മംഗലശ്ശേരി നീലകണ്ഠൻ്റെ മുല്ലശ്ശേരി തറവാട്
മംഗലശ്ശേരി നീലകണ്ഠനെ മലയാളി ആഘോഷമാക്കിയപ്പോള്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട ആ ചിത്രത്തെ പോലും സരസമായി നോക്കി കണ്ട ഒരു മനുഷ്യനായിരുന്നു മുല്ലശ്ശേരി രാജഗോപാല്‍ എന്ന രാജുവേട്ടന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് സപ്തംബര്‍ 19ന് ഇരുപത് വയസ്സ്. കോഴിക്കോട് ചാലപ്പുറത്തെ മുല്ലശേരിയില്‍ ഇരുന്ന് രാജുവേട്ടനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ബേബി ചേച്ചി. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത് 21 വര്‍ഷം മുമ്പ് പുറത്തുവന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രമായ ദേവാസുരത്തിന് പ്രചോദനമായത് രാജുവേട്ടന്റെയും എല്ലാവരും ബേബി ചേച്ചിയെന്ന് വിളിക്കുന്ന ലക്ഷ്മിയുടെയും ജീവിതമായിരുന്നു.
ലാല്‍ ആവേശത്തോടെ ചോദിച്ചു 'എങ്ങനെയുണ്ട് രാജുവേട്ടാ നീലകണ്ഠന്‍..? 'ലാലേ നീ എന്നെ നന്നാക്കിയിട്ടുണ്ട്. ഞാന്‍ ഇതിനേക്കാള്‍ മോശക്കാരനായിരുന്നെടോ'
മുല്ലശ്ശേരി രാജു നീലകണ്ഠനായി പരകായപ്രവേശം നടത്തിയ ദേവാസുരം ഇറങ്ങിയതിന്റെ പിറ്റേദിവസം മോഹന്‍ലാലും രഞ്ജിത്തും സിനിമയുടെ കാസറ്റുമായി വീട്ടിലേക്ക് കയറിവന്നു. രാജുവേട്ടന്‍ കിടപ്പിലാണ്. അദ്ദേഹത്തെ സിനിമ കാണിക്കാനുള്ള വരവാണ്. സിനിമ കണ്ടശേഷം ലാല്‍ ആവേശത്തോടെ ചോദിച്ചു 'എങ്ങനെയുണ്ട് രാജുവേട്ടാ നീലകണ്ഠന്‍..? 'ലാലേ നീ എന്നെ നന്നാക്കിയിട്ടുണ്ട്. ഞാന്‍ ഇതിനേക്കാള്‍ മോശക്കാരനായിരുന്നെടോ'. എന്നാണ് പറഞ്ഞതെന്ന് ബേബി ചേച്ചി ഓര്‍ക്കുന്നു.
ദേവാസുരം ഞങ്ങളുടെ കഥയാണെങ്കിലും അതിലധികവും ഭാവനയാണ്. പക്ഷെ ഇന്നസെന്റിന്റെ വാര്യരെ പോലെ ഒരു കഥാപാത്രം ഞങ്ങളുടെ ജീവിതത്തിലുമുണ്ടായിരുന്നു
ലക്ഷ്മി
സംവിധായകനും തിരക്കഥാകൃത്തുമൊക്കെയാകുന്നതിന് മുന്‍പ് ഗിരീഷ് പുത്തഞ്ചേരിക്കൊപ്പമാണ് രഞ്ജിത്ത് വീട്ടിലെത്തിയത്. സിനിമയിറക്കുന്ന കാര്യമോ ഞങ്ങളെ മൂല കഥാപാത്രമാക്കി തിരക്കഥയെഴുതുന്ന കാര്യമോ രഞ്ജിത്ത് അന്ന് പറഞ്ഞിരുന്നില്ല. നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ മോഷ്ടിച്ചിട്ടുണ്ട് എന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ ഞങ്ങള്‍ക്ക് വായിക്കാന്‍ തന്നു. കഥ ഞങ്ങളുടേതാണെങ്കിലും എന്റെ രാജുവേട്ടന്‍ അത്ര ക്രൂരനായിരുന്നില്ലെന്ന് ബേബി ചേച്ചി പറഞ്ഞു. പ്രമേയം തങ്ങളുടേതാണെങ്കിലും അതിലധികവും ഭാവനയായിരുന്നു. പക്ഷേ ഇന്നസെന്റ് അവതരിപ്പിച്ച വാര്യരെ പോലൊരു കഥാപാത്രമുണ്ടായിരുന്നുവെന്നും ബേബി ചേച്ചി കൂട്ടി ചേര്‍ത്തു. സംഗീതവും സൗഹൃദവുമായിരുന്നു രാജുവേട്ടന്റെ ലോകം. മനുഷ്യരെ മുഴുവന്‍ സ്നേഹത്താല്‍ കൂട്ടിയിണക്കിയ അദ്ദേഹത്തിന്റെ ഓര്‍മ്മകളുമായി ഇപ്പോഴും ആളുകള്‍ മുല്ലശ്ശേരിയിലേക്കെത്തുന്നത് അതുകൊണ്ടാണെന്നും ബേബി ചേച്ചി പറഞ്ഞു. പഴയ തലമുറയിലായാലും യുവ തലമുറയിലായാലും മുല്ലശേരി തറവാട്ടിന്റെ ഔട്ട് ഹൗസിന്റെ ഇടനാഴിയില്‍ പാടാത്ത പാട്ടുകാര്‍ വിരളമാണ്. യേശുദാസും, ബാബുക്കയും (എം എസ് ബാബുരാജ്), പി. ജയചന്ദ്രനും, ദേവരാജന്‍ മാഷും രാഘവന്‍ മാഷുമെല്ലാം ഒത്തു കൂടിയ എത്രയോ മെഹഫിലുകള്‍. വിവാഹശേഷം ഒരിക്കല്‍ ബാബുക്ക ഹാര്‍മോണിയം വായിച്ചു പാടുന്നത് കേള്‍ക്കണമെന്ന് ബേബി ചേച്ചി പറഞ്ഞു. പെട്ടിയില്‍ അങ്ങ് ലയിച്ചു ചേരുകയാണ് അദ്ദേഹം. കേള്‍ക്കുന്ന നമ്മളും അലിഞ്ഞില്ലാതാകുന്ന അവസ്ഥയാണതെന്ന് ബേബി ചേച്ചി. ഗിരിഷ് പുത്തഞ്ചേരിയും, പൂതേരി രഘുകുമാറും രാജുവേട്ടനെ തേടിയെത്തുന്നവരില്‍ പ്രധാനികളായിരുന്നു.
മരിക്കുന്നതിന് 22 വര്‍ഷം മുമ്പ് തന്നെ രാജുവേട്ടന്‍ തളര്‍ന്നു കിടപ്പായിട്ടുണ്ട്. എഴുപതിലുണ്ടായ സ്‌കൂട്ടര്‍ അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് നേരിയ പരുക്കുണ്ടായിരുന്നു. ഒരു സ്റ്റെയര്‍ കെയ്‌സില്‍ നിന്ന് വീണു പരുക്കേറ്റതോടെ ശരീരം പൂര്‍ണ്ണമായി തളര്‍ന്നു. പക്ഷെ അപ്പോഴും മെഹ്ഫിലും ഗസലുമെല്ലാമായി മുല്ലശ്ശേരിയിലെ സൗഹൃദസദസ്സ് സജീവമായിരുന്നു. രാജുവേട്ടന്റെ ഏക മകള്‍ നാരായണിയുടെ മകളാണ് സിനിമാതാരം നിരഞ്ജന അനൂപ്. കൊച്ചുമകള്‍ വെള്ളിത്തിരയില്‍ സജീവമാകുന്നതിന്റെ സന്തോഷത്തിലാണ് ബേബി ചേച്ചി. തിരുവനന്തപുരം മരിയ്ക്കാര്‍ മോട്ടോഴ്‌സില്‍ മെക്കാനിക്കായിരുന്നു രാജുവേട്ടന്‍. ആ കാലത്ത് സംഗീത പഠനാര്‍ത്ഥം യേശുദാസും അവിടെയുണ്ടായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം ഇപ്പോഴും യേശുദാസ് ഈ കുടുംബവുമായി തുടരുന്നു. മമ്മൂട്ടി, മഞ്ജുവാര്യര്‍ എന്ന് തുടങ്ങി വെള്ളിത്തിരിയിലെയും സംഗീതലോകത്തെയും പ്രശസ്തരുമായി രാജുവേട്ടനെ പോലെ തന്നെ മുല്ലശ്ശേരിയുമായുള്ള ബന്ധം അറ്റുപോകാതെ കാത്ത് സൂക്ഷിക്കുന്നുണ്ട് ബേബി ചേച്ചി.
കോവിഡ് കാരണം സ്ഥിരമായി നടക്കാറുള്ള അനുസ്മരണ പരിപാടി രണ്ട് വര്‍ഷമായി നടക്കാറില്ല. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഈ വര്‍ഷവും അനുസ്മരണം വേണ്ടെന്ന് വെച്ചിരിക്കുകയാണ് ബേബി ചേച്ചി. പക്ഷേ സൗഹൃദവും സംഗീതവും അന്വേഷിച്ച് മുല്ലശ്ശേരിയിലെത്തുന്നവരെ വരവേല്‍ക്കാന്‍ നിറഞ്ഞ മനസ്സും പുഞ്ചിരിയുമായി കാത്തിരിക്കുകയാണ് ബേബി ചേച്ചി.