വീണ്ടും മനുഷ്യക്കടത്ത്; ചൈനയിലെത്തിയ യുവാക്കൾ ദുരിതാശ്വാസ ക്യാംപിൽ, മത്സ്യമേഖലയിലെ പ്രതിസന്ധി ചൂഷണം ചെയ്ത് തട്ടിപ്പുകാർ
തലസ്ഥാനത്ത് വീണ്ടും മനുഷ്യക്കടത്ത്. ഇത്തവണ ചൈനയിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കടത്തിയത്. തിരുവനന്തപുരം പൂന്തുറ മേഖലയില്‍ നിന്ന് 15 ഓളം യുവാക്കളാണ് ഇത്തരത്തില്‍ തട്ടിപ്പിനരയായത്. ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്താണ് കെണിയില്‍പ്പെടുത്തിയിരിക്കുന്നതും. ഓരോരുത്തരില്‍ നിന്നും ആറര ലക്ഷം രൂപ വീതം ഏജന്റ് കൈപ്പറ്റിയതായും ബന്ധുക്കള്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. ചൈനയില്‍ നിന്ന് മൂന്ന് പേര്‍ തിരിച്ചെത്തിയതോടെയാണ് വിവരം പുറംലോകമറിയുന്നത്. പൂന്തുറ സ്വദേശികളായ സുജിത്, ഡിറ്റോ, ലിപ്സണ്‍ എന്നിവരാണ് യുവാക്കളെ ചൈനയിലേക്ക് അയച്ചത്. അവിടെയെത്തിയ പലരും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്.
അവസാനമായി പൂന്തുറയിലെ ജോണ്‍ പോള്‍(23), ജോണ്‍ പ്രബിന്‍(21) എന്നീ സഹോദരങ്ങളെയാണ് ഈ ഏജന്റുമാരുടെ നേതൃത്വത്തില്‍ ചൈനയിലേക്ക് അയച്ചത്. ഇരുവരില്‍ നിന്നുമായി 12.2 ലക്ഷത്തോളം രൂപയും കൈപ്പറ്റി. സ്ഥിര ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കും എന്ന കരാര്‍ എഴുതി നല്‍കിയതോടെയാണ് ഇരുവരും പണം കൈമാറിയത്. ഫെബ്രുവരി 4 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഇവര്‍ 8ാം തീയതിയോടെ ചൈനയിലെത്തി.
എന്നാല്‍ ഫെബ്രുവരി 8 മുതല്‍ മെയ് 19 വരെ ഇരുവരും ജോലിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിഞ്ഞത്. മെയ് 19 ന് ശേഷം ഇരുവരെപ്പറ്റി യാതൊരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. ജോലിയില്ലാതെ കഴിഞ്ഞ നാളുകളിലെല്ലാം കുടുംബം നാട്ടില്‍ നിന്ന് പല തവണ പൈസ അയച്ചു കൊടുത്തു. ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാതെയായപ്പോഴാണ് യുവാക്കള്‍ പണം ആവശ്യപ്പെട്ട് നാട്ടിലേക്ക് വിളിച്ചത്.
ഏജന്റുമാര്‍ ചൈനയിലേക്ക് അയച്ച മൂന്ന് യുവാക്കള്‍ നാട്ടിലേക്ക് തിരിച്ചെത്തിയെന്ന വിവരം ലഭിച്ചതോടെ കുടുംബം അവരെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ഇതോടെ നിരന്തരം ഏജന്റുമാരെ കുടുംബം ബന്ധപ്പെട്ടു. എന്നാല്‍ സുജിത് മാത്രമാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. ജോലി ലഭിക്കണമെങ്കില്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയണമെന്നാണ് ഏജന്റ് യുവാക്കളുടെ അമ്മ ജെസ്‌ക്ലിനോട് പറയുന്നത്. മക്കളുടെ കാര്യം അന്വേഷിക്കാന്‍ വിളിക്കുമ്പോള്‍ അവര്‍ സുരക്ഷിതരാണെന്നും ജോലി ഉടനെ ലഭിക്കുമെന്നും പറയുന്നുണ്ട്.
പോളിന്റെയും പ്രബിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളെ ദുരുപയോഗം ചെയ്താണ് സുജിത് ഇവരെ സമീപിക്കുന്നത്. ഇരുവരുടെയും വീട്ടിലേക്ക് വൈഫൈ കണക്ഷനെടുത്ത് നല്‍കാനെത്തിയതായിരുന്നു സുജിത്. മാസം ഒരാള്‍ക്ക് ഒന്നരലക്ഷം രൂപ വച്ച് ലഭിക്കുമെന്നും ഒരു കൊല്ലത്തിനുള്ളില്‍ എല്ലാ കഷ്ടപ്പാടും മാറും എന്നായിരുന്നു സുജിത് നല്‍കിയ വാഗ്ദാനം. മാര്‍ക്കറ്റില്‍ മീന്‍ മുറിക്കുന്ന ജോലിക്കാണ് കൊണ്ടുപോകുന്നതെന്നും ഇരുവരെയും ധരിപ്പിച്ചു. സാധാരണ ജോലികള്‍ ചെയ്താണ് സഹോദരങ്ങള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. അച്ഛന്‍ 2018 ലുണ്ടായ ഓഖി ദുരന്തത്തില്‍പ്പെട്ട് കിടപ്പിലാണ്. ഈ കഷ്ടപ്പാടിനെ മുതലെടുത്താണ് സുജിത് വാഗ്ദാനവുമായി എത്തിയത്. കുടുംബം ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
ചൈനയില്‍ നിന്ന് തിരിച്ചെത്തിയ യുവാക്കള്‍ ഏജന്റുമാരോട് പണം തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 30 നകം പണം തിരിച്ച് നല്‍കാമെന്നാണ് ഏജന്റുമാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍ അതുവരെ പരാതി നല്‍കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നുമാണ് ഇവരുടെ നിലപാട്. തലസ്ഥാനത്ത് രണ്ടു മാസം മുന്‍പ് വിനീത്, ടിനു, പ്രിന്‍സ് എന്നിവരെ റഷ്യയിലേക്ക് കടത്തിയിരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ ഇവരെ സെക്യൂരിറ്റി ഹെല്‍പര്‍ എന്ന വ്യാജേന യുക്രൈനുമായുള്ള യുദ്ധത്തില്‍ പങ്കെടുപ്പിക്കാനായിരുന്നു കൊണ്ടു പോയത്. വിദേശത്തേക്കുള്ള മനുഷ്യക്കടത്ത് കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത് സംസ്ഥാനത്തെ തീരദേശ മേഖലകളിലാണെന്നതും ശ്രദ്ധേയമാണ്. മത്സ്യമേഖലയിലെ പ്രതിസന്ധികളും തൊഴിലില്ലായ്മയും ചൂഷണം ചെയ്താണ് തട്ടിപ്പുകാര്‍ തീരദേശ മേഖലയില്‍ വലവിരിക്കുന്നത്.