ഇസ്ലാമോഫോബിയ, രാജ്യങ്ങൾ തകർത്ത അധിനിവേശങ്ങൾ; ബൈഡൻ ഏറ്റുപറഞ്ഞ 'അബദ്ധ'ങ്ങളിൽ പൊലിഞ്ഞത് ലക്ഷങ്ങളുടെ ജീവനുകൾ
ഇസ്രയേൽ- പലസ്തീൻ സംഘർഷം സമീപചരിത്രത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിൽ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ടെൽ അവീവ് സന്ദർശനം. വരവിന് പിന്നിൽ ഇസ്രയേലിനോടുള്ള അചചഞ്ചലമായ ഐക്യദാർഢ്യം അറിയിക്കുകയായിരുന്നു ലക്ഷ്യം. ഇസ്രയേൽ പ്രസിഡന്റ് ജോ ബൈഡനുമായി ഒക്ടോബർ 18ന് നടത്തിയ കൂടിക്കാഴ്ചയിൽ വളരെ ഗൗരവമേറിയ ഒരു താരതമ്യം ബൈഡൻ നടത്തിയിരുന്നു. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷമുള്ള അമേരിക്കയുടെ അധിനിവേശ നടപടികളുമായിട്ടായിരുന്നു ഇസ്രയേലിന്റെ നിലവിലെ ആക്രമണങ്ങളെ ബൈഡൻ ഉപമിച്ചത്. രോഷത്താൽ സ്വാധീനിക്കപ്പെട്ട് അമേരിക്ക അന്ന് ചെയ്ത തെറ്റുകൾ ഇസ്രയേൽ ആവർത്തിക്കരുതെന്ന ഉപദേശവും ബൈഡൻ ഇസ്രയേലിന് നൽകിയിരിക്കുന്നു
എന്തൊക്കെയായിരുന്നു ബൈഡൻ പറഞ്ഞ, അമേരിക്കയ്ക്ക് പറ്റി പ്പോയ അബദ്ധങ്ങൾ? പലതുണ്ട്. എന്നാൽ ഏറ്റവും പ്രധാനം അത് ലോക വ്യാപകമായി ഇസ്ലാമാഫോബിയയ്ക്ക് അടിത്തറയുണ്ടാക്കി കൊടുത്തുവെന്നതാണ്. മുസ്ലീമായി ജീവിക്കുന്നവരെ ഭയക്കണമെന്ന ബോധം ഉറപ്പിക്കാൻ അമേരിക്കയുടെ വാർ ഓൺ ടെറർ കൊണ്ട് ഉപകരിച്ചു.,
ഇറാഖ്, അഫ്‌ഗാനിസ്ഥാൻ, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കെല്ലാം അമേരിക്ക അധിനിവേശം നടത്തിയത് ഇതിനു ശേഷമാണ്. അതിൻ്റെ ദുരന്തങ്ങൾ ഇപ്പോഴും ലോകം അനുഭവിക്കുന്നു. ഒൻപത് ലക്ഷത്തോളം പേരാണ് (അമേരിക്കൻ പട്ടാളക്കാർ ഉൾപ്പെടെ) പലയിടങ്ങളിലായി ഈ കാലയളവിൽ കൊല്ലപ്പെട്ടത്.
അമേരിക്കയുടെ 'തെറ്റുകൾ'
9/11 ഉണ്ടാകുമ്പോൾ അമേരിക്കയുടെ പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷ് ആയിരുന്നു. തീവ്രവാദ സംഘടനകളെ ലോകത്തുനിന്ന് തുടച്ചുനീക്കുമെന്ന് അദ്ദേഹം പ്രസ്താവനയിറക്കി. ഭീകരാക്രമണത്തിന്റെ മറപിടിച്ച് ഏറെ വിവാദമായ പാട്രിയോട്ട് ആക്ട് അമേരിക്ക പാസാക്കി. പൗരന്മാരെ നിരീക്ഷിക്കാനുള്ള എല്ലാവിധ അവകാശങ്ങളും ഭരണകൂടത്തിന് നൽകുന്നതായിരുന്നു ഈ നിയമം. ഇതിന്റെ പിൻബലത്തിൽ ഫോൺ ചോർത്തലുകളും മുസ്ലിം പൗരന്മാരെ അനധികൃതമായി തടവിലാക്കുക പോലുള്ള പ്രവർത്തനങ്ങളും അമേരിക്ക നടത്തിയിരുന്നു. യാതൊരു ചർച്ചയ്ക്കും ഇടകൊടുക്കാതെയായിരുന്നു പാട്രിയോട്ട് ആക്ട് എന്ന നിയമം യു എസ് കോൺഗ്രസ് പാസാക്കിയെടുത്തത്.
വേൾഡ് ട്രേഡ് സെന്റർ ആക്രമണം
അൽ ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ നേതൃത്വത്തിൽ നടന്ന വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ മൂവായിരത്തിലധികം അമേരിക്കക്കാർ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബർ 11ന് പുലർച്ചെയോടെയായിരുന്നു സംഭവം. ബോസ്റ്റണിൽ നിന്ന് പറന്നുയർന്ന അമേരിക്കൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസിന്റെ ഫ്ലൈറ്റ് 175 എന്നീ വിമാനങ്ങളായിരുന്നു അക്കാലത്തെ ഏറ്റവും ഉയരംകൂടിയ കെട്ടിടത്തിലേക്ക് ഇടിച്ചുകയറ്റിയത്. അഞ്ചുപേർ വീതമുള്ള രണ്ട് സംഘങ്ങളായിരുന്നു വിമാനം റാഞ്ചിയത്. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11 രാവിലെ 8.46ന് കെട്ടിടത്തിന്റെ നോർത്ത് ടവറിലും രണ്ടാമത്തെ വിമാനം 9.03ഓടെ സൗത്ത് ടവറിലും ഇടിച്ചിറക്കുകയായിരുന്നു. കുറച്ച് സമയങ്ങൾക്ക് ശേഷം ഇരുടവറുകളും നിലംപൊത്തി. അമേരിക്കൻ ചരിത്രത്തിലെതന്നെ ഏറ്റവും ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു ഇത്.
സംശയം തോന്നുന്നവരുടെ ഫോൺ കോളുകൾ വാറന്റൊന്നുമില്ലാതെ ചോർത്താനുള്ള 'പ്രസിഡന്റ് സർവെയ്ലൻസ് പ്രോഗ്രാം' എന്നിവയ്ക്ക് രൂപംനൽകുന്നത് ഈ കാലത്തായിരുന്നു. പിന്നീട് 2013-ൽ എഡ്വേർഡ് സ്‌നോഡൻ വാഷിംഗ്ടൺ പോസ്റ്റിനും ഗാർഡിയനും ചോർത്തി നൽകിയ രേഖകളിലൂടെയായിരുന്നു അമേരിക്കയുടെ ചാരപ്പണിയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.
ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്ക് വിനാശകരമായ രീതിയിൽ ഇസ്‌ലാമോഫോബിയ കയറ്റുമതി ചെയ്തതതും അമേരിക്കയായിരുന്നു
അഫ്‌ഗാൻ, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള അധിനിവേശം
സെപ്റ്റംബർ 11ലെ ആക്രണത്തിന് തൊട്ടുപിന്നാലെ 'ഓപ്പറേഷൻ എൻഡ്യൂറിങ് ഫ്രീഡം' എന്ന പേരിൽ അഫ്ഗാനിസ്ഥാനിലേക്ക് ജോർജ് ബുഷും സംഘവും കടന്നു കയറി. ഒസാമ ബിൻലാദനെ കൈമാറാൻ അഫ്ഗാനിലെ താലിബാൻ ഭരണകൂടം തയാറായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഈ അധിനിവേശം. 2011ൽ ബിൻ ലാദനെ അമേരിക്ക വധിച്ചെങ്കിലും പിന്നെയും പല കാരണങ്ങൾ പറഞ്ഞ് പത്ത് വർഷത്തോളം അമേരിക്ക അഫ്ഗാനിൽ തുടർന്നു. താലിബാന്റെ ഭരണം അവസാനിപ്പിക്കാനെന്ന പേരിൽ അവിടെ തുടർന്ന അമേരിക്ക ഒടുവിൽ അവരുടെ കയ്യിൽ ഭരണം ഏൽപ്പിച്ച ശേഷമായിരുന്നു പിൻവാങ്ങിയത്.
സദ്ദാം ഹുസ്സൈന്റെ ഭരണത്തിന് കീഴിലുണ്ടായിരുന്ന ഇറാഖിൽ 'വൻതോതിലുള്ള രഹസ്യ ആയുധങ്ങൾ- വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ' ഉണ്ടെന്ന വ്യാജേനയായിരുന്നു അമേരിക്കയുടെ കടന്നുകയറ്റം. 2003 മാർച്ച് 20ന് ഇറാഖിലേക്ക് അധിനിവേശം നടത്തിയ അമേരിക്ക സദ്ദാമിനെ ഭരണത്തിൽനിന്ന് പുറത്താക്കുകയും പാവ സർക്കാരിനെ അധികാരത്തിലേറ്റുകയും ചെയ്തു. അധിനിവേശത്തെത്തുടർന്ന് ഇറാഖ് എന്ന രാജ്യത്തെ സമ്പൂർണമായി തകർക്കുകയാണ് ചെയ്തത്. ഇറാഖിൽ അധിനിവേശം നടത്താൻ പറഞ്ഞ കാര്യങ്ങൾ തീർത്തും വ്യാജമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.
ബ്രൗൺ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച 'യുദ്ധത്തിന്റെ ചെലവുകൾ' എന്ന റിപ്പോർട്ട് പ്രകാരം, അമേരിക്കന്‍ അധിനിവേശത്തെ തുടർന്ന് ഏകദേശം 300,000 ആളുകളാണ് ഇറാഖിൽ കൊല്ലപ്പെട്ടത്.
ഈ അധിനിവേശം ഇറാഖിൽ മാത്രമായിരുന്നില്ല ആഗോള തലത്തിൽത്തന്നെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രൂപീകരണമായിരുന്നു അതിൽ പ്രധാനം.
മുസ്ലിങ്ങളെ ഭീകരരായി ചിത്രീകരിക്കുന്നതിൽ അമേരിക്കൻ മാധ്യമങ്ങളും ഹോളിവുഡ് സിനിമകളുമെല്ലാം വലിയ പങ്കുവഹിച്ചു. ലോകത്താകമാനം മുസ്ലിങ്ങൾ തീവ്രവാദികളാണെന്ന തരത്തിൽ കഥകൾ പ്രചരിപ്പിക്കപ്പെട്ടു. ടർബൻ ധരിച്ച താടിയുള്ള സിഖ് വംശജർ പോലും ആക്രമിക്കപ്പെട്ടു. എഫ് ബി ഐയുടെ കണക്കുകൾ പ്രകാരം, 2000നെ അപേക്ഷിച്ച് 2001ൽ മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ കുറ്റകൃത്യത്തിൽ 1617 ശതമാനം വർധനവായിരുന്നു അമേരിക്കയിൽ ഉണ്ടായത്.