരു ഊരില്‍ അമ്പത് കുടുംബങ്ങളുണ്ടെങ്കില്‍ അതില്‍ തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കു സാമ്പത്തിക, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുകയെന്നതായിരുന്നു പദ്ധതി. അതിനെ മാറ്റി കോളനി വികസനമാക്കി ഇവര്‍ മാറ്റി. അപ്പോള്‍ വ്യക്തികള്‍ക്കൊന്നും ലഭിക്കില്ല. പകരം കോളനിയിലെ റോഡ്, ചുറ്റുമതിലുണ്ടാക്കുക തുടങ്ങിയ പദ്ധതികള്‍ ഒക്കെകൊണ്ടുവന്ന് കോണ്‍ട്രാക്ട് ലോബികളെ തീറ്റിപ്പോറ്റുകയാണ് ചെയ്തത്. പഞ്ചായത്ത് രാജ് സംവിധാനം വരുന്നതുവരെ ഇതായിരുന്നു സ്ഥിതി.

ആകെയുള്ള ഫണ്ട് കൃത്യമായി കിട്ടിക്കൊണ്ടിരുന്നത് വിദ്യാഭ്യാസമേഖലയിലാണ്. അതില്‍ ഇപ്പോള്‍ ഇ ഗ്രാന്റ് രണ്ടരവര്‍ഷം പുറകിലാക്കി. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മന്ത്രി കെ രാധാകൃഷ്ണന്റെ ഓഫിസിനാണ്. നീതി ആയോഗിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് എസ് സി/എസ്ടി വിദ്യാര്‍ഥികളുടെ ഇ ഗ്രാന്റ് ഒരുവര്‍ഷത്തിൽ മൂന്നുതവണ ഉപയോഗിക്കണമെന്നാണ്. ഇവരത് വര്‍ഷത്തില്‍ ഒരുതവണയാക്കി. എന്നിട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം കൃത്യമായി അക്കൗണ്ടില്‍ ഇടാതിരിക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി കേന്ദ്രം സ്വാഭാവികമായും അവരുടെ വിഹിതം ഇടാതിരിക്കുകയും ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ രണ്ടുവര്‍ഷമായി കുട്ടികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല.

ഇടതുപക്ഷം മാപ്പ് പറഞ്ഞിട്ടുവേണം കോളനിയെന്ന പേര് മാറ്റാൻ; രാധാകൃഷ്ണൻ ആദിവാസിക്ഷേമത്തിന് ഒന്നും ചെയ്തിട്ടില്ല: ഗീതാനന്ദന്‍
സിപിഎമ്മിന്റെ 'സാമൂഹ്യനീതി'യിൽ ദളിത് മന്ത്രിക്ക് പട്ടികജാതിക്ഷേമം മാത്രമോ?

രണ്ടര ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കില്ലെന്നാണ് കേന്ദ്ര നിലപാട്. ഇത് തിരുത്തണമെന്നാവശ്യപ്പെട്ട് ഒരു കത്തുപോലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയിട്ടില്ല. പ്യൂണ്‍ ജോലിയുള്ളവര്‍ക്കു പോലും ചിലപ്പോള്‍ വാര്‍ഷിക വരുമാനം രണ്ടരലക്ഷം കടക്കും. മിനിമം വേജസ് കേരളത്തില്‍ കൂടുതലാണ്. എസ്‌സി, എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് ആനുകൂല്യം നല്‍കാന്‍ വരുമാന പരിധി ബാധകമാക്കരുതെന്ന് നിരവധി സുപ്രീംകോടതി വിധികളുണ്ട്. സുപ്രീംകോടതി വിധയുടെയും ലംഘനമാണിത്.

ഇതൊന്നും ഒരു ചര്‍ച്ചയാകുന്നില്ല. ആ നിലയ്ക്ക് ഇദ്ദേഹത്തിന്റെ ഈ ഉത്തരവിനു പിന്നില്‍ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമമാകാം. ഈ വകുപ്പുമായി ബന്ധപ്പെട്ട് സ്ഥിരമായി ഇടപെടുന്നവരാണ് ഞങ്ങള്‍. അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാം, ഈ വകുപ്പില്‍ ഒന്നുംതന്നെ ഫലപ്രദമായി നടന്നിട്ടില്ല. സംഘപരിവാര്‍ മുകളില്‍നിന്ന് എന്തെല്ലാം പറഞ്ഞിട്ടുണ്ടോ, അതിനെയൊന്നും പ്രതിരോധിച്ചിട്ടുമില്ല.

കെ രാധാകൃഷ്ണൻ അവസാനമായി ഒപ്പിട്ട ഉത്തരവ്
കെ രാധാകൃഷ്ണൻ അവസാനമായി ഒപ്പിട്ട ഉത്തരവ്

വിദ്യാഭ്യാസം കണ്‍കറൻ്റ് ലിസ്റ്റിലുള്ളതാണ്. എല്ലാം കേന്ദ്രസര്‍ക്കാര്‍ പറയുന്നതുപോലെ ചെയ്യണമെന്നില്ല. എസ്‌സി, എസ്‌ടി കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനു ശക്തമായ നിലപാട് സ്വീകരിക്കാം. നിര്‍ദേശങ്ങള്‍ മറികടക്കാന്‍ നിയമം കൊണ്ടുവരാം. എന്നാല്‍ ഇതൊന്നും ചെയ്യാതെയാണ് ഇത്തരം കണ്ണില്‍പ്പൊടിയിടല്‍ പരിപാടികള്‍ നടത്തുന്നത്.

വേറൊരു പ്രശ്നം പറഞ്ഞാല്‍, എസ്‌സി, എസ്‌ടി വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റല്‍ അലവന്‍സ് നല്‍കുന്നത് 3,500 രൂപയാണ്. ഈ തുകകൊണ്ട് ഒരുകുട്ടിയ്ക്കും ഹോസ്റ്റലില്‍ കഴിഞ്ഞുകൂടാന്‍ സാധിക്കില്ല. കുട്ടി പ്രൈവറ്റ് അക്കോമഡേഷനാണ് സ്വീകരിക്കുന്നതെങ്കില്‍ എസ്‌ടി കുട്ടികള്‍ക്ക് നല്‍കുന്നത് 1,500 രൂപയാണ്. രജനി എസ് ആനന്ദ് ആത്മഹത്യ ചെയ്തത് അങ്ങനെ കിട്ടേണ്ട തുക ശരിയായി കിട്ടുന്നില്ലെന്ന് പറഞ്ഞായിരുന്നു. അന്ന് ആ കുട്ടിക്ക് കിട്ടിയിരുന്നത് 1000 രൂപയാണ്. ഇന്നേവരെ ഇക്കാര്യത്തില്‍ മാറ്റമുണ്ടായിട്ടില്ല. ആറായിരം രൂപയെങ്കിലും കൊടുക്കാതെ എങ്ങനെയാണ് ഇന്നത്തെ കാലത്ത് ഒരു കുട്ടിക്ക് വൃത്തിയുള്ളൊരു ഹോസ്റ്റല്‍ സംവിധാനം ലഭിക്കുന്നത്?

ഇടതുപക്ഷം മാപ്പ് പറഞ്ഞിട്ടുവേണം കോളനിയെന്ന പേര് മാറ്റാൻ; രാധാകൃഷ്ണൻ ആദിവാസിക്ഷേമത്തിന് ഒന്നും ചെയ്തിട്ടില്ല: ഗീതാനന്ദന്‍
ഇനി 'കോളനി' വേണ്ട; ചരിത്ര ഉത്തരവില്‍ ഒപ്പുവെച്ച് പടിയിറങ്ങി കെ രാധാകൃഷ്ണന്‍

ഇതൊന്നും ശ്രദ്ധയില്‍പ്പെടുത്താത്തല്ല പ്രശ്നം. ശ്രദ്ധയില്‍പ്പെടുത്തിയാലും നടപടിയില്ല എന്നതാണ്. ഹോസ്റ്റല്‍ അലവന്‍സ് 6,500 രൂപയാക്കി വര്‍ധിപ്പിക്കണം എന്നുപറഞ്ഞ് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. ധനവകുപ്പ് അനുമതി നല്‍കിയില്ല. കെ രാധാകൃഷ്ണന്‍ ക്യാബിനറ്റ് റാങ്കുള്ളൊരു മന്ത്രിയായിരുന്നില്ലെ? ഇത് നീറുന്നൊരു പ്രശ്നമാണെന്ന് പറയണ്ടേ? എന്റെ അറിവില്‍ ഇതുവരെ പറഞ്ഞിട്ടില്ല. ബജറ്റിലുള്ള കാര്യമാണ് ആവശ്യപ്പെടുന്നത്. ധനവകുപ്പ് സാമ്പത്തിക ബുദ്ധിമുട്ട് പറയുന്നെങ്കില്‍ അത് നിര്‍ബന്ധമായും വാങ്ങിയെടുക്കാനുള്ള ഇച്ഛാശക്തി വകുപ്പ് മന്ത്രി കാണിക്കണം. ഇതൊന്നും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത്തരം 'സദ്പേരുകളുമായാണ്' കെ രാധാകൃഷ്ണന്‍ ഇറങ്ങിപ്പോകുന്നത്. ഈ വകുപ്പിന് കൊടുക്കേണ്ട മുന്‍ഗണനയുണ്ട്. അത് കെ രാധാകൃഷ്ണന്റെ കാലത്ത് നടന്നില്ല. നിവേദനങ്ങള്‍ നല്‍കിയാല്‍ പരിഗണിക്കില്ല. ചവറ്റുകൊട്ടയിലേക്കാണ് പോകുന്നത്.

പല പദ്ധതികളുടെയും ഏകോപന കാര്യത്തില്‍ പട്ടിക ജാതി- വര്‍ഗ വികസന വകുപ്പിന്റെ സാന്നിധ്യമില്ല. ഉദാഹരണത്തിനു കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കിയ സുഭിക്ഷം പദ്ധതി. അതില്‍ എസ്‌സി, എസ്‌ടി വകുപ്പിന് പങ്കൊന്നുമില്ല. എന്നാല്‍ വകുപ്പിന്റെ ഫണ്ട് ഈ പദ്ധതിയിലേക്ക് വകമാറ്റിയിട്ടുമുണ്ട്. ലൈഫ് പദ്ധതിയിലേക്ക് വകുപ്പിന്റെ ഫണ്ട് മാറ്റിയിട്ടുണ്ട്. വകുപ്പിനെ അപ്രസക്തമാക്കി.

ഒ ആർ കേളു
ഒ ആർ കേളു
Q

ഒ ആര്‍ കേളു ആദിവാസി വിഭാഗത്തില്‍നിന്നുള്ള നേതാവാണ്. അദ്ദേഹം ആദിവാസി ജീവിതം അനുഭവിച്ചയാളാണ്. അദ്ദേഹം വരുമ്പോള്‍ ഈ അവസ്ഥ മാറുമെന്ന് കരുതുന്നുണ്ടോ?

സ്വാഭാവികമായും അദ്ദേഹം ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളായതിനാല്‍, മുന്‍ഗണന നല്‍കേണ്ടതാണ്. വയനാടിനെ സംബന്ധിച്ച് എംപിയായാലും എംഎല്‍എമാരായാലും കണക്കാണ്. രാഹുല്‍ ഗാന്ധി ദേശീയ നേതാവ് എന്നൊരു പേരുമാത്രമേയുള്ളൂ. ഒരു കേന്ദ്ര പദ്ധതിയും ഇവിടെ നടപ്പിലാക്കിയിട്ടില്ല. രാഹുലിന്റെ മണ്ഡലമെന്ന നിലയില്‍ ഇപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വയനാടിനെ കാര്യമായി പരിഗണിക്കാറില്ല. സംസ്ഥാന സര്‍ക്കാരിന്റെ കാര്യം നേരത്തെ ഞാന്‍ സൂചിപ്പിച്ചതാണല്ലോ. ഒ ആര്‍ കേളു വര്‍ഷങ്ങളായി വയനാടിനെ അറിയുന്ന ആളാണ്. ആദിവാസിക്ഷേമ സമിതിയുടെ നേതാവായിരുന്നു. അപ്പോള്‍ പ്രതീക്ഷ വയ്ക്കുന്നതില്‍ തെറ്റില്ല.

ഇടതുപക്ഷം, ആദിവാസി, ദളിത് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഭരണപരമായ യാതൊരു ശ്രമവും നടത്തുന്നില്ല. മാത്രവുമല്ല സഹായവും ചെയ്തുകൊടുക്കുന്നു
Q

കേരളത്തിലെ ആദിവാസിമേഖലയില്‍ ബിജെപി കാലങ്ങളായി സാന്നിധ്യം ഉറപ്പാക്കാന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ ബിജെപിയെ സഹായിക്കുന്നതിന് വഴിതെളിക്കുമോ?

സംഘപരിവാറിന്റെ ഈ മേഖലയിലെ പ്രവര്‍ത്തനം സിഎസ്ആര്‍ ഫണ്ടുകള്‍ വഴിയാണ്. കോര്‍പ്പറേറ്റ് ഫണ്ടുകള്‍ വഴി നല്ലരീതിയില്‍ പണമൊഴുക്കുന്നുണ്ട്. പല പദ്ധതികളിലും സേവാഭാരതി പോലുള്ള സംഘടനകളില്‍നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്തി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കാന്‍ വരികയാണ്. ഇത് കേരളത്തിലെ മറ്റു സംഘടനകള്‍ക്കും മനസിലായിട്ടുണ്ട്. എന്നാല്‍, ഇതിനെ ചെറുക്കേണ്ട ഇടതുപക്ഷം, ആദിവാസി, ദളിത് മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്കു തള്ളിവിടാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സംഘപരിവാറിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്‍ ഭരണപരമായ യാതൊരു ശ്രമവും നടത്തുന്നില്ല. മാത്രവുമല്ല സഹായവും ചെയ്തുകൊടുക്കുന്നു.

logo
The Fourth
www.thefourthnews.in