'ഉപരാഷ്ട്രപതിയുടെ നോട്ടീസ് സാധാരണ പൗരന്റെ അടിസ്ഥാന അവകാശത്തിനെതിരെയുള്ള വാളോങ്ങൽ': ജോൺ ബ്രിട്ടാസ്

സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങൾക്ക് കൂടിയുള്ള മുന്നറിയിപ്പാണ് നടപടിയെന്ന് 'ദ ഫോർത്തി'ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ജോൺ ബ്രിട്ടാസ്

രാജ്യസഭാധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിയുടെ നോട്ടീസ് സാധാരണ പൗരന്റെ അടിസ്ഥാന അവകാശത്തിനെതിരയുള്ള വാളോങ്ങലാണെന്ന് ജോൺ ബ്രിട്ടാസ് എം പി. കേവലം ജോൺ ബ്രിട്ടാസെന്ന വ്യക്തിക്കെതിരെയല്ല സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്ന, സ്വതന്ത്ര വീക്ഷണമുള്ള വാർത്തകളോ ലേഖനങ്ങളോ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ എന്നിവർക്ക് കൂടിയുള്ള മുന്നറിയിപ്പാണ് നടപടി. ഇന്ത്യൻ എക്സ്പ്രസിൽ അമിത് ഷായെ വിമർശിച്ചെഴുതിയ ലേഖനത്തിന്റെ പേരിൽ രാജ്യസഭാ സെക്രട്ടേറിയറ്റ് ജോൺ ബ്രിട്ടാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 'ദ ഫോർത്തി'ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്.

രാജ്യത്തെ ആശയവിനിമയവും സംവാദവുമില്ലാതെയാക്കി ഒരു 'മൻ കി ബാത്' രീതിയിലേക്ക് രാഷ്ട്രീയ വ്യവഹാരങ്ങളെ മാറ്റുകയാണ് ലക്ഷ്യം
ജോൺ ബ്രിട്ടാസ്

കേന്ദ്ര സർക്കാരിനെതിരെ ഉയരുന്ന ശബ്ദങ്ങൾ ഇല്ലാതാക്കുന്നതിന്റെ ഭാഗമാണിത്. ഒരു ലേഖനമെഴുതിയതിന്റെ പേരിൽ രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവ് പരാതി നൽകുക. തുടർന്ന് ഉപരാഷ്ട്രപതി വിളിപ്പിച്ച് വിശദീകരണം തേടുകയെന്നതൊക്കെ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിരിക്കും. വലിയ കൃത്യവിലോപമാണ് നടത്തിയതെങ്കിലും നിയമപരമായ നടപടി സ്വീകരിക്കാം. പകരമായി പരാതി നൽകുന്നതും ഇപ്പോഴുണ്ടായിരിക്കുന്ന നടപടികളും വിമത ശബ്ദത്തെ അടിച്ചമർത്താനുള്ള ശ്രമമാണ്. ഇത്തരം പ്രവണതകൾ ശരിക്കും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

'ലേഖനത്തിൽ പരാമർശിക്കുന്ന കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരോക്ഷ പ്രതികരണം ശരിക്കും നിയമവിരുദ്ധമാണെന്നാണ് ലേഖനത്തിൽ പറഞ്ഞിരിക്കുന്നത്. സംസ്ഥാനങ്ങൾ തമ്മിൽ സ്പർധ സൃഷ്ടിക്കുന്നത് നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റമാണ്. അത് ചൂണ്ടിക്കാണിച്ച താനിപ്പോൾ രാജ്യദ്രോഹം ചെയ്തെന്ന മട്ടിലാണ് കാര്യങ്ങള്‍'. ജോൺ ബ്രിട്ടാസ് പറഞ്ഞു.

കേരളത്തെ കീഴ്പ്പെടുത്താൻ കഴിയാത്തതിലുള്ള വിഭ്രാന്തിയാണ് കേരളത്തെ കുറിച്ചുള്ള മോശം പരാമർശങ്ങൾക്ക് പിന്നിലുള്ളതെന്നും എം പി അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാനത്തെ അപകീർത്തിപ്പെടുകയായിരുന്നു ലക്ഷ്യം. മുൻപ് കേരളത്തെ സോമാലിയ എന്നും വിളിച്ചിട്ടുണ്ട്. ഇപ്പോൾ കേരളം തീവ്രവാദത്തിന്റെ വിളനിലമാണെന്ന് പറയുന്ന സിനിമകൾ വരുന്നു. ഇതെല്ലാം കേരളത്തിൽ കടന്നുകയറാൻ കഴിയാത്തതിന്റെ നിരാശയുടെ ഭാഗമാണ്.

'ഉപരാഷ്ട്രപതിയുടെ നോട്ടീസ് സാധാരണ പൗരന്റെ അടിസ്ഥാന അവകാശത്തിനെതിരെയുള്ള വാളോങ്ങൽ': ജോൺ ബ്രിട്ടാസ്
അമിത് ഷായെ വിമർശിച്ച് ലേഖനം: ജോൺ ബ്രിട്ടാസ് എംപിക്ക് രാജ്യസഭാ അധ്യക്ഷന്റെ കാരണം കാണിക്കൽ നോട്ടീസ്

ലോക്സഭയുടെയും രാജ്യസഭയുടെയും സ്‌പീക്കർമാർ പ്രതിപക്ഷ ശബ്ദങ്ങൾ ഉയർന്നുകേൾക്കാനുള്ള വഴിയൊരുക്കുകയാണ് സത്യത്തിൽ ചെയ്യേണ്ടത്. ദൗർഭാഗ്യവശാൽ അത് സംഭവിക്കുന്നില്ല എന്നാണ് അനുഭവം. പണ്ടൊന്നും ഇന്ത്യൻ പാർലമെന്റ് അങ്ങനെ ആയിരുന്നില്ല. ആദ്യ തവണയല്ല തനിക്കെതിരെ പരാതി ഉയരുന്നത്. ഇങ്ങനെ പോയാൽ എങ്ങനെയാകും നാടിന്റെ പോക്കെന്നതിനെ കുറിച്ച് പ്രതിപക്ഷവും മാധ്യമങ്ങളുമൊക്കെ ചിന്തിക്കണം. ഒരു ടെലിവിഷൻ സംവാദത്തിൽ സർക്കാരിന് സ്വീകാര്യമല്ലാത്ത അഭിപ്രായം പറയുന്നവരെ കൊണ്ടുവരാൻ പാടില്ലെന്ന് വരെ വാദിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയേക്കാം. രാജ്യത്തിൻറെ ആശയവിനിമയവും സംവാദവുമില്ലാതെയാക്കി ഒരു 'മൻ കി ബാത്' രീതിയിലേക്ക് രാഷ്ട്രീയ വ്യവഹാരങ്ങളെ മാറ്റുകയാണ് ലക്ഷ്യമെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in