ഒഴിഞ്ഞ വയറിന്റെ പാട്ടുമായി ജയലളിതയെ നോക്കിയിരുന്ന ഇന്നസെൻറ്
മഹാരാജാവായ കെ പി ഉമ്മറിന് മുന്നിൽ പാട്ടുപാടി മാദകനൃത്തമാടുന്ന ജയലളിത. വയലാർ രാമവർമ്മയുടെ വരികൾ, ജോസഫ് കൃഷ്ണയുടെ സംഗീതം, പി സുശീലയുടെ ശബ്ദം:
"യഹൂദിയാ ഇത് യഹൂദിയാ, യുഗങ്ങൾ കൊണ്ട് ശിൽപ്പികൾ തീർത്തൊരു യഹൂദിയാ..."
ജീവിതത്തിലൊരിക്കലും മറക്കാനാവില്ല ജീസസ്സിലെ (1973) ആ നൃത്തരംഗം എന്ന് പറഞ്ഞിട്ടുണ്ട് ഇന്നസെൻറ്; കടന്നുപോന്ന ദുരിതകാലത്തെക്കുറിച്ചുള്ള നൊമ്പരമുണർത്തുന്ന ഓർമപ്പെടുത്തൽ കൂടിയായതുകൊണ്ടാവാം.
ഈ കഴുതയുടെ ഭാഗ്യമെങ്കിലും എനിക്ക് കൈവന്നിരുന്നെങ്കിൽ എന്നാണ് ആ നിമിഷം മനസ്സിൽ പറഞ്ഞതെന്ന് ഇന്നസെൻറ്
ആദ്യമായി അഭിനയിച്ച ആ പാട്ടുസീനിന് പിന്നിൽ ഒരു കഥയുണ്ട്. അവസരം തേടി ചെന്നൈയിലെ ഉമാ ലോഡ്ജിൽ വന്നുകൂടിയിരിക്കുകയാണ് ഇന്നസെന്റ്. ദിവസവും കാലത്ത് തുടങ്ങും സ്റ്റുഡിയോകളിൽ നിന്ന് സ്റ്റുഡിയോകളിലേക്കുള്ള നെട്ടോട്ടം; മിക്കപ്പോഴും ഒഴിഞ്ഞ വയറോടെ. നിരാശനായി തിരിച്ചെത്തുമ്പോഴേക്കും ചിലപ്പോൾ രാത്രി ഏറെ വൈകിയിരിക്കും.
അതുപോലൊരു യാത്രയിലാണ് നിർമതാവും സംവിധായകനുമായ പി എ തോമസിന്റെ വാസസ്ഥലത്ത് ചെന്നുപെടുന്നത്. കോമ്പൗണ്ടിൽ കെട്ടിയിട്ടിരുന്ന കഴുതയുടെ ദൈന്യതയാർന്ന മുഖമാണ് ആദ്യം കണ്ണിൽ പെട്ടതെന്ന് ഇന്നസെൻറ്. ചിത്രീകരണം നടന്നുകൊണ്ടിരുന്ന "ജീസസ്" സിനിമയിൽ അഭിനയിക്കുന്ന കഴുതയാണെന്ന് ആരോ പറഞ്ഞറിഞ്ഞു. "ഈ കഴുതയുടെ ഭാഗ്യമെങ്കിലും എനിക്ക് കൈവന്നിരുന്നെങ്കിൽ" എന്നാണ് ആ നിമിഷം മനസ്സിൽ പറഞ്ഞതെന്ന് ഇന്നസെൻറ്.
ആ ഇരിപ്പിൽ ജയലളിതയല്ല മർലിൻ മൺറോ വന്നു ഡാൻസ് ചെയ്താലും നമുക്ക് ശ്രദ്ധിക്കാൻ പറ്റില്ല
അഭിനയമോഹം താണുകേണ് ഉണർത്തിച്ചപ്പോൾ പി എ തോമസിന്റെ മനമലിഞ്ഞിരിക്കണം. പിറ്റേന്ന് ജെമിനി സ്റ്റുഡിയോയിൽ എത്തിക്കൊള്ളാൻ പറയുന്നു അദ്ദേഹം. രാജസദസ്സിലെ നൃത്തരംഗമാണ് ഷൂട്ട് ചെയ്യേണ്ടത്. അന്തിപ്പാസ് രാജാവായ ഉമ്മറിന് മുന്നിൽ നൃത്തം ചെയ്യുന്നത് ജയലളിതയുടെ സലോമി. സദസ്സിൽ കൂടിയിരുന്ന് നൃത്തം ആസ്വദിക്കുന്ന നാട്ടുരാജാക്കന്മാരിൽ ഒരാളുടെ വേഷമാണ് ഇന്നസെന്റിന്.
"ഷൂട്ടിംഗിന് എത്താൻ ഇത്തിരി വൈകി. സിനിമാസ്വപ്നം തലയ്ക്ക് പിടിച്ച് ഉറങ്ങിപ്പോയതാണ്. ശൂന്യമായ വയറോടെയാണ് വരവ്. ഷൂട്ടിംഗ് സ്ഥലത്ത് പ്രാതൽ കിട്ടും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ചെന്നപ്പോഴറിയുന്നു എല്ലാവരും ഭക്ഷണം കഴിച്ചു. ഇനി ഉച്ചയ്‌ക്കേ ഉള്ളൂ ശാപ്പാട്. വിശപ്പാണെങ്കിൽ കത്തിക്കാളുകയാണ്. എന്തുചെയ്യാം, അഭിനയിച്ചല്ലേ പറ്റൂ? മേക്കപ്പൊക്കെ ഇട്ട് മീശയും താടിയും വെച്ച് രാജസദസ്സിൽ ചെന്നിരിക്കുമ്പോഴേക്കും വയറ് കരഞ്ഞുതുടങ്ങിയിരുന്നു. ആ ഇരിപ്പിൽ ജയലളിതയല്ല മർലിൻ മൺറോ വന്നു ഡാൻസ് ചെയ്താലും നമുക്ക് ശ്രദ്ധിക്കാൻ പറ്റില്ല. ഇന്നും ആ സീൻ കാണുമ്പോൾ വയറൊന്ന് കാളും. അന്നത്തെ എന്റെ പട്ടിണിയും പരിവട്ടവുമെല്ലാം ഓർമവരും."-- സ്വതഃസിദ്ധമായ ശൈലിയിൽ നർമം കലർത്തിയാണ് പറഞ്ഞതെങ്കിലും വേദനയുടെ ലാഞ്ഛനയുണ്ടായിരുന്നു ഇന്നസെന്റിന്റെ വാക്കുകളിൽ.
നുറുങ്ങു വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ആ കാലത്ത് മറ്റൊരു സൂപ്പർ ഹിറ്റ് ഗാനരംഗത്തു കൂടി അഭിനയിക്കാൻ ഭാഗ്യമുണ്ടായി ഇന്നസെന്റിന്. "നെല്ല്" എന്ന ചിത്രത്തിലെ "ചെമ്പാ ചെമ്പാ കുറുമാ." മോഹൻ ശർമയോടൊപ്പം ഏറുമാടത്തിൽ ഇരുന്ന് പാടുന്ന പാട്ട്. പാട്ടിന്റെ കോറസ് ഭാഗത്ത് പ്രത്യക്ഷപ്പെടുന്നവരിൽ ഇന്നസെന്റിനേയും പിൽക്കാലത്ത് അദ്ദേഹത്തിന്റെ നിർമാണ പങ്കാളിയായിത്തീർന്ന ഡേവിഡ് കാച്ചപ്പിള്ളിയെയും കാണാം. സിനിമയിൽ ഒരു പാട്ടിനൊത്ത് ആദ്യമായി ചുണ്ടനക്കുകയായിരുന്നിരിക്കണം ഇന്നസന്റ്റ്.
"നെല്ലി"ന്റെ ചിത്രീകരണത്തെ കുറിച്ച് നടൻ മോഹൻ പങ്കുവെച്ച മറ്റൊരു ഓർമയിലുമുണ്ട് ഇന്നസെന്റിന്റെ സാന്നിധ്യം: "കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന എന്ന പാട്ട് പാടി കനകദുർഗയുടെ കുറുമാട്ടി തിരുനെല്ലിക്കാടുകളിലൂടെ എന്നെ പിന്തുടരുമ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി കാട്ടിലൂടെ ഓടിക്കൊണ്ടേയിരിക്കണം ഞാന്‍. സംവിധായകന്‍ രാമു കാര്യാട്ടും ക്യാമറാമാന്‍ ബാലു മഹേന്ദ്രയും ക്രൂവും പിന്നാലെ. തലയില്‍ ഒരു കെട്ടും മുട്ടോളമെത്തുന്ന മുണ്ടുമാണ് എന്‍റെ വേഷം. ചാറ്റല്‍ മഴയത്ത് കുറച്ച് ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ മുട്ടിനു താഴെ ഒരു നീറ്റല്‍. നോക്കുമ്പോള്‍ കാലിന്മേല്‍ നിറയെ മുഴുത്ത അട്ടകള്‍. വേദന സഹിച്ചു കൊണ്ടു ഓടുകയല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല. ഓരോ ഷോട്ടും കഴിഞ്ഞാല്‍ മൂന്ന് നാല് പ്രൊഡക്ഷന്‍ അസിസ്റ്റന്റുമാര്‍ എന്‍റെ സഹായത്തിന് ഓടിയെത്തും. പുകയിലവെള്ളം തളിച്ച് തുടയില്‍ നിന്നും മുതുകില്‍ നിന്നുമൊക്കെ അട്ടയെ പറിച്ചെടുത്തു ദൂരെ കളയുകയാണ് അവരുടെ ജോലി. അവരില്‍ ഒരാളെ ഞാന്‍ ഇന്നും ഓര്‍ക്കുന്നു. വെളുത്തു ഉയരം കുറഞ്ഞ ഒരു ഇരിഞ്ഞാലക്കുടക്കാരന്‍. ഇന്നസെന്‍റ് എന്നായിരുന്നു അയാളുടെ പേര്. പില്‍ക്കാലത്ത് നമ്മെ കുടുകുടെ ചിരിപ്പിച്ച അതേ ഇന്നസെന്‍റ് തന്നെ...''
അര നൂറ്റാണ്ടിനിപ്പുറം തിരിഞ്ഞുനോക്കുമ്പോൾ കുഞ്ഞുകുഞ്ഞു വേഷങ്ങളിൽ നിന്ന് മലയാളിയുടെ പ്രിയനടൻ എന്ന പദവിയിലേക്കുള്ള ഇന്നസെന്റിന്റെ ഉയർച്ച വിസ്മയകരം. ആ വളർച്ചയ്ക്ക് പിന്നിലെ യാതനകളും വേദനകളും ഒരിക്കലും മറന്നില്ല എന്നതാണ് മറ്റു പലരിൽ നിന്നും അദ്ദേഹത്തെ വേറിട്ടു നിർത്തിയ ഘടകം.
എല്ലാ മൗനദുഃഖങ്ങളും നിഷ്കളങ്കമായ ചിരിയിൽ പൊതിഞ്ഞുകൊണ്ട് മറ്റുള്ളവരെ രസിപ്പിക്കുന്ന ഇന്നസെൻറ് ശൈലി ഇനിയില്ല എന്ന സത്യം എങ്ങനെ ഉൾക്കൊള്ളാനാകും നമുക്ക്?